Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 02

സകാത്തുല്‍ ഫിത്വ്ര്‍ ചില സംശയങ്ങള്‍

ഇല്‍യാസ് മൗലവി

എന്താണ് സകാത്തുല്‍ ഫിത്വ്ര്‍? എന്തിനാണ് അത് നിര്‍ബന്ധമാക്കിയത്? സകാത്തുല്‍ ഫിത്വ്‌റും മറ്റു സകാത്തും തമ്മിലുള്ള വ്യത്യാസം എന്താണ്?

നോമ്പ് അവസാനിപ്പിക്കുക എന്നാണ് ഫിത്വ്ര്‍ എന്ന പദത്തിന്റെ അര്‍ഥം. റമദാന്‍ വ്രതത്തില്‍നിന്ന് വിരമിക്കുന്നതിനെ തുടര്‍ന്ന് നിര്‍ബന്ധമാകുന്ന ദാനമായതിനാലാണ് ഇതിന് സകാത്തുല്‍ ഫിത്വ്ര്‍ എന്ന പേര് വന്നത്. റമദാന്‍ വ്രതത്തില്‍നിന്ന് വിരമിക്കുന്നതിനെ തുടര്‍ന്ന് വരുന്ന പെരുന്നാളിന് ഈദുല്‍ ഫിത്വ്ര്‍ എന്ന് പറയുന്നതും അതേ കാരണം കൊണ്ട്തന്നെ.
മറ്റു സകാത്തിനങ്ങള്‍ ഒരാളുടെ സമ്പത്തിന്മേല്‍ നിര്‍ബന്ധമാകുന്നവയാണ്. സകാത്തുല്‍ ഫിത്വ്ര്‍ വ്യക്തികള്‍ക്കാണ് നിര്‍ബന്ധമാവുക. അതിനാല്‍ ''സകാത്തുല്‍ അബ്ദാന്‍'' എന്നും ഇതിനെ പറയുന്നു. മറ്റു സകാത്തിനങ്ങള്‍, ധനം നിശ്ചിത അളവിലുണ്ടാവുകയും തന്റെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, താമസ സൗകര്യം തുടങ്ങിയവ പൂര്‍ത്തീകരിച്ച് ഐശ്യര്യം ഉണ്ടാവുകയും ചെയ്യുമ്പോഴാണ് നിര്‍ബന്ധമാവുക. സകാത്തുല്‍ ഫിത്വ്‌റാകട്ടെ, തനിക്കും കുടുംബത്തിനും പെരുന്നാള്‍ ദിവസവും തലേന്നും കഴിച്ചുകൂട്ടാന്‍ വകയുള്ള ഓരോരുത്തനും ബാധകമാണ്. പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ, ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ല. എല്ലാവര്‍ക്കും അത് നിര്‍ബന്ധമാണ്. അബ്ദുല്ലാഹി ബിനു ഉമര്‍(റ) പറയുന്നു: ''റമദാനിലെ നോമ്പവസാനിപ്പിക്കുന്ന സകാത്തെന്ന നിലയില്‍ മുസ്‌ലിംകളായ അടിമയും സ്വതന്ത്രനും സ്ത്രീയും പുരുഷനും ചെറിയവനും വലിയവനുമെല്ലാം ഒരു സ്വാഅ് കാരക്കയോ അല്ലെങ്കില്‍ ഒരു സ്വാഅ് യവമോ നല്‍കണമെന്ന് അല്ലാഹുവിന്റെ റസൂല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു'' (ബുഖാരി, മുസ്‌ലിം).
ശവ്വാല്‍ മാസം പിറക്കുന്നതോടെയാണ് സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാവുക എന്നാണ് ശാഫിഈ മദ്ഹബിന്റെ വീക്ഷണം. പെരുന്നാളിന്റെ അന്ന് സുബ്ഹിയോട് കൂടിയേ അത് നിര്‍ബന്ധമാവൂ എന്നാണ് അബൂഹനീഫയുടെ അഭിപ്രായം. ഭൂരിപക്ഷ അഭിപ്രായമെടുത്താല്‍, പെരുന്നാള്‍ രാവില്‍ ജനിക്കുന്ന കുട്ടിക്ക് സകാത്തുല്‍ ഫിത്വ്ര്‍ നല്‍കേണ്ടതില്ലെന്ന് മനസ്സിലാക്കാം.
പ്രധാനമായും രണ്ട് യുക്തികളാണ് സകാത്തുല്‍ ഫിത്വ്‌റിന്റേതായി ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ഒന്ന്, നോമ്പുകാരുമായി ബന്ധപ്പെട്ടതാണ്. എത്ര സൂക്ഷ്മത പുലര്‍ത്തിയാലും എന്തെങ്കിലും അല്ലറ ചില്ലറ വീഴ്ചകള്‍ പറ്റിപ്പോകാന്‍ സാധ്യതയുണ്ട്. ഒരു മാസം പൈതാഹങ്ങള്‍ സഹിച്ച് കാമവികാരങ്ങള്‍ നിയന്ത്രിച്ച് എടുത്ത ഒരു ഇബാദത്തിന്റെ പ്രതിഫലം ഒട്ടും കുറയാതെ തന്നെ വിശ്വാസികള്‍ക്ക് ലഭിക്കണമെന്ന കാരുണ്യവാനായ അല്ലാഹുവിന്റെ കൃപയാണ് അത്. അതുകൊണ്ടു തന്നെ നമസ്‌കാരത്തില്‍ മറവി പറ്റിയാല്‍ ചെയ്യുന്ന സൂജൂദിനോട് ചില പണ്ഡിതന്മാര്‍ ഇതിനെ താരതമ്യപ്പെടുത്തിയിരിക്കുന്നു (മുഗ്‌നി അല്‍ മുഹ്താജ്).
പെരുന്നാള്‍ ദിവസം യാചകരോ പട്ടിണി കിടക്കുന്നവരോ ഉണ്ടാവരുതെന്ന് മാത്രമല്ല, അവരവരുടെ വീടുകളില്‍ സദ്യയൊരുക്കി സന്തോഷത്തോടെ ഭക്ഷണം കഴിക്കാനും ഊട്ടാനും അവസരം ഉണ്ടാവട്ടെ എന്ന സാമൂഹിക ലക്ഷ്യമാണ് രണ്ടാമത്തേത്.
സമ്പന്നരല്ലാത്തവരും നല്‍കണം എന്ന നിര്‍ദേശത്തില്‍ മറ്റൊരു യുക്തിയുണ്ട്. കേവലം ഇങ്ങോട്ട് വാങ്ങിച്ച് മാത്രം ശീലിച്ചവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മറ്റുള്ളവര്‍ക്ക് കൊടുത്തും ശീലിക്കണമല്ലോ. നബി(സ) പറഞ്ഞു: 'താഴ്ന്ന കൈയിനേക്കാള്‍ ഉയര്‍ന്ന കൈയാണ് ഉത്തമം.' അതായത് യാചിക്കുന്ന കൈകളെക്കാള്‍ നല്‍കുന്ന കൈകളാണ് ഉത്തമം എന്ന്.

സകാത്തുല്‍ ഫിത്വ്ര്‍ നേരത്തെ നല്‍കാമോ?
സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാക്കിയതിന്റെ ഒരു യുക്തി, പെരുന്നാള്‍ ദിവസം ആരും പട്ടിണിയാവാനോ യാചിക്കാനോ ഇടവരരുത് എന്നതാണ്. ഇബ്‌നു അബ്ബാസ് പറഞ്ഞു: ''നോമ്പുകാരന് അനാവശ്യങ്ങളില്‍നിന്നും അശ്ലീലങ്ങളില്‍നിന്നുമുള്ള ശുദ്ധീകരണമായും, സാധുക്കള്‍ക്ക് ആഹാരമായുമാണ് അല്ലാഹുവിന്റെ റസൂല്‍ സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാക്കിയത്. വല്ലവരും അത് പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് നല്‍കിയാല്‍ അതൊരു സ്വീകാര്യമായ സകാത്താകുന്നു. നമസ്‌കാരത്തിന് ശേഷമാണെങ്കിലോ ഇതര ദാനങ്ങളെപ്പോലെ ഒരു ദാനവും'' (അബൂദാവൂദ്).
പെരുന്നാള്‍ ദിവസം ഓരോ വീട്ടിലും സദ്യയൊരുക്കാന്‍ പാകത്തില്‍ ഭക്ഷണ സാധനങ്ങള്‍ നേരത്തെ എത്തിച്ചു കൊടുക്കുന്നതാണ് ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ ഉപകാരമാവുക. പെരുന്നാള്‍ തലേന്നോ അന്ന് കാലത്തോ ലഭിക്കുന്നതിനേക്കാള്‍ പ്രയോജനം കുറച്ച് നേരത്തെ ലഭിക്കുന്നതാവുമല്ലോ. ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ മുഹദ്ദബില്‍ ഇങ്ങനെ കാണാം: ''സകാത്തുല്‍ ഫിത്വ്ര്‍ റമദാന്‍ ആദ്യത്തില്‍ തന്നെ നേരത്തെ നല്‍കുന്നത് അനുവദനീയമാണ്. റമദാന്‍ വ്രതം അനുഷ്ഠിക്കുക, അതില്‍നിന്ന് വിരമിക്കുക എന്നീ രണ്ട് കാരണങ്ങളാലാണ് അത് നിര്‍ബന്ധമാവുന്നത്. ഇതിലേതെങ്കിലും ഒന്നുണ്ടായാല്‍ തന്നെ രണ്ടാമത്തേതിനേക്കാള്‍ മുന്തിക്കാവുന്നതാണ്.....എന്നാല്‍ റമദാനിനു മുമ്പ് നല്‍കാവുന്നതല്ല. എന്തുകൊണ്ടെന്നാല്‍, മുമ്പ് പറഞ്ഞ രണ്ട് കാര്യങ്ങളേക്കാളും മുന്തിക്കലാവും അത്'' (മുഹദ്ദബ്: 1/165).
റമദാനായി എന്നത് ഒരു കാരണം, റമദാന്‍ അവസാനിച്ചു എന്നത് രണ്ടാമത്തെ കാരണം. ഇവിടെ റമദാനായി കഴിഞ്ഞ സ്ഥിതിക്ക് അതവസാനിക്കാന്‍ കാത്തുനില്‍ക്കാതെ തന്നെ സകാത്തുല്‍ ഫിത്വ്ര്‍ നല്‍കാമെന്ന് ചുരുക്കം.

പെരുന്നാള്‍ നമസ്‌ക്കാരം കഴിയുംവരെ വൈകിപ്പിക്കാമോ?
ഭൂരിഭാഗം ഫുഖഹാക്കളുടെയും വീക്ഷണം സകാത്തുല്‍ ഫിത്വ്ര്‍ പെരുന്നാള്‍ നമസ്‌കാരം കഴിയുന്നത് വരെ വൈകിപ്പിക്കുന്നത് കറാഹത്താണ് (അനഭിലഷണീയം) എന്നാണ്. എന്നാല്‍ ബോധപൂര്‍വം അങ്ങനെ വൈകിപ്പിക്കുന്നത് ഹറാമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ഇമാം ഇബനുറസ്‌ലാന്‍ അഭിപ്രായപ്പെട്ടതായി ഇമാം ശൗക്കാനി നൈലുല്‍ ഔത്വറില്‍ ഉദ്ധരിക്കുന്നുണ്ട്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ പോലെ അത് സമയത്തിന് നിര്‍വഹിക്കല്‍ വാജിബാണെന്നും ബോധപൂര്‍വം വൈകിപ്പിക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു (നൈലുല്‍ ഔത്വാര്‍ 4/195). അങ്ങനെ സംഭവിക്കുന്ന പക്ഷം അത് കൊടുത്തു വീട്ടുകയും തൗബ ചെയ്യുകയും വേണമെന്ന് ഫുഖഹാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട് (മുഗ്‌നി 1/508).

എന്തൊക്കെ നല്‍കാം, എത്ര നല്‍കണം?
അരി, ഗോതമ്പ്, ഈത്തപ്പഴം, ചോളം തുടങ്ങി ഓരോ നാട്ടിലും മുഖ്യ ആഹാരമായി കണക്കാക്കപ്പെടുന്ന വസ്തുക്കളില്‍ നിന്ന് ഒരു സ്വാഅ് (ഇന്നത്തെ കണക്കനുസരിച്ച് 2.200 കി. ഗ്രാം) ആണ് സകാത്തുല്‍ ഫിത്വ്‌റായി നല്‍കേണ്ടത്.

മുന്തിയ ഇനം അരി (ബിരിയാണിയരി, ബസ്മതി) പോലുള്ളവ അതേ അളവില്‍ തന്നെ നല്‍കേണ്ടതുണ്ടോ?
ഗുണ നിലവാരമുള്ളതും വില കൂടിയതുമായ മുന്തിയ ഇനം ധാന്യങ്ങളാണ് നല്‍കുന്നതെങ്കില്‍ അളവില്‍ കുറവ് വരുത്താമെന്നാണ് ഇമാ അബൂഹനീഫയുടെ പക്ഷം. ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ വീക്ഷണത്തിന് ഉപോല്‍ബലകമായ ഒരു സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിങ്ങനെയാണ്: ''അബൂസഈദില്‍ ഖുദ്‌രി പ്രസ്താവിക്കുന്നു. റസൂല്‍(സ) ഞങ്ങളോടൊപ്പമുണ്ടായിരുന്ന കാലത്ത് ചെറിയവനും വലിയവനും അടിമക്കും സ്വതന്ത്രനും വേണ്ടി ഞങ്ങള്‍ ഫിത്വ്ര്‍ സകാത്തായി നല്‍കിയിരുന്നത് ഗോതമ്പ്, യവം, പാല്‍ക്കട്ടി, കാരക്ക, മുന്തിരി തുടങ്ങി ഏതെങ്കിലുമൊന്നില്‍ നിന്ന് ഒരു സ്വാആയിരുന്നു. തുടര്‍ന്നും ഞങ്ങളങ്ങനെ നല്‍കികൊണ്ടേയിരുന്നു. അങ്ങനെയിരിക്കെയാണ് അമീര്‍ മുആവിയ(റ) ഹജ്ജിനോ ഉംറക്കോ വേണ്ടി വന്നപ്പോള്‍ മദീനയില്‍ വന്നത്. അദ്ദേഹം മിമ്പറില്‍ കയറി ജനങ്ങളെ അഭിമുഖീകരിച്ചു പ്രസംഗിച്ചു. കൂട്ടത്തില്‍ ഇങ്ങനെ പറയുകയുണ്ടായി: 'രണ്ട് മുദ്ദ് (അര സ്വാഅ്) സിറിയന്‍ ഗോതമ്പ് ഒരു സ്വാഅ് (നാല് മുദ്ദ്) കാരക്കക്ക് തുല്യമാവുമെന്നാണ് എന്റെ അഭിപ്രായം.' അനന്തരം ജനങ്ങള്‍ അത് സ്വീകരിക്കുകയുണ്ടായി.'' ബുഖാരി ഒഴിച്ചുള്ള ഹദീസ് ഗ്രന്ഥത്തില്‍ ഇത്രകൂടിയുണ്ട.് അബൂ സഈദ് പറഞ്ഞു: ''എന്നാല്‍ ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം മുമ്പ് നല്‍കിയ അത്ര തന്നെ നല്‍കുന്നതാണ്.''
ഇതിന്റെ വെളിച്ചത്തില്‍ മുന്തിയ ഇനം ഗോതമ്പ് ഒരു സ്വാഅ് ഇല്ലെങ്കിലും മതിയാവുമെന്ന് ഒരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. നമ്മുടെ നാട്ടില്‍ ഇന്നാര്‍ക്കും സാധാരണ അരിക്ക് പഞ്ഞമില്ല. എന്നാല്‍ ബിരിയാണിയരി പോലുള്ള മുന്തിയ ഇനം അരി വാങ്ങുക സാധാരണക്കാര്‍ക്കും സാധുക്കള്‍ക്കും അത്ര എളുപ്പമല്ല. പെരുന്നാള്‍ പോലെയുള്ള വിശേഷ ദിവസങ്ങളില്‍ അത്തരം മുന്തിയ ഇനമാണ് എല്ലാവര്‍ക്കും ആവശ്യവും. അതിനാല്‍ ഫിത്വ്ര്‍ സകാത്ത് സംഘടിതമായി ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന ഇടങ്ങളില്‍ 2.200 കി. ഗ്രാം സാധാരണ അരിക്കുള്ള തുക ശേഖരിക്കുകയും നല്ലയിനം അരിവാങ്ങിച്ച് പ്രദേശത്തെ സാധുക്കള്‍ക്കിടയില്‍ വിതരണം ചെയ്യുകയുമാണ് ഏറെ ഉചിതം. എന്നാല്‍ സാധാരണ അരിക്ക് തന്നെ ആവശ്യക്കാര്‍ ധാരാളം ഉണ്ടാവുകയാണെങ്കില്‍ അത് തന്നെയാണ് ശേഖരിച്ച് വിതരണം ചെയ്യേണ്ടത്.

സകാത്തുല്‍ ഫിത്വ്ര്‍ കൊടുക്കേണ്ട ബാധ്യത ആര്‍ക്കാണ്?
സ്വന്തത്തിന് വേണ്ടിയും, നിര്‍ബന്ധമായും തങ്ങള്‍ ചെലവിന് കൊടുക്കേണ്ട ഭാര്യാസന്താനങ്ങള്‍, മാതാപിതാക്കള്‍, തന്റെ കീഴിലുള്ള സ്ഥിരം പരിചാരകന്മാര്‍, ഭൃത്യന്മാര്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയും സകാത്തുല്‍ ഫിത്വ്ര്‍ നല്‍കേണ്ട ബാധ്യത ഓരോ കുടുംബനാഥനുമുണ്ട്. എന്നാല്‍ ഇത്തരക്കാരില്‍ ആരെങ്കിലും സ്വയം പര്യാപ്തരായി കഴിയുന്ന വരുണ്ടെങ്കില്‍ അവരവര്‍ തന്നെയാണ് സകാത്ത് നല്‍കേണ്ടത്.

കൊടുക്കുന്നവര്‍ക്കും സകാത്തുല്‍ ഫിത്വ്ര്‍ വാങ്ങാമെന്ന ധാരണ പൊതുവെ നിലനില്‍ക്കുന്നുണ്ട്. എന്താണതിന്റെ വിധി?
''അഗതികള്‍ക്ക് ആഹാരമായി'' എന്നാണ് സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാക്കികൊണ്ടുള്ള ഹദീസിലുള്ളത്. ഇതര സകാത്തിനങ്ങളുടെ അവകാശികളായി ഖുര്‍ആന്‍ എട്ടു വിഭാഗത്തെ വളരെ വ്യക്തമായ രൂപത്തില്‍ വിശദീകരിച്ചിട്ടുണ്ട് (സൂറ: അത്തൗബ 60).
ഈ ഗണത്തിലൊന്നും പെടാത്ത സമ്പന്നരും സ്വയം സകാത്ത് നല്‍കുന്നവരും സകാതുല്‍ ഫിത്വ്ര്‍ വാങ്ങാന്‍ പാടില്ല. കാരണം അത് പാവങ്ങളുടെ അവകാശമാണ്.
ഇവിടെ പാവപ്പെട്ടവരും സകാത്തുല്‍ ഫിത്വ്ര്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്. അതിന് അവര്‍ സമ്പന്നരായി കൊളളണമെന്ന് നിര്‍ബന്ധമില്ല. ഇങ്ങനെയുള്ളവര്‍ക്ക് സകാത്തുല്‍ ഫിത്വ്ര്‍ സ്വീകരിക്കാവുന്നതാണ്; അവരത് സ്വന്തം നിലക്ക് കൊടുക്കുന്നവരായാല്‍ പോലും. പെരുന്നാളിന്റെ അന്നും തലേന്നും കഴിച്ചുകൂട്ടാന്‍ വകയുള്ള എല്ലാവര്‍ക്കും സകാത്തുല്‍ ഫിത്വ്ര്‍ ബാധകമായതിനാല്‍ അവരും അത് കൊടുക്കേണ്ടതാണ്. എന്നാല്‍ കേവലം രണ്ടുദിവസം കഴിച്ചുകൂട്ടാന്‍ മാത്രമേ ഒരാള്‍ക്ക് വകയുള്ളു എങ്കില്‍ അയാള്‍ക്ക് ഇതര സകാത്തിനങ്ങള്‍ സ്വീകരിക്കാമെന്നപോലെ ഫിത്വ്ര്‍ സകാത്തും സ്വീകരിക്കാവുന്നതാണ്. എന്നുവെച്ച് ബറക്കത്തുള്ള മുതലാണെന്നും പറഞ്ഞ് സമ്പന്നരായ ആളുകള്‍ വരെ സകാത്തുല്‍ ഫിത്വ്ര്‍ സ്വീകരിക്കുന്നതിന് യാതൊരു ന്യായവും ഇല്ല. അതവര്‍ക്ക് അനുവദനീയവുമാവുകയില്ല. ഇനി ആരെങ്കിലും അങ്ങനെ സ്വീകരിക്കുന്ന പക്ഷം തന്റെ ബന്ധുക്കളിലോ അയല്‍വാസികളിലോ സുഹൃത്തുക്കളിലോ അര്‍ഹരായവരുണ്ടെങ്കില്‍ അവര്‍ക്ക് നല്‍കേണ്ടതാണ്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 107-110
എ.വൈ.ആര്‍