Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 02

e-മഹല്ല്.com

മുഹമ്മദ് റോഷന്‍ പറവൂര്‍

റമദാന്‍ മാസത്തിലെ അവസാനത്തെ പത്തിലെ സുദിനങ്ങള്‍. എറണാകുളം ജില്ലയിലെ ഒരു മഹല്ല് സെക്രട്ടറി ഫിത്വ്ര്‍ സകാത്തിനര്‍ഹരായവരുടെ ലിസ്റ്റ് തയാറാക്കാനായി കമ്പ്യൂട്ടര്‍ തുറന്ന് സോഫ്റ്റ് വെയറില്‍ ആവശ്യമായ ബട്ടണുകള്‍ ക്ലിക്ക് ചെയ്യുന്നു. സോഫ്റ്റ്‌വെയറില്‍ വരുമാനാടിസ്ഥാനത്തില്‍ തരം തിരിച്ച് സ്റ്റോര്‍ ചെയ്തിരിക്കുന്ന മഹല്ല് നിവാസികളുടെ ഡാറ്റയില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ കമ്പ്യൂട്ടറിലെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു. അര്‍ഹരായ കുടുംബങ്ങളുടെ എണ്ണം മുപ്പത്തിരണ്ട്. ഫിത്വ്ര്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരായ കുടുംബങ്ങള്‍ നൂറ്റിപതിനാല്. വിതരണത്തിനാവശ്യമായത് കഴിഞ്ഞ് മിച്ചം വരുന്ന ധാന്യം ആയിരത്തി ഇരുപത്തഞ്ച് കിലോഗ്രാം. സ്വന്തമായി, ആവശ്യമായ ഫിത്വ്ര്‍ സകാത്ത് നല്‍കാന്‍ കഴിയാത്ത മഹല്ലുകളെ കണ്ടെത്താന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തന്നെ അദ്ദേഹം സര്‍ച്ച് ചെയ്യുകയാണ്. സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ലിസ്റ്റില്‍ അടുത്ത ജില്ലയായ ഇടുക്കിയിലെ രണ്ട് മഹല്ലുകള്‍. ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ചുള്ള വിശകലനത്തിന് ശേഷം സെക്രട്ടറി സോഫ്റ്റ് വെയറിലെ ബാങ്ക് ട്രാന്‍സ്ഫര്‍ സംവിധാനം ഉപയോഗിച്ച് തന്റെ മഹല്ലില്‍ മിച്ചം വരുന്ന ധാന്യത്തിന് തുല്യമായ സംഖ്യ രണ്ട് മഹല്ലുകളിലേക്കും നിമിഷങ്ങള്‍ക്കുള്ളില്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നു. ട്രാന്‍സ്ഫര്‍ ലഭിച്ച രണ്ട് മഹല്ലിലെയും സെക്രട്ടറിമാര്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശവും വിശദവിവരങ്ങള്‍ അടങ്ങിയ ഇമെയിലും ലഭിക്കുന്നു. തുടര്‍ന്ന് ഫിത്വ്ര്‍ സകാത്ത് വിതരണത്തിനുള്ള ധാന്യം വാങ്ങാനുള്ള സംവിധാനങ്ങള്‍ അവര്‍ തങ്ങളുടെ മഹല്ലില്‍ ഒരുക്കുന്നു.
ആലപ്പുഴ ജില്ലയിലെ ഒരു മഹല്ല് സെക്രട്ടറി, ഒരു മഹല്ല് നിവാസിയില്‍ നിന്ന് തന്റെ മകന്റെ വിവാഹത്തിനായി സമര്‍പ്പിച്ച അപേക്ഷ മഹല്ല് സോഫ്റ്റ് വെയറിലൂടെ പാലക്കാട് ജില്ലയിലുള്ള വധുവിന്റെ മഹല്ല് പ്രസിഡന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയാണ്. മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പ്രസിഡന്റ് തന്റെ വസതിയിലെ കമ്പ്യൂട്ടര്‍ തുറന്ന് മഹല്ല് വെബ്‌സൈറ്റ് ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ പരിശോധിച്ച് സംഗതികള്‍ ഉറപ്പ് വരുത്തിയ ശേഷം ബട്ടണ്‍ ക്ലിക്ക് ചെയ്ത് അപേക്ഷ അംഗീകരിക്കുന്നു. അപേക്ഷ സമര്‍പ്പിച്ച മഹല്ല് സെക്രട്ടറിക്കും വരന്റെ പിതാവിനും, വധുവിന്റെ മഹല്ല് അംഗീകരിച്ച വിവരം മൊബൈല്‍ ഫോണിലും ഇമെയിലിലും സന്ദേശമായി ലഭിക്കുന്നു. മഹല്ല് സെക്രട്ടറി അപേക്ഷ പ്രിന്റ് എടുത്ത് വിവാഹദിവസം പൂര്‍ത്തീകരിക്കേണ്ട ബാക്കി നടപടിക്രമങ്ങള്‍ക്കായി ഫയലില്‍ സൂക്ഷിക്കുന്നു.
മഹല്ലുകളില്‍ നിന്ന് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സോഫ്റ്റ് വെയറിലൂടെ പരിശോധിക്കുകയാണ് വഖ്ഫ് ബോര്‍ഡിന്റെ ഹെഡ് ഓഫീസിലിരുന്നുകൊണ്ട് സ്‌കോളര്‍ഷിപ്പ് വിഭാഗം അഡ്മിനിസ്‌ട്രേറ്റര്‍. ആവശ്യമായ രേഖകള്‍ ഓരോ മഹല്ലും സോഫ്റ്റ് വെയറിലൂടെ തന്നെ സമര്‍പ്പിച്ചിരിക്കുകയാണ്. അഡ്മിനിസ്‌ട്രേറ്റര്‍ എന്റര്‍ ചെയ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടേണ്ട വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയുന്നു. സൂക്ഷ്മ പരിശോധനക്ക് ശേഷം ലിസ്റ്റ് അംഗീകാരത്തിനായി സിസ്റ്റത്തിലൂടെ തന്നെ വകുപ്പ് മേധാവിക്ക് സമര്‍പ്പിക്കുന്നു. വകുപ്പ് മേധാവി അംഗീകരിക്കുന്നതോടെ സ്‌കോളര്‍ഷിപ്പ് തുക അതത് മഹല്ലിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നു. തുടര്‍ന്ന് മഹല്ല് സെക്രട്ടറിമാര്‍ തുക വിദ്യാര്‍ഥികളുടെ കുടുംബത്തെ ഏല്‍പിക്കുന്നു.
മലപ്പുറം ജില്ലയിലെ ഒരു മഹല്ല് സെക്രട്ടറി മഹല്ലിലെ ഒരു സഹോദരന്‍ മരണപ്പെട്ട വിവരം ഉടന്‍ മഹല്ല് സോഫ്റ്റ് വെയറില്‍ എന്റര്‍ ചെയ്യുന്നു. മരണപ്പെട്ട വിവരം തല്‍സമയം സ്വദേശത്തും വിദേശത്തുമുള്ള മഹല്ല് നിവാസികളുടെ മൊബൈല്‍ ഫോണുകളില്‍ സന്ദേശമായി ലഭിക്കുന്നു. കൂടാതെ മഹല്ലിലെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് മരണപ്പെട്ട വ്യക്തിയുടെ ഫോട്ടോ അടക്കം സോഫ്റ്റ് വെയര്‍ തന്നെ വിവരം പോസ്റ്റ് ചെയ്യുന്നു. വിദൂര സ്ഥലങ്ങളില്‍ നിന്ന് പരേതനെ അറിയുന്ന ആളുകളുടെ അനുശോചന സന്ദേശം നിമിഷങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നു.
അവഗണിക്കാനാവാത്ത വിധം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ വഖ്ഫ് ബോര്‍ഡിന്റെയോ അല്ലെങ്കില്‍ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ ഒരു ബോഡിയുടെ കീഴിലോ കേന്ദ്രീകൃത സ്വഭാവത്തോട് കൂടി മഹല്ല് അഡ്മിനിസ്‌ട്രേഷന്‍ ജോലികള്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍വത്കരിക്കുമ്പോള്‍ (Automation) വളരെ എളുപ്പത്തില്‍ സാധ്യമാകുന്ന ഏതാനും ചില ഉദാഹരണങ്ങളാണ് മുകളില്‍ കൊടുത്തത്. സാങ്കേതിക വിദ്യയുടെ നൂതന രൂപങ്ങള്‍ സ്വന്തം ഭവനങ്ങളില്‍ എത്തിയിട്ട് പോലും സമുദായ പുരോഗതിക്ക് അവ ഉപയോഗപ്പെടുത്തണമെന്ന ചിന്ത ഇനിയും ഉണ്ടായിക്കഴിഞ്ഞിട്ടില്ല. പതിറ്റാണ്ടുകളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സമുദായ സംഘടനകള്‍ ആകട്ടെ തങ്ങളുടെ കീഴില്‍ നൂറുക്കണക്കിന് മഹല്ല് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെങ്കില്‍ പോലും ടെക്‌നോളജിയുടെ ഉപയോഗം കേവലം ഓഡിയോ, വീഡിയോ നിര്‍മാണങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തുന്നു.
കേരളത്തെപ്പോലെ വിവിധ മതസ്ഥര്‍ സൗഹാര്‍ദത്തോടെ ഒരുമിച്ച് താമസിക്കുന്ന സ്ഥലത്ത് ബഹുമുഖ പ്രവര്‍ത്തനങ്ങളിലൂടെ മഹല്ലുകള്‍ക്ക് ഒരു ഗ്രാമപഞ്ചായത്ത് നിര്‍വഹിക്കുന്ന രീതിയിലുള്ള ജനക്ഷേമ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള വിശാലമായ സാധ്യതകളാണുള്ളത്. ആരാധനാകര്‍മങ്ങള്‍ക്കും വിശ്വാസികളുടെ മതപരമായ അടിസ്ഥാന ബാധ്യതകള്‍ നിര്‍വഹിക്കുന്നതിനുമുള്ള ഒരു സംവിധാനം എന്നതിലുപരിയായി സമുദായത്തിന്റെയും തുടര്‍ന്ന് മൊത്തം സമൂഹത്തിന്റെയും ക്ഷേമ ഐശ്വര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്രമായി മഹല്ലുകള്‍ മാറേണ്ടതുണ്ട്. വിശാല വീക്ഷണത്തോടെ ഇത് കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ധാരാളം മഹല്ലുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെന്നുള്ള വസ്തുത ഇവിടെ വിസ്മരിക്കുന്നില്ല.
ഇത്തരത്തില്‍ മഹല്ല് പ്രവര്‍ത്തനങ്ങള്‍ വിശാലവും മാതൃകാപരവുമാകുമ്പോള്‍ തീര്‍ച്ചയായും അതിന് സഹായകമാകുന്ന രീതിയിലുള്ള ടെക്‌നോളജിയുടെ ഉപയോഗം വിവിധ മേഖലകളില്‍ അത്യന്താപേക്ഷിതമായി വരും. ഇതില്‍ സുപ്രധാനമായ ഒന്നാണ് മഹല്ല് അഡ്മിനിസ്‌ട്രേഷന്റെ ഭാഗമായിവരുന്ന വിവിധ നടപടിക്രമങ്ങളെ (process) കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിച്ച് കാര്യക്ഷമതയോടെയും കാലതാമസമില്ലാതെയും നടപ്പിലാക്കാന്‍ കഴിയുമാറ് കമ്പ്യൂട്ടര്‍വത്കരിക്കുക എന്നുള്ളത്. ഇങ്ങനെ കമ്പ്യൂട്ടര്‍വത്കരിക്കാന്‍ കഴിയുന്ന സംഗതികളാണ് ഈ ലേഖനത്തിലെ ഉദാഹരണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ സങ്കീര്‍ണമെന്ന് തോന്നിയേക്കാമെങ്കിലും കേരളത്തിലെ എല്ലാ മഹല്ലുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുമാറ് കേന്ദ്രീകൃത സ്വഭാവത്തോട് കൂടിയുള്ള ഒരു സോഫ്റ്റ് വെയര്‍ നിര്‍മിക്കുന്നതിന് തീരുമാനമെടുക്കുക എന്നുള്ള കാലതാമസമൊഴിച്ചാല്‍, പ്രാവര്‍ത്തികമാക്കുക വളരെ എളുപ്പമുള്ളതും താരതമ്യേന ചെലവ് കുറഞ്ഞതുമാണ്. വളരെ സങ്കീര്‍ണമായ സര്‍ക്കാര്‍ സേവനങ്ങളും നടപടിക്രമങ്ങളും വരെ കമ്പ്യൂട്ടര്‍വത്കരിച്ച ഇക്കാലത്ത് മഹല്ല് നടപടിക്രമങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കുക അനായാസം സാധിക്കുന്ന സംഗതിയാണ്. മഹല്ലുകള്‍ക്ക് ആകെ ചെയ്യേണ്ടിവരിക ഒരു കമ്പ്യൂട്ടര്‍ വാങ്ങുകയും ഇന്റര്‍നെറ്റ് കണക്ഷനെടുക്കുകയും ചെയ്യുക എന്നത് മാത്രം. മഹല്ല് ഭാരവാഹികള്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ പരിശീലനം നല്‍കുകയും, സ്‌ക്രീനുകളുടെ പിക്ചര്‍ അടക്കം ഉപയോഗിക്കേണ്ട രീതി മലയാളത്തില്‍ വിശദമാക്കുന്ന ഒരു ഹാന്റ് ബുക്ക് (user guide)തയാറാക്കുകയുമാണെങ്കില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ മഹല്ല് ഭാരവാഹികള്‍ക്ക് നിഷ്പ്രയാസം അഡ്മിനിസ്‌ട്രേഷന്‍ ജോലികള്‍ കാര്യക്ഷമതയോടെ കമ്പ്യൂട്ടറിലൂടെ നിര്‍വഹിക്കാനാവും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് മഹല്ലുകള്‍ അഡ്മിനിസ്‌ട്രേഷന്‍ ജോലികളില്‍ നവീകരണമോ ഏകീകരണമോ ഇല്ലാതെ പരമ്പരാഗത രീതി തന്നെ തുടര്‍ന്ന് വരികയാണ്. ഇതുമൂലം കൂടുതല്‍ മനുഷ്യാധ്വാനവും രേഖകളുടെ ശേഖരണവും ദീര്‍ഘകാലത്തേക്കുള്ള സൂക്ഷിപ്പും ആവശ്യമായിവരുന്നു. കേന്ദ്രീകൃത സ്വഭാവത്തോടു കൂടിയുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിലൂടെ അഡ്മിനിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ തന്നെ ഏകീകരിക്കാനും വരവ് ചെലവ് കണക്കുകള്‍, മാരേജ് സര്‍ട്ടിഫിക്കറ്റ്, രസീത്,വൗച്ചര്‍, വിവധ തരം അപേക്ഷകള്‍ തുടങ്ങിയ രേഖകള്‍ ഒരേ ഫോര്‍മാറ്റില്‍ എല്ലാ മഹല്ലുകള്‍ക്കും പ്രിന്റ് ചെയ്യാവുന്നതുമാണ്. ആരാധനകളിലും കര്‍മശാസ്ത്ര വിഷയങ്ങളിലും സമുദായ സംഘടനകള്‍ക്കുള്ള വ്യത്യസ്ത വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തിക്കൊണ്ടുതന്നെ മഹല്ല് അഡ്മിനിസ്‌ട്രേഷന്‍ ജോലികള്‍ ഏകീകരിക്കുന്നതില്‍ യോജിക്കാന്‍ കഴിയും.
സമുദായത്തില്‍ ഇതൊക്കെ പ്രാവര്‍ത്തികമാക്കാന്‍ ഇനിയും കാലങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് തോന്നുന്നതെങ്കില്‍ അത് മിഥ്യാധാരണയാണ്. കേരളത്തില്‍ ഇപ്പോള്‍ തന്നെ നൂറോളം വരുന്ന മഹല്ലുകള്‍ കൊച്ചിയിലുള്ള അബീലിയന്‍ ടെക്‌നോളജീസ് (http://www.mahallu.org) വികസിപ്പിച്ചെടുത്ത Mahallu Administration System (MAS) ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ ഇത് മഹല്ലുകളെ തമ്മില്‍ സംയോജിപ്പിക്കാതെയുള്ള പ്രാഥമികമായ അഡ്മിനിസ്‌ട്രേഷന്‍ ജോലികള്‍ നിര്‍വഹിക്കാന്‍ മാത്രം പ്രാപ്തമായ രീതിയിലാണ് വികസിപ്പിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യയെ സമുദായ പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്നതില്‍ ഇനിയും വൈകിയിട്ടില്ലാത്ത ഈ സന്ദര്‍ഭത്തില്‍ വിശാല വീക്ഷണത്തോടെ ഉത്തരവാദപ്പെട്ടവര്‍ ഈ രംഗത്ത് കാര്യമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

മഹല്ല് സോഫ്റ്റ് വെയറിലൂടെ ഓട്ടോമേറ്റ് ചെയ്യാവുന്ന അഡ്മിനിസ്‌ട്രേഷന്‍ ജോലികള്‍
1. മഹല്ലിലെ ഓരോ കുടുംബത്തിലെയും അംഗങ്ങള്‍, വയസ്, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍, നിപുണതകള്‍(skills), വരുമാനം തുടങ്ങിയ പ്രാഥമികമായി വിശദവിവരങ്ങള്‍ അടങ്ങിയ ഡാറ്റാബാങ്ക്. മഹല്ലിലെ വിവിധ വികസന/സേവന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും ഈ ഡാറ്റാബാങ്ക് വളരെയധികം സഹായകമാകും. കൂടാതെ വിശകലനങ്ങള്‍ക്കും അവലോകനങ്ങള്‍ക്കുമായി ആവശ്യാനുസരണം വിവിധ റിപ്പോര്‍ട്ടുകള്‍ മഹല്ല് കമ്മിറ്റികള്‍ക്കും വഖ്ഫ് ബോര്‍ഡിനും പ്രിന്റ് ചെയ്യാവുന്നതുമാണ്.
2. മഹല്ലിന് കീഴിലുള്ള മദ്‌റസയുടെ ക്ലാസ് വിവരങ്ങള്‍, ടീച്ചേഴ്‌സ് ഷെഡ്യൂള്‍, സിലബസ്, പരീക്ഷാ ഷെഡ്യൂള്‍, റിസള്‍ട്ട്, ശമ്പളം, ഫീസ് വിവരങ്ങള്‍ തുടങ്ങിയ അഡ്മിനിസ്‌ട്രേഷന്‍ ജോലികള്‍ കാര്യക്ഷമതയോടെയും കൃത്യതയോടെയും സൂക്ഷിക്കാനുള്ള സംവിധാനം.
3. ഓരോ പ്രവര്‍ത്തന കാലയളവിലെയും മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, മീറ്റിംഗുകള്‍, മിനിട്‌സ്, റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താനും ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും റഫര്‍ ചെയ്യാനും പ്രിന്റ് ചെയ്യാനുമുള്ള സംവിധാനം.
4. മഹല്ലിലെ വരവ് ചെലവ് കണക്കുകള്‍ കൃത്യമായി ഓരോ തലക്കെട്ടില്‍ രേഖപ്പെടുത്താനും ആവശ്യാനുസരണം റിപ്പോര്‍ട്ടുകള്‍ കാലയളവിന്റെ അടിസ്ഥാനത്തില്‍ പ്രിന്റ് ചെയ്യാനുമുള്ള സംവിധാനം.
5. അംഗങ്ങളില്‍ നിന്നുള്ള മാസവരി ഓരോ അംഗങ്ങളുടെയും അക്കൗണ്ടില്‍ രേഖപ്പെടുത്താനും രസീത് പ്രിന്റ് ചെയ്യാനുമുള്ള സംവിധാനം.
6. മഹല്ല് ബാങ്ക് അക്കൗണ്ട് ഡിപ്പോസിറ്റ്, വിത്‌ഡ്രോവല്‍ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്താനുള്ള സംവിധാനങ്ങള്‍.
7. വിവാഹം, ജനനം, മരണം എന്നിവ രജിസ്റ്റര്‍ ചെയ്യാനും ആവശ്യമായ രേഖകള്‍ ഏകീകൃത ഫോര്‍മാറ്റില്‍ പ്രിന്റ് ചെയ്യാനുമുള്ള സംവിധാനം.
8. കുടുംബങ്ങള്‍ക്ക് വിവാഹാലോചനാ പരസ്യങ്ങള്‍ തങ്ങളുടെ ആവശ്യമനുസരിച്ച് തരംതിരിച്ച് മഹല്ല്, ജില്ല, സംസ്ഥാന തലത്തില്‍ മഹല്ല് വെബ്‌സൈറ്റില്‍ പരസ്യംചെയ്യാനുള്ള സംവിധാനം.
9. മഹല്ലുകള്‍ക്ക് സുപ്രധാനമായ പ്രോജക്ടുകളും നിരാലംബരായ സഹോദരങ്ങളെ സഹായിക്കാനുള്ള അഭ്യര്‍ഥനകളും മഹല്ല് വെബ്‌സൈറ്റില്‍ പരസ്യം ചെയ്യാനുള്ള സംവിധാനം. സ്വദേശത്തും വിദേശത്തുമുള്ള ആളുകള്‍ക്ക് വെബ്‌സൈറ്റ് ഉപയോഗിച്ചുതന്നെ സംഖ്യ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സംവിധാനം.
10. മഹല്ലിന് കീഴിലുള്ള വസ്തുക്കള്‍, വഖ്ഫ് സ്വത്തുക്കള്‍ തുടങ്ങിയവയുടെ വിശദവിവരങ്ങളും റിക്കാര്‍ഡുകളും രേഖപ്പെടുത്താനുള്ള സംവിധാനം.
11. ഉദുഹിയ്യത്ത് മാംസ വിതരണത്തിനായി മഹല്ല് ഡാറ്റാബാങ്ക് ഉപയോഗിച്ച് അര്‍ഹരായവരുടെ ലിസ്റ്റ് തയാറാക്കാനും വിതരണത്തിനായി വീടുകളുടെ ലൊക്കേഷന്‍മാപ്പ് അടക്കം പ്രിന്റ് എടുക്കാനുള്ള സംവിധാനം.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 107-110
എ.വൈ.ആര്‍