Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 02

സിറിയയിലേത് സുന്നി-ശീഈ പ്രശ്‌നം തന്നെ

പി.കെ ജമാല്‍

ജൂലൈ 12-ലെ പ്രബോധനത്തില്‍ 'ശാസുബ്‌നു ഖൈസ് പൊട്ടിച്ചിരിക്കുന്നു' എന്ന ശീര്‍ഷകത്തില്‍ ഡോ. ആര്‍. യൂസുഫ് എഴുതിയ ലേഖനത്തോടുള്ള വിയോജനക്കുറിപ്പാണിത്. സിറിയന്‍ അവസ്ഥകളുടെ ഏകപക്ഷീയവും മുന്‍ധാരണകളോടു കൂടിയതുമായ വിലയിരുത്തലായാണ് അത് അനുഭവപ്പെട്ടത്. സിറിയന്‍ മണ്ണില്‍ അറബ് വസന്തം വിരിയാതിരിക്കാന്‍ സാമ്രാജ്യത്വ ശക്തികളും ഇസ്‌ലാമിസ്റ്റുകളും എണ്ണരാജാക്കന്മാരും ലോക മുസ്‌ലിം പണ്ഡിതന്മാരും അവിടെ നടക്കുന്ന സംഭവങ്ങളെ സുന്നി-ശീഈ സംഘട്ടനമായി ചിത്രീകരിക്കുന്നു എന്നാണ് ലേഖനം സമര്‍ഥിക്കുന്നത്. സിറിയയില്‍ ഉറ്റവരും ഉടയവരും സ്വത്തും മുതലും കിടപ്പാടവും നഷ്ടപ്പെട്ട് അയല്‍രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന ജനലക്ഷങ്ങളിലെ പിഞ്ചുകുഞ്ഞിനു പോലുമറിയാം അവിടെ നടക്കുന്ന സംഭവങ്ങളിലെ വേരുകള്‍ ചികയേണ്ടത് ദശാബ്ദങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സുന്നി-ശീഈ സംഘട്ടനങ്ങളിലാണെന്ന്. ആര്‍. യൂസുഫിന്റെ ലേഖനം വായിച്ചുകഴിഞ്ഞപ്പോള്‍ സിറിയന്‍ നരമേധങ്ങളുടെ ജീവിക്കുന്ന ഇരയായി കഴിയുന്ന ഒരു സിറിയന്‍ കോളേജ് പ്രഫസറോട് ഞാന്‍ വസ്തുത തിരക്കി. അദ്ദേഹത്തിന്റെ മറുപടി ഉദ്ധരിക്കട്ടെ: ''മുഖ്യമായും അത് സുന്നികളും ശീഈകളും തമ്മിലെ സംഘട്ടനമാണ്. ആദര്‍ശപരവും ആശയപരവും വിശ്വാസപരവുമാണ് അതിന്റെ മാനം. ശീഈകള്‍ എന്ന് പറയുമ്പോള്‍ അലവികള്‍ (നുസൈരി വിഭാഗം) മാത്രമല്ല, ഇസ്‌നാ അശ്‌രികളും ദുറൂസുകളും ഇസ്മാഈലി വിഭാഗവും എല്ലാം ആ ഗണത്തില്‍ പെടും. ഭരണ സിരാ കേന്ദ്രങ്ങളെല്ലാം അലവികളുടെ നിയന്ത്രണത്തിലായതിനാല്‍ വിമര്‍ശനങ്ങളുടെ കുന്തമുന നുസൈരികളുടെ നേര്‍ക്കാവുന്നത് സ്വാഭാവികം. പിഞ്ചു പൈതങ്ങളെ അറുത്തു കൊല്ലുമ്പോള്‍ കഴുത്തില്‍ കത്തി വെച്ച് 'അസ്സലാമു അലൈക യാ അലി, ബിസ്മിക യാ ഹുസൈന്‍' എന്ന് ഉരുവിട്ടാണ് ഭക്തിപൂര്‍വം അവര്‍ ആ ക്രൂര കൃത്യം നടത്തുന്നത്. ഇത് എന്റെ നേരിട്ടുള്ള അനുഭവമാണ്. ഈ സ്ഥിതി വിശേഷം മുതലെടുക്കാനാണ് അമേരിക്കയും വന്‍ ശക്തികളുമെല്ലാം ശ്രമിക്കുന്നത്. എണ്ണ രാജാക്കന്മാര്‍ക്കും സ്ഥാപിത താല്‍പര്യമുണ്ടെന്ന കാര്യം ഞാന്‍ നിഷേധിക്കുന്നില്ല. അത് രണ്ടാം സ്ഥാനത്താണെന്ന് മാത്രം.'' സഈദ് എന്ന് പേരുള്ള ആ കോളേജ് പ്രഫസര്‍ പറഞ്ഞു.
1982-ല്‍ നടന്ന ഹമാ സംഭവവും അദ്ദേഹം പരാമര്‍ശിച്ചു. ഹമാ മാത്രമല്ല, ഹലബ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അന്ന് കൊല്ലപ്പെട്ടത് 55000ത്തിനും 60000-നും ഇടയില്‍ ആളുകളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ''സുന്നി ഭൂരിപക്ഷമുള്ള ഹമാ നഗര പ്രാന്തപ്രദേശങ്ങളില്‍ നുസൈരികളെ കുടിയിരുത്താന്‍ ഗവണ്‍മെന്റ് ഭരണയന്ത്രം ഉപയോഗിച്ച് ശ്രമങ്ങള്‍ ആരംഭിച്ചപ്പോഴാണ് ഇഖ്‌വാന്റെ നേതൃത്വത്തില്‍ സുന്നികള്‍ ഉപരോധിച്ചതും ഹമാ സംഭവങ്ങള്‍ ഉണ്ടായതും.''
ലബനാനിലെ ഹിസ്ബുല്ലയും ഇറാനും റഷ്യയും ബശ്ശാറുല്‍ അസദിനോടൊപ്പം ചേര്‍ന്ന് നടത്തിയ മനുഷ്യക്കശാപ്പിന് തുല്യമായതൊന്ന് സമീപകാല ചരിത്രത്തില്‍ ചൂണ്ടിക്കാട്ടാനില്ല. തെഹ്‌റാന്‍ മുതല്‍ ബൈറൂത്ത് വരെ വ്യാപിച്ചുകിടക്കുന്ന വിശാല ഭൂഭാഗങ്ങളില്‍ തങ്ങളുടെ സ്വപ്ന രാജ്യത്തിന്റെ അതിരടയാളങ്ങള്‍ വരയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു ഇറാന്‍. സിറിയയിലെ ബശ്ശാറുല്‍ അസദ് പ്രതിനിധാനം ചെയ്യുന്ന വിശ്വാസം തങ്ങളുടെ ശീഈ ചിന്തയുടെ നീള്‍ച്ചയാണെന്ന ഇറാന്റെ ധാരണ, ലോകാഭിപ്രായങ്ങളെ വിലവെക്കാതെ ആളും അര്‍ഥവും ആയുധവും നല്‍കി സഹായിക്കാനും പിന്തുണക്കാനും ആ രാഷ്ട്രത്തെ ധൃഷ്ടമാക്കുന്നു.
മാസങ്ങളായി സിറിയയുടെ മണ്ണില്‍ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയുടെ ബാക്കി പത്രമാണ് ലബനാനിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ഒരു നേരത്തെ ആഹാരത്തിനും ഒരു തുള്ളി വെള്ളത്തിനുമായി കേണുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കില്‍ മനുഷ്യമക്കള്‍. ഇപ്പോള്‍ അഞ്ചു ലക്ഷം സിറിയന്‍ അഭയാര്‍ഥികളാണ് ക്യാമ്പുകളില്‍ കഴിഞ്ഞുകൂടുന്നത്. ലബനാന്‍ സാമൂഹിക കാര്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സിറിയയിലെ ഇപ്പോഴുള്ള സ്ഥിതിവിശേഷം ഈവിധം തുടര്‍ന്നാല്‍ അഭയാര്‍ഥികളുടെ എണ്ണം പത്തു ലക്ഷം കവിയും. തങ്ങളുടെ സാമ്പത്തിക, സാമൂഹിക പദ്ധതികളെ മുഴുവന്‍ തകിടം മറിക്കും ഈ അഭയാര്‍ഥി പ്രവാഹമെന്ന് ലബനാന്‍ ഭരണകൂടം കണക്കുകൂട്ടുന്നു. സിറിയയുമായി 950 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കിയിലുമുണ്ട് രണ്ട് ലക്ഷം അഭയാര്‍ഥികള്‍.
സിറിയക്ക് ഇത് പുതിയ അനുഭവമല്ല. മനുഷ്യ രക്തത്താല്‍ കുതിര്‍ന്ന സിറിയയുടെ മണ്ണിന് ബശ്ശാറുല്‍ അസദിന്റെ പിതാവും സിറിയയുടെ മുന്‍ പ്രസിഡന്റുമായ ഹാഫിദുല്‍ അസദ് നടത്തിയ നരമേധത്തിന്റെ നിരവധി കഥകള്‍ ഓര്‍ക്കാനുണ്ട്. 1982 ഫെബ്രുവരി രണ്ടിന് തുടങ്ങി ഇരുപത്തേഴ് ദിവസം തുടര്‍ന്ന മനുഷ്യക്കശാപ്പിന്റെ കഥ അവയില്‍ ഒന്നു മാത്രം. ഹമാ പട്ടണത്തില്‍ അധിവസിക്കുന്ന സുന്നി വിഭാഗവും ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അംഗങ്ങളുമായിരുന്നു ഹാഫിദുല്‍ അസദിന്റെ ഉന്നം. രാജ്യനശീകരണവും വംശവിഛേദവും ലക്ഷ്യംവെച്ച് നടത്തിയ ആ നരമേധത്തില്‍ കൊല്ലപ്പെട്ടത് അറുപതിനായിരം സിറിയന്‍ പൗരന്മാരാണ്. തന്റെ അധികാര വാഴ്ചക്കെതിരില്‍ ഉയര്‍ന്നുപൊങ്ങുന്ന ഒരേയൊരു ശബ്ദം, സുന്നി വിഭാഗത്തിന് നേതൃത്വം നല്‍കുന്ന ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തിന്റേതാണെന്ന് മനസ്സിലാക്കിയ പ്രസിഡന്റ് ഹാഫിദുല്‍ അസദ്, തന്റെ സഹോദരനായ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് രിഫ്അത്തുല്‍ അസദിനെ ആ ഉന്മൂലന ദൗത്യം ഏല്‍പിക്കുകയായിരുന്നു. പ്രതിപക്ഷത്തെ വേരോടെ പിഴുതെറിയാന്‍ പ്രത്യേക പരിശീലനം ലഭിച്ച സേനയെ ഉപയോഗിച്ച് ഹാഫിദുല്‍ അസദിന്റെ റോക്കറ്റുകളും ടാങ്കുകളും നിരപരാധികളായ പതിനായിരങ്ങളെ കൊന്നൊടുക്കി. ഹാഫിദുല്‍ അസദ് ഏര്‍പ്പെടുത്തിയ കടുത്ത വാര്‍ത്താ തമസ്‌കരണത്തിന്റെ ഫലമായി ആ കൂട്ടക്കുരുതിയുടെ കഥകള്‍ അധികമൊന്നും ബാഹ്യലോകം അറിഞ്ഞില്ല. 'അറബ് ഐക്യ'ത്തിന്റെ പേരില്‍ അയല്‍ രാജ്യങ്ങള്‍ ഒന്നും ഉരിയാടിയില്ല.
മുസ്‌ലിം ബ്രദര്‍ ഹുഡ് പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ആരെയും വധശിക്ഷക്ക് വിധിക്കാന്‍ അധികാരം നല്‍കുന്ന ഹാഫിദുല്‍ അസദിന്റെ 1980-ലെ നാല്‍പത്തൊമ്പതാം നിയമത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചതാണ് ഹമാ നഗരം ചെയ്ത തെറ്റ്. ടാങ്കുകളും റോക്കറ്റുകളും വിമാനങ്ങളും ഉപയോഗിച്ച് ഇരുപത്തേഴ് ദിവസം തുടര്‍ച്ചയായി നടത്തിയ ആക്രമണത്തില്‍ അറുപതിനായിരം ജീവന്‍ പൊലിഞ്ഞതായും ഹമാ പട്ടണം നിശ്ശേഷം നശിപ്പിക്കപ്പെട്ടതായും സിറിയന്‍ മനുഷ്യാവകാശ കമീഷന്‍ വെളിപ്പെടുത്തി. സംഭവത്തിന്റെ തൊട്ടുടനെ ഹമാ പട്ടണം സന്ദര്‍ഭിച്ച റോബര്‍ട്ട് ഫിസ്‌കും ബ്രിട്ടനിലെ ഇന്റിപെന്റ് പത്രലേഖകനും, തോമസ് ഫീഡ്മാനും ഈ കണക്കുകള്‍ ശരിവെച്ചിട്ടുണ്ട്. ഹമാ സംഭവത്തിന് മുമ്പും പിമ്പും എന്ന രൂപത്തില്‍ കാലഗണന നടത്തുന്ന രീതി ഇന്നും സിറിയയില്‍ തുടരുന്നു എന്നത് ആ കൂട്ടക്കശാപ്പിന്റെ തേങ്ങല്‍ ജനഹൃദയങ്ങളില്‍നിന്ന് മാഞ്ഞുപോയിട്ടില്ലെന്നതിന്റെ തെളിവാണ്. ഇന്ന് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം അതേ ചരിത്രമാണ് സിറിയയില്‍ ആവര്‍ത്തിക്കപ്പെടുന്നത്. കഥയിലെ വില്ലന്‍ ഹാഫിദുല്‍ അസദിന്റെ പുത്രന്‍ ബശ്ശാറുല്‍ അസദാണെന്ന വ്യത്യാസം മാത്രം. നശീകരണത്തിന് അതേ സൈന്യവും അതേ പടക്കോപ്പുകളും തന്നെ.
സിറിയയിലെ മഹാ ഭൂരിപക്ഷം വരുന്ന സുന്നി വിഭാഗത്തെ ന്യൂനാല്‍ ന്യൂനപക്ഷമായ നുസൈരി വിഭാഗം അടക്കി ഭരിക്കുന്നതിലെ അസംതൃപ്തിയും പ്രതിഷേധവുമാണ് നാളിതുവരെയുള്ള സംഭവവികാസങ്ങളിലെ അന്തര്‍ധാര. ഭരണം കൈപിടിയില്‍ ഒതുക്കിയ നുസൈരി വിഭാഗത്തിന്റെ വിശ്വാസാചാരങ്ങളെക്കുറിച്ച് അടുത്തറിയുമ്പോള്‍ ഭൂരിപക്ഷ വിഭാഗത്തിനുള്ള ഈ അസംതൃപ്തി ന്യായമാണെന്ന് കാണാന്‍ കഴിയും. ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ പിറവിയെടുത്ത ഈ തീവ്ര ശീഈ വിഭാഗം ഇസ്‌ലാമിലെ നാലാം ഖലീഫയായ അലി(റ)യില്‍ ദിവ്യത്വം ആരോപിക്കുകുയം അലി(റ)യെ ആരാധിച്ചു തുടങ്ങുകയും ചെയ്തു. നുസൈരി വിഭാഗത്തിന്റെ റാഫിളീ/ബാത്വിനി സ്വത്വം മറച്ചുവെക്കാന്‍ അന്ന് സിറിയ ഭരിച്ചിരുന്ന ഫ്രഞ്ചുകാര്‍ ഇവര്‍ക്ക് 'അലവികള്‍' എന്ന് നാമകരണം ചെയ്തു. അബൂശുഐബ് മുഹമ്മദുബ്‌നു നുസൈറുല്‍ ബസ്വരിന്നുമൈരിയാണ് നുസൈരി വിഭാഗത്തിന്റെ സ്ഥാപകന്‍. പില്‍ക്കാലത്ത് ഇയാള്‍ പ്രവാചകത്വവും അവകാശപ്പെടുകയുണ്ടായി. സിറിയയിലെ രാഷ്ട്രീയ പാര്‍ട്ടിയായ നാഷ്‌നല്‍ ഫ്രന്റ് പിന്നീട് ബഅ്‌സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയായി രൂപാന്തരപ്പെട്ടപ്പോള്‍ നുസൈരി വിഭാഗത്തെ തങ്ങളോടൊപ്പം ചേര്‍ക്കുകയും സുന്നി വിഭാഗത്തെ അടിക്കാനുള്ള വടിയായി അവരെ ഉപയോഗപ്പെടുത്തുകയും ചെയ്തു.
ബശ്ശാറുല്‍ അസദിന്റെ കുടുംബം പാരമ്പര്യമായി നുസൈരി വിഭാഗമാണ്. അലി(റ)യെ ദൈവമായി കരുതിയ ഈ വിഭാഗം വിശ്വസിച്ചത് ദൈവത്തിന്റെ അവതാരമാണ് അലിയെന്നും ജിബ്‌രീല്‍ ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യരൂപം സ്വീകരിച്ചെത്തിയപോലെയാണ് അലി ഭൂമിയില്‍ മനുഷ്യനായി ജീവിച്ചതെന്നുമാണ്. മരണാനന്തരം അലിയുടെ ആത്മാവ് മേഘങ്ങളില്‍ കുടിയേറിയെന്ന് വിശ്വസിക്കുന്ന ഈ വിഭാഗം മേഘത്തെ കാണുമ്പോള്‍ 'അസ്സലാമു അലൈക യാ അലി' എന്ന് അഭിവാദ്യം ചെയ്യും. ഇടി അലിയുടെ ശബ്ദമായും മിന്നല്‍ അലിയുടെ പ്രഹരമായും അവര്‍ വിശ്വസിച്ചു. മുഹമ്മദ് നബി(സ)യെ സൃഷ്ടിച്ചത് അലിയാണെന്നും സല്‍മാനുല്‍ ഫാരിസിയെ സൃഷ്ടിച്ചത് മുഹമ്മദ് (സ) ആണെന്നും ഈ വിഭാഗം കരുതുന്നു. മദ്യത്തെ മഹത്വവത്കരിക്കുന്ന ഈ വിഭാഗത്തിന് മുന്തിരിവള്ളികളോട് വലിയ ആദരവാണ്. മുന്തിരിവള്ളികള്‍ പിഴുതെറിയാനോ നശിപ്പിക്കാനോ അവര്‍ സമ്മതിക്കില്ല. തങ്ങള്‍ 'നൂര്‍' എന്ന് വിളിക്കുന്ന കള്ളിന്റെ ഗര്‍ഭപാത്രം മുന്തിരിയിലാണല്ലോ. അഞ്ചു നേരങ്ങളില്‍ നമസ്‌കാരമുണ്ടെങ്കിലും റക്അത്തുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ട്. സുജൂദും റുകൂഉമില്ല. ജുമുഅയില്ല. വുദൂ (അംഗസ്‌നാനം) ഇല്ല. ഹജ്ജിനെ അംഗീകരിക്കാത്ത ഈ വിഭാഗം മക്കയിലേക്കുള്ള യാത്ര സത്യനിഷേധമായും ഹജ്ജിനെ ബിംബാരാധനയായും കാണുന്നു. സകാത്ത് നല്‍കില്ല. തങ്ങളുടെ ഗുരുവര്യന്മാര്‍ക്ക് ദക്ഷിണയായി നല്‍കുന്ന അഞ്ചിലൊന്നാണ് അവരുടെ 'സകാത്ത്.' പ്രവാചകന്റെ അനുയായികളോട് വിദ്വേഷം പുലര്‍ത്തുന്ന ഇവര്‍ അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരുടെ പേര് കേള്‍ക്കുമ്പോള്‍ ശാപം ചൊരിയുന്നു. ബിംബാരാധനാ പൈതൃകത്തിന്റെ പിന്തുടര്‍ച്ചക്കാരായ ഈ വിഭാഗം നക്ഷത്ര ഗോളങ്ങളെ വിശുദ്ധവത്കരിക്കുന്നു. അലി(റ)യുടെ അധിവാസം താരകങ്ങളിലാണെന്ന വിശ്വാസമാണതിന്നാധാരം. ഭാരതീയ-പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ വിശ്വാസാചാരങ്ങളില്‍നിന്ന് കടം കൊണ്ട പുനര്‍ജന്മത്തിലും അവതാരങ്ങളിലും ആകുന്നു ഇവര്‍ക്ക് വിശ്വാസം. ശീഈ വിഭാഗത്തിലെ തീവ്ര ഗ്രൂപ്പായി ഗണിക്കപ്പെടുന്ന ഈ വിഭാഗം മുഖ്യമായും സിറിയയിലെ ലാദകിയാ പ്രദേശങ്ങളിലായിരുന്നു ആദ്യമാദ്യം അധിവാസമെങ്കിലും ഭരണത്തിന്റെ പിന്‍ബലത്തോടെ സിറിയയുടെ മുഖ്യ നഗരങ്ങളിലും തലസ്ഥാനമായ ദമസ്‌കസിലും ഇപ്പോള്‍ ഇവര്‍ വ്യാപിച്ചിട്ടുണ്ട്.
വിശ്വാസ വ്യതിയാനം സംഭവിച്ച ഈ വിഭാഗവുമായി വിവാഹമുള്‍പ്പെടെയുള്ള എല്ലാ ബന്ധങ്ങളും നിഷിദ്ധമായി കരുതുന്നു സുന്നികള്‍. ഇബ്‌നു തൈമിയയെ പോലെയുള്ള പണ്ഡിതന്മാര്‍ ഈ വിഭാഗത്തെ ബഹുദൈവാരാധകരെക്കാളും അവിശ്വാസികളെക്കാളും മാര്‍ഗഭ്രംശം സംഭവിച്ചവരായി വിലയിരുത്തിട്ടുണ്ട്. ജൂസ് റുശൂശൂര്‍, ബര്‍യതു കനസ്ഫറ, സിജ്‌നതദമ്മുര്‍, അലപ്പോ, സര്‍മദാ, ഹയ്യുല്‍ മശാരിഖ, ബുസ്താനുല്‍ ഖസ്ര്‍, തദമ്മുറുന്നിസാഇയ്യ തുടങ്ങി നൂറുകണക്കില്‍ കൂട്ടക്കൊലകളുടെ പട്ടിക, ഭീകരമായ ഹമാ സംഭവത്തിനു പുറമെയുണ്ട്. കൂട്ടക്കുരുതി, ബലാത്സംഗം, ചിത്രവധം, പീഡനം, ഭേദ്യം, നാനാതരം ശിക്ഷാ രീതികള്‍-ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങള്‍ പേറി ജീവിക്കാന്‍ വിധിക്കപ്പെട്ട സിറിയന്‍ പൗരനെ സദാ വേട്ടയാടുന്ന വികാരമുണ്ട്-ഭീതി.
വികല വിശ്വാസങ്ങളും വിചിത്രാചാരങ്ങളും വെച്ചു പുലര്‍ത്തുന്ന നുസൈരികള്‍, ഭൂരിപക്ഷം വരുന്ന സുന്നികളായ തങ്ങളെ അടിച്ചമര്‍ത്തി ഭരണം നടത്തുന്നതിലെ അസംതൃപ്തിയും പ്രതിഷേധവും ദശാബ്ദങ്ങളായി സിറിയന്‍ ജനത തങ്ങളുടെ നെഞ്ചകങ്ങളില്‍ പേറി നടക്കുന്നുണ്ട്. ബോംബാക്രമണങ്ങളുടെയും വെടിയൊച്ചകളുടെയും രാസായുധ പ്രയോഗങ്ങളുടെയും രൂപത്തില്‍ അഴിഞ്ഞാടുന്ന സിറിയന്‍ ഭരണകൂടത്തിനെതിരെ ഉയര്‍ന്നുപൊങ്ങിയ ജനരോഷം, അറബ് രാജ്യങ്ങളൊന്നടങ്കം ഏറ്റുവാങ്ങിയിട്ടുണ്ട് എന്നതാണ് ഈ കൂരിരുട്ടില്‍ പ്രത്യാശ നല്‍കുന്ന നുറുങ്ങുവെട്ടം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 107-110
എ.വൈ.ആര്‍