ചരിത്രഗതി തിരുത്താന്‍ വിഷന്‍ 2016
വൈദ്യുതി പോയിട്ട് സിമന്റോ ഇഷ്ടികയോ പോലും എത്തിച്ചേര്‍ന്നിട്ടില്ലാത്ത നൂറ് കണക്കിന് ഗ്രാമങ്ങള്‍. പട്ടിണി മരണങ്ങള്‍ വ്യാപകം. അടിസ്ഥാന ആവശ്യങ്ങളായ പാര്‍പ്പിട-ശുചീകരണ സൗകര്യങ്ങള്‍ വളരെ ശോചനീയം. ശുദ്ധജലവും വിദ്യാഭ്യാസവും കിട്ടാകനികള്‍. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലുള്ള പാന്തി കാപാര്‍ അത്തരമൊരു ഗ്രാമമാണ്. ജനസംഖ്യ 2500. എല്ലാവരും മുസ്‌ലിംകള്‍. ഇവരില്‍ ബിരുദമെടുത്തവര്‍ മൂന്ന് പേര്‍ മാത്രം. ഈ ഗ്രാമീണര്‍ക്ക് ശുദ്ധജലം കിട്ടണമെങ്കില്‍ 25 കിലോമീറ്റര്‍ അകലെയുള്ള ഗാദ്‌റ വരെ പോകണം. വീടുകളെല്ലാം മണ്ണും ചാണകവും കുഴച്ചുണ്ടാക്കിയത്. ഇന്ദിര ആവാസ് യോജനയുടെ കീഴില്‍ ബി.പി.എല്ലുകാര്‍ക്ക് വേണ്ടിയുള്ള സ്‌കീമില്‍ ഈയിടെ നിര്‍മിക്കപ്പെട്ട ഏതാനും വീടുകള്‍ മാത്രമാണ് ഇതിന് അപവാദം. ചോളം കൊണ്ടുള്ള റൊട്ടിയും മോരും കൂട്ടി രണ്ട് നേരം ഭക്ഷണം. എല്ലാ വീടുകളിലും കന്നുകാലികളെ കാണാം. ഇതൊരു ഗ്രാമത്തിന്റെ കഥയല്ല. ഉത്തരേന്ത്യയിലെ മുഴുവന്‍ ദരിദ്ര ഗ്രാമങ്ങളിലും ഇതാണ് സ്ഥിതി.
അര്‍ജുന്‍ സെന്‍ഗുപ്ത തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്, 77 ശതമാനം ഇന്ത്യക്കാരുടെയും ദിവസവരുമാനം 20 രൂപയില്‍ താഴെയാണ് എന്നാണ്. ഇത്തരക്കാരെ ഒരു പക്ഷേ നിങ്ങള്‍ കേരളത്തില്‍ കണ്ടെന്ന് വരില്ല. ഗുജറാത്ത് മുതല്‍ ആസാം വരെ നീളുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഈ ദരിദ്രക്കൂട്ടങ്ങളുള്ളത്. ഇവരില്‍ ഗണ്യമായ ഒരു വിഭാഗം മുസ്‌ലിംകളാണ്. ദലിതരേക്കാള്‍ കഷ്ടമാണ് അവരുടെ അവസ്ഥയെന്ന് സച്ചാര്‍ കമീഷന്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. ഈയടുത്ത് ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇനിഷ്യേറ്റീവ് (OPHDI) നടത്തിയ മറ്റൊരു പഠനവും പുറത്തുവന്നു. ബിഹാര്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒറീസ്സ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ എട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, ഏറ്റവും ദരിദ്രമായ 26 ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലുള്ള മൊത്തം ദരിദ്രരേക്കാള്‍ -40 മില്യന്‍- കൂടുതല്‍ ദരിദ്രരുണ്ട് എന്നാണ് അതില്‍ പറയുന്നത്.
എണ്ണൂറ് വര്‍ഷം മുസ്‌ലിം ഭരണം നിലനിന്ന പ്രദേശങ്ങളിലാണ് ഈ ദുരവസ്ഥ. ചരിത്രം തലകീഴായി മറിഞ്ഞു നില്‍ക്കുന്നത് നിങ്ങള്‍ക്കിവിടെ കാണാം. ഇന്ത്യന്‍ സംസ്‌കാരത്തിനും നാഗരികതക്കും മഹത്തായ സംഭാവനകളര്‍പ്പിച്ചിരുന്നു ഒരു കാലത്ത് മുസ്‌ലിംകള്‍. ഇന്നവരുടെ പിന്‍മുറക്കാര്‍ പിച്ചച്ചട്ടിയുമായി തെണ്ടിത്തിരിയുകയാണ്. സമുദായ നേതാക്കള്‍ അവരുടെ ജീവിതാവസ്ഥകള്‍ അനുദിനം വഷളാക്കിക്കൊണ്ടുമിരിക്കുന്നു.
ഈയൊരു ചരിത്ര സന്ധിയുടെയും പ്രതിസന്ധിയുടെയും ഭാഗമായിരുന്നില്ല ഒരു കാലത്തും കേരള മുസ്‌ലിംകള്‍. തുര്‍ക്കി, അഫ്ഗാന്‍, മംഗോള്‍, മുഗള്‍ പടയോട്ടങ്ങളെയും വിഭജനത്തെയും അതിനെത്തുടര്‍ന്നുണ്ടായ അതിഭീകരമായ വര്‍ഗീയ കലാപങ്ങളെയും അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലല്ലോ. അതിനാല്‍ അവരുടെ ജീവിതാവസ്ഥകള്‍ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയും മുസ്‌ലിംകളുടെതിനേക്കാള്‍ മെച്ചപ്പെട്ടതാണ്.
പക്ഷേ, താരതമ്യേന മെച്ചപ്പെട്ട ഈ സാമൂഹിക -സാമ്പത്തിക സുസ്ഥിതി, തീര്‍ത്തും അനാരോഗ്യകരമായ മത്സരങ്ങളില്‍ ഏര്‍പ്പെട്ട് ധൂര്‍ത്തടിച്ച് കളയുകയാണ് കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ എന്ന് പറയേണ്ടിവരുന്നു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ മണ്ണ് കുഴച്ചുണ്ടാക്കിയ ഭിത്തിയും ടിന്‍ ഷീറ്റടിച്ച മേല്‍ക്കൂരയുമുള്ള പള്ളികളാണെങ്കില്‍, കേരളത്തില്‍ 'സംഘടനാ പള്ളികള്‍' കെട്ടിപ്പൊക്കാന്‍ എത്ര പണവും അധ്വാനവുമാണ് ചെലവിടുന്നത് എന്നോര്‍ത്തു നോക്കൂ. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും മദ്‌റസകളും ഉയര്‍ന്നുപൊങ്ങുന്നു ധാരാളമായി. കൊട്ടാരങ്ങള്‍ പോലെയാണ് വീടു നിര്‍മാണം. ഇന്ത്യയുടെ ഒരു ഭാഗത്ത് സമുദായാംഗങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമ്പോള്‍, കേരളത്തിലെ ചില ഭാഗങ്ങളിലെങ്കിലും ബലിമാംസം കുന്നുകൂടി വാങ്ങാനാളില്ലാതെ നശിച്ചുപോകുന്നു.
ഞങ്ങളൊരിക്കല്‍ അസമില്‍ പോയി, അരിയും പരിപ്പും വിതരണം ചെയ്യാന്‍. അവര്‍ ഞങ്ങളോട് പറഞ്ഞു, ദയവ് ചെയ്ത് ഞങ്ങള്‍ക്ക് പരിപ്പിനു പകരമായി കൂടുതല്‍ അരി തരൂ. ഉപ്പ് കൂട്ടി ചോറ് തിന്ന് ശീലിച്ചിട്ടുണ്ട് ഞങ്ങള്‍.
ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ (HWF)
ഇതാണ് ഇന്ത്യയിലെ പിന്നാക്ക, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളുടെ ജീവിതാവസ്ഥകള്‍. ഇതിനൊരു മാറ്റം വരണം എന്ന ചിന്തയില്‍ നിന്നാണ് 2006-ല്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്റെ നേതൃത്വത്തില്‍ 'വിഷന്‍ 2016' ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ചരിത്രത്തിന്റെ ഗതി മാറ്റിയൊഴുക്കാനുള്ള ഒരു മഹത് സംരംഭം. ഒട്ടേറെ ചര്‍ച്ചകള്‍ക്കും വര്‍ക്‌ഷോപ്പുകള്‍ക്കും ശേഷം പത്തു വര്‍ഷം നീളുന്ന ഒരു സമഗ്ര വികസന പരിപാടിക്കാണ് രൂപം നല്‍കിയത്. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനാണ് ഇതിന് നേതൃത്വം നല്‍കുക. വിദ്യാഭ്യാസം, ചെറുകിട വായ്പ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു തീരുമാനം. അങ്ങനെ ഫൗണ്ടേഷന് കീഴില്‍ ഘട്ടം ഘട്ടമായി പല മേഖലകളെയും കേന്ദ്രീകരിച്ച് എന്‍.ജി.ഒകള്‍ രൂപവത്കരിച്ചു. 'സഹൂലത്ത്' മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും, 'ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്' ആരോഗ്യ-സാമൂഹിക സേവനങ്ങള്‍ക്ക് വേണ്ടിയും, 'അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്' പൗരാവകാശ സംരക്ഷണത്തിനു വേണ്ടിയും, 'സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍' ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും, 'മെഡിക്കല്‍ സര്‍വീസ് സൊസൈറ്റി' ഡോക്ടര്‍മാരുടെ ഒരു കുട്ടായ്മ എന്ന നിലയിലും ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ രൂപീകൃതമായ എന്‍.ജി.ഒകളാണ്.
സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കൂട്ടായ്മയായി ഇന്ന് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. നാട്ടിലും വിദേശത്തുമുള്ള കാരുണ്യം വറ്റാത്ത മനസ്സുകളാണ് ഈ കൂട്ടായ്മയുടെ സകല കരുത്തും പിന്‍ബലവും. ഇന്‍ര്‍നാഷ്‌നല്‍ ഫെഡറേഷന്‍ ഫോര്‍ റിലീഫ് ആന്റ് ഡവലപ്‌മെന്റ് എന്ന ആഗോള വേദിയില്‍ അതിന് അംഗത്വം ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ചെറുകിട വായ്പ, സ്ത്രീ ശാക്തീകരണം, സംരംഭകത്വം, മനുഷ്യാവകാശം, ദുരന്ത നിവാരണ പ്രവര്‍ത്തനം എന്നീ മേഖലകളിലാണ് വിഷന്‍ 2016 മുഖ്യമായും ഊന്നിയിട്ടുള്ളത്. 2006 മുതല്‍ 2016 വരെയുള്ള വിഷന്റെ ആദ്യ ഘട്ടത്തില്‍ ഗുജറാത്ത് മുതല്‍ അസം വരെ നീളുന്ന സംസ്ഥാനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വിദ്യാഭ്യാസം
നിരവധി വിദ്യാഭ്യാസ പ്രോജക്ടുകള്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ആവിഷ്‌കരിക്കുകയുണ്ടായി. ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്കും ഹോസ്റ്റല്‍ പ്രോജക്ടുകള്‍ക്കും ഫണ്ട്, അക്കാദമിക മികവിന് അവാര്‍ഡ്, സ്‌കോളര്‍ഷിപ്പുകള്‍, തൊഴില്‍ മാര്‍ഗദര്‍ശന സെന്ററുകള്‍, ചേരി നിവാസികള്‍ക്ക് വേണ്ടി പ്രത്യേക സ്‌കൂളുകള്‍, ഏകാധ്യാപക വിദ്യാലയങ്ങള്‍, അവാര്‍ഡ് നേടിയ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസന പ്രോജക്ടുകള്‍, പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് വിദ്യാഭ്യാസ സ്‌പോണ്‍സര്‍ഷിപ്പ് എന്നിവ ഉദാഹരണം.
മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലായിരുന്നു ഊന്നല്‍. വിഷന്‍ സ്ഥാപിച്ച സ്‌കൂളുകളില്‍ ധാര്‍മിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിനാണ് മുഖ്യ പരിഗണന. വിദ്യാര്‍ഥി ഹോസ്റ്റലുകളും സ്ഥാപിച്ചു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗനാസിലുള്ള മില്ലത്ത് ഗേള്‍സ് അക്കാദമി, അസമിലെ ഹസ്‌റത്ത് ഉമര്‍ മോഡല്‍ അക്കാദമി, അല്‍ അമീന്‍ മോഡല്‍ അക്കാദമി എന്നിവ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ പൂര്‍ത്തീകരിച്ച ബൃഹത്തായ ഹോസ്റ്റല്‍ പ്രോജക്ടുകളാണ്.
2009 മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ മികച്ച വിജയം കൊയ്ത വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കിവരുന്നുണ്ട്. ഇതുവരെ 6000 വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കി. സ്‌കൂള്‍ ബാഗ് പ്രോജക്ടിന്റെ ആനുകൂല്യം 5700 വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. 390 അനാഥകളെ ദത്തെടുത്ത് പഠിപ്പിക്കുന്നു. ഉത്തര്‍ പ്രദേശിലെ അഅ്‌സംഗഢില്‍ ഒരു അനാഥാലയം പണിതിട്ടുണ്ട്.
മൈക്രോ ഫിനാന്‍സ്
ഇന്ത്യയിലൊട്ടുക്കും പലിശരഹിത മൈക്രോ ഫിനാന്‍സ് കോപറേറ്റീവ് സൊസൈറ്റികള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് 'സഹൂലത്ത്' രൂപവത്കരിച്ചത്. ബിഹാറിലും യു.പിയിലും ഝാര്‍ഖണ്ഡിലും ദല്‍ഹിയിലും പ്രവര്‍ത്തിക്കുന്ന അല്‍ഖൈര്‍ കോപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 'സഹൂലത്തി'ന്റെ പിന്‍ബലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 'സഹൂലത്തി'ന്റെ പിന്‍ബലമുള്ള മറ്റു സംരംഭങ്ങള്‍: ഖിദമത്ത് (ആന്ധ്രപ്രദേശ്), സഹായത (പശ്ചിമബംഗാള്‍, അസം), യൂനിറ്റി (മഹാരാഷ്ട്ര, ഗുജറാത്ത്), സംഗമം (പോണ്ടിച്ചേരി).
ആരോഗ്യം
വിഷന്‍ 2016-ന്റെ മികച്ച സംഭാവനകളിലൊന്നാണ് ന്യൂദല്‍ഹിയിലെ അല്‍ശിഫ ഹോസ്പിറ്റല്‍. ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഏതൊരാള്‍ക്കും താങ്ങാന്‍ പറ്റുന്ന ചികിത്സാ ചെലവുകള്‍. ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് 2011 നവംബറിലാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വിഷന്‍ 2016 ഏറ്റെടുത്ത ഏറ്റവും വലിയ പ്രോജക്ട് കൂടിയാണിത്. വളരെ വിജയകരമായി ആശുപത്രി പ്രവര്‍ത്തിച്ചുവരുന്നു.
ഇന്ത്യയുടെ പല ഭാഗങ്ങളില്‍ മൊബൈല്‍ മെഡിക്കല്‍ വാനുകള്‍, ആംബുലന്‍സുകള്‍, മെഡിക്കല്‍ സെന്ററുകള്‍, ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ തുടങ്ങിയ ആരോഗ്യ സുരക്ഷാ മേഖലകളില്‍ ഒട്ടേറെ പ്രോജക്ടുകള്‍ക്ക് തുടക്കം കുറിച്ചു. ഏതാണ്ട് നാലു ലക്ഷം പേര്‍ ഇവയുടെ ഗുണഭോക്താക്കളാണ്.
മനുഷ്യാവകാശ സംരക്ഷണം
അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എ.പി.സി.ആര്‍). ഇത് ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റിന് കീഴിലുള്ള അഭിഭാഷകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സമൂഹത്തിന്റെ താഴെക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളുടെയും കൂട്ടായ്മയാണ്. മനുഷ്യാവകാശ ധ്വംസനങ്ങള്‍, നിയമവിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിക്കല്‍, കസ്റ്റഡി മരണം, വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങിയ ഒട്ടേറെ ദേശീയ പ്രശ്‌നങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ഈ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികളുടെ ചൂഷണത്തിന് ഇരയാവുന്ന ഉപഭോക്താക്കള്‍ക്ക് നിയമപരവും മറ്റുമായ സഹായങ്ങളും നല്‍കി വരുന്നു.
റിലീഫ്, പുനരധിവാസം
സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍ (SBF) ആണ് റിലീഫ്-പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്നത്. ബിഹാറിലും ആന്ധ്രയിലും കര്‍ണാടകയിലും ഒറീസയിലും വെള്ളപ്പൊക്കമുണ്ടായപ്പോഴും അസമില്‍ കലാപം കത്തിപ്പടര്‍ന്നപ്പോഴും കശ്മീരിലും പശ്ചിമ ബംഗാളിലും ഭൂമികുലുക്കമുണ്ടായപ്പോഴും ബൃഹത്തായ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ഈ എന്‍.ജി.ഒക്ക് കീഴില്‍ നടന്നത്.
മാതൃകാ ഗ്രാമ പ്രോജക്ട്
യു.പിയിലെയും പശ്ചിമ ബംഗാളിലെയും അത്യന്തം ശോചനീയമായ രണ്ട് ഗ്രാമങ്ങളെയാണ് മാതൃകാ ഗ്രാമ പ്രോജക്ടിന് വേണ്ടി വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ തെരഞ്ഞെടുത്തത്. 2016 ആവുമ്പോഴേക്ക് നൂറ് ഗ്രാമങ്ങളെ ദത്തെടുക്കാനാണ് ഫൗണ്ടേഷന്‍ തീരുമാനിച്ചിരിക്കുന്നത്. പാര്‍പ്പിടം, ശുചീകരണം, വിദ്യാഭ്യാസം, ആരോഗ്യം, ശുദ്ധജലം തുടങ്ങി മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും നല്‍കി ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറ്റുക എന്നതാണ് പ്രോജക്ട് ലക്ഷ്യമിടുന്നത്.
ഉത്തര്‍പ്രദേശിലെ മിലാഖ് പല്ലൂപുരയാണ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ദത്തെടുത്ത ഗ്രാമങ്ങളിലൊന്ന്. ഇവിടെ വീടുകളും ടോയ്‌ലറ്റുകളും നിര്‍മിച്ചുകൊടുത്തതിന് പുറമെ ശുദ്ധജലത്തിന് വേണ്ടി ഹാന്‍ഡ് പമ്പുകളും നല്‍കിയിട്ടുണ്ട്. ഒരു ടൈലറിംഗ് സെന്ററും സ്ഥാപിച്ചു. ഗ്രാമത്തിലെ എല്ലാ കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കി അവരെ സ്‌കൂളിലേക്ക് പറഞ്ഞയക്കുന്നു. വിദ്യാഭ്യാസ ബോധവത്കരണം ലക്ഷ്യം വെച്ച് നിരവധി സാംസ്‌കാരിക പരിപാടികള്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ച് വരുന്നു.
പശ്ചിമ ബംഗാളിലെ ഹരിങ്കോലയാണ് ദത്തെടുത്ത മറ്റൊരു ഗ്രാമം. മലയാളിയായ നാസറാണ് ഈ പ്രോജക്ടിന് നേതൃത്വം കൊടുക്കുന്നത്. വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ പങ്കാളിയായ കേരളത്തിലെ ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന് കീഴിലാണിത് നടന്നുവരുന്നത്. 50 വീടുകളും 20 ടോയ്‌ലറ്റുകളും നിര്‍മിച്ചു. വിദ്യാഭ്യാസ ബോധവത്കരണവും മറ്റും തകൃതിയായി നടക്കുന്നു. ബോധായ്, അസഗര തുടങ്ങിയ ഗ്രാമങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
സമൂഹ വികസന പ്രോജക്ടുകള്‍
ദുര്‍ബല വിഭാഗങ്ങളെ പല പ്രോജക്ടുകളില്‍ ഉള്‍പ്പെടുത്തി സഹായിച്ചുവരുന്നുണ്ട്. വടക്കന്‍ സംസ്ഥാനങ്ങളില്‍ 700 വീടുകള്‍ നിര്‍മിച്ചുകൊടുത്തു. കടുത്ത വരള്‍ച്ചയനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ആയിരം കുടിവെള്ള വിതരണ പദ്ധതികള്‍ നടപ്പാക്കി. ഇഫ്ത്വാര്‍ കിറ്റുകള്‍ നല്‍കിവരുന്നു. ഇഫ്ത്വാര്‍ സദ്യകളും വ്യാപകമായി നടത്തുന്നു. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നും സകാത്ത്-സ്വദഖകള്‍ പ്രവഹിച്ചപ്പോള്‍ അത് 45,000 കുടുംബങ്ങള്‍ക്ക് പ്രതീക്ഷയുടെ തിരിനാളമായി. പെരുന്നാളിനോടനുബന്ധിച്ച് ഖുര്‍ബാനി കിറ്റുകള്‍ 1,08,716 കുടുംബങ്ങള്‍ക്ക് എത്തിക്കുകയുണ്ടായി. ഉത്തരേന്ത്യയിലെ കൊടും ശൈത്യകാലത്ത് 80,000 കമ്പിളി പുതപ്പുകള്‍ വിതരണം ചെയ്തു. ഇന്ത്യയിലുടനീളം സമൂഹ വിവാഹങ്ങളും സംഘടിപ്പിക്കുകയുണ്ടായി.
ഉപജീവന പദ്ധതികള്‍
ഉപജീവന മാര്‍ഗമായി ദരിദ്ര കുടുംബങ്ങള്‍ക്ക് നിരവധി സൈക്കിള്‍ റിക്ഷകള്‍ വിതരണം ചെയ്തിട്ടുണ്ട്. ആ കുടുംബങ്ങളിലെ കുട്ടികളെ വിവിധ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയും റിക്ഷാവലിയില്‍നിന്ന് അവരെ രക്ഷപ്പെടുത്തുകയും ചെയ്യുന്ന സമാന്തര പ്രോജക്ടുകളും ആവിഷ്‌കരിച്ചു. തയ്യല്‍ മെഷീനുകളും കന്നുകാലികളും നല്‍കി ഉപജീവന മാര്‍ഗങ്ങള്‍ തുറന്നുകൊടുക്കുന്നുണ്ട്. വിദ്യാ സമ്പന്നരെങ്കില്‍ കമ്പ്യൂട്ടറുകളും മറ്റും നല്‍കും. ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാനുള്ള സഹായവും നല്‍കുന്നുണ്ട്. യോഗ്യതയുള്ള നിരവധി ചെറുപ്പക്കാര്‍ക്ക് ഗള്‍ഫില്‍ ജോലി ശരിപ്പെടുത്തി കൊടുത്തു.
വോളണ്ടിയര്‍ കോര്‍
പലപ്പോഴും ഫണ്ടിന്റെ കുറവ് കൊണ്ടല്ല പ്രോജക്ടുകള്‍ വൈകുകയോ മുടങ്ങിപ്പോവുകയോ ചെയ്യുന്നത്; കാര്യക്ഷമതയുള്ള സന്നദ്ധ സേവകരുടെ അഭാവം കൊണ്ടാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ സേവന സന്നദ്ധതയും പ്രതിബദ്ധതയുമുള്ള ഒരു വോളണ്ടിയര്‍ വിഭാഗത്തെ പരിശീലിപ്പിച്ചെടുക്കാന്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ഉദ്ദേശിക്കുന്നു. 18 തികഞ്ഞ ഏതു ഇന്ത്യന്‍ പൗരനും ഇതില്‍ സന്നദ്ധ സേവകനായി ചേരാം. താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ വെബ് സൈറ്റായ www.hwfindia.org സന്ദര്‍ശിക്കുക.
അമേരിക്കയിലെ ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥിയായ ടോഫര്‍ ഈയിടെ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ ഓഫീസില്‍ വന്നു. ഇന്ത്യയിലെ വിവിധ മുസ്‌ലിംകള്‍ സംഘടനകള്‍ നടപ്പാക്കുന്ന സമുദായോദ്ധാരണ പ്രോജക്ടുകളാണ് അദ്ദേഹത്തിന്റെ ഗവേഷണ വിഷയം. വിഷന്‍ 2016 പ്രോജക്ട് വിശദമായി മനസ്സിലാക്കിയ ശേഷം അദ്ദേഹം പറഞ്ഞത്, ഏറ്റവും മികച്ചതും മാതൃകാ യോഗ്യവുമാണ് ഇത് എന്നാണ്.
വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ക്ക് ന്യൂദല്‍ഹിയിലെ ചേമ്പര്‍ ഓഫ് എജുക്കേഷനും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയും ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഈ വര്‍ഷം ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനാണ് ലഭിച്ചത്. രാജ്യത്തെ അമ്പതോളം എന്‍.ജി.ഒകളുമായി ചേര്‍ന്ന് 200 പ്രോജക്ടുകളാണ് ഫൗണ്ടേഷന്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതെല്ലാം ഉള്‍പ്പെടെ വിഷന്‍ 2016-ന്റെ മൊത്തം ഗുണഭോക്താക്കള്‍ എഴുപത് ലക്ഷത്തിലധികം വരും. ഉദാരമതികളുടെ അകമഴിഞ്ഞ സഹായവും പ്രതിബദ്ധതയുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ കഠിനാധ്വാനവുമാണ് സമകാലിക ഇന്ത്യന്‍ മുസ്‌ലിം ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ സമുദായ വികസന പ്രോജക്ടായി വിഷന്‍ 2016-നെ മാറ്റിയത്.
(ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ മുന്‍ പി.ആര്‍ ഡയറക്ടറാണ് ലേഖകന്‍. [email protected])
Comments