റമദാന്‍ പറഞ്ഞു തരാതിരിക്കില്ല
ഹാരിസ് എടവന
റമദാനില്‍
ആകാശമാകെ
ബര്‍ക്കത്തിന്റെ
മേലാപ്പിടും
കണ്ണീരിറ്റി വീണ
മുസല്ലകളൊക്കെ
ജന്നാത്തിലെ
പരവതാനികളാവും
കൈ അറിയാതെ
കൊടുക്കുന്നവന്റെ
കിത്താബിലേക്ക്
ലാഭത്തിന്റെ കണക്കുകള്‍
എഴുതിക്കൂട്ടും
മുപ്പതു ദിനങ്ങളൊന്നാകെ
കൈവിരലെണ്ണിതീരും പോലെ
തീര്‍ന്നുപോവും
ഇല്ലായ്മകളിലേക്ക്
കൈനിറയെ സമ്മാനവുമായി
വന്ന വിരുന്നുകാരാ
പിന്നെ നിനക്കായുള്ള
കാത്തിരിപ്പിലല്ലേ
ദുനിയാവും ഞാനും.
അഷ്‌റഫ് കാവില്‍
ഉടലിന്റെ ഉത്സവങ്ങളില്‍
നഷ്ടപ്പെട്ടുപോയതിനെക്കുറിച്ച്
ആത്മാവിനോടു ചോദിക്കൂ..
ഒരു ഭോജ്യം കൊണ്ടും
ആറാത്ത അതിന്റെ വിശപ്പ്
റമദാന്‍ പറഞ്ഞുതരാതിരിക്കില്ല!
അസീസ് മഞ്ഞിയില്‍
റമദാനിന്റെ
പകല്‍ കമ്പോളങ്ങളില്‍
കൊതിയൂറുന്ന കനികളും പഴങ്ങളും
കൈയെത്തും ദൂരത്തില്‍.
മനസ്സ് മേഞ്ഞു നിന്നത്
ഫിര്‍ദൗസെന്ന ജന്നത്തില്‍.
ജഡിക മോഹങ്ങളെ തൊട്ടുണര്‍ത്തുന്ന
സ്വരജതികളുടെ കിലുക്കം.
ജരാനരകളില്ലാത്ത സുരഭില സുന്ദര
ലോകത്തെന്‍ മനപ്പൊരുത്തം.
പുളഞ്ഞൊഴുകുന്ന നീരും നാരികളും
പടര്‍ന്നുണരുന്ന ദാഹവും മോഹവും
പിടഞ്ഞുവീണില്ലാ നീറ്റിലും ചേറ്റിലും
മധുമന്ദഹാസിനികള്‍ പാടീയുറക്കും
മലര്‍ മഞ്ചങ്ങളില്‍
കിനാക്കള്‍ കൊരുത്തു ഞാന്‍.
ഫവാസ് മാറഞ്ചേരി
മനസ്സിനെ
ബാധിച്ച
അര്‍ബുദത്തിന്
നാഥന്‍ നല്‍കുന്ന
കരിക്കല്‍ ചികിത്സ
- നോമ്പ്
ഫൈസല്‍ കൊച്ചി
ഇരുളും വെളിച്ചവും
തപ്പിത്തടഞ്ഞു നടക്കവെ
കാല്‍തട്ടിവീണു
മുറിവേല്‍ക്കുന്നു ഹൃദയം
കണ്‍കളില്‍ കുത്തിത്തറക്കും ഇരുട്ട്.
കൈകളില്‍ കറുത്തരക്തം
കാലുകള്‍
തൊണ്ടക്കുഴിക്കടുത്തെത്തുന്നു
പുഴുവരിക്കുന്നു ശരീരം
ആകാശമാലാഖ
നരകകവാടങ്ങള്‍
താഴിട്ടുപൂട്ടുന്ന ശബ്ദം
ചങ്ങലക്കിലുക്കം
ആര്‍ത്തട്ടഹാസം.
മാനത്തൊരു പിറ
ചെറുമഴ
മഞ്ഞുതുള്ളി
വരണ്ടുണങ്ങിയ മനസ്
തഴച്ചുവളരുന്നു
ഹരിതവനം പോല്‍
അടച്ചുപൂട്ടിയ ഹൃത്തടം
തുറന്ന ആകാശം പോലെ.
ബിജു വളയന്നൂര്‍
റമദാന്‍ പിറക്കുമ്പോള്‍
ഉള്ളിലെ നോവുകള്‍
കടലെടുക്കുന്നു.
കാലത്തിന്റെ
വെയിലും മഴയുമേറ്റ്
കറുത്തിരുണ്ട ഹൃദയം
വീണുടയുന്നു.
പൂക്കാതെ പോയ
മരങ്ങളില്‍ പൂവിരിയുന്നു.
അടുക്കളയില്ലാത്ത
വീടുകളില്‍ അടുപ്പെരിയുന്നു.
വെളിച്ചമില്ലാത്ത കണ്ണുകള്‍
വെളിച്ചം തേടുന്നു.
അശാന്തിയുടെ ആയുധങ്ങള്‍
തുരുമ്പെടുക്കുന്നു.
എത്ര കേട്ടാലും മതിവരാത്ത
ഒരു സ്‌നേഹഗാനം
ഉച്ചത്തില്‍ പാടുന്നു...
Comments