Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 02

റമദാന്‍ അറബി സാഹിത്യത്തില്‍

ഡോ. കെ.എ വഹാബ് എളമ്പിലാക്കോട്‌

എക്കാലത്തെയും സാമൂഹികാവസ്ഥകളുടെ നേര്‍ രേഖാചിത്രം കുറിച്ച് വെച്ചിട്ടുണ്ട് അറബി സാഹിത്യം. റമദാന്‍ അനുഭവങ്ങളും ഇതില്‍ നിന്നൊഴിവല്ല. റമദാനിന്റെ ആഗമനം, ചിട്ടവട്ടങ്ങള്‍, അന്തരാത്മാവ്, വിടവാങ്ങല്‍ തുടങ്ങി വിശുദ്ധ മാസത്തിന്റെ ഓരോ സ്പന്ദനവും അറബി സാഹിത്യം ഒപ്പിയെടുത്തിരിക്കുന്നു. ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ വര്‍ത്തമാന കാലം വരെ, റമദാന്‍ ഏറിയും കുറഞ്ഞും അറബി സാഹിത്യത്തില്‍ വിഷയീഭവിക്കുന്നു. ഇതില്‍ ഏറ്റവുമധികം പരാമര്‍ശമുള്ളത് കവിതയിലാണ്, പിന്നീട് നോവലിലും. രണ്ടിലേക്കുമുള്ള ചില സൂചനകളാണ് ഈ കുറിപ്പില്‍.

കവിതകളില്‍
പ്രവാചകന്റെ കാലത്തുതന്നെ റമദാന്‍ കവിതകളില്‍ ഇടം പിടിച്ചിരുന്നു. നബി തിരുമേനി പ്രത്യേകം ആദരിച്ച കവി കഅ്ബു ബ്‌നു മാലികിന്റെ വരികള്‍ ശ്രദ്ധിക്കുക:
ഞാനും എന്റെ കുടുംബവും സ്‌നേഹിതരുമാണ് സത്യം
പുണ്യാത്മക്കളായ ഭക്തരുടെ നോമ്പാണ് എന്റേത്
തുടര്‍ച്ചയായി ഈ നോമ്പ് ഞാനെടുക്കുകയാണെങ്കില്‍
അന്ത്യവിധിയിലേക്ക് നിന്റെ പ്രീതിക്ക് ഞാനര്‍ഹനാകും
ശത്രുക്കള്‍ ഒരിക്കലും മുഖം കുത്തി വീണിട്ടില്ല
പരിഭവത്തിനും പതിത്വത്തിനുമിടെ ഉഴറിയതുകൊണ്ടല്ലാതെ
രക്ഷിതാവ് ഉദ്ദേശിച്ചെങ്കില്‍ എനിക്ക് തുടര്‍ച്ചയായി
വര്‍ഷത്തില്‍ ഒരു മാസമല്ലാതെ, നോമ്പെടുക്കാമായിരുന്നു.
ഉമറുബ്‌നുല്‍ ഖത്വാബിന്റെ ഭരണത്തിന്റെ ആദ്യവര്‍ഷത്തെ റമദാനില്‍, ജനങ്ങളെ തറാവീഹിനുവേണ്ടി ഒരു ഇമാമിനു കീഴില്‍ അണിനിരത്തി. ജനം അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണത്തില്‍ ആകൃഷ്ടരാവുകയും ഭക്തമാനസരാവുകയും ചെയ്തു. ഈയവസ്ഥ ഒരു കവി വര്‍ണിച്ചതിപ്രകാരം:
വ്രതം വന്നു സകല നന്മകളും
ഖുര്‍ആന്‍ പാരായണവും സതുതി കീര്‍ത്തനങ്ങളും
വാചാകര്‍മണാ മനസ് പാകപ്പെടും
പകല്‍ നോമ്പും, രാത്രി തറാവീഹും കൊണ്ട്
ഹി. 40 റമദാന്‍ 13 ന് വെള്ളിയാഴ്ച രാവിലെയാണ് അബ്ദുര്‍റഹ്മാനുബ്‌നു മുല്‍ജിം, അലി(റ)യെ വധിച്ചത്. അറബി വ്യാകരണ ശാഖയുടെ ഉപജ്ഞാതാവായ അബുല്‍ അസ്‌വദുദ്ദുവലി ഇവ്വിഷയത്തില്‍ രചിച്ച വരികള്‍ ത്വബ്‌രി ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ ആരംഭം ഇങ്ങനെ:
നോമ്പ് മാസത്തിലാണോ ഞങ്ങളെ ദുഃഖിപ്പിക്കുന്നത്
വാഹനത്തിന്റെ നായകനെയാണ് നീ വധിച്ചത്
ഞങ്ങളില്‍ ഏറ്റവും ശ്രേഷ്ഠനായവനെ, അവിചാരിതമായി
വാഹനത്തില്‍ കയറിയവരെയും നീ മ്ലേഛരാക്കി
ഉമവീ കാലത്തെ കവികള്‍, വിശിഷ്യാ മദ്യാസക്തരായ കവികള്‍ വികൃതമായാണ് റമദാനിനെ കൈകാര്യം ചെയ്തത്. മതാചാരങ്ങളോടും സംസ്‌കാരത്തോടും അവര്‍ക്ക് പുഛഭാവമായിരുന്നു. അല്‍ഉഖൈശിര്‍ അല്‍അസദി എന്ന കവി മദ്യപിക്കാനായി ഹീറയില്‍ പോകാറുണ്ടായിരുന്നു. ഒരു റമദാന്‍ സമാഗതമായപ്പോള്‍ അമ്മാവന്റെ മകന്‍ ഉസൈദ് അത് വിലക്കിയിട്ട് പറഞ്ഞു: ഈ നിറം മാറ്റത്തിന്റെ കഥയെന്താ!? കവി മറുപടി നല്‍കി:
ഞാന്‍ നശിച്ചവനായി നീ കാണുന്നുണ്ടെങ്കില്‍ റമദാനും
ഉസൈദിന്റെ മതവുമാണ് എന്നെ നശിപ്പിച്ചത്
ഉമവി സാഹിത്യം റമദാനിന് അര്‍ഹമായ പരിഗണന നല്‍കുകയുണ്ടായില്ല. അക്കാലത്തെ മിക്ക കവികളും ഖലീഫമാരെ പുകഴ്ത്തിയും രാഷ്ട്രീയ കക്ഷികളെ സഹായിച്ചും കാര്യലാഭം നേടുന്നവരായിരുന്നു. ഭരണാധികാരികളുടെ വാതില്‍പ്പടിക്കല്‍ ഔദാര്യത്തിനുവേണ്ടി കാത്തുനില്‍ക്കുന്ന കവികളുടെ നീണ്ട നിര ഉമവി കാലത്തെ സ്ഥിരം കാഴ്ചയായിരുന്നു. റമദാനിനെ കുറിച്ച് മൂല്യവത്തായ കവിതകള്‍ രചിക്കുവാന്‍ അധികാരികള്‍ കവികള്‍ക്ക് പ്രോത്സാഹനം നല്‍കിയതുമില്ല. ഇക്കാലത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളാകാം ഇതിനൊരു കാരണം.

അബ്ബാസി കാലം
അബ്ബാസി കാലഘട്ടത്തിലെ ചിത്രം വ്യത്യസ്തമാണ്. സ്‌നേഹത്തിന്റെയോ വെറുപ്പിന്റെയോ ഭാഷയില്‍ ഒട്ടുമിക്ക കവികളും റമദാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രസിദ്ധ അബ്ബാസി കവി ബശ്ശാറുബ്‌നു ബുര്‍ദിന്റെ രണ്ട് വരി ഉദ്ധരിക്കാം (തടിമാടനായിരുന്ന അദ്ദേഹം നോമ്പു കാരണം മെലിഞ്ഞു എന്നു തോന്നിയപ്പോള്‍ എഴുതിയത്):
നോമ്പ് മാസത്തോട് ചോദിക്ക്: നീ എന്റെ
ശരീരം മെലിയിച്ചോ
മാസം കാണുംവരെയുള്ളൂ ഞങ്ങളുടെ സമയം
അതുവരെ ഞങ്ങളില്‍ നിനക്ക്
ചെയ്യാവുന്നതൊക്കെ ചെയ്‌തോ
ശവ്വാലില്‍ എന്താണ് സംഭവിക്കുന്നതെന്ന്
നിനക്ക് കാണാം!!
പ്രോജ്ജ്വലമായ വാക്കുകളില്‍ റമദാനിനെ ചിത്രീകരിച്ച കവികളും ഇക്കാലത്തുണ്ടായിട്ടുണ്ട്. ഇബ്‌നു ഹംദീസ് സ്വിഖ്‌ലി ഒരു ഉദാഹരണം. മാസപ്പിറവി സംബന്ധമായി അദ്ദേഹം പറഞ്ഞു.
മെലിഞ്ഞൊട്ടിയ കാമുകനെപ്പോലുള്ള
അമ്പിളിയെ ജനം കാത്തിരിക്കവെ ഞാനറിയിച്ചു
നോമ്പുകാരാ റമദാന്‍ പ്രകാശം കൊണ്ട്
ജനത്തിന് ആദ്യാക്ഷരം കുറിച്ചിരിക്കുന്നു
റമദാനമ്പിളിയും ഇബ്‌നു റശീഖിന്റെ അമ്പിളിയും
തമ്മിലെത്ര വ്യത്യാസം!!
സ്‌പെയിന്‍ കവി ഇബ്‌നു അത്വിയ്യ (ഹി 481-541) നോമ്പിന്റെ ആത്മാവ് ഇങ്ങനെ കുറിച്ചിട്ടു:
കേള്‍വിയില്‍ എനിക്ക് നിയന്ത്രണങ്ങളില്ലെങ്കില്‍
കണ്ണില്‍ ചിമ്മലും സംസാരത്തില്‍ അടക്കവുമില്ലെങ്കില്‍
എന്റെ നോമ്പില്‍ വിശപ്പും ദാഹവും മാത്രമേ ഉണ്ടാകൂ
ഞാന്‍ നോമ്പെടുത്തുവെന്ന് പറഞ്ഞാലും എടുത്തിട്ടില്ല.
മുസ്‌ലിം നാടുകളിലെ പള്ളികളിലും തെരുവുകളിലും വീടുകളിലുമൊക്കെ റമദാനില്‍ തിളങ്ങിക്കത്തുന്ന പാനീസ് വിളക്കിനെപ്പറ്റി, ഹിജ്‌റ 613-ല്‍ അന്തരിച്ച ഈജിപ്ഷ്യന്‍ കവി അലിയ്യുബ്‌നു ളാഫിര്‍:
ഒരു പാനീസ് നക്ഷത്രം പ്രഭ പരത്തുന്നു
അത്തരമൊരു നക്ഷത്രം ഇതുവരെ ഞാന്‍ കണ്ടിട്ടില്ല.
എന്നാലത് മറ്റു ഗോളങ്ങളെപ്പോലെ ചലിക്കുന്നില്ല
അത് മാഞ്ഞാല്‍ നോമ്പുകാരുടെ നോമ്പും തീരും.
റമദാന്‍ ആഗമനത്തോടനുബന്ധിച്ച് ഇമാം ശാഫിഈ(റ) ചൊല്ലിയ വരികള്‍ ബൈഹഖി 'മനാഖിബുശ്ശാഫിഇ'യില്‍ ചേര്‍ത്തിട്ടുണ്ട്. രോഗാതുരനായിരിക്കെ ഇമാം ശാഫിഈയെ (ആ രോഗത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്) പണ്ഡിതനായ മുസ്‌നി സന്ദര്‍ശിക്കാന്‍ ചെന്നു. ''ഗുരുവിന് എങ്ങനെയുണ്ട്?'' അദ്ദേഹം ചോദിച്ചു. ശാഫിഈ: ''ഞാന്‍ ഇഹലോകത്തുനിന്ന് യാത്ര തിരിക്കുകയാണ്, മരണചഷകം നുകരുകയാണ്, കര്‍മ ദൂഷ്യങ്ങള്‍ കാണാന്‍ പോവുകയാണ്.'' പിന്നെ ആകാശത്തേക്ക് കണ്ണയച്ച് ഇമാം ശാഫിഈ പറഞ്ഞു:
സൃഷ്ടികര്‍ത്താവേ നിന്നില്‍ എന്നഭിലാഷങ്ങള്‍
സമര്‍പ്പിക്കുന്നു
അനുഗ്രഹദാതാവേ-ഞാന്‍ കുറ്റവാളിയാണെങ്കില്‍
എന്‍ ഹൃദയം പരുഷമാവുകയും വീക്ഷണങ്ങള്‍
ഇടുങ്ങുകയും ചെയ്‌തെങ്കില്‍
നിന്റെ മാപ്പിലേക്കുള്ള കോണിയായി
പ്രതീക്ഷയെ വെക്കട്ടെ
എന്റെ തെറ്റുകള്‍ പെരുത്തു, അതു നിന്റെ മാപ്പുമായി
തുലനം ചെയ്തപ്പോള്‍ മാപ്പാണ് അതിമഹത്തരം
നീ എന്നോട് വിട്ടുവീഴ്ച ചെയ്യുന്നെങ്കില്‍
തെമ്മാടിയും ധിക്കാരിയുമായവനോടാണ്
നീ വിട്ടുവീഴ്ച കാണിക്കുന്നത്.
നീ എന്നോട് പ്രതികാരം ചെയ്യുന്നുവെങ്കില്‍
ഞാന്‍ നിരാശനല്ല
എന്റെ കുറ്റം കാരണം നരകത്തില്‍ പ്രവേശിപ്പിച്ചാലും
പ്രസിദ്ധ കവിയും കഥാകാരനുമായ മുസ്ത്വഫാ സ്വാദിഖുര്‍റാഫിഈ (1880-1937), കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും മാസത്തെ അളവറ്റ സ്‌നേഹത്തോടെ വരവേല്‍ക്കുന്നതിങ്ങനെ:
എല്ലാ വര്‍ഷവും ഞാന്‍ നിന്നെ സന്ദര്‍ശിക്കും
ശാന്തി-സമാധാനത്തോടെ എന്നും നീ വാഴട്ടെ
വെണ്‍മേഘം ഒഴുകിയെത്തും പോലെയാണ് നിന്റെ വരവ്
ശേഷം മേഘം തന്റെ അടയാളം അവശേഷിപ്പിക്കുന്നു.
ഞങ്ങള്‍ക്ക് നിന്നോട് എത്ര സ്‌നേഹമാണെന്നോ
അതിലേറെ പരിഗണനയും.
അള്‍ജീരിയന്‍ കവി മുഹമ്മദുല്‍ അഖ്ദര്‍ (1918-2005) റമദാന്‍ ചന്ദ്രക്കലയെ സ്വാഗതം ചെയ്യുന്നു.
ലോകത്ത് പ്രഭചൊരിയുക-പ്രിയപ്പെട്ട പ്രകാശമേ
ജനം അതിക്രമിച്ചിരിക്കുന്നു-രാവു പോലെ ഭീകരമാണവസ്ഥ
ഇരുട്ട് കട്ടപിടിച്ചിരിക്കുന്നു-തിരിച്ചറിയാന്‍ പറ്റാത്തവിധം
അല്ലാഹുവുമായുള്ള കരാറുകള്‍-ജനത്തെ ഓര്‍മിപ്പിക്കുക
നോമ്പിന്‍ ലക്ഷ്യം ഉല്‍ക്കര്‍ഷവും ഔന്നത്യവും തന്നെ
ഭൂമിയിലത് കാരുണ്യം നിറക്കും.
എണ്ണമറ്റ റമദാന്‍ കവിതകള്‍ രചിച്ചയാളാണ് വിഖ്യാത കവി അഹ്മദ് ശൗഖി. അദ്ദേഹത്തിന്റെ 'റമദാനിയ്യാത്തി'ലെ രണ്ടുവരികള്‍:
വിശുദ്ധ മാസത്തിലെ നോമ്പുകാരാ
ഏഷണി-പരദൂഷണങ്ങള്‍ പിടിച്ചുകെട്ടുക
പ്രതീക്ഷയുടെയും ഭയത്തിന്റെയും
നമസ്‌കാരം നിര്‍വഹിക്കുക
നോമ്പിനു മുമ്പ് എല്ലാ മ്ലേഛതയില്‍നിന്നും
മുക്തനാവുക.
മക്കയുടെ കവി, ഹിജാസിന്റെ തത്ത്വചിന്തകന്‍ എന്നിങ്ങനെ പ്രശസ്തനായ മുഹമ്മദ് ഹസന്‍ ഫഖീ (1914-2004) റമദാന്‍ അനുഭവം വശ്യമായ ശൈലിയില്‍ 'റമദാന്‍' എന്ന കവിതയില്‍ അവതരിപ്പിക്കുന്നു:
റമദാന്‍ എന്‍ ഹൃത്തടത്തില്‍ ഉണര്‍വിന്റെ മഴയാണ്,
അതിന്റെ തേജസ്സുറ്റ മുഖം കാണുമ്പോഴേക്കും
വായിലനുഭവിക്കുന്ന രുചിയാകട്ടെ
പച്ചപിടിച്ച സ്വര്‍ഗത്തിന്റെ ഗന്ധമാണ്
നീ വരുന്നെന്നവര്‍ പറഞ്ഞപ്പോഴേ വന്നു നീ
പുഞ്ചിരിയാല്‍ ഞങ്ങളെ ദര്‍ശിച്ചു, അഭിമാനത്തോടെയും
റമദാന്‍! എന്‍ ഹൃദയം നീ മൂടിയിരിക്കുന്നു
എന്‍ പ്രഭാതവും പ്രദോഷവും പ്രശോഭിതം തന്നെ
മനസ് പറയുന്നു: നീ എന്റെ ശിപാര്‍ശകന്‍
മറ്റൊരു സുഊദി കവി മുഹമ്മദുബ്‌നു അലി അസ്സനൂസി (ഹി. 1343-1407) റമദാന്‍ കവിത ആരംഭിക്കുന്നതിങ്ങനെ.
ശാന്തമനസ്സുകളുടെ പ്രതീക്ഷയായ റമദാന്‍!
മാനവര്‍ മാധുര്യം നുകരുന്ന അരുവീ!
പ്രാവിന്‍ കൂട്ടങ്ങളെപ്പോല്‍, സ്തുതിച്ചുകൊണ്ട്
ആത്മാവുകള്‍ നിന്നെ വലം വെക്കുന്നു
വിശ്വാസികള്‍ക്ക് നീ സ്വകാര്യ ഭാഷണം
നേര്‍മാര്‍ഗികള്‍ക്ക് വിവേക ദായകനും
നോമ്പുകാര്‍ ഭക്ത്യാദരവുകളോടെ ബാങ്കൊലി ശ്രദ്ധിക്കുന്ന ദൃശ്യം ഈജിപ്ഷ്യന്‍ കവി മഹ്മൂദ് ഹസന്‍ ഇസ്മാഈല്‍ (1910-1977) വര്‍ണിക്കുന്നു:
അപരിചിത സമയത്ത് നീ ജനങ്ങളെ
നിന്റെ വിളിക്ക് കാതോര്‍ക്കുന്ന അനുയായികളാക്കി
ബാങ്കിനവര്‍ കാതോര്‍ക്കുന്നത്
മുറിവേറ്റവന്‍ വൈദ്യനെ കാത്തിരിക്കുംപോലെ
നീ അവരെ തല പുറത്തേക്ക് നീട്ടിയിട്ടു
അവര്‍ അപരിചിത ദേശത്തെ സഞ്ചാരികളെപ്പോലെയായി
സുഊദി കവി ഹുസൈന്‍ അറബ് (1919-2002) വിശ്വാസി ലോകത്ത് റമദാന്‍ സൃഷ്ടിക്കുന്ന സ്വാധീനവും ചലനാത്മകതയും വിവരിക്കുന്നു:
റമദാന്‍, നീ ലോകങ്ങളുടെ സന്തോഷമാണ്
പ്രപഞ്ചങ്ങളും പ്രവിശ്യകളും നിന്നാല്‍ പുളകിതമായി
വിണ്ണില്‍ നിന്‍തിളങ്ങും നക്ഷത്രം
വിശ്വാസി മനസ്സുകളില്‍ നിനക്കുന്നത സ്ഥാനം
സത്യത്തിന്റെ ജ്വാല തെളിക്കുന്ന പ്രകാശമേ
ഹൃദയങ്ങള്‍ നിന്നാല്‍ പ്രകമ്പിതമാകും
അധിക നോമ്പുകാരും നോമ്പ് തുറന്ന ശേഷം പലവിധ ഭക്ഷണങ്ങളും കഴിക്കും. അതാവട്ടെ മറ്റവസരങ്ങളില്‍ കഴിക്കുന്നതിന്റെ എത്രയോ ഇരട്ടിയായിരിക്കും. അമിത ഭക്ഷണം കഴിക്കുന്നവരെ വര്‍ണിക്കുകയാണ് പ്രഗത്ഭ ആധുനിക വിപ്ലവ കവി മഅ്‌റൂഫുര്‍റുസ്വാഫി (1875-1945):
മാനവരില്‍ പരമവിഡ്ഢി അത്യാഹാരിയാണ്
എടുത്ത്ചാട്ടം കൊണ്ട് അവന്റെ വയര്‍ തകരും
വര്‍ഷം മുഴുവന്‍ നോമ്പെടുക്കാന്‍ സാധിച്ചാല്‍
എന്റെ പതിവ് അതാകും
എന്നാലൊരു ജനതയുടെ നോമ്പ് ഞാന്‍ നോല്‍ക്കില്ല
നോമ്പുതുറയില്‍ ധാരാളിത്തം കാണിക്കുന്ന
പകലായാല്‍ അവര്‍ വിശന്ന് ചുരുണ്ട്കൂടും
ഇരുട്ടിയെങ്കിലെന്ന് ആഗ്രഹിച്ചുകൊണ്ട്
അവര്‍ സ്വയം പറയും: പകലേ
നീ ഞങ്ങളെ വിശപ്പിലാക്കിയാല്‍
രാത്രി ഞങ്ങള്‍ പ്രതികാരം ചെയ്യും
കവിഞ്ഞുണ്ട് ഉറങ്ങിക്കോളൂ
ഏമ്പക്കം വിട്ടു ഉറങ്ങുന്നവര്‍!!
പറയൂ: നോമ്പുകാര്‍ക്ക് ഫര്‍ദുകള്‍ ചെയ്യാനുണ്ട്
ഇങ്ങനെയാണോ നോമ്പിന്റെ ഫര്‍ദെടുക്കുന്നത്!

നോവലുകളില്‍
ഏതൊരു നോവലിസ്റ്റിനും താന്‍ ജീവിക്കുന്ന അവസ്ഥയും കാലവും പരിഗണിക്കാതെ സാഹിത്യസൃഷ്ടി നടത്താന്‍ കഴിയില്ല. മാറിമാറി വരുന്ന ആഘോഷങ്ങളും രാഷ്ട്രീയവും മതപരവുമായ സാഹചര്യങ്ങളുമൊക്കെ രചനക്ക് വിഷയമാകുന്നത് സ്വാഭാവികം. ഇത്തരത്തില്‍ റമദാന്‍ ആസ്പദമാക്കി എഴുതപ്പെട്ട നോവലുകളാണ് ഖാന്‍ അല്‍ ഖലീലി, മദ്ദുല്‍ മൗജ്, അര്‍റഹീന, ഫീ ബൈതിനാ റജുലുന്‍ എന്നിവ.
ഇഹ്‌സാന്‍ അബ്ദുല്‍ ഖുദ്ദൂസ് റമദാന്‍ പശ്ചാത്തലമാക്കി രചിച്ച നോവലാണ് 'ഫീ ബൈതിനാ റജുലുന്‍.' വിഖ്യാത നോവലിസ്റ്റ് നജീബ് മഹ്ഫൂസിന്റെ ഖാന്‍ അല്‍ഖലീലില്‍ ഒരു കഥാപാത്രം പോലെ റമദാന്‍ കടന്നുവരികയാണ്. നോവലിലെ മിക്ക സംഭവങ്ങളെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള കൈമാറ്റങ്ങളെയും സ്ഥലകാലബന്ധങ്ങളെയുമെല്ലാം കൂട്ടിച്ചേര്‍ക്കുന്നത് റമദാനാണ്. രണ്ടാം ലോക യുദ്ധകാലത്തെ കയ്‌റോ നഗരത്തിലെ റമദാന്‍ കാലമാണ് നോവലിലെ സമയം.
യമനി കഥാകാരനായ മുത്വീഅ് ദിമാജ് ആണ് 'അര്‍റഹീന'യുടെ കര്‍ത്താവ്. 1940 കളില്‍ യമനിലെ റമദാന്‍ ദിനങ്ങളാണ് ഇതില്‍ ചിത്രീകരിക്കപ്പെടുന്നത്. ദരിദ്രരുടെയും സൈനികരുടെയും നേതാക്കളുടെയും റമദാന്‍ ആചരണത്തിലെ രീതി വ്യത്യാസങ്ങള്‍ ആഖ്യാനത്തില്‍ തെളിഞ്ഞ്‌വരുന്നു.
ഈജിപ്ഷ്യന്‍ നോവലിസ്റ്റ് മുഹമ്മദ് ജിബ്‌രീലിന്റെ സൃഷ്ടിയാണ് മദ്ദുല്‍ മൗജ്. കഥാകൃത്ത് തന്റെ ബാല്യകാല റമദാന്‍ സ്മരണകള്‍ വീണ്ടെടുക്കുകയാണിതില്‍. നാല്‍പതുകളില്‍ അലക്‌സാണ്ട്രിയയിലെ കുട്ടികള്‍ക്ക് റമദാന്‍ മാസത്തില്‍ കളിക്കാന്‍ സമയം കുറവായിരുന്നു. കാരണം പാനീസ് വിളക്കുകള്‍ എടുത്ത് നടക്കേണ്ട ചുമതല അവര്‍ക്കായിരുന്നു. അക്കാലത്തെ മാസപ്പിറവിയെക്കുറിച്ച് നോവലിസ്റ്റ്:
''മാസപ്പിറയുടെ സായാഹ്നമായി. സൂര്യാസ്തമയ ശേഷം ജനങ്ങള്‍ പരസ്പരം പിറവി അന്വേഷിക്കുകയാണ്. ഇശായോടു കൂടി മസ്ജിദുല്‍ ഹുസൈനിന്റെ മിനാരത്തില്‍നിന്ന് പിറവിയുടെ അറിയിപ്പുണ്ടായി. പീരങ്കിവെടി പൊട്ടി. മിന്നാമിനുങ്ങിന്റെ വെളിച്ചം വിതറി, മിനാരങ്ങള്‍ വിളക്കുകളാല്‍ അലംകൃതമായി. തുടര്‍ന്ന് 'ഖാദി നോമ്പുറപ്പിച്ചിരിക്കുന്നു' എന്നറിയിച്ച്, ചെണ്ട കൊട്ടുന്ന സംഘങ്ങള്‍ ചേരിയിലും പരിസരത്തും ചുറ്റിക്കറങ്ങും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ദീര്‍ഘനേരം ഉച്ചത്തില്‍ വിളിച്ച് കൂവും. കാറ്റടിച്ചു വീശുംപോലെ റോഡുകളില്‍ സന്തോഷം നിറയും.''
(എറണാകുളം മഹാരാജാസ് കോളേജ് അധ്യാപകനാണ് ലേഖകന്‍)
അവലംബം:
1) മുസ്ത്വഫാ സ്വാദിഖുര്‍റാഫിഇ-വഹ്‌യുല്‍ ഖലം
2) അഹ്മദ് ഹസന്‍ സയ്യാത്-താരീഖുല്‍ അദബില്‍ അറബി
3) വിവിധ അറബി സൈറ്റുകള്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 107-110
എ.വൈ.ആര്‍