Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 02

നോമ്പുകാലത്തെ ഉത്തരേന്ത്യന്‍ കാഴ്ചകള്‍

പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍

ആദ്യമായി ദല്‍ഹി സന്ദര്‍ശിക്കുന്നത് 1975-ല്‍ അടിയന്തരാവസ്ഥ കാലത്താണ്. ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടിരിക്കുകയാണ്. ദല്‍ഹി ജുമാ മസ്ജിദ് സമീപത്തെ ചിത്‌ലി ഖബറിലാണ് അന്ന് ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മിക്ക നേതാക്കളും ജയിലിലായതിനാല്‍ ഓഫീസ് കാലിയാണ്. ജമാഅത്തെ ഇസ്‌ലാമി അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബ് അന്ന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല. അദ്ദേഹത്തെ സന്ദര്‍ശിക്കാനാണ് ഓഫീസിലെത്തിയത്. റമദാന്‍ മാസമായിരുന്നു. അമീറിന്റെ കൂടെ രണ്ട് മൂന്നാളുകള്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. നോമ്പുതുറ സമയമടുത്തപ്പോള്‍ ഞങ്ങള്‍ യാത്ര പറഞ്ഞ് പുറത്തിറങ്ങാന്‍ ശ്രമിച്ചു. നോമ്പ് തുറന്നിട്ട് പോവാമെന്ന് പറഞ്ഞ് അമീര്‍ ഞങ്ങളെ ഇഫ്ത്വാറിന് ക്ഷണിച്ചു. പച്ചവെള്ളം കുടിച്ച് നോമ്പു തുറന്നു, നമസ്‌കാരം നിര്‍വഹിച്ചു. പിന്നീട് ഭക്ഷണത്തിനിരുന്നു. ഉണങ്ങിയ ഗോതമ്പിന്റെ ഓരോ റൊട്ടിയും പരിപ്പ് വേവിച്ചതും. എല്ലാവരും ഒരുമിച്ചിരുന്നു അത് കഴിച്ചു. അന്നത്തെ അവസ്ഥയില്‍ അതിനേക്കാള്‍ മികച്ച ഭക്ഷണം കിട്ടാന്‍ പ്രയാസമായിരുന്നു. മുഹമ്മദ് യൂസുഫ് സാഹിബടക്കമുള്ളവര്‍ക്കുള്ള നോമ്പുതുറ വിഭവം കണ്ട് എനിക്ക് സങ്കടം വന്നു. പകല്‍ മുഴുവന്‍ പട്ടിണിയിരുന്നിട്ട് മറ്റൊന്നും കിട്ടാത്തതുകൊണ്ടാണല്ലോ അമീറടക്കം അത് കഴിക്കുന്നത്. ഇതാണ് എന്റെ ആദ്യത്തെ ഉത്തരേന്ത്യന്‍ നോമ്പനുഭവം.
ജമാഅത്ത് ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ജുമാ മസ്ജിദിന്റെ പരിസരത്ത് മറ്റൊരു ദയനീയ കാഴ്ച കണ്ടത്. എല്ലാ ഹോട്ടലുകള്‍ക്ക് മുമ്പിലും നിലത്ത് അമ്പതിലേറെ ആളുകള്‍ കുത്തിയിരിക്കുന്നു. നോമ്പുതുറക്ക് വേണ്ടിയാണവര്‍ മണിക്കൂറുകളായി കാത്തിരിക്കുന്നത്. ലഭിക്കുന്നതോ ഒരു റൊട്ടിയും അല്‍പം പരിപ്പ് വേവിച്ചതും. അതിനു വേണ്ടി മണിക്കൂറോളം കാത്തിരിക്കാന്‍ നിര്‍ബന്ധിതനാവുന്ന അവസ്ഥയെക്കുറിച്ച് ഒരു നിമിഷം ഞാനോര്‍ത്തു. മനുഷ്യന്‍ എന്ന സൃഷ്ടിയുടെ ആത്മാഭിമാനത്തിന്റെ ഒരംശം പോലുമുണ്ടെങ്കില്‍ സാധ്യമാവാത്തതാണ് ആ യാചന. നൂറുകണക്കിനാളുകളാണ് ഇങ്ങനെ ജുമാ മസ്ജിദിന്റെ പരിസരത്തെ ഹോട്ടലുകള്‍ക്ക് മുമ്പില്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി യാചിച്ചിരിക്കുന്നത്. കൂടെയുണ്ടായിരുന്ന ജ്യേഷ്ഠനോട് ഞാന്‍ ചോദിച്ചു: ''റമദാനില്‍ മാത്രമുള്ള പരിപാടിയാണോ ഇത്?'' നോമ്പിനും അല്ലാത്തപ്പോഴുമുള്ള ദല്‍ഹിയിലെ സര്‍വ സാധാരണ കാഴ്ചയാണിത്. വലിയ മുതലാളിമാര്‍ ഹോട്ടലില്‍ കുറച്ച് കാശ് കൊടുക്കും. ഹോട്ടലുകാര്‍ അവര്‍ക്ക് സൗകര്യപ്പെടുന്ന സമയത്ത് ഇങ്ങനെ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഒരു റൊട്ടിയും പരിപ്പ് വേവിച്ചതും കൊടുക്കും. ജ്യേഷ്ഠനത് വിവരിച്ചപ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ ദാരിദ്യത്തിന്റെ ചിത്രമാണ് മനസ്സിലേക്ക് വന്നത്. ഒരു ഷോക്കായാണ് എനിക്കത് അനുഭവപ്പെട്ടത്. നോമ്പുതുറക്ക് വേണ്ടി ഹോട്ടലുകള്‍ക്ക് മുമ്പില്‍ മണിക്കൂറുകളോളം ഒരു സമുദായം കാത്തുകെട്ടി നില്‍ക്കേണ്ട ഗതികേട് ലോകത്ത് വേറെയെവിടെയുമുണ്ടാവില്ല.
ദല്‍ഹിയിലെ ഇഫ്ത്വാറിന്റെ വേറൊരു ചിത്രവുമുണ്ട്. ദരിദ്രരെ ഒഴിവാക്കി സമുദായത്തിലെ സമ്പന്നര്‍ നടത്തുന്ന നോമ്പുതുറകളാണത്. പല മന്ത്രിമാരുടെയും നോമ്പുതുറകളില്‍ എനിക്ക് പങ്കെടുക്കേണ്ടിവന്നിട്ടുണ്ട്. അവിടെ കുപ്പയില്‍ കളയുന്ന ഭക്ഷണമുണ്ടെങ്കില്‍ ആയിരക്കണക്കിനാളുകളുടെ വിശപ്പടക്കാമായിരുന്നൂവെന്ന് അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. രാഷ്ട്രീയമായി മത്സരിച്ച് പാര്‍ട്ടികളും മന്ത്രിമാരും എം.പിമാരും ഇത്തരത്തിലുള്ള ഇഫ്ത്വാറുകള്‍ നടത്താറുണ്ട്. ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും ആഡംബരത്തിന്റെയും മേളകളാണത്. ഒരു വശത്ത് കടുത്ത ദാരിദ്ര്യവും മറുവശത്ത് അതിസമ്പന്നതയുടെ ധാരാളിത്തവും. ഈ രണ്ട് ചിത്രവും മനസ്സിനെ നൊമ്പരപ്പിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണ്.
ദല്‍ഹിയില്‍ വന്ന് വിഷന്‍ 2016-ന്റെയും ജമാഅത്തിന്റെയും ചുമതലകള്‍ ഏറ്റെടുത്തപ്പോള്‍ നേരിട്ട് കണ്ട ചിത്രങ്ങളാണ് പങ്കുവെക്കേണ്ട മറ്റു ഉത്തരേന്ത്യന്‍ അനുഭവങ്ങള്‍. വിഷന്റെ വ്യത്യസ്ത പ്രോജക്ടുകളുടെ ഭാഗമായി ഇന്ത്യയിലെ മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും സന്ദര്‍ശിക്കാനും അവിടത്തെ അവസ്ഥകള്‍ മനസ്സിലാക്കാനും അവസരം ലഭിച്ചിട്ടുണ്ട്. അത്തരം ഒരുപാട് അനുഭവങ്ങളുണ്ട്. അതിലൊന്നാണ് കശ്മീരിലേത്. 2005-ല്‍ നോര്‍ത്ത് ഇന്ത്യയില്‍ വലിയ ഭൂകമ്പമുണ്ടായി. ദുരിതം ഏറ്റവുമധികം ബാധിച്ചത് കശ്മീരിനെയായിരുന്നു. ആയിരങ്ങളാണവിടെ മരിച്ചത്. അനേകം വീടുകള്‍ തകര്‍ന്നു. കൃഷി നശിച്ചു. ഭൂകമ്പം നടന്ന് മൂന്ന് ദിവസത്തിനു ശേഷം റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കശ്മീരിലെത്തിയത്. അത് റമദാന്‍ മാസമായിരുന്നു. കശ്മീരിലെ ഏറ്റവും ഉയരം കൂടിയ പര്‍വത ഭാഗത്തായിരുന്നു ഒരു റിലീഫ് ക്യാമ്പുണ്ടായിരുന്നത്. അവിടെക്കുള്ള ഭക്ഷണ സാധനങ്ങളുമായി ഒരു ലോറിയില്‍ ഞങ്ങള്‍ യാത്ര തിരിച്ചു. കുറെ മുന്നോട്ട് ചെന്നപ്പോള്‍ ഭൂകമ്പത്തിന്റെ ഭാഗമായി തകര്‍ന്നുകിടക്കുന്ന സ്ഥലത്ത് പൊളിഞ്ഞ ഒരു കൂര കണ്ടു. നോമ്പു തുറക്കാനുള്ള സമയമടുത്തിരുന്നു. വണ്ടി അവിടെ നിര്‍ത്തി. പൊളിഞ്ഞ വീടിന് പുറത്ത് ഒരു വൃദ്ധയായ സ്ത്രീ അടുപ്പില്‍ എന്തോ കത്തിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളവിടെ ചെന്ന് സ്വയം പരിചയപ്പെടുത്തി. 'ദുരന്തമറിഞ്ഞ് ദല്‍ഹിയില്‍ നിന്ന് വന്നവരാണ്. എന്താണിവിടെ ആവശ്യമുള്ളത്?' 'നിങ്ങള്‍ക്കിന്നിവിടെ തങ്ങാം. നോമ്പുതുറയും ഇവിടെയാവാം.' ആ വാക്കുകള്‍ കേട്ട് ഞാന്‍ അത്ഭുതപ്പെട്ടു. അവര്‍ക്ക് തന്നെ കിടക്കാന്‍ സ്ഥലമില്ലാതിരുന്നിട്ടു പോലും അപരിചിതരായ ഞങ്ങളെ സല്‍ക്കരിക്കുന്നു. കശ്മീരികളുടെ അതിഥി സല്‍ക്കാരത്തിന്റെയും സ്‌നേഹത്തിന്റെയും നേര്‍ ചിത്രമാണിത്.
മറ്റൊരു ദിവസത്തെ യാത്രയില്‍ വഴിയില്‍ വെച്ച് വണ്ടി ബ്രേക്ക് ഡൗണായി. രണ്ട് ടയറുകള്‍ പഞ്ചറായി. തൊട്ടടുത്തൊരു പട്ടണമുണ്ട്. അവിടെ ടയര്‍ നന്നാക്കാന്‍ സൗകര്യമുണ്ടാവുമെന്ന് പ്രതീക്ഷിച്ച് ഞങ്ങള്‍ വണ്ടി അവിടെ ഉപേക്ഷിച്ച് മുന്നോട്ട് നടന്നു. ഇരുട്ട് പരക്കാന്‍ തുടങ്ങിയിരുന്നു. നോമ്പ് തുറ സമയമടുക്കുന്നു. വളന്റിയര്‍മാരും ഡ്രൈവറുമടക്കം ഞങ്ങള്‍ എട്ടു പേരുണ്ട്. ടൗണിലെ പള്ളിയിലെത്തിയപ്പോഴേക്കും ബാങ്ക് വിളി കഴിഞ്ഞ് നമസ്‌കാരം തുടങ്ങിയിരുന്നു. വെള്ളം കുടിച്ച് നോമ്പ് തുറന്ന് ഞങ്ങള്‍ നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നു. സലാം വീട്ടിയപ്പോള്‍ പള്ളിയിലുള്ളവരെല്ലാം ഞങ്ങള്‍ക്ക് ചുറ്റും കൂടി. എവിടെ നിന്നാണെന്നന്വേഷിച്ചു. വിവരമറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഞങ്ങളെ അതിഥികളായി കിട്ടണം. 'ഇന്ന് രാത്രി എന്റെ വീട്ടില്‍' എന്ന് പറഞ്ഞ് ഓരോരുത്തരും അവരുടെ വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിച്ചു. എട്ടു പേര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും വേണം. അതൊന്നും അവര്‍ക്ക് ഒരു പ്രശ്‌നമേ ആയിരുന്നില്ല. ഒടുവില്‍ ഒരാളുടെ ആതിഥേയത്വം സ്വീകരിച്ച് എട്ടു പേരും അദ്ദേഹത്തിന്റെ വീട്ടിലെത്തി. അന്ന് അവിടെ നിന്ന് ലഭിച്ച അസാധാരണമായ സല്‍ക്കാരം ഇന്നും ഓര്‍മയിലുണ്ട്.
പല സന്ദര്‍ഭങ്ങളിലായി മിക്ക സംസ്ഥാനങ്ങളും സന്ദര്‍ശിച്ചപ്പോള്‍ ഒരു വസ്തുത തിരിച്ചറിഞ്ഞു; ദല്‍ഹിയിലെ ചിത്‌ലി ഖബറിന്റെ മറ്റൊരു പതിപ്പാണ് എല്ലായിടത്തെയും മുസ്‌ലിം സാധാരണക്കാരന്റെ ജീവിതം. ഈ അനുഭവങ്ങളെല്ലാം വിഷന്‍ 2016-ന്റെ പദ്ധതികളുമായി ചേര്‍ത്തുവെച്ചു. അങ്ങനെയാണ് ദല്‍ഹിയിലെ റിക്ഷാ വലിക്കാര്‍ക്ക് വേണ്ടി വിഷന്‍ 2016 വിപുലമായ നോമ്പുതുറ സംഘടിപ്പിച്ചത്. നോമ്പുതുറക്ക് സുഭിക്ഷമായ ഭക്ഷണവും ഒരു ജോടി വസ്ത്രമടങ്ങിയ കിറ്റുമാണ് നല്‍കിയത്. അഞ്ഞൂറിലധികം പേര്‍ അതില്‍ പങ്കെടുത്തു. സന്തോഷത്തോടെ പിരിഞ്ഞുപോകുന്ന അവരിലൊരാളെ ഞാന്‍ വിളിച്ചു രഹസ്യമായി ചോദിച്ചു, നിങ്ങള്‍ നോമ്പെടുത്തിട്ടുണ്ടോ? അയാള്‍ പറഞ്ഞു: 'ഇല്ല. എനിക്കതിന് കഴിയില്ല. രാവിലെ ഒമ്പത് മണിക്ക് ഇറങ്ങിയാല്‍ രാത്രി പന്ത്രണ്ടു മണി വരെ ആളുകളെ വഹിച്ച് റിക്ഷ വലിക്കണം. നോമ്പെടുത്ത് ഈ പണി ചെയ്യാന്‍ സാധിക്കില്ല.'
നോമ്പ് റിക്ഷാ തൊഴിലാളികള്‍ക്കിടയില്‍ കുറവാണ്. അവര്‍ക്കതിന് കഴിയില്ല. അത്രമാത്രം ദാരിദ്ര്യത്തിലാണവര്‍. രാത്രിയിരുളുന്നത് വരെ റിക്ഷ വലിച്ചാല്‍ നൂറോ നൂറ്റമ്പതോ രൂപ കിട്ടിയാല്‍ ആയി. ദല്‍ഹിയിലെ ഈ നോമ്പുതുറക്ക് ശേഷം മിക്ക സംസ്ഥാനങ്ങളിലും വിഷന്‍ അത്തരം പരിപാടികള്‍ സ്ഥിരമാക്കി. അതിന്റെ ഭാഗമാണ് ഇഫ്ത്വാര്‍ കിറ്റുകള്‍. ഒരു ലക്ഷത്തോളം പേര്‍ക്കാണ് ഈ വര്‍ഷം കിറ്റ് നല്‍കിയത്. അടുത്ത വര്‍ഷം എല്ലാവരുടെയും പിന്തുണയാല്‍ (പ്രത്യേകിച്ച് കേരളീയരുടെ) അതിനെക്കാള്‍ കൂടുതല്‍ നല്‍കണമെന്നാണ് വിഷന്‍ ആഗ്രഹിക്കുന്നത്. എല്ലാ ഭാഗത്തു നിന്നും മികച്ച പിന്തുണയാണ് വിഷന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു കുടുംബത്തിന് റമദാന്‍ മാസം മുഴുവന്‍ കഴിയാനുള്ള വിഭവമാണ് ഇഫ്ത്വാര്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂവായിരം രൂപയാണ് ഇതിന് ചെലവ് കണക്കാക്കിയിരിക്കുന്നത്. ദിവസം മൂവായിരം രൂപ കുടുംബച്ചെലവ് വരുന്ന മലയാളികള്‍ക്കിത് സങ്കല്‍പിക്കാന്‍ പോലും പ്രയാസമായിരിക്കും. കിറ്റ് ലഭിക്കുന്നവര്‍ സംതൃപ്തരും സന്തോഷവാന്മാരുമാണ്. അവര്‍ നന്ദിപൂര്‍വം അത് ഓര്‍ക്കുകയും ചെയ്യുന്നു. ഉദുഹിയ്യത്തിന്റെ വിതരണത്തിലും ഇതേ അനുഭവമാണ് വിഷന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുള്ളത്. കാലങ്ങളായി മാംസം കഴിച്ചിട്ടില്ലാത്ത വീടുകളിലേക്കാണ് വിഷന്‍ ഉദുഹിയ്യത്തിന്റെ കിറ്റുകള്‍ എത്തിച്ചുകൊടുത്തത്. ഇത്തരം കിറ്റ് വിതരണങ്ങളില്‍ ഒരുങ്ങുന്നതല്ല വിഷന്റെ പ്രവര്‍ത്തനം. റമദാന്‍ അനുഭവം പങ്കുവെച്ചപ്പോള്‍ അത് പ്രത്യേകമായി പരാമര്‍ശിച്ചുവെന്ന് മാത്രം.
സങ്കല്‍പിക്കാന്‍ കഴിയാത്തത്ര ദയനീയമാണ് ഉത്തരേന്ത്യയിലെ സാധാരണ മുസ്‌ലിമിന്റെ ജീവിതാവസ്ഥ. അവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലുമില്ല. സാംസ്‌കാരികവും സാമൂഹികവുമായി അവര്‍ പിന്നാക്കം നില്‍ക്കുന്നു. ഇതിനെല്ലാം പുറമെ പോലീസ് ഏതു നിമിഷവും വന്ന് യുവാക്കളെ പിടിച്ചുകൊണ്ടുപോകുന്ന ഭരണകൂട ഭീകരത സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും. സ്വന്തമായി റേഷന്‍ കാര്‍ഡോ പാസ്‌പോര്‍ട്ടോ അടക്കം ഒരു ഡോക്യുമെന്റും ഇല്ലാത്തവരാണ് അനേകായിരങ്ങള്‍. അവരെ ആട്ടിയിറക്കാന്‍ വെമ്പുന്ന ഛിദ്രശക്തികള്‍ മറുവശത്ത്. ആസാമില്‍ ബോഡോകളും മിസോറോമില്‍ മിസോകളും ഉയര്‍ത്തുന്നത് ഇത്തരം ഭീഷണികളാണ്. താമസ രേഖകളും മറ്റും ഉള്ളവര്‍ക്കാകട്ടെ ജോലിയില്ല. രാപ്പകല്‍ തൊഴിലെടുക്കുന്നവര്‍ക്ക് ലഭിക്കുന്നത് തുഛമായ കൂലി. ഇത്തരമൊരവസ്ഥയില്‍ ഇഫ്ത്വാര്‍, ഉദുഹിയ്യത്ത് കിറ്റുകള്‍ കൊണ്ടോ ചില ചൊട്ടുവിദ്യകള്‍ വഴിയോ പരിഹരിക്കാവുന്നതല്ല ഇന്ത്യന്‍ മുസല്‍മാന്റെ വര്‍ത്തമാനാവസ്ഥ. ഈ തിരിച്ചറിവില്‍ നിന്നാണ് ബൃഹദ് പദ്ധതികളുമായി മൗലികമായ കാഴ്ചപ്പാടോടു കൂടി വിഷന്‍ 2016 നിലവില്‍ വന്നത്. വിദ്യാഭ്യാസം, ആരോഗ്യരക്ഷ, മൈക്രോഫിനാന്‍സ്, സ്ത്രീ ശാക്തീകരണം, മനുഷ്യാവകാശം, സംരംഭകത്വം, ദുരന്ത നിവാരണ പ്രവര്‍ത്തനം എന്നീ ആറ് സംരംഭങ്ങള്‍ക്കാണ് വിഷന്‍ നേതൃത്വം നല്‍കുന്നത്. ഒരു ജനതക്ക് സ്വന്തം കാലില്‍ നില്‍ക്കാനാവശ്യമായ സംരംഭങ്ങളാണ് വിഷന്‍ ലക്ഷ്യം വെക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി ആയിരക്കണക്കിന് വളന്റിയര്‍മാര്‍ ഇന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലുമുണ്ട്.
കഴിഞ്ഞ കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ തന്നെ വിദ്യാഭ്യാസ രംഗത്ത് അമ്പതോളം സ്‌കൂളുകള്‍ വിഷന്‍ ഏറ്റെടുത്തു സഹായിച്ചു. അഞ്ച് സ്‌കൂളുകള്‍ വിഷന്‍ നേരിട്ട് നടത്തുന്നു. വ്യാപകമായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. ഉത്തരേന്ത്യയിലെ മുഴുവന്‍ സ്‌കൂളുകളിലും പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും മെറിറ്റ് തെളിയിക്കുന്നവര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. ടീച്ചേഴ്‌സ് ട്രെയിനിംഗ് ഉള്‍പ്പെടെ വിദ്യാഭ്യാസപരമായ പദ്ധതികള്‍ക്കും ഇടപെടലുകള്‍ക്കും നേതൃത്വം നല്‍കുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങളും റിലീഫുമാണ് വിപുലമായി നടത്തുന്ന മറ്റൊരു പദ്ധതി. ഇക്കാലയളവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂകമ്പം, വെള്ളപ്പൊക്കം, തീപ്പിടുത്തം, മറ്റു പ്രകൃതി ദുരന്തങ്ങള്‍ എന്നിവ നാശം വിതച്ച സ്ഥലങ്ങളിലെല്ലാം റിലീഫ് - പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിഷന്‍ മുന്നിലുണ്ടായിരുന്നു. പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പാണ് ശ്രദ്ധേയമായ മറ്റൊരു കാല്‍വെപ്പ്. വിഷന്‍ നടത്തുന്ന മൂന്ന് കേസുകള്‍ ഇപ്പോള്‍ സുപ്രീം കോടതിയില്‍ ഉണ്ട്. മറ്റു സംസ്ഥാനങ്ങളിലെ കോടതികളില്‍ വേറെയുമുണ്ട്. ഈ രംഗത്ത് എന്ത് പുതിയ ഇഷ്യൂ ഉണ്ടായാലും അടിയന്തരമായി ഇടപെടാന്‍ സാധിക്കുന്ന ഒരു സംവിധാനം തന്നെ വിഷന്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. മനുഷ്യാവകാശ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും അതിന്റെ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ടതാണ് മറ്റൊരു മുന്നേറ്റം. സ്വന്തം കാലില്‍ നില്‍ക്കാന്‍ സാമ്പത്തിക സുസ്ഥിതിയുണ്ടാക്കലാണ് ആദ്യ ചവിട്ടുപടി. കേരളത്തില്‍ ഈയടുത്ത് നിലവില്‍ വന്ന 'സംഗമം' ഇത്തരം മൈക്രോ ഫിനാന്‍സ് സംരംഭങ്ങളില്‍ പെടുന്നു. മറ്റു സംസ്ഥാനങ്ങളിലും സമാനമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അടുത്ത തലമുറക്കെങ്കിലും വിദ്യാഭ്യാസവും സാമ്പത്തിക സ്വാശ്രയത്വവും നല്‍കി നിലവിലെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കാനാണ് വിഷന്‍ 2016 ശ്രമിക്കുന്നത്.
ഇന്ത്യന്‍ മുസ്‌ലിംകളുടെ ദയനീയാവസ്ഥയെക്കുറിച്ച സച്ചാര്‍ സമിതി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം കേരളത്തിലെ എല്ലാ സംഘടനകളും ഈ രംഗത്തേക്ക് കടന്നുവന്നു. വളരെ സന്തോഷകരമായ ഒരു അനുഭവമാണിത്. എല്ലാ സംഘടനകളും എത്ര മത്സരിച്ചാലും പരിഹരിക്കാനാകാത്ത വിധം അതിഭീകരമാണ് ഉത്തരേന്ത്യന്‍ മുസ്‌ലിമിന്റെ വര്‍ത്തമാനാവസ്ഥ. വിഷന്റെ ശ്രമം മൂലം അതിനല്‍പമെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കില്‍, അതിലേറ്റവും അഭിമാനിക്കാനര്‍ഹത കേരളീയര്‍ക്ക് തന്നെയാണ്. മലയാളികള്‍ ഈ രംഗത്ത് നല്‍കിയ സേവനം വിലമതിക്കാനാവാത്തതാണ്. വിഷന്റെ ഭാവി പദ്ധതികളുടെ മുഖ്യ പിന്തുണയും മലയാളികളില്‍നിന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. എല്ലാ അര്‍ഥത്തിലും വിഷനുമായി സഹകരിച്ചവര്‍ക്ക് സര്‍വശക്തന്റെ അനുഗ്രഹമുണ്ടാകട്ടെ എന്ന് ഈ പരിശുദ്ധ മാസത്തില്‍ പ്രാര്‍ഥിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 107-110
എ.വൈ.ആര്‍