Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 02

മ്യാന്മറിലെ 'ബുദ്ധഭീകരത'

അബ്ദുല്‍ ഹകീം നദ്‌വി / കുറിപ്പുകള്‍

ഭരണകൂടത്തിന്റെ പൂര്‍ണ ആശീര്‍വാദത്തോടെ മ്യാന്മറിലെ ബുദ്ധ തീവ്രവാദികള്‍ റോഹിങ്ക്യ മുസ്‌ലിംകള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ ശുദ്ധീകരണത്തെ 'ബുദ്ധ ഭീകരത' എന്ന് പരിചയപ്പെടുത്തുന്ന കവര്‍ സ്റ്റോറിയോടെയാണ് ടൈം മാഗസിന്‍ (ജൂലൈ 11) പുറത്തിറങ്ങിയത്. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഈ കൊടും ഭീകരതക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന ബുദ്ധ സന്യാസിയായ വിരാദുവിന്റെ ചിത്രമാണ് 'ദി ഫേസ് ഓഫ് ബുദ്ധിസ്റ്റ് ടെറര്‍' എന്ന തലക്കെട്ടിന് മീതെ കവര്‍ നിറഞ്ഞുനില്‍ക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന മ്യാന്മറിലെ ഈ കൊടും ക്രൂരത കണ്ടില്ലെന്നു നടിച്ച മാധ്യമ നിലപാടുകളുടെ നേരെ കൊഞ്ഞനം കുത്തുന്നതാണ് ടൈം വെളിപ്പെടുത്തലുകള്‍. കാലങ്ങളായി തുടരുന്ന അന്യായമായ വംശീയ ശുദ്ധീകരണത്തിനുനേരെ കണ്ണുചിമ്മിയ മാധ്യമസമീപനത്തിനുള്ള പ്രായശ്ചിത്തമായും വേണമെങ്കില്‍ ഈ ധീരതയെ വ്യാഖാനിക്കാം. നേരത്തെ അല്‍ജസീറ ചാനല്‍ മാത്രമാണ് കുറച്ചെങ്കിലും ഇവിടെ നടന്നുകൊണ്ടിരിക്കുന്ന കൊടും ക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വസ്തുനിഷ്ഠമായി പുറത്തുകൊണ്ടുവന്നത്. പിന്നീട് മ്യാന്മറില്‍ നിന്ന് രക്ഷപ്പെട്ടു മറ്റു നാടുകളില്‍ എത്തിപ്പെട്ടവര്‍ തയാറാക്കിയ വെബ് സൈറ്റുകളിലൂടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഴിയും യഥാര്‍ഥ വിവരങ്ങള്‍ ലഭ്യമാവുകയുണ്ടായി.
റോഹിങ്ക്യ മുസ്‌ലിംകള്‍ വംശീയശുദ്ധീകരണത്തിന്റെ പേരില്‍ അനുഭവിക്കുന്ന കൊടും ക്രൂരതകളിലേക്കും ആട്ടിയോടിക്കലിന്റെ ദുരന്തകഥകളിലേക്കും വെളിച്ചം വീശുന്ന വസ്തുതകള്‍ കൊണ്ട് സമ്പന്നമാണ് ടൈമിലെ ഉള്ളടക്കം. അഹിംസ മുഖ മുദ്രയാക്കി രൂപം കൊണ്ട ഒരു മതത്തിന്റെ അനുയായികള്‍ തങ്ങളുടെ മത ചിഹ്നങ്ങള്‍ അണിഞ്ഞുകൊണ്ട് തന്നെ നടത്തിയ കൂട്ടക്കൊലകളുടെയും വീടുകള്‍ ചുട്ടുചാമ്പലാക്കുന്നതിന്റെയും ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും ഉള്ളടങ്ങിയിരിക്കുന്നു അതില്‍. മനഃസാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ക്ക് ഞെട്ടലുളവാക്കുന്ന പീഡനപര്‍വങ്ങളാണ് ഒരു ജനത നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് അത് അടിവരയിടുന്നുണ്ട്. ഇതുവരെയും കണ്ണുതുറന്നിട്ടില്ലാത്ത അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാന്‍ ഈ വിശകലനം കാരണമായേക്കുമെന്നു പ്രത്യാശിക്കാം.
കച്ചിന്‍ പ്രവിശ്യയിലെ ക്രിസ്ത്യാനികള്‍, ഷാന്‍ പ്രവിശ്യയിലെ ന്യൂനപക്ഷ കര്‍ഷക ഗോത്രങ്ങള്‍, റാഖിനെ പ്രവിശ്യയിലെ റോഹിങ്ക്യ മുസ്‌ലിംകള്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ മ്യാന്മര്‍ ഭരണകൂടത്തിനും ഭൂരിപക്ഷ സമുദായമായ ബുദ്ധമതത്തെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ക്കും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാണ്. വന്‍കിട ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുടെ പേരില്‍ സ്വന്തം മണ്ണില്‍ നിന്നും നിഷ്‌കരുണം ആട്ടിയിറക്കപ്പെട്ടവരാണ് ഷാന്‍ പ്രവിശ്യയിലെ കര്‍ഷക ഗോത്രങ്ങള്‍. പ്രത്യേക രാജ്യം വേണമെന്ന വാദമുയര്‍ത്തി സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നവരാണ് കച്ചിനിലെ ക്രിസ്ത്യാനികള്‍. സ്വന്തമായി സായുധ ഗ്രൂപ്പുകള്‍ വരെ ഉണ്ടാക്കി സര്‍ക്കാറിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പോരാട്ടങ്ങള്‍ ഈ രണ്ട് വിഭാഗങ്ങളും നടത്താറുമുണ്ട്. എന്നാല്‍ വിഘടനവാദമുയര്‍ത്തുന്ന ഈ വിഭാഗങ്ങളോടുപോലും സ്വീകരിക്കാത്ത കൊടുംപ്രയോഗങ്ങളാണ് ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശമായ റാഖേന പ്രവിശ്യയില്‍ താമസിക്കുന്ന റോഹിങ്ക്യ മുസ്‌ലിംകള്‍ക്കെതിരെ അരങ്ങേറുന്നത്. ഭരണകൂട സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വിരാദു എന്ന ബുദ്ധ സന്യാസി നേതൃത്വം നല്‍കുന്ന 969 എന്ന അതിതീവ്രവാദ സംഘടനയും സമാനമായ വര്‍ഗീയ സംഘങ്ങളും പട്ടാളവും നടത്തിക്കൊണ്ടിരിക്കുന്ന കൊടും ഭീകരതകള്‍ ഇപ്പോഴും പൂര്‍ണമായി പുറംലോകം അറിഞ്ഞിട്ടില്ല.
റോഹിങ്ക്യാ മുസ്‌ലിംകള്‍ മ്യാന്മര്‍ പൗരന്മാരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. തീവ്രവാദപ്രവണതകളെ തള്ളിപ്പറയുന്ന അവര്‍ രാഷ്ട്രത്തിന്റെ നിയമപരിധിക്കകത്ത് ജീവിക്കാന്‍ തയാറാണ്. പക്ഷേ, ഭരണകൂടം അവരെ പൗരന്മാരായി അംഗീകരിക്കുന്നില്ല. താമസിക്കുന്ന വീടിനും ഭൂമിക്കും ആധാരമോ മറ്റു രേഖകളോ ഇല്ലാത്തതിനാല്‍ ഏത് നിമിഷവും അവയെല്ലാം അന്യാധീനപ്പെട്ടേക്കാം. അങ്ങനെ അന്യാധീനപ്പെട്ടതിന്റെ കഥകള്‍ എമ്പാടും അവര്‍ക്ക് പറയാനുമുണ്ട്. ഭരണകൂട ആവശ്യങ്ങളായ റോഡുകള്‍, വൈദ്യുതി നിലയങ്ങള്‍, റെയില്‍വെ തുടങ്ങിയവയുടെ നിര്‍മാണങ്ങള്‍ക്ക് റോഹിങ്ക്യാ മുസ്‌ലിം ചെറുപ്പക്കാരെ സൈന്യം പിടിച്ചു കൊണ്ടുപോവുകയും ആവശ്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നിത്യമാണ്. അര്‍ഹമായ യാതൊരുവിധ ആനുകൂല്യങ്ങളും നല്‍കുന്നില്ലെന്നു മാത്രമല്ല ന്യായമായ വേതനം പോലും നല്‍കാറില്ല. ചൈനയുടെ സഹായത്തോടെ നടക്കുന്ന നിരവധി പ്രോജക്ടുകളില്‍ എല്ലാ അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങളെയും നോക്കുകുത്തിയാക്കി ഇക്കൂട്ടര്‍ അടിമകളെപോലെ ഇന്നും പണിയെടുക്കുന്നുണ്ട്.
അടിസ്ഥാനപരമായി ഇവര്‍ കൃഷിക്കാരാണ്. എന്നാല്‍, ഭൂമി മുഴുവന്‍ സര്‍ക്കാറും ഭൂരിപക്ഷ സമുദായക്കാരായ ബുദ്ധവിഭാഗത്തില്‍ പെട്ടവരും പിടിച്ചടക്കിയത് കാരണം പാരമ്പര്യമായി തുടര്‍ന്നുപോന്ന കാര്‍ഷികവൃത്തി അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് മത്സ്യബന്ധനത്തിലേക്ക് തിരിഞ്ഞ അവരെ അതില്‍ നിന്നും ആസൂത്രിതമായി പുറന്തള്ളുകയാണ്. അവര്‍ പിടിച്ചു കൊണ്ടുവരുന്ന മത്സ്യത്തിന് കമ്പോളത്തില്‍ ന്യായമായ വില കിട്ടില്ല. 'തീവ്രവാദികളായ റോഹിങ്ക്യ മുസ്‌ലിംകള്‍ ചുമരുള്ള വീടുകളില്‍ താമസിക്കുന്നത് സുരക്ഷാ ഭീഷണിയാണ്' എന്ന ഭരണകൂട തിട്ടൂരമുള്ളതിനാല്‍ വെള്ളമോ വെളിച്ചമോ ഇല്ലാത്ത, ചുമരും സുരക്ഷിതമായ മേല്‍ക്കൂരയുമില്ലാത്ത ടെന്റുകളിലാണ് അഛനും അമ്മയും ഭാര്യയും ഭര്‍ത്താവും സഹോദരനും സഹോദരിയും എല്ലാം കഴിയുന്നത്.
ആറു കോടി ജനസംഖ്യയുള്ള മ്യാന്മറില്‍ 13.3 ലക്ഷമാണ് റോഹിങ്ക്യകളുടെ അംഗബലം എന്നാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്. അതില്‍ 10.8 ലക്ഷം പേരും താമസിക്കുന്നത് റാഖേന്‍ പ്രവിശ്യയിലാണ്. ഈ പ്രവിശ്യയില്‍ താമസിക്കുന്ന വെറും നാലായിരം പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ പൗരത്വം അനുവദിച്ചു നല്‍കിയിരിക്കുന്നത്. ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ എന്ന ഉമ്മാക്കി കാണിച്ചാണ് ഇവരുടെ പൗരാവകാശം നിഷേധിക്കുന്നത്. 1824 മുതല്‍ 1948 വരെയുള്ള കാലങ്ങളില്‍ ബംഗ്ലാദേശില്‍നിന്ന് അന്യായമായി കുടിയേറിപ്പാര്‍ത്തവരാണ് റോഹിങ്ക്യകള്‍ എന്നാണ് മ്യാന്മറിന്റെ എമിഗ്രേഷന്‍ വകുപ്പ് മന്ത്രി ഖീന്‍ യീ പറയുന്നത്. മ്യാന്മര്‍ പഴയ ബര്‍മയായിരുന്ന കാലത്ത് 1982-ല്‍ ആണ് നിലവിലെ പൗരാവകാശ നിയമം പ്രാബല്യത്തില്‍ വരുന്നത്. മത ജാതി പരിഗണനകളില്‍ മാത്രം തയാറാക്കിയ ഈ പൗരാവകാശ നിയമത്തിന്റെ പരിധിയില്‍ ബര്‍മയിലെ ചെറുതും വലുതുമായ സകല മത ജാതി വിഭാഗങ്ങളും ഉള്‍പ്പെട്ടപ്പോള്‍ റോഹിങ്ക്യകള്‍ മാത്രമാണ് പുറത്തായത്. 135 വിഭാഗങ്ങളെ ഉള്‍പ്പെടുത്തി അന്നുണ്ടാക്കിയ പൗരാവകാശ നിയമത്തില്‍നിന്ന് ഇവര്‍ ഒഴിവാക്കപ്പെടാനുള്ള ഏക കാരണം മുസ്‌ലിംകളായി എന്നത് മാത്രമായിരുന്നു. ജനാധിപത്യത്തിന്റെ കാവലാളായി വിശേഷിപ്പിക്കപ്പെടുന്ന സൂകിയുടെ പാര്‍ട്ടിയായ നാഷ്ണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ പിന്തുണയും ഈ പൗരാവകാശ നിഷേധത്തിനും വംശീയശുദ്ധീകരണ പ്രക്രിയക്കുമുണ്ടെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.
പടിഞ്ഞാറന്‍ ബര്‍മയില്‍ ആദ്യത്തെ റോഹിങ്ക്യാ സംഘം വന്നത് ഏഴാം നൂറ്റാണ്ടിലാണെന്നാണ് ചരിത്രം. അറബ് നാവികരുടെ പിന്മുറക്കാരാണ് ഇവരെന്നാണ് ചരിത്രപണ്ഡിതന്മാര്‍ പറയുന്നത്. ഈ സമൂഹം വളര്‍ന്ന് ഒരു രാജ്യമായി മാറി. 1700-കള്‍ വരെ ശക്തമായിരുന്ന ഈ രാജവംശം പിന്നീട് ബര്‍മീസ് രാജാവ് തകര്‍ത്ത് അധികാരം പിടിച്ചേതാടെയാണ് റോഹിങ്ക്യകളുടെ നിലനില്‍പ്പ് അപകടത്തിലാകുന്നത്. പിന്നീട് ബ്രിട്ടീഷ് അധിനിവേശ കാലത്തും സ്വതന്ത്ര ബര്‍മ പിറന്നപ്പോഴും റോഹിങ്ക്യകളെ ഉന്മൂലനം ചെയ്യാനുള്ള സംഘടിത ശ്രമങ്ങള്‍ നടന്നുകൊണ്ടിരുന്നു. ഈ ചരിത്ര സത്യത്തിന് നേരെ കണ്ണടക്കാനും ചരിത്ര രേഖകള്‍ വെളിച്ചം കാണാതിരിക്കാനുമുള്ള എല്ലാ ശ്രമവും ഭരണകൂടം നടത്തുന്നു. മ്യാന്മറിലെവിടെയും ഇത്തരം ചരിത്ര യാഥാര്‍ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു കടലാസു തുണ്ടു പോലും കിട്ടാന്‍ വഴിയില്ല.
2005-ല്‍ മ്യാന്മറിലെ റോഹിങ്ക്യാ മുസ്‌ലിംകള്‍ക്ക് മാത്രമായി വിചിത്രമായ പുതിയൊരു നിയമവും നിര്‍മിക്കപ്പെട്ടു. റോഹിങ്ക്യകളുടെ സന്താന നിയന്ത്രണം ലക്ഷ്യമാക്കിയാണ് പ്രസ്തുത നിയമം. രണ്ട് കുട്ടികളില്‍ കൂടുതല്‍ റോഹിങ്ക്യകള്‍ക്ക് പാടില്ല എന്നാണ് നിയമം. ലോകത്തൊരിടത്തും ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി ഇങ്ങനെ ഒരു നിയമം നിലവിലില്ലെന്ന് അന്താരാഷ്ട്ര സമൂഹം ചൂണ്ടിക്കാട്ടിയിട്ടും ഇന്നും ഈ കാട്ടുനീതി അഭംഗുരം തുടരുന്നു. മ്യാന്മര്‍ സര്‍ക്കാരോ പ്രവിശ്യാഭരണകൂടമോ ഉണ്ടാക്കിയ നിയമമല്ല ഇതെന്നും പ്രാദേശിക ഭരണകൂടം ഉണ്ടാക്കിയതാണെന്നുമുള്ള മുടന്തന്‍ ന്യായമാണ് ഇത് വിവാദമായപ്പോള്‍ എമിഗ്രേഷന്‍ മന്ത്രി ഉന്നയിച്ചത്. വാദത്തിനു വേണ്ടി ഇതംഗീകരിച്ചു കൊടുത്താല്‍ പോലും രാജ്യ താല്‍പര്യത്തിനു വിരുദ്ധമായി പ്രാദേശിക ഭരണകൂടം ചുട്ടെടുത്ത ഈ നിയമം പുനഃപരിശോധിക്കാന്‍ എന്തുകൊണ്ട് തയാറാകുന്നില്ല എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര മനുഷ്യാവകാശ ഏജന്‍സിയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ഉള്‍പ്പെടെ ഇടപെട്ടിട്ടും ഈ കരിനിയമം പിന്‍വലിക്കാന്‍ മ്യാന്മര്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
റോഹിങ്ക്യകളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്നുണ്ട്. സ്വന്തം മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും അവര്‍ക്കാകില്ല. സ്‌കൂളുകളില്‍ ചേര്‍ക്കണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. യാതൊരുവിധ രേഖകളുമില്ലാത്ത ഇവരുടെ മക്കളെ ഒരു സ്‌കൂളിലും പഠിപ്പിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം. വിവാഹം കഴിക്കണമെങ്കില്‍ സര്‍ക്കാര്‍ അനുമതി കിട്ടിയിരിക്കണം. വന്‍ സാമ്പത്തിക ശേഷിയുണ്ടെന്നു തെളിയിക്കുകയും പ്രത്യേക കഴിവും പരിശീലനവും സിദ്ധിച്ചിട്ടുണ്ടെന്ന് രേഖാമൂലം ബോധ്യപ്പെടുത്തുകയും ചെയ്‌തെങ്കില്‍ മാത്രമാണ് വിവാഹാ നുമതി ലഭിക്കുക. അതുമല്ലെങ്കില്‍ പിന്നെ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം നടത്തുക. റോഹിങ്ക്യകളായ മുസ്‌ലിം സ്ത്രീകളുടെ അവസ്ഥ അത്യന്തം ദുരന്തപൂര്‍ണമാണ്. അറാക്കാന്‍ ബുദ്ധ തീവ്രവാദികളും സൈന്യവും എപ്പോഴും ലക്ഷ്യമിടുന്നത് റോഹിങ്ക്യന്‍ സ്ത്രീകളെയാണ്. ഫറോവ തന്റെ നാട്ടില്‍ പിറക്കുന്ന ആണ്‍ കുഞ്ഞുങ്ങളെ കൊന്നുകളയുകയും പെണ്‍കുഞ്ഞുങ്ങളെ അപമാനിതരായി ജീവിക്കാന്‍ വിടുകയും ചെയ്തിരുന്നതിന്റെ നേര്‍തുടര്‍ച്ചയാണ് മ്യാന്മറില്‍ കാണാനാവുക. വീടുകള്‍ കൂട്ടത്തോടെ ചുട്ടുചാമ്പലാക്കുകയും സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചതിനുശേഷം ജീവച്ഛവങ്ങളായി ഉപേക്ഷിക്കുകയും ചെയ്യുന്നത് റാഖേന്‍ പ്രവിശ്യയിലെ സ്ഥിരം കാഴ്ചയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ടൈം മാഗസിന്‍ ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു നല്‍കുന്നത്.
രക്ഷയില്ലാതെയാണ് റോഹിങ്ക്യകള്‍ പലായനത്തിന് മുതിരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ പലായനം എന്നു വിശേഷിപ്പിക്കാവുന്നതാണ് ഇവരുടെ ഈ കൊടും സാഹസികമായ യാത്ര. യന്ത്രങ്ങളില്ലാത്ത വെറും സാധാരണ വള്ളങ്ങളിലുള്ള യാത്രകളിലധികവും കടല്‍ മധ്യത്തില്‍ ഒടുങ്ങുകയാണുണ്ടാവുക. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവര്‍ എന്ന പഴിയാണ് മ്യാന്മറില്‍ ഇവര്‍ക്കുള്ളതെങ്കില്‍ ബംഗ്ലാദേശിലേക്ക് പ്രവേശിക്കാന്‍ തന്നെ ഇവര്‍ക്കിപ്പോള്‍ അനുമതിയില്ല. നേരത്തെ പലായനം ചെയ്ത് എത്തിപ്പെട്ടവരെ പാര്‍പ്പിക്കുന്ന ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നരകയാതന അനുഭവിച്ചു കഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ യാതൊരു താല്‍പര്യവും ആ സര്‍ക്കാര്‍ കാണിക്കുന്നുമില്ല. പിന്നീട് തായ്‌ലന്റിലേക്കും മലേഷ്യയിലേക്കുമാണ് ഇവരുടെ യാത്ര. ഐക്യരാഷ്ട്ര സഭ ഇരു രാജ്യങ്ങള്‍ക്കും റോഹിങ്ക്യാ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ വന്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെങ്കിലും ഇവരോട് ക്രൂരമായ ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. തായ് തീരത്തെത്തുന്ന ഈ ജീവച്ഛവങ്ങളെ തീരസേന ക്രൂരമായി പീഡിപ്പിക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും കൈവശമുള്ളതെല്ലാം പിടിച്ചു വെച്ച് കടലിലേക്ക് തന്നെ തള്ളുകയും ചെയ്യുന്ന സംഭവങ്ങള്‍ നിത്യമാണ്.
ടൈം മാഗസിനില്‍ വന്ന വെളിപ്പെടുത്തലുകള്‍ക്കെതിരെ മ്യാന്മര്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുന്നു. അന്താരാഷ്ട്ര തലങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന ഈ വെളിപ്പെടുത്തലുകള്‍ മ്യാന്മര്‍ സര്‍ക്കാറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു എന്നത് തന്നെ വലിയ കാര്യമാണ്. 'ബുദ്ധ ഭീകരത' എന്ന പ്രയോഗം തീന്‍സീന്‍ സര്‍ക്കാറിനെയും ബുദ്ധ കേന്ദ്രങ്ങളെയും വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നു. മുസ്‌ലിം സമൂഹത്തെ ഒന്നടങ്കം ഭീകരവാദികളും തീവ്രവാദികളുമാക്കി ചിത്രീകരിക്കുന്ന സംഭവലോകത്ത് ഇത്തരം ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്ക് മുഴക്കം കൂടുക സ്വാഭാവികമാണ്. മ്യാന്മര്‍ സര്‍ക്കാറിന്റെയും ബുദ്ധഭീകരതയുടെയും ഉമ്മാക്കിക്കു മുമ്പില്‍ മുട്ടുമടക്കാതെ തങ്ങളുടെ നിലപാടില്‍ ടൈം മാഗസിന്‍ ഉറച്ചുനില്‍ക്കുമെന്നു പ്രത്യാശിക്കാം.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 107-110
എ.വൈ.ആര്‍