Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 02

ആദരിക്കപ്പെടുന്ന ശിരോവസ്ത്രം

പ്രതികരണം / രേഷ്മ കൊട്ടക്കാട്‌

1995-2001 വര്‍ഷങ്ങളിലായി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആളാണ് ഞാന്‍. കേരളത്തിലെ മൂന്ന് പ്രമുഖ യൂനിവേഴ്‌സിറ്റികള്‍ക്ക് കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളില്‍ ആറു വര്‍ഷം ഞാന്‍ പഠിച്ചിട്ടുണ്ട്. എന്‍ട്രന്‍സ് പരീക്ഷയിലെ ആദ്യ റാങ്കുകാര്‍ പഠിക്കുന്ന കോളേജുകളാണ് അവ. അക്കാലത്ത് ഇന്നത്തെപ്പോലെ ധാരാളം മുസ്‌ലിം പെണ്‍കുട്ടികള്‍ മത്സരപരീക്ഷകളില്‍ ജയിച്ചു വരാറില്ലായിരുന്നു. ഏറിയാല്‍ 10-12 ശതമാനമാണ് കാമ്പസിലെ മുസ്‌ലിം വിദ്യാര്‍ഥി പ്രാതിനിധ്യം.
മഫ്തയിട്ട മുസ്‌ലിം പെണ്‍കുട്ടികള്‍ എല്ലാ കാമ്പസുകളിലും എനിക്കൊപ്പം പഠിച്ചിട്ടുണ്ട്. അവരില്‍ ഭൂരിപക്ഷവും പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ളവരായിരുന്നു. അമുസ്‌ലിം കുട്ടികളില്‍ മിക്കവരും ഇസ്‌ലാമിനെക്കുറിച്ച് അജ്ഞരും തെറ്റിധാരണയുള്ളവരുമായിരുന്നു. ഞങ്ങള്‍ മതപരമായ ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ അതേക്കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കും. മഫ്തയും ബഹുഭാര്യത്വവുമൊക്കെ അവരുടെ സംശയങ്ങളിലെ പ്രധാന വിഷയങ്ങളായിരുന്നു. അതിന് യുക്തിപൂര്‍ണമായ വിശദീകരണങ്ങള്‍ നല്‍കുമ്പോള്‍ അവര്‍ അത്ഭുതത്തോടെ കേട്ടിരിക്കും. അതിനുശേഷമുള്ള അവരുടെ പെരുമാറ്റത്തില്‍ ഇസ്‌ലാമിനോട് അവര്‍ക്ക് ബഹുമാനമുള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്.
അന്ന് എല്ലാ കോളേജുകളിലും ഇത്തരം ചര്‍ച്ചകള്‍ നടക്കാറുണ്ടായിരുന്നു. ഞങ്ങളുടെ കാമ്പസില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് മുസ്‌ലിം ആണ്‍കുട്ടികളായിരുന്നു. ഇസ്‌ലാമിക വിഷയങ്ങളില്‍ പെണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ അറിവ് അന്നും ഇന്നും ആണ്‍കുട്ടികളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. അത്തരമൊരു യോഗ്യത ഉള്ളതുകൊണ്ടുതന്നെ, ഞങ്ങളുടെ കാമ്പസില്‍ ഈ വിധത്തിലുള്ള ചര്‍ച്ചകള്‍ നയിച്ചിരുന്നത് മുഖ്യമായും ആണ്‍കുട്ടികളായിരുന്നു. പ്രധാനമായും ഒന്നോ രണ്ടോ പേര്‍. മറ്റു ആണ്‍കുട്ടികളെക്കാളും പെണ്‍കുട്ടികളെക്കാളും അറിവും വിവേകവും പക്വതയും അവര്‍ കാണിച്ചിരുന്നതിനാല്‍, ഞങ്ങളെല്ലാവരും കാര്യങ്ങള്‍ അവരെയാണ് ഏല്‍പിച്ചിരുന്നത്. പലപ്പോഴും ഞങ്ങളുടെ സമ്മര്‍ദത്തിലായിരുന്നു അവര്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാമിന്റെ വിജയം മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അറിവുള്ളവര്‍ വിശദീകരണം നല്‍കുകതന്നെയാണ് അതിനുള്ള ശരിയായ വഴിയെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഇസ്‌ലാമിന്റെ വിജയം മുഖ്യ ലക്ഷ്യമാകുമ്പോള്‍ അവിടെ ആണും പെണ്ണും തമ്മിലുള്ള ആധിപത്യ മത്സരം അര്‍ഥശൂന്യമാണല്ലോ.
എന്നാല്‍, കാമ്പസിന് ഒരു പ്രത്യേകതയുണ്ട്. അവിടെ കുട്ടികളെന്നോ അധ്യാപകരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും കളിയാക്കലുകള്‍ക്ക് വിധേയരാവും. 'കളിപ്പേരുകളില്‍' കാമ്പസില്‍ അറിയപ്പെടുന്ന കുട്ടികളും അധ്യാപകരുമുണ്ട്. കളിയാക്കലിന്റെയും പേരിടലിന്റെയും കാരണങ്ങള്‍ പലതാകാം. മതം, പഠനനിലവാരം, വിപ്ലവാശയം, ശരീരഘടന, ദേശം, ഭാഷ, സ്വഭാവം തുടങ്ങി പലതും അതിന് മാനദണ്ഡമാകാറുണ്ട്. ചിലപ്പോഴൊക്കെ ഇത്തരം കളിയാക്കലുകള്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള കളിയാക്കലില്‍ കലാശിക്കാറുണ്ട്. മഫ്തയിട്ട കുട്ടികളും കന്യാസ്ത്രീകളും അച്ചന്‍ പട്ടത്തിന് പഠിക്കുന്നവരും തുളസിക്കതിരും ചന്ദനവുമിട്ട് വരുന്നവരും കളിയാക്കലിന്റെ ഇരകളായി കഴിഞ്ഞുപോയിട്ടുണ്ട്. പക്ഷേ, അതെല്ലാം വെറും കാമ്പസ് രസങ്ങള്‍ മാത്രമാണ്. അത്തരം കളിയാക്കലുകളെ 'കാമ്പസ് സ്പിരിറ്റോടെ' സമീപിക്കാതെ ഇടുങ്ങിയ മനസ്സുകൊണ്ട് കാണാന്‍ ശ്രമിക്കരുത്.
മതപരമായ അടയാളങ്ങളോട് 'ഇതര മതസ്ഥര്‍'ക്ക് മിക്കപ്പോഴും സംശയങ്ങളും ഭയവും ഉണ്ടാകാറുണ്ട്. ഈ അടയാളങ്ങള്‍ ഉപയോഗിക്കുന്നവര്‍ യാഥാസ്ഥിതികരോ തീവ്ര മതവാദികളൊ ആണെന്നായിരിക്കും ചിലരുടെ ധാരണ. മുസ്‌ലിംകളുടെ ഹിജാബും തലപ്പാവും അമുസ്‌ലിംകളില്‍ ഉണ്ടാക്കുന്ന വികാരം തന്നെയാണ്, പലപ്പോഴും നെറ്റിയില്‍ ഗോപീവരച്ച്, കൈയില്‍ ചരടുകള്‍ കെട്ടി കറുപ്പോ കാവിയോ മുണ്ട് ധരിച്ച ഒരു അമുസ്‌ലിം യുവാവിന്റെ മതചിഹ്നങ്ങള്‍ മുസ്‌ലിമിലും ഉണ്ടാക്കുന്നത്. പ്രത്യേകിച്ച്, ആര്‍.എസ്.എസ്സും വി.എച്ച്.പി.യും മുസ്‌ലിം തീവ്രവാദികളുമൊക്കെ വര്‍ഗീയ സംഘട്ടനങ്ങള്‍ സൃഷ്ടിക്കുന്ന വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ അതിനെ ആര്‍ക്കും കുറ്റം പറയാനും കഴിയില്ല.
എന്നാല്‍, മറ്റുള്ളവരുടെ മതചിഹ്നങ്ങളില്‍നിന്നും ചടങ്ങുകളില്‍ നിന്നും വ്യത്യസ്തമായി ഇസ്‌ലാമിന്റെ എല്ലാ അടയാളങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും യുക്തിയും വ്യക്തതയുമുണ്ട്; അത് ഖുര്‍ആനിക ആശയങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ടാകുമ്പോള്‍. അങ്ങനെ വരുമ്പോള്‍ ഇസ്‌ലാമിക ചിഹ്നങ്ങളും അനുഷ്ഠാനങ്ങളും മുസ്‌ലിംകള്‍ക്കു മാത്രമല്ല, മനുഷ്യസമൂഹത്തിന് മുഴുവന്‍ അനുയോജ്യമാണെന്ന് എല്ലാ വിഭാഗക്കാരെയും ബോധ്യപ്പെടുത്താന്‍ സാധിക്കും; സാധിക്കണം. മഫ്തയും പര്‍ദയും ബഹുഭാര്യത്വവുമൊക്കെ അവഹേളിക്കപ്പെടുന്നത് അത് വേണ്ടവിധം വിശദീകരിക്കപ്പെടാത്തതുകൊണ്ടു കൂടിയാണ്. അവയെ കേവല മതചിഹ്നങ്ങളായി അവതരിപ്പിക്കുന്നതിന് പകരം, അവയിലടങ്ങിയ യുക്തിയും ന്യായവും അനിവാര്യതയും സദ്ഫലങ്ങളും സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കണം. അങ്ങനെ വരുമ്പോള്‍ തലയും മാറും മറയ്ക്കുന്നത് മുസ്‌ലിംകള്‍ മാത്രമല്ല, കന്യാസ്ത്രീകളും ഉത്തരേന്ത്യന്‍ വനിതകളും ഏതാണ്ട് ഇസ്‌ലാമിക രീതിയില്‍ വസ്ത്രം ധരിക്കുന്നവരാണ്. അതവരുടെ മതപരമായ ബോധ്യത്തിന്റെ കൂടി ഭാഗമാണ്. ഇസ്‌ലാമാകട്ടെ, പൂര്‍വവേദങ്ങളെ ശരിവെച്ചുകൊണ്ടും ചില മാറ്റങ്ങളും തിരുത്തലുകളും വരുത്തിക്കൊണ്ടുമാണ് ഒരു ജീവിതവ്യവസ്ഥ അവതരിപ്പിച്ചിട്ടുള്ളത്. അത് എല്ലാ മനുഷ്യര്‍ക്കും ഉള്ളതാണ്. അവ്വിധത്തില്‍ ഇസ്‌ലാമിക ആശയങ്ങളെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനാണ് നാം ശ്രമിക്കേണ്ടത്.
പ്രബോധനത്തില്‍ എ.കെ ഫാസിലയും നൗഷാബാനാസും എഴുതിയ ലേഖനങ്ങളോട് വിയോജിച്ചുകൊണ്ട് ഞാനെഴുതിയ ഒരു കുറിപ്പിന് വന്ന ചില പ്രതികരണങ്ങളാണ് ഈ വിശദീകരണത്തിന്ന് കാരണം. അവയില്‍ പൊതുവായി കൈകാര്യം ചെയ്യപ്പെട്ടത്, 'അറിവും യുക്തിയുമാണ് മുസ്‌ലിം സ്ത്രീ അംഗീകരിക്കപ്പെടാനുള്ള യഥാര്‍ഥ മാനദണ്ഡം' എന്ന എന്റെ പ്രയോഗമാണ്. അതു തന്നെയാണ് ശരി എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ വാചകങ്ങളാണ് അതിന് എനിക്കുള്ള തെളിവുകളിലൊന്ന്. ''നിങ്ങളേതൊരു ജീവിതവ്യവസ്ഥയുടെ സംസ്ഥാപനാര്‍ഥം പ്രയത്‌നിക്കുന്നുവോ ആ വ്യവസ്ഥ നടത്താന്‍ ചിന്താപരമായും സദാചാരപരമായുമുള്ള യോഗ്യത നേടിയിരിക്കണം. യുക്തിദീക്ഷയും വിവേകവുമാണ് ഏറ്റവും പ്രധാന ഗുണങ്ങള്‍. അവിവേകികളുടെയോ വിഡ്ഢ്യാസുരന്മാരുടെയോ കരങ്ങള്‍ വഴി ദീന്‍ ഒരു കാലത്തും നിലവില്‍ വന്നിട്ടില്ല. യുക്തിദീക്ഷയും വിവേകവുമില്ലാതുള്ള എല്ലാ പ്രവൃത്തികളും, ഉദ്ധരിക്കപ്പെട്ടത് തകര്‍ക്കുകയും സൃഷ്ടിക്കപ്പെട്ടത് സംഹരിക്കുകയും നിര്‍മിക്കപ്പെട്ടത് നശിപ്പിക്കുകയും ചെയ്യും. യുക്തിദീക്ഷയും വിവേകവുമുണ്ടെങ്കിലേ തകര്‍ന്നത് ഉദ്ധരിക്കാനും സംഹരിക്കപ്പെട്ടത് സൃഷ്ടിക്കാനും നശിച്ചത് പുനര്‍നിര്‍മിക്കാനും കഴിയൂ. ഇതിനായി ഖുര്‍ആനും നബിചര്യയും സ്വഹാബത്തിന്റെ ചരിത്രവും പഠിക്കുകയും പാഠമുള്‍ക്കൊള്ളുകയും ചെയ്യണം. എന്നിട്ട് ലോകകാര്യങ്ങള്‍ ദീനിന്റെ അടിസ്ഥാനത്തില്‍ നടത്താന്‍ മതിയാകുന്ന ബുദ്ധിയും വിവേകവും വളര്‍ത്തിയെടുക്കുക'' (ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്വങ്ങള്‍, ഐ.പി.എച്ച്, കോഴിക്കോട്).
മൗലാനാ മൗദൂദി പറഞ്ഞ യോഗ്യതയുള്ളതുകൊണ്ടാണ്, യിവോണ്‍ റിഡ്‌ലിയും കമലാ സുറയ്യയുമൊക്കെ ഇസ്‌ലാമിലേക്ക് കടന്നുവന്നതും പിന്നീട് അവഹേളിക്കപ്പെടാതിരുന്നതും. 'അറിഞ്ഞിടത്തോളം കമലാ സുറയ്യയോ യിവോണ്‍ റിഡ്‌ലിയോ ഹിജാബ് ധരിച്ചതിന്റെ പേരില്‍ നിരന്തരമായ പ്രശ്‌നങ്ങള്‍ അനുഭവിച്ചിട്ടില്ല' എന്ന് ഉമ്മുല്‍ ഫായിസ എഴുതിയിട്ടുണ്ട് (പ്രബോധനം, 2013 ജൂലൈ 5). യഥാര്‍ഥത്തില്‍ ഉമ്മുല്‍ ഫായിസയുടെ ഈ വാചകം ഞാന്‍ ഉന്നയിച്ച വാദത്തിനാണ് തെളിവാകുന്നത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ഉമ്മുല്‍ ഫായിസ എഴുതിയതും ഞാന്‍ മുന്നോട്ടുവെച്ച ആശയത്തിന് പിന്‍ബലമേകുന്ന കാര്യമാണ്. 'താരതമ്യേന നിരക്ഷരരായ മുസ്‌ലിംകള്‍ വിവേചനത്തിന് ഇരയാകുന്നു' എന്ന സച്ചാറിന്റെ വിലയിരുത്തലാണ് ഉമ്മുല്‍ ഫായിസ ഉദ്ധരിച്ചിട്ടുള്ളത്. അതിന്റെ അര്‍ഥം എന്താണെന്ന് ചിന്തിച്ച് വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലായിട്ടുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 'അറിവില്ലായ്മയാണ് അവഹേളനത്തിന്റെ കാരണം' എന്ന് ഞാന്‍ പറഞ്ഞതിനെ സ്ഥാപിക്കുകയല്ലേ ഇത് ചെയ്യുന്നത്!

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 107-110
എ.വൈ.ആര്‍