Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 02

ഈജിപ്ത് / ഇഖ്‌വാന്‍ പ്രതിസന്ധികളെ അതിജീവിക്കും

ഡോ. അബ്ദുസ്സലാം അഹ്മദ്‌

അവസാനം ആശങ്കിച്ചത് സംഭവിച്ചു. അറബ് വസന്തം തിരിഞ്ഞു നടന്നു. കഴിഞ്ഞ വര്‍ഷം ശൈഖ് റാശിദുല്‍ ഗനൂശിയെ തുനീഷ്യയില്‍ വെച്ചു കണ്ടപ്പോള്‍ വസന്താനന്തര ലോകത്ത് തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വന്ന സര്‍ക്കാറുകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍ പരാമര്‍ശിക്കവെ അദ്ദേഹം പറഞ്ഞിരുന്നു, ഫ്രഞ്ച് വിപ്ലവാനന്തരം ഇതേപോലെത്തന്നെ പഴയ ഭരണകൂടത്തിന്റെ അവശിഷ്ടങ്ങള്‍ പ്രതിവിപ്ലവങ്ങള്‍ നടത്തുകയും അവര്‍ അധികാരത്തില്‍ തിരിച്ചുവരികയുമുണ്ടായിട്ടുണ്ടെന്നും അത് അറബ് വസന്തത്തിനും സംഭവിച്ചേക്കാമെന്നും.
സയണിസവും ലോക സാമ്രാജ്യത്വവും മുബാറക്ക് അവശിഷ്ടങ്ങളും, രാജ്യത്തിന്റെ ബജറ്റിന്റെ 40 ശതമാനവും തിന്നുതീര്‍ക്കുന്ന പട്ടാളവും ചില അറബ് രാഷ്ട്രങ്ങളും കാത്തിരിക്കുകയായിരുന്നു, ജൂണ്‍ 30 നു വേണ്ടി. അങ്ങനെ, പണം കൊടുത്തും പ്രലോഭിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും അവര്‍ കുറെയധികം പാവങ്ങളെ തഹ്‌രീര്‍ സ്‌ക്വയറിലേക്ക് തെളിച്ചുകൊണ്ടുവന്നു. ഈജിപ്ഷ്യന്‍ ചാനലുകള്‍ ക്യാമറ അങ്ങോട്ടു തിരിച്ചുവെച്ചു. വാര്‍ത്താ ചാനലുകളില്‍ വാര്‍ത്താ അവതാരകര്‍ മുഹമ്മദ് മുര്‍സിയെയും ബ്രദര്‍ഹുഡിനെയും തെറിവിളിച്ചു കൊണ്ടിരുന്നു. പ്രകടനക്കാര്‍ അഡ്വാന്‍സായി പട്ടാളത്തിനു അഭിവാദ്യങ്ങള്‍ നേര്‍ന്നു തുടങ്ങി. 48 മണിക്കൂറിനകം പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് പട്ടാളത്തിന്റെ അന്ത്യശാസനം. അതിനിടയില്‍ തഹ്‌രീര്‍ സ്‌ക്വയര്‍ പോലെ, റാബിഅ അല്‍ അദവിയ്യയിലും ജനലക്ഷങ്ങള്‍ ഒരുമിച്ചു കൂടിയിരുന്നു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വന്ന നിയമാനുസൃത ഭരണകൂടത്തെ നിലനിര്‍ത്തണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അങ്ങോട്ട് പക്ഷേ ചാനല്‍ ക്യാമറകള്‍ തിരിഞ്ഞു നിന്നില്ല. അല്‍ജസീറ മാത്രം ഇടക്കിടെ അത് കാണിക്കാന്‍ മാന്യത കാണിച്ചു.
തഹ്‌രീര്‍സ്‌ക്വയറും റാബിഅ അല്‍അദവിയ്യയും തിളച്ചുമറിയവെ പാതിരാവില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു. 2011 ജനുവരി 25 ന് ഹുസ്‌നി മുബാറക്ക് പലതവണ ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗങ്ങള്‍ തത്സമയം കണ്ടിരുന്നു. ഇതും തത്സമയം കണ്ടു. പക്ഷേ ഇത് മുബാറക്കിന്റേതുപോലെയുള്ള കെഞ്ചലായിരുന്നില്ല. ആത്മാഭിമാനത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയുമുള്ള പ്രഖ്യാപനങ്ങളായിരുന്നു. ഖുര്‍ആന്‍ വാക്യങ്ങളുടെ അകമ്പടിയോടെ മുര്‍സി അത് നിര്‍വഹിച്ചു. ലോകം മുഴുവന്‍ സുതാര്യമെന്നംഗീകരിച്ച, ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി നടന്ന സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന, അതേപോലെ റഫറണ്ടം നടത്തി ഭൂരിപക്ഷം ലഭിച്ചിട്ടുള്ള ഒരു ഭരണഘടനയനുസരിച്ച് ഭരിക്കുന്ന സര്‍ക്കാറിനെയാണ് നിങ്ങള്‍ താഴെയിറക്കാന്‍ ശ്രമിക്കുന്നത് എന്ന് അദ്ദേഹം പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു. ഈജിപ്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്കൊന്നിച്ചിരിക്കാമെന്ന് ഞാന്‍ പറഞ്ഞതാണ്, നിങ്ങള്‍ പക്ഷേ സമ്മതിച്ചില്ല. ഇനിയും ഞാന്‍ പറയുന്നു അഭിപ്രായ വ്യത്യാസങ്ങള്‍ നമുക്ക് പറഞ്ഞുതീര്‍ക്കാം, പക്ഷേ നിയമാനുസൃത ഭരണകൂടം രാജി വെക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പട്ടാളത്തിന്റെ 48 മണിക്കൂര്‍ അന്ത്യശാസനത്തെ സൂചിപ്പിച്ചുകൊണ്ട് ദൃഢസ്വരത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു: ''നിയമാനുസൃത ഗവണ്‍മെന്റിന്റെമേല്‍ അന്ത്യശാസനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അവകാശവുമില്ല.'' ഒരു കാര്യം കൂടി അദ്ദേഹം തറപ്പിച്ചു പറഞ്ഞു: ''വിപ്ലവാനന്തരം ഈജിപ്ത് നേടിയെടുത്തിട്ടുള്ള ജനാധിപത്യത്തെ എന്റെ രക്തം നല്‍കിയും ഞാന്‍ സംരക്ഷിക്കും.... നമ്മുടെ സന്താനങ്ങള്‍ മനസ്സിലാക്കട്ടെ, അവരുടെ പിതാക്കളും പ്രപിതാക്കളും ആണുങ്ങളായിരുന്നുവെന്ന്, അവരൊരിക്കലും കുഴപ്പകാരികളുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചിട്ടില്ല എന്ന്, തങ്ങളുടെ ദേശത്തിന്റേയോ ദീനിന്റെയോ കാര്യത്തില്‍ അവര്‍ ആരുടെ മുമ്പിലും മുട്ടുമടക്കിയിട്ടില്ല എന്ന്.''
അണിയറയില്‍ പട്ടാള വിപ്ലവത്തിന്റെ മുന്നൊരുക്കങ്ങള്‍ അറിഞ്ഞുകൊണ്ടു തന്നെയാവണം മുര്‍സി ജൂലൈ 2 ന് തന്റെ പ്രസംഗം നടത്തിയത്. പ്രസിഡന്റിനെ അധികാര ഭ്രഷ്ടനാക്കിയതായി പട്ടാളത്തിന്റെ പ്രഖ്യാപനം വരേണ്ട താമസം മുര്‍സി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട് തന്റെ ചരിത്രപ്രസിദ്ധമായ രണ്ടാമത്തെ പ്രസംഗം നടത്തി. പട്ടാള അട്ടിമറിയെ തള്ളിക്കളഞ്ഞുകൊണ്ട് താന്‍ തന്നെയാണ് ഇപ്പോഴും ഈജിപ്തിന്റെ ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമാനുസൃത പ്രസിഡന്റ് എന്നദ്ദേഹം ഒരു പതര്‍ച്ചയുമില്ലാതെ പ്രഖ്യാപിച്ചു. അല്‍ജസീറ ആ പ്രസംഗം ഞൊടിയിടയില്‍ സംപ്രേഷണം ചെയ്തു. അതോടെയാണ് അല്‍ജസീറയുടെ ഓഫീസ് പട്ടാളം കൈയേറിയത്.
ജൂലൈ 13 ന് പുറത്തിറങ്ങിയ അമേരിക്കയിലെ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ട വിവരങ്ങളനുസരിച്ച് മാസങ്ങളായി നടന്നുവന്ന ഗൂഢാലോചനയുടെ ഫലമാണ് അട്ടിമറി. സാല്‍വേഷന്‍ ഫ്രന്റ് നേതാക്കളും പട്ടാളവും മുബാറക്ക് ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളും ചേര്‍ന്നായിരുന്നു ഗൂഢാലോചന. ജൂലൈ 30 ന് തഹ്‌രീര്‍ സ്‌ക്വയറില്‍ ഒരുമിച്ചുകൂടുന്ന ജനങ്ങളുടെ എണ്ണം കൂട്ടിയാല്‍ അട്ടിമറി നടത്തിത്തരാമെന്ന് പട്ടാളം ഏറ്റു. അട്ടിമറിക്ക് മാസങ്ങള്‍ക്കുമുമ്പ് ഒബാമ മുര്‍സിയെ നേരില്‍ വിളിച്ച് പട്ടാള അട്ടിമറി നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും എന്നാല്‍ അമേരിക്കക്ക് വഴങ്ങില്ലെന്ന് മുര്‍സി തിരിച്ചടിച്ചതായും ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി ഉപാധ്യക്ഷന്‍ ഡോ. ഉസാമുല്‍ അര്‍യാനും വ്യക്തമാക്കി. പട്ടാള വിപ്ലവത്തെ അനുകൂലിക്കണമെന്നും ഇസ്‌ലാമിസ്റ്റുകള്‍ തിരിച്ചുവരുന്നത് എങ്ങനെയും തടയണമെന്നും പ്രധാനമന്ത്രി നെതന്യാഹു അമേരിക്കയോട് ആവശ്യപ്പെട്ട വാര്‍ത്ത ജൂലൈ 6 ന് ഇസ്രയേല്‍ റേഡിയോ പ്രക്ഷേപണം ചെയ്തു. പട്ടാളത്തിനുള്ള യു.എസ് സഹായം തുടരണമെന്നാവശ്യപ്പെട്ട ഇസ്രയേല്‍ അട്ടിമറിക്കുശേഷം അമേരിക്കയുമായി മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ടെന്ന് പ്രമുഖ ഇസ്രയേല്‍ പത്രം ഹാരറ്റ്‌സും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
അട്ടിമറിയുടെ പിന്നിലാരെന്ന് മേല്‍ റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തം. യഥാര്‍ഥത്തില്‍ ചരിത്രത്തിന്റെ ആവര്‍ത്തനമാണ് സംഭവിച്ചിരിക്കുന്നത്. 1924-ലെ ഖിലാഫത്തിന്റെ പതനത്തെ തുടര്‍ന്ന് 1928-ല്‍ അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ രൂപീകരിച്ച് രംഗത്തുവന്ന ഇമാം ഹസനുല്‍ബന്ന 20 വര്‍ഷം കൊണ്ടു ഈജിപ്തില്‍ വമ്പിച്ച ജനസ്വാധീനം നേടിയെടുത്തു. 1948-ല്‍ ഫലസ്ത്വീനില്‍ ഇസ്രയേല്‍ രാഷ്ട്രമുണ്ടാക്കാന്‍ പാശ്ചാത്യരുടെ ആശീര്‍വാദത്തോടെ യു.എന്‍ തീരുമാനിച്ചപ്പോള്‍ ശക്തമായി രംഗത്തുവരികയും ചെറുത്തുനില്‍ക്കുകയും ചെയ്തതോടെയാണ് ഹസനുല്‍ബന്ന വധിക്കപ്പെടുന്നതും ഇഖ്‌വാന്‍ നിരോധിക്കപ്പെടുന്നതും. 2011 ജനുവരി 25 ന് നടന്ന ഈജിപ്ഷ്യന്‍ വസന്തത്തെതുടര്‍ന്ന് പ്രവര്‍ത്തനാനുമതി ലഭിക്കുന്നതുവരെ ആറ് പതിറ്റാണ്ട് ആ നിരോധം നിലനിന്നു. ഫലസ്ത്വീന്‍ പ്രശ്‌നമായിരുന്നു അന്ന് ബന്നയുടെ വധത്തില്‍ കലാശിച്ചത്. സയണിസവും പാശ്ചാത്യരും ചേര്‍ന്നായിരുന്നു അത് നടത്തിയത്. ഇപ്പോള്‍ മുര്‍സിയുടെ പതനത്തിനു പിന്നിലും അതേ ശക്തികള്‍ തന്നെയാണ് കരുനീക്കം നടത്തിയത്. ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ മുര്‍സി ഭരണകൂടം സ്വീകരിച്ച ശക്തമായ നിലപാടുകളാണ്, ഈജിപ്തില്‍ ഒരു ഇസ്‌ലാമിസ്റ്റ് കക്ഷിയുടെ ഭരണം തങ്ങളുടെ ഭാവി അപകടത്തിലാവുമെന്ന് തിരിച്ചറിഞ്ഞ് സയണിസം അമേരിക്കയെ കൂട്ടുപിടിച്ച് അവസാനിപ്പിക്കുന്നതില്‍ കലാശിച്ചത്. '48 ല്‍ ഫാറൂഖ് രാജാവ് ചെയ്തത് ഇന്ന് ബറാദഇയും സീസിയും ചെയ്തു.

മതപരിവേഷം
ഗൂഢാലോചനക്ക് ഇസ്‌ലാമിന്റെ പരിവേഷം നല്‍കാന്‍ സലഫി സംഘടനയായ ഹിസ്ബുന്നൂറിലെ ഒരു വിഭാഗത്തെയും ശൈഖുല്‍ അസ്ഹര്‍ അഹ്മദ് ത്വയ്യിബിനെയും പട്ടാളവും ബറാദഇയും കൂടെകൂട്ടിയത് പരിഹാസ്യമായി. മുബാറക്ക് നിയമനം നല്‍കിയ കടുത്ത ഇഖ്‌വാന്‍ വിരോധിയാണ് അഹ്മദ് ത്വയ്യിബ്. മുബാറക്കിന്റെ നാഷ്ണല്‍ പാര്‍ട്ടിയെപ്പറ്റി അസ്ഹറും നാഷ്ണല്‍ പാര്‍ട്ടിയും സൂര്യനും ചന്ദ്രനും പോലെയാണ്, ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞയാളാണ് അഹ്മദ് ത്വയ്യിബ്. അട്ടിമറിക്കെതിരെ ശൈഖ് യൂസുഫുല്‍ ഖറദാവി പുറപ്പെടുവിച്ച ഫത്‌വയില്‍ അഹ്മദ് ത്വയ്യിബിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ''താങ്കള്‍ ഉന്നത പണ്ഡിതസഭയുടെ അധ്യക്ഷനാണ്. ഞാനും അതിലംഗമാണ്. എന്നെപ്പോലുള്ള അംഗങ്ങളോട് കൂടിയാലോചിക്കാതെയാണ് താങ്കള്‍ പോയി പട്ടാള വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ചത്. അതുകൊണ്ട് താങ്കളെ മാത്രമേ താങ്കള്‍ പ്രതിനിധീകരിക്കുന്നുള്ളൂ. മുപ്പതു വര്‍ഷം സ്വേഛാധിപതിയായ മുബാറക്കിനെ സഹിച്ച താങ്കള്‍ക്ക് ഒരു വര്‍ഷം മുര്‍സിയെ സഹിക്കാനായില്ല.''
സലഫി സംഘടനയായ ഹിസ്ബുന്നൂറിന്റെ നേതാവായ യാസിര്‍ ബുര്‍ഹാമിക്കയച്ച കത്തില്‍ ലോക പ്രശസ്ത സലഫി പണ്ഡിതന്‍ ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ് എഴുതി: ''നിങ്ങള്‍ അമാനത്തിനെ വഞ്ചിച്ചിരിക്കുന്നു, കരാര്‍ ലംഘിച്ചിരിക്കുന്നു. നിങ്ങള്‍ ബൈഅത്ത് ചെയ്ത, ഈജിപ്ഷ്യന്‍ ജനതയുടെ ഭൂരിപക്ഷവും അംഗീകരിച്ച പ്രസിഡന്റിനെയാണ് നിങ്ങള്‍ അട്ടിമറിച്ചത്. സമുദായത്തിന്റെ ശത്രുക്കളുടെ കൂടെയാണ് നിങ്ങള്‍ കൂട്ടുകൂടിയത്. നിങ്ങളുടെയും നിങ്ങള്‍ മറിച്ചിട്ട പ്രസിഡന്റിന്റെയും കാര്യത്തില്‍ ഞാന്‍ കാണുന്ന സമാന സംഭവം ഉസ്മാന്‍(റ)വിന്റേതാണ്. അദ്ദേഹത്തിനെതിരെ തിരിഞ്ഞ ഖവാരിജുകളെപ്പോലെയാണ് നിങ്ങള്‍. അക്രമികള്‍ തനിക്കെതിരില്‍ നിന്നപ്പോഴും ഉസ്മാന്‍(റ) അവര്‍ക്ക് വഴങ്ങിയില്ല. അവര്‍ക്ക് വധിക്കാന്‍ നിന്നുകൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. ഉപരോധിക്കപ്പെട്ട അവസ്ഥയില്‍ റസൂല്‍(സ) അദ്ദേഹത്തോട് പറയുന്നതായി അദ്ദേഹം സ്വപ്നം കണ്ടു: ''അല്ലാഹു താങ്കളെ ഒരു കുപ്പായമണിയിച്ചിരിക്കുന്നു. അതഴിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് താങ്കള്‍ വഴങ്ങരുത്.'' ഇതു തന്നെയാണ് മുര്‍സിയുടെ കാര്യത്തില്‍ സംഭവിച്ചത്. പ്രസിഡന്റ് പദവിയുടെ കുപ്പായമഴിക്കാന്‍ ശ്രമിച്ചവര്‍ക്കദ്ദേഹം വഴങ്ങിയില്ല. ജനങ്ങളോട് ചോദിക്കാതെ അത് ചെയ്തിരുന്നെങ്കില്‍ അദ്ദേഹം ജനങ്ങളോട് ചെയ്യുന്ന വഞ്ചനായായിരിക്കുമത്. നിങ്ങള്‍ വ്യാജമായി ധരിച്ചുവെച്ച സലഫിസത്തിന്റെ കുപ്പായം ഇതോടെ ജനങ്ങള്‍ നിങ്ങളില്‍നിന്ന് അഴിച്ചുമാറ്റും.'' മറ്റൊരു സലഫി പണ്ഡിതനായ ശൈഖ് മുഹമ്മദ് അബുല്‍ മഖ്‌സൂദ് ഹിസ്ബുന്നൂറിനെ, ഹിസ്ബുശ്ശൈത്താന്‍ എന്നാണ് വിശേഷിപ്പിച്ചത്.

വിപ്ലവത്തിന്റെ ഭാവി
അമേരിക്കയും പട്ടാളവും ബറാദഗിയും സംഘവും ജനാധിപത്യത്തെ കശാപ്പ് ചെയ്ത നടപടിയെ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ മിതമായി വിശേഷിപ്പിക്കുക ലോക വിഡ്ഢിത്തമെന്നായിരിക്കും. ഈജിപ്തിന്റെ ചരിത്രത്തിലെ ആദ്യ സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ 52 ശതമാനം പിന്തുണച്ച പ്രസിഡന്റിനെയാണ് തഹ്‌രീര്‍ സ്‌ക്വയറില്‍ പ്രലോഭിപ്പിച്ചും പേടിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും ഒരുമിച്ച് കൂട്ടിയ ജനക്കൂട്ടത്തെ കാണിച്ച് അവര്‍ അട്ടിമറിച്ചു കളഞ്ഞത്. എന്നിട്ടും 70 ശതമാനത്തിലധികം പേര്‍ പിന്തുണച്ച ഭരണഘടന റദ്ദാക്കുന്നത്, അല്‍ജസീറയും ഇഖ്‌വാന്‍ പത്രങ്ങളും ചാനല്‍ അടച്ചുപൂട്ടുന്നത്, പ്രസിഡന്റിനെ അജ്ഞാത കേന്ദ്രത്തില്‍ തടവിലിടുന്നത്, ഇഖ്‌വാന്റെയും എഫ്.ജെ.പിയുടെയും നേതാക്കളെ തുറുങ്കിലടക്കുന്നത്, പ്രതിഷേധിച്ച റാബിയ അല്‍ അദവിയ്യ സ്ട്രീറ്റില്‍ തടിച്ചുകൂടിയ നിരായുധരായ സ്വന്തം പൗരന്മാര്‍ക്ക് നേരെ അതും അവര്‍ സുബ്ഹി നമസ്‌കരിക്കുമ്പോള്‍ നിറയൊഴിക്കുന്നത്, കുട്ടികളുള്‍പ്പെടെ ഇരുന്നൂറില്‍ അധികം പേരെ കൊല്ലുന്നത്, ഇതൊക്കെ ചെയ്ത് ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭാവി സുരക്ഷിതമാക്കിക്കളയാമെന്ന് വിചാരിക്കുന്നവരേക്കാള്‍ വലിയ വിഡ്ഢികള്‍ വേറെ ഉണ്ടാവില്ല. ഇവരുടെ മുന്‍ഗാമികള്‍ ആറ് പതിറ്റാണ്ട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ കൊന്നും ജയിലിലടച്ചും നശിപ്പിക്കാന്‍ ശ്രമിച്ച പ്രസ്ഥാനമാണ് ഇമാം ഹസനുല്‍ ബന്നയുടെ ഇഖ്‌വാന്‍. നാസറിനും സാദാത്തിനും മുബാറക്കിനും കഴിയാത്തത് ഇനി സീസിക്കും ബറാദഗിക്കും കഴിയുമെന്ന് കരുതാന്‍ ന്യായമില്ല.
ഇക്കഴിഞ്ഞ ജനുവരിയില്‍ ഈജിപ്ത് സന്ദര്‍ശിച്ചപ്പോള്‍ ഇഖ്‌വാന്റെ മുര്‍ശിദ് ഡോ. മുഹമ്മദ് ബദീഉമായി ദീര്‍ഘമായ സംസാരിച്ചിരുന്നു. ഇസ്‌ലാം വിരുദ്ധരുടെ പ്രതിവിപ്ലവത്തെക്കുറിച്ചുള്ള എന്റെ ആശങ്കകളെ ചിരിച്ചുകൊണ്ടാണ് ബദീഅ് നേരിട്ടത്. ''പ്രതീക്ഷാനിര്‍ഭരമാണ് ഭാവി. അല്ലാഹുവാണ് ഞങ്ങളുടെ ലക്ഷ്യം. അല്ലാഹു ഗായത്തുനാ എന്നാണ് ഞങ്ങളുടെ മുദ്രാവാക്യം. ഞങ്ങള്‍ ഇഖ്‌വാനികളുടെ ഓരോ ദിവസവും പുലരുന്നത് ആ മുദ്രാവാക്യത്തോടൊപ്പമാണ്. അല്ലാഹുവിനെ ലക്ഷ്യമാക്കിയവര്‍ക്കെതിരെ ലോകം മുഴുവന്‍ തിരിഞ്ഞാലും അല്ലാഹു അവരെ കൈവെടിയില്ല. മുബാറക്ക് ഭരണകൂടത്തിന്റെ അവശിഷ്ടങ്ങള്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നു. പക്ഷേ അത് ഞങ്ങള്‍ കാര്യമാക്കുന്നില്ല. കാരണം ഈജിപ്ഷ്യര്‍ അടിസ്ഥാനപരമായി ദീനിനെ സ്‌നേഹിക്കുന്നവരാണ്. അതാണ് ഞങ്ങളുടെ പ്രതീക്ഷ. അവരെയും കൊണ്ട് പ്രശ്‌നങ്ങളെ ഞങ്ങള്‍ മറികടക്കുക തന്നെ ചെയ്യും.''
അവരുടെ തവക്കുലും ത്യാഗവുമാണ് ഇപ്പോള്‍ ഈജിപ്തിന്റെ തെരുവോരങ്ങളില്‍ കാണുന്നത്. റാബിയ അല്‍ അദവിയ്യയില്‍ ഓരോ ദിവസവും ജനലക്ഷങ്ങളാണ് ഒരുമിച്ചുകൂടുന്നത്. അവരുടെ തറാവീഹും തഹജ്ജുദും അത്താഴവും കുടുംബസമേതം അവിടെത്തന്നെ. പട്ടാളവും അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഇഖ്‌വാന്‍ നേതൃത്വവുമായി രഹസ്യമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത് മുര്‍സി അനുകൂലികളുടെ ബാഹുല്യവും പ്രതിഷേധത്തിന്റെ ശക്തിയും ബോധ്യപ്പെട്ടത് കൊണ്ടുതന്നെയാണ്. പട്ടാള വിപ്ലവത്തിനെതിരെ ശക്തമായ നിലപാടെടുത്തു എന്നുമാത്രമല്ല, അതിന് ത്രാണി കാണിക്കാത്ത പാശ്ചാത്യ രാഷ്ട്രങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തുകൊണ്ട് രംഗത്തുവന്ന തുര്‍ക്കിയുടെ നീക്കങ്ങള്‍ പട്ടാള വിപ്ലവക്കാര്‍ക്കും പാശ്ചാത്യര്‍ക്കും അലോസരം സൃഷ്ടിക്കുന്നുണ്ട്. ഗസ്സ അതിര്‍ത്തി അടച്ചതും ഗസ്സയിലേക്ക് ഭക്ഷണ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഫലസ്ത്വീനികള്‍ ഉപയോഗിച്ചിരുന്ന ടണലുകള്‍ ഈജിപ്ഷ്യന്‍ പട്ടാളം തകര്‍ത്തതും പുതിയ ഭരണകൂടത്തിന്റെ അജണ്ടകള്‍ ഇസ്രയേലാണ് നിശ്ചയിച്ചുകൊടുക്കുന്നതെന്ന ആശങ്ക ബലപ്പെടുത്തുന്നു. ചുരുക്കത്തില്‍ പട്ടാള അട്ടിമറിയിലൂടെ ഈജിപ്ത് പൂര്‍ണമായും തങ്ങളുടെ വരുതിയില്‍ വരുമെന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും ഈജിപ്തിലെ അവരുടെ അഞ്ചാം പത്തികളുടെയും ആഗ്രഹം സ്വപ്നം മാത്രമാവാനാണ് സാധ്യത. മുര്‍സിയെ അധികാരത്തില്‍ പുനരവരോധിക്കുന്നതില്‍ വിജയിച്ചില്ലെങ്കില്‍ പോലും, പുതിയ സ്വേഛാധിപതികള്‍ക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്താനും ഇപ്പോള്‍ പട്ടാള ഭരണത്തെ പിന്തുണക്കുന്ന സാധാരണക്കാരെ മുര്‍സി പക്ഷത്തേക്ക് കൊണ്ട് വന്ന് ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്താനും ഇഖ്‌വാന് കഴിയുമെന്ന് തന്നെയാണ് കരുതേണ്ടത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 107-110
എ.വൈ.ആര്‍