Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 02

കേരള ഇസ്‌ലാമിക് സെമിനാറും കാലിക്കറ്റ് മുസ്‌ലിം അസോസിയേഷനും / എന്റെ ജീവിതം-6 / കരുവള്ളി മുഹമ്മദ് മൗലവി

സദ്‌റുദ്ദീന്‍ വാഴക്കാട്‌

കോഴിക്കോട് കേന്ദ്രീകരിച്ച് സാമൂഹിക-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായിരുന്ന സന്ദര്‍ഭത്തിലാണ്. സമുദായ സ്‌നേഹികളായ വിദ്യാസമ്പന്നരെയും ഉദ്യോഗസ്ഥരെയുമൊക്കെ സംഘടിപ്പിച്ച് വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്ത് പ്രയോജനകരമായ പല കാര്യങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ അക്കാലത്ത് സാധിച്ചിട്ടുണ്ട്. കാലിക്കറ്റ് മുസ്‌ലിം അസോസിയേഷന്റെ രൂപീകരണവും കേരള ഇസ്‌ലാമിക് സെമിനാറുമാണ് അതില്‍ പ്രധാനം.

കാലിക്കറ്റ് മുസ്‌ലിം അസോസിയേഷന്‍
ഞാന്‍ കോഴിക്കോട്ട് ഉണ്ടായിരുന്ന കാലത്താണ് 'കാലിക്കറ്റ് മുസ്‌ലിം അസോസിയേഷന്റെ' രൂപീകരണം നടക്കുന്നത്. ഒരിക്കല്‍ കുട്ട്യാമു സാഹിബ് എനിക്കൊരു കത്തെഴുതി. മദ്രാസിലെയും തിരുവനന്തപുരത്തെയും മുസ്‌ലിം അസോസിയേഷനുകളെ മാതൃകയാക്കി കോഴിക്കോട്ടും ഒന്ന് തുടങ്ങണം എന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അതിനുശേഷം, കുട്ട്യാമു സാഹിബുമായി നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്തു. പിന്നീട്, കോഴിക്കോട്ടെ പ്രമുഖരായ കുറേ ആളുകളെ കണ്ടു. അസോസിയേഷന്‍ രൂപീകരിക്കുന്നതിനെകുറിച്ച് ചര്‍ച്ച ചെയ്തു. തുടര്‍ന്ന്, അമ്പതോളം ആളുകള്‍ പങ്കെടുത്ത ഒരു യോഗം കോഴിക്കോട്ടെ പ്രശസ്തമായ അല്‍ അമീന്‍ ലോഡ്ജില്‍ ചേര്‍ന്നു. ചന്ദ്രികയിലെ യു.എ ബീരാന്‍ സാഹിബ്, സി.പി കുഞ്ഞഹമ്മദ് സാഹിബ്, ഡോ. മുഹമ്മദ്കുട്ടി, ഡോ. എം.എ അബ്ദുല്ല തുടങ്ങിയവരായിരുന്നു എനിക്കു പുറമെ അതിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്. 1963 ലാണ്, സി.എം.എ (Calicut Muslim Association) എന്ന ചുരുക്കപേരില്‍ വിളിക്കപ്പെട്ട സംരംഭത്തിന് തുടക്കം കുറിച്ചത്. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ-ആരോഗ്യ പുരോഗതിയായിരുന്നു സി.എം.എയുടെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസ പ്രോത്സാഹനാര്‍ഥം വിപുലമായ ഒരു സ്‌കോളര്‍ഷിപ്പ് സംവിധാനത്തിന് സി.എം.എ രൂപം കൊടുത്തിരുന്നു. മുസ്‌ലിം ഉദ്യോഗസ്ഥര്‍ക്കും മറ്റും താമസിക്കാനായി ഒരു ഹോസ്റ്റല്‍ സി.എം.എ കോഴിക്കോട്ട് സ്ഥാപിച്ചിരുന്നു. തുടക്കത്തില്‍ വാടകക്കെട്ടിടത്തിലായിരുന്നു അത്. പിന്നീട്, ആനിഹാള്‍ റോട്ടില്‍ സി.എം.എ ഹോസ്റ്റല്‍ സ്ഥാപിതമായി. നൂറോളം ആളുകള്‍ക്ക് അവിടെ താമസിക്കാന്‍ സൗകര്യം ഉണ്ടായിരുന്നു. ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു മെഡിക്കല്‍ സെന്റര്‍ 1968-ല്‍ സി.എം.എ തുടങ്ങുകയുണ്ടായി. ബീച്ചിനടുത്ത്, ഹിമായത്തുല്‍ ഇസ്‌ലാം സഭാ ഹാളിലായിരുന്നു സെന്റര്‍. പിന്നീട് ഇത് ആശുപത്രിയാക്കി മാറ്റി. ആരോഗ്യപരിപാലനത്തിന് വേണ്ടിയുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയിരുന്ന സി.എം.എ പിന്നീട് ഒരു വിമണ്‍സ് ഹോസ്റ്റലും സ്ഥാപിക്കുകയുണ്ടായി.

കേരള ഇസ്‌ലാമിക് സെമിനാര്‍
കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രത്തില്‍ പ്രത്യേകം എഴുതപ്പെടേണ്ടതാണ് 'കേരള ഇസ്‌ലാമിക് സെമിനാര്‍.' 1963 ലായിരുന്നു ഇതിന്റെ തുടക്കം. മുസ്‌ലിം നവോത്ഥാന രംഗത്ത് വലിയ സംഭാവനകളാണ് ഈ സെമിനാര്‍ അര്‍പ്പിച്ചിട്ടുള്ളത്. കാലിക്കറ്റ് മുസ്‌ലിം അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച തൊട്ടുടനെയായിരുന്നു ആലുവയില്‍ ആദ്യത്തെ സെമിനാര്‍ നടന്നത്. അന്ന് എറണാകുളത്ത് പ്രവര്‍ത്തിച്ചിരുന്ന കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷനും ആലുവയിലെ ചില സമുദായ സ്‌നേഹികളും ചേര്‍ന്നായിരുന്നു പ്രഥമ സെമിനാര്‍ നടത്തിയത്. ടി.പി കുട്ട്യാമു സാഹിബിന് പുറമെ മജീദ് മരക്കാര്‍, പ്രഫ. സയ്യിദ് മുഹ്‌യിദ്ദീന്‍ ഷാ തുടങ്ങിയവര്‍ അതിന്റെ നേതൃത്വത്തിലുണ്ടായിരുന്നു. നാലു ദിവസം നീണ്ടുനിന്ന പ്രസ്തുത സെമിനാറില്‍ സംഘടനാ വ്യത്യാസമില്ലാതെ എല്ലാവിഭാഗം മുസ്‌ലിംകളും പങ്കെടുത്തു. പിന്നീടത് കേരളം മുഴുവന്‍ ചലനമുണ്ടാക്കിയ വലിയൊരു സംരംഭമായി മാറി. ആലുവക്ക് ശേഷം, കോഴിക്കോട്, എറണാകുളം, തലശ്ശേരി, ആലപ്പുഴ എന്നിവിടങ്ങളില്‍ സെമിനാര്‍ നടക്കുകയുണ്ടായി. ഓരോ സെമിനാറിനുശേഷവും, 'സെമിനാര്‍ റിവ്യൂ' പ്രസിദ്ധീകരിച്ചിരുന്നു. ഒരു സെമിനാറിലെ പ്രബന്ധങ്ങളും പ്രസംഗങ്ങളും മറ്റു ചര്‍ച്ചകളും അവലോകനങ്ങളും എല്ലാം ഉള്‍പ്പെടുത്തിയതായിരുന്നു 'റിവ്യൂ'കള്‍. ഒരു സെമിനാറിന്റെ റിവ്യൂ മിക്കവാറും അടുത്ത സെമിനാറിലായിരിക്കും പുറത്തിറങ്ങുക. പ്രമുഖ ചരിത്രകാരനായിരുന്ന പി.എ സെയ്തു മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയായിരുന്നു റിവ്യൂ തയാറാക്കിയിരുന്നത്. സെമിനാറുകളുമായും റിവ്യൂവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ എനിക്കും അവസരം ലഭിക്കുകയുണ്ടായി. ആ റിവ്യൂകള്‍, കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക-സാമൂഹിക മുന്നേറ്റത്തിന്റെ വലിയ രേഖയാണ്. ഈയിടെ റിട്ട. ജസ്റ്റിസ് ഷംസുദ്ദീന്‍ സാഹിബ് അതിന്റെ പഴയ കോപ്പികള്‍ അന്വേഷിക്കുകയുണ്ടായി. അഞ്ച് സ്ഥലങ്ങളില്‍ നടന്ന സെമിനാറിന്റെ വിശദാംശങ്ങള്‍ അവയില്‍നിന്ന് മനസ്സിലാക്കാം. ചരിത്ര കുതുകികളായ പുതിയ തലമുറക്ക് വേണ്ടി ആ സെമിനാറുകളെക്കുറിച്ച് ചില കാര്യങ്ങള്‍ ഇവിടെ അനുസ്മരിക്കുകയാണ്.
ആലുവയില്‍ 1963 മെയ് 8-11 തീയതികളില്‍ നടന്ന ആദ്യത്തെ സെമിനാര്‍ ഉദ്ഘാടനം ചെയ്തത്, ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന പി.പി ഉമര്‍കോയ സാഹിബായിരുന്നു. 'വിദ്യാഭ്യാസവും ഇസ്‌ലാമിക സംസ്‌കാരവും, മതവും സ്വഭാവ സംസ്‌കാരണവും, മുസ്‌ലിം സമുദായവും സ്വഭാവ സംസ്‌കരണവും' എന്നീ വിഷയങ്ങളില്‍ ആദ്യ ദിവസം ശ്രദ്ധേയമായ സെമിനാറുകള്‍ നടന്നു. വിദ്യാഭ്യാസവും സാംസ്‌കാരിക-സാഹിത്യ മേഖലകളുമായിരുന്നു രണ്ടാം ദിവസത്തെ സെമിനാറിന്റെ വിഷയം. മാപ്പിള സാഹിത്യ ചരിത്രം, മലയാള സാഹിത്യവും മുസ്‌ലിംകളും, അറബി-ഉര്‍ദു ഭാഷകളുടെ ഭാവി എന്നിവയായിരുന്നു മൂന്നാം ദിവസത്തെ ചര്‍ച്ച. 'മുസ്‌ലിംകളും സാമൂഹിക വികസനവും' എന്ന തലക്കെട്ടില്‍ നാലാം ദിവസം ചര്‍ച്ച നടന്നു. പ്രഫ. മുഹമ്മദ്ഷാ, ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, ഫലകി മുഹമ്മദ് മൗലവി, യു.എ ബീരാന്‍, അഡ്വ. പി.കെ ശംസുദ്ദീന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത് സംസാരിച്ച സെമിനാറില്‍, എനിക്കും പ്രസംഗിക്കാന്‍ അവസരം ലഭിച്ചിരുന്നു. സെമിനാര്‍ സ്ഥിര സ്വഭാവത്തില്‍ കാര്യക്ഷമമായി നടത്തുകയെന്ന ലക്ഷ്യത്തോടെ ''കേരള ഇസ്‌ലാമിക് സെമിനാര്‍ കൗണ്‍സില്‍'' എന്ന ഒരു കമ്മിറ്റിയും ആലുവയില്‍വെച്ച് രൂപീകരിക്കപ്പെടുകയുണ്ടായി.
അടുത്ത വര്‍ഷത്തെ സെമിനാര്‍ കോഴിക്കോട്ട് നടത്താന്‍ കൗണ്‍സിലിനോട് ആവശ്യപ്പെടണമെന്ന് ടി.പി കുട്ട്യാമു സാഹിബ് എന്നോട് നിര്‍ദേശിച്ചു. കാലിക്കറ്റ് മുസ്‌ലിം അസോസിയേഷന്‍ സെമിനാറിന് ആതിഥ്യമരുളണം എന്നായിരുന്നു കുട്ടിയമ്മു സാഹിബിന്റെ ഉദ്ദേശ്യം. അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍, ആവശ്യം ഉന്നയിച്ചുകൊണ്ട് സെമിനാര്‍ കൗണ്‍സിലിന് ഞാന്‍ ഒരു കത്തയച്ചു. കൗണ്‍സില്‍ അത് അംഗീകരിക്കുകയും അടുത്തവര്‍ഷം കോഴിക്കോട്ട്് സെമിനാര്‍ സംഘടിപ്പിക്കുകയും ചെയ്തു.
1964 മെയ് 14-17 തീയതികളില്‍ കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം സഭയുടെ ഹാളില്‍ വെച്ചായിരുന്നു സെമിനാര്‍. അന്നത്തെ കോഴിക്കോട് മേയര്‍ എം. ബാപ്പുട്ടി ഹാജിയായിരുന്നു സ്വാഗതസംഘം ചെയര്‍മാന്‍. മുസ്‌ലിം സമുദായത്തിലെ എല്ലാ തലങ്ങളിലും വിഭാഗങ്ങളിലുംപെട്ട പ്രമുഖ വ്യക്തികള്‍ സെമിനാറില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. സി.ഒ.ടി കുഞ്ഞിപ്പക്കി സാഹിബ്, മന്ത്രി പി.പി ഉമര്‍കോയ, ഇ.കെ മൗലവി, വലിയ ഖാദി ശിഹാബുദ്ദീന്‍ തങ്ങള്‍, ഉമര്‍ ബാഫഖി തങ്ങള്‍, ടി.പി കുട്ടിയമ്മു സാഹിബ്, സി.എച്ച് മുഹമ്മദ് കോയ തുടങ്ങി പലരും അതില്‍ പ്രസംഗിച്ചിരുന്നു. മതവിദ്യാഭ്യാസ സെമിനാര്‍ ഇ.കെ മൗലവിയുടെ അധ്യക്ഷതയില്‍ വലിയ ഖാദി ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ആധുനിക വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സാമൂഹിക വികസനം തുടങ്ങിയ വിഷയങ്ങള്‍ അതില്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. 'സാമൂഹിക വികസനത്തില്‍ അനാഥകളുടെ പങ്ക്, സമുദായ സേവനത്തില്‍ യുവജന പ്രസ്ഥാനങ്ങളുടെ പങ്ക്' എന്നീ പ്രബന്ധങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. സെമിനാറിനു തൊട്ടു മുമ്പായി അതിന്റെ ആവശ്യകതയും പ്രാധാന്യവും വിവരിക്കുന്ന ഒരു ലേഖനം ഞാന്‍ ചന്ദ്രികയില്‍ എഴുതിയിരുന്നു. പരപ്പനങ്ങാടിയില്‍നിന്ന് പുറത്തിറങ്ങുന്ന സുന്നികളുടെ ഒരു പ്രസിദ്ധീകരണം, സെമിനാറിനെ പരിഹസിച്ചുകൊണ്ട് എന്റെ ലേഖനത്തിന് മറുപടി എഴുതി; 'സെമി നാര്‍,' അഥവാ, 'പകുതി തീ' എന്നായിരുന്നു അന്ന് അവര്‍ കളിയാക്കിയത്. ഇന്നിപ്പോള്‍ അവരെല്ലാം മത്സരിച്ച് സെമിനാറുകളും സിമ്പോസിയങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്.
മൂന്നാമത്തെ സെമിനാര്‍ നടന്നത് എറണാകുളത്താണ്, 1965 മെയ് 7, 8, 9 തീയതികളില്‍. വിദ്യാഭ്യാസത്തിനുപുറമെ 'ഇന്ത്യന്‍ മുസ്‌ലിംകളും ശരീഅത്ത് വ്യവസ്ഥകളും' ആയിരുന്നു മുഖ്യചര്‍ച്ചാ വിഷയം. കെ.എം പന്നിക്കോട്ടൂരും പ്രഗത്ഭ സാഹിത്യകാരന്‍ എന്‍.പി മുഹമ്മദും ഇതില്‍ വിഷയാവതാരകരായിരുന്നു. മുസ്‌ലിം പേഴ്‌സണല്‍ ലോയെക്കുറിച്ച് സംവാദാത്മകമായ ചര്‍ച്ചയാണ് ഈ സെഷനില്‍ നടന്നത്. 'വ്യവസായ പരിശീലനവും മുസ്‌ലിം യുവാക്കളും, മുസ്‌ലിം സ്ത്രീകളും തൊഴില്‍ തുറകളും, നമ്മുടെ ഖത്വീബുമാരും ഇമാമുകളും, സമുദായോദ്ധാരണത്തില്‍ പള്ളികള്‍ക്കുള്ള പങ്ക്' തുടങ്ങിയ വിഷയങ്ങളിലും ശ്രദ്ധേയമായ ചര്‍ച്ചകള്‍ സെമിനാറില്‍ നടക്കുകയുണ്ടായി.
1966 ഏപ്രില്‍ 28-മെയ് 1 തീയതികളില്‍ തലശ്ശേരിയിലാണ് നാലാമത്തെ സെമിനാര്‍ നടന്നത്. സാഹിത്യം, സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം എന്നീ തലക്കെട്ടുകളില്‍ നാല് സെമിനാറുകള്‍ നടന്നു. വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു തലശ്ശേരിയിലെ സെമിനാറില്‍.
ആലപ്പുഴ മുഹമ്മദന്‍ ഹൈസ്‌കൂളിലാണ് അഞ്ചാമത്തെയും ദൗര്‍ഭാഗ്യവശാല്‍ അവസാനത്തെയും സെമിനാര്‍ നടന്നത്. 1967 മെയ് 18-21 ദിവസങ്ങളിലായിരുന്നു ഇത്. ഇസ്‌ലാമും ആധുനിക ലോകവും, കേരളത്തിലെ വഖ്ഫ്, മുസ്‌ലിം പിന്നാക്ക പ്രദേശങ്ങളുടെ വളര്‍ച്ചയും വികാസവും, മത-ഭൗതിക വിദ്യാഭ്യാസ സമന്വയം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇതില്‍ സെമിനാറുകള്‍ നടന്നത്. അഞ്ചാം സെമിനാറിന്റെ പ്രധാനപ്പെട്ട ഒരു ചുവടുവെപ്പായിരുന്നു വനിതാ സെമിനാര്‍. മുന്‍മന്ത്രി പി.കെ കുഞ്ഞ് സാഹിബിന്റെ ഭാര്യ ജമീലാകുഞ്ഞ്, മഹ്‌റുന്നീസാ ബീഗം, നഫീസത്ത് ബീവി തുടങ്ങിയവര്‍ അതില്‍ പങ്കെടുക്കുകയുണ്ടായി. മുസ്‌ലിം സ്ത്രീകള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് പരിപാടികള്‍ അവതരിപ്പിച്ചതു വഴി ഈ സെമിനാര്‍ വലിയ ചര്‍ച്ചാവിഷയമായി മാറി.
മുസ്‌ലിം സമൂഹത്തിന്റെ സര്‍വതോന്മുഖമായ വികാസത്തിന് സഹായകമാകുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ ഈ അഞ്ചാം സെമിനാറില്‍ സമര്‍പ്പിക്കപ്പെടുകയുണ്ടായി. ഇ.കെ ഇമ്പിച്ചിബാവ, സി.എച്ച് മുഹമ്മദ്‌കോയ, എ. ഹബീബ് മുഹമ്മദ് ഐ.എ.എസ്, പി.പി ഉമര്‍ കോയ, അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ തുടങ്ങി പ്രമുഖരുടെ വലിയൊരു നിര തന്നെ നാല് ദിവസത്തെ പരിപാടികളില്‍ പങ്കെടുത്തിരുന്നു. സമാപന സമ്മേളനത്തില്‍ ഞാനും പ്രസംഗിക്കുകയുണ്ടായി. ആറാമത്തെ സെമിനാര്‍ പാലക്കാട്ട് വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും, അത് പ്രയോഗികമായില്ല. പിന്നീട് ആ സെമിനാറിന് തുടര്‍ച്ചയുണ്ടായതുമില്ല.

എം.ഇ.എസിന്റെ രൂപീകരണം
കേരള ഇസ്‌ലാമിക് സെമിനാറിന്റെ സംഭാവനയാണ് എം.ഇ.എസ് (Muslim Educational Society). മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ചയെക്കുറിച്ച് പൊതുവായും വിദ്യാഭ്യാസ മുന്നേറ്റത്തെക്കുറിച്ച് പ്രത്യേകമായും സജീവമായി ചര്‍ച്ച ചെയ്ത കേരള ഇസ്‌ലാമിക് സെമിനാറില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എം.ഇ.എസ് രൂപം കൊണ്ടത്. കോഴിക്കോട്ട് നടന്ന രണ്ടാമത്തെ സെമിനാറില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് കോഴിക്കോട്ടെ ചില മുസ്‌ലിം പ്രമുഖര്‍ അതിന് മുന്‍കൈയെടുത്തു. ഡോ. പി.കെ അബ്ദുല്‍ ഗഫൂര്‍, ഡോ. അബ്ദുല്ല എന്നിവരോടൊപ്പം എം.ഇ.എസിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ ഞാനും സജീവമായി പങ്കുവഹിച്ചിരുന്നു. എം.ഇ.എസിന്റെ മണ്ണാര്‍ക്കാട്, പൊന്നാനി കോളേജുകള്‍ക്കുവേണ്ടിയും മറ്റുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാന്‍ സാധിച്ചു. മണ്ണാര്‍ക്കാട് കോളേജിന് സ്ഥലമെടുക്കാന്‍ ഞങ്ങള്‍ ഒന്നിച്ചാണ് പോയത്. ബാഫഖി തങ്ങളും ഏറാടിയും മറ്റും പങ്കെടുത്ത, കോളേജിന്റെ ഉദ്ഘാടന ചടങ്ങില്‍ ഖിറാഅത്ത് നടത്തിയത് ഞാനാണ്. പൊന്നാനിയിലെ എം.ഇ.എസ് കോളേജിന്റെ തുടക്കത്തിലും പങ്കാളിയാകാന്‍ സാധിച്ചു.
പിന്നീട് എം.ഇ.എസിനകത്ത് ചില അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തു. എം.ഇ.എസ് തുടര്‍ന്ന ചില നയങ്ങളോട് ഞങ്ങള്‍ക്ക് വിയോജിപ്പുണ്ടായി. പലരും എം.ഇ.എസ് വിട്ട് മറ്റൊരു സംഘടനയെക്കുറിച്ച് ആലോചിച്ചു. ഞാനും എം.ഇ.എസുമായി അകന്നു. അങ്ങനെ രൂപം കൊണ്ടതാണ് എം.എസ്.എസ് (മുസ്‌ലിം സര്‍വീസ് സൊസൈറ്റി). തുടക്കത്തില്‍ രണ്ടു ടേമുകളിലായി ആറ് വര്‍ഷം എം.എസ്.എസിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കാന്‍ എനിക്ക് സാധിച്ചു. മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായിരുന്ന കാലത്ത് ആരംഭിച്ച ഇത്തരം പ്രവര്‍ത്തനങ്ങള്‍ 1974-ല്‍ സര്‍വീസില്‍നിന്ന് വിരമിച്ച ശേഷവും തുടരുകയുണ്ടായി.
(തുടരും)
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 107-110
എ.വൈ.ആര്‍