Prabodhanm Weekly

Pages

Search

2013 ജൂലായ് 26

കോലാര്‍ ഖനിയിലെ അനുഭവങ്ങള്‍ / എന്റെ ജീവിതം-5 കരുവള്ളി മുഹമ്മദ് മൗലവി

സദ്‌റുദ്ദീന്‍ വാഴക്കാട്‌

ഉമറാബാദിലെ പഠനം പൂര്‍ത്തിയാക്കിയശേഷം, നാട്ടില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് കുറച്ചുകാലം കര്‍ണാടകയിലെ കോലാര്‍ സ്വര്‍ണഖനിയില്‍ ജോലി ചെയ്യാന്‍ എനിക്ക് അവസരമുണ്ടായി. ജീവിതത്തിലെ വ്യത്യസ്തമായ അനുഭവമായിരുന്നു അത്. അവിടെനിന്ന് വന്ന ശേഷമാണ് അധ്യാപക ജീവിതം ആരംഭിക്കുന്നത്.

കോലാര്‍ ഖനിയില്‍
1930-കളില്‍ മലപ്പുറം പരിസര പ്രദേശങ്ങളില്‍നിന്നുള്ള കുറെ പേര്‍ കോലാര്‍ സ്വര്‍ണഖനിയിലും മറ്റും ജോലി ചെയ്തിരുന്നു. ഇവിടത്തെ ദാരിദ്ര്യമാണ് പുറംലോകത്തേക്ക് തൊഴില്‍ തേടി പോകാന്‍ ആളുകളെ നിര്‍ബന്ധിച്ചിരുന്നത്. ഇന്നും അങ്ങനെത്തന്നെയാണല്ലോ. അക്കാലത്ത് എട്ട് അണയും അതില്‍ കുറവുമൊക്കെയായിരുന്നു ഇവിടെ ഒരാള്‍ക്ക് കിട്ടിയിരുന്ന ദിവസക്കൂലി. എട്ട് അണയെന്നാല്‍ ഇന്നത്തെ 50 പൈസ. അന്ന് തൊഴില്‍ സാധ്യതയും സാമാന്യം കൂലിയുമുണ്ടായിരുന്നു കോലാറില്‍. ഇന്നത്തെ ദുബൈയെക്കാള്‍ സുഖകരമായിരുന്നു അന്നത്തെ കോലാര്‍. അതുകൊണ്ടാണ് ഇവിടെ നിന്ന് ധാരാളം ആളുകള്‍ അങ്ങോട്ട് പോയത്. ഇവിടെ എട്ട് അണ കിട്ടുമ്പോള്‍ കോലാറില്‍ ഒന്നേകാല്‍ രൂപയായിരുന്നു ദിവസക്കൂലി. കച്ചവടവും മറ്റും ചെയ്യുന്നവര്‍ക്ക് അതിലേറെയും കിട്ടുമായിരുന്നു. ആളുകള്‍ വളരെ ജോളിയായിട്ടാണ് അവിടെ കഴിഞ്ഞിരുന്നത്. എന്റെ എളാപ്പമാര്‍ അവിടെ ജോലി ചെയ്തിരുന്നു. ഉമറാബാദില്‍ നിന്ന് വെക്കേഷനില്‍ ഞാന്‍ പലപ്പോഴും അവരുടെ അടുത്ത് പോകും. ചിലപ്പോള്‍ മുഹമ്മദലി ഹാജിയും കൂടെ വരും. അദ്ദേഹം ഉമറാബാദില്‍നിന്ന് പഠനം നിര്‍ത്തി പോരുമ്പോള്‍ ഞാന്‍ കോലാറിലെ എന്റെ ബന്ധുക്കളുടെ അടുത്തേക്ക് അദ്ദേഹത്തെ അയക്കുകയുണ്ടായി. അദ്ദേഹം ഒരു മാസം അവിടെ താമസിക്കുകയും ചെയ്തു.
കോലാര്‍ സ്വര്‍ണഖനി അന്ന് ഞങ്ങള്‍ക്ക് വലിയ അത്ഭുതമായിരുന്നു. ഭൂമിയുടെ അടിയില്‍ ചെന്ന് സ്വര്‍ണം കുഴിച്ചെടുക്കുകയല്ലേ. 'ജോണ്‍ ട്രയിലര്‍ ആന്റ് സണ്‍സ്' എന്ന കമ്പനിക്കായിരുന്നു അന്ന് കരാര്‍. വലിയ കമ്പനിയായിരുന്നു അത്. എനിക്കതിന് അകത്തൊന്നും പോകാന്‍ കഴിഞ്ഞിട്ടില്ല. എട്ടു മാസം ഞാന്‍ അവിടെ ക്ലര്‍ക്കായി ജോലി ചെയ്തു. വെള്ളക്കാരായിരുന്നു ജോലിക്കാരിലധികവും. ജീവനക്കാരുടെ വരവും പോക്കും മറ്റുമായ കാര്യങ്ങളൊക്കെ രേഖപ്പെടുത്തലായിരുന്നു എന്റെ ജോലി. എളാപ്പമാര്‍ വഴിയാണത് ശരിയായത്. ഇംഗ്ലീഷ് ഭാഷയില്‍ അല്‍പം കൂടി പരിജ്ഞാനമുണ്ടാക്കാനും സംസാരിച്ച് പഠിക്കാനുമൊക്കെയായിരുന്നു അവിടത്തെ ജോലി സ്വീകരിച്ചത്. ഇവിടെ എട്ടാം ക്ലാസ് കഴിഞ്ഞപ്പോഴേ ഇംഗ്ലീഷില്‍ ഞങ്ങള്‍ക്കൊക്കെ സാമാന്യം കഴിവുണ്ടായിരുന്നു. ആ വിധത്തിലായിരുന്നു ഇവിടത്തെ സിലബസ്. പക്ഷേ, ഇംഗ്ലീഷുകാരോട് ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന ഭാഷാപരമായ കഴിവ് വേറെ തന്നെയാണല്ലോ. അത് കുറെയൊക്കെ ശരിയാക്കാന്‍ കോലാറിലെ ജോലിയിലൂടെ സാധിച്ചു.

അധ്യാപന ജീവിതത്തിലേക്ക്
1942-ല്‍ മലപ്പുറം ഹൈസ്‌കൂളില്‍ ഉര്‍ദു അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചതോടെയാണ് ഔദ്യോഗികമായി എന്റെ അധ്യാപന ജീവിതം ആരംഭിക്കുന്നത്. അതിനുമുമ്പ് ലോക്കല്‍ ബോര്‍ഡ് സ്‌കൂളുകളില്‍ ഒഴിവ് വരുമ്പോള്‍ ഒന്നോ രണ്ടോ മാസം വീതം അറബി അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ലീവ് വേക്കന്‍സി എന്നൊക്കെ പറയുമ്പോലെയായിരുന്നു അത്. ആകെ പത്തോ പതിനഞ്ചോ അറബി അധ്യാപകരേ അന്ന് മലബാര്‍ ജില്ലയിലുള്ളൂ. അറബി പഠിക്കാനും കുട്ടികള്‍ കുറവായിരുന്നു. പൊതുവെ മുസ്‌ലിം കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് തന്നെ കുറവായിരുന്നല്ലോ അക്കാലത്ത്. ആ അധ്യാപകരില്‍ ചിലര്‍ ഒന്നും രണ്ടും മാസത്തെ അവധി എടുക്കാറുണ്ടായിരുന്നു. അപ്പോഴാണ് താല്‍ക്കാലികമായി എനിക്ക് അവസരം ലഭിക്കുക. പെരിന്തല്‍മണ്ണ, ചാവക്കാട്, വലപ്പാട്, കുമരനെല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹൈസ്‌കൂളുകളിലെല്ലാം ഒന്നും രണ്ടും മാസംവീതം ഞാന്‍ അറബി അധ്യാപകനായിരുന്നിട്ടുണ്ട്. അതിനുശേഷമാണ് മലപ്പുറത്ത് ഒരു വര്‍ഷം ഉര്‍ദു പണ്ഡിറ്റായി സേവനം ചെയ്തത്. 1942-ലായിരുന്നു ഇത്. അടുത്തവര്‍ഷം കാസര്‍കോട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലേക്ക് ട്രാന്‍സ്ഫറായി. അറബി അധ്യാപകനായിട്ടായിരുന്നു അവിടെ നിയമനം. ഒരു വര്‍ഷം അവിടെ ജോലി ചെയ്തു. അതിനു ശേഷം മലപ്പുറം ഹൈസ്‌കൂളിലേക്ക് തിരിച്ചുവന്നു. 1967 വരെ അതേ സ്ഥാപനത്തില്‍ അധ്യാപകനായി തുടര്‍ന്നു. ശേഷം അറബി ഇന്‍സ്‌പെക്ടറായി നിയമിക്കപ്പെട്ടതോടെ ഔദ്യോഗികമായി കുട്ടികളെ പഠിപ്പിക്കുന്നത് അവസാനിച്ചു.
മലപ്പുറം ഹൈസ്‌കൂളില്‍ അധ്യാപകനായിരിക്കെ ഞാന്‍ കോട്ടപ്പടി മസ്ജിദുല്‍ ഫത്ഹില്‍ ഇമാമും ഖത്വീബുമായി സേവനം ചെയ്തിട്ടുണ്ട്. 1948-ല്‍ പള്ളി സ്ഥാപിച്ചതു മുതല്‍ 1962-ല്‍ ഞാന്‍ വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി പോകുന്നതുവരെ അവിടെ ഖത്വീബായി തുടര്‍ന്നു.
അധ്യാപനവൃത്തിയോട് ചെറുപ്പത്തിലേ എനിക്ക് താല്‍പര്യമുണ്ടായിരുന്നു. ഉമറാബാദില്‍ നിന്ന് അവധിക്ക് വരുമ്പോള്‍ നാട്ടില്‍ കുട്ടികള്‍ക്കൊക്കെ ക്ലാസ്സെടുക്കാറുണ്ടായിരുന്നു. അധ്യാപനത്തോട് താല്‍പര്യമുണ്ടാകാനുള്ള പ്രധാന കാരണം എന്റെ ഗുരുനാഥന്മാര്‍ തന്നെ. അന്നൊക്കെ കുട്ടികളുടെ മനസ്സില്‍ ഏറ്റവും വലിയ സ്ഥാനം അധ്യാപകര്‍ക്കാണുണ്ടാവുക. വലിയ ആദരവായിരുന്നു അധ്യാപകരോട്. അതുകൊണ്ട് അവരെപ്പോലെ ഒരു അധ്യാപകനാകണം എന്നായിരുന്നു എന്റെയും ആഗ്രഹം. ഐ.എ.എസും ഐ.പി.എസ്സും എടുക്കുന്നത് ചിന്തിക്കാന്‍പോലും അറിയാത്ത കാലമായിരുന്നല്ലോ അത്.
അന്നത്തെ അധ്യാപകരൊക്കെ വളരെ ആത്മാര്‍ഥമായിട്ടാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. ശമ്പളവും പണവുമൊക്കെ അവര്‍ക്ക് രണ്ടാം സ്ഥാനത്തായിരുന്നു. ഇന്നങ്ങനെയല്ലല്ലോ. പണമല്ലേ ഇന്നത്തെ പ്രധാന വിഷയം. എല്ലാവരുടെയും ചിന്തയും ചര്‍ച്ചയും പണത്തെക്കുറിച്ചാണ്. അന്ന് സര്‍വീസായിരുന്നു മുഖ്യം. വലിയ മാറ്റം സംഭവിച്ചുപോയിരിക്കുന്നു ഈ രംഗത്ത്. കുട്ടികളെ നന്നായി ഗൈഡ് ചെയ്യുമായിരുന്നു അക്കാലത്ത് അധ്യാപകര്‍. പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുക മാത്രമായിരുന്നില്ല അവരുടെ രീതി. കട്ടിലശ്ശേരിയുടെ ഗൈഡന്‍സ് അനുസരിച്ചാണല്ലോ ഞാന്‍ ഉമറാബാദില്‍ പോയത്. ഞാന്‍ അധ്യാപകനായ ശേഷം ഒരുപാട് കുട്ടികളെ പല സ്ഥലങ്ങളിലും ഉപരിപഠനത്തിന് അയക്കാനും അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനും സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പോലെയല്ല, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമൊന്നും പഠനത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാത്ത കാലം. എവിടെ പോകണം, എന്തു പഠിക്കണമെന്നൊന്നും നിശ്ചയമില്ല. മദ്രാസിലും വാണിയമ്പാടിയിലുമൊക്കെ ഒരുപാട് കുട്ടികളെ ഞാന്‍ കൊണ്ടുപോയി ചേര്‍ത്തിട്ടുണ്ട്. നന്നായി പഠിക്കുന്ന കുട്ടികളെ കണ്ടെത്തി അവരുടെ രക്ഷിതാക്കളോട് സംസാരിച്ചാണ് പല സ്ഥലങ്ങളിലേക്കും അവരെ പറഞ്ഞയക്കുക. കോളേജ് കണ്ടിട്ടില്ലാത്ത കുറെ കുട്ടികളെ അന്നത്തെ നമ്മുടെ തലസ്ഥാനമായ മദ്രാസിലും മറ്റുമുള്ള കോളേജുകളില്‍ കൊണ്ടുപോയി ചേര്‍ത്തു. അങ്ങനെ പഠിച്ചുവളര്‍ന്ന കുറെയധികം ശിഷ്യന്മാര്‍ എനിക്കുണ്ട്. ലോക്കല്‍ ബോര്‍ഡ് ഡയറക്ടറായി റിട്ടയര്‍ ചെയ്ത അഹ്മദ് കുട്ടി, അഡ്വ. മൊയ്തു തുടങ്ങി ഒരുപാട് പേര്‍. പലരുടെയും പേരൊന്നും ഇപ്പോള്‍ ഓര്‍മയില്ല.
വാണിയമ്പാടി കോളേജില്‍ അന്ന് ഞാന്‍ പോകുമ്പോള്‍ പ്രഫ. കെ.എ ജലീല്‍ അവിടെ അധ്യാപകനാണ്. അവിടെ നിന്നാണദ്ദേഹം ഫാറൂഖ് കോളേജിലേക്ക് വന്നത്. കൊമേഴ്‌സ് വിഭാഗത്തില്‍ അധ്യാപകനായി റിട്ടയര്‍ ചെയ്ത പ്രഫ. ടി അബ്ദുല്ല അക്കാലത്ത് അവിടെ വിദ്യാര്‍ഥിയായിരുന്നു. ഇപ്പോള്‍ തിരൂരില്‍ താമസിക്കുന്ന അഡ്വ. വി.എന്‍.കെ അഹ്മദും അന്നവിടെ പഠിച്ചിരുന്നു. പഠിക്കാന്‍ മിടുക്കനും എന്നാല്‍ പരമദരിദ്രനുമായ മലപ്പുറത്തെ ഒരു കുട്ടിയെ ഞാന്‍ കൊണ്ടുപോയി ഫാറൂഖ് കോളേജില്‍ ചേര്‍ക്കുകയുണ്ടായി. അവന്റെ വാപ്പ 'കുടിയോത്തു'ള്ള മൊല്ലാക്കയായിരുന്നു. ഓരോ വീട്ടിലും നിശ്ചിത ദിവസം പോയി ഇത്ര ജുസ്അ് ഖുര്‍ആന്‍ ഓതും. ഇതിനാണ് 'കുടിയോത്ത്' എന്ന് പറയുന്നത്. 'കുടി'യെന്നാല്‍ വീട് എന്നാണര്‍ഥം. ഓതുന്ന മൊല്ലാക്കക്ക് ഓരോ വീട്ടില്‍നിന്നും വര്‍ഷത്തില്‍ നിശ്ചിത അളവില്‍ അരിയും നെല്ലുമൊക്കെ കൊടുക്കും. ചിലര്‍ പൈസയും കൊടുക്കും. ഇതാണവരുടെ ആകെയുള്ള വരുമാനം. അങ്ങനെയുള്ള കുടുംബത്തിലെ കുട്ടിയായിരുന്നു അബ്ദുല്‍ കരീം. വാപ്പയുടെ വഴിയില്‍ തന്നെ അവനും പോകുമായിരുന്നു. പഠിക്കാന്‍ മിടുക്കനായിരുന്ന, പരീക്ഷക്ക് നല്ല മാര്‍ക്കുണ്ടായിരുന്ന അവനെ ഫാറൂഖ് കോളേജില്‍ ചേര്‍ത്തു. വാപ്പയെയും ഉമ്മയെയുമൊക്കെ പറഞ്ഞ് സമ്മതിപ്പിക്കേണ്ടിവന്നു. കോളേജിലെ ചെലവിനുള്ള കാശുപോലുമുണ്ടായിരുന്നില്ല. അവന്റെ ചെലവ് കോളേജില്‍ നിന്നു തന്നെ കൊടുക്കണമെന്ന് ഞാന്‍ അബുസ്സബാഹിനോട് പറഞ്ഞ് ഏര്‍പ്പാടു ചെയ്തു. കുറച്ച് കഴിഞ്ഞപ്പോള്‍ അവന് റസിഡന്‍ഷ്യല്‍ സ്‌കോളര്‍ഷിപ്പൊക്കെ കിട്ടി. അങ്ങനെ പഠിച്ചുവളര്‍ന്ന്, ഫാറൂഖ് കോളേജിലെ ഡിപ്പാര്‍ട്ടുമെന്റ്‌ഹെഡായാണ് അബ്ദുല്‍ കരീം പിന്നീട് റിട്ടയര്‍ ചെയ്തത്. ഇപ്പോള്‍ അഡ്വക്കേറ്റ്‌സിനും മറ്റുമുള്ള ക്ലാസ് നടത്തുന്നുണ്ട്. അങ്ങനെ എത്രയോ കുട്ടികള്‍. അവരുടെയൊക്കെ ജീവിതം നല്ല അവസ്ഥയിലെത്തിക്കാണുന്നതില്‍ വലിയ സന്തോഷമുണ്ട്.

മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍
1962-ല്‍ മലബാറിലെ ആദ്യത്തെ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി ഞാന്‍ നിയമിക്കപ്പെട്ടു. ഇന്നത്തെ ആറു റവന്യൂ ജില്ലകള്‍ ഉള്‍പ്പെടുന്ന പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള പ്രദേശങ്ങള്‍ക്ക് ആകെ ഒരു മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂറില്‍ ഈ തസ്തിക നേരത്തെ ഉണ്ടായിരുന്നെങ്കിലും1962-ല്‍ മാത്രമാണ് മലബാറില്‍ ഇത് ആരംഭിച്ചത്. മറ്റൊരു ഇന്‍സ്‌പെക്ടര്‍, 'ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍സ്' ആയിരുന്നു. ഒരേ റൂമിലാണ് രണ്ടു പേരുടെയും ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.
അറബി ഭാഷാ പഠനത്തിന്റെ നിലവാരം പരിശോധിക്കുക, മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ നിര്‍ദേശങ്ങള്‍ ഗവണ്‍മെന്റിന് സമര്‍പ്പിക്കുക എന്നിവയായിരുന്നു പ്രധാനമായും മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറുടെ ചുമതല. അറബി ഭാഷാ പഠനരംഗത്ത് ഒട്ടേറെ പ്രധാന പരിഷ്‌കരണങ്ങള്‍ നടന്ന കാലത്താണ് ഞാന്‍ 'ഇന്‍സ്‌പെക്ടര്‍ ഫോര്‍ മുസ്‌ലിം എജുക്കേഷന്‍' തസ്തികയില്‍ ഇരുന്നത്. ആ മാറ്റങ്ങളില്‍ പങ്കാളിയാകാനും മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യാനും ആ കാലയളവില്‍ സാധിച്ചിട്ടുണ്ട്. അധ്യാപകര്‍ക്ക് ട്രെയിനിംഗ്, പാഠപുസ്തക നിര്‍മാണവും പരിഷ്‌കരണവും, പുതിയ അറബി അധ്യാപക തസ്തികകള്‍ സൃഷ്ടിക്കല്‍, മുസ്‌ലിം കുട്ടികളെ സ്‌കൂളിലയക്കാന്‍ പ്രോത്സാഹനം നല്‍കല്‍ തുടങ്ങി പല കാര്യങ്ങളും അന്ന് ചെയ്തിട്ടുണ്ട്. മലബാറിലെ ഏതാണ്ടെല്ലാ പ്രദേശങ്ങളിലും സ്‌കൂളുകളിലും ഓടി നടന്ന് പ്രവര്‍ത്തിച്ച കാലമായിരുന്നു അത്.
അറബി അധ്യാപകരുടെ പീര്യേഡിക്കല്‍ മീറ്റിംഗ് ആരംഭിച്ചത് ഞാന്‍ ഇന്‍സ്‌പെക്ടറായിരിക്കെയാണ്. രണ്ട് മാസത്തിലൊരിക്കല്‍ നിശ്ചിത സ്‌കൂളുകളിലെ അറബി അധ്യാപകര്‍ ഒരു സ്ഥലത്ത് യോഗം ചേര്‍ന്ന് അധ്യാപന കാര്യങ്ങള്‍ വിലയിരുത്തണമെന്ന് നിര്‍ദേശിച്ചുകൊണ്ട്, മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ എന്ന നിലക്ക് എല്ലാ സ്‌കൂളുകളിലേക്കും ഞാന്‍ സര്‍ക്കുലര്‍ അയച്ചു. രണ്ട് മാസത്തില്‍ ഒരിക്കല്‍ യോഗം ചേരണം എന്നായിരുന്നു നിര്‍ദേശം. ആ യോഗത്തില്‍ മോഡല്‍ ക്ലാസുകള്‍ കൊടുക്കും. അക്കാലത്തെ അറബി അധ്യാപകരില്‍ പലരും അധ്യാപനത്തില്‍ മികച്ച പരിശീലനം കിട്ടിയവരൊന്നും ആയിരുന്നില്ല. ഇത്തരം മോഡല്‍ ക്ലാസുകളിലൂടെ ആ കുറവ് ഒരു പരിധിവരെ നികത്താന്‍ സാധിച്ചിരുന്നു. ചിലപ്പോള്‍ ഞാനും അല്ലെങ്കില്‍ ട്രെയിനിംഗ് സ്‌കൂളുകളില്‍ നിന്ന് വരുന്ന അധ്യാപകരുമായിരുന്നു ക്ലാസുകള്‍ എടുത്തിരുന്നത്. പ്രത്യേകം സെന്ററുകള്‍ തന്നെ ഈ യോഗത്തിന് നിശ്ചയിച്ചിരുന്നുവെന്നാണ് ഓര്‍ക്കുന്നത്. അന്ന് ആരംഭിച്ച പീര്യേഡിക്കല്‍ മീറ്റിങ്ങ് ഇന്നും തുടരുന്നുണ്ട്.
പുതിയ ബോധന രീതി മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു പുസ്തകം അറബിയില്‍ തയാറാക്കി പുറത്തിറക്കിയതാണ് മറ്റൊന്ന്. പുതിയ ബോധന രീതി പ്രതിപാദിക്കുന്ന ഒരു ഇംഗ്ലീഷ് പുസ്തകം കേന്ദ്ര വിദ്യാഭ്യാസ വകുപ്പോ മറ്റോ പ്രസിദ്ധീകരിച്ചിരുന്നു. വലിയ ഗ്രന്ഥമായിരുന്നു അത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങള്‍, ചോദ്യങ്ങള്‍ തയാറാക്കുന്ന രീതി തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ അതില്‍ പ്രതിപാദിച്ചിരുന്നു. ഇംഗ്ലീഷിലായിരുന്നതിനാല്‍ അറബി അധ്യാപകര്‍ക്ക് വായിച്ചു മനസ്സിലാക്കുക എളുപ്പമായിരുന്നില്ല. അതുകൊണ്ട് അത് അറബിയിലേക്ക് പരിഭാഷപ്പെടുത്തണമെന്ന് എനിക്ക് തോന്നി.
അതിനു വേണ്ടി പ്രഗത്ഭരായ പത്തു അധ്യാപകരുടെ ഒരു വര്‍ക്ക്‌ഷോപ്പ് അരീക്കോട് സുല്ലമുസ്സലാമില്‍ സംഘടിപ്പിച്ചു. മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറുടെ അധികാരം ഉപയോഗിച്ച് അവര്‍ക്ക് ഡ്യൂട്ടി ലീവ് കൊടുത്തു. ഞാന്‍ ആദ്യം അത് പഠിച്ച്, അംഗങ്ങള്‍ക്ക് വിശദീകരിച്ചു കൊടുത്തു. തുടര്‍ന്ന് സുല്ലമുസ്സലാമിന്റെ പ്രിന്‍സിപ്പല്‍ കെ.പി മുഹമ്മദ് മൗലവി, എം.വി ഇബ്‌റാഹീം മാസ്റ്റര്‍ എന്നിവരുടെ സജീവമായ സഹകരണത്തോടെ അതിന്റെ അറബി പരിഭാഷ തയാറാക്കി. അറബി, ഇംഗ്ലീഷ് ഭാഷകളില്‍ ഒരുപോലെ കഴിവുള്ള ആളായിരുന്നു എം.വി ഇബ്‌റാഹീം മാസ്റ്റര്‍. കെ.എ.ടി.എഫ് ആയിരുന്നു മുഖ്യമായും ആ വര്‍ക്ക്‌ഷോപ്പിന്റെ സാമ്പത്തിക ബാധ്യത വഹിച്ചത്. പ്രസ്തുത അറബി പരിഭാഷയുടെ കോപ്പികള്‍ അധ്യാപകര്‍ക്കു മാത്രമല്ല, വിദ്യാഭ്യാസ വകുപ്പിലെ പ്രധാന ഓഫീസുകളിലേക്കും അയച്ചു കൊടുക്കുകയുണ്ടായി. എസ്.ഇ.ആര്‍.ടിയുടെ വലിയ പ്രശംസ പിടിച്ചു പറ്റിയ സംരംഭമായിരുന്നു അത്.
ഇവക്കു പുറമെ, സ്‌കുളുകള്‍ സന്ദര്‍ശിക്കുകയും അറബി അധ്യാപകരുടെ ക്ലാസുകള്‍ വീക്ഷിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ടായിരുന്നു. പുതിയ സര്‍വീസ് നിയമങ്ങളെ കുറിച്ച് അധ്യാപകരെ ബോധവല്‍ക്കരിക്കുകയും ചെയ്യും.

സ്‌കൂള്‍ വാര്‍ഷികങ്ങള്‍
മുസ്‌ലിം കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ പ്രചോദനം നല്‍കുകയും അറബി ഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാന്‍ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായിരിക്കെയും അതിനു മുമ്പും എനിക്ക് ധാരാളം അവസരങ്ങള്‍ കിട്ടുകയുണ്ടായി. അതിലേറ്റവും പ്രധാനമായിരുന്നു സ്‌കൂള്‍ വാര്‍ഷികങ്ങള്‍. ലോക്കല്‍ ബോര്‍ഡ്‌സ് സ്‌കൂളുകളില്‍ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കണം എന്ന ഒരു നിര്‍ദേശം നിലവിലുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കുന്ന ഒരു പ്രസംഗം രക്ഷിതാക്കളെയും കുട്ടികളെയുമൊക്കെ ഉദ്ദേശിച്ച് നടത്തണമെന്നും നിര്‍ദേശിക്കപ്പെട്ടിരുന്നു.
മുസ്‌ലിം റെയ്ഞ്ചിലെ സ്‌കൂളുകളില്‍ വാര്‍ഷികങ്ങള്‍ തീരുമാനിക്കപ്പെടുന്നതോടെ, പ്രസംഗകരെ തേടി മിക്കവാറും ആളുകള്‍ മലപ്പുറത്തേക്കാണ് വരിക. മലപ്പുറം ഹൈസ്‌കൂളിലാണ് പ്രമുഖരായ അധ്യാപകര്‍ ഉണ്ടായിരുന്നത്. പി.എന്‍ മുഹമ്മദ് മൗലവി അങ്ങനെ പ്രസംഗിക്കാന്‍ പോകുന്നവരില്‍ പ്രധാനിയായിരുന്നു. ഗവണ്‍മെന്റ് തന്നെ അദ്ദേഹത്തോട് അതിന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നാണ് എന്റെ ഓര്‍മ. അദ്ദേഹം റിട്ടയര്‍ ചെയ്ത ശേഷം ഞാനായിരുന്നു മിക്കവാറും ഇത്തരം പ്രസംഗങ്ങള്‍ക്ക് പോകാറുണ്ടായിരുന്നത്.
ഡിസംബര്‍ മാസത്തോടെയായിരുന്നു വാര്‍ഷികങ്ങള്‍ മിക്കവാറും ആരംഭിച്ചിരുന്നത്. ആദ്യ ഘട്ടത്തില്‍ ദിവസത്തില്‍ ഒരു പരിപാടിയായിരുന്നെങ്കില്‍ പിന്നീടത് രണ്ട് വാര്‍ഷികങ്ങളില്‍ വരെ പ്രസംഗിക്കേണ്ടി വന്നിട്ടുണ്ട്. വിദ്യാഭ്യാസ വളര്‍ച്ച നേടാന്‍ വേണ്ടി മതപരമായി പ്രോത്സാഹനം നല്‍കുന്ന രീതിയിലാണ് പ്രസംഗിക്കേണ്ടിയിരുന്നത്. ഖുര്‍ആനും ഹദീസമൊക്കെ ഉദ്ധരിച്ചാണ് പ്രസംഗം.അത്തരം പ്രസംഗങ്ങള്‍ക്ക് വലിയ ഫലമുണ്ടായിരുന്നതായി അധ്യാപകരും സമ്മേളനത്തിന്റെ സംഘാടകരുമൊക്കെ പറയുകയുണ്ടായി. അതേസമയം ചില സ്ഥലങ്ങളില്‍ നിന്ന് മുസ്‌ലിയാക്കന്മാരുടെ എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്. 'ഇല്‍മ്' നേടല്‍ നബി നിര്‍ബന്ധമാക്കിയതാണ്, അതുകൊണ്ട് കുട്ടികളെ സ്‌കൂളിലയക്കണം എന്ന് പ്രസംഗിക്കുമ്പോള്‍ 'ഇല്‍മ്' മതപരമായ വിജ്ഞാനമാണ് ലൗകിക വിദ്യാഭ്യാസമല്ല എന്നുപറഞ്ഞാണ് മുസ്‌ലിയാക്കന്മാര്‍ എതിര്‍ത്തിരുന്നത്. പക്ഷേ അത്തരം എതിര്‍പ്പുകള്‍ക്കൊന്നും നിലനില്‍പുണ്ടായില്ല. ഒരുകാലഘട്ടത്തില്‍ നമ്മളൊക്കെ നടത്തിയ ഉദ്‌ബോധനങ്ങള്‍ക്ക് സമുദായത്തില്‍ വലിയ ഫലമുണ്ടാവുകതന്നെ ചെയ്തു. ഇന്ന് നാം കാണുന്ന വിദ്യാഭ്യാസ ഉണര്‍വുകള്‍ അതിന്റെ കൂടി നേട്ടമാണ്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 99-106
എ.വൈ.ആര്‍