ശിരോവസ്ത്രവും കൃപാണവും
മുഹ്‌സിന കല്ലായി
ശിരോവസ്ത്രവും കൃപാണവും
ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം വകുപ്പിന്റെ ഒരു വിശദീകരണം എന്ന നിലയില്‍ എഴുതിച്ചേര്‍ത്ത ഒരു കാര്യമുണ്ട്. എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ അനുഷ്ഠാന, സാംസ്‌കാരിക സ്വാതന്ത്ര്യമുണ്ട് എന്നു വിശദീകരിക്കുന്ന കൂട്ടത്തില്‍, സിഖ് സമൂഹത്തിന് അവരുടെ കൃപാണം കൊണ്ടു നടക്കാനുള്ള അവകാശം അവരുടെ മതകീയ അവകാശത്തില്‍ പെട്ടതാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കൃപാണം ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്. അത് മതവിശ്വാസത്തിന്റെ ഭാഗമെന്ന നിലയില്‍ കൊണ്ടുനടക്കാനുള്ള അവകാശമുണ്ട്. മൂര്‍ച്ചയുള്ള ഒരായുധത്തിന് പോലും മത വിശ്വാസത്തിന്റെ പേരില്‍ ഇത്രയും വലിയ ബഹുമാനവും ആദരവും കല്‍പിക്കുകയും, അനുവാദം നല്‍കുകയും ചെയ്യുന്ന ഒരു ഭരണകൂടം, മുസ്‌ലിം പെണ്‍കുട്ടികളുടെ വിശ്വാസത്തിന്റെ ഭാഗമായി ശിരോവസ്ത്രത്തെ സംരക്ഷിക്കാനുള്ള പരിശ്രമങ്ങളെ ഒരു ജനവിരുദ്ധ രാജ്യദ്രോഹ നടപടിയായി കാണുന്നു എന്നുള്ളത് വളരെ ദുഃഖകരമാണ്.
നമ്മുടെ പ്രധാനമന്ത്രി എപ്പോഴും തലപ്പാവ് ധരിക്കുന്നയാളാണ്. ആ തലപ്പാവിന് എവിടെയെങ്കിലും വിലക്ക് ഏര്‍പ്പെടുത്തിയതായി അറിയില്ല. അത് സിഖ് സമൂഹത്തിന്റെ സാംസ്‌കാരിക ചിഹ്നം എന്ന നിലയില്‍ അംഗീകരിച്ചിട്ടുള്ള കാര്യമാണ്. ക്രൈസ്തവ സമൂഹത്തില്‍ തന്നെയുള്ള കന്യാസ്ത്രീ ശിരോവസ്ത്രം ധരിച്ചുകൊണ്ടാണ് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. അനുവദിക്കപ്പെട്ട ഒരു കാര്യമായിട്ടു കൂടി മുസ്‌ലിം പെണ്‍കുട്ടി എന്നു പറയുമ്പോള്‍ ഈ സ്വാതന്ത്ര്യത്തിന് എവിടെവെച്ചാണ് വിലക്കു ആരംഭിക്കുന്നത് എന്ന ഒരു അന്വേഷണം നടക്കേണ്ടതുണ്ട്.
കേരളീയ സമൂഹത്തില്‍ 25 ശതമാനത്തില്‍ അധികം വരും മുസ്‌ലിംകള്‍. ഇന്ത്യന്‍ സമൂഹത്തില്‍ 2 ശതമാനത്തില്‍ താഴെ മാത്രമാണ് സിഖുകാര്‍. കേരളീയ സമൂഹത്തില്‍ 25 ശതമാനത്തില്‍ അധികം വരുന്ന ഒരു വിഭാഗത്തിന്റെ മതപരമായ വിശ്വാസത്തെയും അനുഷ്ഠാനത്തെയും അംഗീകരിക്കാനും അതിന് സംരക്ഷണം നല്‍കാനും സര്‍ക്കാറിന് സാധ്യമല്ലെങ്കില്‍, ഒരു നിയമവ്യവസ്ഥക്ക് സാധ്യമല്ലെങ്കില്‍ ആ നിയമ വ്യവസ്ഥ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
നാസില ബകര്‍
കാമ്പസിലെ പൊതു അവസ്ഥ
മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് സൗഹൃദപരമാണ്
മുസ്‌ലിം പെണ്‍കുട്ടികളുടെ കാമ്പസ് അനുഭവങ്ങളെ മുന്‍നിര്‍ത്തി എഴുതിയ (ലക്കം 2804) ഫാസിലയുടെ എഴുത്തിന് മൗലികമായ ചില പരിമിതികളുണ്ട്. മുസ്‌ലിം പെണ്‍കുട്ടിയുടെ കാമ്പസ് അനുഭവങ്ങളെ ശിരോ വസ്ത്രത്തിലേക്ക് ചുരുക്കിക്കെട്ടി എന്നത് തന്നെയാണ് അതില്‍ ഒന്നാമത്തേത്. പഠനരംഗത്തും കലാകായിക മേഖലകളിലും, സാമൂഹിക ഇടപെടലുകള്‍, രാഷ്ട്രീയ പ്രവര്‍ത്തനം, സൗഹൃദങ്ങള്‍ തുടങ്ങിയ ഒട്ടനവധി രംഗങ്ങളിലും ഇന്ന് ഒരു മുസ്‌ലിം വിദ്യാര്‍ഥിനിയുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്താന്‍ ലേഖികക്ക് സാധിക്കാതെ പോയി.
കേരളത്തിലെ ആയിരക്കണക്കിന് കാമ്പസുകളില്‍ പഠിക്കുന്ന പതിനായിരക്കണക്കിനു മുസ്‌ലിം പെണ്‍കുട്ടികള്‍ ഉണ്ട്. മഫ്ത ധരിച്ചതിന്റെ പേരില്‍ അവരൊന്നും കാമ്പസില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടില്ല. ഞങ്ങള്‍ക്കൊക്കെ ഒരുപാട് അമുസ്‌ലിം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. കാമ്പസില്‍ ഞങ്ങളെയൊന്നും ആരും സൗഹൃദത്തിന്റെ വൃത്തത്തില്‍ നിന്ന് പുറത്താക്കിയിട്ടില്ല. ഇപ്പോഴും കാമ്പസിലേക്ക് നോക്കിയാല്‍, പുറത്തുനിന്നു വീക്ഷിച്ചാല്‍ തന്നെ മഫ്ത ധരിച്ച കുട്ടികളോട് നല്ല സൗഹൃദം പുലര്‍ത്തു ന്നവരാണ് മഹാഭൂരിപക്ഷം അമുസ്‌ലിം വിദ്യാര്‍ഥികളും എന്ന് കാണാന്‍ പ്രയാസമില്ല. കാമ്പസിന് അകത്തും പുറത്തും എല്ലാ സന്ദര്‍ഭങ്ങളിലും ഈ സൗഹൃദം നിലനില്‍ക്കുന്നുണ്ട്. ഇതാണ് പൊതു അവസ്ഥ. എന്നിരിക്കെ, മുസ്‌ലിം പെണ്‍കുട്ടിയെ സൗഹൃദത്തിന്റെ സര്‍ക്കിളുകളില്‍ തങ്ങളിലൊരാളായി ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്നുള്ളത് അവളെ ഒറ്റപ്പെടാന്‍ വഴിയൊരുക്കുന്നു എന്ന് ഫാസില എഴുതിയത് അതിശയോക്തിപരമാണ്. സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്താനും വര്‍ഗീയവത്കരണം ശക്തിപ്പെടുത്താനും മാത്രമേ ഇത്തരം പരാമര്‍ശങ്ങള്‍ സഹായിക്കൂ.
ഫാസില എഴുതിയത് പോലുള്ള ഒറ്റപ്പെട്ട അനുഭവങ്ങള്‍ ചിലര്‍ക്ക് ഉണ്ടാകാം. ഒന്നോ രണ്ടോ ശതമാനം മാത്രമായിരിക്കും അത്. ബാക്കി തൊണ്ണൂറ്റിയെട്ടു ശതമാനം ഉണ്ടല്ലോ. അതല്ലേ പൊതു അവസ്ഥയായി എടുക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ കേരളത്തിലെ കാമ്പസുകളിലെ പൊതു അവസ്ഥ മുസ്‌ലിം പെണ്‍ക്കുട്ടിക്കു ഏറെ സൗഹൃദപരമാണ്. അതുകൊണ്ടാണല്ലോ മഫ്ത ധരിച്ചവര്‍ കാമ്പസില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതുകൊണ്ടാണല്ലോ ഫാസില എഴുതിയപോലെ മലബാറിലെ പ്രശസ്തമായ ഒരു പ്രഫഷണല്‍ കോളേജില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഒരു സാംസ്‌കാരിക നായകന്‍ 'ഇതെന്താ അറബിക്കോളേജോ' എന്നു സദസ്സിലെ മഫ്തകളുടെ എണ്ണം കണ്ട് അത്ഭുതപ്പെട്ടത്. യഥാര്‍ഥത്തില്‍ ഫാസിലയുടെ ഈ വരികളില്‍ തന്നെ അവരുന്നയിച്ച വാദങ്ങള്‍ക്ക് മറുപടിയുണ്ട്.
Comments