Prabodhanm Weekly

Pages

Search

2013 ജൂലായ് 26

തൗബ ഒരു വിപ്ലവം

ആത്മശോധന ഓരോ വ്യക്തിയും സ്വയം ചെയ്യേണ്ടതും ചെയ്യാവുന്നതുമാണ്. അതിനു ബാഹ്യശക്തികളുടെ സഹായമൊന്നും ആവശ്യമില്ല. എന്നുവെച്ച് നിഷ്പ്രയാസം ചെയ്യാവുന്ന കാര്യമാണതെന്ന് വിചാരിക്കേണ്ട. സ്വയം ശുദ്ധീകരിക്കുക ഒരു സാഹസിക സംരംഭം തന്നെയാണ്. സ്വന്തം കുറ്റങ്ങളും കുറവുകളും സ്വയം ബോധ്യപ്പെടുകയാണതിന്റെ പ്രഥമ ഘട്ടം. ഇത് പറയുന്നത്ര എളുപ്പമുള്ള കാര്യമല്ല. അന്യരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കാനും വിമര്‍ശിക്കാനും നാം എപ്പോഴും തല്‍പരരാണ്. സ്വന്തം കുറ്റങ്ങള്‍ കാണാനുള്ള കണ്ണ് അധികം പേര്‍ക്കുമില്ല. ഇനി കണ്ടാല്‍ത്തന്നെ അതിനെ എങ്ങനെയെങ്കിലും ന്യായീകരിക്കാനാണ് ഉത്സാഹിക്കുക. അന്യരുടെ വ്രണങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം നമുക്കസഹ്യമാണ്. പക്ഷേ സ്വന്തം വ്രണങ്ങളുടെ ദുര്‍ഗന്ധം പലരും തിരിച്ചറിയുന്നുപോലുമില്ല. സ്വന്തം വായ്‌നാറ്റമല്ല, അതാരെങ്കിലും പറയുന്നതാണ് നമുക്കരോചകം. നമ്മുടെ ദുശ്ശീലങ്ങളുടെയും ദൗര്‍ബല്യങ്ങളുടെയും സ്ഥിതിയും ഇതുതന്നെയാണ്. കുറവിനെ കുറവായി കണ്ടാലേ പരിഹരിക്കാനാകൂ. കുറവിനെ മികവായി കണ്ടാല്‍ വളര്‍ത്തുകയാണ് ചെയ്യുക.
മനുഷ്യ മനസ്സില്‍ ധര്‍മത്തിന്റെയും അധര്‍മത്തിന്റെയും പ്രവണതകള്‍ പ്രകൃത്യാ നിക്ഷിപ്തമാണെന്നും ധര്‍മപ്രവണതയെ ഉത്തേജിപ്പിക്കുകയും അധര്‍മപ്രവണതയെ തമസ്‌കരിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് ജീവിത സാഫല്യമെന്നും ഖുര്‍ആന്‍ (91:7-10) ഉണര്‍ത്തുന്നുണ്ട്. തിന്മയെ ആക്ഷേപിക്കുന്ന മനസ്സ്-നഫ്‌സുല്ലവ്വാമഃ-മനഃസാക്ഷി ഒരു യാഥാര്‍ഥ്യമാണെന്നും ഖുര്‍ആന്‍ (75:2) സൂചിപ്പിക്കുന്നു. നന്മകളെയെന്നപോലെ തിന്മകളെയും മനസ്സ് പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. തിന്മകളെ പ്രചോദിപ്പിക്കുന്ന മനസ്സിനെ ഖുര്‍ആന്‍ അമ്മാറതുന്‍ ബിസ്സൂഅ് എന്നു വിളിക്കുന്നു. ദ്വന്ദ മനസ്സുകള്‍ സദാ സംഘര്‍ഷത്തിലാണ്. ഈ അന്തഃസംഘര്‍ഷത്തില്‍ നഫ്‌സുല്ലവ്വാമഃ മേല്‍ക്കൈ നേടുന്നുവെങ്കിലേ ആത്മശോധന സഫലമാകൂ. പരസ്പര വിരുദ്ധമായ രണ്ടു മനസ്സുകളെ തിരിച്ചറിയുകയും അവയുടെ സംഘട്ടനത്തില്‍ നഫ്‌സുല്ലവ്വാമയെ ജയിപ്പിക്കുകയും ചെയ്യുക എന്നത് ആത്മശോധകന്‍ നേരിടുന്ന കടുത്ത വെല്ലുവിളിയാണ്. പ്രഭുപത്‌നിയുടെ പ്രലോഭനത്തില്‍നിന്നു രക്ഷപ്പെട്ടതിനെക്കുറിച്ച് പ്രവാചകവര്യന്‍ യൂസുഫ്(അ) പ്രസ്താവിച്ചതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ''ഞാന്‍ എന്റെ മനസ്സിനെ കുറ്റമുക്തമാക്കുന്നില്ല. മനസ്സ് തിന്മയെ പ്രചോദിപ്പിക്കുന്നതുതന്നെയാണ്-വിധാതാവിന്റെ കാരുണ്യം ലഭിച്ചാലൊഴിച്ച്'' (12:53). അപ്പോള്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നോര്‍ത്തു നോക്കുക. അല്ലാഹുവിന്റെ കാരുണ്യം മാത്രമാണവന്റെ പിടിവള്ളി. അതിനുവേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയാണ് ആത്മപരിശോധകര്‍ ആദ്യം ചെയ്യേണ്ടത്.
ദൗര്‍ബല്യങ്ങളും ദുശ്ശീലങ്ങളും കണ്ടെത്തുന്നതിനെക്കാള്‍ പ്രയാസകരമാണ് അവ വര്‍ജിക്കാന്‍ തീരുമാനിക്കുക. ചിലര്‍ സ്വന്തം കുറ്റങ്ങള്‍ മനസ്സിലാക്കിയാലും മറ്റുള്ളവരുടെ മുമ്പില്‍ അതിനെ ന്യായീകരിക്കുന്നു. ചിലര്‍ മറ്റുള്ളവരോട് സമ്മതിക്കുന്ന കുറ്റവും വര്‍ജിക്കാന്‍ തയാറാകുന്നില്ല. ഇതൊക്കെ ആത്മവഞ്ചനയാണ്. പലര്‍ക്കും ഈ കാപട്യത്തെ മറികടക്കാനാകുന്നില്ല. ആത്മശോധനയെ ആത്മവഞ്ചന അതിജയിക്കുകയാണിവിടെ. ഇത്തരക്കാരെക്കുറിച്ച് അല്ലാഹു പ്രവാചകനെ ഉപദേശിച്ചു: ''ആത്മവഞ്ചകര്‍ക്കുവേണ്ടി നീ വാദിക്കേണ്ടതില്ല. കൊടുംചതിയനും മഹാപാപിയുമായവനെ അല്ലാഹു സ്‌നേഹിക്കുന്നില്ല'' (4:107). അവര്‍ക്കു സ്വയം തിരുത്താനാവില്ല; മറ്റുള്ളവര്‍ക്കുമാവില്ല. ''അവര്‍ നിന്നെ വഞ്ചിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ അതിനു മുമ്പവര്‍ അല്ലാഹുവിനെ വഞ്ചിച്ചിരിക്കുന്നു'' (8:71).
സ്വയം വിചാരണ അനായാസകരമായ ഒരു കൂട്ടരുണ്ട്. പരലോക ജീവിതത്തെ കണ്‍മുമ്പിലുള്ള യാഥാര്‍ഥ്യമെന്നോണം മനസ്സിലുറപ്പിക്കുകയും അതിന് ഇഹലോക ജീവിതത്തെക്കാള്‍ പ്രാധാന്യം കല്‍പ്പിക്കുകയും ചെയ്യുന്നവര്‍. സ്വന്തം താല്‍പര്യങ്ങളെ അവഗണിച്ച് അല്ലാഹുവിന്റെയും റസൂലിന്റെയും പ്രീതിയെ പിന്‍പറ്റുന്നവര്‍. ഈ ലോകത്തെ സ്ഥാനമാനങ്ങളെക്കാളും സമ്പത്തിനെക്കാളും മഹത്തരമായി അല്ലാഹുവിലുള്ള സ്ഥാനമാനങ്ങളെയും പുരസ്‌കാരങ്ങളെയും കരുതുന്നവര്‍. അവരുടെ പ്രഥമവും പ്രധാനവുമായ ജീവിത ലക്ഷ്യം പരലോകമാണ്. സുവ്യക്തവും തീക്ഷ്ണവുമായ ലക്ഷ്യബോധമുള്ളവര്‍ക്ക് ഉദ്ദിഷ്ട ലക്ഷ്യത്തിലേക്കുതന്നെയാണോ തങ്ങളുടെ പ്രയാണമെന്ന് പരിശോധിക്കുക പ്രയാസമുള്ള കാര്യമല്ല. അല്ലാഹുവിന്റെ കാരുണ്യത്താല്‍ അവര്‍ക്കു സ്വന്തം വഴി കാണാനുള്ള വെളിച്ചം ലഭിക്കുന്നു: ''സത്യവിശ്വാസികളേ, അല്ലാഹുവിനോടു ഭക്തി പുലര്‍ത്തുവീന്‍. അവന്റെ ദൂതനില്‍ വിശ്വസിക്കുവീന്‍. അല്ലാഹു അവന്റെ കാരുണ്യത്തില്‍നിന്ന് ഇരട്ടി വിഹിതം നിങ്ങള്‍ക്കു തരും. നിങ്ങള്‍ക്ക് വഴി കണ്ടു നടക്കാന്‍ ഒരു വെളിച്ചവും പ്രദാനം ചെയ്യും'' (57:28). ലക്ഷ്യം എത്ര കണ്ട് അവ്യക്തവും വിദൂരവുമാണോ, അത്ര കണ്ട് അതിലേക്കുള്ള മാര്‍ഗം അവ്യക്തവും സങ്കീര്‍ണവുമാകുന്നു.
വ്യക്തിത്വത്തിന്റെ ന്യൂനതകള്‍ ബോധ്യപ്പെടുക എന്നത് ആത്മശോധനയുടെ പ്രഥമ ഘടകമാകുന്നു. അതുകൊണ്ടു മാത്രം ജീവിതം ശുദ്ധീകരിക്കപ്പെടുന്നില്ല. അതിന്, കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിക്കാനും മികവുകള്‍ വളര്‍ത്താനും പര്യാപ്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. രോഗ നിര്‍ണയം കൊണ്ട് മാത്രം ആരോഗ്യം വീണ്ടുകിട്ടുന്നില്ല. ആവശ്യമായ ചികിത്സയും ഔഷധവും അവലംബിച്ചാലേ അതു കിട്ടൂ. അതാണ് ആത്മശോധനയുടെ രണ്ടാം ഘട്ടം. ആത്മരോഗങ്ങള്‍ക്കുള്ള ചികിത്സ തൗബ-പശ്ചാത്താപമാണ്. റമദാന്‍ അല്ലാത്ത കാലത്തും മിക്ക വിശ്വാസികളും പതിവായി തൗബ ചെയ്യുന്നുണ്ട്. പലപ്പോഴും അറിയാതെ ഉരുവിടുന്ന ഒരു പതിവ് പ്രാര്‍ഥനാ വാക്യം മാത്രമാണത്. അല്ലാഹുമ്മ ഇന്നീ അതൂബു ഇലൈക്ക- 'അല്ലാഹുവേ ഞാന്‍ നിന്റെ മുമ്പില്‍ എന്റെ കുറ്റങ്ങളേറ്റു പറഞ്ഞു പശ്ചാത്തപിക്കുന്നു', അല്ലെങ്കില്‍ അല്ലാഹുമ്മതുബ് അലൈനാ-'അല്ലാഹുവേ ഞങ്ങളുടെ പശ്ചാത്താപം കൈക്കൊള്ളേണമേ' എന്നു പ്രാര്‍ഥിക്കുന്ന പലര്‍ക്കും തൗബ ചെയ്യുകയാണെന്ന ബോധമേ ഉണ്ടാകാറില്ല. തന്റെ ഏതൊക്കെ പാപങ്ങളാണ് അല്ലാഹുവിനോട് ഏറ്റുപറയുന്നത് എന്നോര്‍ക്കാറുമില്ല. രോഗമറിയാതെ ചികിത്സിക്കുന്നതുപോലെയാണിത്. ഇതല്ല അല്ലാഹുവും പ്രവാചകനും ആവശ്യപ്പെട്ട തൗബ. തൗബ ജീവിതത്തില്‍ സ്വയം നടത്തുന്ന ഒരു മഹാവിപ്ലവമാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അര്‍ഥമറിയാത്ത മാമൂല്‍ മന്ത്രമല്ല യഥാര്‍ഥ തൗബ; സ്വയം മാറുന്നതിനുള്ള പ്രതിജ്ഞയും അതിലേക്കുള്ള ക്രിയാത്മകമായ ചുവടുവെപ്പുമാണ്. കുറ്റബോധവും പാപമോചനത്തിനുള്ള അദമ്യമായ ആഗ്രഹവും പുണ്യങ്ങളോടുള്ള ആത്മാര്‍ഥമായ ആഭിമുഖ്യവും ദൈവകാരുണ്യത്തിനു വേണ്ടിയുള്ള നിഷ്‌കളങ്കമായ പ്രാര്‍ഥനയും തൗബയാകുന്ന ഔഷധത്തിന്റെ ഒഴിച്ചു കൂടാത്ത ചേരുവകളാകുന്നു. സ്വയം വിപ്ലവത്തിന്റെ ആയുധങ്ങളാകുന്നു. ഈ ചേരുവകളുടെ, ആയുധങ്ങളുടെ വീര്യത്തെ ആശ്രയിച്ചിരിക്കുന്നു തൗബയുടെ വീര്യവും ഫലപ്രാപ്തിയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 99-106
എ.വൈ.ആര്‍