Prabodhanm Weekly

Pages

Search

2013 ജൂലായ് 26

നോമ്പിന്റെ ആരോഗ്യ ശാസ്ത്രം

അബ്ദുല്ല നദ്‌വി കുറ്റൂര്‍

ഇസ്‌ലാമിലെ മറ്റേത് ആരാധനാ കര്‍മങ്ങളെയും പോലെ ദൈവിക പ്രീതിയും പാരത്രിക മോക്ഷവും മാത്രമല്ല ഇസ്‌ലാമിലെ വ്രതാനുഷ്ഠാനം ലക്ഷ്യമാക്കുന്നത്. സകാത്തുകൊണ്ട് സമ്പത്തിനോടുള്ള ആര്‍ത്തി കുറക്കലും സമ്പത്തിന്റെ അഭിവൃദ്ധിയും ദാരിദ്ര്യ നിര്‍മാര്‍ജനവും ലക്ഷ്യമാക്കുന്നതുപോലെ നോമ്പിലൂടെ ആയുരാരോഗ്യവും രോഗവിമുക്തിയും ഇസ്‌ലാം ഉദ്ദേശിക്കുന്നുണ്ട്. നോമ്പ് ഒരു സമഗ്ര ആരോഗ്യപദ്ധതി ആണെന്ന് വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. പല കഠിന രോഗങ്ങളും നോമ്പ് മുഖേന അനായാസം ഭേദപ്പെടുത്താന്‍ സാധിക്കുമത്രെ. വര്‍ഷംതോറും വിശ്വാസികള്‍ നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട ഒരു ജീവിത വ്യവസ്ഥിതിയായി നോമ്പിനെ കണക്കാക്കാം. അത് മനുഷ്യനെ മാനസികമായും ശാരീരികമായും അഗാധമായി സ്വാധീനിക്കുന്നു. ഒരു രോഗപ്രതിരോധ പദ്ധതി എന്ന നിലക്ക് രോഗാവസ്ഥ തരണം ചെയ്യാന്‍ രോഗിയെ പ്രാപ്തനാക്കുന്നതോടൊപ്പം രോഗങ്ങള്‍ ഭേദപ്പെടുത്താന്‍ ഉതകുന്ന ഫലവത്തായ ചികിത്സാ പദ്ധതിയും കൂടിയാണ് നോമ്പ്.

നേട്ടങ്ങള്‍, പ്രയോജനങ്ങള്‍
നോമ്പ് കൊണ്ട് ലഭിക്കുന്ന ആരോഗ്യപരമായ നേട്ടങ്ങള്‍ നിരവധിയാണ്. വയര്‍ നിറച്ച് ഭക്ഷണം കഴിക്കുന്നതും ക്രമരഹിതമായ ഭക്ഷണശീലവുമാണ് ഒട്ടുമിക്ക രോഗങ്ങള്‍ക്കും അടിസ്ഥാന കാരണം. നോമ്പ് അനുഷ്ഠാനവും അതിലൂടെ ലഭിക്കുന്ന ഭക്ഷണ ക്രമീകരണവും പഥ്യാചരണവും ഇത്തരം രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്. പ്രവാചകന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. ''തന്റെ വയറിനേക്കാള്‍ വിനാശകരമായി ഒരു പാത്രവും ഒരു മനുഷ്യന്‍ നിറക്കുന്നില്ല. തന്റെ മുതുക് നിവര്‍ത്തിപ്പിടിക്കാന്‍ ഏതാനും പിടികള്‍ മാത്രം മതി മനുഷ്യപുത്രന്. അതിലും കൂടുതല്‍ വേണമെന്നുണ്ടെങ്കില്‍ വയറിന്റെ മൂന്നില്‍ ഒരു ഭാഗം ഭക്ഷണത്തിന് നീക്കിവെക്കുക. ശ്വാസോഛ്വാസത്തിനും പാനീയത്തിനുമായി ബാക്കി രണ്ട് ഭാഗവും.'' പ്രവാചകന്‍ മുസ്‌ലിം സമൂഹത്തിന് ഒരു ആഹാരരീതിയും ഭക്ഷണക്രമവും പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്. തങ്ങള്‍ മറ്റുള്ളവരെപ്പോലെ വാരിവലിച്ച് ഭക്ഷണം കഴിച്ച് കൂത്താടി ജീവിക്കേണ്ടവരല്ലെന്ന് അവരെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. പ്രവാചകന്‍ പറഞ്ഞു: ''വിശക്കുമ്പോഴല്ലാതെ നാം ഭക്ഷണം കഴിക്കുകയില്ല. ഭക്ഷിക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവരുമല്ല നാം.'' വൈദ്യശാസ്ത്രം സ്ഥിരീകരിച്ച, നോമ്പ് കൊണ്ട് ലഭിക്കുന്ന പ്രധാന പ്രയോജനങ്ങള്‍ ഇങ്ങനെ

സംഗ്രഹിക്കാം.
1. വിഷാംശങ്ങള്‍ പുറംതള്ളാനും ശുദ്ധീകരണ പ്രക്രിയക്കും ശരീരത്തിന് അവസരം നല്‍കുന്നു. വിഷാംശങ്ങള്‍ അടിഞ്ഞ് കൂടുമ്പോള്‍ ശരീരം ക്രമേണ ദുര്‍മേദസിന് കീഴടങ്ങുന്നു. അതിന് ഫലപ്രദവും പ്രകൃതിദത്തവുമായ ഏക പരിഹാരം വിശപ്പ് ചികിത്സയാണ്. വിശപ്പിലൂടെ ദുര്‍മേദസിനെയും വിഷാംശങ്ങളെയും എളുപ്പത്തില്‍ നിര്‍മാര്‍ജനം ചെയ്യാം.
2. ശരീരകോശങ്ങള്‍ക്കും ഗ്രന്ഥികള്‍ക്കും അവയുടെ ദൗത്യം ഭംഗിയായി നിര്‍വഹിക്കാന്‍ അവസരവും വിശ്രമവും ലഭിക്കുന്നു. വിശിഷ്യ, ആമാശയത്തിനും കരളിനും കുടലുകള്‍ക്കും.
3. വൃക്കകള്‍ക്കും മൂത്രാശയ ഗ്രന്ഥികള്‍ക്കും അല്‍പസമയം വിശ്രമം ലഭിക്കുക മൂലം മാലിന്യങ്ങള്‍ പുറംതള്ളാന്‍ അത് വൃക്കയെ സഹായിക്കുകയും ക്ഷതമേല്‍ക്കാതെ വൃക്കയെ സംരക്ഷിക്കുകയും ചെയ്യുന്നു.
4. രക്തധമനികളിലേക്ക് പ്രവേശിച്ച വിഷാംശങ്ങള്‍ ലഘൂകരിക്കപ്പെടുകയും രക്തം കട്ടപിടിക്കുന്നതില്‍നിന്ന് ധമനികള്‍ക്ക് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.
5. നോമ്പ് ശരീരത്തിന് വിശപ്പ് നല്‍കുന്നു. നോമ്പിന് ശേഷം ഭക്ഷണത്തോടുള്ള ആഭിമുഖ്യവും പ്രതിപത്തിയും സര്‍വോപരി വര്‍ധിക്കുന്നു. നോമ്പ് കാലത്തിന് ശേഷം കൃത്യമായി ഭക്ഷണം കഴിച്ചുതുടങ്ങുമ്പോള്‍ മനസ്സിന് ഉന്മേഷവും ശരീരത്തിന് ഊര്‍ജസ്വലതയും കൈവരുന്നു.
6. നോമ്പ് മനോദൃഢതയും ഇഛാശക്തിയും വര്‍ധിപ്പിക്കുന്നു. അങ്ങനെ മനസ്സിനെ തിന്മകളില്‍ നിന്ന് നിയന്ത്രിക്കുകയും അധമവികാരങ്ങളെയും പൈശാചിക തൃഷ്ണയെയും കടിഞ്ഞാണിടുകയും ചെയ്യുന്നു. നോട്ടം, അധമചിന്തകള്‍, ലൈംഗിക ചേഷ്ഠകള്‍ എന്നിവയെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ നോമ്പിലൂടെ സാധിക്കുന്നു. ഇത്‌കൊണ്ടാവാം വിവാഹം കഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത യുവാക്കളോട് അതിന് പ്രതിവിധിയായി പ്രവാചകന്‍ വ്രതമെടുക്കാന്‍ ഉദ്‌ബോധിപ്പിച്ചത്. പ്രവാചകന്‍ അവരോട് ഇപ്രകാരം ഉപദേശിച്ചു. ''യുവാക്കളുടെ സമൂഹമേ, നിങ്ങളില്‍ വിവാഹം കഴിക്കാന്‍ പ്രാപ്തിയുള്ളവര്‍ വിവാഹം കഴിക്കുക. അത് ദൃഷ്ടിയെ നിയന്ത്രിക്കാനും ഗുഹ്യസ്ഥാനത്തെ സംരക്ഷിക്കാനും പര്യാപ്തമാണ്. അതിന് സാധിക്കാത്തവര്‍ വ്രതമനുഷ്ഠിച്ചുകൊള്ളുക. കാരണം നോമ്പ് അതിന് ഒരു പരിചയാണ്.'' ലൈംഗിക ചിന്തകളിലും ചേഷ്ടകളിലും നോമ്പ് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിയപ്പോള്‍, ലൈംഗിക തൃഷ്ണയെ ശമിപ്പിക്കാനും അതിന്റെ അഭിനിവേശത്തെ ചെറുക്കാനും നോമ്പിന് അനല്‍പമായ ശക്തി ഉണ്ടെന്ന് കണ്ടെത്തുകയുണ്ടായി.
7. ദഹനേന്ദ്രിയ - ആമാശയ രോഗങ്ങളെ നോമ്പ് ശക്തമായി പ്രതിരോധിക്കുന്നു. 12 മണിക്കൂര്‍ നേരം വിശപ്പ് സഹിച്ച് വ്രതമനുഷ്ഠിക്കുമ്പോള്‍ ദഹനേന്ദ്രിയങ്ങളെയും വന്‍കുടലുകളെയും കരളിനെയും ദഹനക്കുറവിനെയും ഫലപ്രദമായി ചികിത്സിക്കുകയാണ് നോമ്പ്.
8. ഹൃദ്രോഗികള്‍ നോമ്പിലൂടെ ആരോഗ്യം കൈവരിക്കുന്നതായി വൈദ്യശാസ്ത്ര പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു. ഇത്തരം രോഗികള്‍ മൂത്രത്തിന്റെയും വിയര്‍പ്പിന്റെയും കൂടെ അസംഖ്യം മാലിന്യങ്ങളും വിസര്‍ജിക്കുന്നുവെന്നതാണ് അതിന് കാരണം. ഇതാവട്ടെ അതിന് പ്രകൃതിപരമായ ഒരു ചികിത്സയുമാണ്. പക്ഷേ ഇത്തരം രോഗികള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ഉപദേശം തേടുന്നത് അഭികാമ്യമായിരിക്കും. അവര്‍ക്ക് അന്തിമമായി ഉപദേശം നല്‍കേണ്ടതും അവരുടെ ഡോക്ടര്‍മാരാണ്. നോമ്പ് കൊണ്ട് ഒരു രോഗിയും കഷ്ടപ്പെടാന്‍ ഇടവരരുത്.

ഉപവാസ ചികിത്സ
ഉപവാസ ചികിത്സ ആധുനികരെപ്പോലെ പൂര്‍വികരും പണ്ടുമുതലേ പരീക്ഷിച്ച് പോന്നിട്ടുള്ളതാണ്. പല കഠിന രോഗങ്ങളും ഉപവാസം കൊണ്ട് ഭേദപ്പെട്ടതായി അവരുടെ പരീക്ഷണങ്ങളില്‍നിന്നും പഠനങ്ങളില്‍നിന്നും വ്യക്തമായിട്ടുണ്ട്. താഴെ പറയുന്ന രോഗങ്ങള്‍ തടയാന്‍ നോമ്പ് ഏറെ ഫലപ്രദമാണ്.
ദുര്‍മേദസ്: ആധുനിക ലോകം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളിയും വ്യാപകമായി കണ്ടുവരുന്ന ഒരു രോഗവുമാണ് ദുര്‍മേദസ്. നോമ്പ് കൊണ്ട് ഇത്തരം രോഗികള്‍ ക്ഷീണമോ അവശതയോ വിശപ്പോ അനുഭവിക്കാതെ തന്നെ 1-5 കിലോ തൂക്കം കുറയുന്നതായി കണ്ടിട്ടുണ്ട്.
പ്രമേഹം: പ്രായം കൂടിയവരില്‍ കാണപ്പെടുന്ന ഒട്ടുമിക്ക പ്രമേഹത്തിന്റെയും മുഖ്യകാരണം ഭക്ഷണക്രമത്തിലുള്ള താളപ്പിഴയും ഭക്ഷണ ശീലവുമാണ്. മിക്ക പ്രമേഹ രോഗികള്‍ക്കും പ്രമേഹത്തോടൊപ്പം ദുര്‍മേദസും കണ്ടുവരുന്നു. ഭക്ഷണക്രമീകരണമാണ് അതിന് ഏറ്റവും ഫലവത്തായ ചികിത്സാരീതി. ഇത്തരം രോഗികള്‍ക്ക് നോമ്പ് ഒരു പ്രതിരോധം മാത്രമല്ല, ചികിത്സയും കൂടിയാണ്.
കൊളസ്‌ട്രോള്‍: കൊളസ്‌ട്രോളിന്റെ അളവ് ചുരുങ്ങാന്‍ 12 മണിക്കൂറോ അതില്‍ കൂടുതലോ ഉപവാസമനുഷ്ഠിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് ആധുനിക വൈദ്യശാസ്ത്രം വെളിപ്പെടുത്തുന്നു. കൊളസ്‌ട്രോളും ശരീരത്തിലെ എണ്ണക്കൊഴുപ്പും ലഘൂകരിക്കാന്‍ നോമ്പ് ഏറെ പ്രയോജനപ്രദമാണ്. പ്രമേഹത്തെപ്പോലെ കൊളസ്‌ട്രോളും ഹൃദയത്തിനും കണ്ണിനും സന്ധികള്‍ക്കും പല തകരാറുകളും സൃഷ്ടിക്കാനിടയുണ്ട്.
രക്തവാതം: അമിതമായി മാംസവും മറ്റും കഴിക്കുന്നതിന്റെ പരിണിത ഫലമാണ് ഈ രോഗം. രക്തവാതം ഭേദപ്പെടുത്താന്‍ നോമ്പ് വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് വെളിപ്പെട്ടിട്ടുണ്ട്.
രക്തസമ്മര്‍ദം: രക്തസമ്മര്‍ദം പ്രധാനമായും ഉണ്ടാകുന്നത് കൊളസ്‌ട്രോളിന്റെയും ദുര്‍മേദസിന്റെയും അനന്തര ഫലമായിട്ടാണെന്ന് വൈദ്യശാസ്ത്രം പറയുന്നു. ഈ രോഗം നോമ്പ് കൊണ്ട് ചികിത്സിച്ച് മാറ്റാവുന്നതാണ്. കാരണം ഉയര്‍ന്ന രക്തസമ്മര്‍ദം കുറക്കാന്‍ നോമ്പിന് അപാരമായ ശക്തിയുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപവാസം കൊണ്ട് ഈ രോഗത്തെ ചികിത്സിക്കുന്ന പല ക്ലിനിക്കുകളും ആരോഗ്യ കേന്ദ്രങ്ങളും നിലവിലുണ്ട്.
ചര്‍മരോഗങ്ങള്‍: എക്‌സിമാ, ചൊറി, ചിരങ്ങ്, ചൂടുകുരു പോലുള്ള ചര്‍മരോഗങ്ങള്‍ സുഖപ്പെടുകയും അവയുടെ ലക്ഷണങ്ങള്‍ ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്യുന്നതായി നിരീക്ഷിക്കപ്പെടുന്നുണ്ട്. അതോടൊപ്പം പച്ചക്കറികളും ഇലകളും പഴവര്‍ഗങ്ങളും ധാരാളമായി കഴിച്ചുകൊണ്ടിരുന്നാല്‍ ശരീരത്തിന് വിറ്റാമിനുകളും ധാതുലവണവും ധാരാളം ലഭിക്കുകയും ചെയ്യും. ചര്‍മകാന്തിക്ക് അവ അത്യന്താപേക്ഷിതമാണ്.
കാസരോഗം: മാനസികവും ഞെരമ്പ് സംബന്ധവുമായ അനേകം വൈഷമ്യങ്ങള്‍ സൃഷ്ടിക്കുന്ന കാസരോഗത്തിന് നോമ്പ് മുഖേന ആശ്വാസം ലഭിക്കുന്നു. കാസരോഗികളായ പലര്‍ക്കും നോമ്പിലൂടെ ശമനം ലഭിച്ചിട്ടുണ്ട്.
മൂത്രാശയ രോഗങ്ങള്‍: പഴക്കം ചെന്ന ഒട്ടനേകം മൂത്രാശയ രോഗങ്ങള്‍ക്ക് ഒരു ആന്തരിക ശുദ്ധീകരണ പ്രക്രിയയായ നോമ്പ് ഉത്തമ പ്രതിവിധിയാണ്. മൂത്രാശയത്തില്‍ തങ്ങി നില്‍ക്കുന്ന അമ്ലങ്ങളെയും കല്ലുകളെയും മൂത്രത്തിലൂടെ പുറംതള്ളാന്‍ നോമ്പ് സഹായകമാണ്.
മാനസിക രോഗങ്ങള്‍: സ്ഥിരമായ തലവേദന, ഉറക്കമില്ലായ്മ തുടങ്ങിയ രോഗങ്ങള്‍ മാനസിക സംഘര്‍ഷത്തിന്റെ അനന്തരഫലമാണ്. ഇത്തരം രോഗങ്ങള്‍ ഒരു പരിധിവരെ വ്രതത്തിലൂടെ നിയന്ത്രിക്കാനാവും. മാനസിക വിഭ്രാന്ത്രിക്കും സംഘര്‍ഷങ്ങള്‍ക്കും പ്രതിവിധിയാണ് നോമ്പ്. ഇതുപോലെ ശ്രദ്ധക്കുറവ്, ഏകാഗ്രതയില്ലായ്മ എന്നിവക്കും നോമ്പ് ഫലവത്താണെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരു പറ്റം വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ നിരീക്ഷണത്തില്‍ അത് തെളിഞ്ഞിട്ടുണ്ട്.
ഗ്രന്ഥികളുടെ ശൈഥില്യം: മനുഷ്യ ഗ്രന്ഥികളെ സന്തുലിതമാക്കുന്നതില്‍ നോമ്പിന് വലിയ പങ്കുണ്ട്. നോമ്പ് മന്ദീഭവിച്ച ഗ്രന്ഥികളെ പ്രവര്‍ത്തനക്ഷമമാക്കുകയും അമിതമായി പ്രവര്‍ത്തിക്കുന്ന ഗ്രന്ഥികളെ നിയന്ത്രിക്കുകയും നിഷ്‌ക്രിയമായ ഗ്രന്ഥികളെ സജീവമാക്കുകയും ചെയ്യുന്നു.
ദഹനേന്ദ്രിയങ്ങള്‍: ആമാശയ രോഗങ്ങള്‍, വന്‍കുടല്‍ വ്രണം, കരള്‍ ക്ഷതം, ദഹനക്കുറവ് തുടങ്ങിയ ദഹനേന്ദ്രിയ രോഗങ്ങളെ വ്രതം എളുപ്പത്തില്‍ ഭേദമാക്കുന്നു. സ്ത്രീകള്‍ക്ക് 45-50 വയസ് പിന്നിടുമ്പോള്‍ ആര്‍ത്തവ വിരാമത്തിന് നാന്ദി കുറിക്കുന്നതോടെ ചില മാനസിക അസ്വസ്ഥതകള്‍ പ്രകടമാവാറുണ്ട്. ഉറക്കക്കുറവ്, തലവേദന, പിരിമുറുക്കം തുടങ്ങിയവ അതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം അവസ്ഥകളെ മറികടക്കാന്‍ നോമ്പ് നിര്‍ണായക പങ്ക് വഹിക്കുന്നു.
(അവലംബം: അല്‍ കുവൈത്ത് അറബിക് മാഗസിന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 99-106
എ.വൈ.ആര്‍