Prabodhanm Weekly

Pages

Search

2013 ജൂലായ് 26

നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ നിത്യപ്രചോദനമാണ് ബദ്ര്‍

ടി. മുഹമ്മദ് വേളം

നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ ഉറവ വറ്റാത്ത പ്രചോദനമാണ് ബദ്ര്‍. നീതിക്കുവേണ്ടി ദാഹിക്കുന്നവര്‍ക്ക് ബദ്ര്‍ ഒരിക്കലും കെട്ടടങ്ങാത്ത ആവേശമാണ്. ജീവന്‍ വിലയായികൊടുത്തും സ്ഥാപിതമാക്കേണ്ട ദൈവികഗുണമാണ് ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം നീതി. കാരണം, ലോകത്തിന്റെ നിലനില്‍പ്പിനെ സാധ്യമാക്കുന്ന അച്ചുതണ്ടിന്റെ പേരാണത്.
ബദ്‌റിന് രണ്ട് തലങ്ങളുണ്ട്. ഒന്ന്, അത് ഏകദൈവ വിശ്വാസത്തെ സംരക്ഷിക്കാന്‍ പ്രവാചകന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ നടത്തിയ പ്രതിരോധ സമരമായിരുന്നു. ബദ്‌റിന്റെ തലേന്ന് പ്രവാചകന്‍ നടത്തിയ പ്രാര്‍ഥന ബദ്‌റിന്റെ ഈ വശത്തിന്റെ ഏറ്റവും നല്ല പാഠരൂപമാണ്. ''നാളെ ഞങ്ങളെങ്ങാന്‍ നശിപ്പിക്കപ്പെട്ടാല്‍ ഭൂമിയില്‍ നിന്റെ മാത്രം ദിവ്യത്വം അംഗീകരിക്കാന്‍ മറ്റൊരു കൂട്ടരുണ്ടാവില്ല തമ്പുരാനേ.'' ഏകദൈവ വിശ്വാസം തകര്‍ന്നു പോവാതിരിക്കാനുള്ള പോരാട്ടമായിരുന്നു അത്.
ബദ്‌റിന്റെ മറ്റൊരു തലം, ഖുര്‍ആന്‍ വെളിപ്പെടുത്തുന്നതാണ്. കഴിഞ്ഞ 13 കൊല്ലക്കാലം മക്കയില്‍ സായുധ പോരാട്ടങ്ങള്‍ നിഷിദ്ധമാക്കപ്പെട്ട വിശ്വസി സമൂഹത്തിന് യുദ്ധത്തിന് അനുമതി നല്‍കിക്കൊണ്ട് അല്ലാഹു പറയുന്നു: ''ആക്രമണത്തിനിരയായവര്‍ക്ക് നാം പ്രത്യാക്രമണത്തിന് അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവനാണ്. സ്വന്തം വീടുകളില്‍ നിന്നും നാട്ടില്‍ നിന്നും അന്യായമായി, അവകാശം നിഷേധിക്കപ്പെട്ട് പുറത്താക്കപ്പെട്ടവരാണ്. ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്നു പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളില്‍ ചിലരെക്കൊണ്ട് അക്രമികളായ മറ്റു ചിലരെ പ്രതിരോധിക്കുന്നില്ലായിരുന്നെങ്കില്‍ സന്യാസി മഠങ്ങളും ചര്‍ച്ചുകളും സിനഗോഗുകളും അല്ലാഹുവിന്റെ നാമം ധാരാളമായി സ്മരിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെട്ടുപോവുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വ ശക്തനും ഏറെ പ്രതാപിയുമാണ''(ഹജ്ജ് 39,40).
ബദ്‌റിന്റെ അനുമതി പ്രഖ്യാപനമാണിത്. എന്തിനാണ് ബദ്ര്‍ എന്ന ചോദ്യത്തിന് ഖുര്‍ആന്‍ നല്‍കുന്ന ഉത്തരം ഒരു മതവിഭാഗത്തിന്റെയും ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടാതിരിക്കാന്‍ എന്നാണ്. ഒരു വിഭാഗത്തെക്കൊണ്ട് മറ്റു വിഭാഗങ്ങളെ പ്രതിരോധിക്കുക എന്നതിന്റെ നേര്‍ക്കുനേരെയുള്ള അര്‍ഥം, അക്രമികളെ വിശ്വാസികള്‍ പ്രതിരോധിക്കുക എന്നതാണ്. എല്ലാ മനുഷ്യര്‍ക്കും മതവിഭാഗങ്ങള്‍ക്കും വേണ്ടി അക്രമികളെ പ്രതിരോധിക്കുക എന്നത് വിശ്വാസികളെ അല്ലാഹു ഭരമേല്‍പ്പിച്ച ഉത്തരവാദിത്വമാണ്. കാരണം, അത് നീതിയുടെ സംസ്ഥാപനമാണ്. മറ്റു മതവിശ്വാസങ്ങളോടുള്ള ദൈവശാസ്ത്രപരവും ധര്‍മശാസ്ത്രപരവുമായ വിയോജിപ്പുകള്‍ ഖുര്‍ആന്‍ ഒരളവിലും മറച്ചുവെച്ചിട്ടില്ല. ഖുര്‍ആന്‍ അവതരിച്ചത് തന്നെ, ഇവിടെ സംരക്ഷണത്തിനാഹ്വാനം ചെയ്യപ്പെട്ട ജൂത ക്രൈസ്തവരുടെ ദൈവ പുത്ര വാദത്തിനെതിരെ താക്കീതു നല്‍കാനാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (അല്‍കഹ്ഫ് 4). ആ ആദര്‍ശ വിയോജിപ്പുകള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാതിരിക്കാന്‍ കാരണമല്ല. ദൈവത്തെക്കുറിച്ചുള്ള അവരുടെ വിശ്വാസം തെറ്റായിരിക്കെത്തന്നെ, അത് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ദൈവ പ്രോക്തമാണ്. അത് സംരക്ഷിക്കപ്പെടുക എന്നതാണ് ഭൂമിയിലെ ദൈവ നീതി. ആ നീതിയുടെ സംസ്ഥാപനത്തിനും സംരക്ഷണത്തിനും വേണ്ടി നിലകൊള്ളാന്‍ ബാധ്യതപ്പെട്ടവരാണ് വിശ്വാസികള്‍. ഈ നീതിയുടെ മാര്‍ഗത്തില്‍ അല്ലാഹുവിനെ സഹായിക്കുന്നവരെ അവനും സഹായിക്കും എന്നാണ് വ്യക്തമാക്കുന്നത്. ''നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളാവുക'' (സ്വഫ്ഫ് 14) എന്നതിന്റെ ഒരര്‍ഥം മത സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള ജനാധിപത്യ മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പൊരുതുക എന്നതാണ്. മക്കയില്‍ നിന്ന് വിശ്വാസികള്‍ പുറത്താക്കപ്പെട്ടതിനെക്കുറിച്ച് മേല്‍ സൂക്തത്തില്‍ അല്ലാഹു പറയുന്നത്, അവര്‍ അവകാശം ഹനിക്കപ്പെട്ടുകൊണ്ട് പുറത്താക്കപ്പെട്ടവരാണെന്നാണ്. ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റും ഒരവകാശക്കൈയേറ്റവും അവര്‍ ചെയ്തിട്ടില്ല എന്നാണ്. അഥവാ ഇങ്ങനെ അവരവര്‍ക്ക് ബോധ്യമുള്ള, ഇഷ്ടമുള്ള വിശ്വാസാദര്‍ശങ്ങള്‍ പ്രകടിപ്പിക്കാനും പ്രബോധനം ചെയ്യാനും എല്ലാ മനുഷ്യര്‍ക്കും അവകാശമുണ്ട്. മക്കയില്‍ നിന്ന് പുറത്താക്കപ്പെട്ട വിശ്വാസികളെ സംബന്ധിച്ച ഏറ്റവും പ്രസക്തമായ പ്രശ്‌നമായി അല്ലാഹു ഒരു യുദ്ധാനുമതിയുടെ സന്ദര്‍ഭത്തില്‍ ഉന്നയിക്കുന്നത് അവര്‍ ജനാധിപത്യപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരായിരുന്നു എന്നതാണ്. ദൈവം പലതാണെന്ന് പറയാന്‍ മക്കയിലെ ഒരു ബഹുദൈവവിശ്വാസിക്കുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശവും ദൈവം ഒന്നുമാത്രമാണെന്നു പറയാന്‍ ഏകദൈവവിശ്വാസികള്‍ക്കുമുണ്ടായിരുന്നു. വിശ്വാസ വൈജാത്യങ്ങള്‍ അവകാശങ്ങളുടെ കൈയേറ്റത്തിന് കാരണമാവരുതായിരുന്നു. ഈ അവകാശം പുനഃസ്ഥാപിക്കുക എന്നത് ദൈവനീതിയെ സംബന്ധിച്ചേടത്തോളം പരമപ്രധാനമാണ്.
മനുഷ്യന് സ്വാതന്ത്ര്യം നല്‍കപ്പെട്ട മേഖലയിലും മനുഷ്യന്‍ അല്ലാഹുവിന്റെ സന്മാര്‍ഗം തന്നെ പിന്തുടരണമെന്നാണ് അവന്‍ അഭിലഷിക്കുന്നത്. എന്നാല്‍ ഇതിന് ബലം പ്രയോഗിക്കുക അവന്റെ ചര്യയല്ല. അവന്‍ സന്മാര്‍ഗവുമായി മനുഷ്യരിലേക്ക് നേരിട്ട് ചെല്ലാറുമില്ല. അതിനുപകരം പ്രവാചകന്മാരെയും അവരിലൂടെ ഉത്തമ സമുദായത്തെയും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയാണവന്‍ ചെയ്യുന്നത്. പ്രവാചകന്മാരുടെയും ഉത്തമ സമുദായങ്ങളുടെയും ആ ഉത്തരവാദിത്വ നിര്‍വഹണത്തെക്കുറിക്കാനാണ് 'അല്ലാഹുവിനെ സഹായിക്കുക' എന്ന പ്രയോഗം ഖുര്‍ആന്‍ നടത്തുന്നത.്~ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം ഒരാരാധനയിലൂടെയും നേടിയെടുക്കാനാവാത്ത ആത്മീയമായ ഏറ്റവും ഉയര്‍ന്ന പദവിയാണ് 'അല്ലാഹുവിന്റെ സഹായി' എന്നതെന്ന് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി വിശദീകരിക്കുന്നുണ്ട്.
ദൈവത്തെ സഹായിക്കുകയെന്ന ഈ ആത്മീയ ചര്യകളുടെ തന്നെ ഭാഗമാണ് ദൈവം മനുഷ്യന് സ്വാതന്ത്ര്യം നല്‍കിയ മേഖലകളിലും ദൈവനീതിയും മനുഷ്യാവകാശവും പുലരാന്‍ വേണ്ടി പൊരുതുക എന്നത്. അവിടെ നീതി സംജാതമാവണമെന്നതാണ് അല്ലാഹുവിന്റെ താല്‍പര്യം. അവന്‍ നേരിട്ടിറങ്ങി വന്ന് മനുഷ്യാവകാശങ്ങള്‍ സ്ഥാപിക്കുകയില്ല. പകരം അതിനു വേണ്ടി കൂടിയാണ് പ്രവാചകന്മാരെ നിയോഗിക്കുന്നതും മുസ്‌ലിം ഉമ്മത്തിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതും. സന്മാര്‍ഗത്തിന്റെ പ്രബോധനവും നീതിയുടെ സംസ്ഥാപനവുമാണ് അവരുടെ നിയോഗ ലക്ഷ്യം
ഇവിടെ പരാമര്‍ശിക്കപ്പെട്ട ബദ്‌റിന്റെ രണ്ടു മാനങ്ങളായ ഏകദൈവവിശ്വാസത്തിന്റെ സംരക്ഷണവും എല്ലാ മതസ്ഥരുടെയും മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണവും പരസ്പര ബന്ധിതമാണ്. കാരണം എല്ലാവരുടെ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ വിശ്വാസികളുടെ സ്വാതന്ത്ര്യവും നീതിപൂര്‍വം സംരക്ഷിക്കപ്പെടുകയുള്ളൂ. നീതി പുലരുക എന്നു പറയുന്നതിന്റെ അര്‍ഥം ഇസ്‌ലാമിക സ്വാതന്ത്ര്യം പുലരുക എന്നതാണ്. ഇസ്‌ലാമിനുള്ള സ്വാതന്ത്ര്യം പുലരുക എന്നാല്‍ എല്ലാവര്‍ക്കുമുള്ള സ്വാതന്ത്ര്യം പുലരുക എന്നും. ഏതെങ്കിലും ഒരു കൂട്ടര്‍ക്കു മാത്രം ലഭിക്കുന്ന നീതിയെയും അവകാശത്തെയും സ്വാതന്ത്ര്യത്തെയും കുറിക്കാന്‍ ഈ പദങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. കാരണം ഒരു കൂട്ടര്‍ക്ക് മാത്രം ലഭിക്കുന്ന ഒരു നീതിയുണ്ടാവില്ല, സ്വാതന്ത്ര്യവും അവകാശങ്ങളുമുണ്ടാവില്ല. ആ പദങ്ങളെല്ലാം ദൈവികമായ മൂല്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് തന്നെ മാനവികതയെയാണ് പ്രകാശിപ്പിക്കുന്നത്. അതുകൊണ്ടാണ് ഇസ്‌ലാം അതിന് തെറ്റെന്നുറപ്പുള്ള വിശ്വാസങ്ങളുടെ, ആരാധനാലയങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പൊരുതി മരിക്കുക എന്നത് പുണ്യകര്‍മമായി പ്രഖ്യാപിക്കുന്നത്. എല്ലാവര്‍ക്കുമായി ഒരു സ്വാതന്ത്ര്യം മാത്രമേയുള്ളൂ എന്നതാണ് ദൈവികമായ സത്യം. ഇത് ദൈവത്തിന്റെ ആളുകള്‍ പോലും മറന്നുപോവുന്നു എന്നതാണ് ദുഃഖസത്യം. അതുകൊണ്ടുതന്നെയാണ് പലപ്പോഴും നീതിപുലരാതെ പോവുന്നതും.
ബദ്‌റിന്റെ വിളംബര പ്രഖ്യാപനത്തിലാണ് എല്ലാ മതവിശ്വാസികളുടെയും അവകാശങ്ങളുടെ പ്രകടനപത്രിക അല്ലാഹു അവതരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ ബദ്‌റിന്റെ നേര്‍ക്കു നേരെയുള്ള സന്ദര്‍ഭത്തില്‍ യഹൂദരുടെയോ ക്രൈസ്തവരുടെയോ മറ്റു മതസ്ഥരുടെയോ ദേവാലയങ്ങളുടെ സംരക്ഷണം എന്ന വിഷയം ഉണ്ടായിരുന്നില്ല. എന്നിട്ടും പ്രഥമ യുദ്ധം എന്ന നിലക്ക് യുദ്ധത്തെക്കുറിച്ചുള്ള, ഇസ്‌ലാമിന്റെ രാഷ്ട്രീയ പോരാട്ടങ്ങളെക്കുറിച്ചുള്ള പൊതുതത്ത്വം അവതരിപ്പിക്കാനുള്ള സന്ദര്‍ഭമായി അതിനെ വിനിയോഗിക്കുകയായിരുന്നു.
വിശ്വാസ ആരാധനാ മതത്തെ പ്രചരിപ്പിക്കാന്‍ ഇസ്‌ലാം ഒരു യുദ്ധവും നടത്തിയിട്ടില്ല. മതത്തില്‍ ബലപ്രയോഗമില്ലെന്നത് ഖുര്‍ആന്റെ അസന്ദിഗ്ധമായ പ്രസ്താവനയാണ്. ഇസ്‌ലാം മുഴുവന്‍ യുദ്ധങ്ങളും രാഷ്ട്രീയ പോരാട്ടങ്ങളും നടത്തിയത് ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പുനഃസ്ഥാപനത്തിനു വേണ്ടിയാണ്. അതുകൊണ്ടാണ് അറബ് ഏകാധിപതികള്‍ക്കെതിരെ ജനാധിപത്യത്തിനുവേണ്ടി സമരം ചെയ്ത അറബ് വസന്തപോരാളികളെ ദൈവമാര്‍ഗത്തിലെ പോരാളികളെന്നും അതില്‍ മരണപ്പെട്ടവരെ രക്തസാക്ഷികളെന്നും സമകാലിക പണ്ഡിതന്മാര്‍ വിളിക്കുന്നത്. അങ്ങനെയാണ് ബൂഅസീസി രക്തസാക്ഷിയാവുന്നത്.
അല്ലാഹുവിന്റെ സവിശേഷത അവനില്‍ വിശ്വസിക്കുന്നവര്‍ക്കും വിശ്വസിക്കാത്തവര്‍ക്കും ഭൂമിയില്‍ കാരുണ്യം ചെയ്യുന്നവനാണെന്നതാണ്. അല്ലാഹുവിന്റെ ദീനിലും മനുഷ്യന്‍ രുചിക്കുന്ന സവിശേഷതയാണിത്. അതില്‍ വിശ്വസിക്കുന്നവര്‍ക്കും നിഷേധിക്കുന്നവര്‍ക്കും അതിന്റെ പോരാട്ടങ്ങളുടെ ഗുണഫലങ്ങള്‍ ലഭിക്കും. ഇസ്‌ലാമിന്റെ പോരാട്ടങ്ങളുടെ ഗുണഭോക്താവ് ഇസ്‌ലാം മാത്രമല്ല, ഇസ്‌ലാമിന്റെ എതിര്‍ദര്‍ശനങ്ങളുമാണ്. ഇസ്‌ലാമിനുവേണ്ടി മാത്രമായി നീതി സ്ഥാപിക്കാന്‍ കഴിയില്ല എന്നതാണിതിനു കാരണം.
മുസ്‌ലിം സമുദായം ഭൂമിയിലെ നീതിയുടെ കാവല്‍ക്കാരാണ്. അവര്‍ ഐക്യപ്പെടേണ്ടത് ഭുമിയില്‍ അനീതിയും അതിക്രമവും അവസാനിപ്പിക്കാന്‍ അനിവാര്യമാണെന്ന് ഖുര്‍ആന്‍ പറയുന്നു, അഥവാ അവര്‍ ശിഥിലരായാല്‍ അവര്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് മാത്രമല്ല അല്ലാഹു പറയുന്നത്. സാമൂഹികവിരുദ്ധ ശക്തികള്‍ അവരുടെ വഴിയില്‍ ഒറ്റകെട്ടാണ്. നിങ്ങള്‍ ശിഥിലരായാല്‍ ഭൂമിയില്‍ വലിയ ഫിത്‌നയും ഫസാദും ഉണ്ടാകുമെന്നാണ് ഖുര്‍ആന്‍ പറയുന്നത് (അല്‍ അന്‍ഫാല്‍ 73).
ലോകത്തിലെ എല്ലാ ഫസാദുകളുടെയും, അത് സാമ്രാജ്യത്വമാകട്ടെ സയണിസമാകട്ടെ ഫാഷിസമാകട്ടെ ഭരണകൂട ഭീകരതയാവട്ടെ, ഏറ്റവും വലിയ ഇരകള്‍ ഒരു ജനവിഭാഗമെന്ന നിലയില്‍ ലോകവ്യാപകമായി മുസ്‌ലിംകളാണ്. ഇതെന്തുകൊണ്ടാണെന്നത് ആലോചിക്കേണ്ട കാര്യമാണ്. ഫസാദുകളെ തടഞ്ഞുനിര്‍ത്താന്‍ ബാധ്യതപ്പെട്ട ഒരു സമൂഹം അത് യഥാവിധി നിര്‍വഹിക്കാതിരിക്കുമ്പോഴാണ് ലോകത്ത് മര്‍ദനങ്ങളും അതിക്രമങ്ങളും കൊടികുത്തിവാഴുന്നത്. ഏതു വിഭാഗത്തിന്റേതായാലും ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നതിനെ ഫസാദിന്റെ പരമകാഷ്ടയായാണ് ഖുര്‍ആന്‍ കാണുന്നത്. ഫാഷിസത്തിന്റെ ഉച്ചസ്ഥായിയിലാണ് ബാബരി ധ്വംസനം സംഭവിക്കുന്നത്. ഫസാദിനെ തടഞ്ഞു നിര്‍ത്താന്‍ ചുമതലപ്പെട്ട ഒരു സമൂഹം അത് നിര്‍വഹിക്കാതിരിക്കുമ്പോള്‍ അതിന്റെ കൂടി ഫലമായി വളരുന്നതിന്റെ ദുഷ്ടഫലങ്ങള്‍ ഒന്നാമതായി അവരെത്തന്നെ കടന്നാക്രമിക്കുകയെന്ന ദൈവനീതിയായിരിക്കാം ഇത്തരം കാര്യങ്ങളില്‍ സംഭവിക്കുന്നത്.
ബനൂ ഇസ്രാഈല്‍ സമൂഹത്തിന്റെ അധഃപതനത്തെക്കുറിച്ച് ഇത്തരമൊരു സൂചന ഖുര്‍ആന്‍ നല്‍കുന്നുണ്ട് (അല്‍ ഇസ്‌റാഅ് (4-7). മുസ്‌ലിം സമുദായത്തിന്റെ സുരക്ഷ അവരുടെ മാത്രം സുരക്ഷ ഭദ്രമാക്കിക്കൊണ്ട് ഉറപ്പുവരുത്താവുന്ന ഒന്നല്ല. മൊത്തം മനുഷ്യരുടെയും എല്ലാ വിശ്വാസി വിഭാഗത്തിന്റെയും സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടേ അത് സാധ്യമാക്കാന്‍ കഴിയുകയുള്ളൂ. നാട്ടില്‍ അതിക്രമങ്ങള്‍ പെരുകുന്നു എന്നതിന്റെ അര്‍ഥം അല്ലാഹു ചുമതലപ്പെടുത്തിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാത്ത വിശ്വാസികള്‍ക്കു നേരെ അവന്‍ അതിക്രമത്തിന്റെ പടകളെ പറഞ്ഞയക്കുന്നു എന്നു കൂടിയാണ്. യഥാര്‍ഥ വിശ്വാസികളെ സംബന്ധിച്ചേടത്തോളം അത് മനുഷ്യരുടെ ഭാഗത്തുനിന്നുള്ള ഒരാക്രമണം മാത്രമല്ല, അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള മുന്നറിയിപ്പുകൂടിയാണ്. തങ്ങളെ ഏല്‍പ്പിച്ച ദൗത്യം നിര്‍വഹിക്കാത്ത കാരണത്താല്‍ മാനംമുട്ടെ വളര്‍ന്ന സാമൂഹികവിരുദ്ധ ശക്തികളെക്കുറിച്ച് അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്. നിങ്ങള്‍, നിങ്ങളെ ചുമതലയേല്‍പ്പിച്ച ഉത്തരവാദിത്വത്തിലേക്ക് മടങ്ങുകയാണെങ്കില്‍ ഞാന്‍ എന്റെ വാഗ്ദാനത്തിലേക്കും മടങ്ങുമെന്ന ഉല്‍ബോധനത്തിന്റെ ഉള്ളടക്കം കൂടിയുണ്ട് ഈ അതിക്രമങ്ങള്‍ക്ക്. ഓരോ അനീതിയും നീതിക്ക് വേണ്ടിയുള്ള വിശ്വാസികളുടെ സമരത്തിനായുള്ള അല്ലാഹുവിന്റെ ക്ഷണക്കത്തുകള്‍ കൂടിയാണ്. ചെവിക്കൊണ്ടില്ലെങ്കില്‍ അവരും മനുഷ്യരാശിയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന ക്ഷണക്കത്തുകള്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 99-106
എ.വൈ.ആര്‍