പുസ്തകപ്പുര / ഇബ്‌നുമാജിദ് ചരിത്രകാരന്മാര്‍ക്കൊരു നിവേദനം
പ്രചരിത ചരിത്രത്തിന്റെ മറുവായനക്ക് ശ്രദ്ധേയമായ സംഭാവനയാണ് 'ഇബ്‌നുമാജിദ് ചരിത്രകാരന്മാര്‍ക്ക് ഒരു നിവേദനം' എന്ന കൃതി. വിഖ്യാത അറബ് നാവികന്‍ അഹ്മദ് ബ്‌നു മാജിദ് ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ്. പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ നായകനായിരുന്ന വാസ്‌കോഡ ഗാമക്ക് ആഫ്രിക്കയില്‍നിന്ന് കേരളത്തിലേക്ക് വഴികാട്ടിയത് ഇബ്‌നുമാജിദാണെന്ന പ്രചാരണം മുഖ്യധാരാ ചരിത്രത്തിന്റെ ഭാഗമാണ്. ചെയ്യാത്ത കുറ്റത്തിന്റെ പാപ ഭാരം പേറാന്‍ അങ്ങനെ ഇബ്‌നുമാജിദ് വിധിക്കപ്പെട്ടു. ഈ കഥ വസ്തുതാ വിരുദ്ധമാണെന്നറിയാതെ മുസ്‌ലിം ചരിത്രകാരന്മാര്‍പോലും അതിന്റെ പ്രചാരകരായി മാറി. യഥാര്‍ഥത്തില്‍, വാസ്‌കോഡ ഗാമക്ക് വഴി കാണിച്ചത്, ക്രിസ്തുമതാചാരങ്ങള്‍ പിന്തുടര്‍ന്നിരുന്ന ഒരു ഗുജറാത്തിയായിരുന്നു.
ഈ വസ്തുതകള്‍ അനാവരണം ചെയ്യുന്ന, ചെറുതെങ്കിലും പ്രൗഢമായ രചനയാണ് ഷാര്‍ജാ ഭരണാധികാരിയും പ്രമുഖ എഴുത്തുകാരനുമായ ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ 'A Memorandum for Historians on the Innocence of IBN Majid.' ഇബ്‌നുമാജിദിനെതിരെ ചരിത്രകാരന്മാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയും ഇന്ത്യയിലേക്കുള്ള വാസ്‌കോഡഗാമയുടെ ആദ്യയാത്രയുടെ ഡയറിക്കുറിപ്പുകളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇരുപത്തിയൊമ്പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഡോ. സുല്‍ത്താന്‍ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ 'മിത്ത് ഓഫ് അറബ് പൈറസി ഇന്‍ ദ ഗള്‍ഫ്' എന്ന ഗവേഷണ പ്രബന്ധം പ്രസിദ്ധമാണ്.
അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കൃതിയാണ് അറബിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട അല്‍ഹിഖ്ദുദ്ദഫീന്‍ (പകയുടെ രോഷാഗ്‌നി). പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കിയ അല്‍ബുക്കര്‍ക്കിന്റെ മനുഷ്യത്വരഹിതമായ പടനീക്കങ്ങളുടെ ചരിത്രമാണ് ഈ ചെറുപുസ്തകം. അല്‍ബുക്കര്‍ക്കിന്റെ ഹിംസകള്‍ കേരളത്തിന്റെ, വിശേഷിച്ചും മലബാറിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാണല്ലോ. കുരിശു യുദ്ധങ്ങളില്‍നിന്ന് പാരമ്പര്യമായി ലഭിച്ച ഇസ്‌ലാം വിരോധം മനസില്‍പേറി പൗരസ്ത്യ നാടുകളിലേക്ക് പ്രയാണം ചെയ്ത അല്‍ബുക്കര്‍ക്ക് മുസ്‌ലിം നാടുകളില്‍ നടത്തിയ മൃഗീയ വിനോദങ്ങളാണ് ഡോ. സുല്‍ത്താന്‍ മുഹമ്മദ് അല്‍ഖാസിമി ഇതില്‍ അനാവരണം ചെയ്യുന്നത്.
പ്രൗഢമായ രണ്ട് കൃതികളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്, പണ്ഡിതനും എഴുത്തുകാരനുമായ അബ്ദുര്‍റഹ്മാന്‍ ആദൃശേരി. പ്രസാധനം അദര്‍ ബുക്‌സ്, കോഴിക്കോട്.
Comments