Prabodhanm Weekly

Pages

Search

2013 ജൂലായ് 26

ഹോളിഡേ മദ്‌റസകള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്‌

മഞ്ചേരിയിലെ പ്രശസ്തമായ മദ്‌റസയാണ് ഹിദായത്തുല്‍ മുസ്‌ലിമീന്‍ സഭയുടേത്. 1897 ജൂണ്‍ മൂന്നിനാണ് ഹിദായത്തുല്‍ മുസ്‌ലിമീന്‍ സഭ സ്ഥാപിതമായത്. മദ്‌റസാ പാഠപുസ്തകങ്ങള്‍ വരെ തയാറാക്കി പ്രസിദ്ധീകരിച്ചിരുന്ന മഹദ് സ്ഥാപനമാണത്. അതിന്റെ കീഴില്‍ മഞ്ചേരിയിലെ മദ്‌റസ സ്ഥാപിതമായിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു. നഗരമധ്യത്തിലുള്ള മദ്‌റസയില്‍ എണ്ണൂറോളം കുട്ടികള്‍ പഠിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ അവിടെ പഠിക്കുന്നത് നൂറില്‍ താഴെ കുട്ടികളാണ്. അതിന്റെ പരിസര പ്രദേശങ്ങളില്‍ സ്ഥാപിതമായ മദ്‌റസകളില്‍ പഠിക്കുന്നവരെ കൂടി കണക്കിലെടുത്താലും വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ വര്‍ധിതമായ കടന്നുവരവോടെയാണ് ഇതു സംഭവിച്ചത്. അതികാലത്തുതന്നെ സ്‌കൂളുകളിലേക്ക് പുറപ്പെടേണ്ടിവരുന്നതിനാല്‍ കുട്ടികള്‍ക്ക് രാവിലെ മദ്‌റസകളില്‍ പോകാന്‍ സാധിക്കാതെ വരുന്നു.
മദ്‌റസകളില്‍ പോകുന്ന വിദ്യാര്‍ഥികളുടെ മതപഠനം പോലും പ്രൈമറി തലത്തില്‍ അവസാനിക്കുന്നു. പലയിടങ്ങളിലും അത് ലോവര്‍ പ്രൈമറി തലത്തേക്കാള്‍ മുന്നോട്ടു പോകാറില്ല. അതുകൊണ്ടുതന്നെ പുതിയ കാലത്ത് ഭൗതികത ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിട്ട് മതവിശ്വാസവും ബോധവും നിഷ്ഠയും നിലനിര്‍ത്താന്‍ മദ്‌റസാ വിദ്യാഭ്യാസത്തിന് കഴിയാതെ വരുന്നു. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിക്കുന്ന മിക്ക വിദ്യാര്‍ഥികളും മദ്‌റസകളില്‍ പോകാറുമില്ല. ഉസ്താദുമാര്‍ വീടുകളില്‍ വന്ന് നടത്തുന്ന അധ്യാപനത്തില്‍ ഒതുങ്ങുന്നു അവരുടെ മതപഠനം. അത് ഖുര്‍ആന്‍ പാരായണത്തിനുള്ള പരിശീലനത്തില്‍ പരിമിതവുമാണ്.
ഈ പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളില്‍ വ്യാപകമായും കേരളത്തില്‍ അത്യപൂര്‍വമായും നടക്കുന്ന ഹോളിഡേ മദ്‌റസാ സമ്പ്രദായം സ്വീകാര്യമായി തോന്നുന്നു. ഈ ലേഖകന്‍ കണ്ട, ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മദ്‌റസകളുള്ളത് ഖത്തറിലാണ്. അവിടെ ഒരൊറ്റ മദ്‌റസയില്‍ മാത്രം ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. മറ്റൊന്നില്‍ എണ്ണൂറോളം കുട്ടികളും.
കൊല്ലത്തില്‍ നാല്‍പത് ഞായറാഴ്ചയും വെക്കേഷനില്‍ മുപ്പത് ദിവസവും ഉപയോഗപ്പെടുത്തിയാല്‍ എഴുപത് ദിവസം കിട്ടും. രാവിലെ ഏഴരക്ക് ആരംഭിച്ച് പതിനൊന്നരക്ക് അവസാനിക്കുകയാണെങ്കില്‍ ദിവസം നാലു മണിക്കൂര്‍ പഠനത്തിന് ലഭിക്കും. അങ്ങനെ ഒരു വര്‍ഷം 280 മണിക്കൂറും ഒന്നു മുതല്‍ ഒമ്പതാം ക്ലാസ് കൂടിയുള്ള കാലയളവില്‍ 2520 മണിക്കൂറും ലഭിക്കും. പുതിയ മാധ്യമ ബോധനമുപയോഗപ്പെടുത്തുകയാണെങ്കില്‍ ഇസ്‌ലാമിനെ സമഗ്രമായി പഠിപ്പിക്കാന്‍ ഇത്രയും സമയം ധാരാളമാണ്.
ഹോളിഡേ മദ്‌റസകള്‍ ഒഴിവു ദിനങ്ങളിലായതിനാല്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്താം. വിദ്യാര്‍ഥികളെ കൊണ്ടുവരാന്‍ സ്‌കൂള്‍ വാഹനങ്ങളും ഉപയോഗിക്കാം. ഒഴിവു ദിനങ്ങളിലായതിനാല്‍ വളരെ യോഗ്യരായ അധ്യാപകരെ നിയമിക്കാം. അത്തരം അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാന്‍ സംവിധാനമുണ്ടാക്കണം. വളരെ മാന്യമായ വേതനം നല്‍കിയായിരിക്കണം കഴിവുറ്റ അധ്യാപകരെ നിശ്ചയിക്കുന്നത്. അത് സാധ്യമാകുംവിധം ഉയര്‍ന്ന ഫീസ് വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കാവുന്നതാണ്. വളരെ ദരിദ്രരായ വിദ്യാര്‍ഥികള്‍ക്കു മാത്രം ഇളവ് നല്‍കിയാല്‍ മതിയാകും.
സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഉപയോഗപ്പെടുത്തി പുതിയ ബോധന രീതി സ്വീകരിക്കുകയാണെങ്കില്‍ നമസ്‌കാരമൊക്കെ വളരെ കൃത്യമായി പഠിപ്പിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മതിയാകും. മറ്റു ആരാധനാ കര്‍മങ്ങളും ഇവ്വിധം തന്നെ. ഇപ്പോള്‍ മദ്‌റസകള്‍ കൂടുതല്‍ സമയം വിനിയോഗിക്കുന്നത് കര്‍മശാസ്ത്രം പഠിപ്പിക്കാനാണല്ലോ. അതും തജ്‌വീദ് നിയമം പാലിച്ചുള്ള ഖുര്‍ആന്‍ പാരായണവുമൊക്കെ പഠിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഇപ്പോള്‍ ചെലവഴിക്കുന്നതിന്റെ എട്ടിലൊന്നോ അതിനേക്കാള്‍ കുറവോ സമയം മതിയാകും.
ഹോളിഡേ മദ്‌റസകളില്‍ നടപ്പാക്കപ്പെടുന്ന പാഠ്യപദ്ധതി പുതിയ കാലത്ത് ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രതിനിധാനം നിര്‍വഹിക്കാന്‍ വിദ്യാര്‍ഥികളെ പര്യാപ്തരാക്കും വിധമായിരിക്കണം. ഇന്ന് ആരാധനാ കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നവര്‍ പോലും ബഹുമുഖ ജീവിത മേഖലകളില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടാന്‍ ഒട്ടും മടിയില്ലാത്തവരാണ്. നമസ്‌കാരവും നോമ്പും ഹജ്ജും നിര്‍വഹിച്ചാല്‍ മറ്റെല്ലാം എങ്ങനെയായാലും പരലോകത്ത് രക്ഷപ്പെടാമെന്ന തെറ്റായ ധാരണ പൊതുവെ വളര്‍ന്നുവന്നിട്ടുണ്ട്. കര്‍മശാസ്ത്രത്തിന് സമുദായം മുന്തിയ പരിഗണന നല്‍കുകയും മറ്റു വശങ്ങള്‍ അവഗണിക്കുകയും ചെയ്തതായിരിക്കാം ഇതിനു കാരണം. സാമ്പത്തിക കുറ്റവാളികളുടെ, പ്രാര്‍ഥന ഉള്‍പ്പെടെ ഒരാരാധനയും സ്വീകരിക്കപ്പെടുകയില്ലെന്ന ബോധം വളര്‍ത്തുന്നതില്‍ നിലവിലുള്ള മദ്‌റസാ വിദ്യാഭ്യാസം വിജയിച്ചിട്ടില്ലെന്ന കാര്യം ഉറപ്പാണ്. ഇപ്രകാരം തന്നെ നരകാവകാശികളുടെ തെറ്റു കുറ്റങ്ങളെ രണ്ടായി സംഗ്രഹിച്ചാല്‍ അതിലൊന്ന് അഗതികള്‍ക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കാതിരിക്കലാണെന്നും (ഖുര്‍ആന്‍ 69:25-37), നമസ്‌കാരം ഉപേക്ഷിക്കുന്നതുപോലെ തന്നെ നരക പ്രവേശത്തിനു കാരണമാണ് അഗതിക്ക് ആഹാരം നല്‍കാതിരിക്കലെന്നും (74:41-44) വിദ്യാര്‍ഥികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുംവിധമല്ല ഇപ്പോഴത്തെ മദ്‌റസാ വിദ്യാഭ്യാസം.
വിശ്വാസ കാര്യങ്ങളും ആരാധനാനുഷ്ഠാനങ്ങളും കര്‍മശാസ്ത്രവും ചരിത്രവുമൊക്കെ പഠിപ്പിക്കപ്പെടുന്ന പോലെ തന്നെ ഇസ്‌ലാമിന്റെ കുടുംബഘടനയും സാമൂഹിക മര്യാദകളും സ്വഭാവ ഗുണങ്ങളും പെരുമാറ്റ രീതികളും സാമ്പത്തികാധ്യാപനങ്ങളും സാംസ്‌കാരിക സമീപനങ്ങളും ധാര്‍മിക മൂല്യങ്ങളും വളരുന്ന തലമുറയെ പഠിപ്പിക്കുംവിധമായിരിക്കണം മദ്‌റസാ പാഠ്യപദ്ധതി. മദ്‌റസാ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ആരാധനാ കാര്യങ്ങളിലെന്ന പോലെ കുടുംബ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ വശങ്ങളിലും ഇസ്‌ലാമിന്റെ നിലപാട് പൂര്‍ണമായും ഉള്‍ക്കൊള്ളാനുള്ള അറിവും ബോധവും ഉണ്ടായിരിക്കണം. ഒരു ബഹുസ്വര സമൂഹത്തില്‍ എല്ലാ അര്‍ഥത്തിലും ഇസ്‌ലാമിന്റെ പ്രതിനിധാനം നിര്‍വഹിക്കാന്‍ പ്രാപ്തരായ യഥാര്‍ഥ വിശ്വാസികളെ വാര്‍ത്തെടുക്കുന്നതായിരിക്കണം മദ്‌റസാ വിദ്യാഭ്യാസമെന്നര്‍ഥം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 99-106
എ.വൈ.ആര്‍