Prabodhanm Weekly

Pages

Search

2013 ജൂലായ് 26

ശ്രാവ്യ മനോഹാരിതയുടെ ഖുര്‍ആന്‍ വിസ്മയം

മുനീര്‍ മുഹമ്മദ് റഫീഖ്‌

ഒരു അന്താരാഷ്ട്ര മത സംവാദ സദസ്സാണ് രംഗം. വിവിധ മത വിഭാഗങ്ങളെ പ്രതിനിധീകരിച്ച് പുരോഹിതന്മാരും പണ്ഡിതന്മാരും സന്യാസിമാരും പങ്കെടുത്ത ആ സമ്മേളനത്തിന്റെ അവസാന സെഷന്‍ വിവിധ മതഗ്രന്ഥങ്ങള്‍ പാരായണം ചെയ്തു കൊണ്ട് അവസാനിപ്പിക്കാമെന്നായിരുന്നു സംഘാടകരുടെ തീരുമാനം. ഒരോ മത ഗ്രന്ഥവും പാരായണം ചെയ്യുക ഇതര മതത്തിന്റെ വക്താക്കളില്‍ ഒരാളായിരിക്കണമെന്നും അവര്‍ തീരുമാനിച്ചിരുന്നു. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ വേണ്ടി വേദിയില്‍ വന്നത് ഒരു ക്രിസ്ത്യന്‍ അറബ് പണ്ഡിതനായിരുന്നു. അദ്ദേഹം ഖുര്‍ആനില്‍ നിന്ന് ഒരു അധ്യായം പാരായണം ചെയ്യാന്‍ തുടങ്ങിയതും സമ്മേളനത്തില്‍ സംബന്ധിച്ച മുഴുവന്‍ ആളുകളുടെയും ശ്രദ്ധ അദ്ദേഹത്തിന്റെ വശ്യമനോഹരമായ ഖുര്‍ആന്‍ പാരായണത്തില്‍ കേന്ദ്രീകരിക്കുകയും ചെയ്തത് പൊടുന്നനെയായിരുന്നു. അത്രയും സുന്ദരമായ ഖുര്‍ആന്‍ പാരായണമായിരുന്നു ഒരു നല്ല ഖാരിഅ് കൂടി ആയിരുന്ന അദ്ദേഹം നടത്തിയത്. അദ്ദേഹത്തിന്റെ ശ്രുതിമധുരമായ ഖുര്‍ആന്‍ പാരായണം എല്ലാവരുടെയും ഹൃദയം കവര്‍ന്നു. പാരായണം ചെയ്ത അദ്ദേഹം തന്നെയും ആ പാരായണത്തില്‍ സ്വാധീനിക്കപ്പെട്ടതു പോലെ. ഖുര്‍ആന്‍ പാരായണം അവസാനിച്ച ഉടന്‍ ഇന്ത്യന്‍ പണ്ഡിതനും എഴുത്തുകാരനുമായ മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ അദ്ദേഹത്തോടു ചോദിച്ചു: 'ഖുര്‍ആന്‍ ദൈവികവചനങ്ങളാണെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?' അദ്ദേഹം ഉടനെ മറുപടി പറഞ്ഞു: ''അതെ ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു. ഇത് ദൈവിക വചനങ്ങള്‍ തന്നെ. എന്നാല്‍ ഇത് അറബികള്‍ക്ക് മാത്രമുള്ളതാണ്.''
ഇസ്‌ലാമിക പ്രബോധകനായ ഡോ. ഇബ്‌റാഹീം ബൈഗ് ഫസ്റ്റ് തിംങ്ങ്‌സ് ഫസ്റ്റ് എന്ന തന്റെ പുസ്തകത്തില്‍ 'ഖുര്‍ആന്റെ അമാനുഷികത' എന്ന തലക്കെട്ടില്‍ കുറിച്ചിട്ട ആദ്യ വരികളാണിത്. വിശുദ്ധ ഖുര്‍ആന്‍ എന്ന ദൈവിക ഗ്രന്ഥത്തിന്റെ അത്ഭുതങ്ങള്‍ പലതാണ്. ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന സന്ദേശവും അതിലെ ശാസ്ത്രീയ സത്യങ്ങളും അതിന്റെ കഥാകഥന രീതിയും ചരിത്രാഖ്യാനവും വാക്യഘടനയും പദങ്ങളും ഭാഷയും എന്നും മനുഷ്യന് വിസ്മയങ്ങളാണ്. അതിലെ ആശയങ്ങള്‍ അനേകര്‍ക്ക് സന്മാര്‍ഗത്തിലേക്കു വഴി തുറന്നിട്ടുണ്ട്. എന്നാല്‍, ഖുര്‍ആന്റെ ആശയവും സന്ദേശവും ഒട്ടും മനസ്സിലാകാതെ തന്നെ ഖുര്‍ആന്റെ ശ്രാവ്യസൗന്ദര്യത്തില്‍ ആകര്‍ഷിക്കപ്പെട്ടവരുമുണ്ട് ധാരാളം. ഖുര്‍ആന്റെ ദൈവികത ബോധ്യപ്പെടാന്‍ ചിലര്‍ക്ക് അതു മാത്രം മതിയായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന ആശയപ്രപഞ്ചത്തിനു മുന്നില്‍ നമ്രശിരസ്‌ക്കരായവരാണ് പലരും. രണ്ടാം ഖലീഫ ഉമര്‍ ഫാറൂഖ് മുതല്‍ ഹിജ്‌റ പതിനാലാം നൂറ്റാണ്ടില്‍ ഇസ്‌ലാമാശ്ലേഷിച്ച ശാസ്ത്ര പ്രതിഭയായ ഡോ. മോറിസ് ബുക്കായിയും പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ യിവോണ്‍ റിഡ്‌ലിയും വരെ നീളുന്നു ആ പട്ടിക. നമ്മുടെ അറിവില്‍ പെടാത്തവരായുമുണ്ട് എത്രയോ പേര്‍. ഖുര്‍ആന്റെ പദ വിന്യാസം, ആശയങ്ങള്‍, അതുല്‍ഘോഷിക്കുന്ന സത്യങ്ങള്‍ ഇങ്ങനെ പലതുണ്ട് ഖുര്‍ആനിലേക്ക് മനുഷ്യനെ ആകര്‍ഷിക്കുന്നവയായി.
പ്രസിദ്ധ സുഊദി പണ്ഡിതനായ അഹ്മദ് ഖാലിദ് അദ്ദേഹത്തിനുണ്ടായ ഒരനുഭവം വിവരിക്കുന്നു: ''അഭ്യസ്തവിദ്യനായ ഒരു ബന്ധുവുണ്ടായിരുന്നു എനിക്ക്. ജിദ്ദയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റായി ജോലി നോക്കുന്ന ആ യുവാവ് നല്ല ദീനീ തല്‍പരനും കൂടിയായിരുന്നു. ഒരിക്കല്‍ എന്നെ സന്ദര്‍ശിച്ച ആ യുവാവിന് ഒഴിവുസമയങ്ങള്‍ പ്രയോജനപ്രദമാക്കാന്‍ ഖുര്‍ആന്‍ പഠനത്തിനുള്ള നിര്‍ദേശങ്ങള്‍ ഞാന്‍ നല്‍കുകയുണ്ടായി. മാത്രമല്ല പഠനത്തിനായി ചില ഖുര്‍ആന്‍ പാരായണ കാസറ്റുകളും നല്‍കി. പ്രമുഖരായ ഖുര്‍ആന്‍ പാരായണ പടുക്കളുടെ കാസറ്റുകള്‍ ആയിരുന്നു അവ.
തന്റെ ആശുപത്രിയിലെ ഓഫീസില്‍ സുബ്ഹ് നമസ്‌കാരശേഷം എട്ടു മണിവരെ ഖുര്‍ആന്‍ പാരായണം കേള്‍ക്കല്‍ അദ്ദേഹം പതിവാക്കി. ഒരു ദിവസം ഖാരിഅ് ശൈഖ് സുല്‍ത്വാനുല്‍ ഉംരിയുടെ, സൂറഃ ഖാഫ് പാരായണം അല്‍പ്പം ഉച്ചത്തില്‍ പ്ലേ ചെയ്ത് അതില്‍ ലയിച്ചിരിക്കുകയായിരുന്നു ആ യുവാവ്. അപ്പോഴാണ് തന്റെ ഓഫീസിന്റെ വാതിലില്‍ ആരോ തട്ടി വിളിക്കുന്ന ശബ്ദം കേട്ടത്. തുറന്നു നോക്കിയപ്പോഴതാ പുറത്തൊരു സ്ത്രീ നില്‍ക്കുന്നു. തന്റെ ആശുപത്രിയില്‍ തന്നെയുള്ള ഒരു യൂറോപ്യന്‍ ഡോക്ടറാണവര്‍. ഖുര്‍ആന്‍ പാരായണം കേട്ട് മുകളിലത്തെ നിലയില്‍ നിന്ന് ഇറങ്ങി വന്നതായിരുന്നു അവര്‍. പാരായണം കേട്ട് അവരുടെ കവിള്‍ തടങ്ങളിലൂടെ കണ്ണുനീര്‍ വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. അവര്‍ ഇംഗ്ലീഷില്‍ യുവാവിനോട് ചോദിച്ചു.
എന്ത് ശബ്ദമാണ് ഞാന്‍ കേട്ടത്?
യുവാവ്: ഖുര്‍ആന്‍ പാരായണമാണ് നിങ്ങള്‍ കേട്ടത്.
അവര്‍ വീണ്ടും: എന്താണ് ഖുര്‍ആന്‍?
യുവാവ്: അല്ലാഹുവിന്റെ വചനമാണത്.
ഇസ്‌ലാമിനെ സംബന്ധിച്ച് അവര്‍ യുവാവിനോട് താല്‍പര്യപൂര്‍വം തിരക്കിക്കൊണ്ടിരുന്നു. യുവാവ് അവരെ ഒരു ഇസ്‌ലാമിക പണ്ഡിതന്റെ അടുക്കല്‍ കൊണ്ടുപോയി അവരുടെ സംശയങ്ങള്‍ നിവാരണം ചെയ്തു. അവര്‍ പിന്നീട് ഇന്റര്‍ നെറ്റില്‍ നിന്ന് ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ വായിച്ചറിഞ്ഞു. ഒരാഴ്ച കഴിഞ്ഞ് എന്റെ ആ ബന്ധു എന്നെക്കാണാന്‍ വന്നു. ഒരു സന്തോഷ വാര്‍ത്തയുണ്ട്. നിങ്ങള്‍ തന്ന ഖുര്‍ആന്‍ പാരായണത്തിന്റെ കാസറ്റ് കേട്ട് ഒരു യൂറോപ്യന്‍ ഡോക്ടര്‍ ഇസ്‌ലാമാശ്ലേഷിച്ചിരിക്കുന്നു.''
പ്രസിദ്ധ ഈജിപ്ഷ്യന്‍ ഖാരിഅ് (ഖുര്‍ആന്‍ പാരായകന്‍) അബ്ദുല്‍ ബാസിത് അദ്ദേഹത്തിനുണ്ടായ ഒരനുഭവം വിവരിക്കുന്നുണ്ട്. ജമാല്‍ അബ്ദുന്നാസിര്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റായിരിക്കെ അന്നത്തെ സോവിയറ്റ് റഷ്യ സന്ദര്‍ശിച്ച ഈജിപ്ഷ്യന്‍ പ്രതിനിധി സംഘത്തോടൊപ്പം അബ്ദുല്‍ ബാസിതുമുണ്ടായിരുന്നു. റഷ്യയിലെ കമ്യൂണിസ്റ്റ് രാഷ്ട്ര പ്രതിനിധികളും ഈജിപ്ഷ്യന്‍ രാഷ്ട്രീയ നേതാക്കളുമായി നടന്ന സംഭാഷണങ്ങള്‍ക്കിടയിലെ ഒരു ഇടവേളയില്‍ അബ്ദുല്‍ ബാസിതിനോട് ജമാല്‍ അബ്ദുന്നാസിര്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്തു. ഖുര്‍ആന്‍ പാരായണം നിര്‍ത്തിയ അബ്ദുല്‍ ബാസിത് കണ്ടത് അത് ശ്രവിച്ചുകൊണ്ടിരുന്ന നിരീശ്വരവാദികളായ കമ്യൂണിസ്റ്റ് നേതാക്കളില്‍ നാല് പേര്‍ കണ്ണീര്‍വാര്‍ത്തുകൊണ്ടിരിക്കുന്നതാണ്. പിന്നീട് അവര്‍ പറഞ്ഞു. 'എന്തൊരു വചനങ്ങളാണ് നിങ്ങള്‍ പാരായണം ചെയ്തത്! അതെന്താണെന്ന് ഞങ്ങള്‍ക്കറിയില്ല. പക്ഷേ തീര്‍ച്ചയായും ആ വചനങ്ങള്‍ ഞങ്ങളുടെ ഹൃദയം തൊടുന്നവയായിരുന്നു.'
റമദാനിലെ രാവുകളില്‍ തറാവീഹ് നമസ്‌കാരത്തിന് നാം തെരഞ്ഞെടുക്കുന്നത് ഏറ്റവും നല്ല ഖുര്‍ആന്‍ പാരായണമുള്ള പള്ളികളാണ്. റമദാന്‍ മാസത്തില്‍ നല്ല ഈണത്തില്‍ ഖുര്‍ആന്‍ പാരായണം നടത്താന്‍ കഴിവുള്ള ഇമാമുകളെ നിയമിക്കാന്‍ പള്ളി അധികൃതര്‍ പരക്കം പായുന്നത് കാണാം. ഖുര്‍ആന്റെ ഈ ശ്രാവ്യമനോഹാരിത നുകരാനുള്ള വിശ്വാസികളുടെ അതിയായ താല്‍പര്യത്തെയാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. നല്ല ഖുര്‍ആന്‍ പാരായണമുള്ള പള്ളിയാണെങ്കില്‍ അല്‍പം അകലെയാണെങ്കിലും പോകാന്‍ നമുക്ക് മടിയുണ്ടാകാറില്ല. എല്ലാ പള്ളികളിലെയും ഇമാമുകള്‍ പാരായണം ചെയ്യുന്നത് ഒരേ ഖുര്‍ആനിലെ വചനങ്ങള്‍ തന്നെയാണ്. എന്നാല്‍, ആ ഖുര്‍ആന്‍ പാരായണം നല്ല ഈണത്തിലും കാവ്യഭംഗിയിലും സുന്ദരമായ ശബ്ദത്തില്‍ സ്ഫുടമായി കേള്‍ക്കാനാണ് എല്ലാ വിശ്വാസികളും കൊതിക്കുക. ഖുര്‍ആന്‍ ശ്രവിക്കുന്ന എല്ലാവരും അതിന്റെ അര്‍ഥം ഗ്രഹിക്കുന്നവരല്ല. പാരായണം നല്ലതല്ല എന്നതു മാത്രമല്ല ഖുര്‍ആന്‍ ശ്രദ്ധിക്കാതിരിക്കാന്‍ കാരണം. പാരായണം നന്നായാലും അര്‍ഥം ഗ്രഹിക്കാന്‍ കഴിയാത്തവര്‍ നിരവധിയുണ്ട്. എന്നാല്‍, അര്‍ഥമറിയില്ലെങ്കിലും ഖുര്‍ആന്‍ ശ്രവിക്കുമ്പോള്‍ ദൈവബോധമുണ്ടാവുകയും ഈമാന്‍ വര്‍ധിക്കുകയും ഹൃദയങ്ങള്‍ പ്രകമ്പനം കൊള്ളുകയും ചെയ്യുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ വിശ്വാസികളുടെ ജീവിതത്തില്‍ ഉണ്ട്. കേള്‍ക്കുന്ന ഖുര്‍ആനിക വചനങ്ങളുടെ ആശയം മനസ്സിലാകുന്നവര്‍ക്കു മാത്രമല്ല, ആശയം മനസ്സിലാകാത്തവരുടെ മനസ്സിലും ഖുര്‍ആന്‍ വചനങ്ങള്‍ അലയൊലികള്‍ സൃഷ്ടിക്കുന്നുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 99-106
എ.വൈ.ആര്‍