Prabodhanm Weekly

Pages

Search

2013 ജൂലായ് 26

പ്രഫ. ഗുലാം അഅ്‌സമിന് 90 വര്‍ഷം തടവ്‌

കെ.എം.എ / കുറിപ്പുകള്‍

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്നത നേതാവ് പ്രഫ. ഗുലാം അഅ്‌സമിനെ, അവാമി ലീഗ് ഭരണകൂടം തട്ടിക്കൂട്ടിയുണ്ടാക്കിയ 'ഇന്റര്‍നാഷ്‌നല്‍(?) വാര്‍ ക്രൈംസ് ട്രൈബ്യൂണല്‍' 90 വര്‍ഷത്തെ ജയില്‍ വാസത്തിന് ശിക്ഷിച്ചിരിക്കുന്നു. മറ്റൊരു പ്രമുഖ നേതാവായ അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദിനെ വധശിക്ഷക്കും വിധിച്ചിരിക്കുന്നു. 1971-ല്‍ ബംഗ്ലാദേശ് വിമോചനകാലത്ത് അദ്ദേഹം യുദ്ധകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു എന്ന പ്രോസിക്യൂഷന്‍ വാദത്തെ അപ്പടി ശരിവെച്ചുകൊണ്ടാണ് യുദ്ധകുറ്റ ട്രൈബ്യൂണലിന്റെ വിധി. നേരത്തെ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവും പ്രഗത്ഭ വാഗ്മിയുമായ ദല്‍വാര്‍ ഹുസൈന്‍ സഈദി, അസി. സെക്രട്ടറി ജനറല്‍ മുഹമ്മദ് ഖമറുസ്സമാന്‍ എന്നിവര്‍ക്ക് ഇതേ കോടതി വധശിക്ഷ വിധിച്ചിരുന്നു. ബംഗ്ലാ ജമാഅത്ത് അമീര്‍ മൗലാനാ മുത്വീഉര്‍റഹ്മാന്‍ നിസാമി, മൗലാനാ അബ്ദുസ്സുബ്ഹാന്‍, അബ്ദുല്‍ ഖാദിര്‍ മുല്ല, എ.ടി.എം അസ്ഹറുല്‍ ഇസ്‌ലാം, മീര്‍ ഖാസിം അലി തുടങ്ങി ബംഗ്ലാ ജമാഅത്തിന്റെ മുഴുവന്‍ സമുന്നത നേതാക്കളും പ്രതിപട്ടികയില്‍ ഉണ്ട്. അവര്‍ക്കും വധശിക്ഷ തന്നെയായിരിക്കുമെന്ന് ഉറപ്പ്. വിധി പ്രസ്താവം എപ്പോള്‍ എന്നേ അറിയേണ്ടതുള്ളൂ. 91-കാരനായ പ്രഫ. ഗുലാം അഅ്‌സമിന് അദ്ദേഹത്തിന്റെ പ്രായം മാനിച്ചാണ് (ജനങ്ങളുടെ തിരിച്ചടി പേടിച്ചും) ശിക്ഷ 'ഇളവ്' ചെയ്തതെന്ന് വിധിന്യായത്തില്‍ പറയുന്നുണ്ട്.
സമകാലിക ലോകത്തെ അത്യന്തം പരിഹാസ്യമായ വിചാരണാ നാടകമാണ് ബംഗ്ലാദേശില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ്, ഏറ്റവും വലിയ ഇസ്‌ലാമിക കക്ഷിയായ ജമാഅത്തെ ഇസ്‌ലാമിയെ പൊതുരംഗത്ത് നിന്ന് ഉന്മൂലനം ചെയ്യുക എന്ന പകപോക്കല്‍ രാഷ്ട്രീയമല്ലാതെ ഈ നീക്കത്തിന് പിന്നില്‍ ന്യായത്തിന്റെയോ നീതിയുടെയോ തരിമ്പ് പോലുമില്ല. ദല്‍വാര്‍ ഹുസൈന്‍ സഈദിക്ക് വധശിക്ഷ വിധിച്ചതിന്റെ നടപടിക്രമങ്ങള്‍ മിക്ക മനുഷ്യാവകാശ സംഘടനകളും ചോദ്യം ചെയ്തതാണ്. ശുക്കൂര്‍ ജാന്‍ ബാലി എന്നയാളുടെ സഹോദരന്‍ ബിശയെ വധിച്ചു എന്നതായിരുന്നു ദല്‍വാറിനെതിരെ ചുമത്തപ്പെട്ട ഒരു പ്രധാന കുറ്റം. അതിന് സാക്ഷി പറയാനായി ട്രൈബ്യൂണല്‍ കോടതിയിലേക്ക് പുറപ്പെട്ട ബാലിയെ ബംഗ്ലാ രഹസ്യപ്പോലീസ് റാഞ്ചിയെടുത്ത് കൊല്‍ക്കത്തയിലേക്ക് കടത്തി. 'എന്റെ സഹോദരന്‍ കലാപകാലത്ത് കൊല്ലപ്പെട്ടതാണ്. പക്ഷേ, കൊന്നത് ദല്‍വാറല്ല, പാക് സൈന്യമാണ്' എന്നാണത്രെ ബാലി മൊഴി നല്‍കാനിരുന്നത്. ഇതറിഞ്ഞാണ് റാഞ്ചല്‍. ഇങ്ങനെ സാക്ഷികളെ തടഞ്ഞുവെച്ചും പ്രതിഭാഗം വക്കീലിന്റെ വാദങ്ങളെ ഒട്ടുമേ ചെവികൊള്ളാതെയുമാണ് 'നീതിന്യായ' നടപടിക്രമങ്ങള്‍ മുന്നോട്ടു പോയത്.
പ്രഫ. ഗുലാം അഅ്‌സമിനെതിരെയും ഒരു തെളിവ് പോലും കൊണ്ടുവരാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. മിരുമിയ കൂട്ടക്കൊലയില്‍ ഗുലാം അഅ്‌സമിന് പങ്കുണ്ടെന്നതിന് അദ്ദേഹം എഴുതിയ ഒരു കത്ത് തെളിവായുണ്ടെന്നാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ പ്രധാന വാദം. പക്ഷേ, ആ കത്ത് ഇതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. മാത്രവുമല്ല, അദ്ദേഹത്തിനെതിരെ മൊഴി നല്‍കാന്‍ 12 പേരെ അനുവദിച്ചപ്പോള്‍, അനുകൂലമായി മൊഴി നല്‍കാന്‍ അദ്ദേഹത്തിന്റെ മകന്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ലഹില്‍ അമാന്‍ അസ്മിയെ മാത്രമേ അനുവദിച്ചുള്ളൂ. ഗുലാം അഅ്‌സമിന്റെ അഭിഭാഷകന്‍ താജുല്‍ ഇസ്‌ലാം പറഞ്ഞത് പോലെ, ഗുലാം അഅ്‌സമിനെ ഒരു മിനിറ്റ് ശിക്ഷിക്കാനുള്ള തെളിവു പോലും പ്രോസിക്യൂഷന്റെ കൈവശം ഉണ്ടായിരുന്നില്ല.
42 കൊല്ലം മുമ്പ് നടന്ന സംഭവത്തിന്റെ പേരിലാണ് ബംഗ്ലാ ജമാഅത്ത് നേതാക്കളെ അവാമി ഭരണകൂടം ഇപ്പോള്‍ വേട്ടയാടുന്നത്. അന്ന് പാക് സൈന്യവും അവരുടെ കൂട്ടാളികളും ചെയ്ത സകല കുറ്റകൃത്യങ്ങളുടെയും പിതൃത്വം ജമാഅത്ത് നേതൃത്വത്തിന്റെ തലയില്‍ കെട്ടിവെച്ചുകൊണ്ടാണ് പ്രതികാര നടപടികള്‍ മുന്നോട്ടു പോകുന്നത്. യുദ്ധം കഴിഞ്ഞപ്പോള്‍ 195 പേരാണ് യുദ്ധകുറ്റവാളികളായി പ്രഖ്യാപിക്കപ്പെട്ടത്. അവരിലൊരാളും ജമാഅത്തുകാരല്ല; അവരെ മുഴുവന്‍ ബംഗ്ലാ ഭരണകൂടം പാകിസ്താന് കൈമാറുകയും ചെയ്തു. ഇക്കാര്യം പലരും ഉയര്‍ത്തിക്കാട്ടിയപ്പോള്‍ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഹസീന വാജിദ് നയിക്കുന്ന അവാമി ഭരണകൂടം, അന്നത്തെ കുറ്റകൃത്യങ്ങളുടെ പേരില്‍ പാക് ഭരണകൂടം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാകിസ്താന്‍ അത് കൂളായി തള്ളി. അതിന്റെ പേരില്‍ ഹസീന ഈയിടെ തന്റെ പാക് പര്യടനം റദ്ദ് ചെയ്യുകയുണ്ടായി.
വധശിക്ഷ നല്‍കേണ്ടവരുടെ പട്ടിക നേരത്തെ തയാറാക്കി വിചാരണാ പ്രഹസനം നടത്തുന്ന ഈ യുദ്ധകുറ്റ ട്രൈബ്യൂണല്‍ 2010 -ല്‍ മാത്രം രൂപം കൊണ്ടതാണ്. 1972 മുതല്‍ 1975 വരെയും 1996 മുതല്‍ 2001 വരെയും അവാമി ലീഗ് ഭരിച്ചിരുന്നപ്പോഴൊന്നും യുദ്ധകുറ്റകൃത്യങ്ങളെപ്പറ്റി സംസാരം പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല, 1980-കളിലെ ജനാധിപത്യ പുനഃസ്ഥാപന പ്രക്ഷോഭത്തിലും 1990-കളില്‍ കെയര്‍ടേക്കര്‍ ഭരണസംവിധാനം കൊണ്ടുവരുന്നതിനുള്ള സമരങ്ങളിലും ജമാഅത്തും അവാമി ലീഗും ഒന്നിച്ച് നിന്ന് വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്. അന്നൊന്നും ഇല്ലാതിരുന്ന ഈ 'ദേശസ്‌നേഹം' പെട്ടെന്ന് പൊട്ടിവീണതിന്റെ പൊരുള്‍ ബംഗ്ലാ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ അറിയുന്ന ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
പക്ഷേ, ആഗോള മീഡിയ ഈ വധശിക്ഷാ പ്രഹസനങ്ങളെ തൊലിയുരിച്ച് കാണിക്കുന്നതിന് പകരം കണ്ണടച്ച് ഇരുട്ടാക്കി ആഘോഷിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. മലയാളത്തിലെ ഒരു പത്രമുത്തശ്ശി വന്ദ്യവയോധികനായ പ്രഫ. ഗുലാം അഅ്‌സമിനെ 'ബംഗ്ലാ ഹിറ്റ്‌ലറാ'ക്കി താറടിച്ചുകൊണ്ടാണ് അതിന്റെ ഇസ്‌ലാമോഫോബിക് ഉന്മാദം ആടിത്തീര്‍ത്തത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 99-106
എ.വൈ.ആര്‍