Prabodhanm Weekly

Pages

Search

2013 ജൂലായ് 26

റമദാന്‍ വ്രതത്തിന്റെ സമൂഹശാസ്ത്ര പ്രസക്തി

എന്‍.പി ഹാഫിസ് മുഹമ്മദ്‌

സാമൂഹിക ജീവിതത്തില്‍ പൊരുത്തപ്പെട്ട് ജീവിക്കാനാവശ്യമായ ആശയങ്ങളും ശീലങ്ങളും ഒരു വ്യക്തിക്ക് മറ്റുള്ളവരാല്‍ കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയയാണ് സാമൂഹീകരണം (Socialization). ഒരു വ്യക്തിയുടെ ജനനം തൊട്ട് മരണം വരെ നീണ്ടുനില്‍ക്കുന്ന ഒരു തുടര്‍ അഭിമുഖീകരണമാണിത്. ഒരു സമൂഹത്തിലെ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, സാമൂഹിക നിയമങ്ങള്‍(social norms) എന്നിവയെക്കുറിച്ച് ആ സമൂഹത്തിലെ ഒരംഗത്തിന് നല്‍കുന്ന അറിവും പരിശീലനവുമാണ് സാമൂഹീകരണം. ഒരു സമൂഹാംഗം മറ്റുള്ളവരുമായി എങ്ങനെ ബന്ധപ്പെടണമെന്നതും, സമൂഹത്തില്‍ ഒരംഗമായി തീരേണ്ടതെങ്ങനെയെന്നതും സാമൂഹീകരണ അനുഭവജ്ഞാനം (Experiencial Learning) വ്യക്തിത്വത്തിന്റെ ഭാഗമാക്കി മാറ്റുന്നു. ഇത് ഒരു സമൂഹത്തിന്റെ മതപരവും സാമൂഹികവുമായ തലങ്ങള്‍ അനുശീലിപ്പിക്കുന്നു; ഒരു സമൂഹത്തിന്റെ സാംസ്‌കാരികതയെ വ്യക്തിത്വത്തില്‍ അലിയിച്ച് ചേര്‍ക്കുന്നു. ഈ പ്രക്രിയയിലൂടെയാണ് ഒരാള്‍ തന്റെ സാമൂഹിക വ്യക്തിത്വം (Social Self) രൂപപ്പെടുത്തിയെടുക്കുന്നത്.
കുടുംബം, മതം, വിദ്യാലയം, സമാനവയസ്‌കരുടെ സംഘം, മാധ്യമങ്ങള്‍, ഭരണകൂടം എന്നിവയാണ് സാമൂഹീകരണം സാധ്യമാക്കുന്ന പ്രധാന നിര്‍വഹണ സംഘങ്ങള്‍. എന്നാല്‍ പരമ്പരാഗത വിശ്വാസങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന ഒരു സമൂഹത്തില്‍ മതമാണ് സാമൂഹിക വ്യക്തിത്വം ഉണ്ടാക്കിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. വിശ്വാസാധിഷ്ഠിതമായ ഒരു സാമൂഹികതക്ക് അടിത്തറ നല്‍കാന്‍ മതപഠനശാല, ആരാധനാലയം, പ്രാര്‍ഥന, അനുഷ്ഠാനങ്ങള്‍, ആചാരങ്ങള്‍ എന്നിവക്ക് സാധിക്കുന്നു. മതബോധവും അനുഷ്ഠാന കര്‍മങ്ങളിലുള്ള പരിചിതത്വവും ഒരു കുട്ടി സ്വായത്തമാക്കുന്നത് മതത്തോട് ചേര്‍ന്ന ഇത്തരം ഉപഘടകങ്ങളിലൂടെയാണ്. അനുഷ്ഠാനങ്ങളോ ആചാരങ്ങളോ സ്വായത്തമാക്കുന്നതില്‍ ഒരു കുട്ടിയോ ഒരു വലിയ ആളോ അവലംബിക്കുന്ന ഘട്ടങ്ങളെക്കുറിച്ച് സമൂഹ മനഃശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗോട്ടി കളിക്കുന്നതിനോട് ഈ പ്രക്രിയയെ ഉപമിക്കുന്നു. ഒരു കുട്ടി ആദ്യ ഘട്ടത്തില്‍ കളിയുടെ നിയമങ്ങളോ ഉദ്ദേശ്യമോ മനസ്സിലാക്കുന്നില്ല. കളിയറിയുന്നവരെ നോക്കി അനുകരിക്കുന്നു. കളിക്കുന്നവരാണവന്റെ മാതൃകകള്‍. രണ്ടാം ഘട്ടത്തില്‍, കളി പഠിച്ച ശേഷമാണ് നിയമങ്ങളോ അവയുടെ ആന്തരികാര്‍ഥമോ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. അവനറിയുന്ന ആന്തരികതലം സ്ഥായിയായി നിലകൊള്ളണമെന്നില്ല. സാന്ദര്‍ഭികമായും അനുഭവങ്ങളിലൂടെയും അത് മാറാവുന്നതാണ്. മൂന്നാം ഘട്ടത്തിലാണ് കളിയുടെ ചിട്ടകള്‍ തെറ്റിക്കാവുന്നതാണെന്ന് ഒരു കുട്ടി/മുതിര്‍ന്നയാള്‍ തിരിച്ചറിയുന്നത്. ചിലരത് ലംഘിക്കുന്നു. മതപരമായ അനുഷ്ഠാന കര്‍മങ്ങള്‍ ഒരാള്‍ ശീലിക്കുന്നതിലും ഈ മൂന്ന് ഘട്ടങ്ങള്‍ കാണാവുന്നതാണ്. പ്രാര്‍ഥനയായാലും, അനുഷ്ഠാനമായാലും ഒരാള്‍ മറ്റുള്ളവരെ അനുകരിക്കുന്നു. എന്തിനീവിധം പ്രാര്‍ഥിക്കുന്നുവെന്നോ ചെയ്യുന്നുവെന്നോ ആ വ്യക്തി ആലോചിക്കുന്നില്ല. ചിലര്‍ ഈ അനുഷ്ഠാന കര്‍മങ്ങളുടെ അര്‍ഥതലങ്ങളറിയാനൊരുമ്പെടുന്ന മൂന്നാം ഘട്ടത്തില്‍ വിശ്വാസിയായിരിക്കണമെന്നില്ലെന്നും, മതപരമായ ചിട്ടകള്‍ കൈയൊഴിയാമെന്നും തിരിച്ചറിയുന്നു. ചിട്ടകള്‍ ലംഘിക്കുമ്പോള്‍ ഒരു മതാധിഷ്ഠിത സമൂഹം അതു ലംഘിക്കുന്നവര്‍ക്കെതിരെ അനൗപചാരികമായ ശിക്ഷകള്‍ കൊണ്ട് പ്രതികരിക്കുന്നു. ആദിമ ജനസമൂഹങ്ങളില്‍ അനുഷ്ഠാന വ്യതിയാനം നടത്തുന്നവരെ ഭ്രഷ്ട് കല്‍പ്പിക്കുകയോ, ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കുകയോ ചെയ്തുപോന്നിരുന്നു. ആധുനിക സമൂഹം ഇത്തരം വിധിവിലക്കുകളുടെ ലംഘനങ്ങളെ കാര്യമായെടുക്കുന്നില്ല. വ്യക്തികളനുഭവിക്കുന്ന സ്വാതന്ത്ര്യം ഇന്ന് മതനിരപേക്ഷമായിരിക്കാനും അവസരം നല്‍കുന്നു.

റമദാനും കുടുംബവും
ഒരു മുസ്‌ലിം കുടുംബത്തില്‍ ജനിക്കുന്ന കുട്ടിയും കുടുംബാന്തരീക്ഷത്തില്‍നിന്ന് തന്നെയാണ് കര്‍മാനുഷ്ഠാനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത്. വലിയവരുടെ പ്രവൃത്തികളെയാണവര്‍ കാണുകയും അനുസരിക്കുകയും ചെയ്യുന്നത്. നമസ്‌കാരമാണ് ഒരു കുട്ടി മനസ്സിലാക്കുകയും അനുകരിക്കുകയും ചെയ്യുന്ന ആദ്യത്തെ പ്രധാന അനുഷ്ഠാനം. നമസ്‌കാരത്തില്‍ അനുവര്‍ത്തിക്കേണ്ടുന്ന പടികളും ചെല്ലേണ്ട സൂക്തങ്ങളും പഠിക്കുന്നു. നമസ്‌കാരത്തിന് ഒപ്പം തന്നെ കുട്ടി അറിയുന്ന മറ്റൊരനുഷ്ഠാനമാണ് വ്രതം. റമദാന്‍ വ്രതം കുട്ടികള്‍ക്ക് മതപരമായി നിര്‍ബന്ധമില്ല. മൂന്നോ നാലോ വയസ്സുള്ള കുട്ടി മറ്റുള്ളവര്‍ വ്രതമനുഷ്ഠിക്കുന്നത് അറിയുന്നു. അതിന്റെ ചിട്ടകളെക്കുറിച്ച് മനസ്സിലാക്കുന്നു. മാനസികമായി വ്രതമനുഷ്ഠിക്കാന്‍ അവന്‍ തയാറാവുന്നു. നോമ്പിന്റെ ചിട്ടകള്‍ സൂക്ഷ്മമായി രക്ഷിതാക്കളില്‍ നിന്നോ മറ്റ് കുടുംബാംഗങ്ങളില്‍നിന്നോ മനസ്സിലാക്കുന്നു. ആദ്യത്തെ നോമ്പെടുക്കാന്‍ കുടുംബം അനുവാദം കൊടുക്കുന്നതോടെ കുട്ടി ആ അനുഷ്ഠാനത്തില്‍ പങ്കാളിയായിത്തുടങ്ങുന്നു. നോമ്പിന്റെ ഓരോ ചിട്ടയും വലിയവരെപ്പോലെ അനുകരിച്ച് ചെയ്യുന്നു. ഭക്ഷണപാനീയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നതു മാത്രമല്ല, കുളിക്കുമ്പോഴോ മുഖം കഴുകുമ്പോഴോ വെള്ളം കുടിച്ചു പോകാതിരിക്കാനും വിശന്ന് വലയുമ്പോള്‍ അതു സഹിക്കാനും കുട്ടി ശ്രമിക്കുന്നു. നമസ്‌കാരം കൃത്യത്തിന് അനുഷ്ഠിക്കുന്നു. നോമ്പു തുറക്കുമ്പോള്‍ പോലും, മുതിര്‍ന്നവരെപ്പോലെ പെരുമാറുന്നു. ചോദ്യം ചെയ്യാനാവാത്ത ഒന്ന് എന്ന നിലയിലാണ് നോമ്പിനെ സ്വീകരിക്കുന്നത്.
റമദാന്‍ വ്രതമനുഷ്ഠിക്കുന്ന ഒരാള്‍, ഒരു മുസ്‌ലിമായിരിക്കാന്‍ അനിവാര്യമായി കണക്കാക്കുന്ന പ്രധാന ചിട്ടകളെക്കുറിച്ച് മനസ്സിലാക്കുന്നു. മതപരമായ ശീലങ്ങള്‍ പകുത്തുകൊടുക്കുന്നതിന് റമദാന്‍ ഏറെ സഹായിക്കുന്നു. നമസ്‌കാരത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നു. ഇസ്‌ലാമിക കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അല്ലാഹുവിന്റെ സര്‍വാധിപത്യവും ഏകത്വവും ആണെന്നു തിരിച്ചറിഞ്ഞ്, അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ദിവസം അഞ്ച് നേരം നമസ്‌കരിക്കുക എന്നത് നിര്‍ബന്ധമാണെന്നും അറിയുന്നു. നമസ്‌കാരത്തിന് മറ്റ് മാസങ്ങളിലുള്ളതിനേക്കാള്‍ പരിശുദ്ധിയും പ്രാധാന്യവും റമദാനില്‍ നല്‍കുന്നുണ്ട്. നമസ്‌കരിക്കാന്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു. ഖുര്‍ആന്‍ പാരായണം, സല്‍ക്കര്‍മങ്ങള്‍, സകാത്ത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്താന്‍ റമദാന് സാധിക്കുന്നു. പൊതുവെ റമദാനില്‍ കൂടുതല്‍ ദൈവഭക്തിയുള്ളവരാകുന്നതുകൊണ്ട് മതപരമായ ചിട്ടകള്‍ സ്വായത്തമാക്കാന്‍ ഈ പരിശീലനകാലം എളുപ്പം സഹായിക്കുന്നു. ആന്തരിക വ്യക്തിത്വത്തെക്കൂടി ചിട്ടപ്പെടുത്തുന്നതിനാല്‍, ആന്തരിക ഘടകങ്ങളെ സ്വാംശീകരിക്കാനുള്ള അവസരമാണ് റമദാന്‍ നല്‍കുന്നത്.
റമദാനിലൂടെ സാമൂഹീകരണം
സാമൂഹീകരണത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങളില്‍ പ്രധാനപ്പെട്ടതാണ് ജോര്‍ജ് ഹെര്‍ബര്‍ട്ട് മീഡിന്റെ സാമൂഹിക വ്യക്തിത്വം (Social Self) രൂപപ്പെടുന്നതിനെക്കുറിച്ചുള്ളത്. മറ്റുള്ളവരുമായുള്ള അഭിമുഖീകരണത്തില്‍നിന്നും ബന്ധപ്പെടുന്നതില്‍നിന്നുമാണ് സാമൂഹിക വ്യക്തിത്വം ഉണ്ടാക്കപ്പെടുന്നത് എന്ന് മീഡ് വ്യക്തമാക്കുന്നു. സാമൂഹിക ബന്ധങ്ങളില്‍നിന്ന് ഒരാള്‍, തന്നെ മറ്റുള്ളവര്‍ എങ്ങനെ കാണുന്നു എന്നത് അറിയുന്നു. മറ്റുള്ളവരുടെ ധര്‍മനിര്‍വഹണത്തെക്കുറിച്ചും, പാത്രധര്‍മത്തെ (Roles) കുറിച്ചും ഗ്രഹിക്കുന്നു. ഒരാളിന്റെ 'ഞാന്‍,' 'എന്റെ' എന്നീ ഘടകങ്ങളാണ് ഈ സാമൂഹിക ബന്ധത്തില്‍നിന്ന് ഉരുത്തിരിയുന്നതും, അങ്ങോട്ടുമിങ്ങോട്ടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും. ഒരു വ്യക്തിയുടെ നേരിട്ടുള്ള അനുഭവങ്ങളാണ് 'ഞാന്‍' (I). സത്ത(Self)യുടെ വസ്തുനിഷ്ഠമായ വിശകലനമാണ് 'എന്റെ' (Me). മറ്റുള്ളവരിലൂടെ ഒരാള്‍ അവനവനെത്തന്നെ നോക്കിയറിയുന്ന പ്രക്രിയയാണിത്. താന്‍ എങ്ങനെയായിരിക്കണമെന്നത് ഒരാള്‍ മറ്റുള്ളവരില്‍നിന്ന് മനസ്സിലാക്കുന്നു. ഞാന്‍ ആരാണെന്നും എങ്ങനെയായിരിക്കണമെന്നും അറിയാനും ക്രമീകരിക്കാനും ഒരു മുസ്‌ലിമിന് റമദാനിലൂടെ സാധ്യമാകുന്നു. മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കൊത്തവിധം മതപരമായ വ്യക്തിത്വത്തെ ചിട്ടപ്പെടുത്താന്‍ റമദാന്‍ ഉപകരിക്കുന്നു.
റമദാന്‍ കാലം ഒരാളുടെ വളര്‍ച്ചയില്‍ ഒരു കണ്ണാടിപോലെ വര്‍ത്തിക്കുന്നു. സി.എച്ച് കൂലെ എന്ന സമൂഹ മനഃശാസ്ത്രജ്ഞന്‍ വ്യക്തിത്വ വികസനത്തില്‍ മറ്റുള്ളവര്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് പറയുന്നുണ്ട്. വളര്‍ച്ചയില്‍ ഒരാള്‍ക്ക് മറ്റുള്ളവര്‍ ഒരു കണ്ണാടിയായി മാറുന്നു. നമ്മെ മറ്റുള്ളവര്‍ എങ്ങനെ കാണുന്നു എന്ന അറിവ് സ്വീകരിക്കപ്പെടുന്നു. ഒരാള്‍ക്ക് മറ്റുള്ളവര്‍ തന്നെ എങ്ങനെ വിലയിരുത്തുന്നു എന്ന അറിവ് നല്‍കുന്നുവെന്നാണ് സി.എച്ച് കൂലെയുടെ 'ദ ലുക്കിംഗ് ഗ്ലാസ് സെല്‍ഫ്' എന്ന സിദ്ധാന്തം വ്യക്തമാക്കുന്നത്. സാമൂഹീകരണത്തില്‍ മറ്റുള്ളവരുടെ പങ്ക് വെളിപ്പെടുത്തുന്ന ഈ സിദ്ധാന്തം ഒരു മുസ്‌ലിമിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ മറ്റുള്ളവര്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് അറിയിക്കുന്നുണ്ട്. റമദാന്‍ ഒരു കണ്ണാടിയായിത്തീരുന്നു. കുട്ടിക്കാലത്ത് തന്നെ നോമ്പനുഷ്ഠിച്ച് മറ്റുള്ളവരുടെ പ്രതീക്ഷക്ക് അനുസൃതമായി തന്നെത്തന്നെ രൂപപ്പെടുത്തിയെടുക്കാന്‍ റമദാന്‍കാല ചിട്ടകള്‍ ഉപകരിക്കുന്നു. സാമൂഹിക വ്യക്തിത്വം ഉണ്ടാക്കിയെടുക്കുന്നതിനത് മാര്‍ഗമാകുന്നു.
ഒരു മുസ്‌ലിം എങ്ങനെയായിരിക്കണമെന്നതിന്റെ കടുത്ത പരിശീലന കാലമായി റമദാനെ കാണാവുന്നതാണ്. നോമ്പിന്റെ നിയ്യത്ത് തൊട്ട് ഈ പാകപ്പെടുത്തലിന്റെ ഘട്ടം തുടങ്ങുന്നത് വ്യക്തമാണ്. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ഇഛകള്‍ക്ക് മീതെ നിയന്ത്രണം നടത്തുന്നത് വ്രതത്തിന്റെ പരിശുദ്ധ മാര്‍ഗമാണ്. പ്രാര്‍ഥന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നു. റമദാന്‍ വ്രതം പൊരുത്തപ്പെടലിന്റെയും സഹനത്തിന്റെയും ശീലം വളര്‍ത്തിയെടുക്കുന്നു. മതപരമായ വ്യക്തിത്വത്തിന്റെ ഉരുത്തിരിയലില്‍ റമദാന്‍ വ്രതം സാരമായ സ്വാധീനം ചെലുത്തുന്നു. വ്യക്തിയെ വര്‍ത്തമാന കാലത്തേക്കും വരുംകാലത്തേക്കും പാകപ്പെടുത്തുന്നു. ഇന്നേക്കും നാളേക്കും തന്നെത്തന്നെ കാത്തുസൂക്ഷിക്കാന്‍ റമദാന്‍ വ്രതം പരിശീലനം കൊടുക്കുന്നു. അംഗങ്ങളെ സമുദായത്തിന്റെ ഒരു കണ്ണിയാക്കി മാറ്റാന്‍ വ്രതത്തെ ഒരു തീവ്രയത്‌ന പരിപാടിയാക്കി മാറ്റുന്നു. മറ്റൊരര്‍ഥത്തില്‍ വേറിട്ട് നില്‍ക്കാനിടയുള്ള വ്യക്തിയെ സാമൂഹികാവബോധം നല്‍കി സംഘത്തിന്റെ ഭാഗമാക്കിത്തീര്‍ക്കുകയാണ് വ്രതകാലം.

റമദാനിലൂടെ ഇസ്‌ലാമിക വ്യക്തിത്വം
മതപരമായ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതിന് ഏറ്റവുമേറെ സഹായിക്കുന്നത് കുടുംബം എന്ന സാമൂഹിക സ്ഥാപനമാണ്. റമദാന്‍ വ്രതത്തിലൂടെ ഒരു വ്യക്തി തന്നെത്തന്നെ എങ്ങനെയാണ് പാകപ്പെടുത്തേണ്ടത് എന്ന് വ്യക്തമാക്കപ്പെടുന്നുണ്ട്. കുടുംബാംഗങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും റമദാന്‍ കാലത്ത് ഒരു പാഠശാലയായിത്തീരുന്നു. അത് വ്യക്തിയെ സംഘവുമായി കൂട്ടിച്ചേര്‍ക്കുന്നു (Sense of Belongingness). സംഘജീവിതത്തില്‍ ഉണ്ടാവാനിടയുള്ള അപരിചിതത്വത്തെ അത് അലിയിച്ചില്ലാതാക്കുന്നു. അനിശ്ചിതത്വമോ സംഘര്‍ഷമോ ഉണ്ടാവാനിടയുള്ള വേളകളില്‍ അവ ലഘൂകരിക്കാനുള്ള അറിവും പരിശീലനവുമാണ് ഒരു മുസ്‌ലിമിന് വ്രതകാലം പകുത്തുകൊടുക്കുന്നത്. സാമൂഹിക സന്ദര്‍ഭങ്ങളിലെ പല ഉത്കണ്ഠകളെയും അത് കുറക്കുന്നു.
നോമ്പെടുക്കാതിരിക്കുമ്പോള്‍ പോലും കുടുംബാന്തരീക്ഷത്തില്‍ റമദാന്‍ ഉണ്ടാക്കുന്ന മാറ്റം കുട്ടി അറിയുന്നുണ്ട്. അത് തന്റെ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള മൃദുലമായ സാമൂഹിക ഇടപെടലായി മാറുന്നുവെന്നതും അവന്‍ മനസ്സിലാക്കുന്നുണ്ട്. ആത്മീയ വ്യക്തിത്വത്തെ പരിപോഷിപ്പിച്ചെടുക്കേണ്ട കാലമായി റമദാനെ ഒരാള്‍ തിരിച്ചറിയുന്നു. സാമൂഹികമായ അംഗീകാരം ആഗ്രഹിക്കുന്ന ഓരോ ആളും നോമ്പെടുത്ത് തന്റെ സംഘവിധേയത്വം പ്രകടിപ്പിക്കുകയും ചെയ്യുന്നു. കുട്ടിക്ക് നോമ്പെടുത്ത് പൂര്‍ത്തീകരിക്കുക എന്നത് അഭിമാനത്തിന്റെ പ്രശ്‌നമാണ്. അല്‍പം സാഹസികതയോടെ കുട്ടി ഒന്നോ രണ്ടോ നോമ്പുകള്‍ അനുഷ്ഠിക്കുമ്പോള്‍ മറ്റുള്ളവരുടെ അംഗീകാരം നേടിയെടുക്കലായിത്തീരുന്നുണ്ട്. ആദ്യ വര്‍ഷങ്ങളില്‍ നോമ്പുകളുടെ എണ്ണം കൂട്ടി വരുന്നു. ഒടുവില്‍ ഒരു റമദാന്‍ മാസം എല്ലാ നോമ്പുകളും നോല്‍ക്കുമ്പോള്‍ കുട്ടിക്ക് താന്‍ പ്രായപൂര്‍ത്തിയെത്തിയ ഒരാളിന് തുല്യനായി എന്നുള്ള പ്രഖ്യാപനമായി മാറുന്നു. കുടുംബവും സുഹൃത്തുക്കളും പൊതുവെ സമുദായം മൊത്തമായും അനുവര്‍ത്തിക്കുന്ന ഒരു അനുഷ്ഠാനകര്‍മത്തിലൂടെ വ്യക്തി സ്വയം സാമൂഹീകരിക്കുന്നു.
നോമ്പിലൂടെ സഹജീവികളോടുള്ള മനോഭാവം ആര്‍ദ്രവും സഹാനുഭൂതിയോടുള്ളതുമാകാന്‍ ശ്രമിക്കുന്നു. മറ്റുള്ളവരോട് കാരുണ്യത്തോടെ പെരുമാറാന്‍ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തങ്ങളേക്കാള്‍ ദൈന്യതയും വേദനയും അനുഭവിക്കുന്നവരോട് തന്മയീഭവിക്കാന്‍ നിഷ്‌കര്‍ഷിക്കുന്നു. സകാത്ത്, ഫിത്വ്ര്‍ സകാത്ത്, ക്ഷേമ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം എന്നിവയിലൂടെ ഒരാളിന്റെ സാമൂഹിക ഉത്തരവാദിത്വം കാണിക്കേണ്ടതിന്റെ ആവശ്യകത റമദാന്‍ വ്രതം ബോധ്യപ്പെടുത്തുന്നു. സല്‍ക്കര്‍മങ്ങള്‍ക്ക് കൂടുതല്‍ പുണ്യമേറുമെന്നും എത്രയോ ഇരട്ടി പ്രതിഫലം ലഭിക്കുമെന്നുമുള്ള വിശ്വാസം സാമൂഹിക ധര്‍മത്തെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണമെന്ന സന്ദേശമാണ് കൈമാറുന്നത്. വിശ്വാസത്തിലൂടെ സാമൂഹിക വ്യക്തിത്വം റമദാന്‍ വ്രതം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു.

റമദാനും പുനഃസാമൂഹീകരണവും
ഒരു മുസ്‌ലിമിനെ സാമൂഹീകരിക്കാന്‍, മറ്റു മതങ്ങളെ പോലെ കുടുംബം, ആരാധനാലയം, മതപഠനശാല തുടങ്ങിയവയിലൂടെ തീവ്രതരമായി ശ്രമിക്കുമ്പോഴും ഒറ്റപ്പെട്ട വ്യതിയാനങ്ങള്‍ ഉണ്ടാവുന്നുണ്ട്. മഹാ ഭൂരിപക്ഷത്തെ മതവഴിയില്‍ കൊണ്ടുവരുമ്പോഴും സാമൂഹികമായ വ്യതിയാനം (social deviance) മതപരമായ കാര്യങ്ങളില്‍ ചിലരില്‍ സംഭവിക്കുന്നു. നമസ്‌കാരം, സകാത്ത് തുടങ്ങിയവയില്‍ നിന്ന് ചിലര്‍ വിട്ടുനില്‍ക്കുന്നു. കളവ്, മദ്യപാനം, ലൈംഗിക സദാചാര ലംഘനം തുടങ്ങിയ ഇസ്‌ലാം കര്‍ശനമായും വിലക്കുന്ന ചെയ്തികളില്‍ ചിലര്‍ ഇടക്കും മറ്റു ചിലര്‍ എപ്പോഴും വ്യാപൃതരാകുന്നുണ്ട്. മതപരമായ കാര്യങ്ങളില്‍ വഴിവിട്ട് നടക്കുന്നവരെ നിര്‍ബന്ധിച്ചോ ശിക്ഷിച്ചോ തിരുത്തലുകള്‍ വരുത്താന്‍ മതത്തിന് ഇക്കാലത്ത് സാധിക്കുന്നുമില്ല. മതപരമായ കാര്യങ്ങളിലെ സ്വാതന്ത്ര്യം വ്യക്തിക്ക് നിയമപരിരക്ഷയും നല്‍കുന്നുണ്ട്. എന്നാല്‍ ഇസ്‌ലാമോ, മറ്റു പല മതങ്ങളെപ്പോലെ വഴിപിഴക്കുന്നവരെയും പാപികളെയും ഒറ്റയടിക്ക് കൈയൊഴിയുന്നില്ല. മതപരമായ വിധിവിലക്കുകള്‍ ലംഘിക്കുന്നവര്‍ക്ക് പ്രായശ്ചിത്തം ചെയ്ത് തിരിച്ചുവരാന്‍ അവസരം നല്‍കുന്നുണ്ട് ഇസ്‌ലാം. സര്‍വേശ്വരന് മുന്നില്‍ എല്ലാം ഏറ്റു പറഞ്ഞ് മാപ്പപേക്ഷിച്ച് വിശ്വാസ പാതയിലേക്ക് തിരിച്ചുവരാനാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. പ്രായശ്ചിത്തത്തിന് അനുകൂലമായ മറുപടി ദൈവത്തില്‍ നിന്നുണ്ടാകുമെന്നും ഇസ്‌ലാം ഉദ്‌ബോധിപ്പിക്കുന്നു. പ്രായശ്ചിത്തം ചെയ്ത് തിരിച്ചുവരാന്‍ ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം ഏറ്റവും അനുയോജ്യമായ കാലം റമദാന്‍ മാസമാണ്. മനം നൊന്ത് മാപ്പു പറഞ്ഞാല്‍ ഏതു കുറ്റവും അല്ലാഹു പൊറുത്തു കൊടുക്കുമെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. സമൂഹ ശാസ്ത്രപരമായി വിശകലനം ചെയ്യുമ്പോള്‍ സാമൂഹിക വ്യതിയാനം സംഭവിക്കുന്നവര്‍ക്കുള്ള ഒരു പുനര്‍ സാമൂഹീകരണമാണ് (resocialization) വ്രതത്തോടനുബന്ധിച്ച് നടക്കുന്നത്. വ്യക്തിത്വത്തിലെ ഘടകങ്ങളെ മാറ്റിയെടുക്കാനോ ആവശ്യമായ തിരുത്തലുകള്‍ വരുത്താനോ ആണ് പുനര്‍ സാമൂഹീകരണം ശ്രമിക്കുന്നത്. ഔപചാരിക സംവിധാനങ്ങളായ കോടതി, പോലീസ്, തടവറ എന്നിവക്കോ അനൗപചാരികമായ രീതികളായ പരിഹസിക്കല്‍, ഒറ്റപ്പെടുത്തല്‍, മാറ്റിനിര്‍ത്തല്‍, ഭ്രഷ്ട് കല്‍പിക്കല്‍ തുടങ്ങിയവക്കോ ചെയ്യാനാവാത്ത മാറ്റമാണ് പലപ്പോഴും വിശ്വാസപരമായ മാര്‍ഗത്തിലൂടെ വ്യക്തി നേടിയെടുക്കുന്നത്. വീഴ്ചകള്‍ പറ്റുന്നവര്‍ക്ക് തിരുത്താനും ജീവിതത്തിന് ആത്മീയതയുടെ ഈണം നല്‍കാനും റമദാന്‍ വ്രതം ഒരു ഫലവത്തായ പുനര്‍ സാമൂഹീകരണമായി ഭവിക്കുന്നു. ചിലപ്പോള്‍ അമിത മദ്യാസക്തി, ലൈംഗികാസക്തി, കുറ്റവാസന തുടങ്ങിയ തീവ്രമായ സ്വഭാവവിശേഷങ്ങളെ ഭാഗികമായി മാറ്റിയെടുക്കാന്‍ റമദാന്‍ വ്രതത്തിന് സാധിക്കുന്നുണ്ട്. അമിത മദ്യാസക്തി, ലഹരി പദാര്‍ഥത്തോടുള്ള വിധേയത്വം, പുകവലി തുടങ്ങിയ രോഗങ്ങളെ മാറ്റിയെടുക്കാനുള്ള മാനസിക തലം പലരിലും ഒരുക്കാന്‍ റമദാന്‍ വ്രതത്തിന് സാധിക്കുന്നുണ്ട്. ഒഴിവാക്കാനാശിക്കുകയോ നിര്‍ദേശിക്കപ്പെടുകയോ ചെയ്ത ശീലങ്ങളില്‍ നിന്നുള്ള മുക്തിക്ക് വ്രതം ഒരു പരിശീലനമാണ്. വൈദ്യശാസ്ത്രത്തിനോ മനഃശാസ്ത്രത്തിനോ പൂര്‍ണമായ ഫലപ്രാപ്തി സാധ്യമാകാത്ത, ജീവിതാവസാനം വരെ നിലകൊള്ളുന്ന ചില രോഗങ്ങളിലാണ്, മാനസികമായ വിധേയത്വത്തിലാണ് വ്രതപരിപാടിയിലൂടെ ചില ഇടപെടലുകള്‍ നടത്താനാവുന്നത് എന്നതിന് സമൂഹ ശാസ്ത്രപരമായ പ്രാധാന്യമുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 99-106
എ.വൈ.ആര്‍