Prabodhanm Weekly

Pages

Search

2011 ജൂണ്‍ 4

അല്‍ അരീഷില്‍ പീഡനപര്‍വം

ബിശ്‌റുദ്ദീന്‍ ശര്‍ഖി

ലബനാനിലേക്കുള്ള 25 പേരുടെ സംഘത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടത് ഈയുള്ളവനായിരുന്നു. ബാക്കി സംഘാംഗങ്ങള്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തും സഹായങ്ങള്‍ വാങ്ങുന്ന പണികളിലേര്‍പ്പെട്ടും ഈജിപ്ഷ്യന്‍ എംബസിയുമായി ബന്ധപ്പെട്ട് യാത്രക്കുള്ള നടപടിക്രമങ്ങള്‍ പിന്തുടര്‍ന്നും ദമസ്കസില്‍ തന്നെ തങ്ങും. ബയ്റൂത്തില്‍ ആവേശകരമായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയ സ്വീകരണം. വളരെ മനോഹരമായ ബയ്റൂത്ത് നഗരത്തിലൂടെ സഞ്ചരിക്കുമ്പോള്‍, മുമ്പുകാലങ്ങളിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങളുടെയും പാലങ്ങളുടെയും ഒക്കെ ദൃശ്യം മനസ്സില്‍ വേദനയുണ്ടാക്കി. ലബനീസ് മുന്‍ പ്രധാനമന്ത്രി സാലിം ഗുസ്സിനെയാണ് ഞങ്ങളാദ്യം സന്ദര്‍ശിച്ചത്. ലബനാനില്‍ മുമ്പ് നാലു തവണ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം ബയ്റൂത്തിലെ ചെറിയ ഒരു വീട്ടിലാണ് തന്റെ വിശ്രമ ജീവിതം നയിക്കുന്നത്. ഫലസ്ത്വീന്‍ പ്രശ്നത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന അദ്ദേഹം അന്താരാഷ്ട്ര ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ ഗ്രൂപ്പുകളുടെ അസോസിയേഷന്‍ പ്രസിഡന്റാണ്. ഇസ്രയേലിനെപ്പറ്റിയും ഹിസ്ബുല്ലയെ പറ്റിയും ലബനീസ് രാഷ്ട്രീയത്തെപ്പറ്റിയും അദ്ദേഹവുമായി ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അതിനു ശേഷം വിവിധ ഗ്രൂപ്പുകളുടെയും സംഘടനകളുടെയും പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായി.
ലബനീസ് ഇസ്ലാമിക പ്രസ്ഥാന നായകന്‍ ഫൈസല്‍ മൌലവിയെ കാണാന്‍ അവസരമൊരുക്കാന്‍ സംഘാടകരോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവര്‍ അതിനു ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം അത് നടക്കാതെ പോയി. ഈ ലേഖനം എഴുതിക്കൊണ്ടിരിക്കെ ലബനീസ് സുഹൃത്തിന്റെ, അദ്ദേഹം മരണപ്പെട്ടതായുള്ള എസ്.എം.എസ് മൊബൈലില്‍ വന്നിരിക്കുന്നു. അദ്ദേഹത്തെ അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
ഹിസ്ബുല്ലയുടെ ശക്തി കേന്ദ്രമായ തെക്കന്‍ ലബനാന്‍ സന്ദര്‍ശിച്ചത് ആവേശകരമായ ഒരു അനുഭവമായിരുന്നു. 1982 മുതല്‍ക്ക് 2000 വരെ ഇസ്രയേലിനെതിരെ ഹിസ്ബുല്ല നടത്തിയ തുല്യതയില്ലാത്ത ചെറുത്തുനില്‍പിന്റെ നേര്‍ സാക്ഷ്യങ്ങളാണ് തെക്കന്‍ ലബനാനിലെ ഓരോ ദൃശ്യവും. ഹിസ്ബുല്ല ഗറില്ലകള്‍ തമ്പടിച്ചിരുന്ന യുദ്ധം നയിച്ച മ്ലീത്താ (ങഹലലമേ) മലനിരകള്‍ ഇപ്പോള്‍ ഒരു വിശാലമായ ഓപ്പണ്‍ എയര്‍മ്യൂസിയമാണ്. വര്‍ഷങ്ങളോളം ശത്രുവിനെതിരില്‍ പടപൊരുതി തിരിച്ചുപിടിച്ച ആ പ്രദേശം വളരെ മനോഹരമായാണ്. ലോകത്തിന് മുമ്പില്‍ അവര്‍ ഒരുക്കി വെച്ചിരിക്കുന്നത്. കിടങ്ങുകള്‍, ഭൂഗര്‍ഭ അറകള്‍, ഇസ്രയേലില്‍നിന്ന് പിടിച്ചെടുത്ത ടാങ്കുകള്‍, മിസൈലുകള്‍, മറ്റു വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരു പ്രത്യേക രീതിയില്‍ അവിടെ പ്രദര്‍ശനത്തിനായി തയാറാക്കിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ മുന്‍ നേതാക്കന്മാര്‍ ഉപയോഗിച്ചിരുന്ന ഭൂഗര്‍ഭ അറകള്‍ വിസ്മയകരമാണ്. അടുക്കള, പ്രാര്‍ഥനാ മുറി, താമസ മുറികള്‍, വാര്‍ത്താ വിനിമയ കേന്ദ്രം തുടങ്ങി എല്ലാ സജ്ജീകരണങ്ങളും അതിനകത്തുണ്ട്. ഈ പ്രദേശത്തുനിന്ന് ഏതാണ്ട് 20 കിലോമീറ്റര്‍ മാത്രമേയുള്ളൂ ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക്. അവിടെയുള്ള തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഡോക്യുമെന്ററികളില്‍ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ല നേരിട്ടാണ് കമന്ററികള്‍ നടത്തുന്നത്. 'ഫ ഇദാ ദരബ്തുമൂനാ നദ്രിബ് ബി മിസ്ലിഹി' (ഇനി ഞങ്ങളെ തൊട്ടാല്‍ അതുപോലെ ഞങ്ങളും തിരിച്ചടിക്കും) എന്നു തുടങ്ങുന്ന അദ്ദേഹത്തിന്റെ പ്രഭാഷണം ആവേശകരമാണ്. ഇനിയൊരാക്രമണമുണ്ടായാല്‍ ഹിസ്ബുല്ല തകര്‍ക്കാന്‍ പോകുന്ന, ഒഞ്ചന്‍ ഹൂറിയന്‍ ഇന്റര്‍നാഷ്നല്‍ എയര്‍പോര്‍ട്ടടക്കമുള്ള ഇസ്രയേലിന്റെ പത്തു സൈറ്റുകള്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അവിടെ പ്രദര്‍ശിപ്പിക്കുന്ന സിഡികളൊന്നും തന്നെ അവര്‍ പുറത്തേക്ക് കൊടുക്കുന്നില്ല. ഭൂമിശാസ്ത്രപരമായും യുദ്ധതന്ത്രപരമായും പ്രത്യേകതയുള്ള ആ മലനിരകളില്‍ നിന്നപ്പോള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ആ പോരാട്ടത്തിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്ന ഹസന്‍ നസ്റുല്ലയെക്കുറിച്ച് അവിടെയുണ്ടായിരുന്നവരോട് അന്വേഷിച്ചു: 'എവിടെയാണദ്ദേഹം?' അവര്‍ പറഞ്ഞു: 'അതു മാത്രം ചോദിക്കരുത്. അത് ഞങ്ങള്‍ക്കുമറിയില്ല...'
ഉമയ്യാ പള്ളി
ലബനാനില്‍ നിന്നു തിരിച്ചുവന്ന ഞങ്ങള്‍ വീണ്ടും ഈജിപ്തുവഴി ഗസ്സയിലേക്കുള്ള യാത്ര സുഗമമാക്കാനുള്ള വിവിധങ്ങളായ പരിശ്രമങ്ങളില്‍ മുഴുകി. ദമസ്കസിലെ സഹാറാ ഇന്റര്‍നാഷ്നല്‍ ഹോട്ടല്‍ തന്നെയായിരുന്നു ഒരാഴ്ചയിലധികം ഞങ്ങളുടെ താവളം. പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളും വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകളുമായി ആ ദിനങ്ങള്‍ അര്‍ഥവത്തായി. സഹാറയുടെ അതിവിശാലമായ പുല്‍ത്തകിടിയില്‍ ഞങ്ങള്‍ സംഘടിപ്പിച്ച പന്തുകളി മത്സരം ആവേശകരമായ ഒരനുഭവമായി. ഇറാനികളും ഇന്ത്യക്കാരും തമ്മിലായിരുന്നു പ്രധാനമത്സരം. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൌകര്യംപോലെ രണ്ടിലൊരു ടീമിന്റെ കൂടെ ചേര്‍ന്നുകളിച്ചു. പ്രമുഖ രാഷ്ട്രീയ നയതന്ത്ര എഴുത്തുകാരന്‍ ഉദയ്ഭാസ്കറിന്റെ മകളും യുവനടിയുമായ സ്വരയും അവരുടെ സുഹൃത്ത് ഛായാഗ്രാഹകനായ സ്വപ്നിലും വിവിധ തരത്തിലുള്ള പോസ്ററുകളും കാര്‍ട്ടൂണുകളും ഉണ്ടാക്കുകയും ഹോട്ടലിനുമുന്നിലും വിവിധ നഗരവീഥികളിലും അതുവെച്ച് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. കാരവന്റെ ചുമതലക്കാരായ ഞങ്ങള്‍ യാത്രയുടെ ഗൌരവം ആവര്‍ത്തിച്ച് സംഘാംഗങ്ങളെ ബോധ്യപ്പെടുത്തുകയും ആര്‍ക്കെങ്കിലും തിരിച്ചു പോകണമെന്നുണ്ടെങ്കില്‍ അതിനുവേണ്ട സൌകര്യങ്ങള്‍ ചെയ്തു തരുമെന്നു പറയുകയുണ്ടായി. ചിലര്‍ക്ക് ആശങ്കകളുണ്ടായിരുന്നുവെങ്കിലും ചര്‍ച്ചകളിലൂടെയും മറ്റും ധൈര്യംവീണ്ടെടുത്ത് ഗസ്സയിലെത്തുംവരെ സംഘത്തോടൊപ്പം തുടരാനും തീരുമാനമെടുത്തു. യാത്രക്കിടയില്‍ ഇസ്രയേലിന്റെ ആക്രമണം മൂലമോ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്താലോ മരണം സംഭവിക്കുകയാണെങ്കില്‍, മൃതദേഹം എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള ഒരു സമ്മതപത്രം തയാറാക്കുകയും അതില്‍ ഓരോരുത്തരുടെയും താല്‍പര്യം രേഖപ്പെടുത്തി ഒപ്പിട്ടുവാങ്ങുകയും ചെയ്തു. മരണം സംഭവിച്ച പ്രദേശത്തെ ആചാരത്തിനനുസരിച്ച് സംസ്കരിക്കുക, കടലിലൊഴുക്കുക, സംസ്കാരത്തിനായി സ്വന്തം നാട്ടിലെത്തിക്കുക തുടങ്ങിയവയിലേതെങ്കിലുമൊരു തെരഞ്ഞെടുപ്പ് നടത്താനായിരുന്നു പ്രധാനമായും സമ്മതപത്രം നിര്‍ദേശിച്ചിരുന്നത്.
ഈജിപ്ഷ്യന്‍ എംബസിയില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതിനുശേഷം സിറിയയുടെ തുറമുഖ പട്ടണമായ ലതാകിയിലേക്കാണ് ഞങ്ങള്‍ പോയത്. അവിടത്തെ ഗവര്‍ണറുടെ (ഖലീല്‍ മഷ്ഹദിയ്യ എന്നാണദ്ദേഹത്തിന്റെ പേര്. പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ പരിഷ്കരണങ്ങളുടെ ഭാഗമായി പ്രസിഡന്റ് ബശ്ശാറുല്‍ അസദ് അദ്ദേഹത്തെ കഴിഞ്ഞമാസം തല്‍സ്ഥാനത്തുനിന്ന് മാറ്റുകയുണ്ടായി) ലാലിഷ് എന്നു പേരുള്ള കടലിനോടു ചേര്‍ന്നുള്ള ഹോട്ടലിലാണ് ഞങ്ങള്‍ താമസിച്ചത്. ലതാക്കിയയില്‍ തൊഴിലാളി സംഘങ്ങള്‍, കോളേജുകള്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരുടെ സംഘടനകള്‍ എന്നിവരുടെ സ്വീകരണ പരിപാടികളില്‍ ഞങ്ങള്‍ പങ്കെടുത്തു. രണ്ട് കൌമാരക്കാരായ ഫലസ്ത്വീനി കുട്ടികളുടെ അഭ്യര്‍ഥന പ്രകാരം (അബ്ദുല്ല, ഹാദി എന്നിങ്ങനെയാണ് അവരുടെ പേരുകള്‍) ലതാകിയയിലെ ഫലസ്ത്വീന്‍ അഭയാര്‍ഥി ക്യാമ്പ് ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ആയിരക്കണക്കിന് ആളുകളാണ് അവിടെ താമസിക്കുന്നത്. സിറിയന്‍ ഗവണ്‍മെന്റ് അവര്‍ക്ക് തൊഴിലും താമസസൌകര്യങ്ങളും വിദ്യാഭ്യാസത്തിനുള്ള സംവിധാനങ്ങളും ഒക്കെ തരക്കേടില്ലാത്ത വിധം നല്‍കുന്നുണ്ട്. ഹമാസിനും മറ്റുഫലസ്ത്വീന്‍ സംഘടനകള്‍ക്കുമൊക്കെ അവിടെ ചെറിയ ചെറിയ ഓഫീസുകളും പ്രവര്‍ത്തനങ്ങളുമുണ്ട്. ഹമാസ് ഓഫീസില്‍, ചെറുപ്പക്കാരായ പ്രവര്‍ത്തകര്‍ ഞങ്ങള്‍ക്ക് അനൌപചാരികമായ സ്വീകരണം നല്‍കി. അബ്ദുല്ലയും ഹാദിയും പത്രവാര്‍ത്ത കണ്ട് ഞങ്ങളെ തെരുവില്‍ വെച്ച് കണ്ടുമുട്ടുകയായിരുന്നു. മുതിര്‍ന്നവരെയോ മറ്റു ഉത്തരവാദിത്വപ്പെട്ടവരെയോ ഒന്നും അറിയിച്ചിട്ടുണ്ടായിരുന്നില്ല, അവര്‍. ഗ്രൌണ്ടില്‍ കളിച്ചുകൊണ്ടിരുന്ന ഫലസ്ത്വീന്‍ കുട്ടികളെ ഞങ്ങള്‍ വിളിച്ചുകൂട്ടുകയും അവര്‍ക്കായി ഈ ലേഖകന്‍ ഒരു 'നാടന്‍കളി' അവതരിപ്പിക്കുകയും ചെയ്തു. ആവേശഭരിതരായ കുട്ടികളുടെ ഒച്ചപ്പാടും ബഹളവും സംഘാംഗങ്ങള്‍ക്ക് വലിയ കൌതുകമുണ്ടാക്കി.
ഇറാനിലെപ്പോലെ തന്നെ, ലതാക്കിയയിലെ ജനങ്ങളും ഞങ്ങളെ ഹൃദയപൂര്‍വം സ്വീകരിച്ചു. ബീച്ചിനടുത്തുള്ള ഹോട്ടലില്‍നിന്നും നഗരഹൃദയത്തിലേക്ക് ഷോപ്പിംഗിനും മറ്റും പോകാന്‍ എപ്പോഴും ടാക്സികള്‍ റെഡിയായി നിന്നിരുന്നു പുറത്ത്. ഭൂരിഭാഗം ടാക്സി ഡ്രൈവര്‍മാരും ഞങ്ങളില്‍നിന്ന് പണം സ്വീകരിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലോ ബേക്കറിയിലോ കയറുമ്പോഴും സ്നേഹംകൊണ്ട് ഞങ്ങളെ വീര്‍പ്പുമുട്ടിച്ചു വ്യാപാരികള്‍. കാശുകൊടുക്കാതെ ദിവസങ്ങളോളം പലതരം ഭക്ഷണം കഴിച്ച് കഴിയാമെന്ന അവസ്ഥയായി ലതാക്കിയയില്‍. താമസിക്കുന്ന ഹോട്ടലിലെ സുഗന്ധദ്രവ്യങ്ങളൊന്നും ചേര്‍ക്കാത്ത ഭക്ഷണം പലര്‍ക്കും ക്രമേണ പിടിക്കാതാവുകയും എല്ലാവരും നഗരത്തിലെ ഇതര ഹോട്ടലുകളെ ആശ്രയിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുശേഷം കാശുവാങ്ങാതെ ഭക്ഷണം കഴിക്കില്ലെന്ന് ഞങ്ങള്‍ നല്ലവണ്ണം ശാഠ്യം പിടിച്ചുതുടങ്ങിയതിനുശേഷമാണ് പലരും പണം വാങ്ങാന്‍ തയാറായത്. ഞങ്ങളുടെ സംഘം സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്ന 'കാക്റ്റസ്' ഹോട്ടലുകാര്‍ പക്ഷേ, ഒരു വിഭവം എപ്പോഴും അധികം അവരുടെ വകയായി, സൌജന്യമായി ഞങ്ങള്‍ക്ക് വിളമ്പിത്തന്നുപോന്നു.
അവസാനം ഈജിപ്ത് എംബസിയില്‍നിന്നും പോകാനുള്ള അനുമതിപത്രം വന്നുകിട്ടി. സ്വരുക്കൂട്ടിയ സഹായവസ്തുക്കളുമായി ഒരു സംഘം ലതാക്കിയയില്‍നിന്ന് കടല്‍മാര്‍ഗം ഈജിപ്തിലെ അല്‍ അരീഷിലെത്തുക. ബാക്കിപേര്‍ സിറിയന്‍ ഗവണ്‍മെന്റ് ചാര്‍ട്ടര്‍ ചെയ്തുതരുന്ന വിമാനത്തില്‍ അല്‍ അരീഷ് എയര്‍പോര്‍ട്ടിലിറങ്ങുക. പക്ഷേ, അതോടൊപ്പം ചില വിലക്കുകള്‍ കൂടിയുണ്ടായിരുന്നു.
1. ഇറാനിയന്‍ പൌരത്വമുള്ള ആരും സംഘത്തിലുണ്ടാവരുത്.
2. ഇറാന്റെ പണംകൊണ്ട് വാങ്ങിയ സാധനങ്ങള്‍ കൂടെ കരുതരുത്.
3. ജനറേറ്ററുകള്‍ കൊണ്ടുപോകരുത്
4. ജോര്‍ദാനില്‍നിന്നുള്ള ഇഖ്വാനുമായി ബന്ധമുള്ള 10 വളണ്ടിയര്‍മാര്‍ സംഘത്തിലുണ്ടാവരുത്.
ഇറാനികളെ കൊണ്ടുപോകരുതെന്ന താക്കീത് ഞങ്ങളുടെ ക്യാമ്പില്‍ തീവ്രവേദനയാണുണ്ടാക്കിയത്. കാരവനുവേണ്ടി ഏറ്റവും കൂടുതല്‍ ഉത്സാഹിച്ചു പ്രവര്‍ത്തിച്ചവര്‍ അവരാണ്. ഏതാണ്ട് ഒരു മാസത്തോളമായി കൂടെയുണ്ടായിരുന്ന സാഹസികരും സമര്‍പ്പിതരുമായ ഇറാനിയന്‍ സഹോദരന്മാരെയും സഹോദരിമാരെയും ഒഴിവാക്കണമെന്ന ഈജിപ്തിന്റെ ആവശ്യം ചര്‍ച്ചചെയ്യാന്‍ ഞങ്ങള്‍ പ്രത്യേകം യോഗം കൂടുകയുണ്ടായി. കൂട്ടത്തിലൊരുവിഭാഗം, ഇറാനികളില്ലെങ്കില്‍ ബാക്കിയുള്ളവരും ഇല്ലെന്ന നിലപാട് സ്വീകരിച്ച് ഈജിപ്തിനെതിരെ എല്ലായിടത്തും പ്രകടനങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. മറ്റൊരു വിഭാഗം, ഇറാനികള്‍ തടയപ്പെടുമെന്നത് മുന്‍കൂട്ടി അവര്‍ക്ക് ധാരണയുണ്ടായിരുന്നതാണെന്നും എന്തുവന്നാലും പ്രഥമ ഏഷ്യന്‍ കാരവന്‍ ഇസ്രയേല്‍ ഉപരോധം ലംഘിച്ച് ഫലസ്ത്വീന്‍ മണ്ണിലെത്തണമെന്നും ശക്തിയായി വാദിച്ചു. ഞങ്ങളൊക്കെയും അനുകൂലിച്ച രണ്ടാമത്തെ വാദമാണ് അംഗീകരിക്കപ്പെട്ടത്.
സഹായവസ്തുക്കളുമായി പോകുന്ന കപ്പലില്‍ പോകാനുള്ള സമ്മതം ശഹിന്‍ കെ. മൊയ്തുണ്ണിയും ഈ ലേഖകനും നേരത്തെ കാരവന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. ശഹിന്‍ വളരെ നേരത്തെ തന്നെ ഇതിന് മാനസികമായി ഒരുങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ആവേശവും സന്നദ്ധതയും മുന്നില്‍കണ്ട് കപ്പല്‍ സംഘത്തിന്റെ നായകനായി അദ്ദേഹത്തെ കാരവന്‍ നേതൃത്വം നിശ്ചയിച്ചു. കൂടെ പോകാനുള്ള മറ്റുള്ളവരുടെ പേരുകള്‍ നിശ്ചയിക്കാനുള്ള അവകാശം ശഹിന് കാരവന്‍ നേതൃത്വം നല്‍കുകയുണ്ടായി. ഈ ലേഖകന്‍ മറുവിഭാഗത്തോടൊപ്പം ഉണ്ടായിരിക്കണമെന്ന തീരുമാനത്തെ തുടര്‍ന്ന്, കപ്പല്‍ സംഘത്തില്‍നിന്നു പിന്‍മാറുകയാണ് ചെയ്തത്. അജിത്സാഹി, ബ്രിഗേഡിയര്‍ സുധീര്‍ സാവന്ത്, അസ്ലംഖാന്‍ എന്നിവര്‍ക്കു പുറമെ ജപ്പാന്‍കാരനായ സകഗൂച്ചി, മലേഷ്യക്കാരനായ നൂര്‍ അസ്ലി, ഇന്തോനേഷ്യക്കാരനായ മുഹമ്മദ് ഹുസൈന്‍ തുടങ്ങിയവര്‍ സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സാധനങ്ങള്‍ കപ്പലില്‍ കയറ്റിയതിനുശേഷം നടന്ന യാത്രയയപ്പ് വികാരനിര്‍ഭരമായിരുന്നു. ലതാക്കിയ ഗവര്‍ണറടക്കം ധാരാളം പേര്‍ യാത്ര അയപ്പ് ചടങ്ങിനെത്തിയിരുന്നു. ആളുകള്‍ അറബി ഭാഷയില്‍ ആവേശകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും മനോഹരമായ പാട്ടുകള്‍ പാടുകയും ചെയ്തു. ഞങ്ങളുടെ എട്ട് പ്രവര്‍ത്തകരെയും ഓരോരുത്തരും ആശ്ളേഷിച്ച് കണ്ണീര്‍ വാര്‍ത്തു. 'അസ്സലാം' എന്നു പേരുള്ള ചരക്കുകപ്പലിന്റെ ഗോവണിപ്പടിയില്‍ കയറിനിന്ന് ബ്രിഗേഡിയര്‍ സാവന്ത്, അജിത് സാഹി തുടങ്ങിയവര്‍ സഹപ്രവര്‍ത്തകരോട് സംസാരിച്ചു. "നാളെ രാവിലെ ഈജിപ്തില്‍ അല്‍ അരീഷില്‍ വെച്ച് നമുക്ക് കണ്ടുമുട്ടാം. അഥവാ ഈ എട്ടുപേര്‍ നാളെ അവിടെ എത്തിയില്ലെങ്കില്‍.....'' ഒരല്‍പം നിര്‍ത്തിയതിനു ശേഷം അദ്ദേഹം പറഞ്ഞു: "... നിങ്ങള്‍ ഞങ്ങളെ കാത്തുനില്‍ക്കാതെ ഗസ്സയിലേക്ക് കടക്കുക. ഒരാളാണ് ബാക്കിയുള്ളതെങ്കിലും നാമീ ഉപരോധം തകര്‍ക്കുക തന്നെ ചെയ്യും.'' നിറ കണ്ണുകളോടെയാണ് 'അസ്സലാം' എന്ന ചരക്കുകപ്പലില്‍ പുറപ്പെട്ട സഹപ്രവര്‍ത്തകരെ ഞങ്ങള്‍ യാത്രയാക്കിയത്.
ബാക്കിയുള്ളവര്‍ ഉടന്‍തന്നെ പിറ്റേന്ന് അതിരാവിലെ ദമസ്കസ് എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. തലേദിവസം പുറപ്പെട്ട ഞങ്ങളുടെ കപ്പല്‍ 24 മണിക്കൂര്‍ ദൂരം സഞ്ചരിച്ച് വൈകുന്നേരത്തോടെ അല്‍ അരീഷ് തുറമുഖത്തെത്തി. അതേസമയത്തുതന്നെ അല്‍ അരീഷ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങാനുള്ള രീതിയിലാണ് ഞങ്ങള്‍ പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നത്. ദമസ്കസ് എയര്‍പോര്‍ട്ടില്‍ ഇറാനിയന്‍ സുഹൃത്തുക്കളോട് യാത്രപറഞ്ഞ സന്ദര്‍ഭം വേദനാനിര്‍ഭരമായിരുന്നു. ദമസ്കസ് എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയില്‍നിന്നും തുരുതുരാ ഫോണ്‍സന്ദേശങ്ങള്‍ വന്നു തുടങ്ങി. 'അസ്സലാം' കപ്പലിനെ ഇസ്രയേല്‍ സേന പിടികൂടിയെന്ന വാര്‍ത്തയുടെ സത്യാവസ്ഥ അന്വേഷിച്ചുകൊണ്ടുള്ളതായിരുന്നു ഫോണ്‍കോളുകള്‍. കപ്പലിലെ സാറ്റലൈറ്റ് സംവിധാനവുമായി ഉടന്‍ ബന്ധപ്പെട്ടെങ്കിലും വിജയിച്ചില്ല. തിരക്കിട്ട് ഇന്റര്‍നെറ്റില്‍ വാര്‍ത്തകള്‍ പരതിയപ്പോള്‍, അസ്സലാം ഇസ്രയേല്‍ പിടിയിലായതായി ഇസ്രയേലി സൈറ്റുകള്‍ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നു. പരിഭ്രാന്തിയോടെയാണ് എല്ലാവരും വിമാനം കയറിയത്. യഥാര്‍ഥത്തില്‍ സിറിയന്‍ അതിര്‍ത്തിവിട്ട് അന്താരാഷ്ട്ര കടല്‍മാര്‍ഗത്തില്‍ 'അസ്സലാം' പ്രവേശിച്ച ഉടന്‍ തന്നെ രണ്ട് ഇസ്രയേല്‍ യുദ്ധക്കപ്പലുകള്‍ ഞങ്ങളുടെ കപ്പലിനെ പിന്തുടരുകയായിരുന്നു. ഒരു ചെറു സൈനികവിമാനം വളരെ താഴ്ന്നു പറന്ന് കപ്പലിനെ മണിക്കൂറുകളോളം നിരീക്ഷിച്ചുകൊണ്ടിരുന്നു. കപ്പിത്താനുമായി റേഡിയോ സംവിധാനം വഴി ബന്ധപ്പെട്ടു. കപ്പലിലുള്ള ഓരോരുത്തരുടെയും പേരുവിവരങ്ങള്‍ ഇസ്രയേല്‍ സേന ശേഖരിച്ചു. സംഘത്തലവന്‍ എന്ന നിലക്ക് ശഹിന്‍ കെ. മൊയ്തുണ്ണിയുടെ പാസ്പോര്‍ട്ട് നമ്പറടക്കമുള്ള വിശദവിവരങ്ങള്‍ അവര്‍ അന്വേഷിച്ചറിഞ്ഞു. ഈജിപ്തിലേക്ക് കടക്കുന്നതിന് മുമ്പ് ഗസ്സയിലേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ മുന്നറിയിപ്പില്ലാതെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. ഈജിപ്തിന്റെ അതിര്‍ത്തിയെത്തുവോളം തുടര്‍ന്ന നിരീക്ഷണവും പേടിപ്പെടുത്താനുള്ള അവരുടെ സൈനികാഭ്യാസപ്രകടനങ്ങളും ഞങ്ങളുടെ സുഹൃത്തുക്കളെ വിഷമിപ്പിച്ചു.
ജോര്‍ദാന്‍ ഫലസ്ത്വീന്‍ അതിര്‍ത്തിയിലൂടെയും പിന്നീട് സീനായ് മരുഭൂമിക്ക് മുകളിലൂടെയും പറന്ന് ഞങ്ങളുടെ പ്രത്യേക വിമാനം അല്‍അരീഷ് എയര്‍പോര്‍ട്ടിലിറങ്ങുമ്പോള്‍ വൈകുന്നേരമായിരുന്നു. പുഞ്ചിരിയോടെയും അറബിഭാഷയിലെ മനോഹരമായ വാക്കുകള്‍ മൊഴിഞ്ഞും വിമാനത്താവളത്തിന്റെ അധികൃതര്‍ ഞങ്ങളെ സ്വീകരിക്കുമ്പോള്‍ വരാനിരിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് ഞങ്ങള്‍ നിനച്ചുപോലുമില്ല. സ്വീകരണത്തിനു ശേഷം ഞങ്ങളുടെ പാസ്പോര്‍ട്ടുകള്‍ വാങ്ങിവെച്ചു. വളരെ നേരത്തിനു ശേഷം പ്രത്യേകിച്ചൊരു അറിയിപ്പും ഞങ്ങള്‍ക്കു കിട്ടിയില്ല. ഈജിപ്തില്‍ ഞങ്ങളെ സ്വീകരിക്കാന്‍ ഏതെങ്കിലും സംഘടനയോ പൌരസമൂഹസംഘങ്ങളോ വ്യക്തികളോ ഉണ്ടായിരുന്നില്ല. അതൊന്നും അവിടെ പാടില്ല. അല്‍അരീഷ് ഒരു സ്പേഷ്യല്‍ പൊളിറ്റിക്കല്‍ സോണാണ്. പോര്‍ട്ടധികൃതരും സര്‍ക്കാര്‍മീഡിയയും ഹുസ്നിമുബാറക്കിന്റെ പോലീസും മാത്രമേ അവിടെയുള്ളൂ എന്ന് ക്രമേണ ഞങ്ങള്‍ക്ക് മനസ്സിലായി. അതിനിടക്ക് കപ്പലുമായി ബന്ധപ്പെട്ട് അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയിരുന്നു. ഏതാണ്ട് രണ്ടുമണിക്കൂറിനകം അവര്‍ തീരത്തണയും. അതിനുശേഷം ഒരുമിച്ച് 40 കി.മീ മാത്രം അകലെയുള്ള ഞങ്ങളുടെ ലക്ഷ്യകേന്ദ്രമായ ഗസ്സയിലേക്ക് രാത്രി വൈകി എത്തിച്ചേരാം. അല്‍ഹംദുലില്ലാഹ്.
സംഭവിച്ചതു പക്ഷേ, നേരെ തിരിച്ചാണ്. പോര്‍ട്ടധികൃതരാണോ പോലീസാണോ അതോ ക്രിമിനലുകളാണോ എന്ന് ഈ നിമിഷം വരെയും തീര്‍ച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ലാത്ത ചിലരുമായുള്ള സംഭാഷണങ്ങള്‍ ആരംഭിക്കുകയായിരുന്നു പിന്നെ. ഇന്ന് രാത്രി വിമാനത്താവളത്തിനു പുറത്തുള്ള ഹോട്ടലില്‍ തങ്ങാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ടെന്നും കപ്പല്‍സംഘം കൂടി വന്നുചേര്‍ന്ന് ഒരുമിച്ച് പിറ്റേന്ന് രാവിലെ പോകാമെന്നും ചിലര്‍ ഞങ്ങളോടു പറഞ്ഞു. പക്ഷേ, അതിന് കനത്ത തുക ഓരോരുത്തരും നല്‍കണം. ഭീമമായ സംഖ്യ തരാനാവില്ലെന്നും രാത്രിതന്നെ ഗസ്സയിലേക്ക് വിടണമെന്നും ഞങ്ങള്‍ ശഠിച്ചു. എന്തുവന്നാലും ഉടന്‍ ഗസ്സ അതിര്‍ത്തി കടക്കണമെന്നും ഒരിക്കലും അല്‍ അരീഷില്‍ തങ്ങരുതെന്നും ഗസ്സയിലെ സുഹൃത്തുക്കള്‍ ഞങ്ങളെ, ആവര്‍ത്തിച്ച് ഉപദേശിച്ചുകൊണ്ടിരുന്നു. 'വിവാ പാലസ്റ്റീന'യുടെയും 'ഫ്ളോട്ടില'യുടെയും അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവര്‍ സംസാരിച്ചുകൊണ്ടിരുന്നത്. മുമ്പ് വന്ന സംഘത്തിലെ 500ഓളം പേരെ ഈജിപ്ത് അകാരണമായി തടവിലാക്കുകയും സ്വത്തുവകകള്‍ കൊള്ളയടിക്കുകയും പ്രതിഷേധിച്ചപ്പോള്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്ത അനുഭവങ്ങള്‍ ഞങ്ങളുടെ ബ്രിട്ടീഷ് സുഹൃത്തുക്കളും നേതൃത്വത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഞങ്ങളെ പുറത്തുവിടാന്‍ വേണ്ടി മുദ്രാവാക്യം വിളിക്കുകയും ബഹളം വെക്കുകയും ഇടക്കിടക്ക് ഉദ്യോഗസ്ഥരുമായി ഉരസുകയും ചെയ്തുകൊണ്ടിരുന്നു ഞങ്ങള്‍. ഭക്ഷണവും വെള്ളവും ഇല്ലാതെ മണിക്കൂറുകളായി വിഷമിച്ചുകൊണ്ടിരുന്ന വൃദ്ധരയും സ്ത്രീകളെയും കുട്ടികളെയും പുറത്തിറങ്ങാന്‍ അനുവദിക്കുകയോ പാസ്പോര്‍ട്ട് കൈയില്‍ തരികയോ ചെയ്തില്ല. പണം കൊടുക്കാന്‍ വേണ്ടി മാറിമാറി വന്ന ഉദ്യോഗസ്ഥന്മാര്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. ഒരു വന്‍ ക്രിമിനല്‍ നെറ്റ് വര്‍ക്കിനകത്താണ് വന്നു പെട്ടിരിക്കുന്നതെന്ന് ഏറെത്താമസിയാതെ മനസ്സിലായി. ഏതാണ്ട് ആറേഴു മണിക്കൂര്‍ നേരത്തെ ലഹളക്കും ദീര്‍ഘിച്ച സംഭാഷണങ്ങള്‍ക്കും ഒടുവിലാണ് രാത്രി ഏറെ വൈകി ഇടുങ്ങിയ മൂന്നു വാനുകളില്‍ ഞങ്ങളെ അവര്‍ ഗസ്സ അതിര്‍ത്തിയില്‍ കൊണ്ടുവിട്ടത്.
തുറമുഖത്ത് മറ്റൊരു കപ്പല്‍ ചരക്കിറക്കിക്കൊണ്ടിരുന്നതിനാല്‍ കടലില്‍ നങ്കൂരമിട്ട് കാത്തുനില്‍ക്കാനാണ് ഈജിപ്ത് അധികൃതര്‍ 'അസ്സലാമി'ന് നല്‍കിയ ആദ്യ നിര്‍ദേശം. രാത്രി പുറത്തുകഴിയേണ്ടി വരുമെന്നും രാവിലെയാകുന്നതോടെ കരക്കടുപ്പിച്ച് സാധനങ്ങളിറക്കി ഗസ്സയിലേക്ക് പോകാനാകുമെന്ന ഉറപ്പോടെയാണ് ഞങ്ങള്‍ ഗസ്സയിലേക്ക് പ്രവേശിച്ചത്. പക്ഷേ, നീണ്ട 60 മണിക്കൂര്‍ നേരത്തെ ദുരിതം അനുഭവിക്കേണ്ടിവന്നു ഞങ്ങളുടെ കൂട്ടുകാര്‍ക്ക് ഗസ്സയിലെത്താന്‍. കപ്പലിലെ ഭക്ഷണവും വെള്ളവും തീര്‍ന്നു. ഉരുളക്കിഴങ്ങ് മാത്രമായി പിന്നീട് ഭക്ഷണം. ഞങ്ങളുമായി ചര്‍ച്ച ചെയ്ത അതേ ക്രിമിനല്‍ സംഘങ്ങള്‍ പിന്നീട് അവരോടും വിലപേശിത്തുടങ്ങി. വന്‍തുക കൊടുത്താലല്ലാതെ നിലത്തിറക്കില്ല എന്നവര്‍ ഭീഷണിപ്പെടുത്തി. വിശപ്പും തണുപ്പും ആശങ്കയും സഹിക്കാതെ പലരും ശാരീരികമായി തളര്‍ന്നു. ഗസ്സയിലെത്തിയതിനു ശേഷവും ഈ ലേഖകനും മൂന്നു സുഹൃത്തുക്കളും ഈ സുഹൃത്തുക്കളെ രക്ഷപ്പെടുത്താന്‍ വേണ്ടി ശ്രമിച്ചിരുന്നു. മൂന്നുദിവസം ഊണും ഉറക്കവുമില്ലാതെ നിരന്തരം ഈജിപ്ഷ്യന്‍ അധികൃതരുമായും ഇന്ത്യന്‍ എംബസിയുമായും നേരത്തെപറഞ്ഞ ഈജിപ്ഷ്യന്‍ സര്‍ക്കാറിന്റെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന 'ക്രിമിനല്‍ സംഘ'ങ്ങളുമായും നിരന്തരമായ ചര്‍ച്ചകളായിരുന്നു. മാനസികമായും ശാരീരികമായും ഇത്രയും തളര്‍ന്നുപോയ മറ്റൊരവസരം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഗസ്സയിലെത്തിയതിനുശേഷം ഞങ്ങള്‍ വിളിച്ച പത്രസമ്മേളനത്തില്‍ സംഘാംഗങ്ങളില്‍ 8 പേരുടെ ജീവന്‍ അപകടത്തിലാണെന്ന് ഞങ്ങള്‍ ലോകസമൂഹത്തോട് വിളിച്ചുപറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എംബസികള്‍ക്കു മുമ്പില്‍ ഞങ്ങള്‍ നിര്‍ദേശിച്ചതനുസരിച്ച് പ്രകടനങ്ങളും പ്രതിഷേധയോഗങ്ങളും നടന്നു.
കപ്പലില്‍നിന്ന് സുഹൃത്തുക്കളെ മോചിപ്പിക്കാന്‍ ജീവന്‍ പണയം വെച്ച് അല്‍ അരീഷിലേക്ക് തിരിച്ചു ചെല്ലാന്‍ ഞങ്ങള്‍ അഞ്ചുപേര്‍ ഒരുക്കമായിരുന്നു. പക്ഷേ, ഈജിപ്ഷ്യന്‍ അധികൃതര്‍ അതിനും തയാറായില്ല. ഗസ്സയിലേക്കു കടന്ന സംഘം ഒരുമിച്ചു മാത്രമേ തിരിച്ചുവരാവൂ. ആരെങ്കിലും ഒറ്റതിരിഞ്ഞാല്‍ ഈജിപ്ത് അവരെ ജയിലിലടക്കും. മുമ്പ് 'വിവ പാലസ്റ്റീന'യുടെ സംഘാംഗങ്ങള്‍ക്ക് ഈ ദുരനുഭവമുണ്ടായിട്ടുണ്ട്. സര്‍വോപരി ഫലസ്ത്വീന്‍ സുഹൃത്തുക്കള്‍, പുറത്തു കടക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്‍കി. നേരത്തെ പറഞ്ഞ ക്രിമിനല്‍ സംഘങ്ങളില്‍ ഏതാണ്ട് 15ഓളം പേരോടാണ് ഞങ്ങള്‍ നിരന്തരം സംഭാഷണം നടത്തിക്കൊണ്ടിരുന്നത്. അവസാനം 12000 ഡോളര്‍ തന്നാല്‍ അവരെവിടാമെന്ന ധാരണയായി. സിനിമാ സ്റൈലില്‍  ഫലസ്ത്വീന്‍-ഈജിപ്ത് ബോര്‍ഡറില്‍ ചെന്ന് പണം അപ്പുറത്തേക്ക് ഉയര്‍ത്തിക്കാട്ടി. സുഹൃത്തുക്കളെ വിട്ടാല്‍ കൈമാറാമെന്ന് വിളിച്ചുപറഞ്ഞത് മറക്കാനാകാത്ത ഓര്‍മയാണ്.
കപ്പലിലുണ്ടായിരുന്ന ഞങ്ങളുടെ സുഹൃത്തുക്കള്‍ നന്നേ വിഷമിച്ചു. നിശ്ചയമില്ലാത്തവരോട് ഫോണില്‍ മണിക്കൂറുകളോളം സംഭാഷണം നടത്താനായിരുന്നു, ഞങ്ങളെപ്പോലെ അവരുടെയും വിധി. കപ്പല്‍ തുറമുഖത്തിലെത്തിയതിനുശേഷവും ഈ പീഡനം തുടര്‍ന്നു. നിലത്തിറങ്ങണമെങ്കില്‍ 2000 ഡോളര്‍ കൊടുക്കണമെന്നായി പുറത്തുണ്ടായിരുന്നവര്‍. എല്ലാവരും ചേര്‍ന്ന് അത്രയും തുക കൊടുത്തതിനുശേഷമായിരുന്നു നിലത്തിറങ്ങാന്‍ സമ്മതിച്ചത്. ഒരു സുഹൃത്ത് അപ്പോഴേക്കും തീര്‍ത്തും അവശനായിത്തീര്‍ന്നിരുന്നു. വിശപ്പും ദാഹവും ഉറക്കമില്ലായ്മയും കൊണ്ട് പലരും പരിഭ്രാന്തരായിരുന്നു. വിഭ്രാന്തനായി ഒരാള്‍ കപ്പലില്‍നിന്ന് വെള്ളത്തിലേക്കെടുത്തുചാടാന്‍ ഒരുങ്ങിയെങ്കിലും എല്ലാവരും ഏറെ പണിപ്പെട്ട് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയാണുണ്ടായത്. കപ്പലില്‍ നിന്നിറങ്ങിയ അവരുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചുവെച്ച് പിന്നെയും പീഡനം തുടര്‍ന്നു. ചരക്കിറക്കിത്തുടങ്ങിയപ്പോള്‍ അതുകൊള്ളയടിച്ച് കൊണ്ടുപോകലായി നേരത്തെപറഞ്ഞ ക്രിമിനല്‍ സംഘത്തിന്റെ ജോലി. നേരത്തെ തന്നെ ക്ഷീണിതരായിരുന്ന ഞങ്ങളുടെ സുഹൃത്തുക്കള്‍ പത്തുലക്ഷം ഡോളര്‍ വിലപിടിപ്പുള്ള ഒരു കപ്പല്‍ സാധനങ്ങള്‍ മുഴുവന്‍ സംരക്ഷിക്കേണ്ട ചുമതലകൂടി ഏല്‍ക്കേണ്ടി വന്നു.
സഹായവസ്തുക്കളില്‍ ഉണ്ടായിരുന്ന ആംബുലന്‍സുകളും മരുന്നുകളും മാത്രമേ റഫാഹ് ബോര്‍ഡറിലൂടെ ഗസ്സയിലേക്ക് കടത്തിവിടൂ എന്നും ബാക്കിയുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ഇസ്രയേലിന്റെ അധീനതയിലുള്ള മറ്റൊരു ബോര്‍ഡറിലൂടെ മാത്രമേ വിടുകയുള്ളൂ എന്നും ഈജിപ്തധികൃതര്‍ ശഠിച്ചുകൊണ്ടിരുന്നു. എല്ലാം നഷ്ടപ്പെടുമെന്ന ഘട്ടം പോലും പലപ്പോഴും അവര്‍ അഭിമുഖീകരിക്കേണ്ടി വന്നു. പാസ്പോര്‍ട്ട് കൈയില്‍ കിട്ടാനും പുറത്തുകടക്കാനുമായി നിരവധി തവണ ഉദ്യോഗസ്ഥരുമായി അവര്‍ക്ക് ഏറ്റുമുട്ടേണ്ടി വന്നു. 'എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നുവെന്നും ഇനി അല്ലാഹു മാത്രമേ നിങ്ങളെ സഹായിക്കാനുള്ളൂ എന്നും കഴിയുന്ന സാധനങ്ങള്‍ മാത്രം കുടെയെടുത്ത് ഗസ്സയിലേക്ക് കടക്കാന്‍ ശ്രമിക്കുക എന്നു പറഞ്ഞ് ഞാന്‍ ശഹിന് അവസാനമായി ഫോണ്‍ചെയ്തത് ഇന്നും നെഞ്ചിടിപ്പോടെയല്ലാതെ ഓര്‍ക്കാനാവില്ല. ഫോണ്‍ വെച്ചതിനുശേഷം ദീര്‍ഘനേരം ശബ്ദമില്ലാതെ കരഞ്ഞു. സുഹൃത്തുക്കള്‍ കടലില്‍ കുടുങ്ങിയ ആ അഭിശപ്തമായ 60 മണിക്കൂറുകള്‍ ജീവിതത്തില്‍ ഒരിക്കലും മാഞ്ഞുപോവില്ലെന്നുറപ്പാണ്. നേതൃത്വത്തെക്കൂടാതെ ആരെയും സംഭവങ്ങളൊന്നും അറിയിക്കാതെയാണ് മൂന്നുദിവസം തള്ളിനീക്കിയത്. ജീവന്‍ നിലനിര്‍ത്താന്‍ മാത്രം ഭക്ഷണം കഴിച്ചു. ശഹിന്റെ വീട്ടുകാരെവിളിച്ച് ഒരു കുഴപ്പവുമില്ല എല്ലാം ശരിയാകുമെന്ന് ധൈര്യം പറഞ്ഞു. അതേസമയം കാര്യങ്ങള്‍ വിളിച്ചന്വേഷിച്ച ഇന്ത്യാവിഷന്റെയും കൈരളിയുടെയും ലേഖകന്മാരോട് ശഹിനടക്കമുള്ള 4 ഇന്ത്യക്കാരുടെ ജീവന്‍ അപകടത്തിലാണെന്നും ഇന്ത്യന്‍ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
എന്റെ ഫോണ്‍സന്ദേശത്തിനുശേഷം 8 പേരുംകൂടി നിര്‍ണായകമായ തീരുമാനമെടുത്തു. എന്തുവന്നാലും ഈ ക്രിമിനല്‍ സംഘത്തോട് ഫൈറ്റ് ചെയ്ത് ഒരു തരിയെങ്കില്‍ ഒരു തരി സഹായവസ്തുക്കളുമായി ഗസ്സയിലേക്ക് പോകും എന്നതായിരുന്നു അത്. പലേടത്തുനിന്നും സംഭാവനയായി സ്വീകരിച്ച വസ്തുക്കള്‍ അവരുടെ കൈയില്‍നിന്ന് അന്യാധീനപ്പെടുന്നത് അവര്‍ക്ക് സങ്കല്‍പിക്കാന്‍ പോലുമാകുമായിരുന്നില്ല. വെടിവെക്കണമെങ്കില്‍ വെടിവെച്ചോളൂ എന്നു പറഞ്ഞ് നാല് ആംബുലന്‍സുമായി പുറത്തുകടക്കാന്‍ അവര്‍ ശ്രമിച്ചു. അവരുടെ നിശ്ചയദാര്‍ഢ്യത്തിനുമുമ്പില്‍ അവസാനം ഈജിപ്തധികൃതര്‍ കീഴടങ്ങുകയാണുണ്ടായത്. നാല് ആംബുലന്‍സുകള്‍ സ്വയം ഓടിച്ച് ഗസ്സ അതിര്‍ത്തിയിലേക്ക് അവര്‍ പുറപ്പെട്ട വാര്‍ത്ത കിട്ടിയപ്പോള്‍ സന്തോഷം കൊണ്ട് സുജൂദില്‍ വീണു കിടന്നു ദീര്‍ഘനേരം. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിന് നന്ദിരേഖപ്പെടുത്താന്‍ വാക്കുകളില്ലാതെ കരഞ്ഞു. അവര്‍ക്ക് വീരോചിതമായ സ്വീകരണം നല്‍കാന്‍ രാത്രി 12 മണിക്ക് റഫാഹ് ബോര്‍ഡറിലേക്ക് ഫലസ്ത്വീന്‍ സുഹൃത്തുക്കളോടൊപ്പം വാഹനം കയറുമ്പോള്‍ പതിറ്റാണ്ടുകളായി ഒരു ജനതയനുഭവിക്കുന്ന പീഡനങ്ങളും പ്രയാസങ്ങളെക്കുറിച്ചുമാണോര്‍ത്തത്. 60 മണിക്കൂര്‍ നേരത്തെ ഒരു കപ്പലനുഭവം ഇത്രമാത്രം ദുരിതപൂര്‍ണമെങ്കില്‍ അരനൂറ്റാണ്ടുകാലത്തെ ഈ ദുരിതം നമുക്കെങ്ങനെ അളന്നു തിട്ടപ്പെടുത്താനാവും?
(അടുത്ത ലക്കത്തില്‍
അവസാനിക്കും)

Comments