Prabodhanm Weekly

Pages

Search

2011 ജൂണ്‍ 4

ദരിദ്രരുടെ ഉച്ചകോടി

തുര്‍ക്കി നഗരമായ ഇസ്തംബൂളില്‍ ഈയിടെ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ അതി ദരിദ്ര രാഷ്ട്രത്തലവന്മാരുടെ പഞ്ചദിന ഉച്ചകോടി നടക്കുകയുണ്ടായി. ദരിദ്ര രാഷ്ട്രങ്ങളുടെ വികസനത്തിന് അടുത്ത പത്തുകൊല്ലക്കാലം നടപ്പിലാക്കേണ്ട വികസന പദ്ധതി തയാറാക്കുകയായിരുന്നു സമ്മേളന ലക്ഷ്യം. നിര്‍ദിഷ്ട പദ്ധതി നടപ്പിലാക്കുന്നതിലൂടെ അവികസിത നാടുകളില്‍ നിന്ന് ദാരിദ്ര്യം ദൂരീകരിക്കപ്പെടുകയോ ചുരുങ്ങിയ പക്ഷം വികസനത്തിലേക്കുള്ള കുതിപ്പാരംഭിക്കുകയോ ചെയ്യുമെന്നാണ് പ്രതീക്ഷ. ദരിദ്ര രാഷ്ട്ര സാരഥികള്‍ക്ക് പുറമെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍, തുര്‍ക്കി പ്രസിഡന്റ് അബ്ദുല്ല ഗുല്‍, യൂറോപ്യന്‍ കമീഷന്‍ അധ്യക്ഷന്‍ ജോസ് മാനുവല്‍ ബ്രോസ് തുടങ്ങിയ ലോക നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.
ലീസ്റ്റ് ഡവലപ്ഡ് കണ്‍ട്രീസ് (എല്‍.ഡി.സി) എന്നാണ് ഈ കൂട്ടായ്മ അറിയപ്പെടുന്നത്. പ്രതിശീര്‍ഷ വാര്‍ഷിക വരുമാനം 745 ഡോളറില്‍  കുറവായിരിക്കുക എന്നതാണ് എല്‍.ഡി.സിയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡം. ഇപ്പോള്‍ ലോകത്ത് ഈ നിലവാരത്തിലുള്ള 48 രാജ്യങ്ങളുണ്ട്. അതില്‍ 33 എണ്ണവും ആഫ്രിക്കയിലാണ്. 14 എണ്ണം ഏഷ്യയിലും. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഹെയ്തിയും അതി ദരിദ്ര രാഷ്ട്രങ്ങളുടെ ഗണത്തില്‍ പെടുന്നു. വികസിത-വികസ്വര രാഷ്ട്രങ്ങളുടേതിനെ അപേക്ഷിച്ച് ശോചനീയമാണീ നാടുകളിലെ സാമ്പത്തിക സ്ഥിതിയും ജീവിത നിലവാരവും. ഇവയിലെ മൊത്തം ജനസംഖ്യ നൂറുകോടിയോളം വരും.
ഇസ്തംബൂളില്‍ ചേര്‍ന്ന ദരിദ്ര ഉച്ചകോടി, ഇത്തരത്തില്‍ പത്തു വര്‍ഷം കൂടുമ്പോള്‍ നടക്കാറുള്ള സമ്മേളനങ്ങളില്‍ നാലാമത്തേതാണ്. ഒന്നും രണ്ടും കോണ്‍ഫറന്‍സുകള്‍ യഥാക്രമം 1980-ലും 1990-ലും ഫ്രാന്‍സിലാണ് നടന്നത്. മൂന്നാം കോണ്‍ഫറന്‍സ് 2001-ല്‍ ബ്രസ്സല്‍സില്‍ അരങ്ങേറി. അതി ദരിദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങള്‍ ജീവിച്ചു പോരുന്നത് ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക സഹായത്തെ ആശ്രയിച്ചാണെന്ന്, ഇസ്തംബൂള്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധപ്പെടുത്തിയ അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ രാജ്യങ്ങള്‍ക്ക് സ്വന്തമായ വ്യാപാരമില്ല, ലോക വ്യാപാരത്തില്‍ യാതൊരു പങ്കുമില്ല. ഇവയൊക്കെ തികച്ചും ഊഷര ഭൂമികളായതുകൊണ്ടല്ല ഈ ദാരിദ്ര്യം. പ്രകൃതി വിഭവങ്ങളുടെ അഭാവം കൊണ്ടുമല്ല. മനുഷ്യശേഷി ദരിദ്ര രാജ്യങ്ങളിലും വേണ്ടുവോളമുണ്ട്. പ്രകൃതി വിഭവങ്ങളുമുണ്ട്. രണ്ടിനെയും കൂട്ടിയിണക്കി സംസ്‌കരിച്ച് പുരോഗമനാത്മകമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. മിക്ക ദരിദ്ര നാടുകളിലും ദേശീയ വിഭവങ്ങള്‍ നിയന്ത്രിക്കുന്നത് ദേശീയ ജനതയല്ല; വികസിത നാടുകളാണ്. അവരാണത് പ്രയോജനപ്പെടുത്തുന്നതും. സ്വന്തം വിഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ ജനതക്ക് അവസരം നല്‍കാതെ മറ്റുള്ളവര്‍ യഥേഷ്ടം കൈകാര്യം ചെയ്യുക എന്നതുതന്നെ കുറ്റകരമായ നടപടിയാണ്. അതിനേക്കാള്‍ കുറ്റകരമാണ് 'സഹായം' എന്ന പേരില്‍ മോചനമില്ലാത്ത കടക്കെണിയില്‍ അവരെ കുടുക്കിയിടുന്നത്.
പലവിധ ചരടുകളുള്ളതാണ് വികസിത രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് നല്‍കുന്ന കട സഹായം. കൊടുക്കുന്ന കടം എങ്ങനെ വിനിയോഗിക്കണമെന്ന് ഉത്തമര്‍ണന്‍ തന്നെ വ്യവസ്ഥ ചെയ്യുന്നു. സ്വാഭാവികമായും അതില്‍ മുഴച്ചു നില്‍ക്കുക ഉത്തമര്‍ണരുടെ ചൂഷണ താല്‍പര്യങ്ങളായിരിക്കും. അധമര്‍ണരുടെ സ്വയംപര്യാപ്തിയിലേക്കുള്ള കവാടങ്ങളെല്ലാം അടക്കപ്പെടുന്നു. സഹായിക്കപ്പെടുന്നവരുടെ ദാരിദ്ര്യ നിര്‍മാര്‍ജനമാണ് സഹായിക്കുന്നവരുടെ ലക്ഷ്യമെങ്കില്‍ അതിനനുഗുണമായ നയങ്ങളും നിലപാടുകളും കൈക്കൊള്ളേണ്ടതുണ്ട്. പക്ഷേ, അധമര്‍ണരെ എന്നെന്നും പരാശ്രയത്തില്‍ തളച്ചിടാനുള്ള തന്ത്രങ്ങളാണ് ഉത്തമര്‍ണന്‍ പലപ്പോഴും പയറ്റുന്നത്.
മൂന്ന് പതിറ്റാണ്ടു കാലമായി യു.എന്‍ ദരിദ്ര രാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍ വിപുലമായി ചര്‍ച്ച ചെയ്യുകയും പ്രവര്‍ത്തന പദ്ധതികള്‍ തയാറാക്കുകയും ചെയ്തുവരുന്നു. പക്ഷേ, ദരിദ്ര കോടികള്‍ മുപ്പതു വര്‍ഷം മുമ്പുണ്ടായിരുന്ന അതേ അവസ്ഥയില്‍ തുടരുകയാണിന്നും. ലോക നേതാക്കള്‍ സഭയില്‍ മോഹന വാഗ്ദാനങ്ങള്‍ ചൊരിയുന്നു; ആകര്‍ഷകമായ പദ്ധതികളവതരിപ്പിക്കുന്നു. പക്ഷേ, എല്ലാം കടലാസിനു മാത്രം അലങ്കാരമായി വിരാജിക്കുകയാണ്. യു.എന്‍.ഒ ഈ ദുരവസ്ഥയെക്കുറിച്ച് ബോധവാന്മാരാണെന്ന് പറയപ്പെടുന്നുണ്ട്. ഇസ്തംബൂള്‍ കോണ്‍ഫറന്‍സില്‍, സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ചെയ്ത പ്രസംഗം അത് സൂചിപ്പിക്കുന്നുമുണ്ട്. അതൊന്നും പക്ഷേ, ദരിദ്ര ലോകത്തിന്റെ ജീവിതദുരിതത്തിനറുതിയാകുന്നില്ല.
ഇസ്തംബൂള്‍ കോണ്‍ഫറസില്‍ അധ്യക്ഷ പദവിയലങ്കരിച്ച തുര്‍ക്കി പ്രസിഡന്റ് അബ്ദുല്ലാ ഗുലും ദരിദ്ര ഉച്ചകോടികളുടെ വന്ധ്യതയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. പത്തു വര്‍ഷം കൂടുമ്പോള്‍ വിപുലമായ പദ്ധതികള്‍ തയാറാക്കി പിരിഞ്ഞുപോയതുകൊണ്ട് കാര്യമില്ലെന്നും അതെത്രത്തോളം പ്രയോഗവത്കരിക്കപ്പെടുന്നുവെന്ന് ഗൗരവപൂര്‍വം പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ സമ്മേളനം അംഗീകരിച്ച പരിപാടികളുടെ നിര്‍വഹണം വിലയിരുത്താന്‍ 2015-ല്‍ ഒരു അവലോകന സമ്മേളനം ചേരണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഗുല്ലിന്റെ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. എല്‍.ഡി.സിയുടെ വികസന പദ്ധതികളില്‍ ചിലതിനെയെങ്കിലും കടലാസില്‍ നിന്ന് പുറത്തുകടത്താന്‍ അത് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാം.

Comments