Prabodhanm Weekly

Pages

Search

2011 ജൂണ്‍ 4

ഇന്ത്യ-ആഫ്രിക്ക-ചൈന-പാകിസ്താന്‍

ഇഹ്‌സാന്‍


ഉസാമയെ കൊന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ അവകാശവാദത്തിന്റെ നാള്‍ തൊട്ട് അതിവേഗത്തിലാണ് നാം ജീവിക്കുന്ന ഉപഭൂഖണ്ഡത്തിന്റെ ചിത്രം മാറിവരുന്നത്. മേഖലയിലെ നേരിട്ടുള്ള കളികളില്‍ നിന്ന് പിന്‍വാങ്ങാനുള്ള തയാറെടുപ്പിലാണ് അമേരിക്കന്‍ സൈന്യം. 30,000ത്തിലേറെ പൊതുജനങ്ങള്‍ ഭീകരാക്രമണങ്ങളില്‍ ഇതിനകം കൊല്ലപ്പെട്ടിട്ടും നിസ്സഹായത തെളിയിക്കാനാവാതെ ചെകുത്താനും കടലിനുമിടയിലാണ് യൂസുഫ് റസാ ഗീലാനി. മറു‘ഭാഗത്ത് ആ രാജ്യം നേരിടുന്ന ഓരോ ദുരന്തവും മേഖലയില്‍ അനിവാര്യമായ അനുരണങ്ങളുണ്ടാക്കുന്ന കാലമെത്തി. കറാച്ചിയിലെ മെഹ്‌റാന്‍ നേവല്‍ ബേസില്‍ താലിബാന്റേതെന്ന് സംശയിക്കപ്പെടുന്ന ഭീകരാക്രമണം ബാഹ്യമായ എല്ലാ അളവുകോലുകള്‍ക്കും അപ്പുറത്താണ്. ഐബഠാബാദിലെ സൈനിക ആസ്ഥാനത്ത് അമേരിക്ക നേരിട്ട് വിമാനമിറക്കിയ നാണക്കേടില്‍ നിന്ന് ഒരുവിധം മോചിതരായി വരുമ്പോഴാണ് കറാച്ചിയിലെ ഈ ഞെട്ടിക്കുന്ന സംഭവം. മുംബൈ ഭീകരാക്രമണത്തിന്റെ ഓര്‍മയുണര്‍ത്തി കടലിലൂടെ നുഴഞ്ഞു കയറിവന്ന ഭീകരവാദികള്‍ പാകിസ്താന്റെ കവിളത്ത് തോണ്ടി അപ്രത്യക്ഷരാകുമ്പോള്‍ അതുയര്‍ത്തി വിടുന്ന ആശങ്കകള്‍ കുറച്ചൊന്നുമല്ല.
ഇന്ന് പാക് സൈന്യത്തിനകത്തെ 'ഐ.എസ്.ഐ' താപ്പാനകള്‍ ചേര്‍ന്ന് അമേരിക്കക്കും ഗീലാനിക്കുമെതിരെ താലിബാനെ സഹായിക്കുന്ന ദുരന്തമെത്തുവോളം ഈ ആശങ്ക വളര്‍ന്നുമുറ്റിയെന്നാണ് കറാച്ചി സംഭവത്തിന്റെ കാതല്‍. കറാച്ചിയില്‍ ആക്രമിച്ചത് ഏതു താലിബാനാണെന്നത് ഇപ്പോഴും വ്യക്തമല്ല. യഥാര്‍ഥ താലിബാന് ഉസാമ എപ്പോള്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്ന് എല്ലാവരേക്കാളും നന്നായി അറിയുന്ന സ്ഥിതിക്ക് അവര്‍ കറാച്ചിയിലെ തുറമുഖം ആക്രമിച്ചു എന്ന കഥ ഒറ്റയടിക്ക് വിഴുങ്ങുക ഒട്ടും എളുപ്പവുമല്ല. അതേസമയം കറാച്ചിക്കു സമീപത്തെ പാകിസ്താന്റെ തുറമുഖങ്ങളിലൊന്ന് ചൈന ഏറ്റെടുക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ തഹ്‌രീകെ താലിബാന്‍ എന്ന വടക്കനതിര്‍ത്തിയിലെ കൂലിത്തല്ലുകാര്‍ കറാച്ചിയില്‍ സാന്നിധ്യമറിയിക്കുമെന്നത് നൂറുതരം. നമ്മുടെ മുംബൈ സംഭവത്തിനേക്കാള്‍ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഈ ഒത്തുകളി. ആണവായുധം താലിബാനിലേക്ക് ചോരുന്ന വഴികള്‍ ഏതായിരിക്കുമെന്ന് വിരല്‍ ചൂണ്ടുന്ന ഗുരുതരമായ സംഭവവികാസം. ഒടുവിലെങ്കിലും യാഥാര്‍ഥ്യം മനസ്സിലായോ ആവോ? അഫ്ഗാനില്‍ നിന്ന് ധൃതിപ്പെട്ട് പിന്മാറരുതെന്ന് ഇന്ത്യ അമേരിക്കയോട് അഭ്യര്‍ഥിച്ചുവെന്നാണ് പുതിയ വിക്കിലീക്ക്‌സ് റിപ്പോര്‍ട്ട്.
ഉസാമ ബിന്‍ ലാദിന്‍ സംഭവം’ അമേരിക്കയും പാകിസ്താനും തമ്മില്‍ 2001 സെപ്റ്റംബര്‍ മുതല്‍ നിലനിന്നു വന്ന ചില ധാരണകളുടെ ഏകപക്ഷീയമായ ലംഘനമായിരുന്നുവെന്നാണ് സംശയിക്കാനാവുക. ഉസാമ ഇല്ലാതായ വിവരം എപ്പോള്‍, എങ്ങനെ പുറത്തുവിടണമെന്ന കാര്യത്തിലെങ്കിലും അമേരിക്ക പാകിസ്താനെ ചതിച്ചതാവണം. ഭീകരതക്കെതിരെയുള്ള യുദ്ധത്തിലെ ധീരമായ മുന്നേറ്റം എന്നതിനേക്കാളുപരി നാണം കെട്ട പിന്മാറ്റത്തിന്റെ തുടക്കമായിരുന്നു അത്. കൊല്ലപ്പെട്ട രീതിയെ കുറിച്ചും ഒപ്പമുണ്ടായിരുന്നവരെ കുറിച്ചും മൃതദേഹത്തെ കുറിച്ചുമൊക്കെ അമേരിക്ക പറഞ്ഞ കാര്യങ്ങളില്‍ പരസ്പര വിരുദ്ധമായ പലതുമുണ്ട്. ആ മതില്‍കെട്ടിനകത്ത് വിമാനമിറക്കി എന്നതു മാത്രമാണ് സംഭവത്തിലെ വിശ്വാസ്യയോഗ്യമായ ഏക ശരി. അതിനുള്ള തെളിവായി ഒരു ഹെലികോപ്റ്റര്‍ അവിടെയിട്ട് തീ കൊടുക്കുകയും ചെയ്തു. ആ ഏറ്റുമുട്ടല്‍ സംഭവം ശരിയായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന വാര്‍ത്തകളുടെ യുക്തിപരമായ തുടര്‍ച്ചകളുണ്ട്. ഇത്രയും കാലത്തെ ബിന്‍ ലാദിന്റെ മൗനം, അതിന്റെ കാരണം, അദ്ദേഹത്തിന്റെ ഒളിവു ജീവിതം, അതിലെ സഹായികള്‍, അവരുടെ അനിവാര്യമായ അറസ്റ്റ്, ഉന്നതതല ബന്ധങ്ങള്‍ ഇവയൊക്കെ വൈറ്റ് ഹൗസിന്റെ ഹോളിവുഡ് പാരഡികള്‍ക്കപ്പുറം മനുഷ്യന്റെ ബുദ്ധിക്ക് ചേരുന്ന ഭാഷയില്‍ വിശദീകരിക്കപ്പെടേണ്ടിയിരുന്നുവല്ലോ. അത്തരം വാര്‍ത്തകള്‍ക്കു പകരം അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്ക പിന്മാറുന്നതിന്റെയും പാകിസ്താന് അമേരിക്കന്‍ ധനസഹായം നിര്‍ത്തലാക്കുന്നതിന്റെയും വാര്‍ത്തകളാണ് ഇപ്പോള്‍ കൂടുതലായി കേട്ടുകൊണ്ടിരിക്കുന്നത്. മറുവശത്ത് പാകിസ്താന്‍ തങ്ങളുടെ അസ്വസ്ഥത പരസ്യമായി പ്രകടിപ്പിക്കുന്നതിന്റെയും.
ഇന്ത്യ-പാക്-ചൈന മേഖലയിലേക്കാണ് ലോകം കാതുകൂര്‍പ്പിക്കുന്നത്. ഇന്ത്യയും ആഫ്രിക്കയും തമ്മില്‍ ആഡിസ് അബാബയില്‍ നടന്ന ഉച്ചകോടി ചൈനക്കെതിരെയുള്ള അന്താരാഷ്ട്ര കൂട്ടായ്മ രൂപപ്പെടുത്തുന്നതിന്റെ ഭാഗമാണെന്നാണ് അമേരിക്കന്‍-ബ്രിട്ടീഷ് മാധ്യമങ്ങള്‍ എഴുതിയത്. ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ നയതന്ത്രപരീക്ഷണം അഞ്ചു വര്‍ഷം മുമ്പെ ആരംഭിച്ചതാണെങ്കിലും പൊടുന്നനെയാണ് അത് ചിറകുവിടര്‍ത്തി പറക്കാന്‍ ശ്രമിക്കുന്നത്. ലിബിയയിലും തുനീഷ്യയിലും മറ്റുമായി പുതിയ സൈനിക താവളങ്ങള്‍ സ്വപ്നം കാണുന്ന, ലിബിയയില്‍ ഒരുവേള അത് സ്ഥാപിച്ചു കഴിഞ്ഞ അമേരിക്ക പാകിസ്താനുമായി അകലാന്‍ തുടങ്ങുന്നതിനിടയിലാണ് ഇന്ത്യയുടെ നീക്കം. അതിന്റെ സ്വാഭാവികമായ തുടര്‍ച്ചയെന്നോണം ചൈനയുമായുള്ള ബന്ധങ്ങള്‍ സജീവമാക്കുന്നതിന്റെയും അമേരിക്കന്‍ ബന്ധം വഷളാവുന്നതിന്റെയും സൂചനകളാണ് ഇസ്‌ലാമാബാദ് പുറത്തുവിടുന്നത്. ഐബഠാബാദില്‍ നശിപ്പിച്ച അമേരിക്കന്‍ കോപ്റ്റര്‍ പരിശോധിക്കാന്‍ ചൈനയെ അനുവദിച്ചുവെന്ന വാര്‍ത്തകള്‍ അപകടകരമായ സൂചനകളാണ് പുറത്തുവിട്ടത്. തൊട്ടു പിന്നാലെ, മുംബൈ സംഭവത്തില്‍ പാക് സൈന്യത്തിലെ ചിലര്‍ക്കു പങ്കുണ്ടെന്ന് അതാ വരുന്നു ഹെഡ്‌ലിയുടെ കുറ്റപ്പെടുത്തലുകള്‍. ഒറ്റ കമ്മട്ടത്തിലിട്ട് ഇവയെല്ലാം പരിശോധിക്കുമ്പോള്‍ മൊത്തത്തില്‍ സുഖമില്ലായ്മ തോന്നുന്ന അന്തരീക്ഷമാണ് മേഖലയില്‍ ഉരുവപ്പെടുന്നത്.

Comments