Prabodhanm Weekly

Pages

Search

2011 ജൂണ്‍ 4

പേരു പറയുകയില്ല, തൊട്ടുകാണിക്കാം എന്നോ?

ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് ജമീല്‍ അഹ്മദ് എഴുതിയ കാര്യങ്ങളെപ്പറ്റിയല്ല പ്രധാനമായും ഈ കുറിപ്പ് (പ്രബോധനം ലക്കം 48). ചില എഴുത്തു രീതികളെക്കുറിച്ചാണ്. കോഴിക്കോട്ടെ ഡോക്ടറായ എഴുത്തുകാരിയുടെയും പ്രസിദ്ധ ചരിത്രകാരന്റെയും കോഴിക്കോട്ടെ പേരുകേട്ട മുസ്‌ലിം കോളേജില്‍ നിന്ന് ഈയിടെ വിരമിച്ച മുസ്‌ലിം കഥാകൃത്തിന്റെയും ചില അഭിപ്രായ പ്രകടനങ്ങളെക്കുറിച്ചാണ് ജമീല്‍ അഹ്മദ് എഴുതുന്നത്. ആരുടെയും പേരു പറഞ്ഞിട്ടില്ല. ചില ക്ലൂകള്‍ മാത്രം. എന്നിട്ടും എഴുത്തുകാരി ഡോ. ഖദീജാ മുംതാസ് ആണെന്നും ചരിത്രകാരന്‍ ഡോ. എം ഗംഗാധരനാണെന്നും കഥാകൃത്ത് എന്‍.പി ഹാഫിസ് മുഹമ്മദ് ആണെന്നും എനിക്ക് എളുപ്പം മനസ്സിലായി. വായനക്കാര്‍ക്ക് ആളുകളാരാണെന്ന് മനസ്സിലാവണമെന്ന് ലേഖകന്‍ ആഗ്രഹിച്ചിട്ടുണ്ടാവണം. അതിനു പാകത്തിലാണ് സൂചനകള്‍ നല്‍കിയിട്ടുള്ളത്. എന്റെ സംശയം, എങ്കില്‍പിന്നെ എന്തുകൊണ്ടാണ് പേരു പറയാതിരിക്കുന്നത് എന്നാണ്. പേര് പറയുന്നതിലല്ലേ ആര്‍ജവം? പറഞ്ഞാല്‍ ഇവരെന്താ മാനനഷ്ടക്കേസ് കൊടുക്കുമോ?
ഇത് കുറിപ്പെഴുതിയ ജമീല്‍ അഹ്മദിന്റെ മാത്രം പ്രശ്‌നമല്ല; പല വിമര്‍ശകരും ഇങ്ങനെയൊരു സമീപനമാണ് സ്വീകരിക്കാറുള്ളത്. പേരു പറയില്ല, തൊട്ടു കാണിച്ചുതരാം എന്ന മട്ട്. ഈ സമീപനത്തില്‍ സത്യസന്ധതയില്ലെന്ന് മാത്രമല്ല അനിസ്‌ലാമികതയുണ്ടെന്ന് തോന്നുന്നു. തനിക്കുറപ്പുള്ള കാര്യങ്ങള്‍ തുറന്ന് പറയുന്നതില്‍ അറപ്പ് എന്തിന്, ഒഴിഞ്ഞുമാറ്റം എന്തിന്? 'നിങ്ങള്‍ക്കോ നിങ്ങളുടെ ബന്ധുക്കള്‍ക്കോ തന്നെയും എതിരായാല്‍ പോലും സത്യം തുറന്നു പറയുക' എന്നല്ലേ ഖുര്‍ആനിക പാഠം? എന്നിട്ടും 'ആമയെ ചുടുകയാണെങ്കില്‍ മലര്‍ത്തിച്ചുടണം, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന മട്ടിലാണ് അഭിപ്രായപ്രകടനമെങ്കില്‍, അതില്‍ ചിന്തിച്ച് ചിന്തിച്ചെത്തിച്ചേരുന്ന കണ്ടെത്തലുകള്‍ക്ക് ഉണ്ടാവേണ്ട ഗുണവിശേഷങ്ങള്‍ ഉണ്ടാവുകയില്ല. നിലവാരം കുറഞ്ഞുപോയതായി എന്നെപ്പോലുള്ളവര്‍ക്ക് തോന്നുകയും ചെയ്യും.
ഡോ. ഖദീജാ മുംതാസും എന്‍.പി ഹാഫിസ് മുഹമ്മദും ചൂണ്ടിക്കാണിച്ച വിപത്തുകളെ(?)പ്പറ്റി ജമീല്‍ അഹ്മദിന് വ്യത്യസ്തമായ അഭിപ്രായമുണ്ടാവാം. പക്ഷേ, കേരളത്തിലെ മുസ്‌ലിം സമുദായത്തില്‍ നാമറിയാത്ത രീതിയില്‍ വര്‍ഗീയത വളര്‍ന്നുകൊണ്ടിരിക്കുന്നുണ്ട് എന്ന നിരീക്ഷണം കളിയാക്കിത്തള്ളേണ്ട ഒന്നല്ല. അത് ഇതര സമുദായങ്ങള്‍ക്കിടയിലും വളര്‍ന്നുവരുന്നുണ്ട്. പള്ളി ദര്‍സുകളിലും മദ്‌റസകളിലും വേദ പാഠശാലകളിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും ഫ്‌ളാറ്റ് സമുച്ചയങ്ങളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലുമെല്ലാം അറിഞ്ഞോ അറിയാതെയോ അതിനു സഹായകമായ ഘടകങ്ങള്‍ രൂപപ്പെട്ടുവരുന്നുമുണ്ട്. ഓരോ സമുദായത്തിന്റേതുമായ പ്രത്യേക ഇടങ്ങള്‍ രൂപപ്പെട്ടുവരികയാണ്. എല്ലാ സമുദായക്കാരും താന്താങ്ങളുടേതായ വിദ്യാഭ്യാസ സ്ഥാപനങ്ങളും പാര്‍പ്പിടങ്ങളും നിര്‍മിക്കുകയും അവയില്‍ മാത്രം ഒതുങ്ങുകയും ചെയ്യുന്നതോടെ മതില്‍ കെട്ടിത്തിരിച്ച ലോകങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഒറ്റ മുസ്‌ലിം കുട്ടിയെ പോലും അറിയുകയോ ചങ്ങാതിയാക്കുകയോ ചെയ്യാതെ പ്ലസ്ടു വരെ പഠിച്ച ഒരു വിദ്യാര്‍ഥിയെ എനിക്കറിയാം. മറിച്ചും ഉണ്ടാവുമല്ലോ. ഫ്‌ളാറ്റുകളുടെ പരസ്യങ്ങളില്‍ ക്ഷേത്രത്തിനു തൊട്ടടുത്താകയാല്‍ ഭക്തജനങ്ങള്‍ക്ക് സൗകര്യം എന്ന് കാണുന്നത് അതിന്റെ വേറെയൊരു രൂപം. കുറേക്കൂടി മുന്നോട്ടുകടന്ന് പ്രസ്ഥാന കുടുംബങ്ങളില്‍നിന്ന് വിവാഹാലോചന ക്ഷണിക്കുന്നത് ഈ മതില്‍ സ്വന്തം മതത്തിനുള്ളിലും കെട്ടിയുയര്‍ത്തുന്നു എന്നതിന്റെ അടയാളമാണ്. ഈ വിഭാഗീയത ഒരു യാഥാര്‍ഥ്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മത സാമുദായിക സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കുന്നു എന്നു കരുതാന്‍ തന്നെയാണ് ന്യായം. സ്വന്തമായ തുരുത്തുകള്‍ ഇങ്ങനെയൊന്നും രൂപപ്പെട്ടിട്ടിരുന്നില്ല പഴയ സ്‌കൂള്‍-കോളേജ് കാമ്പസുകളില്‍. അത്തരം കാമ്പസ് ജീവിതം നല്‍കിയ ഊര്‍ജവും ലിബറല്‍ വീക്ഷണവും മതബോധവും (അതെ, മതബോധം തന്നെ) ഉള്ളിലുള്ളതിനാല്‍ 'മുസ്‌ലിം കുബുദ്ധിജീവികള്‍' എന്ന കുറിപ്പിലുമുണ്ട് അല്‍പം തരംതാഴ്ന്ന അഭിരുചി എന്ന് പറയേണ്ടിവരുന്നു. കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തികളെ അങ്ങനെയങ്ങ് പടിയടച്ച് പുറത്താക്കണോ നാം?
എ.പി കുഞ്ഞാമു
കോഴിക്കോട്

തെറ്റായ വിശകലനം
'ചരിത്രസത്യങ്ങളെ വളച്ചൊടിക്കുമ്പോള്‍' (ലക്കം 48) എന്ന പേരില്‍ കെ. അശ്‌റഫ് എഴുതിയ കത്താണ് ഈ കുറിപ്പിന് പ്രേരകം.
ബിഗ് ബജറ്റ് മുഖ്യധാരാ കലാ -മസാല കോമ്പിനേഷനിലുള്ള എന്റര്‍ടൈനര്‍ ഫിലിമാണ് ഉറുമി. ചരിത്രത്തില്‍നിന്നും പ്രചോദനം കൊണ്ട് സൃഷ്ടിച്ചെടുത്ത ചരിത്രാഖ്യായിക രൂപത്തിലുള്ള ഫിലിമില്‍ 'ഗാന്ധി' ഫിലിം മോഡലിലെ ഡോക്യുമെന്റേഷന്‍ പ്രതീക്ഷിച്ചതാണ് കുറിപ്പുകാരന്റെ തെറ്റ്. ആസ്വാദനം സമ്മാനിച്ച് കേവലം മുതലും ലാഭവും കണക്കുകൂട്ടുന്ന സിനിമകളില്‍ ബോധപൂര്‍വമുള്ള ഗൂഢാലോചനകള്‍ പരതുന്നത് ശരിയല്ല. പൃഥ്വിരാജിന്റെ ചിറക്കല്‍ കേളുനായര്‍ എന്ന പടയാളിയെ, പ്രഭുദേവ അവതരിപ്പിക്കുന്ന വവ്വാലി എന്ന മുസ്‌ലിം കൂട്ടുകാരന്റെ ഉമ്മയാണ് പോറ്റി വളര്‍ത്തുന്നത്. അറയ്ക്കല്‍-ചിറയ്ക്കല്‍ രാജവംശവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന മനോഹരമായ ഐതിഹ്യത്തിന്റെ ആധുനിക ബോളിവുഡ് റൊമാന്‍സിന്റെ വഷളന്‍ രംഗാവിഷ്‌കാരമാണ് ഫിലിമിലുടനീളം കാണുന്നത്. സവര്‍ണ പൊതുബോധം തെരയുന്നതിനിടയില്‍, യൂറോപ്പിന്റെ സെക്യുലര്‍ മിശ്ര-പ്രേമത്തിന്റെ ഔന്നത്യ പൂര്‍വമുള്ള സന്നിവേശമാണ് ഫിലിമിലെ ഒളിഞ്ഞിരിക്കുന്ന പ്രമേയം എന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയുന്നില്ല. നടി ജനീലിയ അവതരിപ്പിക്കുന്ന അറയ്ക്കല്‍ ആഇശ എന്ന ബോള്‍ഡായിട്ടുള്ള കഥാപാത്രവും നിത്യമേനോന്‍ അവതരിപ്പിക്കുന്ന ചിറയ്ക്കല്‍ ബാല എന്ന രാജകുമാരിയും യഥാക്രമം കേളുനായരുടെയും വവ്വാലിയുടെയും കാമുകിമാരാകുന്നതിലൂടെ ലഭിക്കുന്ന സന്ദേശം അതാണ് കാണിക്കുന്നത്. കേളുനായര്‍ എന്ന സ്വദേശാഭിമാനിയായ പോരാളിയുടെ അത്രതന്നെ തുല്യത അറയ്ക്കല്‍ ആഇശ തമ്പുരാട്ടിക്കും നല്‍കാന്‍ ചിത്രത്തില്‍ ഇടമുണ്ടെങ്കിലും സെക്‌സിന്റെയും സ്റ്റണ്ടിന്റെയും കാമാര്‍ഥ ദൃശ്യങ്ങളില്‍ അത് മുങ്ങിപ്പോകുന്നു.
സിനിമ സൃഷ്ടിക്കുന്ന തെറ്റായ ചരിത്ര വായന, വായനയും ചരിത്രബോധവും അന്യം നില്‍ക്കുന്ന ആധുനിക സമൂഹത്തെ വഴിതെറ്റിക്കുമെന്ന കുറിപ്പുകാരന്റെ നിഗമനം ശരിയാണ്. പുത്തൂര്‍ വീടും ആരോമല്‍ ചേകവരുടെ ആയോധന വൈദഗ്ധ്യവും കുഞ്ചാക്കോ സിനിമകളിലൂടെ പഠിച്ചെടുത്ത തലമുറ എം.ടി-ഹരിഹരന്‍ ടീമിലൂടെ 'ഒരു വടക്കന്‍ വീരഗാഥ' സൃഷ്ടിച്ചപ്പോള്‍ ചന്തു യോഗ്യനും ആരോമല്‍ അസൂയാലുവുമാകുന്ന മറിമായമാണ് സമൂഹം കാണുന്നത്. ഇതേ ടീം പഴശ്ശിരാജയുടെ ആത്മഹത്യയെ മാറ്റിയെഴുതിയത് മറ്റൊരു ദുരന്തം. ഇത് സിനിമക്ക് മാത്രം കഴിയുന്ന മാസ്മരികതയാണ്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നാവിക പടനയിച്ച മുഹമ്മദലി എന്ന കുഞ്ഞാലി മരയ്ക്കാരും തുടര്‍ന്നുള്ള മരയ്ക്കാര്‍മാരുടെ പോരാട്ടവും മലബാര്‍ കലാപവും നമ്മുടെ 'വയള്' പരമ്പരയുടെ 'ന്റെപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്' മാത്രമാണ്. ആരാന്‍ പണം ചെലവഴിച്ച് വിപണിയുടെ വിജയ ഫോര്‍മുലകളെ ലാക്കാക്കി സിനിമയെടുക്കുമ്പോള്‍ കേളുനായരുടെ നായകത്വത്തോട് അസൂയ തോന്നുന്നു. അതില്‍ ഗൂഢാലോചന കാണുന്നു. ചിറയ്ക്കലിലെ രാജാവിന്റെ സ്ത്രീലമ്പടതയും ഭീരുത്വവും യുവരാജാവിന്റെ ഷണ്ഡത്വവും കോമാളിത്തവും ചേനിശ്ശേരി കുറുപ്പ് എന്ന കൊട്ടാര വിദൂഷകനിലെ ഒറ്റുകാരനെയും കാണാതെ പോകുന്നു. വായനയും ധിഷണയുമുള്ള ക്രിയാത്മകമായ പരീക്ഷണങ്ങള്‍ക്ക് തയാറാകുന്ന യുവനടനാണ് പൃഥ്വിരാജ് എന്നാണറിവ്. നമ്മളിലാരാണ് ചരിത്രത്തിന്റെ മനോഹരമായ ആ ആഖ്യായികയുമെടുത്ത് അദ്ദേഹത്തെ സമീപിക്കുക?
നാജിദാ ബാനു ആദി രാജ

സുഖമുള്ള വായന
പി.ടി കുഞ്ഞാലിയുടെ എഴുത്ത് (ബിലെയാം ഇപ്പോഴും നാവ് നീട്ടി ഓടിക്കൊണ്ടിരിക്കുന്നു- ലക്കം 49) ഒന്നിനൊന്ന് മെച്ചം. ഭാഷ അല്‍പം കട്ടിയെങ്കിലും അതിന്റെ ഒഴുക്ക് ഗ്രാഹ്യത നഷ്ടപ്പെടുത്തുന്നില്ല. പഴയകാല കഥകളില്‍ ആധുനിക കാലത്തിന്റെ ടച്ച് വരുമ്പോള്‍ കഥ കൂടുതല്‍ ആസ്വാദ്യകരമാവും. ബിലെയാം കേള്‍ക്കാന്‍ സുഖമുള്ള പേരാണ്. അഭിനവ ബിലെയാമുകളെ കപടന്മാര്‍ എന്നു വിളിക്കുന്നതാണ് ഉചിതം.
അഞ്ചു പേജിലെ പുനര്‍വായന, കഥ മുഴുവന്‍ വായിച്ച സുഖം തന്നു. എഴുത്തിലെ ഒഴുക്കും ഘടനയും ഭാഷയും ഗംഭീരം. കുഞ്ഞാലിക്ക് അഭിനന്ദനവും പ്രബോധനത്തിന് നന്ദിയും.
കെ.സി.സി ഹുസൈന്‍
കൊടിയത്തൂര്‍

നിഷേധാത്മകമായി ചിന്തിച്ച്....
അര നൂറ്റാണ്ടിലധികം കാലം കേരളത്തിലെ ഉല്‍പതിഷ്ണു സമൂഹം മതവിഭാഗീയതകള്‍ക്കതീതമായി നെഞ്ചേറ്റിയ വാരികയാണ് പ്രബോധനം. അതുകൊണ്ടുതന്നെ അകാരണമായി വിവാദമുണ്ടാക്കി വായനക്കാരുടെ എണ്ണം കൂട്ടേണ്ട കാര്യം പ്രബോധനത്തിനില്ല. എന്നാല്‍ ചില പുതു എഴുത്തുകാര്‍ അവരുടെ വിലകുറഞ്ഞ പ്രചാരണ തന്ത്രത്തിന് പ്രബോധനത്തിന്റെ താളുകള്‍ ഉപയോഗപ്പെടുത്തുന്നത് തുടക്കത്തിലേ തടയേണ്ടതുണ്ട്.
'ഇങ്ങനെയോരോന്ന് ചിന്തിച്ച് ചിന്തിച്ച്' എന്ന പുതിയ പംക്തിയാണ് ഈ കുറിപ്പിന്നാധാരം. ഇസ്‌ലാമിക മൂല്യങ്ങളും അനുഷ്ഠാനങ്ങളും മുറുകെ പിടിക്കുന്ന ചുരുക്കം ചില സാഹിത്യകാരന്മാരിലൊരാളാണ് പ്രഫ. ഹാഫിസ് മുഹമ്മദ് എന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ക്കറിയാം. മതരംഗത്തെ ചൂഷണങ്ങളെയും ശോഷണങ്ങളെയും തന്റേതായ ശൈലിയില്‍ വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും പ്രതിരോധിക്കുന്ന, തന്റെ സാമൂഹിക ശാസ്ത്ര അവഗാഹത്തെ സമുദായ സംസ്‌കരണത്തിന് നല്‍കി സേവനം ചെയ്യുന്ന അദ്ദേഹത്തിന്റെ ചില വാക്കുകള്‍ ആശയം മനസ്സിലാക്കാതെ അസ്ഥാനത്ത് അടര്‍ത്തിയെടുത്ത് സ്വഭാവഹത്യ ചെയ്യുമ്പോള്‍ ചേന്ദമംഗല്ലൂരിലെയും കാരശ്ശേരിയിലെയും അഴുക്കുചാലുകളിലേക്ക് ഒരാളെ കൂടി തള്ളിയിടാനേ അത് ഉപകരിക്കൂ.

വേഷവിധാനത്തിലോ സംസ്‌കാരത്തിലോ മതമില്ലാത്ത ഒരു മുസ്‌ലിം നാമധാരിയുടെ കൂടെ അദ്ദേഹത്തെപ്പോലുള്ളവരെ സാമാന്യവത്കരിച്ച് ശത്രുപക്ഷത്തേക്ക് മാറ്റിയാല്‍ പംക്തി ജനകീയമാകുമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്. പംക്തിക്ക് വായനക്കാരെ കൂട്ടാന്‍ ധിഷണാപരവും ചിന്തോദ്ദീപകവുമായ ആശയകഥനങ്ങളാണ് വേണ്ടത്. അല്ലാതെ നിഷേധാത്മകമായി ചിന്തിച്ച് ചിന്തിച്ച് സമുദായത്തിനും പ്രബോധനത്തിനും ബാധ്യതയുണ്ടാക്കുകയല്ല.

എഞ്ചിനീയര്‍ പി. മമ്മത് കോയ
കോഴിക്കോട്‌

Comments