Prabodhanm Weekly

Pages

Search

2011 ജൂണ്‍ 4

കോപം അടക്കലും സഹനവും

ഡോ. മുഹമ്മദ് അലി അല്‍ഹാശിമി

വിശ്വാസി കോപം അടക്കിപിടിക്കുന്നവനും സഹനശീലനുമായിരിക്കും. അല്ലാഹു പറയുന്നു: ''അവര്‍ കോപം ഒതുക്കിവെക്കുന്നവരും ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവരുമാണ്. (അത്തരം) സല്‍ക്കര്‍മകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നു'' (ആലു ഇംറാന്‍ 134). ഇസ്‌ലാമിന്റെ കാഴ്ചപാടില്‍ ശക്തവാനായ മനുഷ്യന്‍  ആരോഗ്യ ദൃഢഗാത്രനും ഗുസ്തിയില്‍ മറ്റുള്ളവരെ പരാജയപ്പെടുത്തുന്നവനുമല്ല. കോപമുണ്ടാകുന്ന സമയത്ത് സ്വന്തം മനസ്സിനെ സഹനം കൊണ്ട് നിയന്ത്രിക്കുന്നവനാണ്. ഒരു ഹദീസിങ്ങനെ: ''ഗുസ്തിയില്‍ വിജയിക്കുന്നവനല്ല  ശക്തവാന്‍, കോപം നിയന്ത്രിക്കാന്‍ കഴിവുള്ളവനത്രെ കരുത്തുറ്റവന്‍'' (ബുഖാരി, മുസ്‌ലിം).
കോപമുണ്ടാകുന്ന സമയത്ത് ഒരാള്‍ ആത്മനിയന്ത്രണം പാലിക്കുന്നത് വലിയ ത്യാഗമാണ്. അതവനെ വലിയ നാശത്തില്‍ നിന്ന് രക്ഷപ്പെടുത്തും. അല്ലാഹുവിന്റെയും ജനങ്ങളുടെയും പ്രീതി കരസ്ഥമാക്കാന്‍ സഹായിക്കും. ഉപദേശം തേടി  വന്ന ഒരാളോട് പ്രവാചകന്‍ പറഞ്ഞു: ''നീ കോപിക്കരുത്'' (ബുഖാരി). പ്രവാചകനോട് ഉപദേശം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രവാചകന്റെ മറുപടി അത് മാത്രമായിരുന്നു. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്: പ്രവാചകന്‍ അശ്അജ് അബ്ദുല്‍ ഖൈസിനോട് പറഞ്ഞു: ''തീര്‍ച്ചയായും അല്ലാഹു ഇഷ്ടപെടുന്ന രണ്ട് ഗുണങ്ങള്‍ താങ്കളിലുണ്ട്. സഹനവും അവധാനതയുമാണത്'' (മുസ്‌ലിം).
സത്യവിശ്വാസി അല്ലാഹുവിന് വേണ്ടിയായിരിക്കും ദേഷ്യം പിടിക്കുക. സ്വന്തം താല്‍പര്യങ്ങള്‍ക്കല്ല. ആരെങ്കിലും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിക്കാതിരിക്കുകയും മതത്തിന്റെ അതിര്‍ വരമ്പുകള്‍ ലംഘിക്കുകയും ചെയ്യുമ്പോള്‍ അതിനെതിരെ  കോപിക്കുകയും പ്രതികരിക്കുകയും ചെയ്യും. അല്ലാഹുവിന്റെ നിയമങ്ങളെ പുഛിച്ച് തള്ളുന്നതും കളങ്കപ്പെടുത്തുന്നതും വിശ്വാസി ഒരിക്കലും ഇഷ്ടപെടുകയില്ല. ഒരു ഹദീസിലുണ്ട്: ''അല്ലാഹുവിന്റെ വിധിവിലക്കുകള്‍ കളങ്കപ്പെടുത്തുമ്പോള്‍ അല്ലാഹുവിന് വേണ്ടിയല്ലാതെ സ്വന്തത്തിന് വേണ്ടി പ്രവാചകന്‍ പ്രതികാരം എടുത്തിട്ടില്ല'' (ബുഖാരി, മുസ്‌ലിം). മത നിയമങ്ങള്‍ ദുരുപയോഗം ചെയ്യുക, അവ തെറ്റായി പ്രയോഗിക്കുക, അവയോട് പുഛമനോഭാവം പുലര്‍ത്തുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍ കോപിക്കുകയും അദ്ദേഹത്തിന്റെ മുഖം വിവര്‍ണമാവുകയും ചെയ്തിരുന്നു.
ഒരാള്‍ പ്രവാചക സന്നിധിയില്‍ വന്നു ഇങ്ങനെ പരാതിപെട്ടു: ''പ്രവാചകരേ, ഇന്നാലിന്ന ഇമാം സുബ്ഹി നമസ്‌ക്കാരത്തില്‍ ഖുര്‍ആന്‍ പരായണം ദീര്‍ഘിപ്പിക്കുന്നത് പതിവാക്കിയതിനാല്‍ ഞാന്‍ നമസ്‌കാരത്തിന് വൈകിയാണ് എത്താറ്.  ഇത്  കേള്‍ക്കേണ്ട താമസം പ്രവാചകന് ദേഷ്യംവന്നു. ജനങ്ങളെ ഉപദേശിക്കുമ്പോള്‍ ആ ദിവസത്തെ പോലെ പ്രവാചകന്‍ കോപം പ്രകടിപ്പിക്കുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ല.  പ്രവാചകന്‍ പറഞ്ഞു: ജനങ്ങളേ, നിങ്ങളില്‍ ജനങ്ങളെ വെറുപ്പിച്ച് അകറ്റിക്കൊണ്ടിരിക്കുന്നവരുണ്ട്. ആരെങ്കിലും ജനങ്ങള്‍ക്ക് ഇമാമായി നിന്നാല്‍ അവന്‍ ലഘൂകരിക്കട്ടെ, തീര്‍ച്ചയായും അവന്റെ പിന്നില്‍ വലിയവരും ചെറിയവരും (വേഗത്തില്‍ പേകേണ്ട)  ആവശ്യക്കാരുമുണ്ടാകും'' (ബുഖാരി, മുസ്‌ലിം).
മഖ്‌സൂമിയ ഗോത്രത്തിലെ ഒരു സ്ത്രീ കളവ് നടത്തിയത് ഖുറൈശികളെ വല്ലാതെ വിഷമത്തിലാക്കി. ഇക്കാര്യത്തില്‍  ആ സ്ത്രീക്ക് വേണ്ടി ശിപാര്‍ശക്ക് പ്രവാചകനെ സമീപിക്കാന്‍ ആരെയാണ് തെരഞ്ഞെടുക്കുക എന്നവര്‍ ചര്‍ച്ച ചെയ്തു. പ്രവാചകന് ഏറെ ഇഷ്ടപ്പെട്ട ഉസാമത്തി(റ)നെ അതിനായി അവര്‍ തെരഞ്ഞെടുത്തു. ഉസാമത്ത് (റ) ശിപാര്‍ശക്കായി പ്രവാചകനരികിലെത്തി. പ്രവാചകന് കടുത്ത ദേഷ്യം വന്നു. അവിടുന്ന് പറഞ്ഞു: ''അല്ലാഹുവിന്റെ തീരുമാനങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ നിനക്ക് ശിപാര്‍ശയോ? പിന്നീട് അവിടുന്ന് പറഞ്ഞു: “ നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ആളുകള്‍ നശിച്ചിരിക്കുന്നു. അവരില്‍ പ്രധാനികളില്‍ ഒരാളാണ്് കളവ് നടത്തിയതെങ്കില്‍ അവര്‍ അവനെ വെറുതെ വിടുകയും, അബലനാണ് കളവ് നടത്തിയതെങ്കില്‍ അവനെതിരില്‍ ശിക്ഷാ നടപടികളെടുക്കുകയും ചെയ്യുന്നു! അല്ലാഹുവാണ, മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് കളവ് നടത്തിയെതെങ്കില്‍ തീര്‍ച്ചയായും ഞാനവളുടെ കൈ മുറിക്കുക തന്നെ ചെയ്യും'' (ബുഖാരി, മുസ്‌ലിം). ഈ സംഭവങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ തീരുമാനങ്ങളില്‍ പ്രവാചകന്‍ യാതൊരുവിധ വിട്ടു വീഴ്ചക്കും തയാറായിരുന്നില്ലെന്നും അവ ലംഘിക്കപ്പെടുമ്പോഴാണ് അവിടുന്ന് കോപിച്ചതെന്നും മനസ്സിലാകും.
യഥാര്‍ഥ മുസ്‌ലിം, സമൂഹവുമായുള്ള എല്ലാ ഇടപാടുകളിലും കോപം വെടിഞ്ഞ് സൗമ്യതയും സഹനവും കാണിക്കും. അതവന്  ഇഹത്തിലും പരത്തിലും വലിയ പുണ്യം നേടിക്കൊടുക്കും. അതിലൂടെ ജനങ്ങളുടെ ഇഷ്ടപാത്രമാകാനും അല്ലാഹുവിന്റെ തൃപ്തിയും കാരുണ്യവും നേടിയെടുക്കാനും സാധിക്കും. ജാബിറി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ്. ''വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും കടം നല്‍കിയത് തിരിച്ച് ചോദിക്കുമ്പോഴും സൗമ്യത കാണിക്കുന്ന മനുഷ്യനോട് അല്ലാഹു കരുണ കാണിച്ചിരിക്കുന്നു'' (ബുഖാരി). 

  വിവ: അബ്ദുറഹ്മാന്‍ തുറക്കല്‍

Comments