Prabodhanm Weekly

Pages

Search

2011 ജൂണ്‍ 4

ശീഈകളുടെയും സലഫികളുടെയും ആവിര്‍ഭാവം

 അലി(റ)ക്ക് എതിരെ മുആവിയ നടത്തിയ സിഫ്ഫീന്‍ യുദ്ധം, യുദ്ധാനന്തരമുള്ള കരാര്‍ ലംഘനം, രാജാധിപത്യത്തിനെതിരെ ഒരുക്കങ്ങള്‍ നടത്തിയ ഹുസൈനെ(റ)തിരെ യസീദിന്റെ നേതൃത്വത്തില്‍ നടത്തിയ കര്‍ബലയിലെ കൂട്ടക്കൊലകള്‍,  കൂടാതെ യസീദിന്റെ സൈനിക നേതൃത്വത്തില്‍ മദീനയിലെ കുടുംബങ്ങള്‍ക്കെതിരെ നടത്തിയ പീഡനം, തുടര്‍ന്ന് നടത്തിയ കഅ്ബയിലെ കൂട്ടക്കുരുതി എന്നിവ മൂലം മനം നൊന്ത് മാറിനിന്ന മുഅ്മിനുകളുടെ തുടരെത്തുടരെയുള്ള കൂട്ടായ്മയല്ലേ പില്‍ക്കാലത്ത് ശീഈകളായി രൂപപ്പെട്ടവര്‍? മുആവിയയുടെയും യസീദിന്റെയും നേതൃത്വം അംഗീകരിച്ച അധികാരിവര്‍ഗമല്ലേ പില്‍ക്കാലത്തെ സലഫികള്‍? ഈ സലഫികളില്‍ നിന്നും സത്യം മനസ്സിലാക്കി മാറിനിന്നവരല്ലേ അഹ്ലുസുന്നത്തി വല്‍ ജമാഅത്ത്? (ശാഫിഈ, ഹമ്പലി, ഹനഫി, മലികി). അതിനാല്‍ യഥാര്‍ഥ മുഅ്മിനുകളുടെ കൂട്ടായ്മയായി ശീഈകളെയും അഹ്ലുസുന്നത്തി വല്‍ ജമാഅത്തിനെയും കണ്ടുകൂടേ? അപ്പോള്‍ മുആവിയയുടെയും യസീദിന്റെയും പിന്മുറക്കാരായി സലഫികളെ കണ്ടുകൂടേ? അതിന്റെ ചരിത്ര ബാക്കിയെന്നോണമല്ലേ സലഫികള്‍ മധ്യേഷ്യയിലെ സ്വേഛാധിപത്യ രാജഭരണകൂടങ്ങള്‍ക്കെതിരെയുള്ള വിപ്ളവങ്ങളെ എതിര്‍ക്കുന്നത്?
അബൂബക്കര്‍ സിദ്ദീഖ് പറവണ്ണ

മുഹമ്മദ് നബി(സ)യുടെ വിയോഗാനന്തരം ഇസ്ലാമിക രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും നേതൃത്വം തിരുമേനിയുടെ ആണ്‍ സന്തതികള്‍ക്കവകാശപ്പെട്ടതാണെന്നും ആണ്‍മക്കള്‍ ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പിതൃ സഹോദര പുത്രനും ഇളയമകള്‍ ഫാത്വിമ(റ)യുടെ ഭര്‍ത്താവുമായ അലി(റ)ക്കാണ് ഖിലാഫത്തിന് അര്‍ഹതയെന്നും ധരിച്ചവരാണ് പില്‍ക്കാലത്ത് ശീഈകള്‍ എന്ന പേരില്‍ അറിയപ്പെട്ടത് (ശീഅതു അലി അഥവാ അലിയുടെ കക്ഷി എന്ന സംജ്ഞയാണ് പിന്നീട് ശീഈയും ശീഈസവുമായി ചുരുങ്ങിയത്). സിഫ്ഫീന്‍ യുദ്ധത്തില്‍ മാധ്യസ്ഥത്തിന് വഴങ്ങി അലി(റ) യുദ്ധവിരാമത്തിന് സമ്മതിച്ചപ്പോള്‍ അതില്‍ അതൃപ്തരായ അനുയായികളാണ് ശീഈസത്തിന് ശക്തിപകര്‍ന്നത്. അവരില്‍ ഒരു വിഭാഗം ഖവാരിജുകള്‍ (റബലുകള്‍) ആയി മാറി. ഒരു വിഭാഗം അലിക്ക് ശേഷം, മക്കളായ ഹസനും ഹുസൈനുമാണ് യഥാക്രമം ഖലീഫമാരായി വരേണ്ടത് എന്ന് സിദ്ധാന്തിച്ചു. വാസ്തവത്തില്‍ ഈ കുടുംബ വാഴ്ചാ സിദ്ധാന്തത്തിന് ഇസ്ലാമില്‍ ഒരു അടിസ്ഥാനവുമില്ല. ഖുര്‍ആനിലോ വിശ്വാസ്യമായ ഹദീസുകളിലോ അതിന്റെ സൂചനയും ഇല്ല. അതിനാല്‍ ശീഈസം ഇസ്ലാമികമായി ന്യായീകരണമില്ലാത്ത പ്രസ്ഥാനമാണ്. മുആവിയക്ക് ശേഷം മകന്‍ യസീദ് ഭരണമേറ്റതും അദ്ദേഹത്തിന്റെ സൈനിക നടപടികളും തീര്‍ത്തും തെറ്റായിരുന്നു. പ്രത്യേകിച്ചും പിതാവിന്റെ വസ്വിയ്യത്തിന് വിപരീതമായി യസീദ് കര്‍ബലയില്‍ നബി(സ)യുടെ പൌത്രനായ ഹുസൈനെ കൊന്നുകളഞ്ഞത് മഹാ പാതകം തന്നെയായി. അതൊന്നും പക്ഷേ, ശീഈസത്തിന് പ്രാമാണികതയോ നീതീകരണമോ ഒരുക്കുന്നില്ല. ശീഈകള്‍ തന്നെ പില്‍ക്കാലത്ത് ഇമാമുകളും പന്ത്രണ്ട് ഇമാമുകളെ മാത്രം അംഗീകരിക്കുന്നവരും സൈദികളും ഇസ്മാഈലികളും അലവികളുമൊക്കെയായി ശിഥിലരായി. അവരില്‍ പലരുടെയും അടിസ്ഥാന വിശ്വാസം പോലും ഇസ്ലാമിക കാഴ്ചപ്പാടില്‍ തനി അസംബന്ധമാണ്. അലി ദൈവാവതാരമാണ്, പ്രവാചകനാണ്, അബൂബക്കറും ഉമറും ഉസ്മാനുമൊക്കെ അലിയുടെ അവകാശം കവര്‍ന്ന കൊള്ളക്കാരാണ് എന്ന് തുടങ്ങിയ വാദങ്ങളെ എങ്ങനെ ന്യായീകരിക്കാനാവും?
മുസ്ലിംകളില്‍ ശിര്‍ക്ക്-ബിദ്അത്തുകള്‍ വ്യാപകമാവുകയും സുന്നത്തിന്റെ പ്രാധാന്യം ഇമാമുകളുടെ അഭിപ്രായങ്ങള്‍ക്ക് മുമ്പില്‍ നിഷ്പ്രഭമാവുകയും ചെയ്തപ്പോള്‍ അതിനെതിരെ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും സമുദായത്തെ തിരിച്ചുകൊണ്ടുപോവാന്‍ രംഗപ്രവേശം ചെയ്തവരാണ് സലഫികള്‍. ശൈഖുല്‍ ഇസ്ലാം അഹ്മദ് ബിന്‍ തൈമിയ്യ, അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇബ്നുല്‍ ഖയ്യിം, ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് തുടങ്ങിയവരാണ് സലഫി ചിന്താധാരയുടെ പ്രമുഖര്‍. ഇവരാരും മുആവിയയുടെയും യസീദിന്റെയും പിന്‍മുറക്കാരല്ല. സലഫികളെന്ന പേരില്‍ ഇന്ന് പല നാടുകളിലും അറിയപ്പെടുന്നവരൊക്കെ യഥാര്‍ഥത്തില്‍ സലഫികളുമല്ല. ശിര്‍ക്ക്-ബിദ്അത്തുകളെ എതിര്‍ക്കുന്നതില്‍ അവര്‍ ഒരു പരിധിവരെ സലഫി ചിന്താഗതി ഉള്‍ക്കൊള്ളുന്നവരാണെങ്കിലും ഇസ്ലാമിന്റെ അരാഷ്ട്രീയ വാദമോ മതേതര ഭാഷ്യമോ സലഫിസമല്ല. മധ്യ പൌരസ്ത്യ ദേശത്തെ ഏകാധിപതികളെയും കുടുംബവാഴ്ചക്കാരെയും പിന്താങ്ങുന്നതും ജനാധിപത്യ പ്രസ്ഥാനങ്ങളെ എതിര്‍ക്കുന്നതും സലഫുസ്സാലീഹീങ്ങളുടെ മാര്‍ഗമാണെന്നും പറയാനാവില്ല. അതുപോലെ ഉസാമാ ബിന്‍ലാദിന്‍, ലഷ്കറെ ത്വയ്യിബ മുതലായ തീവ്രവാദികളില്‍ ആരോപിക്കപ്പെടുന്ന സലഫിസവും നിരാകരിക്കപ്പെടേണ്ടതാണ്.

ഹമീദിന്റെ മൌദൂദിവധം
 ഈയിടെ പ്രസിദ്ധീകരിച്ച 'ദൈവത്തിന്റെ രാഷ്ട്രീയം' എന്ന ഹമീദ് ചേന്ദമംഗല്ലൂരിന്റെ പുസ്തകത്തില്‍ മൌദൂദി സാഹിബിനെതിരായി താഴെ പറയുന്ന ആരോപണങ്ങള്‍ ഉന്നയിച്ചതായി കാണുന്നു.
1. മുപ്പത്തിയാറ് വയസ്സുവരെ ചിന്തയിലും പ്രവൃത്തിയിലും അഭിരുചിയിലും സംസ്കാരത്തിലും ഒരു തികഞ്ഞ പാശ്ചാത്യനായിരുന്നു മൌദൂദി.
2. ഒരു കൊള്ളപ്പലിശക്കാരന്റെ മകളായ മഹ്മൂദാ ബീഗത്തെയായിരുന്നു അദ്ദേഹം വിവാഹം കഴിച്ചത്. അവര്‍ ഒരിക്കലും പര്‍ദ ധരിച്ചിരുന്നില്ല. അവര്‍ യാത്ര ചെയ്തിരുന്നത് സൈക്കിളിലായിരുന്നു.
സ്വന്തം പ്രസ്ഥാനത്തിന്റെ താല്‍പര്യത്തെ അവഗണിച്ചുകൊണ്ട് തന്റെ പുസ്തകങ്ങളുടെ റോയല്‍റ്റിയും പകര്‍പ്പവകാശവും അദ്ദേഹം കൈയടക്കിവെച്ചുവെന്നും അദ്ദേഹം നിര്യാതനായപ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്‍ പുസ്തകങ്ങളുടെ പകര്‍പ്പവകാശത്തിനു വേണ്ടി കോടതിയില്‍ കേസുകൊടുത്തുവെന്നും എവിടെയൊക്കെയോ വായിച്ചതായി ഓര്‍ക്കുന്നു.
മേല്‍കൊടുത്ത പരാമര്‍ശങ്ങളുടെ നിജസ്ഥിതി എന്താണ്?
സൈഫുദ്ദീന്‍ വാഴയില്‍
പാണ്ടിക്കാട്


1903-ല്‍ ജനിച്ച സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി പ്രായം ഇരുപതുകളിലെത്തിയപ്പോള്‍ തന്നെ പത്രപ്രവര്‍ത്തകനും അല്‍ജംഇയ്യത്തിന്റെ പത്രാധിപരും ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ പോരാളിയുമായി എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പാശ്ചാത്യ സംസ്കാരത്തിന്റെയും ചിന്തകളുടെയും കഠിന വിമര്‍ശകനായ അദ്ദേഹം ചിന്തയിലും അഭിരുചിയിലും പ്രവൃത്തിയിലും പാശ്ചാത്യനായിരുന്നുവെന്ന് പറഞ്ഞാല്‍ അവജ്ഞയാണ് അത് ഉളവാക്കുക. 1941-ല്‍ ജമാഅത്തെ ഇസ്ലാമിക്ക് രൂപം നല്‍കാന്‍ ലാഹോറില്‍ സമ്മേളിച്ച പ്രമുഖ പണ്ഡിതന്മാരില്‍ മൌലാനാ മന്‍സൂര്‍ നുഅ്മാനി, മൌലാനാ അബുല്‍ ഹസന്‍ അലി നദ്വി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഒരു പാശ്ചാത്യ ചിന്താഗതിക്കാരനായ വ്യക്തിയുടെ ആഹ്വാനത്തിന് പരമ സാത്വികരായ ഈ പണ്ഡിതന്മാര്‍ ചെവികൊടുത്തുവെന്ന് വിശ്വസിക്കണമെങ്കില്‍ ബുദ്ധിമോശം അല്‍പമൊന്നും പോരാ. പിന്നീട് ജമാഅത്തില്‍ നിന്ന് വിട്ടുപോയ നുഅ്മാനിയോ അലി നദ്വിയോ മൌദൂദിയില്‍ ആരോപിച്ച കുറ്റം പാശ്ചാത്യ ജീവിതശൈലിയോ സംസ്കാരമോ സ്വീകരിച്ചു എന്നത് ആയിരുന്നില്ല താനും. മറിച്ച്, 'ഇസ്ലാമും പാശ്ചാത്യ ചിന്തയും തമ്മിലെ സംഘട്ടനം' എന്ന തന്റെ വിഖ്യാത കൃതിയില്‍, പാശ്ചാത്യ സംസ്കാരത്തെയും ചിന്തയെയും പ്രതിരോധിക്കുന്നതില്‍ മൌദൂദി വഹിച്ച പങ്കിനെ മുക്തകണ്ഠം പുകഴ്ത്തുകയാണ് മൌലാനാ അബുല്‍ ഹസന്‍ അലി നദ്വി ചെയ്തിരിക്കുന്നത്.
മൌദൂദി വിവാഹം ചെയ്തത് ഒരു സമ്പന്ന കുടുംബത്തില്‍ നിന്നായിരുന്നുവെന്നത് ശരിയാണ്. എന്നാല്‍, അദ്ദേഹത്തിന്റെ ഭാര്യാ പിതാവ് കൊള്ളപ്പലിശക്കാരനായിരുന്നു എന്ന് വിശ്വാസ്യരായ ആരും രേഖപ്പെടുത്തിയിട്ടില്ല. മറിച്ച്, സ്വന്തമായി ഒരു വീടുപോലുമില്ലാതിരുന്ന മൌദൂദിക്ക് മകളെ വിവാഹം ചെയ്തുകൊടുക്കുകയോ എന്ന ചോദ്യത്തിന് മൌദൂദിയുടെ മതപാണ്ഡിത്യം മാത്രമാണ് തന്റെ തീരുമാനത്തിന് ആധാരമായി മാതാ മഹന്‍ ചൂണ്ടിക്കാട്ടിയതെന്ന് മൌദൂദിയുടെ മകള്‍ ഹുമൈറ തന്റെ മാതാപിതാക്കളെക്കുറിച്ചെഴുതിയ ഓര്‍മക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയൊരു പ്രതികരണം ഒരു കൊള്ളപ്പലിശക്കാരനില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാവുന്നതല്ല.
പിന്നെ റോയല്‍റ്റിയുടെ പ്രശ്നം. മൌദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്‍, ഇസ്ലാം മതം തുടങ്ങി രണ്ടോ മൂന്നോ കൃതികളുടെ മാത്രം റോയല്‍റ്റി തന്റെ കുടുംബത്തിനായി മൌദൂദി മാറ്റിവെക്കുകയും ബാക്കി ഒട്ടനവധി ഗ്രന്ഥങ്ങളുടെ റോയല്‍റ്റി പ്രസ്ഥാനത്തിന് വിട്ടുകൊടുക്കുകയുമാണ് ചെയ്തിരുന്നത് എന്നാണറിവ്. തഫ്ഹീമിന്റെ റോയല്‍റ്റി തന്നെയും മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് മൌദൂദി സ്വീകരിച്ചിരുന്നുമില്ല. മൌദൂദിയുടെ പുത്രന്മാരില്‍ പ്രസ്ഥാന ബന്ധമുള്ളവരും ഇല്ലാത്തവരും ഉണ്ടായിരുന്നതിനാല്‍ അവരിലാരെങ്കിലും റോയല്‍റ്റിയെ ചൊല്ലി കോടതി കയറിയോ എന്ന് പറയാനാവില്ല. ഏതായാലും മൌദൂദി ജീവിച്ചിരുന്ന കാലത്ത് അവരാരും അത് ചെയ്തിരുന്നില്ല. അതിനാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ഒരുത്തരവാദിത്വവുമില്ല.

ആദം നബിയുടെ കാലം
 ആദം നബി മുതല്‍ മുഹമ്മദ് നബിക്ക് മുമ്പ് വന്ന പ്രവാചകന്മാര്‍ എത്ര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലോകത്ത് ഇസ്ലാമത പ്രചാരണത്തിന് വന്നത് എന്നതിന് എവിടെയെങ്കിലും ചരിത്ര രേഖയുണ്ടോ? ലോകാവസാനത്തിന്റെ ആരംഭകാലത്തിന്റെ സൂചനകള്‍ വല്ലതുമുണ്ടോ?
പി. സൂപ്പി കുറ്റ്യാടി


കൃത്യമായ ഒരു കണക്കും പ്രാമാണികമായി രേഖപ്പെട്ടിട്ടില്ല. എന്നാല്‍ ആദമിന്റെ കാലം 9000ത്തില്‍ പരം കൊല്ലങ്ങള്‍ക്കും നൂഹിന്റെ കാലം 7000ത്തില്‍ പരം വര്‍ഷങ്ങള്‍ക്കും മുമ്പായിരുന്നെന്ന് ചില ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലും ചരിത്ര പുസ്തകങ്ങളിലും കാണാം. ആദമിന്റെ ഈ കാലഗണന മനുഷ്യോല്‍പത്തിയുമായി പൊരുത്തപ്പെടുന്നില്ല. ഇബ്റാഹീമിന്റെ കാലം നാലായിരം സംവത്സരങ്ങള്‍ക്ക് മുമ്പാണെന്നും 3500 കൊല്ലം മുമ്പാണ് മൂസായുടെ കാലമെന്നും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. ഈസാ നബിയുടെ ജനനം 2000 കൊല്ലങ്ങള്‍ക്ക് മുമ്പാണെന്നാണല്ലോ കണക്കാക്കപ്പെടുന്നത്. മുഹമ്മദ് നബിയുടേത് മാത്രമാണ് കൃത്യവും കണിശവുമായി രേഖപ്പെട്ടത്. ഹിജ്റ കാലഗണനയനുസരിച്ച് 1485 വര്‍ഷങ്ങളായി തിരുനബിയുടെ പിറവിക്ക്.
അന്ത്യനാളിന്റെ അടയാളങ്ങള്‍ ഖുര്‍ആനിലും ഹദീസുകളിലും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൃത്യമായി അന്ത്യനാള്‍ എപ്പോഴാണെന്ന ജ്ഞാനം സര്‍വജ്ഞനു മാത്രമേ ഉള്ളൂ. അടയാളങ്ങളെ വ്യാഖ്യാനിച്ച് ഓരോ തലമുറയും അന്ത്യനാള്‍ അടുത്തു എന്ന് പറയുകയല്ലാതെ കൃത്യത ദൈവിക രഹസ്യമായിത്തന്നെ അവശേഷിക്കും. പ്രവാചകര്‍ക്ക് പോലും അതറിയില്ലായിരുന്നു.

വഹ്യും ശാസ്ത്രവും
 "നബിമാരിലൂടെ പല കാലഘട്ടങ്ങളില്‍ മതകാര്യങ്ങള്‍ വെളിപ്പെടുത്തിയതു പോലെ ശാസ്ത്രവിജ്ഞാനവും പല കാലഘട്ടങ്ങളിലായി ശാസ്ത്രത്തിലൂടെ അല്ലാഹുവാണ് നല്‍കുന്നത്. ശാസ്ത്രം മനുഷ്യന്റെ സൃഷ്ടിയല്ലെന്നും കണ്ടുപിടുത്തങ്ങളില്‍ ആശ്ചര്യം കൂറുന്നതിനു പകരം ഖുര്‍ആനും ശാസ്ത്രവും ഒരേ സ്രോതസ്സില്‍ നിന്നുത്ഭവിക്കുന്നതു കൊണ്ടാണ് അവ പരസ്പര പൂരകമാകുന്നതെന്ന തിരിച്ചറിവും നമുക്കുണ്ടാകേണ്ടിയിരിക്കുന്നു'' -പ്രബോധനം പ്രസിദ്ധീകരിച്ച 'ഈശ്വരവിശ്വാസത്തിന്റെ ശാസ്ത്രാടിസ്ഥാനം' എന്ന ലേഖനത്തില്‍ പ്രഫ. പി.എ വാഹിദിന്റെ നിരീക്ഷണത്തോട് മുജീബിന്റെ പ്രതികരണം?
പി.കെ ഹുസൈന്‍ സ്വലാല


വഹ്യ് അഥവാ ദിവ്യബോധനം തീര്‍ത്തും ദൈവികമാണ്. അത് അപ്രമാദമാണ്. പഠന ഗവേഷണങ്ങളിലൂടെ നേടിയെടുക്കാവുന്ന ആര്‍ജിത ജ്ഞാനമല്ല അത്. മറിച്ച് ശാസ്ത്രം പഠനനിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ലഭിക്കുന്ന അറിവാണ്. ചിലപ്പോള്‍ അത് ശരിയാവാം. അപ്പോഴാണത് യഥാര്‍ഥ ശാസ്ത്രമാവുന്നത്. ചിലപ്പോള്‍ ശാസ്ത്രജ്ഞന്മാരുടെ കേവല നിഗമനങ്ങളും ശാസ്ത്രമായി അവതരിപ്പിക്കപ്പെടാറുണ്ട്. മഹാ സ്ഫോടന സിദ്ധാന്തം, പരിണാമ വാദം തുടങ്ങിയവ ഉദാഹരണം. ഇതിനൊന്നും ആധികാരിക തെളിവുകളില്ല.
സത്യമായി തെളിഞ്ഞ ശാസ്ത്രവും ഖുര്‍ആനും ഒരേ സ്രോതസ്സില്‍ നിന്നുള്ളതാണെന്ന് വാദിക്കാമെങ്കിലും മനുഷ്യ ചിന്തക്കതീതമായ സത്യങ്ങളാണ് ഖുര്‍ആന്റെ മൌലികാധ്യാപനങ്ങളെന്ന വ്യത്യാസം വിസ്മരിക്കരുത്. സ്രഷ്ടാവിന്റെ സൃഷ്ടി വൈഭവത്തെ സാക്ഷ്യപ്പെടുത്തുന്ന ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ ഖുര്‍ആനികാധ്യാപനങ്ങളുടെ പൂരകങ്ങളാണെന്ന് പറയാം. അതുപോലെ മനുഷ്യ നന്മക്കാണ് ശാസ്ത്രം എന്നതിനെയും ഖുര്‍ആന്‍ അടിവരയിടുന്നു.

രാഷ്ട്രീയം  ശുദ്ധീകരിക്കാന്‍
 "ജീര്‍ണതയില്‍ മുങ്ങിക്കുളിച്ചാണ് രാഷ്ട്രീയം എന്ന് പറഞ്ഞ് അതില്‍ നിന്ന് പൂര്‍ണമായി മാറിനില്‍ക്കുന്നതും സദ്വൃത്തരായ ഏതാനും പേര്‍ ചേര്‍ന്ന് ഒരു പാര്‍ട്ടി തട്ടിപടച്ചുണ്ടാക്കി അതുകൊണ്ട് രാഷ്ട്രീയത്തിലിറങ്ങുന്നതും വങ്കത്തമാണ്. നേരെ മറിച്ച് സത്യവിശ്വാസവും മൂല്യബോധവും ജനങ്ങളില്‍ പ്രചരിപ്പിക്കുകയും താനുള്‍ക്കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടിയെ നേര്‍വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ട് ബഹുസ്വര സമൂഹത്തില്‍ തിന്മയും ജീര്‍ണതയും കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുക എന്നതാണ് യഥാര്‍ഥ വിശ്വാസിയുടെ ബാധ്യത.'' (ശബാബ് എഡിറ്റോറിയല്‍, 2011 ഏപ്രില്‍ 15). മുജീബിന്റെ പ്രതികരണം?
ഷംസുദ്ദീന്‍ എളമ്പിലാക്കോട്


ഒമ്പത് പതിറ്റാണ്ടെങ്കിലുമായി കേരളത്തില്‍ ഇസ്ലാഹി പ്രസ്ഥാനം പ്രവര്‍ത്തനമാരംഭിച്ചിട്ട്. ഇത്രയും കാലം ഇസ്ലാഹികള്‍ അഥവാ സലഫികള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന് അവക്ക് ദിശാബോധം നല്‍കാനും അവയെ സംസ്കരിക്കാനും ശ്രമിക്കുകയായിരുന്നു എന്ന് നമുക്ക് വേണമെങ്കില്‍ വിശ്വസിക്കാം. പാകിസ്താന്റെ സ്രഷ്ടാവായ മുഹമ്മദലി ജിന്നയുടെ ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ഥിക്കുന്ന പ്രമേയം പോലും പാസ്സാക്കിയവരാണ് കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന സലഫി പണ്ഡിത സംഘടന. എന്നിട്ടെന്തായി എന്നാണ് ചോദ്യം. മുസ്ലിം ലീഗും കോണ്‍ഗ്രസ്സും സലഫികള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച മറ്റു പാര്‍ട്ടികളുമൊക്കെ ജീര്‍ണതകളില്‍ നിന്ന് ജീര്‍ണതകളിലേക്ക് കൂപ്പ് കുത്തുകയല്ലാതെ ഒരല്‍പമെങ്കിലും പ്രതിഛായ മെച്ചപ്പെടുന്ന സ്ഥിതിയുണ്ടോ? ഈ പാര്‍ട്ടികളുടെ ഏത് തിന്മയാണിവര്‍ക്ക് തടയാനായത്? എന്ത് നന്മയാണവര്‍ക്ക് വളര്‍ത്താനായത്? പാര്‍ട്ടികളുടെ ഭരണത്തില്‍ മദ്യവും ചൂതാട്ടവും പലിശയും പെണ്‍വാണിഭവും അഴിമതിയും ചൂഷണവും നാള്‍ക്കുനാള്‍ പെരുകുകയോ കുറയുകയോ? പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന സലഫികള്‍ കൂടി അമ്മാതിരി തിന്മകളുടെ ഭാഗമാവുന്നതല്ലാതെ വേറിട്ടൊരു മാതൃക കാണിക്കാനുണ്ടോ? വടക്കോട്ട് പോവുന്ന തോണിയില്‍ കയറി തെക്കോട്ട് തള്ളിയാല്‍ എന്ത് സംഭവിക്കുമെന്നുറപ്പല്ലേ?
ഈ പരീക്ഷണങ്ങളൊക്കെ മടുത്തപ്പോഴാണ് നന്മേഛുക്കളായ ഒരു സംഘം ഒരു പുതിയ കൂട്ടായ്മയെക്കുറിച്ച് ചിന്തിച്ചത്. അഖിലേന്ത്യാ സലഫി പണ്ഡിതനായ മൌലാനാ അബ്ദുല്‍ വഹാബ് ഖില്‍ജിയടക്കം പങ്കാളികളായ ഈ പരീക്ഷണം മുളയിലേ നുള്ളിക്കളയണമെന്ന വിചാരം സലഫി ചിന്ത തന്നെയോ?

Comments