മനുഷ്യനെ സൃഷ്ടിക്കേണ്ട വിദ്യാഭ്യാസം
ആര്‍ജിത വിജ്ഞാനത്തിലൂടെ സ്വന്തത്തെയും സഹജീവികളെയും പ്രകൃതിയെയും പ്രപഞ്ചത്തെയും അറിയുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അറിവ് മനുഷ്യനെ സംസ്‌കൃതനാക്കണം. തിരിച്ചറിവ് നല്‍കാത്ത വിദ്യ അജ്ഞത പോലെ അര്‍ഥശൂന്യമാണ്. അതവനെ അന്ധകാരത്തില്‍ നിന്ന് കരകയറ്റുന്നില്ല. തമസോമാ ജോതിര്‍ഗമയ എന്നാണല്ലോ ഭാരതീയ ദര്‍ശനം പഠിപ്പിക്കുന്നത്. മനുഷ്യ നന്മക്കായി അവതരിപ്പിക്കപ്പെട്ട എല്ലാ ദര്‍ശനങ്ങളും വിജ്ഞാനസമ്പാദനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ലോകത്തിന് പ്രകാശമായി അവതരിപ്പിക്കപ്പെട്ട പരിശുദ്ധ ഖുര്‍ആന്‍ ആരംഭിച്ചതു തന്നെ വായിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ്. വിജ്ഞാനം സത്യവിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. എവിടെ കണ്ടാലും അതവനെടുക്കണമെന്നാണ് മുഹമ്മദ് നബി(സ) പഠിപ്പിച്ചത്. വിദ്യ കൊണ്ട് ശക്തരാകാന്‍ ശ്രീ നാരായണഗുരുവും ആഹ്വാനം ചെയ്യുന്നുണ്ട്. വിദ്യ മനുഷ്യനെ മനുഷ്യനാക്കുന്നു, വിദ്യയില്ലെങ്കില്‍ മനുഷ്യനും മൃഗവും തുല്യം എന്നര്‍ഥം.
മനുഷ്യനെ മൂല്യവത്കരിക്കുകയാണ് വിദ്യാഭ്യാസത്തിലൂടെ നടക്കുന്നത്, നടക്കേണ്ടത്. ഇന്നത്തെ വിദ്യാഭ്യാസ പ്രക്രിയയിലൂടെ അത്തരം ഒരു മൂല്യവത്കരണം സാധ്യമാകുന്നുണ്ടോ എന്ന് പരിശോധിച്ചാല്‍ നിരാശപ്പെടുത്തുന്ന ഉത്തരമാവും ലഭിക്കുക. ഏറ്റവും അഭ്യസ്ത വിദ്യരെന്ന് നാം കരുതുന്നവര്‍ പോലും അവരുടെ ഔദ്യോഗിക, സാമൂഹിക, സാംസ്‌കാരിക, വൈയക്തിക മേഖലകളില്‍ മൂല്യച്യുതിയുടെ പര്യായങ്ങളായി മാറിയിരിക്കുന്നു. പലതരം തിന്മകളിലും കുറ്റകൃത്യങ്ങളിലും പങ്കാളികളാകുന്നവര്‍ ബിരുദം പേറി നടക്കുന്നവര്‍ തന്നെയാണ്. എന്താണീ ദുരവസ്ഥക്ക് കാരണം? എവിടെയാണ് നമുക്ക് പിഴച്ചത്?
ഭൗതികതയുടെ പ്രതിസന്ധി
ആധുനിക വിദ്യാഭ്യാസ പദ്ധതിയുടെ അടിത്തറ തികഞ്ഞ ഭൗതികതയില്‍ അധിഷ്ഠിതമാണ്. വൈരുധ്യാധിഷ്ഠിത ഭൗതികവാദവും മുതലാളിത്തവും മനുഷ്യനെ കേവലം സാമ്പത്തികജീവിയായാണ് പരിഗണിക്കുന്നത്. സാമ്പത്തിക നേട്ടമാണ് അവന്റെ ആത്യന്തിക ലക്ഷ്യം. അവിടെ മാനവികതയോ സഹാനുഭൂതിയോ മറ്റേതെങ്കിലും മാനുഷിക മൂല്യങ്ങളോ വിഷയമാകുന്നില്ല. സാമ്പത്തിക നേട്ടമുണ്ടാക്കാത്തതൊന്നും നിലനില്‍പിന്നര്‍ഹമല്ല എന്ന ചിന്താഗതിയാണ് ഇതുമൂലം വളര്‍ന്നുവന്നത്. പ്രകൃതിയെയും മനുഷ്യരെയും മറ്റിതര വിഭവങ്ങളെയും തങ്ങളുടെ മാത്രം ലാഭത്തിനായി ചൂഷണം ചെയ്യുന്ന മുതലാളിത്തം ഒരു സംസ്‌കാരമായി വളര്‍ന്നുവന്നിരിക്കുന്നു. അവിടെ കുടുംബ ബന്ധങ്ങള്‍ക്കോ സഹജീവികളോടുള്ള കടമകള്‍ക്കോ പ്രസക്തിയില്ല. നീതിയും ന്യായവുമല്ല, ശക്തിയാണ് ശരിയും തെറ്റും നിര്‍വചിക്കുന്നത്. നുണ പറയുന്നത് അമാന്യതയായി കണ്ടിരുന്ന കാലം പഴങ്കഥയാണിന്ന്. നുണകള്‍ക്കു മേല്‍ നുണകള്‍ പെരുപ്പിച്ച് വലിയ യുദ്ധങ്ങളും കൂട്ടക്കുരുതികളും സൃഷ്ടിക്കുകയാണിന്ന്. എല്ലാം ഭൗതികമായ നേട്ടങ്ങള്‍ക്കു വേണ്ടി മാത്രം. മനുഷ്യനും മനുഷ്യത്വവും മൂല്യങ്ങളുമെല്ലാം നമുക്ക് മറന്നുപോയ ചില പദങ്ങള്‍ മാത്രമാകാന്‍ പോകുന്നു.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
മാനവരാശി ഇന്ന് നേരിടുന്ന അധഃപതനത്തിന്റെ മുഖ്യ ഹേതു മൂല്യബോധമില്ലായ്മയാണ്. വരും തലമുറകള്‍ക്ക് മൂല്യബോധം നല്‍കി വളര്‍ത്തിക്കൊണ്ടുവന്നില്ലെങ്കില്‍ ലോകത്തിന്റെ അവസ്ഥ വളരെ ഭീകരമായിരിക്കും. അതുകൊണ്ട് അടിസ്ഥാന മൂല്യങ്ങള്‍ അടിത്തറയാക്കിയുള്ള ഒരു വിദ്യാഭ്യാസ രീതിക്കായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. നൈസര്‍ഗികമായ 'മൂല്യബോധം' യഥാര്‍ഥ ദൈവവിശ്വാസിയിലായിരിക്കും പരിപൂര്‍ണമാവുക. കാരണം വിശ്വാസിയെ സംബന്ധിച്ചേടത്തോളം ദേഹവും ദേഹിയും ഉള്‍ക്കൊള്ളുന്നതാണ് മനുഷ്യന്‍. അതില്‍ ദേഹത്തെക്കുറിച്ചുള്ള പഠനമാണ് ഭൗതിക ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്നത്. ദേഹിയെക്കുറിച്ചുള്ള പഠനം ഉള്‍ക്കൊള്ളുന്നത് ആത്മീയജ്ഞാനമാണ്. ആ ജ്ഞാനം നമുക്ക് പകര്‍ന്നുതരുന്നത് വേദഗ്രന്ഥങ്ങളും. നന്മതിന്മകളെ വേര്‍തിരിച്ച് തരികയും നന്മ ചെയ്തുകൊണ്ട് ഭൂമിയില്‍ ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും നന്മ ചെയ്തുകൊണ്ട് ജീവിക്കുന്നവര്‍ക്ക് ദൈവം തന്റെ കാരുണ്യത്താല്‍ സ്വര്‍ഗം വാഗ്ദാനം നല്‍കുകയും തിന്മ ചെയ്ത് ഈ ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തുകൊണ്ട് വേദങ്ങള്‍ അവതരിപ്പിക്കപ്പെട്ടു (സാമവേദം, ആഗ്‌നേയകാണ്ഡം 93, കഠോപനിഷത്ത് 1:12, മത്തായി 19:16, ഖുര്‍ആന്‍ 99:8, 2:25).
മനുഷ്യന്റെ സ്വഭാവ രൂപീകരണത്തില്‍ വിദ്യാഭ്യാസ പ്രക്രിയ വഹിക്കുന്ന പങ്കിനെക്കുറിച്ചും വിദ്യാഭ്യാസ പ്രക്രിയ മൂല്യാധിഷ്ഠിതമായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഉല്‍പതിഷ്ണുക്കളായ വിദ്യാഭ്യാസ വിചക്ഷണരും വിവേകശാലികളും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പക്ഷേ, അവരെ ശ്രദ്ധിക്കാന്‍ ഭരണാധികാരികള്‍ തയാറായിരുന്നില്ല എന്നതാണ് വിദ്യാഭ്യാസം കേവലം ജോലിസമ്പാദനത്തിനുള്ള മാര്‍ഗം മാത്രമായി അധഃപതിക്കാന്‍ കാരണമായത്. എങ്കിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വിവേകമതികളുടെ നേതൃത്വത്തില്‍ പലയിടങ്ങളിലും സമാന്തര വിദ്യാഭ്യാസ പരിപാടികളുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. നടപ്പുരീതിയിലുള്ള വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം ധാര്‍മിക വിദ്യാഭ്യാസം നല്‍കുകയായിരുന്നു അവര്‍ കണ്ടെത്തിയ മാര്‍ഗം (Value Added Education). വിവിധ മത സംഘടനകളും ആശ്രമങ്ങളുമാണ് ഈ രംഗത്ത് സജീവമായത്. ഇത് താല്‍ക്കാലികമായ ചില ഗുണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി തന്നെ വ്യത്യസ്ത അടിത്തറകളില്‍ പടുത്തുയര്‍ത്തപ്പെട്ട രണ്ട് രീതികളെ ഒന്നിച്ചുള്‍ക്കൊള്ളാന്‍ പറ്റാത്ത വിദ്യാര്‍ഥി തനിക്കേറ്റവും എളുപ്പവും നേട്ടവും നല്‍കുന്ന ഒന്നിലേക്ക് കൂടുതല്‍ ചേര്‍ന്ന് നിന്ന് മുന്നോട്ട് പോകുന്ന അവസ്ഥയാണുണ്ടാകുന്നത്. ഇത് പലപ്പോഴും ഭൗതികതയുമായി യുദ്ധം പ്രഖ്യാപിച്ച തികഞ്ഞ ആത്മീയതയില്‍ അഭയം തേടുന്ന ഒരു വിഭാഗത്തെയും തനി ഭൗതികതയുടെ കുത്തൊഴുക്കില്‍ സ്വയം ഹോമിക്കപ്പെട്ട മറ്റൊരു വിഭാഗത്തെയും സൃഷ്ടിക്കുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പരിപാടി (value based spiritual education) കൊണ്ടുണ്ടായേക്കാവുന്ന നേട്ടം കൈവരിക്കാന്‍ ഇത്തരം value added education കൊണ്ടാവില്ല.
എന്താണ് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്? മനുഷ്യസമൂഹത്തിന്റെ സുഗമമായ വളര്‍ച്ചക്കും നിലനില്‍പിനും പാരസ്പര്യത്തിനും അനിവാര്യമായ സ്‌നേഹം, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ അടിസ്ഥാന ഗുണങ്ങള്‍ ജനതതികളെ പഠിപ്പിച്ചത് കാലാകാലങ്ങളില്‍ വിവിധ സമൂഹങ്ങളില്‍ വന്നിട്ടുള്ള പ്രവാചകന്മാരും അവരിലൂടെ അവതീര്‍ണമായ വേദഗ്രന്ഥങ്ങളുമാണ്. ഇത്തരം വേദഗ്രന്ഥങ്ങള്‍ പഠനത്തിനും പര്യവേക്ഷണത്തിനും പ്രേരിപ്പിക്കുന്നു. അത്തരം കാര്യങ്ങള്‍ ദൈവാരാധന തന്നെയായി കണക്കാക്കുകയും ചെയ്യുന്നു.
പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണെന്നും (ഉല്‍പത്തി 1:3, ഖുര്‍ആന്‍ 87:1) പ്രകൃതി നിയമങ്ങള്‍ മുറതെറ്റാതെ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുവെന്നും (യശയ്യാവ് 45:18,19, ഖുര്‍ആന്‍ 51:20) മനുഷ്യന്‍ സോദ്ദേശ്യ സൃഷ്ടിയാണെന്നും (ഉല്‍പത്തി 1:7, ഖുര്‍ആന്‍ 7:5) പ്രപഞ്ച പഠനം നടത്തുമ്പോള്‍ ദൈവ മഹത്വത്തെ വാഴ്ത്തുകയാണെന്നുമുള്ള (സങ്കീര്‍ത്തനങ്ങള്‍ 19:1,2, ഖുര്‍ആന്‍ 2:164) ദൈവിക വെളിപാടുകള്‍ ശാസ്ത്ര വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതും ത്വരിതപ്പെടുത്തുന്നതുമാണ്. എല്ലാ ദൈവ ഗ്രന്ഥങ്ങളും ഉദ്‌ഘോഷിക്കുന്ന ഏകദൈവ ദര്‍ശനമാണ് ആധുനിക ശാസ്ത്രത്തിന്റെ ചരിത്രപരമായ അടിത്തറയെന്ന കാര്യം ജൈവശാസ്ത്രജ്ഞനും നോബല്‍ ജേതാവുമായ മെല്‍വിന്‍ കാല്‍വിന്‍ എടുത്തു പറയുന്നുണ്ട് (Melvin Calvin-Chemical Evolution, Clarendon Press - Oxford, 1969, page 258).
ദിവ്യ ദര്‍ശനങ്ങളെല്ലാം തന്നെ അടിസ്ഥാനപരമായി ഊന്നിയിട്ടുള്ളത് ഏകദൈവത്വത്തിലും ഏകമാനവികതയിലുമാണ്. ഏകദൈവം നടത്തിയ സൃഷ്ടിപ്രപഞ്ചം എന്ന സങ്കല്‍പം ശാസ്ത്ര മുന്നേറ്റത്തിന്റെ ചാലകശക്തിയായി വര്‍ത്തിച്ചതായി ശാസ്ത്ര ചരിത്രകാരന്മാരും തത്ത്വചിന്തകരും ചൂണ്ടിക്കാട്ടുന്നു (Alfred N. Whitehead, Science and the Modern World, The free press-NY, 1967, Chapter 1, CF Von Weizacker, The relevant of physics Harper & Row, NY 1964, page 163).
പുരാതന ഇന്ത്യയിലെ നാഗരികതകളായ മോഹന്‍ജൊദാരോയും ഹാരപ്പയും മാത്രമല്ല, മഹാന്മാരായ ആര്യഭട്ടനും ശുശ്രുതനും ചരക മുനിയുമെല്ലാം മാനവകുലത്തിന് നല്‍കിയ സംഭാവനകള്‍ നമുക്കാവേശമാകുന്നു. സ്വര്‍ണ സൂചികൊണ്ട് ശസ്ത്രക്രിയ നടത്തിയിരുന്ന നമ്മുടെ പൂര്‍വികര്‍ ഒരേ സമയം സന്യാസിവര്യന്മാരും ശാസ്ത്രജ്ഞരുമായിരുന്നു. മനുഷ്യന്നും പ്രകൃതിക്കും ഗുണകരമായ പുരോഗതിയും വികസനവുമാണ് അവര്‍ വിഭാവനം ചെയ്തത്.
മധ്യ നൂറ്റാണ്ടിന്റെ കടുത്ത അന്ധകാരത്തിലേക്ക് അറിവിന്റെ വെളിച്ചവുമായി കടന്നുവന്നത് ഇസ്‌ലാമിക സമൂഹമായിരുന്നു. ശാസ്ത്രീയവും ആത്മീയവുമായ വിഷയങ്ങളില്‍ അന്നോളം ദര്‍ശിച്ചിട്ടില്ലാത്ത വളര്‍ച്ചയായിരുന്നു അവര്‍ കൊണ്ടുവന്നത്. അതിനവര്‍ക്ക് ശക്തിസ്രോതസ്സായി വര്‍ത്തിച്ചത് വിശുദ്ധ ഖുര്‍ആനായിരുന്നു. 'വായിക്കുക' എന്നാഹ്വാനം ചെയ്ത ഖുര്‍ആന്‍ പിന്നീട് വിവരിച്ചത് മനുഷ്യ ജനനത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചായിരുന്നു. അന്വേഷണം ആരാധനയാക്കിയ ദര്‍ശനങ്ങള്‍ പുരോഗതിയുടെ ഊടും പാവുമായി വര്‍ത്തിച്ചു.
ചരിത്രം പറയുന്നു: 'മുസ്‌ലിം സ്‌പെയിനിന്റെ തലസ്ഥാനമായ കൊര്‍ദോവ ജനവാസകേന്ദ്രങ്ങളുടെ മകുടവും ഹൃദയങ്ങളുടെ കാമിതവും ഭക്തരുടെയും ധര്‍മിഷ്ഠരുടെയും വാസസ്ഥലവും വിജ്ഞാനത്തിന്റെ ഉറവിടവും ഇസ്‌ലാമിന്റെ ഗേഹവുമാകുന്നു. ലോകമെമ്പാടുമുള്ള ബുദ്ധി ഇവിടെ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. കൊര്‍ദോവയുടെ ചക്രവാളത്തില്‍ നിന്നാണ് ലോകത്ത് നക്ഷത്രങ്ങളുദിക്കുന്നത്.' അക്കാലത്ത് കൊര്‍ദോവക്ക് സമാനമായി ബഗ്ദാദല്ലാതെ മറ്റൊരു പട്ടണം ലോകത്തുണ്ടായിരുന്നില്ല.
നാമിങ്ങനെ പറയുമ്പോള്‍ വരുംതലമുറകളെ പിന്നോട്ട് വലിച്ച് വൈദിക കാലത്തിലേക്ക് കൊണ്ടുപോകണമെന്നല്ല അര്‍ഥമാക്കുന്നത്. അടിസ്ഥാനപരമായ മാനുഷിക മൂല്യങ്ങളില്‍ ഊന്നി നിന്നുകൊണ്ട് വേണം ഭൗതികതയുടെ നേട്ടങ്ങളെ എത്തിപ്പിടിക്കാന്‍ എന്നു മാത്രമാണ്. സ്‌നേഹം, ദയ, കാരുണ്യം, ഗുണകാംക്ഷ, പ്രകൃതി സ്‌നേഹം തുടങ്ങിയ അടിസ്ഥാന മാനവികമൂല്യങ്ങളില്‍ നിന്നുകൊണ്ടാവണം പഠനവും പര്യവേഷണവും നടത്താന്‍. മനുഷ്യനാണ് ലോകത്തിന്റെ നായകന്‍. അവനെയും അവന്‍ ജീവിക്കുന്ന പ്രകൃതിയെയും അതിലെ അവന്റെ സഹജീവികളെയും ചൂഴ്ന്നു നില്‍ക്കുന്ന സ്‌നേഹത്തില്‍നിന്ന് ഉരുത്തിരിയുന്ന പര്യവേക്ഷണങ്ങള്‍ നല്‍കുന്ന ഫലങ്ങള്‍ അന്തക വിത്തുകളും രോഗം വിതക്കുന്ന രാസവളങ്ങളും മാരകായുധങ്ങളും ലോകത്തിനു നല്‍കില്ല. ശാസ്ത്രത്തിന് സ്വന്തം നിലയില്‍ ലക്ഷ്യബോധമുണ്ടാവുക സാധ്യമല്ല. ഉപയോഗപ്പെടുത്തുന്നവരുടെ ആവശ്യമനുസരിച്ച് അത് ഗുണവും ദോഷവും വരുത്തിവെക്കും. ശാസ്ത്രത്തിന്റെ അനന്തസാധ്യതകളായ ആണവോര്‍ജവും ജനിതക എഞ്ചിനീയറിംഗും ഇന്ന് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് സര്‍വസംഹാരികളായ ആയുധങ്ങള്‍ നിര്‍മിക്കുന്നതിനാണ്.
വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ച് ഡോ. എം.എസ് ഗോമതിയമ്മാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു:
വിദ്യാഭ്യാസം എന്നത് അറിഞ്ഞുകൂടാത്ത ചില കാര്യങ്ങള്‍ ഒരാള്‍ക്ക് പറഞ്ഞുകൊടുക്കുകയേ അല്ല. മറിച്ച്, ഒരാളുടെ വ്യക്തിത്വത്തെ ഉടച്ചുവാര്‍ക്കുകയാണ്. നന്മ തിന്മകളെ വിവേചിച്ചറിയാനും വിലയിരുത്താനുമുള്ള കഴിവ് വര്‍ധിക്കുന്നതിലൂടെ വ്യക്തിയുടെ സാന്മാര്‍ഗിക ബോധം തേച്ചുമിനുക്കപ്പെടുന്നു. സ്വഭാവ രൂപീകരണത്തിന്റെ അടിത്തറ പാകപ്പെടുന്നു.
വിദ്യാഭ്യാസം പരിശീലനമാണ്. സമൂഹത്തില്‍ എപ്രകാരം പൗരബോധത്തോടെയും ഉത്തരവാദിത്വബോധത്തോടെയും പെരുമാറണമെന്ന് അത് പരിശീലിപ്പിക്കുന്നു.
വിദ്യാഭ്യാസം മാര്‍ഗനിര്‍ദേശമാണ്. പിറന്നു വീഴുന്ന ഓരോ കുട്ടിക്കും ജന്മവാസനകളുണ്ട്. ഈ വാസനകള്‍ വികസിപ്പിച്ചെടുക്കേണ്ടത് സാമൂഹിക നന്മയെ മുന്‍നിര്‍ത്തിയായിരിക്കണം. അതിന്റെ ലക്ഷ്യപ്രാപ്തിയില്‍ വഴികാട്ടലും നിയന്ത്രണവും പരമപ്രാധാന്യമര്‍ഹിക്കുന്നു.
ശാരീരികവും മാനസികവും വൈകാരികവും ആത്മീയവും സൗന്ദര്യശാസ്ത്രപരവും സാമൂഹികവുമായ എല്ലാ വശങ്ങളിലൂടെയുമുള്ള സമഗ്രമായ വളര്‍ച്ചയാണ് വിദ്യാഭ്യാസം.
തുടര്‍ച്ചയായ പുനഃസംഘടനയാണ് വിദ്യാഭ്യാസം. തലമുറകളുടെ അറിവുകളും അനുഭവങ്ങളും കാലികമായ മാറ്റങ്ങളിലൂടെ ഇന്നത്തെ വിദ്യാര്‍ഥിയില്‍ പുനഃസംഘടിപ്പിക്കപ്പെടുകയാണ്.
വിദ്യാഭ്യാസം വിമോചനമാണ്. 'സാ വിദ്യായാ വിമുക്തായേ' എന്നാണ് ആപ്തവാക്യം.
മഹാകവി ടാഗോര്‍ പറയുന്നു: നമ്മുടെ മനസ്സുകള്‍ക്ക് സത്യത്തിന്റെ ലോകത്തില്‍ സ്വാതന്ത്ര്യം ലഭിക്കുന്നതിനും നമ്മുടെ ഭാവന കലാലോകത്തില്‍ വിഹരിക്കുന്നതിനും നമ്മുടെ സഹാനുഭൂതി മാനുഷിക ബന്ധങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും ഉതകും വിധം യുക്തിബോധത്തെ വളര്‍ത്തുന്നതായിരിക്കണം വിദ്യാഭ്യാസം.
വിദ്യാഭ്യാസത്തെക്കുറിച്ച ഇസ്‌ലാമിന്റെ വീക്ഷണം അതിന്റെ പ്രപഞ്ച വീക്ഷണവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യനടക്കമുള്ള അഖില പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും ഉടമസ്ഥനും ദൈവമാണ്. അവന്റെ പ്രതിനിധിയാണ് മനുഷ്യന്‍. പ്രാതിനിധ്യത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഈ ഭൂമിയില്‍ ഇവിടത്തെ വിഭവങ്ങള്‍ ആസ്വദിച്ചുകൊണ്ട് തന്നെയാണ് നിര്‍വഹിക്കപ്പെടേണ്ടത്. അതുകൊണ്ട് മനുഷ്യന്റെ വ്യക്തിഗതവും സാമൂഹികവുമായ ജീവിത വ്യവഹാരങ്ങള്‍ ദൈവഹിതത്തിനൊത്ത് നടത്തിക്കൊണ്ടുപോകുന്നതിന് സഹായകമായ വിദ്യാഭ്യാസമാണ് അവന്നാവശ്യം. താന്‍ പ്രതിനിധിയാക്കപ്പെട്ട ഈ പ്രപഞ്ചത്തെക്കുറിച്ച് അവന്‍ ശരിക്കും അറിഞ്ഞിരിക്കണം. ഇവിടെ ഏതൊരു നിയമസംഹിതയനുസരിച്ചാണോ തന്റെ കര്‍മങ്ങള്‍ നിര്‍വഹിക്കപ്പെടേണ്ടത്, ആ നിയമസംഹിതയെപ്പറ്റിയും അവന് തികഞ്ഞ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇവ രണ്ടും പരസ്പര പൂരകങ്ങളാകയാല്‍ തന്നെ ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ അവിഭാജ്യമായ ഒരേകകമാണ് വിദ്യാഭ്യാസം. മതപരം, ഭൗതികം എന്നിങ്ങനെ അതിനെ തരംതിരിക്കാന്‍ കഴിയില്ല. എന്നു പറഞ്ഞാല്‍ ഒരു ലബോറട്ടറിയില്‍ നടക്കുന്ന പഠന പരീക്ഷണ പ്രക്രിയയും പള്ളിയില്‍ നടക്കുന്ന പ്രാര്‍ഥനയും ഒരേ സമയം ദൈവാരാധനയും പുരോഗതിയിലേക്കുള്ള നൈസര്‍ഗികമായ കുതിപ്പുമാണ്.
മനുഷ്യവര്‍ഗത്തെ രണ്ടു വിഭാഗങ്ങളായി മാത്രമേ ദര്‍ശനങ്ങള്‍ വീക്ഷിക്കുന്നുള്ളൂ. ധര്‍മികളും അധര്‍മികളും. ധര്‍മാധര്‍മ സമരങ്ങള്‍ മനുഷ്യാതീത കാലം മുതല്‍ക്ക് നടന്നുവരുന്നു. സത്യവും അസത്യവും തമ്മിലുള്ള സമരത്തില്‍ സത്യം എന്നും ജയിച്ചുപോരുന്നു. പക്ഷേ, ഇന്ന് സ്ഥിതിഗതികള്‍ മാറി. അസത്യവും അസത്യവും തമ്മിലാണ് സമരം! അതുകൊണ്ടുതന്നെ സര്‍വനാശം! സത്യത്തിന്റെ ശബ്ദം നേര്‍ത്തുപോയത് വിദ്യാഭ്യാസ വിജ്ഞാനരംഗത്ത് ഈ ആശയം പരിഗണിക്കാതെ പോയതിനാലാണ്.
ധര്‍മവും നീതിയുമെല്ലാം നിര്‍മാണാത്മകമായതുകൊണ്ട് തന്നെ മനുഷ്യന്‍ ബോധപൂര്‍വം പടിപടിയായി പരിപോഷിപ്പിക്കേണ്ടതാണ്. തിന്മ, അസത്യം, അധര്‍മം ഇവയെല്ലാം സമൂഹത്തില്‍ താനേ വളര്‍ന്നുകൊള്ളും. സംഹാരം ക്ഷിപ്രസാധ്യമായതുതന്നെ കാരണം. വിദ്യാഭ്യാസം മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കേണ്ടതുണ്ട്. പുരോഗതി നിര്‍മാണാത്മകമാണ്. മനുഷ്യ സംസ്‌കാരം പുരോഗമിക്കണമെങ്കില്‍ മാനവിക മൂല്യങ്ങളെ പരിഗണിക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി ആവിഷ്‌കരിച്ചേ മതിയാവൂ. അല്ലെങ്കില്‍ സര്‍വ അധര്‍മങ്ങളെയും അധര്‍മകാരികളെയും പുരോഗതിയുടെ ലേബലില്‍ നാം അംഗീകരിക്കേണ്ടതായി വരും. ആധുനിക യുഗത്തില്‍ സംഭവിച്ചിരിക്കുന്നതും മറ്റൊന്നല്ല.
''ഒരു ജനത അതിന്റെ മനസ്സിനെ പ്രയോജനപ്പെടുത്തുകയും കണ്ടുപിടിത്ത ഗവേഷണ രംഗങ്ങളില്‍ മുന്നേറുകയും ചെയ്യുമ്പോള്‍ വൈകാതെ തന്നെ ഭൗതിക പുരോഗതിയിലും വികാസത്തിലും അവര്‍ മേല്‍ക്കൈ നേടും. ബൗദ്ധിക രംഗത്ത് ജീര്‍ണിക്കുകയും നിശ്ചലമാവുകയും ചെയ്ത ജനത മാനസികമായി അധഃപതനത്തിലേക്ക് കൂപ്പുകുത്തുക മാത്രമല്ല, ഭൗതികമായി ക്ഷയിക്കാന്‍ തുടങ്ങുകയും ചെയ്യും. അതിനാല്‍ ആധിപത്യം ശക്തിയുടെയും മുന്നേറ്റത്തിന്റെയും ഫലമെന്നപോലെ അടിമത്തം കീഴാളത്തത്തിന്റെയും അപകര്‍ഷതയുടെയും ഫലമാണ്. ഒരു ജനത ദുര്‍ബലവും പിന്നാക്കവുമാകുന്നതിനനുസരിച്ച് അത് അടിമത്തത്തിനും വിധേയത്വത്തിനും ഇരയാകാന്‍ സാധ്യതയേറുന്നു.
പൂര്‍ണമായും കേവല ഭൗതികവാദത്തിലധിഷ്ഠിതമായ പാശ്ചാത്യ നാഗരികതയാണ് ലോകത്തെ ഇന്ന് നയിക്കുന്നത്. ദൈവിക നാഗരികതയുടെ അടിത്തറയുടെ ഭാഗമായ കരുണ, സ്‌നേഹം, ദൈവഭയം, ഈശ്വര ഭക്തി, നേര്‍വഴിക്ക് സഞ്ചരിക്കല്‍, നിഷ്‌കാപട്യം, നന്മേഛ, ധാര്‍മികത, സത്യസന്ധത, വിശ്വസ്തത, ധര്‍മം, വിശുദ്ധി എന്നിവയില്‍ നിന്ന് ആ വ്യവസ്ഥിതി പൂര്‍ണമായും മുക്തമാണ്. അതിന്റെ ആശയസംഹിത ദൈവികത്വത്തിന് നേര്‍വിപരീതമാണ്. ദിവ്യദര്‍ശനങ്ങളുടെ വിപരീത ദിശയിലേക്കാണ് അത് മനുഷ്യരെ നയിക്കുന്നത്. ദൈവിക നാഗരികതയുടെ അടിസ്ഥാനമായ സാംസ്‌കാരിക ധാര്‍മിക സങ്കല്‍പത്തിന്റെ വേരുകളെ തന്നെയാണ് അത് ആക്രമിക്കുന്നത്. ദൈവിക നാഗരികതയുടെ ഘടനക്ക് ഉളവാക്കാന്‍ കഴിയാത്തതും ഇണങ്ങാത്തതുമായ രീതിയിലാണ് അത് വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വഭാവ സവിശേഷതക്ക് രൂപം നല്‍കുന്നത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ദിവ്യദര്‍ശനങ്ങളും പാശ്ചാത്യ നാഗരികതയും നേര്‍വിപരീത ദിശകളില്‍ സഞ്ചരിക്കുന്ന രണ്ടു തോണികളാണ്. ഒരേ സമയത്ത് ആ രണ്ടു തോണിയിലും സഞ്ചരിക്കാനുള്ള ഏത് ശ്രമവും ആ സാഹസികനെ രണ്ടായി പിളര്‍ത്തും'' (മൗലാനാ മൗദൂദി).
ശാസ്ത്ര ബോധവും യുക്തിവിചാരവും ദൈവവിശ്വാസവും ഉള്‍ക്കൊള്ളുന്ന മൂല്യബോധം വിദ്യാഭ്യാസത്തിലൂടെ വളര്‍ത്തിയെടുക്കുക എന്നത് മാത്രമാണ് ലോകം ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ യഥാനിഷ്ഠമായ പരിഹാരം.
[email protected]
Comments