Prabodhanm Weekly

Pages

Search

2011 ജൂണ്‍ 4

തൗഹീദ് അഥവാ ഏകദൈവത്വം

പ്രകൃതിയും ബുദ്ധിയും ദിവ്യബോധനവും (വഹ്‌യ്) സാക്ഷ്യപ്പെടുത്തുന്നതുപോലെ അല്ലാഹുവിന്റെ അസ്തിത്വത്തില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. അതുപോലെത്തന്നെ അല്ലാഹു തന്റെ പരിശുദ്ധമായ സത്തയോട് യോജിക്കുന്ന അഗാധ ജ്ഞാനത്തിന്റെയും സമഗ്രമായ ഉദ്ദേശ്യത്തിന്റെയും ശക്തമായ കഴിവിന്റെയും പരിപക്വമായ യുക്തിയുടെയും വിശാലമായ കാരുണ്യത്തിന്റെയും എല്ലാ പൂര്‍ണതകളും ഒത്തുചേര്‍ന്നവനാണെന്ന് വിശ്വസിക്കുക. അല്ലാഹു പങ്കാളിയും സമന്മാരുമില്ലാത്തവനാണെന്ന് ബോധ്യപ്പെട്ട് ഏകനാക്കുകയും പ്രവൃത്തി പഥത്തില്‍ അടിമത്തവും അനുസരണവും ഭയ പ്രതീക്ഷകളും അവനില്‍ മാത്രം അര്‍പ്പിക്കുകയും ചെയ്യല്‍ നിര്‍ബന്ധമാണ്. ഇതാണ് ഇസ്‌ലാമിന്റെ കാതലായ തൗഹീദിന്റെ യാഥാര്‍ഥ്യം. ഈ അടിസ്ഥാനത്തില്‍ തൗഹീദിനെ മൂന്ന് വിഭാഗമായി തിരിക്കാം.
തൗഹീദിന്റെ ഇനങ്ങള്‍
1. റുബൂബിയ്യത്തിലെ ഏകത്വം
2. ഉലൂഹിയ്യത്തിലെ ഏകത്വം
3. നാമങ്ങളിലും വിശേഷണങ്ങളിലുമുള്ള ഏകത്വം

റുബൂബിയ്യത്തിലെ ഏകത്വം
ആകാശഭൂമികളുടെയും അവയിലുള്ള സര്‍വചരാചരങ്ങളുടെയും സ്രഷ്ടാവും യജമനനും അല്ലാഹുവാണെന്ന വിശ്വാസമാണ് റുബൂബിയ്യത്തിലെ ഏകത്വം (പരിപാലകത്വം). സര്‍വലോകങ്ങളുടെയും ഉടമസ്ഥന്‍ അല്ലാഹുവാണ്. അവന് പങ്കാളിയില്ല. അവന്റെ അധികാരത്തില്‍ അനന്തരാവകാശിയുമില്ല. അവന്‍ മാത്രമാണ് പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളുടെയും യജമാനന്‍. എല്ലാറ്റിനും അന്നം നല്‍കുന്നതും അവന്‍ തന്നെ. എല്ലാം നിയന്ത്രിക്കുന്നവന്‍. ഉയര്‍ത്തുന്നവനും താഴ്ത്തുന്നവനും നല്‍കുന്നവനും നിഷേധിക്കുന്നവനും അവനാണ്. അവന്റെ ഉദ്ദേശ്യമോ അനുമതിയോ ഇല്ലാതെ സ്വന്തത്തിനോ മറ്റുള്ളവര്‍ക്കോ ഉപകാരം ചെയ്യാനോ ഉപദ്രവം ഏല്‍പിക്കാനോ ആര്‍ക്കും കഴിയുകയില്ല. മനുഷ്യനെ പ്രതാപിയാക്കുന്നതും നിന്ദ്യനാക്കുന്നതും അവനാണ്.
ആധുനിക കാലത്തെ കമ്യൂണിസ്റ്റുകളെയും പുരാതനകാലത്തെ യുക്തിവാദികളെയും പോലെ ദൈവാസ്തിക്യത്തെ നിരാകരിക്കുന്ന തികഞ്ഞ മതനിഷേധികളും ഭൗതികരും മാത്രമേ ഇത് നിഷേധിക്കുകയുള്ളൂ. 'ദൈ്വതവാദി'കളെ പോലുള്ള ഭൗതികര്‍ ലോകത്തിന് രണ്ട് ദൈവങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്. ഒരു ദൈവം പ്രകാശത്തിന്റേതും മറ്റേത് ഇരുട്ടിന്റേതും. എന്നാല്‍ ജാഹിലിയ്യാ കാലത്തെ അറബികളിലെ ഭൂരിപക്ഷം ബഹുദൈവ വിശ്വാസികളും റുബൂബിയ്യത്തില്‍ വിശ്വാസം ഉള്ളവരായിരുന്നു. അവര്‍ അതിനെ നിഷേധിച്ചിരുന്നില്ല. ഖുര്‍ആന്‍ അവരെക്കുറിച്ച് പറയുന്നു: ''ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും, അല്ലാഹുവെന്ന്. എന്നിട്ടും എങ്ങനെയാണവര്‍ വഴിതെറ്റിപ്പോകുന്നത്?'' (അസ്സുഖ്‌റുഫ് 87).
''ആകാശഭൂമികളെ സൃഷ്ടിച്ചതാരെന്ന് നീ അവരോട് ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും: പ്രതാപിയും എല്ലാം അറിയുന്നവനുമായവനാണ് അവയെ സൃഷ്ടിച്ചത്'' (അസ്സുഖ്‌റുഫ് 9). ''ആകാശഭൂമികളെ സൃഷ്ടിച്ചതും സൂര്യചന്ദ്രന്മാരെ അധീനപ്പെടുത്തിത്തന്നതും ആരെന്ന് നീ ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും, അല്ലാഹുവാണെന്ന്. എന്നിട്ടും എങ്ങനെയാണ് അവര്‍ക്ക് വ്യതിയാനം സംഭവിക്കുന്നത്?'' (അല്‍അന്‍കബൂത്ത് 61).
''മാനത്തുനിന്ന് വെള്ളം വീഴ്ത്തുന്നതും അതുവഴി ഭൂമിയെ അതിന്റെ നിര്‍ജീവതക്കു ശേഷം ജീവസ്സുറ്റതാക്കുന്നതും ആരെന്ന് നീ ചോദിച്ചാല്‍ അവര്‍ പറയും, അല്ലാഹുവാണെന്ന്'' (അല്‍അന്‍കബൂത്ത് 63).
ഇതായിരുന്നു മുശ്‌രിക്കുകളുടെ മറുപടികള്‍. ഇത് പ്രപഞ്ചത്തിനു മേലുള്ള അല്ലാഹുവിന്റെ ഉടമസ്ഥതയും അതിലെ അവന്റെ നിയന്ത്രണാധികാരവും അവര്‍ അംഗീകരിച്ചിരുന്നുവെന്നതിന്റെ തെളിവാണ്. റുബൂബിയ്യത്തിലെ അവരുടെ ഈ വിശ്വാസത്തിന്റെ താല്‍പര്യം അവര്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും മറ്റാരെയും അതില്‍ പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക എന്നതായിരുന്നു. എന്നാല്‍ തൗഹീദിന്റെ മറ്റു വിഭജനങ്ങളെ അവര്‍ നിരാകരിക്കുകയാണ് ചെയ്തത്. അതത്രെ 'ദൈവികത'യിലെ തൗഹീദ്'' (തൗഹീദുല്‍ ഉലൂഹിയ്യത്ത്).

തൗഹീദുല്‍ ഉലൂഹിയ്യത്ത് (ദിവ്യത്വത്തിലെ തൗഹീദ്)
നിരുപാധികമായ അനുസരണവും വണക്കവും അടിമത്തവും അല്ലാഹുവിന് മാത്രം പരിമിതപ്പെടുത്തുക എന്നതാണ് ഉലൂഹിയ്യത്തിലെ (ദിവ്യത്വം) തൗഹീദ്. ഏകനായ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ഇബാദത്ത് ചെയ്യാന്‍ പാടില്ല. ആകാശഭൂമികളില്‍ മറ്റൊന്നിനെയും അവനോട് പങ്കുചേര്‍ക്കാനും പാടില്ല. തൗഹീദുല്‍ ഉലൂഹിയ്യത്ത്, തൗഹീദു റുബൂബിയ്യത്തിലേക്ക് ചേര്‍ക്കാതെ തൗഹീദ് പൂര്‍ണമായും സാക്ഷാത്കരിക്കപ്പെടുകയില്ല. അറബികളിലെ മുശ്‌രിക്കുകള്‍ അല്ലാഹുവിന്റെ റുബൂബിയ്യത്ത് അംഗീകരിച്ചിരുന്നു. ഇത് അവരെ ഇസ്‌ലാമില്‍ പ്രവേശിക്കാന്‍ പ്രാപ്തമാക്കിയിരുന്നില്ല. കാരണം യാതൊരു അധികാരവും കൂടാതെ അന്യായമായി അവര്‍ അല്ലാഹുവിങ്കല്‍ പങ്കുചേര്‍ക്കുകയായിരുന്നു. അല്ലാഹുവോടൊപ്പം മറ്റു പലതിനെയും ദൈവങ്ങളാക്കി. അവ തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്നും ആ ദൈവങ്ങള്‍ തങ്ങള്‍ക്കുവേണ്ടി അല്ലാഹുവിങ്കല്‍ ശിപാര്‍ശ ചെയ്യുമെന്നുമൊക്കെയായിരുന്നു അവരുടെ അവകാശവാദം.
ക്രിസ്ത്യാനികള്‍ ആകാശഭൂമികളുടെ നാഥന്‍ അല്ലാഹുവാണെന്ന് അംഗീകരിച്ചിരുന്നു. പക്ഷേ, യേശുക്രിസ്തുവിനെ അല്ലാഹുവില്‍ പങ്കുകാരനാക്കുകയും യേശുവിനെ അല്ലാഹുവോടൊപ്പം ദൈവമാക്കുകയും ചെയ്തു. ഇരുവിഭാഗങ്ങളെയും സ്വര്‍ഗം തടയപ്പെട്ട നിഷേധികളായിട്ടാണ് ഖുര്‍ആന്‍ പരിഗണിച്ചിട്ടുള്ളത്.
പുരാതനകാലം മുതല്‍ ജനങ്ങള്‍ തൗഹീദിന്റെ ഈ വിവക്ഷയില്‍നിന്ന് വ്യതിചലിക്കുകയും അല്ലാഹുവെ കൂടാതെ മറ്റു പലതിനെയും ആരാധിക്കുകയും ചെയ്തു. നൂഹിന്റെ ജനത വദ്ദ്,സുവാഅ്, യഊസ്, യഊഖ്, നസ്ര്‍ എന്നിവരെയും, ഇബ്‌റാഹീം നബിയുടെ ജനത വിഗ്രഹങ്ങളെയും ആരാധിച്ചപ്പോള്‍ പുരാതന ഈജിപ്തുകാര്‍ പശുക്കുട്ടിയെയും ഹിന്ദുക്കള്‍ പശുവിനെയുമാണ് ആരാധിച്ചിരുന്നത്. സബഅ് നിവാസികള്‍ സൂര്യനെയും സാബി മതക്കാര്‍ നക്ഷത്രങ്ങളെയും മജൂസികള്‍ അഗ്നിയെയും അറബികള്‍ വിഗ്രഹങ്ങളെയും കല്ലുകളെയുമൊക്കെ പൂജിച്ചു. ക്രിസ്ത്യാനികള്‍ യേശുവിനെയും മാതാവിനെയും പണ്ഡിത പുരോഹിതന്മാരെയും ആരാധ്യരാക്കി. ഇവരൊക്കെയും മുശ്‌രിക്കുകളാണ് (ബഹുദൈവ വിശ്വാസികള്‍). കാരണം അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ഇബാദത്തില്‍ മറ്റുള്ളവരെ പങ്കുകാരാക്കിയവരാണിവര്‍.

ഇബാദത്തിന്റെ വിവക്ഷ
പരസ്പരം ഇഴുകിച്ചേര്‍ന്ന, അഥവാ പരസ്പരപൂരകമായ രണ്ട് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദമാണ് ഇബാദത്ത്. പരമമായ സ്‌നേഹത്തോടെയുള്ള സമ്പൂര്‍ണമായ വിധേയത്വമാണത്. വിധേയത്വമില്ലാത്ത സ്‌നേഹവും സ്‌നേഹമില്ലാത്ത വിധേയത്വവും ഇബാദത്തിനെ പൂര്‍ണമാക്കുന്നില്ല. അപ്രകാരം ഭാഗിക സ്‌നേഹത്തോടെയുള്ള ഭാഗിക വിധേയത്വവും ഇബാദത്തിനെ പൂര്‍ണമാക്കുന്നില്ല. മറിച്ച് പൂര്‍ണമായ സ്‌നേഹത്തോടെ പൂര്‍ണമായ കീഴ്‌വണക്കം ഇബാദത്തിന്റെ പൂര്‍ണതക്ക് അനിവാര്യമാണ്.

ഇബാദത്തിന്റെ രൂപങ്ങളും ഇനങ്ങളും
അധികജനങ്ങളും ധരിക്കുന്നതുപോലെ ഇബാദത്ത് കേവലം ഒരു രൂപത്തില്‍ പരിമിതമല്ല. അതിന് നിരവധി രൂപങ്ങളും ഇനങ്ങളുമുണ്ട്:
എ) പ്രാര്‍ഥന: ഉപകാരം ലഭിക്കാനോ ഉപദ്രവം തടയാനോ അല്ലെങ്കില്‍ ശത്രുവിനെതിരെ വിജയം നേടാനോ ആപത്തുകള്‍ നീങ്ങിക്കിട്ടാനോ ആവശ്യപ്പെട്ട് അല്ലാഹുവിലേക്ക് തിരിയലാകുന്നു പ്രാര്‍ഥന. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും അല്ലാഹുവിലേക്ക് ഉയരുന്ന അര്‍ഥനയാണിത്. പ്രവാചകന്‍(സ) പഠിപ്പിച്ചു: ''പ്രാര്‍ഥനയാകുന്നു ഇബാദത്ത്'' (തിര്‍മിദി).
ബി) ദീനീചിഹ്നങ്ങള്‍ നിലനിര്‍ത്തല്‍: നമസ്‌കാരം, നോമ്പ്, ദാനധര്‍മങ്ങള്‍, ഹജ്ജ്, നേര്‍ച്ച, അറവ് തുടങ്ങിയവ. അല്ലാഹുവല്ലാത്ത മറ്റാര്‍ക്കു വേണ്ടിയും ഈ കര്‍മങ്ങള്‍ ചെയ്യാന്‍ പാടില്ല. അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി നമസ്‌കരിക്കാനോ വ്രതമനുഷ്ഠിക്കാനോ ദാനധര്‍മം ചെയ്യാനോ നേര്‍ച്ച നേരാനോ ബലിയറുക്കാനോ പാടില്ല.
സി) അല്ലാഹുവിന്റെ നിയമവിധികള്‍ അനുസരിക്കല്‍: അല്ലാഹു നിശ്ചയിച്ച നിയമവിധികള്‍ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് അവന്‍ ഹലാലാക്കിയത് ഹലാലായും ഹറാമാക്കിയത് ഹറാമായും സ്വീകരിക്കുക. അവന്‍ നിശ്ചയിച്ച ശിക്ഷാവിധികള്‍ അംഗീകരിക്കുക. ദൈവിക നിയമമനുസരിച്ച് ജീവിതത്തെ വ്യവസ്ഥപ്പെടുത്തുക. അല്ലാഹുവിനെ റബ്ബായി അംഗീകരിക്കുന്ന ഒരാള്‍ക്കും തന്റെ ജീവിതത്തിലെ ഏതെങ്കിലും ഒരു പ്രശ്‌നത്തില്‍ മനുഷ്യനിര്‍മിതമായ നിയമങ്ങളോ വ്യവസ്ഥകളോ തത്ത്വങ്ങളോ മൂല്യങ്ങളോ സ്വീകരിക്കാനോ അവക്ക് വിധേയമാകാനോ അവയനുസരിച്ച് വിധി നടത്താനോ പാടില്ല. കാരണം അത് ഇബാദത്തിന്റെ/ തൗഹീദിന്റെ വളരെ പ്രധാനപ്പെട്ട ഒരിനമാണ്.

നാമങ്ങളിലും വിശേഷണങ്ങളിലുമുള്ള തൗഹീദ്
അല്ലാഹുവിന്റെ ഉത്കൃഷ്ടനാമങ്ങളും സമ്പൂര്‍ണ വിശേഷണങ്ങളും അല്ലാഹുവിന് മാത്രം പരിമിതപ്പെടുത്തുകയും മറ്റാര്‍ക്കും വകവെച്ചു കൊടുക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ടുള്ള വിവക്ഷ. അല്ലാഹു സ്വയം വിശേഷിപ്പിച്ചതോ പ്രവാചകന്‍(സ) അവനെ വിശേഷിപ്പിച്ചതോ ആയ എല്ലാ നാമവിശേഷണങ്ങളെയും യാതൊരു ഭേദഗതിയോ മാറ്റത്തിരുത്തലോ സമീകരണമോ രൂപവത്കരണമോ കൂടാതെ അല്ലാഹുവില്‍ മാത്രം സ്ഥിരപ്പെടുത്തുക. പരിശുദ്ധനായ അല്ലാഹു തന്റെ സത്തയിലെന്ന പോലെ നാമങ്ങളിലും ഗുണങ്ങളിലും എങ്ങനെയാണോ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത് അവയിലൊന്നും തന്നെ അവന് സമന്മാരോ പങ്കാളികളോ ഇല്ല. ''പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്. അല്ലാഹു ആരെയും ആശ്രയിക്കാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാണ്. അവന്‍ ജനിച്ചിട്ടില്ല. ജനിപ്പിച്ചിട്ടുമില്ല. അവനു തുല്യനായി ആരുമില്ല'' (അല്‍ഇഖ്‌ലാസ്).
''അല്ലാഹുവിന് തുലര്യമായി ഒന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്'' (അശ്ശൂറ 11). 3

Comments