Prabodhanm Weekly

Pages

Search

2011 ജൂണ്‍ 4

വിദ്യാഭ്യാസം മനുഷ്യവിരുദ്ധമാകുന്നു

ജമീല്‍ അഹ്മദ്

 'വിദ്യാഭ്യാസം മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കുന്നു' എന്നത് വ്യാജമായ മുദ്രാവാക്യമാണ്. ജ്ഞാനോദയ ആധുനികതയുടെ കാലത്ത് പ്രചരിപ്പിക്കപ്പെട്ട കുറേ അസത്യപ്രസ്താവനകളിലൊന്നായിരുന്നു അത്. മനുഷ്യന്‍ യഥാര്‍ഥ മനുഷ്യനാകുന്നത് മതബോധം കൊണ്ടാണ് എന്ന പാഠത്തിനെതിരെ യുക്ത്യാധിഷ്ഠിതവും ശാസ്ത്രീയോന്മുഖവും മനുഷ്യ കേന്ദ്രിതവുമായ മറുമുദ്രാവാക്യമാകാന്‍ അതിന് കഴിവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അത് ധാരാളം വാഴ്ത്തപ്പെട്ടു, ആധുനിക ഭൗതിക വിദ്യാഭ്യാസം മനുഷ്യന് അനിവാര്യമാണെന്ന ചിന്തയും വ്യാപകമായി. ഭൗതികവിദ്യാഭ്യാസം കൂടാതെ മതത്തിനും മനുഷ്യനും ഭൂമിയില്‍ അതിജയിക്കാനാവില്ല എന്നുപോലും കരുതപ്പെട്ടു. മത - ഭൗതിക വിദ്യാഭ്യാസ സമന്വയം എന്ന ആശയം പോലും വിദൂരമായി ആ ആധുനികബോധത്തിന്റെ സൃഷ്ടിയാണ്. നിരക്ഷരത ശാപവും എഴുത്ത് കേമവും ഇംഗ്ലീഷ് മാധ്യമവും ശാസ്ത്രം ലക്ഷ്യവും യൂറോപ്പ് മാതൃകയുമായി. അച്ചടിക്കപ്പെട്ടത് ആധികാരികവും വിശ്വാസം യുക്തിവിരുദ്ധവും യുക്തി യന്ത്രവല്‍കൃതവും ആയി. ജ്ഞാനോദയ ആധുനികത പക്ഷേ മനുഷ്യനെ കൂടുതല്‍ മനുഷ്യനാക്കിയില്ല. എന്നാല്‍, അത് മനുഷ്യനെ കൂടുതല്‍ അധികാരമോഹിയും കൂടുതല്‍ പണക്കൊതിയനും കൂടുതല്‍ കാമാസക്തനുമാക്കി. അധികാരം, പണം, കാമം എന്നിവ നേടാനുള്ള ഉപാധിയായി ആധുനികവിദ്യാഭ്യാസം. ഇന്ന് നമ്മുടെ നാട്ടില്‍ പോലും വിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധികളുടെ ചരിത്രപരമായ കാരണങ്ങളാണ് ഇവ.
ആധുനിക വിദ്യാഭ്യാസം മനുഷ്യനെ ഒരു നിലക്കും ശുദ്ധീകരിക്കുകയില്ലെന്നും അത് മെച്ചപ്പെട്ട ശമ്പളവും പവറുള്ള തൊഴിലും നേടുവാനുള്ള കുറുക്കുവഴിയാണെന്നും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. 'ഞാന്‍ നല്ല മനുഷ്യനാകാന്‍ വേണ്ടി പഠിക്കുന്നു' എന്ന് ഒരു വിഡ്ഢിവിദ്യാര്‍ഥിപോലും തമാശ പറയില്ല. എത്രത്തോളമെന്നാല്‍, ചില മതപഠനശാലകള്‍ വരെ മതപുരോഹിതത്തൊഴിലാളികളെയും പ്രബോധകത്തൊഴിലാളികളെയും വാര്‍ത്തെടുക്കാനുള്ള സ്ഥാപനങ്ങളാക്കണമെന്ന് അതിന്റെ മേലാളന്‍മാര്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ അറബിപ്പേരുകളുള്ള അത്തരം സ്ഥാപനങ്ങളുടെ അഡ്മിഷന്‍ പരസ്യങ്ങളില്‍ ഭാവിയില്‍ ലഭിക്കാന്‍ സാധ്യതയുള്ള തൊഴിലുറപ്പുകളെക്കുറിച്ച് അഭിമാനപൂര്‍വം സൂചിപ്പിക്കുന്നത്. തൊഴിലും ശമ്പളവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും മാര്‍ഗവുമായപ്പോള്‍ അവ വാഗ്ദാനം ചെയ്യാന്‍ കെല്‍പ്പില്ലാത്ത മാനവിക - ഭാഷാ വിഷയങ്ങള്‍ സമൂഹത്തിലെ ദരിദ്രവിഭാഗത്തിനും അലസവിദ്യാര്‍ഥികള്‍ക്കുള്ള അനാഢംബരകോഴ്‌സുകളായി മാറി. അറബിയും ഇസ്‌ലാമിക് ഹിസ്റ്ററിയും മലയാളവും പഠിച്ചതുകൊണ്ടെന്താ കാര്യം എന്ന ചോദ്യത്തിനുമുമ്പില്‍ ആ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ പാഴ്ക്കടലാസുകളായി മാറി.
'അത് പഠിച്ചിട്ടെന്താ കാര്യം' എന്ന നിഷ്‌കളങ്ക ചോദ്യത്തിന്റെ ഉത്തരം വളരെ വിലപിടിച്ചതാണ്. 'കാര്യം' എന്നതിന്റെ അര്‍ഥംതന്നെ ലാഭം എന്നാണ്. കൂടുതല്‍ പണം ലഭിക്കാനിടയുള്ള കോഴ്‌സിന് കൂടുതല്‍ പണം മുടക്കേണ്ടതുമുണ്ട്, ഫീസായും ഡൊണേഷനായും കൈക്കൂലിയായും. തൊഴിലധിഷ്ഠിത പ്രഫഷണല്‍ കോഴ്‌സുകള്‍ ഒരു മാറാവ്യാധിയായപ്പോഴാണ് വിദ്യാധനം യഥാര്‍ഥത്തില്‍ മറ്റുള്ള സര്‍വ ധനാഗമനമാര്‍ഗങ്ങളെക്കാളും പ്രധാനമായത്. ന്യൂനപക്ഷ വിദ്യാഭ്യാസത്തിന്റെ മൊത്തം കുത്തകയും ചില്ലറവില്‍പനയും ഏറ്റടുത്ത സാമുദായിക സംഘങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളിലാണ് അധ്യാപകനായി ചേരാനും വിദ്യാര്‍ഥിയായി പഠിക്കാനും ലക്ഷങ്ങള്‍ മുതലിറക്കേണ്ടത് എന്നത് സമുദായത്തിന്റെ ശാപമാണ്. പത്താം ക്ലാസ്സില്‍ തോറ്റമ്പി നാടുവിട്ട് ഗള്‍ഫിലെത്തി ലക്ഷങ്ങള്‍ സമ്പാദിച്ചവന്ന് എത്ര ലക്ഷം ചെലവാക്കിയും മക്കളെ ഡോക്ടറാക്കണമെന്ന് തോന്നും. മകന് 'ഡോ.' എന്ന വാലുണ്ടെങ്കില്‍ അത്രയും തുക സ്ത്രീധനമായും കിട്ടും. പണത്തിന്റെ കണക്കുതന്നെയാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. വിദ്യാലയങ്ങളും ആതുരാലയങ്ങളും വ്യവസായശാലകളാകുന്ന ദുരന്തമാണ് ആധുനിക വിദ്യാഭ്യാസം മനുഷ്യന് സമ്മാനിച്ചത്.
തന്റെ പഠനത്തിനും മക്കളുടെ പഠനത്തിനും മുടക്കിയ കോടികള്‍ തിരിച്ചു പിടിക്കാന്‍ മോഹമുള്ള ഏതൊരു ഡോക്ടറും രോഗിയറിയാതെ വൃക്ക വെട്ടിയെടുക്കും. പാലംപണിയില്‍ സിമന്റിനുപകരം കരിങ്കല്‍പൊടി ചേര്‍ക്കും. എന്‍ഡോസള്‍ഫാന്‍ മരുന്നാണെന്ന് ഗവണ്‍മെന്റിന് റിപ്പോര്‍ട്ടയക്കും. അതിന്റെ ഇരയായ പിഞ്ചുപൈതലിനെ ചികിത്സിക്കാന്‍ വരെ കൈക്കൂലിവാങ്ങും. ശവങ്ങള്‍ മറിച്ചുവില്‍ക്കും. റേഷനരി മുതലാളിയുടെ ഗോഡൗണിലേക്ക് കടത്തും. മണലിന് വ്യാജപാസ് നല്‍കും. മരണസര്‍ട്ടിഫിക്കറ്റിനുപോലും കോഴവാങ്ങും. ഇങ്ങനെ സമൂഹത്തിന് ബാധിച്ച എല്ലാ രോഗത്തിന്റെയും ആദികാരണം വിദ്യാഭ്യാസവ്യവസ്ഥ ദുഷിച്ചുപോയതല്ലേ എന്ന് നാം തിരിച്ചറിയുന്നു.
സര്‍ക്കാറിന്റേതല്ലാത്ത സ്ഥാപനങ്ങളില്‍ ലക്ഷങ്ങള്‍ കാണിക്കവച്ചാല്‍ ഏത് മൊശകൊടനും മാഷാകാമെന്ന് വന്നിരിക്കുന്നു. അവര്‍ക്ക് ശമ്പളം സര്‍ക്കാര്‍ നല്‍കിക്കൊള്ളും. സംവരണ തത്ത്വങ്ങളും സാമുദായിക പരിഗണനകളും അടിസ്ഥാന യോഗ്യതകളും പരിഗണിക്കാതെ അംഗീകാരം നേടിയ വിവരദോഷികളായ മാഷമ്മാര്‍ സ്റ്റാഫ്‌റൂമുകള്‍ നിറഞ്ഞിരിക്കുന്നു. കഴിവുണ്ടെങ്കിലും ദരിദ്രരായതിന്റെപേരില്‍ സമൂഹത്തിനും സമുദായത്തിനും ആവശ്യമുള്ള പ്രതിഭകള്‍ പടിക്കുപുറത്തിരിക്കുന്നു. ലക്ഷങ്ങള്‍  കൈക്കൂലി കൊടുത്ത് ക്ലാസ്സിലേക്ക് കയറിവന്ന അധ്യാപകന്‍ ഏതൊരു ലക്ഷ്യത്തിലേക്കാണ് കുട്ടികളെ വഴിനടത്തുക? കൈക്കൂലിട്ടീച്ചറുടെ ഏത് ചാരിത്ര്യപ്രസംഗത്തെയാണ് ബുദ്ധിയുള്ള വിദ്യാര്‍ഥി ആദരിക്കുക? ആദര്‍ശനിഷ്ഠയുള്ള ഗുരുനാഥന്മാരില്ലാതെപോകുന്ന സമൂഹം തെമ്മാടികളുടെയും അക്രമികളുടെയും ഭൂരിപക്ഷപ്രദേശമാകുമെന്ന ചരിത്രയുക്തിക്ക് കേരളീയ സമൂഹം തെളിവായിക്കൊണ്ടിരിക്കുകയാണ്.
ആധുനികതയുടെ എല്ലാ അഴുക്കുകളും നിലനില്‍ക്കെത്തന്നെ ഉത്തരാധുനിക ബോധങ്ങളിലേക്ക് വിദ്യാലയങ്ങളും കരിക്കുലവും അധ്യാപക - വിദ്യാര്‍ഥി ബന്ധവും സമൂഹവും മാറിയത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയാണുണ്ടായത്. നോക്കൂ, ഇന്ന് 'രക്ഷാബന്ധന്‍ ദിന'വും 'വാലന്റൈന്‍സ് ഡേ'യും ഒരുപോലെ ക്യാമ്പസ്സുകളില്‍ ആഘോഷിക്കപ്പെടുന്നു.  വിദ്യാര്‍ഥികള്‍ക്കു നല്‍കേണ്ട ലൈംഗിക സ്വാതന്ത്ര്യത്തെക്കുറിച്ച് ഇടതുപക്ഷ ബോധമുള്ള അധ്യാപകര്‍പോലും പ്രസംഗിക്കുന്നു. ഈ അവസ്ഥ വിദ്യാഭ്യാസത്തെ അകത്തും പുറത്തും മലിനമാക്കി. ലക്ഷങ്ങളും ആയിരങ്ങളും ഫീസുകൊടുത്ത് മക്കളെ പഠിപ്പിക്കുന്നത് അരാജകവാദികളും ചിന്താശൂന്യരുമാക്കാനാണെന്ന് രക്ഷിതാക്കള്‍ ഭയക്കേണ്ടതുണ്ട്. ഇങ്ങനെ തുറന്ന ആഭിചാര കേന്ദ്രമായി പൊതുകലാലയങ്ങള്‍ മാറുമ്പോള്‍ മാനവികമായ ശേഷിപ്പുകള്‍ക്കുള്ള അന്വേഷണങ്ങള്‍ പുനരാരംഭിക്കേണ്ടത് ആരാണ്, ആരുടെ നേതൃത്വത്തിലാണ്?
പിന്‍വാതില്‍ - വിദ്യാര്‍ഥിയെ സ്വവര്‍ഗ ലൈംഗികാസക്തിക്കു ഇരയാക്കിയ മദ്‌റസാധ്യാപകനെ അറസ്റ്റുചെയ്തുവെന്ന് ഇന്നത്തെ പത്രത്തിലും വാര്‍ത്തയുണ്ട്. ഈ വാര്‍ത്ത ആദ്യത്തേതോ അവസാനത്തേതോ അല്ല എന്ന് ആര്‍ക്കും അറിയാം. മദ്‌റസയാകട്ടെ സ്‌കൂളാകട്ടെ വീട്ടില്‍ നിന്ന് പുറപ്പെട്ട കുട്ടി പോയപോലെ തിരിച്ചെത്തുന്നതിനെക്കുറിച്ച് ഉമ്മമാര്‍ ഭയപ്പെടാത്ത കാലം നാം സ്വപ്നം കാണുന്നു.
9895437056
[email protected]

Comments