ആദര്‍ശവാക്യം ജീവിതത്തിലുണ്ടാക്കുന്ന മാറ്റം
ജമാഅത്തെ ഇസ്‌ലാമി ആദര്‍ശവാക്യമായി സ്വീകരിച്ച 'ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുന്‍ റസൂലുല്ലാഹ'യുടെ ആദ്യഭാഗമായ 'അല്ലാഹു, അവനല്ലാതെ ഒരു ഇലാഹും ഇല്ല' എന്നതിന്റെ സംക്ഷിപ്ത വ്യാഖ്യാനം കഴിഞ്ഞൊരു ലക്കത്തില്‍ നല്‍കുകയുണ്ടായി. ഈ ആശയം അതിന്റെ പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരാളുടെ ജീവിതം പിന്നീടൊരിക്കലും മുമ്പത്തെ പോലെ ആയിരിക്കില്ല. നിങ്ങളുടെ ജീവിതത്തെ ഈ ആദര്‍ശവാക്യം അഴിച്ചു പണിതിരിക്കും. പിന്നെ നിങ്ങള്‍ പുതിയൊരു മനുഷ്യനാണ്. ദിവസവും ആദര്‍ശവാക്യം പലതവണ ഉരുവിട്ടിട്ടും ജീവിതത്തില്‍ ഒരു ചലനവും ഉണ്ടാകുന്നില്ലെങ്കില്‍ അതിന്റെ യഥാര്‍ഥ പൊരുള്‍ നിങ്ങള്‍ക്ക് പിടികിട്ടിയില്ലെന്നാണ് അര്‍ഥം. അതുവഴി നിങ്ങളില്‍ വന്നുചേരുന്ന നിര്‍ബന്ധ ബാധ്യതകളെക്കുറിച്ചും നിങ്ങള്‍ ബോധവാനല്ല. അവ എന്തൊക്കെയെന്ന് ചുരുക്കി പറയാം.
ഒന്ന്, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുന്നതോടു കൂടി അല്ലാഹു അല്ലാതെ പിന്നെ നിങ്ങള്‍ക്ക് വേറൊരു രക്ഷാകര്‍ത്താവോ കൈകാര്യ കര്‍ത്താവോ ഇല്ല. നിങ്ങളുടെ സകല ആവശ്യങ്ങള്‍ നിറവേറ്റുന്നവനും സങ്കടങ്ങള്‍ കേള്‍ക്കുന്നവനും അവ പരിഹരിക്കുന്നവനും അല്ലാഹു മാത്രമാണ്. ആത്യന്തികമായി ഇക്കാര്യങ്ങളൊന്നും ചെയ്തുതരാന്‍ മറ്റൊരു ശക്തിക്കും കഴിവില്ലെന്ന് നിങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. അല്ലാഹുവല്ലാതെ ഒരു സഹായിയെയും നിങ്ങള്‍ പ്രതീക്ഷിക്കുന്നേയില്ല. ഇക്കാര്യങ്ങള്‍ നാവ് കൊണ്ട് പലവട്ടം ഉരുവിട്ടത് കൊണ്ട് കാര്യമില്ല. മനസ്സില്‍ ആ ധാരണയും ബോധവും ശക്തമായി ഉണ്ടാകണം. യഥാര്‍ഥ അധികാരശക്തി അല്ലാഹുവിന് മാത്രമാണെന്ന് നിങ്ങള്‍ ഉള്ളില്‍ തട്ടി അംഗീകരിക്കുമ്പോള്‍ മാത്രമേ ഈ ബോധം ഉണ്ടാവുകയുള്ളൂ.
രണ്ട്, ആദര്‍ശവാക്യം അംഗീകരിക്കുന്നതോടു കൂടി എല്ലാറ്റിന്റെയും യഥാര്‍ഥ ഉടമസ്ഥന്‍ അല്ലാഹു മാത്രമാണെന്ന ബോധം മനസ്സില്‍ രൂഢമാവണം. അല്ലാഹുവിനല്ലാതെ മറ്റൊരാള്‍ക്കും യഥാര്‍ഥ ഉടമസ്ഥതയില്ല. നമുക്ക് നഷ്ടമുണ്ടാക്കാനോ നേട്ടമുണ്ടാക്കിത്തരാനോ അല്ലാഹുവേതര ശക്തികള്‍ക്കൊന്നും തന്നെ കഴിയില്ല. ഇങ്ങനെ സര്‍വശക്തനും സര്‍വനിയന്താവുമായ അല്ലാഹുവിനോട് മാത്രമേ ഭക്തി പാടുള്ളൂ. അവനെ മാത്രമേ യഥാര്‍ഥത്തില്‍ ഭയപ്പെടേണ്ടതും ഉള്ളൂ. നാം നമ്മുടെ ജീവിതം സമര്‍പ്പിക്കുന്നത് ഈ ശക്തിക്ക് മാത്രം. നമ്മുടെ പ്രതീക്ഷകള്‍ അവനില്‍ മാത്രം ബന്ധിതം. ഉരുവിടലിനപ്പുറം ഈയൊരു ബോധ്യം ജീവിതഗതിയെ മാറ്റിമറിക്കുമ്പോള്‍ മാത്രമേ ആദര്‍ശം അംഗീകരിച്ചു എന്ന് പറയാനാവൂ.
മൂന്ന്, അതോടെ ആരാധനാ കര്‍മങ്ങളത്രയും സര്‍വശക്തനായ അല്ലാഹുവിന് മാത്രമാക്കേണ്ടിവരും നിങ്ങള്‍ക്ക്. മറ്റൊരു ശക്തിയുടെയും പ്രതിഷ്ഠയുടെയും മുമ്പില്‍ നിങ്ങളുടെ തല കുനിയില്ല. അവ സകലതും ദുര്‍ബലമോ വ്യാജമോ ആണെന്ന നല്ല ഉറപ്പ് ഇപ്പോള്‍ നിങ്ങള്‍ക്കുണ്ട്. ബഹുദൈവാരാധകര്‍ തങ്ങളുടെ കാര്യസാധ്യങ്ങള്‍ക്കായി പലതരം ദൈവങ്ങളെ വണങ്ങുകയും അവയോട് സഹായം തേടുകയും ചെയ്യുന്നവരാണ്. ഇത്തരം ബഹുദൈവത്വ പൂജയുടെ ഒരംശവും ഇനി നിങ്ങളുടെ ജീവിതത്തിലുണ്ടാവില്ല.കാരണം ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമേയുള്ളൂ എന്ന് നിങ്ങള്‍ക്ക് ദൃഢബോധ്യമായി കഴിഞ്ഞിരിക്കുന്നു.
നാല്, ഈ ദൃഢബോധ്യത്തിന്റെ അനിവാര്യ താല്‍പര്യമാണ് പ്രാര്‍ഥന അല്ലാഹുവോട് മാത്രമായിരിക്കുക എന്നത്, അഭയം തേടുന്നത് അവനോട് മാത്രമായിരിക്കുക എന്നത്. മറ്റൊരാള്‍ക്കും നമ്മെ സഹായിക്കാനാവില്ല. അതിനാല്‍ നാം മറ്റാരോടും സഹായം തേടുന്നുമില്ല. നമ്മുടെ കാര്യത്തിലുള്ള ദൈവിക തീരുമാനത്തില്‍ ഇടപെടലുകള്‍ നടത്തി ആ തീരുമാനം മാറ്റിക്കാന്‍ കഴിവുള്ള പ്രവാചകന്മാരോ മലക്കുകളോ പുണ്യ പുരുഷന്മാരോ ഒന്നും തന്നെയില്ലെന്ന് നാം ഉറച്ച് വിശ്വസിക്കും അപ്പോള്‍. പ്രവാചകന്മാരെയോ പുണ്യാത്മാക്കളെയോ വിളിച്ച്, രക്ഷിക്കണേ എന്ന് നാമപ്പോള്‍ പറയില്ല. കാരണം അല്ലാഹുവിന് അത്തരം ഇടയാളന്മാരൊന്നുമില്ലെന്ന് ആദര്‍ശവാക്യം നമ്മെ പഠിപ്പിച്ചിരിക്കുന്നു.
അഞ്ച്, ഇപ്പറഞ്ഞ സകല കഴിവുകളും ശക്തിപ്രഭാവവും അല്ലാഹുവിന് മാത്രമെങ്കില്‍, സര്‍വത്തിന്റെയും അധീശാധിപത്യവും അല്ലാഹുവിന് മാത്രമായിരിക്കുമെന്ന് ഉറപ്പ്. അവന്റെ സര്‍വാധിപത്യത്തിലാണ് ഈ പ്രപഞ്ചം. അവന്‍ നിശ്ചയിച്ച നിയമങ്ങള്‍ക്കനുസരിച്ചാണ് അതിന്റെ ചലനം. ആ പ്രാപഞ്ചിക നിയമങ്ങള്‍ക്ക് വിധേയമായിട്ടല്ലാതെ മനുഷ്യന്നും ഇവിടെ ജീവിതം അസാധ്യം. ഇങ്ങനെ ദൈവകാരുണ്യത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് നീങ്ങുന്ന നമ്മുടെ ജീവിതത്തിന് സാന്മാര്‍ഗിക നിര്‍ദേശ തരേണ്ടത് ആര്? അതായത് നമ്മോട് ഇന്നത് ചെയ്യണം, ഇന്നത് ചെയ്യരുത് എന്ന് പറയാനുള്ള അധികാരം ആര്‍ക്ക്? നമ്മുടെ സ്രഷ്ടാവും ഉടമസ്ഥനുമായ അല്ലാഹുവിന് തന്നെ. യഥാര്‍ഥ ശാസനാധികാരം ഉള്ളവനാണ് നിയമങ്ങള്‍ നിര്‍മിക്കേണ്ടത്. നശിച്ച് മണ്ണടിയുന്ന ഒരു ശക്തിക്കും ആ അധികാരവും അവകാശവും വകവെച്ച് കൊടുക്കാനാവില്ല. ഭൂമിയില്‍ പുലരേണ്ടത് അല്ലാഹുവിന്റെ നിയമവ്യവസ്ഥ എന്ന ബോധ്യത്തിലേക്ക് ഈ വിചാരം നമ്മെ കൊണ്ടെത്തിക്കും.
മേല്‍ പറഞ്ഞ ഓരോ സംഗതിയും ഖുര്‍ആന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ വ്യാഖ്യാനിച്ചാല്‍ ആദര്‍ശ വാക്യത്തിന്റെ പൊരുള്‍ പൂര്‍ണമായി. ഈയൊരവബോധം ജീവിതത്തെ അടിമേല്‍ അഴിച്ചുപണിയും. സ്വേഛകളെ കൈവെടിഞ്ഞ് അല്ലാഹുവിന്റെ ഇഛ എന്തെന്ന് നോക്കി, അതിനനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ ദൈവദാസനായി മനുഷ്യന്‍ മാറും. ഭൂമിയില്‍ ദൈവേഛ പുലരുന്നതിന് തന്റെ കഴിവുകളെ, തന്റെ അവയവങ്ങളെ, സ്വന്തം ആയുഷ്‌കാലത്തെ തന്നെ എങ്ങനെ ഉപയോഗിക്കാം എന്നായിരിക്കും പിന്നെ ഈ പരിവര്‍ത്തിത മനുഷ്യന്റെ ചിന്ത. അല്ലാഹു നല്‍കിയ ജീവിതം, സമ്പത്ത്, കഴിവുകള്‍, മറ്റു ഭൗതിക സാധ്യതകള്‍ ഇതെല്ലാം ദൈവത്തിന്റെ തൃപ്തി കരസ്ഥമാക്കുന്ന കര്‍മങ്ങളില്‍ മാത്രം വിനിയോഗിക്കുക എന്ന തീര്‍ത്തും സുബദ്ധവും സയുക്തികവുമായ ഒരു നിലപാടില്‍ അവന്‍ എത്തിച്ചേരും.
ഈ നിലപാടിലേക്ക് അവനെ എത്തിക്കുക പരലോക ചിന്തയായിരിക്കും. ഭൗതികലോകത്ത് തനിക്ക് അനുവദിക്കപ്പെട്ട ഓരോ നിമിഷത്തിന്റെയും കണക്ക് പരലോകത്ത് ബോധിപ്പിക്കേണ്ടിവരുമെന്ന ചിന്ത. ഏതൊരു ഇടപാടിലും ക്രയവിക്രയത്തിലും ദൈവാജ്ഞ അനുസരിച്ചായിരിക്കും അവന്‍ പ്രവര്‍ത്തിക്കുക. പരലോക മോക്ഷത്തിന് ഇതല്ലാത്ത മറ്റൊരു വഴിയുമില്ലെന്ന് അവന് ബോധ്യമായിക്കഴിഞ്ഞു. ജീവിതത്തില്‍ വരവ് വെക്കപ്പെടുന്നത് ദുഷ്‌കര്‍മങ്ങളാണെങ്കില്‍ അതിന്റെ ശിക്ഷയും താന്‍ അനുഭവിക്കേണ്ടിവരും.
പരലോക ചിന്ത സജീവമായി നില്‍ക്കുന്ന ഒരാളുടെ ജീവിതത്തില്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സ്ഥാനമൊന്നും ഉണ്ടാവുകയില്ല. അല്ലാഹുവിന് ഇഷ്ടമേതോ അത് തന്റെ ഇഷ്ടം, അല്ലാഹുവിന് അനിഷ്ടമേതോ അത് തന്റെയും അനിഷ്ടം. അങ്ങനെ തീര്‍ത്തും ദൈവേഛയില്‍ നിലീനമായ ഒരു ജീവിതം. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും നേടുക എന്നത് മാത്രമായിരിക്കും ഈ മനുഷ്യന്റെ മുഴു ജീവിതത്തിന്റെയും അച്ചുതണ്ടായി വര്‍ത്തിക്കുക.
ഇങ്ങനെയായിരിക്കും ഒരു മുസ്‌ലിമിന്റെ ആദര്‍ശജീവിതം. ലാ ഇലാഹ ഇല്ലല്ലയുടെ അര്‍ഥമറിഞ്ഞ്, ഇപ്പറഞ്ഞ പൊരുളുകളെല്ലാം അറിഞ്ഞ് ഹൃദയത്തോട് ചേര്‍ത്തുവെക്കുമ്പോഴേ ഈ മാറ്റം സാധ്യമാവൂ. 'ദൈവവും മനുഷ്യനും തമ്മിലുള്ള സ്വകാര്യ ഇടപാടി'ല്‍ പരിമിതമായിരിക്കുകയുമില്ല ഈ മാറ്റം. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും അത് പ്രതിഫലിക്കും. സാമ്പത്തികവും രാഷ്ട്രീയവുമായ വ്യവഹാരങ്ങളെയും ഇടപാടുകളെയും അത് ആഴത്തില്‍ സ്വാധീനിക്കും. എന്നല്ല, തന്റെ സകല ജീവിത ബന്ധങ്ങളെയും ഈ ആദര്‍ശമൂശയില്‍ അവന്‍ ഉടച്ചു വാര്‍ക്കും. ദൈവിക നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ രൂപപ്പെടുത്തിയെടുത്ത ഒരു സമ്പൂര്‍ണ ജീവിത പദ്ധതിയുടെ പ്രയോഗവത്കരണത്തിന് വേണ്ടിയാവും പിന്നീടവന്‍ നിലകൊള്ളുക. അതിന് നിരക്കാത്തതൊന്നിനും അവന്റെ ജീവിതത്തില്‍ സ്ഥാനമുണ്ടാവുകയില്ല.
ആദര്‍ശവാക്യത്തിന്റെ ആദ്യഭാഗമാണ് നാമിവിടെ വിശദീകരിച്ചത്. അതിന്റെ രണ്ടാമത്തെ ഭാഗം 'മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതന്‍ ആകുന്നു' എന്നതിന്റെ പൊരുളും നാം അറിഞ്ഞിരിക്കണം. അതേക്കുറിച്ച് പിന്നീട്.
Comments