തബര്‍റുക് അര്‍ഥവും വിവക്ഷയും
സത്യവിശ്വാസിയുടെ ഏറ്റവും വിലപ്പെട്ട കൈമുതലാണ് തൗഹീദ്. തൗഹീദിന്റെ കാവല്‍ ഭടന്മാരാണ് സമുദായത്തിലെ പണ്ഡിതന്മാര്‍. വിശ്വാസം വ്യതിചലിക്കാതെ സൂക്ഷിക്കാന്‍ പണ്ഡിതന്മാര്‍ പ്രതിജ്ഞാബദ്ധരല്ല എന്നതാണ് നമ്മുടെ സമുദായത്തിന്റെ ഏറ്റവും വലിയ ദുര്യോഗം. ഒരു ഉദാഹരണം നോക്കാം. മരിച്ച് മണ്‍മറഞ്ഞ മഹാത്മാക്കളോട് സഹായം തേടുന്നതും അവരെ വിളിച്ച് പ്രാര്‍ഥിക്കുന്നതും അല്ലാഹുവിനോട് പങ്കുചേര്‍ക്കലും ശിര്‍ക്കുമാണെന്ന് പണ്ഡിതന്മാരില്‍ പലരും ശക്തിയുക്തം സമര്‍ഥിക്കുന്നു. ശിര്‍ക്കല്ല, അനുവദനീയമാണെന്ന് മറുഭാഗം പണ്ഡിതന്മാരും വാദിക്കുന്നു. ശിര്‍ക്കാവാതിരിക്കാന്‍ അവര്‍ ചില നിബന്ധനകളും വ്യാഖ്യാനങ്ങളും നല്‍കുന്നു. സമുദായത്തിന്റെ വിശ്വാസ സംരക്ഷണമാണ് ലക്ഷ്യമെങ്കില്‍ ഈ തര്‍ക്ക വിഷയത്തില്‍ സൂക്ഷ്മത പാലിക്കാന്‍ ആഹ്വാനം ചെയ്യുകയാണല്ലോ പണ്ഡിതന്മാര്‍ ചെയ്യേണ്ടത്. ഇസ്തിഗാസ വലിയ പുണ്യമാണെന്നല്ല, അനുവദനീയമാണെന്ന് മാത്രമാണ് വാദം. അതൊഴിവാക്കിയാല്‍ ഒരു കുറവും വരാനില്ല എന്നര്‍ഥം. പക്ഷേ, സുരക്ഷിതമായ ഈ രീതി സ്വീകരിക്കുന്നതിലല്ല പണ്ഡിതന്മാരുടെ താല്‍പര്യം. അപകടച്ചുഴിയുടെ വക്കില്‍ അനുയായികളെ ചുറ്റാന്‍ വിട്ട് സാമര്‍ഥ്യം തെളിയിക്കുകയാണവര്‍. തൗഹീദിനെ കളങ്കപ്പെടുത്തുന്ന ഈ സമീപനരീതി മാറ്റി സുരക്ഷിതമായ സമീപനം സ്വീകരിച്ചാല്‍ മാത്രമേ പണ്ഡിതന്മാര്‍ സമുദായത്തിന്റെ യഥാര്‍ഥ ഗുണകാംക്ഷികളാവൂ.
ശിര്‍ക്കിലും അവിശ്വാസത്തിലും ചെന്നു ചാടാതിരിക്കാന്‍ 'തിന്മയിലേക്കുള്ള വാതിലടക്കുക' എന്ന തത്ത്വം ഒരടിസ്ഥാനമായി അംഗീകരിക്കുകയായിരുന്നു പൂര്‍വിക പണ്ഡിതന്മാര്‍.
മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നവരായിരുന്നു അവര്‍. അഭിപ്രായ ഭിന്നത ഗവേഷണത്തിന്റെ ഒരടിസ്ഥാനമായിരുന്നു അവര്‍ക്ക്. കേരളത്തില്‍ പ്രചാരമുള്ള ശാഫിഈ മദ്ഹബില്‍ ഇതിന് ധാരാളം തെളിവുകളുണ്ട്. 'അഭിപ്രായ വ്യത്യാസം ഒഴിവാക്കാന്‍' നിയമങ്ങളില്‍ മധ്യമ രീതി സ്വീകരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. ഒരു ഉദാഹരണം: ശാഫിഈ മദ്ഹബില്‍ വിത്ര്‍ നമസ്‌കാരം സുന്നത്താണ്. എന്നാല്‍ ഹനഫി മദ്ഹബില്‍ വിത്ര്‍ വാജിബാണ്. അതിനാല്‍ വിത്ര്‍ പ്രബലമായ സുന്നത്തായി പരിഗണിച്ച് ഒഴിവാക്കാതെ അനുഷ്ഠിക്കണമെന്നാണ് മദ്ഹബില്‍ സ്വീകരിച്ച അഭിപ്രായം. നിര്‍ബന്ധമാണെന്ന അഭിപ്രായത്തോട് സമന്വയിപ്പിക്കാനാണ് ഇങ്ങനെ പ്രബല സുന്നത്താണെന്ന് പറയാനുള്ള ന്യായം. എന്തൊരു വിശാല വീക്ഷണം. ഇതാണിന്ന് നമുക്ക് നഷ്ടമായത്.
ഈ ആമുഖത്തിന്റെ വെളിച്ചത്തിലാണ് നമ്മുടെ വിഷയം ചര്‍ച്ച ചെയ്യേണ്ടത്. മുസ്‌ലിം സമുദായം അമൂല്യമായ തൗഹീദില്‍ നിന്ന് അണു അളവ് വ്യതിചലിച്ചുപോകരുത്. അവര്‍ക്ക് പാരത്രിക മോക്ഷം നഷ്ടപ്പെട്ടുപോകുന്ന യാതൊന്നും സംഭവിക്കരുത്. ഭിന്നാഭിപ്രായങ്ങളെ ഈ കാഴ്ചപ്പാടിലൂടെയാണ് നാം സമീപിക്കേണ്ടത്.
ബറക അന്ന അറബി പദത്തില്‍ നിന്നുണ്ടായ പദമാണ് 'തബര്‍റുക്'. ബറക തേടുക എന്നാണര്‍ഥം. അനുഗ്രഹം, സൗഭാഗ്യം, വളര്‍ച്ച, വര്‍ധനവ് എന്നീ അര്‍ഥങ്ങളില്‍ പ്രയോഗിക്കുന്ന പദമാണ് ബറക. ഉച്ചാരണം മലയാളീകരിച്ച് ബറകത്ത് എന്നു പറയുന്നു.
ബറകത്തിന്റെ സ്രോതസ്സ് അല്ലാഹു മാത്രമാണ്. ഈ പദത്തില്‍ നിന്നുല്‍ഭൂതമായ വ്യത്യസ്ത പദങ്ങളും വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട് (മുബാറക, മുബാറക്, ബറകാത്ത്, തബാറക, ബൂരിക, ബാറക). അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവുക, വര്‍ധനവും വളര്‍ച്ചയും ലഭിക്കുക എന്ന ആശയത്തിലാണിവ പ്രയോഗിച്ചതെന്ന് ഖുര്‍ആന്‍ പഠനത്തിലൂടെ ബോധ്യമാവും. എന്നാല്‍ തബാറക എന്ന പദം അല്ലാഹുവിനോട് ചേര്‍ത്ത് മാത്രമേ പ്രയോഗിച്ചിട്ടുള്ളൂ. അനുഗ്രഹപൂര്‍ണനായി എന്നാണതിന്റെ അര്‍ഥം. സൃഷ്ടികളിലാര്‍ക്കും ഈ വിശേഷണം ചേരുകയില്ല! മനുഷ്യന് എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കുന്നത് അല്ലാഹുവില്‍ നിന്ന് മാത്രമാണ്. എല്ലാ നന്മയും അല്ലാഹുവില്‍ നിക്ഷിപ്തം. ''പറയുക, ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഇഛിക്കുന്നവര്‍ക്കാധിപത്യം നല്‍കുന്നു. ഇഛിക്കുന്നവരില്‍നിന്ന് ആധിപത്യം തിരിച്ചെടുക്കുന്നു. ഇഛിക്കുന്നവരെ വന്ദ്യരാക്കുന്നു, ഇഛിക്കുന്നവരെ നിന്ദ്യരാക്കുന്നു. എല്ലാ നന്മയും നിന്റെ കൈയിലാണ്. നീ എല്ലാറ്റിനും കഴിവുള്ളവനാണ്'' (3:26). വിശുദ്ധ ഖുര്‍ആനിലെ ഈ പ്രഖ്യാപനം ആവര്‍ത്തിക്കുന്ന അനേകം തിരുവചനങ്ങള്‍ കാണാം. ഹജ്ജിന്റെ പ്രാര്‍ഥനയില്‍: ''നാഥാ, നിന്റെ വിളിക്ക് ഞാനിതാ വീണ്ടും വീണ്ടും ഉത്തരമോതുന്നു. അതിലാണെന്റെ ആനന്ദമത്രയും. എല്ലാ നന്മയും നിന്റെ കൈകളിലാണല്ലോ.'' ഹജ്ജിന്റെ തല്‍ബിയത്തിലും ഇതേ ആശയം ആവര്‍ത്തിക്കുന്നു: ''എല്ലാ സ്തുതിയും നിനക്ക്, എല്ലാ അനുഗ്രഹവും നിന്റേത്, എല്ലാ ആധിപത്യവും.'' അതിനാല്‍ തബര്‍റുക് അഥവാ അനുഗ്രഹം തേടല്‍ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അല്ലാഹുവിന് മാത്രമേ നമുക്ക് നന്മയുണ്ടാക്കാന്‍ കഴിവും അധികാരവുമുള്ളൂ; തിന്മയകറ്റാനും.
നബി(സ) തിരുമേനിയുടെ വിഖ്യാത അമാനുഷ ദൃഷ്ടാന്തമാണല്ലോ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം ധാരധാരയായി നിര്‍ഗളിച്ചത്. ഈ സംഭവം വിവരിക്കുന്ന ഹദീസുകളില്‍ ഇങ്ങനെ കാണാം: അവശേഷിക്കുന്ന അല്‍പം വെള്ളം ശേഖരിച്ച് തിരുമേനി അതില്‍ കൈവെച്ചുകൊണ്ട് പറഞ്ഞു: 'അനുഗൃഹീതമായ വെള്ളമെടുക്കാന്‍ വരൂ. അനുഗ്രഹം (ബറക) അല്ലാഹുവില്‍ നിന്നാണ്.' അപ്പോള്‍ വെള്ളം തിരുമേനിയുടെ വിരലുകള്‍ക്കിടയില്‍ നിന്ന് നീരുറവയായി പൊങ്ങിവന്നു'' (ബുഖാരി). ഇവിടെ വെള്ളം വര്‍ധിച്ചതും അനുചരന്മാരുടെ ആവശ്യത്തിന് മതിയായതും അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹമാണെന്ന് ഓര്‍മിപ്പിക്കുകയാണ് തിരുമേനി(സ). സത്യവിശ്വാസികള്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍ അല്ലാഹു സമ്മാനിക്കുന്ന അനുഗ്രഹമാണത്. അതിനാല്‍ ജലക്ഷാമം നേരിട്ടപ്പോഴെല്ലാം തിരുമേനി (സ) ഇങ്ങനെ ചെയ്തിട്ടില്ല. ഭക്ഷണം വര്‍ധിച്ച ബറകത്തിന്റെ സംഭവവും ഇതുപോലെ അല്ലാഹുവിന്റെ പ്രത്യേക സഹായമാണ്. എന്നാല്‍ മാസങ്ങളോളം അടുപ്പില്‍ തീ കൊളുത്താതെ ഞങ്ങള്‍ കഴിച്ചുകൂട്ടിയിരുന്നുവെന്ന് പ്രവാചക പത്‌നി ആഇശ(റ) അനുസ്മരിക്കുന്നു. ദാരിദ്ര്യനിവാരണത്തിനുള്ള ഒരു പോംവഴിയായി അല്ലാഹുവിന്റെ പ്രത്യേകാനുഗ്രഹം തിരുമേനി(സ) പ്രയോഗിച്ചിരുന്നില്ല എന്ന് ഇതില്‍നിന്ന് വ്യക്തമായി ഗ്രഹിക്കാം.
ബറകത്ത് തേടാന്‍ പ്രത്യേകതയുള്ള സ്ഥലം, സമയം, വ്യക്തികള്‍ എന്നിവ ഇസ്‌ലാമില്‍ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. മസ്ജിദുല്‍ ഹറാമിനെയും വിശുദ്ധ കഅ്ബയെയും മുബാറക് -അനുഗൃഹീതം- എന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു (3:96). മസ്ജിദുല്‍ അഖ്‌സ്വായും പരിസരവും അനുഗ്രഹിക്കപ്പെട്ടതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു (17:1). സ്ഥലത്തിന്റെ പ്രത്യേകത പരിഗണിച്ച് യാത്രക്ക് ലക്ഷ്യമിടാന്‍ മൂന്ന് ആരാധനാലയങ്ങള്‍ മാത്രമേയുള്ളൂവെന്ന് തിരുമേനി(സ) പ്രസിദ്ധമായ ഹദീസില്‍ വിവരിക്കുന്നു: മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്‌സ്വാ.
കാലങ്ങളില്‍ അനുഗൃഹീതമാണ് വിശുദ്ധ റമദാന്‍, പവിത്രമാസങ്ങള്‍, ദുല്‍ഹജ്ജിലെ പത്ത് ദിവസങ്ങള്‍, വെള്ളിയാഴ്ച മുതലായവ. സമയത്തില്‍ ബറകത്തുള്ളസമയമാണ് രാത്രിയുടെ അവസാനത്തെ യാമം. വ്യക്തികളില്‍ അനുഗൃഹീതരാണ് പ്രവാചകന്മാര്‍. ''ഞാന്‍ എവിടെയാണെങ്കിലും അല്ലാഹു എന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു'' (19:9) എന്ന് ഈസാ(അ) പറയുന്നതായി വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു. വസ്തുക്കളിലും ബറകത്തുള്ളവയുണ്ട്. മഴ അനുഗൃഹീതമാണ്. ഈത്തപ്പന അനുഗൃഹീത വൃക്ഷമാണ്, അത്താഴം ബറകത്തുള്ള ആഹാരമാണ്. ഖുര്‍ആനിലും ഹദീസുകളിലുമുള്ള വിവരണങ്ങളില്‍നിന്ന് നമുക്കിത് ഗ്രഹിക്കാം. സ്ഥലങ്ങളിലും കാലങ്ങളിലും വസ്തുക്കളിലുമുള്ള ബറകത്ത് (ദൈവാനുഗ്രഹം) പ്രമാണങ്ങളിലൂടെ മാത്രമേ മനസ്സിലാക്കാനാവൂ.
അനുഗ്രഹം തേടുന്നത് മതനിയമമനുസരിച്ചാവണം. ഏതെങ്കിലുമൊരു സ്ഥലം നമുക്ക് ഗുണോ ദോഷമോ വരുത്തുമെന്ന് വിശ്വസിക്കുന്നത് ശിര്‍ക്കാണ്. ഏതെങ്കിലുമൊരു കാലം ഗുണമോ ദോഷമോ വരുത്തുമെന്ന് വിശ്വസിക്കുന്നതും അതുപോലെതന്നെ. അതിന്റെ വിശദമായ ശിക്ഷണങ്ങള്‍ നബി(സ) തിരുമേനിയുടെ വചനങ്ങളിലുണ്ട്. മഴ പെയ്തത് ഒരു ഞാറ്റുവേല കാരണമാണെന്ന് വിശ്വസിക്കുന്നത് സത്യനിഷേധവും കുഫ്‌റുമാണെന്ന് തിരുമേനി(സ) അരുളിയിട്ടുണ്ട്. കാലദോഷ വിശ്വാസത്തില്‍ കാലത്തെ ശപിക്കുന്നത് തിരുമേനി(സ) നിരോധിച്ചു. 'ഞാനാണ് കാല'മെന്നല്ലാഹു പറഞ്ഞതായി തിരുമേനി ഉണര്‍ത്തിയിട്ടുണ്ട്. അതിനാല്‍ ഗുണവും ദോഷവും സമയത്തോട് ബന്ധപ്പെട്ടല്ല, അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാണെന്ന് വിശ്വസിക്കണം.
ശര്‍ഇല്‍ അനുവദിച്ച തബര്‍റുക് വിവിധ ഇനങ്ങളാണ്. ദൈവസ്മരണ (ദിക്‌റുല്ലാഹ്) മുഖേനയുള്ള തബര്‍റുകാണ് ഒരിനം. അല്ലാഹുവെ ധാരാളം പ്രകീര്‍ത്തിച്ച ശേഷം പ്രാര്‍ഥിക്കുന്നത് പ്രാര്‍ഥന സ്വീകരിക്കാന്‍ പറ്റിയ ഒരു രീതിയാണ്. പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും ദൈവാനുഗ്രഹം ലഭിക്കാനുള്ള വഴിയാണ്. ഖുര്‍ആനിലെ ഓരോ അക്ഷരത്തിനും പത്ത് പ്രതിഫലം ലഭിക്കുമെന്ന് നബി(സ) പഠിപ്പിച്ചിരിക്കുന്നു. ഖുര്‍ആനിലും ഹദീസിലും ഉദ്ധരിച്ച പ്രാര്‍ഥനയും ദൈവസ്മരണയും ആവര്‍ത്തിച്ച് പാരായണം ചെയ്തും തബര്‍റുക് നടത്താവുന്നതാണ്.
നബി(സ)യുടെ ജീവിതകാലത്ത് അവിടുത്തോട് സമ്പര്‍ക്കം പുലര്‍ത്തിയും പ്രാര്‍ഥിക്കാനാവശ്യപ്പെട്ടും അവിടുത്തെ സേവിച്ചും തൃപ്തിപ്പെടുത്തിയും തബര്‍റുക് നടത്താം. സച്ചരിതരായ ആളുകളെ സേവിച്ചും അവരോട് സഹവസിച്ചും അല്ലാഹുവിന്റെ അനുഗ്രഹം തേടാം. സുകൃതവാന്മാരോടൊപ്പം ജീവിച്ച് അവരുടെ സേവകരായി അല്ലാഹുവിന്റെ പ്രീതി നേടാന്‍ സാധിക്കും.
നബി(സ)യെ പിന്തുടരുന്നതിന്റെ പ്രതിഫലനമാണ് നബി(സ) ചുംബിച്ച ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നത്. എന്നാല്‍ കൃഷ്ണശിലക്ക് ഗുണമോ ദോഷമോ ചെയ്യാനാവില്ലെന്ന് ഉറച്ചുവിശ്വസിച്ചുവേണം ഈ കര്‍മം ചെയ്യാന്‍. അല്ലെങ്കില്‍ തൗഹീദില്‍ നിന്ന് വ്യതിചലിച്ചുപോകും. ഉമര്‍(റ) ഹജറുല്‍ അസ്‌വദ് ചുംബിക്കുമ്പോള്‍ പറഞ്ഞ വചനം പണ്ഡിതന്മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. സമുദായം വിശ്വാസത്തില്‍ നിന്ന് ഒട്ടും വ്യതിചലിച്ചുപോവരുതെന്ന് നിര്‍ബന്ധമുള്ള മനസ്സാക്ഷിയായിരുന്നു ഉമറി(റ)ന്റേത്. ''അല്ലാഹുവാണ സത്യം. ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത ഒരു കല്ലാണ് നീ എന്നെനിക്കറിയാം. റസൂല്‍(സ) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല'' (ബുഖാരി, മുസ്‌ലിം).
തിരുശേഷിപ്പുകളും തബര്‍റുകും
നബി(സ) അനുയായികള്‍ക്ക് സത്യമാര്‍ഗം കാണിച്ചുകൊടുക്കാന്‍ നിയുക്തനായ അന്ത്യപ്രവാചകനാണ്. മാനവരാശിക്കനുഗ്രഹമാണ് തിരുമേനി എന്നതിന്റെ പൊരുള്‍ അതാണ്. തിരുമേനിയെ പ്രവാചകനും ദൈവദൂതനുമായംഗീകരിച്ച് അവിടുന്ന് പഠിപ്പിച്ച സത്യദീന്‍ മുറുകെ പിടിക്കുന്നതിലൂടെ ഇഹ ലോകത്തും പരലോകത്തും സുഖസൗഭാഗ്യങ്ങളനുഭവിക്കാന്‍ സാധിക്കും.
ജീവിതകാലത്ത് തിരുമേനി(സ)യോടൊപ്പം കഴിഞ്ഞിരുന്ന അനുയായികള്‍ക്ക് വളരെയേറെ കഷ്ടനഷ്ടങ്ങളനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഏറെ പ്രയാസം സഹിക്കുമ്പോള്‍ അവര്‍ക്ക് വിശ്വാസദാര്‍ഢ്യം ഉണ്ടാക്കുന്ന ചില അമാനുഷ ദൃഷ്ടാന്തങ്ങള്‍ തിരുമേനി(സ)ക്ക് അല്ലാഹു നല്‍കി അനുഗ്രഹിച്ചിരുന്നു. സൗര്‍ഗുഹയില്‍ വെച്ച് വിഷദംശനമേറ്റ അബൂബക്കറി(റ)ന് തുപ്പുനീര്‍ പുരട്ടി സുഖപ്പെടുത്തിയതും, ഖൈബര്‍ യുദ്ധത്തിനു പുറപ്പെടുമ്പോള്‍ പതാക വാഹകനായ അലി(റ)യുടെ നയന രോഗം തുപ്പുനീര്‍ കൊണ്ട് സുഖപ്പെടുത്തിയതുമെല്ലാം ഈ ഇനത്തില്‍ പെടുന്നു.
അപസ്മാരബാധയുള്ള ഒരു സ്ത്രീ രോഗശമനത്തിനു വേണ്ടി സമീപിച്ചപ്പോള്‍ അവരോട് സഹിക്കാനുപദേശിക്കുകയായിരുന്നു തിരുമേനി(സ). രോഗമൂര്‍ച്ചയില്‍ ശരീരത്തില്‍നിന്ന് വസ്ത്രം നീങ്ങുന്നത് മാറിക്കിട്ടാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് അവര്‍ വീണ്ടും അഭ്യര്‍ഥിച്ചു. അതിനായി തിരുമേനി(സ) അല്ലാഹുവോട് പ്രാര്‍ഥിച്ചു. അല്ലാഹു ആ പ്രാര്‍ഥന സ്വീകരിച്ചു.
സര്‍വരോഗ ശമനിയായി തിരുമേനി(സ) തുപ്പുനീര്‍ ഉപയോഗിച്ചില്ലെന്ന് മാത്രമല്ല, അനുയായികളെ ഔഷധം സേവിക്കാന്‍ പ്രത്യേകം പ്രേരിപ്പിക്കുകയും മരണമല്ലാത്ത എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ടെന്ന് പഠിപ്പിക്കുകയുമാണ് ചെയ്തത്. അല്ലാഹുവില്‍ ഭരമേല്‍പിച്ച് രോഗചികിത്സ ഒഴിവാക്കുന്നവരെ തിരുമേനി(സ) തിരുത്തുകയും ചികിത്സയെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു. തനിക്ക് ദിവ്യത്വം കല്‍പിക്കരുതെന്ന് തിരുമേനി(സ) പ്രത്യേകം പഠിപ്പിച്ചു. ക്രിസ്ത്യാനികള്‍ ഈസാ(അ)ക്ക് ദിവ്യത്വം കല്‍പിച്ച് അതിരുവിട്ട് പുകഴ്ത്തി പറയുന്നതും ദൈവപുത്രനാണെന്ന് വിശ്വസിക്കുന്നതും ഓര്‍മിപ്പിച്ചുകൊണ്ടാണ് നബി(സ) ഇക്കാര്യം പറഞ്ഞത്. നബി(സ)ക്ക് ദിവ്യത്വം കല്‍പിക്കാവതല്ലെങ്കില്‍ തിരുശേഷിപ്പുകളായ വടിയോ മുടിയോ പല്ലോ നഖമോ ദിവ്യത്വമുള്ളതാണെന്ന് വിശ്വസിക്കുന്നതും വിരോധിക്കപ്പെട്ട കാര്യം തന്നെയാണല്ലോ.
ഈ അടിസ്ഥാന തത്ത്വം വിസ്മരിച്ചുകൊണ്ടാവരുത് തിരുശേഷിപ്പുകളിലൂടെ ബറകത്ത് തേടുന്നത്. നബി (സ) തിരുമേനി ഹജ്ജത്തുല്‍ വിദാഇല്‍ തല മുണ്ഡനം ചെയ്തപ്പോള്‍ മുടി സ്വഹാബികള്‍ക്കിടയില്‍ വിതരണം ചെയ്തു. ചിലര്‍ക്കെല്ലാം തിരുകേശം ലഭിച്ചു. വൈകാരികമായി തിരുമേനിയോട് വലിയ ബന്ധമുള്ളവരായിരുന്നു സ്വഹാബികള്‍. പ്രയാസം കൂടാതെ സൂക്ഷിക്കാവുന്ന ഒരു ഭൗതികാവശിഷ്ടം തിരുമേനി(സ) അവര്‍ക്ക് നല്‍കി. അതിലൂടെ അവരുടെ മനസ്സില്‍ തിരുമേനിയുടെ സാന്നിധ്യം മങ്ങാതെ നിന്നു. പടക്കളത്തില്‍ തിരുകേശമുള്ള തൊപ്പി ധരിക്കുമ്പോള്‍ ധൈര്യം വര്‍ധിക്കുന്നതും വിജയശ്രീലാളിതനാകുന്നതും 'അല്ലാഹുവിന്റെ ഖഡ്ഗ'മെന്ന് തിരുമേനി പേരിട്ട ഖാലിദുബ്‌നു വലീദ് ഉദ്ധരിക്കുന്നു. ആ ആത്മധൈര്യം മനശ്ശാസ്ത്രപരമായി വിശദീകരിക്കാവുന്നതാണല്ലോ. എന്നാല്‍ തിരുമേനി(സ)യുടെ ഖബ്‌റിലും തിരുമേനി ഇരുന്ന സ്ഥലങ്ങളിലും നടന്ന വഴികളിലും ബറകത്ത് തേടുന്നത് അടിസ്ഥാനരഹിതമാണ്.
തിരുകേശം ലഭിച്ച അനേകം അനുചരന്മാര്‍ അത് തങ്ങളുടെ മൃതദേഹത്തോടൊപ്പം ഖബ്‌റില്‍ വെക്കാനാണാവശ്യപ്പെട്ടത്. അവരാരും അതില്‍ വെള്ളമൊഴിച്ച് കുടിക്കുകയോ രോഗശമനത്തിനായി ആ വെള്ളം കൊടുക്കുകയോ ചെയ്തിരുന്നില്ല. നബി(സ) മുണ്ഡനം ചെയ്ത മുടി കൊടുത്തപ്പോള്‍ ആരോടെങ്കിലും ഇതില്‍ ബറകത്തുണ്ടെന്നോ വെള്ളത്തിലിട്ട് കുടിച്ചാല്‍ സകല രോഗവും മാറിക്കിട്ടുമെന്നോ പറഞ്ഞതായി എവിടെയും കാണുന്നില്ല.
എന്നാല്‍ ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മുസലമ(റ) ഒരു മുടി വെള്ളിച്ചെപ്പില്‍ സൂക്ഷിച്ചിരുന്നുവെന്നും കണ്ണേറ് തട്ടിയാല്‍ അതില്‍ വെള്ളമൊഴിച്ച് കലക്കി കൊടുത്തിരുന്നുവെന്നും ബുഖാരി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. സ്വഹാബികള്‍ സ്വന്തം അഭിപ്രായമനുസരിച്ച് ചെയ്യുന്ന കാര്യങ്ങള്‍ പ്രമാണമല്ലെന്നത് കര്‍മശാസ്ത്ര പണ്ഡിതന്മാരെല്ലാം അംഗീകരിച്ച കാര്യമാണ്. ഇതിനെ ഹദീസ് എന്നു വിളിക്കരുത്, അസര്‍ എന്നേ വിശേഷിപ്പിക്കാവൂ എന്നതും പണ്ഡിതന്മാര്‍ ഏകകണ്ഠമായി പറയുന്നു. തിരുമുടി കൈവശമുണ്ടായിട്ടും ആഇശ(റ) അടക്കമുള്ള പാണ്ഡിത്യത്തിലും നേതൃത്വത്തിലും മികച്ചുനിന്ന സ്വഹാബികളാരും അത് രോഗശമനത്തിനുപയോഗിക്കാതിരുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പ്രവാചകന്റെ കൂടെ ജീവിച്ചിരുന്നവര്‍ക്ക് അവിടുത്തെ മരണാനന്തരവും ആ സാന്നിധ്യം അയവിറക്കാനാണ് അവര്‍ക്ക് മുടി നല്‍കിയത്. അതിനാല്‍ അധികപേരും തിരുകേശം തങ്ങളോടൊപ്പം ഖബ്‌റടക്കാന്‍ വസ്വിയ്യത്ത് ചെയ്യുകയായിരുന്നു. തിരുശേഷിപ്പുകള്‍ പ്രവാചക സ്‌നേഹത്തിന്റെ പ്രതീകമാക്കി അല്ലാഹുവിനോട് മാത്രം ബറകത്ത് തേടാന്‍ ഉപയോഗിക്കുമ്പോള്‍ അതനുവദനീയമാണ്. എന്നാല്‍, വ്യക്തമായ തെളിവിലൂടെ സമര്‍ഥിക്കാവുന്ന രീതിയില്‍ തിരുശേഷിപ്പുകളില്‍ യാതൊന്നും ഇന്ന് അവശേഷിക്കുന്നില്ല എന്നതാണ് സൂക്ഷ്മ നിരീക്ഷകരുടെയും ഗവേഷകരുടെയും ഹദീസ് പണ്ഡിതന്മാരുടെയും ഏകോപിച്ച അഭിപ്രായം.
സ്വഹാബികളും അവരുടെ അനുയായികളും തങ്ങള്‍ക്ക് ലഭിച്ച തിരുശേഷിപ്പ് മറ്റാര്‍ക്കെങ്കിലും നല്‍കാന്‍ സന്നദ്ധരായിരുന്നില്ല. അവരത് തങ്ങളുടെ ഖബ്‌റുകളില്‍ മൃതദേഹത്തോടൊപ്പം വെക്കാന്‍ വസ്വിയ്യത്ത് ചെയ്തു. തിരുമേനിയുടെ വടി, പുതപ്പ്, ചെരിപ്പ് മുതലായവയൊന്നും യഥാര്‍ഥമാണെന്ന് തെളിയിക്കാനാവില്ല. ചരിത്രകാരനും വിഖ്യാത പണ്ഡിതനുമായ അഹ്മദ് തൈമൂര്‍ ബാഷ 'തിരുശേഷിപ്പുകള്‍' എന്ന കൃതിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. വിഖ്യാത പുരാവസ്തു ഗവേഷകനായ ഡോക്ടര്‍ അഫീഫ് അല്‍ബഹ്‌നസി പറയുന്നു: ''പ്രവാചകന്റേതെന്ന് പറയുന്ന ശേഷിപ്പുകള്‍ ശാസ്ത്ര പരിശോധനക്ക് വിധേയമാക്കി. കാലഗണനയില്‍ ഹിജ്‌റ ഒന്നാം നൂറ്റാണ്ടിലേതാണെന്ന് അനുമാനിക്കാമെങ്കിലും അത് നബി(സ)യുടേതാണെന്നതിന് ഒരു തെളിവും ലഭ്യമല്ല.'' തിരുമേനിയുടെ കാല്‍പാദം പതിഞ്ഞതെന്ന് വിശേഷിപ്പിക്കുന്ന വ്യത്യസ്തമായ ഏഴു കല്ലുകളുണ്ട് ലോകത്ത്. സഈദു ബ്‌നുല്‍ മുസയ്യിബ് (റ) തന്റെ പിതാവ് പറഞ്ഞതായി ഉദ്ധരിക്കുന്നു: ഞങ്ങള്‍ നബി(സ) തിരുമേനിക്ക് വൃക്ഷച്ചുവട്ടില്‍ ബൈഅത്ത് ചെയ്തു. അടുത്ത വര്‍ഷം ഞങ്ങളാ സ്ഥലം തെരഞ്ഞു. കണ്ടെത്താനായില്ല. തിരുമേനിയുടെ ജന്മസ്ഥലവും ജന്മദിനവും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അബ്ബാസിയാ ഖലീഫ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പുകള്‍ താര്‍ത്താര്‍ പടനായകന്‍ ഹോലാകോ കണ്ടെടുത്ത് ചുട്ടുകളഞ്ഞതായി ചരിത്രം രേഖപ്പെടുത്തുന്നു.
അതിനാല്‍ തബര്‍റുകിന് നമ്മുടെ മുമ്പിലുള്ള അനുവദനീയമായ മാര്‍ഗങ്ങളിതാണ്: ഖുര്‍ആന്‍ പാരായണം, ദിക്‌റുകള്‍, സച്ചരിതരുടെ പ്രാര്‍ഥന. സംസം വെള്ളം, ഈത്തപ്പഴം, അത്താഴം എന്നിവയും ബറകത്തു തേടി ഉപയോഗിക്കാം. വിശുദ്ധ മക്കയും മദീനയും അല്‍അഖ്‌സ്വായും ബറകത്തിനു വേണ്ടി ലക്ഷ്യമാക്കാം. റമദാന്‍, ദുല്‍ഹജ്ജ് പത്ത് ദിവസം, തശ്‌രീഖ് ദിനങ്ങള്‍, ലൈലത്തുല്‍ ഖദ്ര്‍, ജുമുഅ ദിവസം, രാവിന്റെ അന്ത്യയാമം എന്നീ സമയങ്ങള്‍ ബറകത്തിനു വേണ്ടി ഉപയോഗപ്പെടുത്താം. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാവണം നമ്മുടെ കര്‍മങ്ങളുടെ യഥാര്‍ഥ വഴികാട്ടി.
സുകൃതവാന്മാരും സച്ചരിതരും രക്തസാക്ഷികളുമെല്ലാം അല്ലാഹു അനുഗ്രഹിച്ച വ്യക്തിത്വങ്ങളാണ്. അവരുടെ ജീവിതകാലത്ത് അല്ലാഹു അവരുടെ പ്രാര്‍ഥന സ്വീകരിക്കും. എന്നാല്‍ മരണാനന്തരം അവര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിനോ അവരുടെ ഖബ്‌റിനോ യാതൊരു ബറകത്തുമില്ല. പണ്ഡിതന്മാരുടെ ശരീരത്തെയല്ല പാണ്ഡിത്യത്തെയാണ് ആദരിക്കേണ്ടത്. ശ്മശാനങ്ങള്‍ ബറകത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നത് വ്യക്തമായി നിരോധിക്കപ്പെട്ട കാര്യമാണ്: ''യഹൂദരെയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ പ്രവാചകന്മാരുടെ ശ്മശാനങ്ങള്‍ ആരാധനാ സ്ഥലമാക്കി.'' സുജൂദ് ചെയ്യുകയും പ്രാര്‍ഥിക്കുകയുംചെയ്യുന്ന സ്ഥലമാണല്ലോ ആരാധനാലയം. ബറകത്ത് അല്ലാഹുവില്‍ നിന്ന് മാത്രം തേടുന്നതാണ് അനുവദനീയമായ തബര്‍റുക്. മറ്റുള്ളതെല്ലാം നിഷിദ്ധമത്രെ.
[email protected]
Comments