ദേശീയ രാഷ്ട്രീയവും ഇടതു സമസ്യകളും
മൂഹിക ഘടകങ്ങളോട് ചേര്‍ന്നു നിന്ന് രാഷ്ട്രീയ കക്ഷികള്‍ക്ക് ശക്തമായ താക്കീതുകള്‍ നല്‍കുക- സമീപ കാലത്തായി ഇന്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ രൂപപ്പെട്ട ഈ പോസിറ്റീവ് പ്രവണത പാര്‍ട്ടികളുടെയും നേതാക്കളുടെയും നയനിലപാടുകളെ മാറ്റാനിടയുണ്ട്. തരക്കേടില്ലാത്ത ഭരണം നടത്തുന്നവരെ അതിന് അനുവദിക്കുകയും തലക്കു മുകളില്‍ കയറി ഭരിക്കാന്‍ ശ്രമിക്കുന്നവരെ പുറന്തള്ളുകയും ചെയ്യുന്ന ഈ സമീപനം നല്ല ലക്ഷണം തന്നെയാണ്.
പൊതുവായ പല മുന്‍വിധികളെയും വോട്ടര്‍മാരുടെ വിധിയെഴുത്ത് തച്ചുടക്കുകയാണ്. അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം അനിവാര്യമാണെന്ന തോന്നലിനെ അത് പിടിച്ചുലക്കുന്നു. ബീഹാര്‍ വിധിയെഴുത്തില്‍ ഇതു കണ്ടു. അതിന്റെ തുടര്‍ച്ചകള്‍ ജനായത്ത ഇന്ത്യയുടെ ആരോഗ്യകരമായ ഭാവിക്ക് ഗുണം ചെയ്യാതിരിക്കില്ല. അതേ സമയം ഉറച്ച ബദലുകളുടെ കമ്മി നല്ലൊരു തെരഞ്ഞെടുപ്പിനുള്ള സാധ്യത ചുരുക്കുകയാണ്. പോളിംഗ് ശതമാനം ഗണ്യമായി കൂടിയെന്ന അവകാശവാദങ്ങള്‍ക്കിടയിലും വലിയൊരു വിഭാഗം വോട്ടര്‍മാര്‍ ഇന്നും ചൂണ്ടുവരലില്‍ മഷി പടര്‍ത്താത മാറിനില്‍പുണ്ട്. ഈ യാഥാര്‍ഥ്യം നാം വിസ്മരിച്ചിട്ടു കാര്യമില്ല.
മൊത്തം ഇന്ത്യന്‍ വോട്ടര്‍മാരില്‍ ഇരുപത് ശതമാനത്തോളം പേര്‍ ഭാഗഭാക്കായി എന്നതാണ് അടുത്തിടെ നടന്ന അഞ്ചിടങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷതകളിലൊന്ന്്. അതുകൊണ്ടു തന്നെ രാജ്യത്തെ അഞ്ചിലൊന്നു പേര്‍ എങ്ങനെ ചിന്തിക്കുന്നു എന്നറിയാനും ജനവിധി ഉപകരിച്ചു.
കുടുംബ വാഴ്ചക്കൊപ്പം അമിതമായ പാര്‍ട്ടി ഘടനാ ശാഠ്യങ്ങളെയും ജനം കൈവിട്ടു. തമിഴ്‌നാടും ബംഗാളും നല്‍കിയ പാഠങ്ങള്‍ അതാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ കൂടുതല്‍ വെളിപ്പെടും.
ദേശീയ രാഷ്ട്രീയ കക്ഷികളുടെ പ്രതീക്ഷകളെയാണ് ജനവിധി വല്ലാതെ തകര്‍ത്തത്. പ്രാദേശിക കക്ഷികള്‍ പലേടങ്ങളിലും ശക്തി തെളിയിക്കുക മാത്രമല്ല, സ്വന്തം നിലക്കു അധികാരം കൈയാളാന്‍ ത്രാണിയുണ്ടെന്ന് അവര്‍ വീണ്ടും തെളിയിക്കുകയും ചെയ്തു. 'കൂട്ടുകക്ഷി ഭരണത്തിന്റെ നിര്‍ബന്ധം' എന്നു പറഞ്ഞ് അഴിമതിയെ ന്യായീകരിക്കുന്ന മന്‍മോഹന്‍ സിംഗിനെ പോലുള്ളവരുടെ രാഷ്ട്രീയ ആധി ഇനിയങ്ങോട്ട് കൂടുമെന്ന് ചുരുക്കം.
കേന്ദ്രത്തില്‍ ഭരണത്തിലുള്ള യു.പി.എ സര്‍ക്കാറിന് തെരഞ്ഞെടുപ്പ് ഏറെ അഭിമാനിക്കത്തക്ക വകയൊന്നും നല്‍കിയതുമില്ല. പ്രതിപക്ഷ കക്ഷികളുടെ ദയനീയ തകര്‍ച്ച പക്ഷേ, അവര്‍ക്ക് താല്‍ക്കാലികാശ്വാസം പകര്‍ന്നിട്ടുണ്ട്. അസമില്‍ നല്ല ഭൂരിപക്ഷത്തോടെ ഭരണത്തിന്റെ മൂന്നാമൂഴം ലഭിച്ചതാണ് കോണ്‍ഗ്രസിനു ലഭിച്ച ശ്രദ്ധേയ നേട്ടം. തരുണ്‍ ഗൊഗോയിയുടെ വ്യക്തിപ്രഭാവം, ഉള്‍ഫ വിഭാഗങ്ങളുമായി നടന്ന സമാധാന ചര്‍ച്ചകള്‍, പ്രതിപക്ഷ വോട്ടുകളുടെ ശിഥിലീകരണം എന്നിവ അസമില്‍ കോണ്‍ഗ്രസിന് തുണയാവുകയായിരുന്നു.
ആന്ധ്ര നല്‍കുന്ന മുന്നറിയിപ്പാണ് കോണ്‍ഗ്രസിന്റെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്ന മറ്റൊന്ന്. സംസ്ഥാനത്തു നിന്നും 33 എം.പിമാരുടെ പിന്‍ബലം ഇപ്പോള്‍ യു.പി.എക്കുണ്ട്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് രൂപവത്കരിച്ച് കടപ്പ മണ്ഡലത്തില്‍ മത്സരിച്ച ജഗന്‍ മോഹന്‍ സെഡ്ഡിക്ക് 5 ലക്ഷത്തിനു മുകളിലാണ് ഭൂരിപക്ഷം. ജഗന്റെ മാതാവും വന്‍ ഭൂരിപക്ഷത്തിന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ നിരവധി കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ ജഗനുണ്ട്. മനസു വെച്ചാല്‍ സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ജഗന് എളുപ്പം സാധിക്കും. കോണ്‍ഗ്രസ് വല്ലാത്തൊരു ധര്‍മസങ്കടത്തിലാണിപ്പോള്‍.
പുതുച്ചേരിയിലും കോണ്‍ഗ്രസിനെ തകര്‍ത്തത് പാര്‍ട്ടിയില്‍ നിന്നു പുറത്തു പോയ ആള്‍ തന്നെ. രംഗസ്വാമി രൂപീകരിച്ച എന്‍.ആര്‍ കോണ്‍ഗ്രസ് എന്ന പ്രാദേശിക കക്ഷിയാണ് ഇവിടെ അധികാരത്തില്‍. മുപ്പതംഗ നിയമസഭയില്‍ 15 എണ്ണം എന്‍.ആര്‍ കോണ്‍ഗ്രസ് നേടി.
തമിഴ്‌നാടിന്റെ പാഠങ്ങള്‍
തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഡി.എം.കെ ആയിരുന്നു കേന്ദ്രസര്‍ക്കാറിന്റെ വലിയ കരുത്ത്. എന്നാല്‍ തികച്ചും ദയനീയമാണ് ആ പാര്‍ട്ടിയുടെ നില. 119 സീറ്റുകളില്‍ മത്സരിച്ച ഡി.എം.കെ വെറും 30 സീറ്റുകളില്‍ ഒതുങ്ങി. 2ജി സ്‌പെക്ട്രം ക്രമക്കേടുമായി ബന്ധപ്പെട്ട് എ. രാജയോടും മറ്റുമുള്ള പ്രതിഷേധത്തിന്റെ പ്രതിഫലനം ഇവിടെ കാണാം. 1991-ന് ശേഷം ഡി.എം.കെ നേരിടുന്ന കനത്ത തോല്‍വിയാണിത്.
ഡി.എം.കെയുമായി സഖ്യം രൂപപ്പെടുത്തിയ കോണ്‍ഗ്രസ് ചരിത്രത്തിലെ കൊടിയ തകര്‍ച്ച തന്നെയാണ് നേരിട്ടതും. പൊതുമുതല്‍ നിര്‍ലജ്ജം ദുരുപയോഗം ചെയ്ത കരുണാനിധി കുടുംബത്തോടുള്ള എതിര്‍പ്പും ജനവിധിയിലുണ്ട്. തമിഴ്‌നാട്ടിലെ തികച്ചും സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് 2ജി സ്‌പെക്ട്രം എന്തെന്നു പോലും അറിയില്ലെന്നായിരുന്നു ഡി.എം.കെ നേതാക്കള്‍ കരുതിയത്. അതുകൊണ്ട് ആ നിലക്കുള്ള പ്രചാരണമൊന്നും പാര്‍ട്ടിയെ ബാധിക്കില്ലെന്നും അവര്‍ ഉറപ്പിച്ചു. എന്നാല്‍ 2 ജി സാങ്കേതികതക്കപ്പുറം രാജ്യത്തിന്റെ കോടിക്കണക്കിന് രൂപ അവിഹിതമായി ഒരു പാര്‍ട്ടിയും നേതാക്കളും കൊള്ള നടത്തിയെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടായിരുന്നില്ല. ജയലളിതക്കൊപ്പം ചേര്‍ന്ന വിജയകാന്തിന്റെ ഡി.എം.ഡി.കെ, സി.പി.എം, സി.പി.ഐ കക്ഷികള്‍ക്കും നേട്ടം ഉറപ്പാക്കാനായി.
അഴിമതിയെ സ്ഥാപനവത്കരിച്ച കരുണാനിധി കുടുംബത്തോടുള്ള എതിര്‍പ്പ് വോട്ടര്‍മാര്‍ പ്രകടിപ്പിച്ചതോടൊപ്പം തന്നെ കനിമൊഴി തീഹാര്‍ ജയിലില്‍ അടക്കപ്പെടുന്ന സാഹചര്യവും ഉണ്ടായി.
ബി.ജെ.പിയുടെ ധര്‍മസങ്കടങ്ങള്‍
ദേശീയ തലത്തില്‍ മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയുടെ അവസ്ഥയും മറ്റൊന്നല്ല. നിതിന്‍ ഗഡ്കരി വന്നാല്‍ കാര്യങ്ങള്‍ കുറച്ചൊക്കെ നേരെയാകുമെന്നായിരുന്നു ആര്‍.എസ്.എസ് കണക്കുകൂട്ടല്‍. സുഷമയും അരുണ്‍ ജെറ്റ്‌ലിയും ഉള്‍പ്പെട്ട രണ്ടാം നിര തിളങ്ങുമെന്നും കണക്കുകൂട്ടി. ഒന്നും പക്ഷേ, ക്ലച്ച് പിടിച്ച ലക്ഷണമില്ല.
അഴിമതിയില്‍ മുങ്ങിയ യു.പി.എ സര്‍ക്കാറിനെതിരെ താഴേതട്ടില്‍ ജനരോഷം പതയുന്നുണ്ട്. പക്ഷേ, ഫലപ്രദമായി അതിനെ പ്രയോജനപ്പെടുത്താന്‍ ഒരിടത്തും ബി.ജെ.പിക്ക് കഴിയുന്നില്ല. ഖനന അഴിമതി വേട്ടയാടുന്ന കര്‍ണാടകയിലെ യെദിയൂരപ്പ സര്‍ക്കാര്‍ നേരിടുന്ന തുടരന്‍ പ്രതിസന്ധികളുടെ പിന്നാലെ പിന്തുണ ഉറപ്പിച്ചു പായുകയാണ് 'വേറിട്ട പാര്‍ട്ടി'!
അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതോടെ ബി.ജെ.പി നേരിടുന്ന ഒറ്റപ്പെടലിന്റെ ദാരുണചിത്രമാണ് വ്യക്തമായത്. കേരളത്തില്‍ മാത്രമല്ല അക്കൗണ്ട് തുറക്കാന്‍ കഴിയാതെ പോയത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പശ്ചിമ ബംഗാളിലും വട്ടപ്പൂജ്യമാണിപ്പോള്‍ ബി.ജെ.പി. അസമിലാകട്ടെ ശരിക്കും അടിതെറ്റി. കഴിഞ്ഞ തവണ 10 സീറ്റുണ്ടായിരുന്നു ഇവിടെ. അസം ഗണ പരിഷത്തു(എ.ജി.പി)മായി ചേര്‍ന്ന് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നായിരുന്നു ഇത്തവണ കണക്കുകൂട്ടല്‍. പക്ഷേ, ബി.ജെ.പിക്കൊപ്പം കൈകോര്‍ക്കോന്‍ എ.ജി.പി പോലും മടിച്ചു. ഹിന്ദുവികാരം പരമാവധി ഇളക്കിവിട്ട് സ്വന്തം നിലക്ക് മുന്നോട്ടു പോയെങ്കിലും വെറും 5 സീറ്റുകളില്‍ ഒതുങ്ങി പാര്‍ട്ടി. അഞ്ചിടങ്ങളിലുമായി 800 നിയമസഭാ സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബി.ജെപിക്ക് ലഭിച്ചത് വെറും 5 എണ്ണം മാത്രം! ഒരു ദേശീയ പാര്‍ട്ടിയുടെ ഗതികേട് എന്നല്ലാതെ ഇതിനെ എന്തു വിളിക്കാന്‍?
ന്യൂനപക്ഷ രാഷ്ട്രീയം തളിര്‍ക്കുന്നു
ന്യൂനപക്ഷ രാഷ്ട്രീയം ശക്തിയാര്‍ജിക്കുന്നതിന്റെ സൂചനകളാണ് അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കണ്ട മറ്റൊരു പ്രവണത. അസമില്‍ എ.ഐ.യു.ഡി.എഫ് മുഖ്യ പ്രതിപക്ഷത്തേക്കുയര്‍ന്നതും പശ്ചിമ ബംഗാള്‍ നിയമസഭയില്‍ മുസ്‌ലിം പ്രാതിനിധ്യം ഇരുപതു ശതമാനത്തോട് അടുത്തെത്തിയതും ശ്രദ്ധേയം. കേരളത്തിലും തമിഴ്‌നാട്ടിലും ന്യൂനപക്ഷ പ്രാതിനിധ്യത്തില്‍ വര്‍ധനയുണ്ട്.
ബംഗാളിലെ ഇടതു ഭരണ തകര്‍ച്ച ഭാവിയില്‍ പുതിയ ന്യൂനപക്ഷ രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ക്കും വഴിയൊരുക്കാന്‍ നല്ല സാധ്യതകളുണ്ട്. നാല് മുസ്‌ലിം ഭൂരിപക്ഷ ജില്ലകളില്‍ പ്രതീക്ഷയര്‍പ്പിച്ച് പല ചെറു രാഷ്ട്രീയ കക്ഷികളും രംഗത്തുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും.
കേരളത്തില്‍ തിളക്കമുള്ള ജയം നേടിയ മുസ്‌ലിം ലീഗിന്റെ ബാനറിലും ചിഹ്നത്തിലും ബംഗാളില്‍ പതിനെട്ടിടങ്ങളില്‍ മത്സരിച്ച പാര്‍ട്ടിക്ക് പക്ഷേ, ദയനീയ തോല്‍വിയാണുണ്ടായത്. നേരത്തെ ഏതാനും മന്ത്രിമാര്‍ വരെ ബംഗാളില്‍ ലീഗിനുണ്ടായിരുന്നു.
ഇക്കുറി മുര്‍ശിദാബാദ് ജില്ലയിലെ ഒരു മണ്ഡലത്തില്‍ മാത്രമാണ് ലീഗിന് 7,000 വോട്ടുകള്‍ക്കടുത്ത് നേടാന്‍ കഴിഞ്ഞത്. മറ്റിടങ്ങളില്‍ ശരാശരി ആയിരത്തിനും ചുവടെ മാത്രമായിരുന്നു ലീഗ് വോട്ടുകള്‍. എസ്.ഡി.പി.ഐ, ഐ.എന്‍.എല്‍ കക്ഷികളുടെ അവസ്ഥയും ഭിന്നമായിരുന്നില്ല.
ബംഗാളിന്റെ അടിയൊഴുക്കുകള്‍
പശ്ചിമ ബംഗാളിന്റെ ഭരണമാറ്റമാണ് ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധ നേടിയ രാഷ്ട്രീയ സംഭവം. നീണ്ട 34 വര്‍ഷങ്ങളുടെ ഇടതുഭരണ കുത്തകയാണ് മമതാ ബാനര്‍ജിയും കൂട്ടരും നിലംപരിശാക്കിയത്. സി.പി.എം നേതൃത്വത്തിലെ ഇടതു മുന്നണി ബംഗാളില്‍ നേരിട്ട പരാജയം ആ സംസ്ഥാനത്തിന്റെ സമീപകാല വഴിമാറ്റങ്ങള്‍ സൂക്ഷ്മമായി വീക്ഷിക്കുന്ന ആരെയും അമ്പരപ്പിക്കാന്‍ ഇടയില്ല. 2006-ലെ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയ ഒരു മുന്നണിയാണ് 2008-ഓടെ ജനങ്ങളില്‍ നിന്നും അകന്നു തുടങ്ങിയത്. ജനപിന്തുണയുടെ അവിശ്വസനീയമാം വിധമുള്ള ഇടിവ് ആദ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും തൊട്ടറിഞ്ഞു.
എങ്കില്‍ തന്നെയും അടിത്തറ നഷ്ടം ഇത്രയേറെ ശക്തമായിരിക്കുമെന്ന് സി.പി.എം നേതാക്കള്‍ കണക്കുകൂട്ടിയതല്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പുതുമുഖ സാന്നിധ്യവും ഇടതു സംവിധാനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവുമൊന്നും വിജയം കണ്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിവിട്ട 'പരിബര്‍ത്തന്‍' മുദ്രാവാക്യം താഴേക്കിടയില്‍ വല്ലാതെ സ്വാധീനം നേടി. 'മാ, മാടി, മനുഷ്'(മാതാവ്, മണ്ണ്, മനുഷ്യന്‍) മുദ്രാവാക്യം ബംഗാളിലുടനീളം പ്രകമ്പനം കൊണ്ടു. തൃണമൂല്‍-കോണ്‍ഗ്രസ് സഖ്യത്തിന് താഴേക്കിടയില്‍ അത്രയൊന്നും ശക്തമായ പാര്‍ട്ടി ഘടനയോ കെട്ടുറപ്പോ ഉണ്ടായിരുന്നില്ല. ജനങ്ങള്‍ വെറുത്താല്‍ പിന്നെ പാര്‍ട്ടി മെഷിനറിയുടെ മികവ് കൊണ്ടൊന്നും ഒരു കാര്യവുമില്ലെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ബംഗാള്‍ നല്‍കിയത്. 294 അംഗ നിയമസഭയില്‍ 226 സീറ്റുകള്‍ തൃണമൂല്‍ സഖ്യം നേടിയപ്പോള്‍ ഇടതുമുന്നണിക്ക് കിട്ടിയത് വെറും 61 മാത്രം.സി.പി.എം-40, സി.പി.ഐ-2, ഫോര്‍വേഡ് ബ്ലോക്ക്-11, ആര്‍.എസ്.പി-7, എസ്.പി- 1.
2006-ല്‍ 46 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന തൃണമൂല്‍ സഖ്യം നേടിയ മുന്നേറ്റം കണ്ട് അന്ധാളിക്കുകയായിരുന്നു ഇടതു നേതൃത്വം.
സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ അടിയന്തരാവസ്ഥാ കാലയളവിലെ സ്വേഛാ നടപടികളോടും മറ്റും എതിരിട്ടാണ് 1977-ല്‍ ബസു സര്‍ക്കാര്‍ വംഗനാട്ടില്‍ അധികാരത്തില്‍ വരുന്നത്. സമവായത്തിന്റെ അന്തരീക്ഷം ഒരുക്കാനായിരുന്നു ബസുവിന്റെ ആദ്യശ്രദ്ധ. എണ്ണമറ്റ സഹപ്രവര്‍ത്തകരുടെ കൊലക്ക് പകരം ചോദിക്കാന്‍ നിന്നാല്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് അതു വഴിതുറക്കുമെന്ന് ബസു തിരിച്ചറിഞ്ഞു. 'ഓപറേഷന്‍ ബര്‍ഗ' എന്നറിയപ്പെടുന്ന ഭൂപരിഷ്‌കരണ നടപടികളും ത്രിതല പഞ്ചായത്ത് സംവിധാനവും നടപ്പാക്കി ജനാടിത്തറ വിപുലപ്പെടുത്തുകയായിരുന്നു ബസു സര്‍ക്കാര്‍. അങ്ങനെയാണ് ബംഗാള്‍ ഇടതു ഭരണത്തിന് വിരാമമില്ലാത്ത തുടര്‍ച്ചകള്‍ നല്‍കിയത്. ദരിദ്രരും സാധാരണക്കാരുമായ മനുഷ്യര്‍ക്ക് ഭരണത്തിന്റെ സാമൂഹിക നന്മകള്‍ തൊട്ടറിയാന്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്ക് മറ്റൊരു ബദല്‍ വേണ്ടെന്നായി.
അധികാരത്തിന്റെ ഈ തുടര്‍ച്ച തന്നെയല്ലേ ഇടതുമുന്നണിക്ക് വിനയായതും? താഴേതട്ടില്‍ അസഹിഷ്ണുതയും നിക്ഷിപ്ത താല്‍പര്യങ്ങളും പിടിമുറുക്കി. ധാര്‍ഷ്ട്യത്തിന്റെ സ്വരങ്ങളും നടപടികളും ജനങ്ങളെ വെറുപ്പിച്ചു. ഇടനിലക്കാരുടെ താല്‍പര്യങ്ങള്‍ക്ക് പാര്‍ട്ടിയിലും സര്‍ക്കാറിലും പ്രാമുഖ്യം കൈവന്നു. പാര്‍ട്ടി വളര്‍ന്നു. പക്ഷേ, ജനങ്ങള്‍ അകന്നു.
മധ്യവര്‍ഗ സമ്മര്‍ദം ശക്തിപ്പെട്ടതോടെ ഭരണത്തിന്റെ രണ്ടാമൂഴത്തില്‍ ബംഗാളില്‍ വ്യവസായങ്ങള്‍ കൊണ്ടു വരാന്‍ ബുദ്ധദേവ് നീക്കമാരംഭിച്ചു. ഗൃഹപാഠം ഒട്ടു നടന്നില്ല. അധികാരമേറ്റ അന്നു തന്നെയാണ് ടാറ്റയുമായി ധാരണയില്‍ എത്തുന്നത്. ബസുവിനേക്കാള്‍ ജനസമ്മതിയുള്ള നേതാവായി മാറുക- ബുദ്ധ അങ്ങനെ ആഗ്രഹിച്ചിരിക്കാം. ജീവിതത്തിന്റെ ലാളിത്യം മുറുകെ പിടിച്ചു കൊണ്ടു തന്നെ കോര്‍പറേറ്റ് ശക്തികള്‍ക്ക് അവസരം നല്‍കണമെന്ന് പാര്‍ട്ടിയിലും പുറത്തും അദ്ദേഹം വാദിച്ചു. ബംഗാള്‍ നിര്‍മിതിയേക്കാള്‍ തന്റെ പ്രതിഛായ ഉയര്‍ത്തുന്നതിലേക്ക് ബുദ്ധനീക്കങ്ങള്‍ വഴുതി മാറി. ബന്ദിനെതിരെ നടത്തിയ പ്രതികരണത്തില്‍ നിന്നും മറ്റും ഇതു വ്യക്തം. സിംഗൂരില്‍ നാനോ ഫാക്ടറിക്കു വേണ്ടിയും നന്ദിഗ്രാമില്‍ സലീം ഗ്രൂപ്പിന്റെ കെമിക്കല്‍ ആസ്ഥാനത്തിനു വേണ്ടിയും കരാര്‍ പിറന്നു. ഭൂമി ഏറ്റെടുക്കല്‍ ഉദ്ദേശിച്ച പോലെ എളുപ്പമല്ലെന്നു വന്നു. നല്ലൊരു വിഭാഗം സ്വമേധയാ ഭൂമി കൈമാറി. പക്ഷേ, എതിര്‍ത്തവര്‍ ഉണ്ടായിരുന്നു. അവരെ അടിച്ചൊതുക്കാനും വെടിവെച്ചു കൊല്ലാനുമായി ശ്രമം. അവിടെയാണ് പിഴച്ചത്.
തെരുവു പോരാളിയായ മമത അവസരം മുതലെടുക്കുമെന്ന് ഇടതുസര്‍ക്കാറിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. സാധാരണക്കാരും കര്‍ഷകരും സര്‍ക്കാറിനെ സംശയത്തോടെ വീക്ഷിക്കുന്ന സാഹചര്യം വന്നു. നേതാക്കളുടെ വിശദീകരണങ്ങളൊന്നും അവരെ തൃപ്തരാക്കിയില്ല. ഗ്രാമീണ പിന്തുണ പറ്റെ ഇടിയുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. ഗൂര്‍ഖാ ലാന്റ് പ്രക്ഷോഭം, പോലീസ് അതിക്രമങ്ങള്‍ക്കെതിരെ രൂപംകൊണ്ട സമിതികള്‍, മാവോയിസ്റ്റ് മേഖലയിലെ അസ്വാസ്ഥ്യങ്ങള്‍- ഇവയുടെയൊന്നും സാമൂഹിക തലങ്ങള്‍ തൊട്ടറിയാന്‍ നേതാക്കള്‍ക്കോ സര്‍ക്കാറിനോ കഴിഞ്ഞില്ല.അതോടെ രാഷ്ട്രീയ ചുവടുമാറ്റത്തിന് ശക്തി പകര്‍ന്നു.
ഇലക്ഷന്‍ ഫലം മാറ്റത്തിനുള്ളതാണെന്നും പ്രതികാരത്തിനുള്ളതല്ലെന്നും പറഞ്ഞാണ് മമത അധികാരമേറ്റിരിക്കുന്നത്. തെരുവു പോരാളിയില്‍ നിന്ന് മുഖ്യമന്ത്രിപദത്തിലേക്കുള്ള ഈ മാറ്റം മമതക്ക് അത്ര എളുപ്പമാകില്ല. നന്നായി ഭരിച്ചു കാണിച്ചില്ലെങ്കില്‍ ബംഗാള്‍ ജനത മമതയെയും വിടില്ലെന്നുറപ്പ്.
ഇടതിന്റെ ശക്തിദൗര്‍ബല്യങ്ങള്‍
ബംഗാള്‍, കേരള പരാജയത്തോടെ ഇടതു തിരിച്ചടി ആഘോഷിക്കുന്ന തിരക്കിലാണിപ്പോള്‍ എല്ലാവരും. ലോക്‌സഭയില്‍ 24 ഇടതു എം.പിമാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. സമാജ്‌വാദി പാര്‍ട്ടിക്കും ബി.എസ്.പിക്കും ഏതാണ്ട് തുല്യമായ അംഗബലമുണ്ട്. തെരഞ്ഞെടുപ്പിലെ പരാജയത്തിനപ്പുറം ഇന്ത്യയില്‍ ഇടതു പാര്‍ട്ടികള്‍ നിര്‍വഹിക്കുന്ന വലിയ ദൗത്യങ്ങളെ അത് പ്രതികൂലമായി ബാധിച്ചേക്കും. പ്രകാശ് കാരാട്ടും എ.ബി ബര്‍ദനും മാത്രമല്ല, നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകരും അതു ശരിവെക്കുന്നു.
ഒന്നാം യു.പി.എ സര്‍ക്കാറിന്റെ സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപിടിക്കാന്‍ കഴിഞ്ഞതില്‍ എന്തൊക്കെ പറഞ്ഞാലും ഇടതുസ്വാധീനം പ്രകടം തന്നെയായിരുന്നു. 2006-ല്‍ ദേശീയ തൊഴിലുറപ്പു പദ്ധതി ആവിഷ്‌കരിക്കുമ്പോള്‍ തൊഴില്‍ സാര്‍വത്രികമാക്കുകയെന്ന ഇടതു അജണ്ടയാണ് നടപ്പായത്. രണ്ടാം യു.പി.എക്ക് അധികാരത്തിലെത്താന്‍ വഴിതുറന്നതും ഈ പദ്ധതി തന്നെ. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ തുറകളില്‍ സര്‍ക്കാര്‍ വക നിക്ഷേപം അധികരിപ്പിക്കാനും ഇടതു ഇടപെടല്‍ മൂലം കഴിഞ്ഞു. സര്‍ക്കാര്‍ വക ഉദാരവത്കരണ നടപടികള്‍ അനിയന്ത്രിത സ്വഭാവത്തിലേക്ക് നീങ്ങിയതുമില്ല. ഇന്‍ഷുറന്‍സ്, റീട്ടെയില്‍ മേഖലയില്‍ പിടിമുറുക്കാനുള്ള വിദേശ മൂലധന ശക്തികളുടെ നീക്കവും ഇടതു പ്രതിരോധത്തില്‍ ദുര്‍ബലമായി. സ്വതന്ത്ര വാണിജ്യ കരാറിനു പുറത്ത് ആഭ്യന്തര വിപണി തുറന്നു കൊടുക്കാനുള്ള നീക്കവും ഒരു പരിധി വരെ തടയപ്പെട്ടു.
വിദ്യാഭ്യാസ, തൊഴില്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ശക്തമായ സമ്മര്‍ദ ഗ്രൂപ്പ് ദേശീയ തലത്തില്‍ വേണം. ആ ഇടമാണിപ്പോള്‍ വല്ലാതെ ദുര്‍ബലമായിരിക്കുന്നതും. സര്‍ക്കാരേതര സംഘടനകള്‍ക്കും മറ്റും പരിമിതിയുണ്ട്, ഭരണകൂടത്തെ പാര്‍ലമെന്റിലും പുറത്തും തുറന്നെതിര്‍ക്കാന്‍. ജനകീയ വികാരം സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ രാഷ്ട്രീയ പിന്‍ബലം കൂടിയേ തീരൂ.
പ്രത്യേക സാമ്പത്തിക സോണുകള്‍, വന്‍കിട വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് രാജ്യമെങ്ങും വഴിതുറക്കുകയാണ്. നന്ദിഗ്രാമും സിംഗൂരും ഇടതു ഭരണത്തെ തന്നെ കടപുഴക്കി. ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളിലും ഭൂപ്രശ്‌നം പുകയുകയാണ്. ഈ അശാന്തിയില്‍ വിത്തിടാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പലരും രംഗത്തു വന്നു കഴിഞ്ഞു.
വ്യവസ്ഥാപിത ഇടതുപക്ഷം ദുര്‍ബലമാകുമ്പോള്‍ തീവ്ര ഇടതുപക്ഷം ശക്തിയാര്‍ജിക്കുന്നതും കാണാതെ പോകരുത്. രാജ്യത്തെ 200 ജില്ലകളില്‍ 'ഏറ്റവും വലിയ ആഭ്യന്തര ഭീഷണി'യായി അത് മാറിക്കഴിഞ്ഞുവെന്നാണ് കേന്ദ്രഭാഷ്യം. 34 കൊല്ലം ഇടതു ഭരണം നടന്ന ബാംഗാളിലെ നാല് ജില്ലകളും ഇവയിലുള്‍പ്പെടും. വ്യവസ്ഥാപിത ഇടതു പ്രസ്ഥാനങ്ങള്‍ ഒഴിച്ചിട്ടതോ അവഗണിച്ചതോ ആയ ഇടങ്ങളിലാണ് തീവ്ര വിഭാഗം വിത്തിട്ടതും വളര്‍ന്നു വികസിച്ചതും. ദരിദ്ര ജനതയാണ് ഈ മേഖലയില്‍ കൂടുതല്‍. വികസനം ഒട്ടും എത്തിപ്പെടാത്ത പ്രദേശങ്ങളാണ് പലതും. ഗോത്ര ജനവിഭാഗങ്ങളും ദുര്‍ബല വിഭാഗങ്ങളുമാണ് ഇവിടെ അധിവസിക്കുന്നവരില്‍ ഏറെയും.
മാവോയിസ്റ്റ് സ്വാധീനത്തിന്റെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ ഭരണവര്‍ഗം മാത്രമല്ല, വ്യവസ്ഥാപിത ഇടതുപക്ഷവും ഇനിയും തിരിച്ചറിയുന്നില്ല. സൈനികമായ അടിച്ചമര്‍ത്തല്‍ മാത്രമാണ് പരിഹാരമെന്നാണ് ഭരണകൂടം പറയുന്നത്. അതേ സമയം ആദിവാസി മേഖലകളിലെ വിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള ആസൂത്രിത നീക്കമാണ് നക്‌സല്‍വേട്ടയുടെ മറുപുറമെന്ന ആരോപണം തള്ളാന്‍ കഴിയില്ല.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണ ചിന്തകള്‍ ശക്തിപ്പെടേണ്ട സമയം കൂടിയാണിത്. എന്നാല്‍, അതിനൊന്നും സമയമായില്ലെന്നാണ് സി.പി.എം വാദം. 'ഇടതു പര്‍ട്ടികള്‍ കൂടുതല്‍ അപ്രസക്തമായി മാറുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ പരിതപിക്കുന്നു' എന്നാണ് സോമനാഥ് ചാറ്റര്‍ജി പറഞ്ഞത്. ഒന്നുകില്‍ മാറ്റത്തിനും പുനരാലോചനകള്‍ക്കും വിധേയമാവുക. അതല്ലെങ്കില്‍ നശിക്കുക-സി.പി.ഐ നേതാവ് എ.ബി ബര്‍ദന്‍ ഓര്‍മിപ്പിക്കുന്നു.
1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിന്റെ തുടര്‍ച്ചകള്‍ സൈദ്ധാന്തിക നിര്‍ധാരണം നടത്തേണ്ട സമയമാണോ ഇത്? തകര്‍ച്ചയുടെ ദയനീയ ഘട്ടത്തിലെങ്കിലും പുനരാലോചന നടക്കുന്നില്ലെങ്കില്‍ അതിനുള്ള രാഷ്ട്രീയ വിവേകം ഇനി എന്നാവും ഉണ്ടാവുക?
[email protected]
Comments