പ്രതീക്ഷകളുടെ വലിയ വാതിലുകള്‍
ലോക പ്രസിദ്ധ ഇസ്‌ലാമിക ചിന്തകനും പ്രബോധകനും പണ്ഡിതനുമായ ഐദ് അല്‍ ഖര്‍നി രചിച്ച ലാ തഹ്‌സന്‍ എന്ന കൃതിയുടെ മലയാള പരിഭാഷയാണ് 'ദുഃഖിക്കരുത് അല്ലാഹു നമ്മോടൊപ്പമുണ്ട്'. ഐദ് അല്‍ ഖര്‍നിയുടെ മാന്ത്രിക തൂലികയില്‍ നിന്ന് അടര്‍ന്നുവീണ അക്ഷരങ്ങളെ വശ്യത ഒട്ടും കുറയാതെ മലയാളത്തിലേക്ക് പകര്‍ത്തിയെഴുതുന്നതില്‍ കെ.ടി ഹനീഫ് വിജയിച്ചിരിക്കുന്നു. പ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതനും ബഹുമുഖ പ്രതിഭയായിരുന്ന അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ സ്മരണാര്‍ഥം സ്ഥാപിച്ച 'വി.എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഫൗണ്ടേഷ'ന്റെ പ്രഥമ സംരംഭമാണ് ഈ കൃതി.
എല്ലാ വഴികളുമടയുമ്പോള്‍, എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെടുമ്പോള്‍ നാം അറിയാതെ വിളിച്ചുപോവും 'അല്ലാഹുവേ........ '. പ്രതീക്ഷയുടെ എല്ലാ ഭാവപ്പകര്‍ച്ചകളും മുഖത്ത് തെളിയുന്ന ഈ വിളിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് 'ദുഃഖിക്കരുത്, അല്ലാഹു നമ്മോടൊപ്പമുണ്ട്' എന്ന പുസ്തകം തുടങ്ങുന്നത്. ഇതൊരാവര്‍ത്തി വായിക്കുമ്പോഴേക്കും ഭൂമിയിലെ എല്ലാ സങ്കടങ്ങളും തലച്ചുമടാക്കി നടക്കുന്ന നമുക്ക് ഭാരമിറക്കിവെക്കാനാവും. നമ്മുടെ ഹൃദയത്തില്‍ അസ്വാരസ്യങ്ങളുണ്ടാക്കുന്ന ആത്മസംഘര്‍ഷങ്ങളെ സര്‍ഗാത്മകമായി നേരിട്ട് ജീവിതത്തെ വിജയത്തിലേക്കെത്തിക്കാനുള്ള അതിജീവന കലയെക്കുറിച്ചാണ് പുസ്തകം നമുക്ക് പറഞ്ഞുതരുന്നത്. പേരു സൂചിപ്പിക്കുന്നത് പോലെത്തന്നെ പുസ്തകത്തിലുടനീളം ദുഃഖത്തെ ഇറക്കിവെച്ച് സന്തോഷം തേടിയുള്ള യാത്രയാണ്.
സുഖ ദുഃഖങ്ങളുടെ സമ്മിശ്രമായ മനുഷ്യജീവിതത്തില്‍ ആകസ്മികമായെത്തുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ നേരിടാമെന്ന് ഹൃദ്യമായ ഭാഷയില്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും പിന്‍ബലത്തോടെ രചയിതാവ് നമുക്ക് പകര്‍ന്നുതരുന്നു. ഒപ്പം ഇതിലെ സാരോപദേശ കഥകളും പഴഞ്ചൊല്ലുകളും കാവ്യശകലങ്ങളും വായനയുടെ രുചി കൂട്ടുന്നു. ചെറിയ ചെറിയ വാചകങ്ങളിലൂടെ പറയുന്ന പ്രതീക്ഷയുടെ വര്‍ത്തമാനമാണ് ഈ പുസ്തകം.
ഇസ്‌ലാം സങ്കടപ്പെടുത്തലിന്റെ മതമല്ലെന്ന് പുസ്തകം നമ്മെ അടിക്കടി ഓര്‍മപ്പെടുത്തുന്നുണ്ട്. ഇതു തന്നെയാണ് മറ്റു മതങ്ങളില്‍ നിന്ന് ഇസ്‌ലാമിനെ വേര്‍തിരിക്കുന്നത്. മുജ്ജന്മപാപഭാരവും ശാപം പേറുന്ന മനുഷ്യജീവിത സങ്കല്‍പവും മലിനപ്പെടുത്താത്ത മതമാണ് ഇസ്‌ലാമെന്ന് സമര്‍ഥിക്കുന്നു. ഭൂമിയിലേക്ക് വിരുന്നുകാരായി എത്തിയ നമ്മുടെ കഷ്ടപ്പാടുകള്‍ ഇവിടേക്ക് മാത്രമുള്ളതാണ്. അസ്തമയത്തോടെ നമ്മുടെ യാത്ര സന്തോഷങ്ങളുടെ യാഥാര്‍ഥ്യങ്ങളിലേക്കാണെന്ന ശാന്തിമന്ത്രം പുസ്തകം നമ്മോട് പതിഞ്ഞ സ്വരത്തില്‍ കൂട്ടുകാരനെപ്പോലെ പറഞ്ഞുതരുമ്പോള്‍ വ്യാമോഹങ്ങള്‍ ഹൃദയത്തില്‍നിന്ന് പടിയിറങ്ങുന്നു. മനോവ്യഥകള്‍ക്ക് മനസ്സില്‍ ഇടംകിട്ടാതെയാവുന്നു.
ദുഃഖവും സന്തോഷവുമെല്ലാം നമ്മുടെ തന്നെ സൃഷ്ടിയാണ്. ഈമാനെ ആസ്വദിക്കാന്‍ കഴിയാത്തതാണ് ഇതിന്റെ കാരണമെന്ന് ഇസ്‌ലാമിക പ്രമാണങ്ങളോടൊപ്പം മനഃശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും പിന്തുണയോടെ ഐദ് അല്‍ഖര്‍നി സമര്‍ഥിക്കുന്നു. ജീവിതത്തിലെ സകല സന്തോഷങ്ങളുടെയും സിദ്ധൗഷധമായി രചയിതാവ് അല്ലാഹുവിനോടുള്ള അതിയായ പ്രണയത്തെ നിര്‍ദേശിക്കുന്നതോടെ പ്രതീക്ഷയുടെ പടവുകള്‍ കയറി ജീവിതത്തിന്റെ കൂടുതല്‍ തിളക്കമേറിയ വശത്തേക്കാണ് നമ്മെ വിളിച്ചുകൊണ്ടുപോവുന്നത്.
'കാലത്തെ പിറകോട്ട് തിരിക്കാനോ വേഗത്തില്‍ മുന്നോട്ട് ഓടിക്കാനോ കഴിയാത്ത നിന്റെ ദുഃഖം കൊടുങ്കാറ്റ് പൂമൊട്ടുകളെ തല്ലിവീഴ്ത്തുന്നതു പോലെ നിന്റെ സ്വപ്നങ്ങള്‍ക്ക് അകാല ചരമം വിധിക്കും. നീയെത്ര കാലം സന്തോഷവാനായി ജീവിച്ചുവോ അത്രയുമാണ് നിന്റെ ജീവിതം. നീ വിഷാദവുമായി കുത്തിയിരുന്ന കാലം ജീവിതത്തിന്റെ കണക്കിലുണ്ടാവുകയില്ല.' പുസ്തകത്തിലെ ഇത്തരത്തിലുള്ള സാരോപദേശങ്ങള്‍ നമ്മെ ശുഭ പ്രതീക്ഷയുടെ തീരങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുന്നു.
ഖുര്‍ആനിക അധ്യാപനങ്ങള്‍ക്കും പ്രവാചക വചനങ്ങള്‍ക്കുമൊപ്പം സോക്രട്ടീസും നെപ്പോളിയനും മഹാത്മാ ഗാന്ധിയും കവി മുതനബ്ബിയും സുഹൈറും ഇബ്‌നു തൈമിയ്യയുമെല്ലാം പുസ്തകത്തില്‍ പലവട്ടം അതിഥികളായി വന്ന് നമ്മെ സല്‍ക്കരിക്കുന്നുണ്ട്.
Comments