ശാസ്ത്രവും സാഹിത്യവും മതവിദ്യാഭ്യാസത്തിന്റെ ഭാഗമാകണം - അഭിമുഖം
വിനയവും ലാളിത്യവും മുഖമുദ്രയാക്കിയ പണ്ഡിതനും കവിയും ഗ്രന്ഥകാരനുമാണ് മൈലാപ്പൂര് ഷൗക്കത്താലി മൗലവി. 1934-ല്‍ ജനിച്ച മൗലവി കൊല്ലം എസ്.എന്‍ കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റും പ്രൈവറ്റായി ഗണിതശാസ്ത്രം മുഖ്യവിഷയവും വാനശാസ്ത്രം സബ്‌സിഡിയറിയുമായി ബിരുദവും നേടി. മൗണ്ട് ടാബോര്‍ ട്രെയ്‌നിംഗ് കോളേജില്‍ നിന്ന് ബി.എഡ് പൂര്‍ത്തിയാക്കി. വിവിധ സ്‌കൂളുകളില്‍ ഇംഗ്ലീഷ്-ഗണിതശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിച്ച മൗലവി 1989-ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. കൊല്ലൂര്‍വിള മഅ്ദനുല്‍ ഉലൂം അറബിക് കോളേജില്‍ നിന്നാണ് ദീനീ വിദ്യാഭ്യാസം നേടിയത്.
ഹദീസ്, കവിത, വാനശാസ്ത്രം എന്നിവയാണ് ഷൗക്കത്താലി മൗലവിയുടെ ഇഷ്ടവിഷയങ്ങള്‍. ബാല്യകാലം മുതലേ രചനാരംഗത്ത് സാന്നിധ്യമറിയിച്ച മൗലവി കവിതാ രചനയിലൂടെയാണ് തന്റെ സാഹിത്യസപര്യക്ക് തുടക്കം കുറിച്ചത്. ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ 'മംഗല്യമാല', 'തൂലികയോട്' തുടങ്ങിയ കവിതകള്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് കേരള കൗമുദി, മലയാള രാജ്യം, പ്രഭാതം, ചന്ദ്രിക, സുന്നി ടൈംസ് തുടങ്ങിയവയില്‍ എഴുതാന്‍ തുടങ്ങി. 1976-ല്‍, പ്രമുഖ ഹദീസ് സമാഹാരമായ 'മിശ്കാത്തുല്‍ മസ്വാബീഹ് പരിഭാഷയും വ്യാഖ്യാനവും' എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ ഒന്നാം വാള്യം പ്രസിദ്ധീകരിച്ചു. പ്രകാശനം നിര്‍വഹിച്ചത് അന്ന് മന്ത്രിയായിരുന്ന അവുക്കാദര്‍കുട്ടി നഹയായിരുന്നു. ഇസ്‌ലാമും ശാസ്ത്രവും, വാനശാസ്ത്രം ചിത്രങ്ങള്‍ സഹിതം, ഖസീദത്തുല്‍ ബുര്‍ദ പദ്യവിവര്‍ത്തനം സവ്യാഖ്യാനം, മതവും യുക്തിവാദവും, മുഹമ്മദന്‍ ലോ സമ്പൂര്‍ണ അവലോകനം, ഇസ്‌ലാമിക ദായക്രമം, ഇസ്‌ലാമും ശാസ്ത്രവും, അറബി ഗണിതശാസ്ത്രം മലയാളത്തില്‍, സ്‌നേഹ സാഫല്യം, നബിയുടെ ഹിജ്‌റ (മാപ്പിളപ്പാട്ട്) തുടങ്ങി മുപ്പത് ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഏതാനും കൃതികള്‍ രചന പൂര്‍ത്തീകരിച്ചു, പ്രസിദ്ധീകരണത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഇമാം ബൂസ്വുരി എഴുതിയ ഖസ്വീദത്തുല്‍ ബുര്‍ദയുടെ വ്യാഖ്യാനസഹിതമുള്ള മലയാള കാവ്യാവിഷ്‌കാരം പ്രസിദ്ധീകരിച്ചത് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടാണ്. തെരഞ്ഞെടുത്ത 26 കവിതകളുടെ സമാഹാരമാണ് 'സ്‌നേഹ സാഫല്യം.' കേരള സര്‍വകലാശാലയിലെ മലയാളം വിഭാഗം പ്രഫസറായിരുന്ന ഡോ. എന്‍.ആര്‍ ഗോപിനാഥന്‍ പിള്ളയാണ് 'സ്‌നേഹസാഫല്യ'ത്തിന് അവതാരിക എഴുതിയിട്ടുള്ളത്. തിരുവനന്തപുരം മുസ്‌ലിം അസോസിയേഷന്റെ സാഹിത്യ അവാര്‍ഡ്, യു.എ.ഇയിലെ ഇമാം റാസി ട്രസ്റ്റിന്റെ ഇമാം റാസി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഹദീസ് വിജ്ഞാനരംഗത്ത് നല്‍കിയ സംഭാവനകളുടെ പേരില്‍ കേരള യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം 2012-ല്‍ ആദരിച്ച പതിനൊന്ന് പണ്ഡിതരില്‍ ഒരാളായിരുന്നു ഷൗക്കത്താലി മൗലവി.
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ സ്ഥിതി ചെയ്യുന്ന മന്നാനിയ അറബിക് കോളജിന്റെ സ്ഥാപക സെക്രട്ടറിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിര്‍വാഹക സമിതി അംഗവും, അന്നസീം ദൈ്വവാരികയുടെ എഡിറ്ററുമാണ് മൗലവി. ഹദീസ് പഠന ഗവേഷണങ്ങള്‍ക്കായി തുടങ്ങിയ 'മലയാളീസ് ഇസ്‌ലാമിക് സാഹിത്യ അക്കാദമി ആന്റ് ഹദീസ് റിസര്‍ച്ച് സെന്ററി'ന്റെ സ്ഥാപക പ്രസിഡന്റും മൗലവി തന്നെ. തന്റെ ജീവിതവും ദര്‍ശനവും എളിമയോടെ വിശദീകരിച്ച മൗലവിയുടെ ദീര്‍ഘ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍.
? താങ്കളുടെ കുട്ടിക്കാലത്തെയും ഈ പ്രദേശത്തിന്റെ കഴിഞ്ഞ കാലത്തെയും കുറിച്ച് പറഞ്ഞുകൊണ്ട് തുടങ്ങാം.
കേരളത്തിലെ ആദ്യകാല മുസ്‌ലിം കേന്ദ്രങ്ങളിലൊന്നായ കൊല്ലം ജില്ലയിലെ, കൊല്ലൂര്‍വിളയിലാണ് എന്റെ പിതാവിന്റെ ജനനം. വാപ്പ വലിയ വീട്ടില്‍ സുലൈമാന്‍ കുഞ്ഞ്. ഉമ്മ അഞ്ചല്‍ വേലിശേരി ബംഗ്ലാവില്‍ സൈനബുമ്മാള്‍. പ്രദേശത്തെ ദീനീ പാരമ്പര്യമുള്ള പ്രമുഖ കുടുംബങ്ങളായിരുന്നു രണ്ടും. അബ്ദുര്‍റഹമാന്‍ കുഞ്ഞ് എന്നായിരുന്നു വാപ്പായുടെ പിതാവിന്റെ പേര്. മൈലാപ്പൂരില്‍ കുടുംബ വകയായി ഉണ്ടായിരുന്ന 5 ഏക്കര്‍ ഭൂമിയിലേക്ക് എന്റെ ജനനത്തിനു മുമ്പ് വാപ്പ താമസം മാറ്റുകയായിരുന്നു. കൊല്ലൂര്‍വിളയിലെ പൗരപ്രമുഖനും പിണയ്ക്കല്‍ ഭാഗത്തെ നേതാവുമായിരുന്നു എന്റെ വാപ്പയുടെ വാപ്പ. ധാരാളം ഭൂസ്വത്തും വലിയ സാമ്പത്തിക ശേഷിയുമുണ്ടായിരുന്നു അദ്ദേഹത്തിന്. അക്കാലത്ത് കൊല്ലത്ത് നിരവധി പ്രമുഖ മുസ്‌ലിം കുടുംബങ്ങള്‍ ഉണ്ടായിരുന്നു. അഞ്ചലിലെ ദീനീ നേതൃത്വത്തില്‍ ഉള്ളവരായിരുന്നു ഉമ്മയുടെ കുടുംബം. ഉമ്മയുടെ വാപ്പ മുഹമ്മദ് കൊച്ചു കുഞ്ഞ് മേത്തറാണ് അഞ്ചലില്‍ പള്ളി നിര്‍മിച്ചത്. ദീനീവിജ്ഞാനവും വൈദ്യവും നല്ല വായനാശീലവും ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം. സംസ്‌കൃത ഗ്രന്ഥങ്ങളുടെ മലയാള വിവര്‍ത്തനങ്ങള്‍ അദ്ദേഹം വായിക്കാറുണ്ടായിരുന്നു. വാപ്പയുടെ കല്യാണം കഴിഞ്ഞപ്പോള്‍, സംസ്‌കൃതത്തിലുള്ള വൈദ്യശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ അദ്ദേഹത്തിന്റെ കൈയില്‍ കൊടുത്ത് വായിച്ചു കേള്‍ക്കാന്‍ ഇരിക്കുമായിരുന്നു മുഹമ്മദ് കൊച്ചു കുഞ്ഞ് മേത്തറെന്ന് ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ വാപ്പക്ക് ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസമുണ്ടായിരുന്നു. അന്ന് സ്‌കൂള്‍ അധ്യാപകനാകാന്‍ അത് മതി. പക്ഷേ, അക്കാലത്ത് വലിയ വീട്ടിലെ ഒരു അംഗം ജോലിക്കു പോകുന്നത് നാട്ടുകാര്‍ക്കിടയില്‍ കുറച്ചിലായിരുന്നു. അത്രക്ക് ആഢ്യത്വം ഉണ്ടായിരുന്നു വാപ്പയുടെ പിതാവിന് എന്നര്‍ഥം. ഭൂസ്വത്തും കൃഷിയും കാലിവളര്‍ത്തലുമൊക്കെയായി നല്ല വരുമാനമുണ്ടായിരുന്നു. അത്തരം ധാരാളം മുസ്‌ലിം കുടുംബങ്ങള്‍ ഇവിടെയുണ്ടായിരുന്നു. വാപ്പയുടെ ജ്യേഷ്ഠന്‍ അബ്ദുല്ല കുഞ്ഞ് വിവാഹം കഴിച്ചത് കൊല്ലത്തെ ബംഗ്ലാവില്‍ നിന്നാണ്. അദ്ദേഹം യാത്രക്കുപയോഗിച്ചിരുന്നത് മികച്ച തരം കുതിരകളെയായിരുന്നു. ഓരോ മാസവും ഓരോ പുതിയ കുതിരയെ വാങ്ങും. ഒരു മാസത്തിനുശേഷം പിന്നെ അതിനെ ഉപയോഗിക്കില്ല. വളരെ ലാവിഷായ ജീവിതമായിരുന്നു നയിച്ചിരുന്നത്. ഇത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. മറ്റു ധനിക കുടുംബങ്ങളിലും ഇങ്ങനെയുള്ളവര്‍ ഉണ്ടായിരിക്കാം. 'ഞാന്‍ കാരണമാണ് സ്വത്തൊക്കെ അന്യാധീനപ്പെട്ടു പോയതെ'ന്ന് അവസാന കാലത്ത് അദ്ദേഹം എന്നോട് പറയുമായിരുന്നു. എന്റെ കുടുംബ ചരിത്രം പറയാനല്ല, ഒരു കാലത്തെ ഇവിടുത്തെ മുസ്‌ലിം ജീവിതാവസ്ഥകള്‍ മനസിലാക്കാനാണ് ഇത് അനുസ്മരിച്ചത്.
? വിവിധ മതവിഭാഗങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന പ്രദേശമാണല്ലോ ഇത്, അതിന്റെ ചരിത്രം എങ്ങനെയായിരുന്നു....
കൊല്ലവും മൈലാപ്പൂരും മതസൗഹാര്‍ദത്തിന്റെ വലിയ പാരമ്പര്യമുള്ള പ്രദേശങ്ങളാണ്. വിവിധ വിഭാഗങ്ങള്‍ സ്‌നേഹപൂര്‍വം ഇടപഴകിക്കഴിയുന്നു ഇവിടെ; അന്നും ഇന്നും. മുസ്‌ലിംകള്‍, നായന്മാര്‍, ഈഴവര്‍, പുലയര്‍, കുറവര്‍ തുടങ്ങിയവരൊക്കെ ഇടകലര്‍ന്നാണ് ഇവിടെ ജീവിച്ചിരുന്നത്. ഇന്നും അങ്ങനെത്തന്നെ. മുസ്‌ലിംകളായിരുന്നു ഭൂരിപക്ഷം. ഇടത്തരം കുടുംബങ്ങളും സാധാരണക്കാരും മുസ്‌ലിംകള്‍ക്കിടയില്‍ ധാരാളം ഉണ്ടായിരുന്നു. കച്ചവടം, കന്നുകാലി വളര്‍ത്തല്‍, കൃഷി, കാളവണ്ടി ഓടിക്കല്‍ തുടങ്ങിയ ജോലികള്‍ മുസ്‌ലിംകള്‍ ചെയ്തിരുന്നു. കാളവണ്ടികള്‍ ധാരാളമുണ്ടായിരുന്ന സ്ഥലമാണിത്. മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടന്നിരുന്ന മൈലാപ്പൂരിലെ പ്രസിദ്ധ പെരുങ്കുളത്തു ചിറയും കോട്ടമുറി വയലും ഇന്ന് പഴങ്കഥകളായിത്തീര്‍ന്നിരിക്കുന്നു. എല്ലാം മണ്ണിട്ടു തൂര്‍ത്ത് കൂറ്റന്‍ കെട്ടിടങ്ങള്‍ പണിതുകൊണ്ടിരിക്കുകയാണ്.
കന്നുകാലി വളര്‍ത്തുന്ന പതിവുണ്ടായിരുന്നു അക്കാലത്ത് മുസ്‌ലിം കുടുംബങ്ങള്‍ക്ക്. എന്റെ തറവാട്ടില്‍ വാപ്പായുടെ വീട്ടില്‍ 200 കാലികള്‍ ഉണ്ടായിരുന്നു. അവയെ മേയ്ക്കുന്ന സ്ഥലമായിരുന്നു മൈലാപൂരിലെ 5 ഏക്കര്‍ ഭൂമി. കൊല്ലൂര്‍വിളയില്‍ നിന്ന് രാവിലെ കാലികളെ തെളിച്ചു കൊണ്ടുവന്ന് ഇവിടെ മേയാന്‍ വിടും. വൈകുന്നേരം തിരിച്ചുകൊണ്ടുപോയി തൊഴുത്തില്‍ കയറ്റും. കാലി വളര്‍ത്തല്‍ നല്ലൊരു വരുമാന മാര്‍ഗമായിരുന്നു. പുലയ സമുദായക്കാരായിരുന്നു കൃഷി ജോലികള്‍ ചെയ്തിരുന്നത്. കാലികളെ മേയ്ക്കലും അനുബന്ധ ജോലികളും അവര്‍ ചെയ്തിരുന്നു. ഇവിടെ നാല്‍പതില്‍പരം പുലയ കുടുംബങ്ങള്‍ ഞങ്ങളുടെ 'കുടുംബ വക'യായി ഉണ്ടായിരുന്നു. 'കുടുംബ വക'ക്കാര്‍ എന്നുപറഞ്ഞാല്‍, ഞങ്ങളുടെ കുടുംബത്തിന്റെ സംരക്ഷണത്തില്‍ കഴിയുകയും കുടുംബത്തിലെ ജോലികളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നവര്‍. ഞങ്ങളുടെ ഭൂമിയില്‍ വീടുകെട്ടി താമസിച്ചിരുന്നു ചിലര്‍. ഇങ്ങനെ പല പ്രമുഖ മുസ്‌ലിം കുടുംബങ്ങളുടെയും ഭാഗമായി ധാരാളം പുലയ കുടുംബങ്ങളും 'താഴ്ന്ന ജാതിക്കാരാ'യി സവര്‍ണര്‍ മാറ്റി നിര്‍ത്തിയവരും ജീവിച്ചിരുന്നു. മേല്‍ജാതിക്കാര്‍ ഇത്തരക്കാരെ അടുപ്പിക്കുമായിരുന്നില്ല. അയിത്താചരണം വളരെ ശക്തമായിരുന്ന കാലമാണ് അത്. ഇങ്ങനെ മാറ്റി നിര്‍ത്തപ്പെടുകയും അധഃകൃതരായി മുദ്രകുത്തപ്പെടുകയും ചെയ്ത കുടുംബങ്ങളുടെയും മറ്റും ഉത്തരവാദിത്തം മുസ്‌ലിം കുടുംബങ്ങളാണ് വഹിച്ചിരുന്നത്. അവരുടെ ചെലവുകള്‍ എല്ലാം ഞങ്ങളുടെ കുടുംബങ്ങള്‍ നടത്തും. നമ്മുടെ വീടുകളില്‍ വന്ന് ചെറിയ കുട്ടികളെയൊക്കെ എടുത്ത് കൊണ്ടുപോയി താലോലിക്കും, പരിപാലിക്കും. വീട്ടിലെ വിശേഷാവസരങ്ങളില്‍ അവരും പങ്കാളികളാകും. അവരുടെ ഓണത്തിനും മറ്റും വിഭവങ്ങളും, കാണിക്കകളും നമ്മുടെ വീടുകളില്‍ കൊണ്ടുതരുമായിരുന്നു. പെരുന്നാള്‍ ആഘോഷവേളകളില്‍ വിഭവങ്ങള്‍ അവരുടെ വീടുകളിലും എത്തിക്കും. എന്റെ കുട്ടിക്കാലത്ത് ഉമ്മ ഉണ്ടാക്കിത്തന്ന പലഹാരങ്ങള്‍ പെരുന്നാളിന് ഈഴവ-പുലയ സഹോദരങ്ങളുടെ വീടുകളില്‍ ഞാനും എന്റെ ഇത്ത നഫീസാ ബീവിയും എത്തിച്ചുകൊടുത്തത് ഓര്‍മയുണ്ട്. വലിയ സൗഹാര്‍ദമായിരുന്നു അക്കാലത്ത് നിലനിന്നിരുന്നത്. ഇന്നും ആ സ്ഥിതി തുടരുന്നു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദം നിലനിര്‍ത്താനും പരസ്പരം ആദരിക്കാനും അവകാശങ്ങള്‍ വകവെച്ചുകൊടുക്കാനും നാം ശ്രദ്ധിക്കേണ്ടതാണ്.
? താങ്കളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ച്.
നാലാം ക്ലാസ് വരെയാണ് എനിക്ക് സ്‌കൂളില്‍ പോയി പഠിക്കാന്‍ കഴിഞ്ഞത്. തുടര്‍ പഠനത്തിന് തൊട്ടടുത്ത് സ്‌കൂള്‍ ഉണ്ടായിരുന്നില്ല. 3 മൈല്‍ അകലെയുള്ള സ്‌കൂളില്‍ പോയി പഠിക്കാനുള്ള സാഹചര്യവും നാട്ടില്‍ ഇല്ലായിരുന്നു. വ്യവസ്ഥാപിതമായി സ്‌കൂളില്‍ പോകുന്നത് മുടങ്ങിയെങ്കിലും പഠനം നിര്‍ത്തിയിരുന്നില്ല. മലയാളവും ഇംഗ്ലീഷും മറ്റും ഞാന്‍ സ്വന്തം നിലയില്‍ തന്നെ വായിച്ചു പഠിക്കും. പിന്നീട്, പ്രത്യേക പ്രവേശന പരീക്ഷ എഴുതി, എസ്.എസ്.എല്‍.സി പൊതുപരീക്ഷക്ക് യോഗ്യത നേടി, പത്താം ക്ലാസ് പൂര്‍ത്തിയാക്കി. അക്കാലത്ത് ഞാന്‍ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നു. കൊല്ലത്ത് സൈക്കിളില്‍ പോയാണ് സാധനങ്ങള്‍ വാങ്ങി കാളവണ്ടിയിലാക്കി കൊണ്ടുവന്നിരുന്നത്. ഒരു ദിവസം ചരക്കുകള്‍ക്കായി സൈക്കിളില്‍ വരുമ്പോള്‍ എസ്.എന്‍ കോളേജിനുമുമ്പില്‍ എത്തി. കോളേജിലേക്ക് നോക്കുമ്പോള്‍ മൂന്നാം നിലയുടെ പണി നടക്കുകയാണ്. 'എനിക്ക് ഇവിടെ പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ' എന്നാണ് ഞാന്‍ അപ്പോള്‍ ചിന്തിച്ചത്. അല്‍ഹംദുലില്ലാഹ്, അടുത്ത വര്‍ഷം അതേ കോളേജില്‍ ഇന്റര്‍മീഡിയറ്റിന് പ്രവേശനം ലഭിച്ചു. ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കിയ ഉടന്‍ മാത്‌സ് മുഖ്യ വിഷയവും വാനശാസ്ത്രം സബ്‌സിഡിയറിയുമായി ബി.എസ്.സിക്ക് പഠിക്കവെ പി.എസ്.സി വഴി അധ്യാപകനായി ജോലി ലഭിച്ചു. സര്‍വീസില്‍ ഇരുന്നുകൊണ്ടാണ് ബി.എസ്.സി മാത്‌സും ആസ്‌ട്രോണമിയും പിന്നീട് ബി.എഡും പൂര്‍ത്തിയാക്കിയത്. അതോടെ എനിക്ക് ഹൈസ്‌കൂളിലേക്ക് പ്രമോഷന്‍ ലഭിച്ചു. അന്ന് കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന വയനാട് മേപ്പാടിയിലായിരുന്നു ആദ്യ നിയമനം. അവിടെ ഞാനൊരു പള്ളിയിലാണ് താമസിച്ചിരുന്നത്. വലിയ സ്‌നേഹവും ആദരവുമായിരുന്നു അവിടുത്തെ ഇമാമും മൗലവിമാരും തന്നത്. അക്കാലത്ത് പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ പ്രസിദ്ധീകരണത്തില്‍ ഞാന്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. ജാമിഅയില്‍ പഠിച്ചിറങ്ങിയവരായിരുന്നു അവിടെ പല പള്ളികളിലും ഇമാമുമാര്‍. മലബാറിലെ ആത്മാര്‍ഥതയും ആതിഥ്യവും ഞാന്‍ അനുഭവിച്ചറിഞ്ഞ കാലമായിരുന്നു അത്. അങ്ങനെയൊന്ന് തെക്ക് ഭാഗത്ത് ഉണ്ടായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.
? ബി.എസ്.സി മാത്‌സും ആസ്‌ട്രോണമിയും പഠിച്ച താങ്കള്‍ എങ്ങനെയാണ് ഒരു ദീനീ പണ്ഡിതനായി വളര്‍ന്നത്.
എന്നെ ദീന്‍ പഠിപ്പിക്കണം എന്നത് മാതാപിതാക്കള്‍ക്ക് നേരത്തെയുള്ള ആഗ്രഹമായിരുന്നു. അതിനനുസരിച്ചുള്ള ദീനീ വിദ്യാഭ്യാസം ചെറുപ്പത്തിലേ എനിക്ക് തന്നിരുന്നു. സ്‌കൂളില്‍ ചേരുമ്പോള്‍ ഖുര്‍ആന്‍ അഞ്ച് ജുസ്അ് ഞാന്‍ ഓതിപ്പഠിച്ചിരുന്നു. ഇന്നത്തെ രക്ഷിതാക്കളില്‍ എത്രപേര്‍ മക്കള്‍ക്ക് ദീനീവിദ്യാഭ്യാസം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും, അതിനായി ശ്രമിക്കുന്നുവെന്നും ആലോചിക്കേണ്ടതാണ്. എല്ലാവരും ഭൗതികതക്കു പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ്. ദീനീ മേഖല അവഗണിച്ചുകൊണ്ടുള്ള ഈ പോക്ക് എവിടെച്ചെന്നാണ് നില്‍ക്കുകയെന്ന് നാം ചിന്തിക്കണം.
എനിക്ക് കുട്ടിക്കാലത്തു തന്നെ പണ്ഡിതന്മാരുടെ സാമീപ്യം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി. മലബാറില്‍ നിന്നും മറ്റും വന്ന പ്രമുഖ മതപണ്ഡിതര്‍ ഇവിടെ ഉണ്ടായിരുന്നു. വാമനപുരം മുഹമ്മദ് കുഞ്ഞു മൗലവി, ശാന്തപുരത്തെ കെ.ടി അബ്ദുര്‍റഹീം മൗലവി, ഇള്ളി എന്നു വിളിക്കുന്ന അദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുല്ല മൗലവി, അവരുടെ അളിയന്‍ ഇബ്‌റാഹീം മൗലവി തുടങ്ങിയവര്‍ ഇവിടുത്തെ ദീനീവിദ്യാഭ്യാസ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചവരാണ്. എനിക്ക് ഏറ്റവുമധികം പ്രചോദനം തന്നത് വാമനപുരം ഉസ്താദായിരുന്നു. ഹൈദരാബാദ് നൈസാമിന്റെ മുഫ്തിയായിരുന്നു പേരു കേട്ട പണ്ഡിതന്‍ അഹമ്മദ് കോയ മൗലവി. അദ്ദേഹത്തിന്റെ ശിഷ്യന്‍ പെരുമ്പടപ്പ് മുഹമ്മദുണ്ണി മൗലവിയുടെ ശിഷ്യനായിരുന്നു വാമനപുരം ഉസ്താദ്. ദര്‍സില്‍ പഠിച്ചു കൊണ്ടിരിക്കെ ഞാന്‍ എഴുതിയ മാപ്പിളപ്പാട്ടിന് അദ്ദേഹം അവതാരിക എഴുതിത്തന്നത് ഓര്‍മയില്‍ വരുന്നു.
? അക്കാലത്ത് തെക്കന്‍ കേരളത്തിലെ മതവിദ്യാഭ്യാസത്തിന്റെ രീതി എന്തായിരുന്നു.
'പള്ളിപ്പുരകള്‍' എന്നറിയപ്പെടുന്ന ഏകാധ്യാപക വിദ്യാലയമായിരുന്നു അന്നത്തെ പ്രാഥമിക ദീനീ പഠന കേന്ദ്രങ്ങള്‍. മദ്‌റസകള്‍ അന്നു കേള്‍ക്കാനേ ഉണ്ടായിരുന്നില്ല. മലബാറില്‍ നിന്നുവന്ന കോയക്കുട്ടി മുസ്‌ലിയാരാണ് എനിക്ക് ആദ്യമായി അക്ഷരങ്ങളും ദീനും പഠിപ്പിച്ചത്. പേപ്പറുകള്‍ കുത്തിക്കെട്ടിയുണ്ടാക്കിയ നോട്ടുബുക്കില്‍ അദ്ദേഹം അറബി അക്ഷരങ്ങള്‍ എഴുതിത്തരും. ഞങ്ങള്‍ അത് വായിച്ചും പകര്‍ത്തിയെഴുതിയും പഠിക്കും. വളരെ മനോഹരമായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. ഇവിടെ പേപ്പറില്‍ പ്രത്യേക മഷി ഉപയോഗിച്ചാണ് എഴുതിയിരുന്നത്. ചില ഭാഗത്ത് പലകയില്‍ എഴുതാറുണ്ടായിരുന്നു. അറബി മലയാളം അക്കാലത്ത് ഇവിടെ പള്ളിപ്പുരകളില്‍ പഠിപ്പിച്ചിരുന്നില്ല. നല്ല അറബി ഭാഷ തന്നെയായിരുന്നു പഠിപ്പിച്ചിരുന്നത്. സ്‌കൂളില്‍ നിന്ന് മലയാള ഭാഷയും പഠിപ്പിക്കും. അതുകൊണ്ട് നല്ല ഭാഷ പഠിച്ച് വളരാന്‍ അവസരം കിട്ടി. തെക്കന്‍ കേരളത്തില്‍ പിന്നീടാണ് അറബി മലായാളം വന്നത്. മലബാറിലെ അവസ്ഥ ഇതില്‍നിന്നു വ്യത്യസ്തമായിരുന്നു. അവിടെ അറബി മലയാളം ഓത്തുപള്ളികളില്‍ പഠിപ്പിച്ചിരുന്നു. മലബാറില്‍ നിന്നുവരുന്ന കച്ചവടക്കാര്‍ കൊണ്ടുവന്ന അറബി മലയാളത്തിലുള്ള പാട്ടുകളും ബൈത്തുകളും കഥകളും വായിച്ചാണ് ഞങ്ങള്‍ അറബി മലയാളം മനസിലാക്കിയിരുന്നത്. ഉറക്കെ പാട്ടുകള്‍ പാടിക്കൊണ്ടാണ് പുസ്തക കച്ചവടക്കാര്‍ വരിക. പെണ്‍കുട്ടികള്‍ അത്തരം പുസ്തകങ്ങള്‍ ധാരാളം വാങ്ങി വായിക്കാറുണ്ടായിരുന്നു.
? മഅ്ദനുല്‍ ഉലൂമിലെ വിദ്യാഭ്യാസത്തെക്കുറിച്ച്.
കൊല്ലൂര്‍വിള മഅ്ദനുല്‍ ഉലൂം അറബിക് കോളേജ് ഒരു ദര്‍സായിട്ടാണ് ആരംഭിച്ചത്. എന്റെ ഉസ്താദ് വാമനപുരം മുഹമ്മദ് കുഞ്ഞു മൗലവിയായിരുന്നു അതിന്റെ തുടക്കക്കാരന്‍. എന്റെ പ്രധാന ദീനീ ഉപരി വിദ്യാഭ്യാസ കേന്ദ്രം ആ പള്ളി ദര്‍സായിരുന്നു. അത് അന്ന് വലിയ ദീനീ വിജ്ഞാന കേന്ദ്രമായിരുന്നു. വലിയ പാരമ്പര്യമുള്ള മുസ്‌ലിം പ്രദേശമാണ് കൊല്ലൂര്‍വിള. തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം ജമാഅത്താണത്. അവിടെയാണ് മഅ്ദനുല്‍ ഉലൂം സ്ഥിതി ചെയ്യുന്നത്.
കോളേജില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ പള്ളി ദര്‍സിലും വിദ്യാര്‍ഥിയായിരുന്നു. കോളേജിലെ ക്ലാസ് കഴിഞ്ഞാല്‍ സൈക്കിളില്‍ പള്ളിയിലേക്ക് പോകും. ദീനീവിഷയങ്ങള്‍ ആവേശത്തോടെ പഠിക്കും. വാനശാസ്ത്രം എനിക്ക് ഇഷ്ട വിഷയമായിരുന്നതിനാല്‍, ദര്‍സില്‍ പഠിപ്പിച്ചിരുന്ന 'തസ്വ്‌രീഹുല്‍ അഫ്‌ലാക്' എന്ന കൃതി എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. കോളേജില്‍ വാനശാസ്ത്രം പഠിച്ചിരുന്ന എനിക്ക് പള്ളി ദര്‍സിലെ 'അഫ്‌ലാക്' പഠനം ഏറെ ഫലം ചെയ്തു. രണ്ടു വിദ്യാഭ്യാസവും സമന്വയിപ്പിക്കാന്‍ കഴിഞ്ഞത് അങ്ങനെയാണ്.
പുസ്തകത്തില്‍ പഠിക്കുന്ന നക്ഷത്രങ്ങളെക്കുറിച്ച വിവരങ്ങള്‍ ആകാശത്ത് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ അക്കാലത്ത് ഏറെ താല്‍പര്യമായിരുന്നു. രാത്രി, മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ച്, മൈതാനത്ത് പായ വിരിച്ച് ചെരിഞ്ഞു കിടന്ന് മലര്‍ന്ന് ആകാശത്തേക്ക് നോക്കി നക്ഷത്രങ്ങളെ നിരീക്ഷിക്കാനും, പുസ്തകത്തില്‍ കൊടുത്ത ചിത്രങ്ങള്‍ മുമ്പില്‍വെച്ച് നക്ഷത്രങ്ങളുടെ കിടപ്പും രൂപവും ബന്ധവുമൊക്കെ മനസ്സിലാക്കുകയും ചെയ്യുമായിരുന്നു. ധ്രുവ നക്ഷത്രവും സപ്തര്‍ഷികളുമൊക്കെ കണ്ട് മനസിലാക്കാന്‍ കഴിഞ്ഞു. അന്നത്തെ അവസ്ഥയില്‍, കഴിയാവുന്നത്ര പ്രായോഗികമായി പഠിക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്.
? ഒരു കാലത്ത് ശാസ്ത്രം മുസ്‌ലിം സമൂഹത്തിന്റെ വൈജ്ഞാനിക മണ്ഡലത്തില്‍ പ്രധാന വിഷയമായിരുന്നു, പിന്നീട് അത് അവഗണിക്കപ്പെട്ടു. ഇന്നിപ്പോള്‍ ഇബ്‌നുസീനയും ഫാറാബിയുമൊന്നും മുസ്‌ലിംകള്‍ക്കിടയില്‍ നിന്ന് വളര്‍ന്നു വരുന്നില്ല!
വളരെ പ്രധാനപ്പെട്ട വിഷയമാണിത്. ഇസ്‌ലാമും യഥാര്‍ഥ ശാസ്ത്രവും തമ്മില്‍ ഏറ്റുമുട്ടലില്ല. കാര്യകാരണ ബന്ധങ്ങളിലധിഷ്ഠിതമായ യഥാര്‍ഥ ജ്ഞാനമാണ് ശാസ്ത്രം. അതിനെ തള്ളിക്കളയാനാകില്ല. എന്നാല്‍, ശാസ്ത്രമല്ലാത്ത പലതും ശാസ്ത്രത്തിന്റെ പേരില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇത് തിരിച്ചറിയപ്പെടണം. തള്ളിക്കളയണം. ആസ്‌ട്രോണമിയും അസ്‌ട്രോളജിയും ഉദാഹരണം. ജ്യോതിഷവും ജ്യോതിശാസ്ത്രവും രണ്ടാണ്. നക്ഷത്രങ്ങളുടെ സ്ഥാനവും ചലനവും മറ്റുമാണ് ജ്യോതിശാസ്ത്രം. ഇത് സയന്‍സാണ്. ഒരു നക്ഷത്രം കാരണമായി എന്തുഫലമുണ്ടാകും എന്നുപറയുന്ന, മനുഷ്യന്റെ ഭാവിയും ജീവിതവും മറ്റും പ്രവചിക്കുന്ന അന്ധവിശ്വാസപരമായ കാര്യമാണ് ജ്യോതിഷം. യുക്തിയും ബുദ്ധിയുമുള്ളവരാരും ജ്യോതിഷത്തെ ശാസ്ത്രമായി അംഗീകരിക്കില്ല. പല യൂനിവേഴ്‌സിറ്റികളും ജ്യോതിഷത്തെ പഠന വിഷയമായി ഉള്‍പ്പെടുത്താനുള്ള അപേക്ഷ നിരസിച്ചത് അത് ശാസ്ത്രമല്ലാത്തതിനാലാണ്. ഡാര്‍വിന്‍ സിദ്ധാന്തം കാര്യകാരണബന്ധങ്ങളിലധിഷ്ഠിതമായി തെളിയിക്കാനായിട്ടില്ല. അതുകൊണ്ട് ഡാര്‍വിന്‍ തിയറി യഥാര്‍ഥ ശാസ്ത്രമല്ല.
ആത്മീയവിശ്വാസ കാര്യങ്ങളും ശസ്ത്രമല്ല. അത് കാര്യകാരണബന്ധങ്ങള്‍ക്കനുസൃതമായി തെളിയിക്കാനാവില്ല. അത് പഠിപ്പിക്കാനാണ് പ്രവാചകന്മാര്‍ വന്നത്. ചില പ്രസംഗകരും എഴുത്തുകാരും ആത്മീയ കാര്യങ്ങളെ ഭൗതികമായി വിശദീകരിക്കാനും 'ശാസ്ത്രീയവല്‍ക്കരിക്കാനും' ശ്രമിക്കാറുണ്ട്. അത് ശരിയല്ല. എന്നാല്‍, ഖുര്‍ആന്‍ ധാരാളം പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളെയും സൃഷ്ടിജാലങ്ങളിലെ അത്ഭുതങ്ങളെയും കുറിച്ച് സംസാരിക്കുന്നുണ്ട്. അത് ശാസ്ത്രത്തിന്റെ ഭാഗമാണ്. എന്നുമാത്രമല്ല, ഇസ്‌ലാമിക ചരിത്രം പഠിച്ചാല്‍ ശാസ്ത്രത്തിന് ഇസ്‌ലാം നല്‍കിയ സംഭാവനകളുടെ വലിപ്പവും മഹത്വവും മനസിലാക്കാന്‍ കഴിയും. ലോകത്തെ നാം പലതും പഠിപ്പിച്ചിട്ടുണ്ട്. ശാസ്ത്രം അതില്‍ പ്രധാനമാണ്.
ശാസ്ത്രത്തെ ഭൗതിക വിഷയമെന്ന് പറഞ്ഞ് മാറ്റിവെക്കരുത്, അങ്ങനെയൊരു ഭൗതിക വിഷയം വിജ്ഞാനമണ്ഡലത്തിലില്ല. ഞാന്‍ പഠിച്ച മുഖ്യവിഷയം മാത്‌സാണ്. ഇംഗ്ലീഷും മാത്‌സും സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്. അത് ദീനീവിഷയങ്ങളാണ്. ദീനീ നിയ്യത്തോടെയാണ് ഞാനവ പഠിച്ചതും പഠിപ്പിച്ചതും. യഥാര്‍ഥത്തില്‍ വാനശാസ്ത്രം ഉള്‍പ്പെടെ സയന്‍സ് വിഷയങ്ങള്‍ നമ്മുടെ ദീനീവിദ്യാഭ്യാസത്തിന്റെ ഭാഗമായി പഠിപ്പിക്കണം. അന്നസീമിന്റെ പുതിയ ലക്കത്തിലെ എഡിറ്റോറിയലില്‍ ഞാന്‍ അത് എഴുതിയിട്ടുണ്ട്.
? മലയാള ഭാഷയിലും സാഹിത്യത്തിലും നമ്മുടെ പാരമ്പര്യ മത മണ്ഡലം പൊതുവെ പിറകിലാണല്ലോ.
മലയാളഭാഷ നന്നായി പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നതില്‍ നാം പിറകിലായിപ്പോകുന്നത് ഖേദകരമാണ്. ഞാന്‍ പലപ്പോഴും ചിന്തിക്കാറുളള വിഷയമാണിത്. ഉദാഹരണമായി വിശുദ്ധ ഖുര്‍ആന്‍ അറബി ഭാഷയില്‍ മാത്രം വിശദീകരിച്ചാല്‍ സാധാരണക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മനസിലാക്കാന്‍ കഴിയില്ല. മികച്ച മലയാള ഭാഷയില്‍ ഖുര്‍ആന്‍ വിശദീകരിച്ചുകൊടുക്കണം. അത് നമ്മുടെ ബാധ്യതയാണ്. അത് സാധിക്കണമെങ്കില്‍ നാം നല്ല മലയാള ഭാഷ സ്വായത്തമാക്കണം. ഇതില്‍ നാം മുന്നേറിയിട്ടില്ല എന്ന കാര്യം പറയാതിരിക്കാനാവില്ല.
ഞാന്‍ മലയാളം പഠിച്ചത് ഭാഷക്കുവേണ്ടി തന്നെയാണ്; പരീക്ഷയില്‍ പാസാകാനല്ല. ഭാഷ പ്രയോഗിക്കുന്നതില്‍ തെറ്റുവരരുത് എന്ന് എനിക്ക് നിഷ്‌കര്‍ഷതയുണ്ട്. നല്ല ഭാഷ വശമില്ലാതെ നമുക്ക് ആളുകളെ അഭിമുഖീകരിക്കാനാവില്ല. വ്യാകരണ നിയമങ്ങള്‍ പാലിച്ച് ഭാഷാ ശുദ്ധിയോടെ എഴുതുകയും പ്രസംഗിക്കുകയും വേണം. പൊതു സാഹിത്യ മണ്ഡലത്തില്‍ നാം വളര്‍ന്നു വരണം. മലയാളം-അറബി ഭാഷകളിലെ അലങ്കാര ശാസ്ത്രത്തെ താരതമ്യം ചെയ്തുകൊണ്ട് ഞാന്‍ ഒരു പഠനം തയാറാക്കിയിട്ടുണ്ട്. ഉടന്‍ പ്രസിദ്ധീകരിക്കണമെന്നാണ് ആഗ്രഹം. ഇന്‍ഷാ അല്ലാഹ്. ഈ കൃതിയെക്കുറിച്ച് അഭിപ്രായം എഴുതിത്തന്ന ഡോ. എന്‍.ആര്‍ ഗോപിനാഥപിള്ള അറബിയില്‍ അലങ്കാര ശാസ്ത്രമുണ്ട് എന്ന കാര്യം സംസ്‌കൃത പണ്ഡിതര്‍ക്ക് പൊതുവെ അജ്ഞാതമാണെന്ന് പറയുന്നുണ്ട്. നാം അറബി സാഹിത്യവും അലങ്കാര ശാസ്ത്രവും അറബിയില്‍തന്നെ പഠിപ്പിക്കുമ്പോള്‍ മലയാളമതില്‍ ബന്ധപ്പെടുത്തേണ്ടതില്ല. എന്നാല്‍ അത് മലയാളത്തില്‍ പഠിപ്പിക്കേണ്ടിവന്നാല്‍ മലയാള സാഹിത്യവും അലങ്കാര ശാസ്ത്രവും പഠിച്ചും മനസ്സിലാക്കിയുമായിരിക്കണം പഠിപ്പിക്കേണ്ടത്. മലയാളത്തിലെ അലങ്കാര ശാസ്ത്രം പഠിക്കാത്തവര്‍ എങ്ങനെയാണ് അറബിയിലെ ബലാഗയും മുഖ്തസ്വറും ഇവിടെ താരതമ്യം ചെയ്യുന്നത്? ചില മതപ്രഭാഷകരുടെ പ്രസംഗങ്ങള്‍ ഭാഷാ ശുദ്ധിയില്ലാതാകുന്നത് മലയാള പഠനം അവഗണിക്കുന്നത് കൊണ്ടാണ്. ചിലരുടെ ലേഖനങ്ങളും അങ്ങനെത്തന്നെ. ഇവരൊക്കെ ഭാഷ പഠിക്കണം. അല്ലെങ്കില്‍ എഴുതാതിരിക്കണം. എങ്കില്‍ ചീത്തപ്പേരുണ്ടാകില്ലല്ലോ. അതുകൊണ്ട് മലയാള ഭാഷാപഠനത്തെ നാം ഗൗരവത്തില്‍ സമീപിക്കണം. ദീനീ വിദ്യാലയങ്ങളുടെ സിലബസില്‍ മലയാള ഭാഷയും സാഹിത്യവും ശാസ്ത്രവുമൊക്കെ പാഠ്യവിഷയമാക്കണം. മതരംഗത്ത് പ്രവര്‍ത്തിക്കുന്ന പണ്ഡിതരും പ്രസംഗകരും നല്ല ഭാഷ സ്വായത്തമാക്കണം. ഭാഷയും ശാസ്ത്രവും പഠിക്കുന്നത് ദീനീ വിദ്യാഭ്യാസം തന്നെയാണ്.
? ഇത്തരം വിഷയങ്ങള്‍ ഗൗരവത്തിലെടുക്കാന്‍ നമ്മുടെ മത വൃത്തത്തിന് സാധിക്കുന്നില്ലല്ലോ, അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങളിലും അനാരോഗ്യകരമായ വാദപ്രതിവാദങ്ങളിലും ഏര്‍പ്പെട്ട് സമയവും ഊര്‍ജവും പാഴാക്കുകയല്ലേ പലരും.
രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, സമൂഹത്തിന്റെ മനസ് വലിയ അളവില്‍ ഭൗതികമായിത്തീരുന്നു. പണം നേടുക, വലിയ വീടുകളും കെട്ടിടങ്ങളും സുഖസൗകര്യങ്ങളും ഒരുക്കുക... ഇതാണ് ജീവിതം എന്നാണ് പലരും ധരിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍, ഇന്ന് നാം കാണുന്ന ആഡംബര കെട്ടിടങ്ങളേക്കാള്‍, വിജ്ഞാനത്തിന്റെ കെട്ടിടങ്ങളാണ് പ്രധാനം എന്ന് മുസ്‌ലിം സമൂഹം തിരിച്ചറിയണം. ഭാഷയും സാഹിത്യവും ശാസ്ത്രവും നമ്മുടെ വിജ്ഞാനമേഖലയാകണം. മുസ്‌ലിം സ്‌പെയ്‌നിലേക്ക് കടല്‍ തിരകള്‍ പോലെ സായിപ്പുമാര്‍ ഒഴുകിയെത്തിയ ചരിത്രം നാം ആവര്‍ത്തിക്കണം.
രണ്ടാമത്തേത്, അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങള്‍ മുസ്‌ലിം സമുദായം മാറ്റിവെക്കണം. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ പല അഭിപ്രായ ഭിന്നതകളും ഉണ്ട്. നമുക്ക് രണ്ടുപേര്‍ക്കും തന്നെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ട്. ഇതെല്ലാം പരിഹരിക്കാനോ അവസാനിപ്പിക്കാനോ കഴിഞ്ഞുകൊള്ളണമെന്നില്ല. അതെല്ലാം ഉള്ളതോടൊപ്പം നമുക്ക് സ്‌നേഹവും സൗഹൃദവും നിലനിര്‍ത്താന്‍ കഴിയും, കഴിയണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യമുള്ള കാലമാണിത്. ഓരോരുത്തരും അവരവരുടെ വീക്ഷണങ്ങളുമായി മുന്നോട്ടു പോകട്ടെ. തെറ്റുകള്‍ സ്‌നേഹത്തോടെ ഉപദേശിച്ച് തിരുത്താന്‍ ശ്രമിക്കുക. തമ്മില്‍ തര്‍ക്കിക്കാന്‍ നില്‍ക്കണ്ട.
? മുസ്‌ലിം സംഘടനകള്‍ക്കിടയിലെ കക്ഷി വഴക്കുകളുടെ കാര്യത്തില്‍ മലബാറും തെക്കന്‍ കേരളവും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. മലബാറിലെ രൂക്ഷമായ മതതര്‍ക്കങ്ങള്‍, തെക്കന്‍ കേരളത്തിലെ പണ്ഡിതര്‍ക്ക് ശീലമില്ല.
മലബാര്‍ മേഖലയിലെ സംഘര്‍ഷഭരിതമായ മതതര്‍ക്കങ്ങള്‍ ആ അളവില്‍ ദക്ഷിണ കേരളത്തിലില്ല. ഇവിടുത്തെ മത പണ്ഡിതര്‍ പൊതുവെ രൂക്ഷമായ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുന്നവരല്ല. സമാധാനപരമായ പ്രബോധനരീതിയാണ് ഞങ്ങള്‍ പൊതുവെ സ്വീകരിക്കാറുള്ളത്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖ പണ്ഡിതനും നേതാവുമായിരുന്ന ശിഹാബുദ്ദീന്‍ മൗലവിയുടെ നിലപാട് ഈ വിഷയത്തില്‍ വളരെ മാതൃകാപരമായിരുന്നു. വിയോജിപ്പുള്ളവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം വേണ്ട, ബോധവല്‍ക്കരണം മതി, മനസ്സിലാക്കുന്ന കാലത്ത് അവര്‍ മാറിക്കൊള്ളും എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒരിക്കല്‍ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഒരു യോഗം ജോനകപുറത്ത് നടന്നു. തബ്‌ലീഗിനെതിരെ ചില വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ നജീബ് മൗലവി ഒരു പുസ്തകം കൊണ്ടുവന്ന് വായിച്ച്, ആരോപിക്കപ്പെട്ട കാര്യങ്ങള്‍ തബ്‌ലീഗിന് ഇല്ല എന്ന് വിശദീകരിച്ചു. തുടര്‍ന്ന്, ശിഹാബുദ്ദീന്‍ മൗലവി ഇനി ഇതു സംബന്ധിച്ച് തര്‍ക്കിക്കേണ്ടതില്ല എന്നുപറഞ്ഞ് ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. കാര്യമായ തെറ്റുകള്‍ കണ്ടാല്‍ അത് ചൂണ്ടിക്കാണിക്കാം, അതല്ലാതെ അനാവശ്യമായി, ചെറിയ ചില കാര്യങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ പതിവാക്കേണ്ടതില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വളരെ മഹത്തായ നിലപാടാണ് ഇത്. മലബാറില്‍ കാര്യങ്ങള്‍ ഇതില്‍നിന്ന് വ്യത്യസ്തമാണെന്നാണ് മനസ്സിലാവുന്നത്.
ദീനീവിദ്യാഭ്യാസത്തിലും മതബോധനത്തിലും ഇസ്‌ലാമിക ഗ്രന്ഥരചനയിലും മലബാര്‍ മുസ്‌ലിംകള്‍ വളരെ മുന്നിലായിരുന്നു. സൈനുദ്ദീന്‍ മഖ്ദൂമിനെപോലുള്ള മഹാന്മാരായ പണ്ഡിതര്‍ അവിടെ ഉണ്ടായിട്ടുണ്ട്. അത് നാം ആദരവോടെ കാണേണ്ടതാണ്. എന്നാല്‍, അനാവശ്യമായ മതതര്‍ക്കങ്ങള്‍ ഉയര്‍ത്തിവിട്ട് തെരുവില്‍ തമ്മിലടിക്കുന്നത് ശരിയല്ല. തീവ്രനിലപാടുകള്‍ ഉപേക്ഷിക്കണം. വലിയ മൈതാനപ്രസംഗങ്ങള്‍ കൊണ്ട് കാര്യമില്ല, സമാധാനപൂര്‍ണമായ ബോധവല്‍ക്കരണമാണ് ആവശ്യം. എടുത്തുചാട്ടം, വ്യഗ്രത, രൂക്ഷത തുടങ്ങിയവയൊന്നും നല്ല ഗുണങ്ങളല്ല. അടിപിടിയും ബഹളവും സൃഷ്ടിച്ച് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാകില്ല. ധാരാളം അമുസ്‌ലിംകള്‍ ജീവിക്കുന്ന ഒരു രാജ്യത്ത്, അവര്‍ക്കിടയില്‍ ഇസ്‌ലാമിനെക്കുറിച്ച് തെറ്റുദ്ധാരണകള്‍ സൃഷ്ടിക്കുന്ന ശൈലി നാം സ്വീകരിക്കരുത്. ഇസ്‌ലാമിന്റെ ഇസ്സത്ത് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രദ്ധിക്കണം. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
Comments