സംവാദ ശൈലി മാറ്റുകതന്നെ വേണം
ഏകദേശം 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ അന്‍വാര്‍ശേരിയില്‍ അധ്യാപകനായിരിക്കെ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജയില്‍വാസവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു യാത്രയുടെ വേദനിപ്പിക്കുന്ന ഓര്‍മ സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ ലേഖന (സ്‌നേഹത്തോടെ സംവദിച്ചുകൂടേ മതസംഘടനകള്‍ക്ക്) പരമ്പര വായിച്ചപ്പോള്‍ മനസ്സില്‍ വീണ്ടുമെത്തി. മഅ്ദനി അതിക്രൂരമായ മനുഷ്യാവകാശ ധ്വംസനം നേരിടുന്ന സമയം. കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും ജനാധിപത്യവിശ്വാസികളും സമുദായ സ്‌നേഹികളും ഇസ്‌ലാമിക സംഘടനകളും ചെറിയ ചെറിയ പ്രതികരണങ്ങള്‍ അന്ന് നടത്തുന്നുണ്ടായിരുന്നു. രാമഭദ്രന്‍, കെ. അംബുജാക്ഷന്‍, മുകുന്ദന്‍ സി. മേനോന്‍, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, ഗ്രോ വാസു തുടങ്ങിയ നേതാക്കളും ദലിത് പാന്തേഴ്‌സ്, മനുഷ്യാവകാശ ഏകോപന സമിതി തുടങ്ങിയ സംഘടനകളും മഅ്ദനിക്കെതിരെ നടന്ന ക്രൂരമായ നീതിനിഷേധങ്ങള്‍ക്കെതിരെ ശക്തിയായി ശബ്ദിക്കാനും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനും മുന്നോട്ടു വന്നിട്ടും ഈ വിഷയത്തില്‍ മുസ്‌ലിം സംഘടനകളുടെ പ്രതികരണം മൊത്തത്തില്‍ നിരീക്ഷിക്കുമ്പോള്‍ വളരെ ചെറുതായിരുന്നു.
കേരളത്തിലെ വലിയ ഇസ്‌ലാമിക സംഘടനാ നേതാക്കളെ നേരില്‍ കണ്ട് വിഷയം ഉണര്‍ത്താനും അവരെക്കൊണ്ട് ഒരു പത്ര പ്രസ്താവനയെങ്കിലും നടത്തിക്കാനും ഈ കുറിപ്പുകാരന്‍ ഉള്‍പ്പെടെ അന്നത്തെ അന്‍വാര്‍ശേരിയുടെ പ്രവര്‍ത്തകര്‍ ശ്രമിക്കുകയുണ്ടായി. ഞങ്ങള്‍ അന്ന് അവരോട് പറഞ്ഞത് 'മഅ്ദനിയെ മോചിപ്പിക്കണമെന്നോ ജാമ്യം നല്‍കണമെന്നോ നിങ്ങള്‍ പറയേണ്ടതില്ല. മറിച്ച് ഒരു ഇന്ത്യന്‍ പൗരന് ന്യായമായും ലഭിക്കേണ്ട മനുഷ്യാവകാശ സംരക്ഷണമെങ്കിലും മഅ്ദനിക്ക് ലഭിക്കണമെന്ന് ആവശ്യപ്പെടണം' എന്നായിരുന്നു. എന്നാല്‍ അവരില്‍ നിന്നുണ്ടായ പ്രതികരണം നിരാശപ്പെടുത്തുന്നതും വേദനാജനകവുമായിരുന്നു. പഴയകാലത്ത് മഅ്ദനി ഉന്നയിച്ചിരുന്ന വിമര്‍ശനങ്ങളും രാഷ്ട്രീയ സംഘടനാ വിയോജിപ്പുകളും മാത്രമാണ് മനുഷ്യാവകാശത്തിന് വേണ്ടിയുള്ള ഈ പോരാട്ടത്തില്‍നിന്ന് അവരെ പിന്തിരിപ്പിച്ചത്. അതവര്‍ തുറന്നു പറയുകയും ചെയ്തു. വ്യക്തികളും സംഘടനകളും മഅ്ദനി വിഷയത്തില്‍ പ്രതികരിക്കാന്‍ ഭയത്തോടെ മാറിനിന്നപ്പോള്‍ ചങ്കുറപ്പോടെ മുന്നോട്ടുവന്ന ജമാഅത്തെ ഇസ്‌ലാമിയുടെയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പ്രതികരണങ്ങള്‍ സമുദായം എന്നും നന്ദിയോടെ സ്മരിക്കും. വ്യക്തിപരമായും അല്ലാതെയും പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന ചില വിമര്‍ശനങ്ങള്‍ കാരണമായി മാത്രം നീതിക്കും സത്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമരഭൂമിയില്‍നിന്ന് സംഘടനകളെ പിന്തിരിപ്പിക്കുന്ന വേദനാജനകമായ അവസ്ഥയിലേക്ക് മതസംഘടനകള്‍ എത്തിനില്‍ക്കുന്നു എന്നത് ഒട്ടും സന്തോഷകരമല്ല. നീതിക്കും സത്യത്തിനും വേണ്ടി ഒന്ന് ശബ്ദിക്കുക പോലും ചെയ്യുന്നില്ലെങ്കില്‍ ഇസ്‌ലാമിന്റെ സാമൂഹികബോധത്തിന്റെ ഏത് തലമാണ് മാനവസമൂഹത്തിന് ഈ മതസംഘടനകളിലൂടെ കാണാന്‍ കഴിയുന്നത്?
കേരളത്തിലെ മതസംഘടനകളുടെ സംവാദശൈലി ഇന്നൊട്ടും സന്തോഷകരമായ അവസ്ഥയിലല്ല. മാത്രമല്ല, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ അവ സൃഷ്ടിക്കുക കൂടി ചെയ്യുന്നു. കഴിഞ്ഞ കുറെ വര്‍ഷത്തെ കേരളത്തിലെ സംവാദരംഗം പരിശോധിച്ചാല്‍ ആ ശൈലിയും രീതിയും സമുദായത്തില്‍ ഭിന്നിപ്പും അകല്‍ച്ചയുമല്ലാതെ ഒന്നും നേടിത്തന്നിട്ടില്ല എന്ന് മനസ്സിലാകും.
കേരളത്തില്‍ ഇന്ന് നടക്കുന്ന വാദപ്രതിവാദങ്ങള്‍ ഒന്നും ഇസ്‌ലാം അനുശാസിക്കുന്ന രീതിയിലല്ല. എത്രയോ വാദപ്രതിവാദങ്ങള്‍ തമ്മില്‍ തല്ലിലും കല്ലേറിലും കൂക്കിവിളിയിലും അവസാനിച്ചിട്ടുണ്ട്. തമ്മില്‍ തല്ലാനും പരസ്പരം കാഫിറാക്കാനും വേദികളെ സംഘടനാ നേതാക്കള്‍ ഉപയോഗിച്ചപ്പോള്‍ സമുദായത്തിലുണ്ടായ ശിഥിലീകരണം എത്രയോ കനത്തതാണ്. പരസ്പരം പരാജയപ്പെടുത്താന്‍ സംഘടനകള്‍ മത്സരിച്ചപ്പോള്‍ സമുദായത്തിനുണ്ടായ അവഹേളനവും നിന്ദയും എത്ര വലുതാണ്.
ബുദ്ധിപരവും ആരോഗ്യകരവും ഉപകാരപ്രദവുമായ സംവാദരീതികള്‍ അവലംബിച്ചും സ്വന്തം വീഴ്ചകള്‍ തിരിച്ചറിഞ്ഞും പ്രതിപക്ഷത്തെ ബഹുമാനിച്ചും പുതിയ ശൈലികള്‍ നാം രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്. ആശയപരമായ വ്യത്യാസങ്ങള്‍ ഉള്ളതോടൊപ്പം നാമെല്ലാം ഇസ്‌ലാമിക സൊസൈറ്റിയുടെ ഭാഗമാണെന്ന ധാരണ മുസ്‌ലിം സാമാന്യ ജനത്തിന് ഉണ്ടാവാന്‍ അത് കാരണമാകുമെന്നതില്‍ സംശയമില്ല.
ഒരേ നാട്ടില്‍ ഒരുമയോടും സ്‌നേഹത്തോടും ഐക്യത്തോടും കഴിയേണ്ട വിശ്വാസികള്‍ കണ്ടാല്‍ പുഞ്ചിരിയോടെ ഒരു സലാം പോലും പറയാതെ മുഖം തിരിച്ചും വീര്‍പ്പിച്ചും നടക്കുന്ന അവസ്ഥ വല്ലാതെ വേദനിപ്പിക്കുന്നു. ഇതേസമയം സംഘടനാ നേതാക്കള്‍ പരസ്പരം കണ്ടാല്‍ നിഷ്‌കളങ്കമായി സലാം പറഞ്ഞും 'സ്വദഖ'യാകുന്ന പുഞ്ചിരി കൈമാറിയും പരസ്പരം ആദരിച്ചും അംഗീകരിച്ചും പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചാല്‍ അണികളിലത് ഐക്യബോധമുണ്ടാക്കും.
മതസംഘടനകളുടെ സംവാദശൈലീ മാറ്റത്തിന്റെ ആവശ്യകതയെക്കുറിച്ചും പൊതുവിഷയങ്ങളിലുള്ള ഐക്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മുടെ നേതാക്കള്‍ക്ക് എളുപ്പത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന ഏതാനും അഭിപ്രായങ്ങള്‍ സമുദായ നേതൃത്വത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു.
മുസ്‌ലിം സമൂഹത്തെയും സംഘടനകളെയും ബാധിക്കുന്ന പൊതുവിഷയങ്ങളില്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യുന്നതിനും അഭിപ്രായം സ്വരൂപിക്കുന്നതിനും പറ്റിയ ഒരു പൊതുവേദിക്ക് സംഘടനാ നേതാക്കള്‍ രൂപം നല്‍കിയാല്‍ വര്‍ത്തമാനകാല മുസ്‌ലിം ഉമ്മത്തിന് ചെയ്യുന്ന ഏറ്റവും വലിയ കൈത്താങ്ങാകുമത്. ഒരുമയോടെ ഇരിക്കാനും കാര്യങ്ങള്‍ മനസ്സ് തുറന്ന് ചര്‍ച്ച ചെയ്യാനും സ്‌നേഹത്തോടെ സംഗമിക്കാനും അര്‍ഥവും മൂല്യവും സംവിധാനവുമുള്ള വേദി. എങ്കില്‍ ഉമ്മത്തിനെ അലട്ടുന്ന ഒത്തിരി വിഷയങ്ങളില്‍ തുഛമായ സമയം കൊണ്ടുതന്നെ അഭിപ്രായ ഐക്യം ഉണ്ടാക്കി ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌കരിക്കാനും പൊതുജനങ്ങളിലെത്തിക്കാനും നമുക്ക് കഴിയും.
പൊതുവേദികളില്‍ രൂപപ്പെട്ട് വരുന്ന മത സംഘടനാ നേതാക്കളുടെ നിര്‍ദേശങ്ങളും കാഴ്ചപ്പാടുകളും ജനങ്ങളിലെത്തിക്കാന്‍ സഹായകമാവുന്ന ഒരു പൊതു പ്രസിദ്ധീകരണം എന്തുകൊണ്ട് നമുക്ക് ഉണ്ടാക്കിക്കൂടാ? പ്രബോധനം, സുന്നി വോയ്‌സ്, സുന്നി അഫ്കാര്‍, മുഅല്ലിം, അല്‍ ഇര്‍ഫാദ്, രിസാല, സെന്‍സിംഗ്, നുസ്‌റത്തുല്‍ അനാം, അന്നസീം, അല്‍ ബുസ്താന്‍, ശബാബ്, അല്‍ ഇസ്‌ലാഹ്... ഇങ്ങനെ എത്ര പ്രസിദ്ധീകരണങ്ങളാണ് സമുദായത്തിന്റെ വകയായിട്ടുള്ളത്. നമുക്ക് കഴിവുറ്റ ലേഖകന്മാരും ധിഷണാശാലികളും ചിന്തകരും ഉണ്ട്. പ്രസ്തുത പ്രസിദ്ധീകരണങ്ങളെല്ലാം നിലനിര്‍ത്തുന്നതോടൊപ്പം സമുദായത്തിന് വേണ്ടി ഇങ്ങനെ ഒരു ഉദ്യമത്തിന് നമുക്കെന്തുകൊണ്ട് തയാറായിക്കൂടാ? എല്ലാ സംഘടനകളുടെയും വീക്ഷണങ്ങളും പരിപാടികളും പ്രസിദ്ധീകരിക്കുന്ന ഒരു പ്രസിദ്ധീകരണം ഉണ്ടായാല്‍ ഉമ്മത്തിന് അതുമൂലമുണ്ടാകുന്ന നന്മ എത്ര വലുതായിരിക്കും. ഇസ്‌ലാമിക് ബാങ്കിംഗ്, ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം, പ്രവാചകന്റെ യുദ്ധ സമീപനങ്ങള്‍, ഇസ്‌ലാമിന്റെ പ്രചാരണം, പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എത്ര വിഷയങ്ങളാണ് നമ്മുടെ മുന്നില്‍ കുന്നുകൂടി കിടക്കുന്നത്. ചില പ്രസിദ്ധീകരണങ്ങള്‍ ആ ദൗത്യം നിര്‍വഹിക്കുന്നുണ്ടെങ്കിലും കൂട്ടായ ഒരു പരിശ്രമത്തിന് നമ്മള്‍ തയാറെടുക്കേണ്ടിയിരിക്കുന്നു.
മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളാണ് കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മുസ്‌ലിം ലീഗ്, പി.ഡി.പി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ഐ.എന്‍.എല്‍. എന്നാല്‍ സമുദായത്തെ ബാധിക്കുന്ന ഏതെങ്കിലും വിഷയങ്ങളില്‍ ഒരു മനസ്സോടെ ഒരു മേശക്ക് ചുറ്റുമിരുന്ന് അഭിപ്രായൈക്യമുണ്ടാക്കി ശക്തമായ മുന്നേറ്റം നടത്താന്‍ നാളിതുവരെ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? സംവരണം, കലാപക്കേസുകള്‍, നീതിനിഷേധങ്ങള്‍, വിദ്യാഭ്യാസ മേഖലയിലുള്ള അവഗണന, ഫാഷിസത്തിന്റെ ഭീകരത ഇങ്ങനെ ഉമ്മത്തിനെ അലട്ടുന്ന എത്ര പ്രശ്‌നങ്ങളാണ് നമുക്ക് മുന്നിലുള്ളത്. മനസ്സു വെച്ചാല്‍ ഈ സംഘടനകള്‍ക്ക് അത് സാധിക്കും.
ജനം ഏറെ പ്രബുദ്ധരാണിന്ന്. സമുദായ ഐക്യം എന്ന തത്ത്വം കാറ്റില്‍ പറത്തി സ്വന്തം സംഘടനകള്‍ക്ക് വേണ്ടി മാത്രം ഹൃദയത്തെ മാറ്റിവെച്ചവര്‍ തങ്ങളുടെ അണികള്‍ക്ക് എന്ത് ഉദാത്ത സന്ദേശമാണ് പകര്‍ന്നു നല്‍കിയതെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ഇന്നല്ലെങ്കില്‍ നാളെ അണികള്‍ക്ക് കാര്യങ്ങള്‍ ബോധ്യമാകും. അപ്പോള്‍ ഉമ്മത്തിന്റെ ഐക്യത്തിന് വേണ്ടി ഒന്നും ചെയ്യാതെ സംഘടനകള്‍ക്ക് വേണ്ടി മാത്രം ജീവിച്ചുതീര്‍ത്തവര്‍ക്ക് മിച്ചമാകുന്നത് തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിച്ചില്ല എന്നതിന്റെ പാപഭാരവും ഒരുപിടി നഷ്ടബോധവും ഖേദവും മാത്രമായിരിക്കും.
[email protected]
Comments