കത്തുകള്‍
എന്‍.എ സലീം ത്വാഹ വടുതല
സേവന മേഖലയില്‍ പുതുവഴികള്‍ തേടണം
പ്രബോധനം ലക്കം 21-ലെ 'ആരാധനകളുടെയും ആഘോഷങ്ങളുടെയും ആത്മാവ് തേടുമ്പോള്‍' എന്ന ലേഖനം ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു. റമദാന്‍, പെരുന്നാള്‍ പോലുള്ള അവസരങ്ങളില്‍ നമ്മുടെ നാട്ടില്‍ അമിത ഭക്ഷ്യോപയോഗവും ആവശ്യത്തിലധികം തയാറാക്കി, ബാക്കിയുള്ളവ നശിപ്പിച്ച് കളയുന്ന പ്രവണതയും വര്‍ധിച്ചുവരുന്നു. പ്രത്യേകിച്ച് ബലിപെരുന്നാള്‍ വേളകളില്‍. നമ്മുടെ മഹല്ലുകളിലെ ആവശ്യത്തിനുമപ്പുറം ബലിമാംസത്തിന്റെ വിതരണവും ഉപയോഗവും നമുക്ക് തന്നെ വിനയായിത്തീരുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ബീഹാര്‍, ആസാം പോലുള്ള സംസ്ഥാനങ്ങളിലെ നമ്മുടെ സഹോദരീ സഹോദരന്മാരും കുഞ്ഞുങ്ങളും അവശ്യംവേണ്ട പോഷകങ്ങളും മറ്റും കിട്ടാതെ നരകിക്കുമ്പോള്‍ നാം ആവശ്യത്തിലധികം വിഭവങ്ങള്‍ അകത്താക്കി ജീവിതശൈലീ രോഗങ്ങള്‍ക്കടിപ്പെടുന്ന ദുഃഖസത്യം തിരിച്ചറിയണം. നോമ്പിന്റെയും പെരുന്നാളിന്റെയും തുടര്‍ന്നുള്ള ദിനങ്ങളില്‍ ഉദര സംബന്ധമായ രോഗങ്ങള്‍ക്കടിപ്പെട്ട് മുസ്‌ലിം സമുദായാംഗങ്ങള്‍ ആശുപത്രികളില്‍ ക്യൂ നില്‍ക്കുന്നതിന് ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ കുറിപ്പുകാരന്‍ സാക്ഷിയാണ്.
ഫത്താഹ് കൈക്കോട്ട് കടവ്
പ്രഫ. കെ.എ സിദ്ദീഖ് ഹസന്റെ 'ആരാധനകളുടെയും ആഘോഷങ്ങളുടെയും ആത്മാവ് തേടുമ്പോള്‍' എന്ന ലേഖനത്തിലെ (ലക്കം 21) പരാമര്‍ശങ്ങള്‍ ഗഹനമായ ചിന്തക്കും ചര്‍ച്ചകള്‍ക്കും വിധേയമാക്കേണ്ടതുണ്ട്. സകാത്ത് വിതരണം സംബന്ധിച്ച ആകുല ചിന്തകള്‍ കേട്ടുതുടങ്ങിയിട്ട് കൊല്ലങ്ങളെത്രയോ ആയി. ഇത്രയേറെ പണ്ഡിതന്മാരും ബുദ്ധിജീവികളും ഉണ്ടായിട്ടും നമ്മുടെ ഉത്തമ സമുദായത്തിന് ഈ വിഷയത്തില്‍ ശാശ്വതമായൊരു പരിഹാരം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ലെന്നത് അങ്ങേയറ്റം സങ്കടകരവും അപമാനകരവുമാണ്.
കെ.കെ ഹമീദ് മനക്കൊടി തൃശൂര്‍
വിചിത്രമായ ഖേദപ്രകടനം
റഹ്മത്തുല്ല ഖാസിമി തന്റെ പ്രസംഗത്തില്‍ വന്ന അബദ്ധങ്ങള്‍ക്ക് ഖേദപ്രകടനം നടത്തിയ വാര്‍ത്ത വായിച്ചപ്പോള്‍ അത്ഭുതം തോന്നി. കഴിഞ്ഞ റമദാനില്‍ കോഴിക്കോട്ട് അരയിടത്തുപാലത്ത് വെച്ച് അദ്ദേഹം ചെയ്ത പ്രഭാഷണത്തില്‍, പൂര്‍വികരായ പണ്ഡിതന്മാരും നേതാക്കളും പരസ്പരം സഹകരിച്ചാണ് ജീവിച്ചിരുന്നതെന്നും ആ കാലം നല്ല കാലമായിരുന്നെന്നും, ആ കാലത്തിലേക്ക് നാം തിരിച്ചുപോകേണ്ടതുണ്ടെന്നും സമുദായത്തെ തീവ്രവാദികളായി ചിത്രീകരിക്കുന്ന ഇക്കാലത്ത് എല്ലാ സമുദായ സംഘടനകളും സഹകരിച്ച് ജീവിക്കണമെന്നും മറ്റും പറഞ്ഞിരുന്നു. പ്രഭാഷണത്തിലെ പരാമര്‍ശങ്ങള്‍ സമസ്തക്കുള്ളില്‍ വിവാദമായപ്പോള്‍ സമസ്തയുടെ മുശാവറ ഷോക്കോസ് നോട്ടീസ് നല്‍കി. തുടര്‍ന്ന് പരസ്യമായി ഖേദപ്രകടനം നടത്തുകയായിരുന്നു റഹ്മത്തുല്ല ഖാസിമി.
അഹ്‌ലു സുന്നത്ത് വല്‍ജമാഅത്തിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമാണ് ഖാസിമി ചെയ്ത പ്രഭാഷണത്തിലെ വരികളെന്നാണ് സമസ്തയുടെ വിലയിരുത്തല്‍. സംഭവത്തെക്കുറിച്ച് തിരിച്ചും മറിച്ചും ചിന്തിച്ചിട്ടും അതിലടങ്ങിയ അബദ്ധം എന്താണെന്ന് മനസ്സിലായില്ല. സമുദായത്തില്‍ എക്കാലത്തും സംഘങ്ങളും സംഘടനകളും ഉണ്ടായിട്ടുണ്ട്. അവര്‍ക്കൊക്കെയും വ്യത്യസ്ത ആശയങ്ങളും അഭിപ്രായങ്ങളുമുണ്ട്. അതൊക്കെയും പരസ്പരം അംഗീകരിച്ചും ആദരിച്ചും സഹകരിക്കേണ്ട മേഖലകളിലെല്ലാം സഹകരിച്ചും വന്നിരുന്ന ഒരു പതിവ് സമുദായത്തിലുണ്ടായിട്ടുണ്ട്. പ്രവാചകന്റെ കാലത്ത് പോലും ഈ വ്യത്യസ്ത അഭിപ്രായങ്ങളും ആശയങ്ങളും നിലനിന്നിരുന്നു. പ്രവാചകനു ശേഷവും രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. എന്നിട്ടും ഐക്യവും പരസ്പര സഹകരണവും ഉണ്ടാവണമെന്നാഗ്രഹിച്ച ഒരാളോടും ഒരു വിഭാഗവും തട്ടിക്കയറുകയോ ഫത്‌വകളിറക്കുകയോ ചെയ്തിട്ടില്ല. അതിന്റെ കാരണം വിശുദ്ധ ഖുര്‍ആനാണ്. 'നിങ്ങള്‍ ഐക്യപ്പെടുക. ഭിന്നിക്കരുത്. ഭിന്നിച്ചാല്‍ നിങ്ങളുടെ കാറ്റ് പോകും.' കാറ്റുപോയ ഒരു സമുദായമായി മാറാതിരിക്കാന്‍ ഐക്യപ്പെടുക, സഹകരിക്കുക എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ സമസ്തയുടെ ഷോക്കോസ് ഖുര്‍ആന്റെ വരികളിലേക്കും പോകുന്നില്ലേ എന്ന് സംശയിച്ചുപോകുന്നത് സ്വാഭാവികമാണ്.
പ്രവാചകനിന്ദ ഒരു വിഷയമല്ലാതാവുകയും അതിനെതിരെയുള്ള പ്രതികരണങ്ങള്‍ വന്‍ വിഷയമാവുകയും നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാര്‍ ജയിലഴികളെണ്ണുകയും ചെയ്യുന്ന ഇക്കാലത്ത് സമുദായത്തിലെ പ്രബല വിഭാഗമായ സമസ്തയും അവരുടെ മുശാവറയും റഹ്മത്തുല്ല ഖാസിമിയും മറ്റു പണ്ഡിതന്മാരും പുനരാലോചനയിലൂടെ ഐക്യത്തിന്റെ സന്ദേശവുമായി മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കട്ടെ.
ഡോ. എം.പി അബൂബക്കര്‍ - അഡീഷ്‌നല്‍ ഡയറക്ടര്‍(ഹെല്‍ത്ത്, രാമനാട്ടുകര
മദ്ഹബ് പക്ഷപാതിത്വമില്ലാത്ത മുന്‍ഗാമികള്‍
സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ ലേഖനം വായിച്ചപ്പോള്‍ എന്റെ ജീവിതത്തില്‍ കണ്ട ചില കാര്യങ്ങള്‍ ഓര്‍മവരികയാണ്. വിട്ടുവീഴ്ചാ മനോഭാവം ഒരു വലിയ സംഗതിയാണ്. ആരാധനാ കാര്യങ്ങളില്‍ കണ്ടുവരുന്ന പ്രകടമായ വ്യത്യാസങ്ങളുടെ പേരില്‍ എന്തിനാണ് ഇത്രയധികം മദ്ഹബ് പക്ഷപാതിത്വം?
വര്‍ഷങ്ങള്‍ക്ക് മുമ്പ് തലശ്ശേരിയിലെ എന്റെ വീട്ടില്‍ കെ.എം മൗലവി, സീതിസാഹിബ്, നെല്ലിയില്‍ അബൂബക്കര്‍ ഹാജി, കുട്ട്യാമു സാഹിബ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത ഐക്യസംഘത്തിന്റെ (മുജാഹിദ്) ഒരു കമ്മിറ്റി യോഗം നടക്കുകയായിരുന്നു.
നമസ്‌കാര സമയമായപ്പോള്‍ കെ.എം മൗലവി സാഹിബിന്റെ നേതൃത്വത്തില്‍ എല്ലാവരും നമസ്‌കരിച്ചു. ഒന്നാമത്തെ റക്അത്തില്‍ കൈ നെഞ്ചത്ത് വെച്ചും (സലഫി), രണ്ടാമത്തെ റക്അത്തില്‍ കൈ നെഞ്ചിനു താഴെ വെച്ചും (ശാഫിഈ), മൂന്നാമത്തെ റക്അത്തില്‍ പൊക്കിളിനു താഴെ വെച്ചും (ഹനഫി), നാലാമത്തേതില്‍ കൈകെട്ടാതെയുമാണ് (മാലിക്, ഹമ്പലി) കെ.എം മൗലവി നമസ്‌കരിച്ചത്. വളരെ ചെറിയ കുട്ടിയായിരുന്ന ഞാന്‍ ഈ രീതിയെപ്പറ്റി മൗലവി സാഹിബിനോട് ചോദിച്ചപ്പോള്‍ 'ശാഫിഈ, അബൂഹനീഫ, മാലിക് എന്നീ മഹാ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ചാണ് നമസ്‌കരിച്ചത്. അവരെ നാം ധിക്കരിക്കാന്‍ പാടില്ലല്ലോ' എന്ന മറുപടിയാണ് ലഭിച്ചത്.
ഇരുപത്തിയഞ്ച് കൊല്ലങ്ങള്‍ക്കു മുമ്പ് രാമനാട്ടുകരയിലുള്ള എന്റെ വീട്ടില്‍ താമസം തുടങ്ങുകയാണ്. കുടുംബക്കാരും അയല്‍വാസികളും അടക്കം പത്ത് മുപ്പതില്‍ കൂടുതല്‍ ആളുകള്‍ സന്നിഹിതരാണ്. പിതാവ് (കുട്ട്യാമു സാഹിബ്) സുബ്ഹി നമസ്‌കാരത്തിന് നേതൃത്വം നല്‍കി. ഖുര്‍ആന്‍ ഓതുകയും നമസ്‌കാരാനന്തരം ഒരു ചെറിയ പ്രാര്‍ഥന നടത്തുകയും ചെയ്തു. ഞാന്‍ ഇതേക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു. 'ഖുനൂത്തും കൂട്ടപ്രാര്‍ഥനയും ഹറാമല്ല മോനേ. സമൂഹത്തിന്റെ കെട്ടുറപ്പിനു ചിലപ്പോള്‍ ചിലതൊക്കെ ചെയ്യാമല്ലോ.' എന്നാണ് പ്രതികരിച്ചത്. വേറൊരവസരത്തില്‍ തയ്യില്‍ മുഹമ്മദ് ഹാജിയുടെ വീട്ടില്‍ നോമ്പ് തുറക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം തലമറച്ചാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. 'കടുത്ത മുജാഹിദുകാരന്‍' തലമറച്ചത് എന്തിനാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, 'ഇവിടെ കൂടിയിരിക്കുന്നവര്‍ അധികവും തലമറച്ചവരാണ്. ഹറാമല്ലാത്ത സംഗതി സാഹോദര്യത്തിനു വേണ്ടി ചെയ്യാമല്ലോ, മേല്‍ പറഞ്ഞവ ബിദ്അത്ത് അല്ല എന്നു പറഞ്ഞ മുന്‍കാല പണ്ഡിതന്മാര്‍ പലരും ഉണ്ടല്ലോ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ന്, ഒരു പള്ളിയില്‍ മൂത്രപ്പുരയില്‍ കുറെ തൊപ്പി വെച്ചിരുന്നത് കണ്ടു. അന്വേഷിച്ചപ്പോള്‍ 'മൂത്രമൊഴിക്കാന്‍ പോകുമ്പോള്‍ തലമറക്കല്‍ സുന്നത്താണ്' എന്ന പ്രതികരണമാണ് കിട്ടിയത്. മഗ്‌രിബ് നമസ്‌കാരത്തിന് ജമാഅത്ത് തുടങ്ങാന്‍ മുതിര്‍ന്നപ്പോള്‍ ചിലര്‍ മാറി വേറെ ജമാഅത്ത് തുടങ്ങാന്‍ ശ്രമിച്ചു. പ്രതിനിധിയായ ഞാന്‍ അവരോട് ഇമാമത്തായി നില്‍ക്കാന്‍ പറഞ്ഞു. 'നിങ്ങളുടെ കൂടെ ഞങ്ങള്‍ നമസ്‌കരിക്കുകയില്ല' എന്നു പറഞ്ഞ് അവര്‍ മാറിനിന്നു. ഞങ്ങള്‍ നമസ്‌കരിച്ച ശേഷം അവര്‍ നമസ്‌കാരം തുടങ്ങി. എന്തൊരു അസഹിഷ്ണുത!
ജിന്നും ഇന്‍സും തവസ്സുലും ഇസ്തിഗാസയും ചര്‍ച്ച ചെയ്ത് കാലം കഴിക്കുന്നതിനേക്കാള്‍ ഭേദം ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെക്കുകയും സമുദായത്തെ ഒന്നായി കൊണ്ടുപോകാന്‍ ശ്രമിക്കുകയുമല്ലേ?
മുഹമ്മദ് പാറക്കടവ്
സമുദായ നേതാക്കള്‍ക്ക് ആദരപൂര്‍വം
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ള സമുദായ നേതാക്കള്‍ അല്‍പമൊന്ന് മനസ്സ് വെച്ചാല്‍ അനേകം മാറ്റങ്ങള്‍ സമുദായത്തിനകത്ത് സാധിക്കുന്നതാണ്. ആര്‍ട്‌സ്-സയന്‍സ്-പ്രഫഷണല്‍ കോളേജുകള്‍ ധാരാളം നിലവില്‍ വന്നതിനാല്‍ വിദ്യാഭ്യാസ രംഗത്ത് വന്‍ മുന്നേറ്റം തന്നെ മുസ്‌ലിംകള്‍ക്ക് കൈവന്നിട്ടുണ്ട്. എന്നാല്‍ ഇന്നും മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന അതിസമ്പന്ന ഗള്‍ഫ് ഗ്രാമങ്ങളില്‍ പോലും ഒരു ഗ്രന്ഥാലയമോ വായനശാല പോലുമോ ഇല്ല. അതേസമയം, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും പോഷക സംഘടനകളും ആവുന്നിടത്തെല്ലാം ഇ.എം.എസ്-എ.കെ.ജി മന്ദിരങ്ങളും ഗ്രന്ഥശാലകളും സ്ഥാപിച്ചിട്ടുണ്ട്.
അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൃഹദ്ഗ്രന്ഥങ്ങളും ആനുകാലികങ്ങളുമുള്ള ശിഹാബ് തങ്ങള്‍-സി.എച്ച്-ബാഫഖി തങ്ങള്‍ സ്മാരക സാംസ്‌കാരിക കേന്ദ്രങ്ങള്‍ സാധ്യമായിടത്തെല്ലാം സ്ഥാപിക്കാനും അവ യുവജനസംഗമ ചര്‍ച്ചാവേദികളാക്കാനും സമുദായ നേതൃത്വത്തിലുള്ള ലീഗടക്കമുള്ളവര്‍ തയാറാകണം. സമുദായ സൗഹാര്‍ദവും ചരിത്രവും സാഹിത്യവുമൊക്കെ ചര്‍ച്ച ചെയ്യുന്ന സദസ്സുകള്‍ വിളിച്ചുകൂട്ടി തെക്ക് വടക്ക് നടക്കുന്ന കുട്ടികള്‍ക്ക് ദിശാബോധം നല്‍കാന്‍ കാര്യവിവരമുള്ളവര്‍ തയാറാകണം.
കേരളത്തിലെ മുസ്‌ലിം സമ്പന്നര്‍ മതവിധിയനുസരിച്ച് സകാത്ത് നല്‍കാനും അത് ശാസ്ത്രീയമായി വിതരണം ചെയ്യാനും തയാറായാല്‍ സമുദായത്തിന്റെ ദരിദ്ര്യാവസ്ഥക്ക് കുറവ് വരുമെന്നുറപ്പാണ്. ചില മത സംഘടനകള്‍ കമ്മിറ്റികള്‍ വഴി നടത്തുന്ന സകാത്ത് സംഭരണത്തിനും വിതരണത്തിനും അനുകൂലമല്ല. എന്നാല്‍, ഒരു പ്രദേശത്തെ സമ്പന്നര്‍ സകാത്ത് ഒരു വ്യക്തിയെ ഏല്‍പിച്ച് അര്‍ഹിക്കുന്നവര്‍ക്ക് നല്‍കുന്നതിന് എതിരല്ല എന്ന് കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സത്യധാര സകാത്ത് പതിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അനേകം മഹല്ലുകളുടെ ഖാദിസ്ഥാനം അലങ്കരിക്കുന്ന പാണക്കാട് തങ്ങള്‍ ഓരോ പ്രദേശത്തും പ്രതിനിധിയെ നിയമിച്ച് സകാത്ത് ശേഖരിക്കുകയും ആ നാട്ടുകാരുടെ കൂടി ഉപദേശം ആരാഞ്ഞ് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുകയുമാണെങ്കില്‍ ഭൂമിയില്‍ മാത്രമല്ല, ആകാശത്തും അത് വാഴ്ത്തപ്പെടും.
Comments