Prabodhanm Weekly

Pages

Search

2012 നവംബര്‍ 17

സ്വാലിഹിന്റെ നാട്ടില്‍

ഷമീന അസീസ്, ജിദ്ദ

രുഭൂമി അതിന്റെ എല്ലാവിധ തീക്ഷ്ണതയോടെയും ഞങ്ങള്‍ക്കിരുവശങ്ങളിലുമായി പരന്നുകിടന്നു. ഏസി കോച്ചിന്റെ സുഖശീതളിമയിലും ആ ക്രൗര്യം അനുഭവവേദ്യമാകുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കപ്പുറം ഒട്ടകപ്പുറത്തേറി ഈ മരുക്കാടുകള്‍ മുറിച്ചു നടന്നവരെയോര്‍ത്ത് അത്ഭുതം കൂറിപ്പോയി. തക്കതായ പ്രതിഫലം കിട്ടാനല്ലാതെ ആരുമതിനു സാഹസപ്പെടുകയില്ല. ഇത് തബൂക്ക് റോഡാണ്. സ്വര്‍ഗം മാത്രം മോഹിച്ചാണ് അന്ന് വിശ്വാസികളുടെ സംഘം കരുത്തരായ റോമാസാമ്രാജ്യത്തെ നേരിടാന്‍ പോയത്. വിശ്വാസദാര്‍ഢ്യം കൈവരാത്തവരോ പിന്തിരിഞ്ഞുപോരുകയും ചെയ്തു. അവരീ കാഠിന്യത്തെ എങ്ങനെ നേരിടാന്‍? ദൈവവാഗ്ദാനങ്ങളില്‍ അവര്‍ക്ക് വിശ്വാസമില്ലായിരുന്നല്ലോ. തബൂക്കിലേക്ക് വിശ്വാസി സൈന്യം കടന്നുപോയ വഴി, അത് യമനെയും സിറിയയെയും അറേബ്യയുമായി ബന്ധിപ്പിക്കുന്ന കച്ചവട പാതയായിരുന്നു. ക്ഷാമത്തിന്റെയും വരള്‍ച്ചയുടെയും മൂര്‍ധന്യത്തിലും ജീവനും സ്വത്തും ആദര്‍ശത്തിനു മുന്നില്‍ അടിയറ വെച്ച മഹാനുഭാവന്മാര്‍ ചരിത്രം കുറിച്ചിട്ട വഴികള്‍...
കച്ചവട പാതയിലെ പ്രമുഖ പട്ടണം, അല്‍ഉല. അതിനടുത്താണ് സ്വാലിഹും അദ്ദേഹത്തിന്റെ ഒട്ടകവും ജീവിച്ചിരുന്ന മദാഇന്‍ സാലിഹ്. ആ പ്രദേശത്തെ മരുഭൂമിക്കും മലകള്‍ക്കും ഭീകരമായ ഒരു ഭാവമുണ്ട്. ദൈവശിക്ഷ താണ്ഡവമാടിയതിന്റെ വിറയലും ഭീതിയുമുണ്ട്. ഈ വഴികളില്‍ അധികം നില്‍ക്കാതെ പെട്ടെന്ന് കടന്നുപോകാന്‍ പ്രവാചകന്‍ പറഞ്ഞതിന്റെ പൊരുള്‍ ബോധ്യമായി. അതിക്രമികളെ കടപുഴക്കിക്കൊണ്ട് പ്രകൃതി താണ്ഡവമാടിയ, ഇപ്പോഴും ഭീകരത തളംകെട്ടി നില്‍ക്കുന്ന ഈ പ്രദേശത്ത് അധികനേരം ചെലവിടാന്‍ വല്ലാത്ത മനക്കരുത്ത് തന്നെ വേണം. മദാഇന്‍ സാലിഹിലെ പര്‍വതങ്ങള്‍ തുരന്നെടുത്ത കൂറ്റന്‍ എടുപ്പുകള്‍ കാണുമ്പോള്‍ നാം ദൈവത്തെ ഓര്‍ത്തുപോകും. കരുത്തരെന്നും അതികായരെന്നുമെല്ലാം ഖുര്‍ആന്‍ പരിചയപ്പെടുത്തിയവര്‍ ധിക്കാരം മൂത്ത് നശീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായപ്പോള്‍ കടയോടെ പിഴുതെറിയപ്പെടുകയായിരുന്നു. വരുംതലമുറക്ക് പാഠമായി അവശേഷിപ്പിച്ച നാഗരികാവശിഷ്ടങ്ങള്‍ തേടി ഭൂമിയിലൂടെ സഞ്ചരിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നുമുണ്ട്. നാഗരികതയുടെ ഉത്തുംഗതയില്‍ നിലയുറപ്പിച്ച സാമ്രാജ്യശക്തികള്‍ നിലംപരിശായതിന്റെ അവശിഷ്ടങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളുക. കരുത്തരായ ആദും സമൂദുമിന്നെവിടെ?
ബാബിലോണും മെസപ്പൊട്ടോമിയയുമെവിടെ? പേര്‍ഷ്യയും റോമയുമെവിടെ? ഫിര്‍ഔനും നംറൂദുമെവിടെ? ഞാന്‍ ഞാനെന്നും പറഞ്ഞ് അഹങ്കരിച്ചു നടന്നിരുന്ന രാജാക്കന്മാരെല്ലാമെവിടെ? കാലത്തിന്റെ കുത്തൊഴുക്കില്‍ തൂത്തെറിയപ്പെട്ട സാമ്രാജ്യങ്ങള്‍ നമ്മെ പലതും ഓര്‍മിപ്പിക്കുന്നു. ചരിത്രം ഒരു ചുറ്റുകോണിയാണ്. അതിന് ആവര്‍ത്തന സ്വഭാവമുണ്ട്. ചരിത്രത്തിന്റെയീ തനിയാവര്‍ത്തനമാണ് ഇന്ന് അറേബ്യന്‍ മണ്ണില്‍ വീണ്ടും വസന്തം വിരിയിക്കുന്നത്. അഭിനവ ഫറോവമാരുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ന്നുതുടങ്ങുന്നതും നാം കണ്‍മുന്നില്‍ കണ്ടുകഴിഞ്ഞു.
യുനെസ്‌കോ അതിന്റെ ലോകപൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഈ പ്രദേശം ജോര്‍ദാനിലെ പെട്രായില്‍ കാണുന്ന നെബാത്തിയന്‍ വാസസ്ഥലങ്ങളുടെ തുടര്‍ച്ചയാണെന്ന് കരുതപ്പെടുന്നു. നോഹയുടെ ഒമ്പതാം തലമുറയില്‍പെട്ട സ്വാലിഹ് നബി ഇവിടെയാണ് ജീവിച്ചിരുന്നത്. അദ്ദേഹത്തില്‍ അവിശ്വസിച്ച ജനതക്കുള്ള അടയാളമായി ദൈവത്തിന്റെ ഒട്ടകം പുറപ്പെട്ടുവന്ന മലയും, ഒട്ടകം ജലപാനം ചെയ്ത കിണറും ഇവിടെയാണുള്ളത്. തെളിഞ്ഞ ദൃഷ്ടാന്തങ്ങള്‍ കണ്‍മുന്നില്‍ കണ്ടിട്ടും ദൈവത്തെ നിഷേധിക്കുകയും ഒട്ടകത്തെ കശാപ്പുചെയ്യുകയും ചെയ്തവരെ ഒടുവില്‍ ദൈവം കൈകാര്യം ചെയ്തു. നബാത്തികളുടെ വാസസ്ഥലങ്ങള്‍ നശിപ്പിക്കപ്പെട്ടതും സമൂദ് വംശത്തിനുമേല്‍ ദൈവികശിക്ഷയിറങ്ങിയതും ചേര്‍ത്തുവായിച്ചാല്‍ നാഗരികതകളുടെ ഉത്ഥാനപതനങ്ങളുടെ ധാര്‍മിക വിശദീകരണം സാധ്യമാകും. ദൈവധിക്കാരവും ധാര്‍മികാധഃപതനവും മൂര്‍ധന്യത്തിലെത്തിയപ്പോഴാണോ പൗരാണിക നാഗരികതകള്‍ തുടച്ചുമാറ്റപ്പെട്ടത്? ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന സമുദായങ്ങളെയും സാമൂഹ്യശാസ്ത്രകാരന്മാര്‍ പഠനവിധേയമാക്കിയ നാഗരികതകളെയും താരതമ്യപഠനത്തിനു വിധേയമാക്കിയാല്‍ സാമൂഹ്യശാസ്ത്രശാഖയിലെ പുതിയൊരു കാല്‍വെപ്പായിരിക്കുമത്.
ഉസ്മാനിയ ഖിലാഫത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളിനെയും ഡമസ്‌ക്കസിനെയും മക്കയും മദീനയുമായി ബന്ധിപ്പിക്കാനുദ്ദേശിച്ച് ഖലീഫ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ 1900-ല്‍ തുടക്കമിട്ടതും ലോറന്‍സ് ഓഫ് അറേബ്യയുടെ സമര്‍ഥമായ ഇടപെടല്‍മൂലം പൂര്‍ത്തീകരിക്കാനാവാതെ പോയതുമായ ഹിജാസ് റെയില്‍വെ പദ്ധതിയുടെ സ്മാരകമായുള്ള റെയില്‍വെ സ്റ്റേഷനും മദാഇന്‍ സാലിഹിന്റെ വര്‍ത്തമാനകാല കാഴ്ച്ചയാണ്.

തബൂക്ക്
മദാഇന്‍ സാലിഹിനെ പിന്നിലാക്കി വാഹനം തബൂക്ക് ലക്ഷ്യമാക്കി നീങ്ങി. സുനാമിത്തിരമാല പോലെ പാഞ്ഞുവന്ന റോമന്‍ സൈന്യത്തെ നേരിടാന്‍ പ്രവാചകന്റെ നേതൃത്വത്തില്‍ പടപ്പുറപ്പാട് നടന്ന നാട്. ഖുര്‍ആനിക പ്രവചനം പുലര്‍ന്നു. ദൃഢവിശ്വാസികളും കപടവിശ്വാസികളും വേര്‍തിരിഞ്ഞു. നിര്‍ണായക ഘട്ടത്തില്‍ ധ്രുതഗതിയില്‍ തീരുമാനമെടുക്കാതെ ആലസ്യംപൂണ്ടു നിന്നവര്‍ പാഠം പഠിച്ചു. ഒപ്പം ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും പല ചേതോഹര ചിത്രങ്ങളും തബൂക്ക് വരച്ചിട്ടു.
വരണ്ട തീക്ഷ്ണമായ മരുഭൂമിയും പര്‍വതനിരകളും കടന്നെത്തുന്ന തബൂക്ക് പക്ഷെ ഒരു ഹരിതാഭ ഭൂമിയാണ്. സുഊദിയുടെ നെല്ലറ എന്നു വിശേഷിപ്പിക്കാവുന്ന പ്രദേശം. ഈത്തപ്പനത്തോപ്പുകള്‍ക്കു പുറമെ നാനാതരത്തിലുള്ള ഫലങ്ങള്‍ വിളയുന്ന മണ്ണ്. അത്തിയും ഉറുമാനും ഒലീവും തണ്ണിമത്തനും മുന്തിരിയും വിളയുന്ന മണ്ണ്. പ്രവാചകന്‍ പ്രവചിച്ച തോട്ടങ്ങളുടെ നാട് അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമായിക്കഴിഞ്ഞു. വിശാലമായ ഫാമുകളില്‍ പൂക്കളും പഴങ്ങളും പച്ചക്കറികളും ഉല്‍പാദിപ്പിക്കപ്പെടുന്നു. മരുഭൂമിയുടെ നടുവിലും വസന്തം വിളയുമെന്ന് ബോധ്യമാവണമെങ്കില്‍ ഇവിടം സന്ദര്‍ശിക്കുകതന്നെ വേണം. ആസ്ട്ര ഫാമില്‍ വിളഞ്ഞ പൂക്കളും പഴങ്ങളും കൈനിറയെ സമ്മാനിച്ചാണ് തബൂക്ക് ഞങ്ങളെ യാത്രയാക്കിയത്.

ഹഖ്ല്‍
സുഊദിഅറേബ്യയുടെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പട്ടണമായ ഹഖ്‌ലിനെ ലക്ഷ്യമിട്ടാണ് വാഹനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈജിപ്തും ജോര്‍ദാനും ഇസ്രയേലും സുഊദിഅറേബ്യയുമായി അതിര്‍ത്തി പങ്കിടുന്ന മനോഹരമായ അഖബ ഉള്‍ക്കടല്‍ തീരത്താണ് ഉസ്മാനിയ ഭരണകാലത്തെ പ്രധാന തുറമുഖ പട്ടണമായിരുന്ന ഹഖ്ല്‍. തന്ത്രപ്രധാനമായ ഈ അതിര്‍ത്തി പ്രദേശം പട്ടാള ബാരിക്കേഡുകളോ അലോസരമുണ്ടാക്കുന്ന മറ്റ് കാഴ്ചകളോ ഇല്ലാതെ ശാന്തമായിക്കിടക്കുന്നുവെന്നത് രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും സാധാരണയായിക്കൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തില്‍ പ്രത്യേകം പ്രസ്താവ്യമാണ്. സീനായ് പര്‍വതനിരകള്‍ അതിരിടുന്ന അഖബ ഉള്‍ക്കടല്‍ ഇവിടത്തെ ഏറ്റവും മനോഹരമായ കാഴ്ച്ചയാണ്. ചെങ്കടലിന്റെ വടക്കുഭാഗം ചെന്നവസാനിക്കുന്ന മുനമ്പാണ് അഖബ. ഇവിടെവെച്ച് സീനാ ഉപദ്വീപ് ചെങ്കടലിനെ രണ്ടായി പകുത്ത് ഒരു ഭാഗം അഖബ ഉള്‍ക്കടലായും മറ്റേ ഭാഗം സൂയസ് കനാലായും വീതിച്ച് നല്‍കിയിരിക്കുന്നു. സീനാമലനിരകളെ തൊട്ടുരുമ്മിയൊഴുകുന്ന അഖബ ഉള്‍ക്കടലിന്റെ തീരത്തു നില്‍ക്കുമ്പോള്‍ ദൈവിക സാന്നിധ്യമനുഭവിച്ച ത്വുവാ താഴ്‌വരയെയും മൂസാ പ്രവാചകനെയും അറിയാതെ ഓര്‍ത്തുപോയി. മൂസക്ക് പത്ത് കല്‍പനകള്‍ ലഭിച്ച സീനായ് മലയുടെ താഴ്‌വരയിലുള്ള പ്രദേശത്താണ് ഇന്ന് സെന്റ് കാതറീന്‍ ചര്‍ച്ച് നില്‍ക്കുന്നതെന്ന് സഹയാത്രികനായ സഹോദരന്‍ ഹസന്‍ ചെറൂപ്പ ഓര്‍മിപ്പിച്ചപ്പോള്‍ ആ നാട്ടുകാര്‍ക്ക് മുഹമ്മദ്‌നബി നല്‍കിയ സംരക്ഷണ വാഗ്ദാനവും മനസ്സിലെത്തി. ഹിജ്‌റ 4-ാം വര്‍ഷം സീനായില്‍ നിന്നെത്തിയ ഒരു ക്രൈസ്തവ നിവേദക സംഘത്തിനായിരുന്നു പ്രവാചകന്‍ ഈ അവകാശപത്രിക എഴുതിക്കൊടുത്തത്. സെന്റ് കാതറീന്‍ മഠത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ അവകാശ പത്രിക അഭിമാനപൂര്‍വം പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. സെമിറ്റിക് മതങ്ങളൊന്നടങ്കം വിശുദ്ധമായി കണക്കാക്കുന്ന ആ താഴ്‌വാരങ്ങളും, നൈലിന്റെ തീരങ്ങളും സന്ദര്‍ശിക്കാനുള്ള മോഹം യാത്രാസംഘത്തിലെല്ലാവര്‍ക്കുമുണ്ടായി. സീനാ മലനിരകളിലേക്ക് ഒരിക്കല്‍ കൂടി കണ്ണയച്ചുകൊണ്ട് ഞങ്ങള്‍ വാഹനമേറി.

മദാഇന്‍ ശുഐബ്
പിന്നീട് ഞങ്ങള്‍ ശുഐബ് നബിയെയും അദ്ദേഹത്തിന്റെ പെണ്‍കുട്ടികളെയും കാണാന്‍പോയി. കയ്യില്‍ മണ്‍കുടവുമേന്തി കിണറ്റിന്‍കരയില്‍ നിന്നല്‍പം മാറിനില്‍ക്കുന്ന കന്യകമാരുടെ ചിത്രം ആ വിജനതക്ക് ജീവനേകി. ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശമുള്ള മദ്‌യന്‍വാസികള്‍ മലകള്‍ തുരന്ന് വീടുകളുണ്ടാക്കിപാര്‍ത്തിരുന്നവരാണ്. വണിക്കുകളായിരുന്ന അവര്‍ കച്ചവടത്തില്‍ കാണിച്ചിരുന്ന കൃത്രിമങ്ങളും ചതികളുമാണ് അവരുടെ നാശഹേതുവായതെന്ന് ഖുര്‍ആന്‍ പറയുന്നു. നാമാവശേഷമായിത്തീര്‍ന്ന ഒരു സമൂഹത്തിന്റെ അവശിഷ്ടങ്ങളിലേക്ക് ഞങ്ങള്‍ പടവുകള്‍ കയറിയിറങ്ങി. ദൈവധിക്കാരവും അധാര്‍മികതയും പരിധിവിട്ടപ്പോള്‍ നശിപ്പിക്കപ്പെട്ട മറ്റൊരു സമൂഹം. തലമുറകള്‍ക്ക് പാഠമായി ഇങ്ങനെ എത്രയെത്ര തെളിവുകള്‍... അവയില്‍നിന്നും പാഠമുള്‍ക്കൊള്ളാത്തവര്‍ എത്ര നിര്‍ഭാഗ്യവാന്മാര്‍... ഒരു വിനോദസഞ്ചാരിയുടെ ലാഘവത്തോടെ കയറിയിറങ്ങാവുന്നതല്ല മദാഇന്‍ താഴ്‌വര. അത് തലമുറകള്‍ക്കായ് കാലം സൂക്ഷിച്ചുവെച്ചിരിക്കുന്ന പാഠപുസ്തകമാണ്.
യാത്രയുടെ അവസാനം മാഗ്നകടല്‍ തീരത്തെ കളിയും കുളിയും കഴിഞ്ഞപ്പോള്‍ ഈദുല്‍ ഫിത്വ്‌റിനോടനുബന്ധിച്ച് കെ.ഐ.ജി ജിദ്ദ നോര്‍ത്ത്‌സോണ്‍ ഒരുക്കിയ പഠനവിനോദ യാത്ര അക്ഷരാര്‍ഥത്തില്‍ സഫലമായി.
പക്ഷേ യാത്ര ഇവിടെ അവസാനിക്കുന്നില്ല... അത് തുടര്‍ന്നുകൊണ്ടേയിരിക്കും... സഫലമായ ആത്മാന്വേഷണത്തിലേക്ക് അവ നമ്മെ കൊണ്ടെത്തിക്കുന്നു.
(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍