ഖത്തര്‍ അമീറിന്റെ ചരിത്രം സൃഷ്ടിച്ച ഗസ്സ സന്ദര്‍ശനം
വിസ്തൃതി കൊണ്ട് ചെറുതെങ്കിലും നിലപാട് കൊണ്ട് സമ്പന്നമാണ് ഖത്തര്‍. ഒട്ടേറെ അന്തര്‍ദേശീയ പ്രശ്‌നങ്ങളില്‍ നീതിയുക്തമായ മധ്യസ്ഥത വഹിച്ചു കൊണ്ട് ഖത്തര്‍ ഇതിനകം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. ഒക്‌ടോബര്‍ 27-ന് ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയും സംഘവും നടത്തിയ ഗസ്സ സന്ദര്‍ശനം ഖത്തര്‍-ഫലസ്ത്വീന്‍ ചരിത്രത്തില്‍ മാത്രമല്ല, ലോക ഭൂപടത്തില്‍ തന്നെ പുതിയ ഒരധ്യായം എഴുതിച്ചേര്‍ക്കും.
അറബ്-മുസ്‌ലിം ലോകത്തെ 'ധിക്കാരി'യാണ് ഖത്തര്‍. ഇസ്രയേലിനെയും പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളെയും വിറളി പിടിപ്പിച്ച അമീറിന്റെ സന്ദര്‍ശനം മുസ്‌ലിം ലോകം ധീരമായ കാല്‍വെപ്പായി വിശേഷിപ്പിച്ചു. 1967-ന് ശേഷം ഒരു അറബി ഭരണാധിപന്‍ ഗസ്സ സന്ദര്‍ശിക്കുന്നത് ഇതാദ്യമായാണ്. കേവലം ആറ് മണിക്കൂര്‍ മാത്രം നീണ്ട സന്ദര്‍ശനമാണെങ്കിലും ഇത് ഫലസ്ത്വീനികള്‍ക്കും അവരെ പിന്തുണക്കുന്ന ജനകോടികള്‍ക്കും നല്‍കിയ ആശ്വാസവും കരുത്തും നിസ്സാരമല്ല.
ഫലസ്ത്വീനികള്‍ക്ക് നേരെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഒത്താശയോടെ ഇസ്രയേല്‍ നടത്തുന്ന മനുഷ്യാവകാശധ്വംസനം അതിന്റെ പാരമ്യത്തിലെത്തിയ ഘട്ടത്തിലാണ് ഖത്തര്‍ അമീറിന്റെ സന്ദര്‍ശനം. അമീറിനെയും സംഘത്തെയും സ്വീകരിക്കാന്‍ ആബാല വൃദ്ധം ജനങ്ങള്‍ ഗസ്സ തെരുവുകളില്‍ തടിച്ചു കൂടി. പ്രഭാതോദയത്തിന് മുമ്പ് തന്നെ റഫ അതിര്‍ത്തി മുതല്‍ സ്വലാഹുദ്ദീന്‍ റോഡിലുടനീളം അണിനിരന്ന പതിനായിരങ്ങള്‍, ഒരു കൈയില്‍ ഖത്തര്‍ പതാകയും മറുകൈയില്‍ ഫലസ്ത്വീന്‍ കൊടിയുമായി സമാധാനത്തിന്റെ സാന്ത്വന സ്പര്‍ശവുമായി കടന്നുവന്ന അമീറിനും സംഘത്തിനും വീരോചിത സ്വീകരണം നല്‍കി.
ജൂത രാഷ്ട്രം തരിപ്പണമാക്കിയ ഗസ്സ നഗരി പുതുക്കിപ്പണിയുകയെന്ന ശ്രമകരമായ ദൗത്യമാണ് ഖത്തര്‍ ഏറ്റെടുത്തിരിക്കുന്നത്. ഗസ്സ മുനമ്പിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം നേരിട്ടറിഞ്ഞ അമീര്‍ ശൈഖ് ഹമദ് നേരത്തെ പ്രഖ്യാപിച്ച 264 മില്യന്‍ ഡോളര്‍ 415 മില്യനാക്കി ഉയര്‍ത്തുകയായിരുന്നു. ഖാന്‍യൂനുസില്‍ 1060 ഭവനങ്ങള്‍ ഉള്‍പ്പെടെ വന്‍ പാര്‍പ്പിട സമുച്ചയം, ഹമദ് മെഡിക്കല്‍ സിറ്റി, സ്വലാഹുദ്ദീന്‍ റോഡ് ഉള്‍പ്പെടെ മൂന്ന് റോഡുകളുടെ പുനര്‍നിര്‍മാണം, പന്ത്രണ്ടര മില്യന്‍ ഡോളര്‍ വകയിരുത്തിക്കൊണ്ടുള്ള കാര്‍ഷിക വികസന പദ്ധതി തുടങ്ങി ഒട്ടേറെ സംരംഭങ്ങളാണ് അമീര്‍ തന്റെ സന്ദര്‍ശനത്തിനിടയില്‍ പ്രഖ്യാപിച്ചത്.
ഹമദ് ബിന്‍ ഖലീഫ പാര്‍പ്പിട സമുച്ചയത്തില്‍ സ്‌കൂളുകളും റോഡുകളും വാണിജ്യ വ്യാപാര കേന്ദ്രങ്ങളും സ്ഥാപിക്കുന്നുണ്ട്. ഹമദ് മെഡിക്കല്‍ സിറ്റിയില്‍ അംഗവൈകല്യം ബാധിച്ചവര്‍ക്ക് പ്രത്യേക യൂനിറ്റും അന്ധ-ബധിര കേന്ദ്രവും തുറക്കും.
പാര്‍പ്പിട സമുച്ചയത്തിന് തറക്കല്ലിട്ട അമീറിനെ സ്വാഗതം ചെയ്യവേ, ഫലസ്ത്വീന്‍ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യ ഖത്തര്‍ അമീറിന്റെ സന്ദര്‍ശനം ഗസ്സയുടെ നേര്‍ക്കുള്ള രാഷ്ട്രീയ സാമ്പത്തിക ഉപരോധം ഔപചാരികമായി തകര്‍ത്തെറിഞ്ഞതായി പ്രഖ്യാപിച്ചു. ''ഗസ്സ ഇന്ന് മുസ്‌ലിം ഉമ്മത്തിന്റെ അമീറിനെയാണ് സ്വീകരിക്കുന്നത്. അതെ, അറബ്-ഇസ്‌ലാമിക നേതാവിനെ. എതിര്‍പ്പുകളും ഭീഷണികളും വകവെക്കാതെ ഗസ്സ സന്ദര്‍ശിക്കാന്‍ ശൈഖ് ഹമദ് മുന്നോട്ട് വന്നത് അതിസാഹസികവും ധീരവുമായ നടപടിയാണ്. ഖത്തര്‍ അമീറിന്റെയും സംഘത്തിന്റെയും സന്ദര്‍ശനം ഗസ്സ ഒറ്റക്കല്ലെന്ന സന്ദേശം നല്‍കുന്നുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുള്ള ലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ഫലസ്ത്വീന്‍ ജീവിക്കുന്നുവെന്നതിന്റെ തെളിവാണിത്.'' നീണ്ട കരഘോഷങ്ങള്‍ക്കിടയില്‍ ഹനിയ്യ പറഞ്ഞു.
Comments