ഒബാമ പരിഹരിക്കേണ്ട 'പ്രശ്‌നങ്ങള്‍'
അമേരിക്കന്‍ മാധ്യമങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ പൊതുവെ കാണാനാവുന്ന ഒരു പ്രത്യേകതയുണ്ട്. അച്ചടിയിലാകട്ടെ, ദൃശ്യശ്രാവ്യ മാധ്യമങ്ങളിലാകട്ടെ അവരല്ലാത്ത മുഴുവന്‍ ലോകരാജ്യങ്ങളും വിശേഷിപ്പിക്കപ്പെടുന്നത് 'പ്രോബ്ലം' എന്ന പദമുപയോഗിച്ചാണ്. അമേരിക്കക്കാരന്റെ നിഘണ്ടുവില്‍ ഇന്ത്യയും പാകിസ്താനും ചൈനയും മധ്യപൗരസ്ത്യ ദേശത്തെ രാജ്യങ്ങളുമൊക്കെ പലതരം പ്രശ്‌നങ്ങളാണ്. അവര്‍ പരിഹരിക്കേണ്ട, അവര്‍ പരിഹരിച്ചില്ലെങ്കില്‍ ലോകം തന്നെ ബുദ്ധിമുട്ടേണ്ടിവരുന്ന കുഴപ്പങ്ങളാണ് ഇപ്പറഞ്ഞ രാജ്യങ്ങളോരോന്നും. ബറാക് ഹുസൈന്‍ ഒബാമ വീണ്ടും അധികാരത്തിലേറിയപ്പോള്‍ അദ്ദേഹത്തിന് അടുത്ത നാലു വര്‍ഷം കൊണ്ടെങ്കിലും പരിഹരിക്കേണ്ട ഇത്തരം പ്രശ്‌നങ്ങളുടെ വലിയൊരു പട്ടികയുമായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പിറ്റേ ദിവസം പുറത്തിറങ്ങിയത്. സത്യപ്രതിജ്ഞ നടത്തുന്നതിന് മുമ്പുതന്നെ സിറിയയുടെ കാര്യത്തില്‍ ഒബാമ തീരുമാനമെടുക്കേണ്ടി വരുമെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് ദിനപത്രം പറയുന്നത്. ഇറാനുമായുള്ള ആണവ വടംവലിയും പുതിയ പ്രസിഡന്റ് ഇനിയും നീട്ടിക്കൊണ്ടുപോവാതെ രണ്ടിലൊന്ന് തീരുമാനിക്കേണ്ട ഘട്ടമെത്തിയതായി പത്രം ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിസ്താനില്‍ നിന്നുള്ള പിന്മാറ്റമാണ് മറ്റൊരു സങ്കീര്‍ണമായ തലവേദന. യൂറോപ്പിലും ആഫ്രിക്കന്‍ വന്‍കരയിലും ഏഷ്യന്‍ രാജ്യങ്ങളിലും സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികള്‍ രൂപംകൊള്ളുന്നതായും ഇതെല്ലാം അമേരിക്കന്‍ പ്രസിഡന്റിനെ സംബന്ധിച്ചേടത്തോളം നിര്‍ണായക വിഷയങ്ങളാണെന്നും ന്യൂയോര്‍ക്ക് ടൈംസ് പത്രവും ചൂണ്ടിക്കാട്ടുന്നു. ചൈനയും റഷ്യയും സംശയകരമായ രീതിയില്‍ കുറെക്കൂടി ദേശീയത കളിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് പത്രത്തിന്റെ മറ്റൊരു നിരീക്ഷണം.
സിറിയന്‍ പ്രശ്‌നം പരിഹരിക്കണമെന്ന് ഇപ്പോള്‍ അമേരിക്കക്ക് തോന്നിത്തുടങ്ങിയത് ആ രാജ്യം കേന്ദ്രീകരിച്ച് രൂപംകൊള്ളുന്ന പുതിയ പോരാട്ട സംഘങ്ങളെ കുറിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളാണ്. അമേരിക്കന്‍ വിരുദ്ധതയുടെ പുതിയൊരു കൂടാരമാവുകയാണ് സിറിയ. ഇത്രയും കാലം ആ പ്രശ്‌നത്തെ അമേരിക്ക കണ്ടില്ലെന്നു നടിച്ചത് അവിടെ ഉയര്‍ന്നു വന്ന പുതിയൊരു ആയുധമാര്‍ക്കറ്റ് കണ്ടുകൊണ്ടു തന്നെയായിരുന്നു. അല്ലാതെ തെല്‍അവീവിന്റെ സമ്മര്‍ദമോ താല്‍പര്യമോ അമേരിക്ക കണക്കിലെടുത്തിരുന്നില്ല. കുറെക്കൂടി സൂക്ഷ്മമായി വിലയിരുത്തിയാല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയും വലിയൊരളവില്‍ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് കാണാനാവും. മധ്യപൗരസ്ത്യ ദേശത്തെ മിക്ക അറബ് രാജ്യങ്ങളും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ യൂറോപ്പുമായി വന്‍തുകകള്‍ക്കുള്ള ആയുധക്കരാറുകള്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിതരായി. അത്യന്താധുനിക പോര്‍വിമാനങ്ങളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മേഖലയിലുടനീളം കറങ്ങി നടക്കുന്നുണ്ട്. സമീപഭാവിയില്‍ അടുത്തൊന്നും യുദ്ധം ചെയ്യാന്‍ സാധ്യതയില്ലാത്ത, ഇനി അഥവാ ചെയ്യേണ്ടിവന്നാല്‍ വാങ്ങിക്കൂട്ടിയ വിമാനം പറത്താന്‍ മറീനുകളെ വാടകക്കെടുക്കേണ്ടി വരുന്ന രാജ്യങ്ങള്‍ പോലും ഈ നിര്‍ബന്ധിത ഇടപാടുകളില്‍ ഒപ്പുവെച്ചവരുടെ കൂട്ടത്തിലുണ്ട്. സിറിയന്‍ പ്രശ്‌നം മേഖലയിലേക്ക് പടരുമെന്നും ഇറാന്‍- അമേരിക്ക സംഘര്‍ഷം മൂര്‍ഛിക്കുമെന്നും ആയുധക്കച്ചവടക്കാരുടെ ദല്ലാളുമാര്‍ മാധ്യമങ്ങളിലിരുന്ന് എഴുതിക്കൂട്ടുകയും ചെയ്യുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇടക്കാലത്ത് ഒബാമക്കെതിരെ അമിതോത്സാഹവുമായി രംഗത്ത് ഇറങ്ങിയിരുന്നു. മിറ്റ് റോംനിയെ നെതന്യാഹു പരസ്യമായി പിന്തുണക്കുകയും ചെയ്തു. പക്ഷേ, റിപ്പബ്ലിക്കന്‍ കക്ഷി തോറ്റമ്പിയതോടെ അടുത്ത നാലു വര്‍ഷക്കാലം കൂടി ഇസ്രയേല്‍ ഒബാമയുടെ വഴിയെ ക്ഷമയോടെ സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇസ്രയേലിന്റെ വിലപേശല്‍ ശക്തി കുറയാന്‍ ഇടയാക്കിയ നീക്കങ്ങളായിരുന്നു നെതന്യാഹുവിന്റേത്. ഒബാമയെ അഭിനന്ദിക്കാനും വാഷിംഗ്ടണുമായുള്ള ബന്ധങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാനും തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്ന ഉടനെ നെതന്യാഹു ധൃതിപിടിച്ച തെറ്റുതിരുത്തല്‍ നീക്കങ്ങളുമായി ചാടിവീണു. ഒബാമയെ വിമര്‍ശിക്കരുതെന്ന് ലിക്കുഡ് പാര്‍ട്ടിയിലെ അംഗങ്ങളെ നെതന്യാഹു ശാസിക്കുക പോലുമുണ്ടായി. പക്ഷേ, ഒബാമയുമായി ബന്ധം വഷളാക്കിയത് നെതന്യാഹു കാണിച്ച മണ്ടത്തരമായാണ് സയണിസ്റ്റ് ലോബി വിലയിരുത്തുന്നത്. ഇറാനുമായി അമേരിക്ക സമീപഭാവിയില്‍ നേരിട്ട് സംഭാഷണത്തിന് പോകുമെന്നും ഫലസ്ത്വീന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ കുറെക്കൂടി മയപ്പെടുത്തിയ നിലപാട് സ്വീകരിക്കുകയും ചെയ്‌തേക്കുമെന്നാണ് സൂചനകള്‍. ഖത്തര്‍, തുര്‍ക്കി, ഈജിപ്ത് പോലുള്ള രാജ്യങ്ങള്‍ ഹമാസുമായി ബന്ധം മെച്ചപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയത് മാറിവരുന്ന അമേരിക്കന്‍ നയത്തിന്റെ ചുവടൊപ്പിച്ചാണെന്ന് കരുതുന്നവരുണ്ട്. ഇസ്രയേലിന് വൈറ്റ് ഹൗസില്‍ ഒരു സുഹൃത്തും ഇപ്പോഴില്ലെന്ന് മുന്‍ പ്രധാനമന്ത്രി യഹൂദ് ഓല്‍മര്‍ട്ട് നെതന്യാഹുവിന്റെ നയങ്ങളെ വിമര്‍ശിച്ചത് ഓര്‍ക്കുക. അടുത്ത ജനുവരിയില്‍ ഇസ്രയേലില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാങ്കേതികമായി അല്‍പ്പം പിന്നിലാണ് ലിക്കുഡ് പാര്‍ട്ടി. എങ്കിലും മറ്റു ചില കാരണങ്ങളാല്‍ നെതന്യാഹുവിന് ഇപ്പോഴും പ്രതീക്ഷക്ക് വക നല്‍കുന്ന പ്രധാനപ്പെട്ട ഘടകമായി ഈ തെരഞ്ഞെടുപ്പു ഫലം മാറിയിട്ടുമുണ്ട്. റിപ്പബ്ലിക്കന്മാര്‍ക്കാണ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകളേക്കാള്‍ മുന്‍തൂക്കം. ഈ കച്ചിത്തുരുമ്പ് ഉപയോഗിച്ച് ഇറാന്‍-സിറിയ വിഷയങ്ങളിലടക്കം ഒബാമയുടെ നയം ഇസ്രയേലിന് അനുകൂലമായി തിരുത്തിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നാണ് നിലവിലുള്ള സയണിസ്റ്റ് ഭരണകൂടത്തിന്റെ പ്രതീക്ഷ.
ഫലസ്ത്വീന് ഐക്യരാഷ്ട്ര സഭയില്‍ അംഗത്വം നല്‍കുന്ന വിഷയത്തില്‍ അമേരിക്ക അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അമേരിക്കക്ക് തെരുവില്‍ നഷ്ടമായി വരുന്ന വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ഈ നീക്കം സഹായിച്ചേക്കുമെന്നാണ് ഒറ്റപ്പെട്ട ചില കേന്ദ്രങ്ങളെങ്കിലും വിലയിരുത്തുന്നത്. അമേരിക്ക അറബ്-ഇസ്‌ലാമിക ലോകത്തോടുള്ള നയം സന്തുലിതമാക്കിയാല്‍ വരുന്ന നാലു വര്‍ഷക്കാലയളവില്‍ അവര്‍ക്ക് പിന്തുണ പ്രതീക്ഷിക്കാമെന്ന് ഹമാസ് വക്താവ് സമിഅ് അബൂ സുഹ്‌രി പറഞ്ഞു. നഷ്ടപ്പെടുന്ന വിശ്വാസ്യതയും ലോകത്ത് തങ്ങള്‍ അടിച്ചേല്‍പ്പിച്ച സമീപകാല യുദ്ധങ്ങള്‍ വരുത്തിയ സാമ്പത്തിക ബാധ്യതയുമാണ് പുതിയ പ്രസിഡന്റിന്റെ മുമ്പിലെ വെല്ലുവിളിയെന്ന് ചൂണ്ടിക്കാണിക്കുന്നവരുണ്ട്.
Comments