എന്തുകൊണ്ട് പ്രബോധനം ?
ആറു പതിറ്റാണ്ടിലേറെ കാലമായി മലയാളക്കരയില് കാലോചിതമായ ഭാഷയിലും ശൈലിയിലും ഇസ്ലാമിക പ്രബോധനം നിര്വഹിച്ചുവരികയാണ് പ്രബോധനം വാരിക. സമൂഹത്തില് ധര്മം പ്രചരിപ്പിക്കുകയും അധര്മം തടയാന് ശ്രമിക്കുകയും ചെയ്യുക, ദീനുല് ഇസ്ലാമിന്റെ സന്ദേശങ്ങള് ജനങ്ങളെ പരിചയപ്പെടുത്തുക, ഇസ്ലാമിനും മുസ്ലിം സമുദായത്തിനും എതിരെ പ്രചരിപ്പിക്കപ്പെടുന്ന തെറ്റുധാരണകള് ദൂരീകരിക്കുക, ആക്ഷേപങ്ങള്ക്കും വിമര്ശനങ്ങള്ക്കും യുക്തിയുക്തവും സമാധാനപരവുമായി മറുപടി നല്കുക, ബോധവത്കരണത്തിലൂടെ മുസ്ലിം സമുദായത്തെ അവരകപ്പെട്ട അന്ധവിശ്വാസങ്ങളില്നിന്നും അനാചാരങ്ങളില്നിന്നും തജ്ജന്യമായ അധഃസ്ഥിതിയില്നിന്നും മുക്തരാവാന് സഹായിക്കുക, മുസ്ലിം സംഘടനകള് തമ്മില് ഐക്യവും, മുസ്ലിം സമുദായവും ഇതര സമുദായങ്ങളും തമ്മില് സാഹോദര്യവും മതമൈത്രിയും വളര്ത്തുക... ഇങ്ങനെ ബഹുമുഖമാണ് പ്രബോധനം നിര്വഹിച്ചുകൊണ്ടിരിക്കുന്ന മഹദ് ദൗത്യം.
മാനവസമൂഹത്തില് ധര്മം പ്രചരിപ്പിക്കുന്നതും അധര്മം വിപാടനം ചെയ്യാന് ശ്രമിക്കുന്നതും മുസ്ലിം സമുദായത്തിന്റെ മൗലിക ലക്ഷ്യവും അസ്തിത്വത്തിന്റെ ന്യായവുമായി വിശുദ്ധ ഖുര്ആന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. അന്ത്യപ്രവാചകന് അദ്ദേഹത്തിന്റെ വിടവാങ്ങല് ഹജ്ജില് നടത്തിയ സുപ്രസിദ്ധമായ പ്രഭാഷണത്തില് ഓരോ മുസ്ലിമിനോടും വസ്വിയ്യത്ത് ചെയ്തിട്ടുള്ളതാണ് ഇസ്ലാമിക സന്ദേശം അത് ലഭിച്ചിട്ടില്ലാത്തവര്ക്കെല്ലാം എത്തിച്ചുകൊടുക്കുക എന്നത്. വിശുദ്ധ ഖുര്ആനും അന്ത്യപ്രവാചകനും അനുശാസിച്ച ഈ ധര്മമാണ് മുസ്ലിം സമുദായത്തിനും വ്യക്തികള്ക്കും വേണ്ടി പ്രബോധനം വാരിക നിര്വഹിച്ചുകൊണ്ടിരിക്കുന്നത്. ഈ സംരംഭം ഭംഗിയായി മുന്നോട്ടുകൊണ്ടുപോകേണ്ട ഉത്തരവാദിത്വം എല്ലാ വിശ്വാസികള്ക്കും, ഇസ്ലാമിക പ്രവര്ത്തകര്ക്ക് വിശേഷിച്ചും ഉണ്ട്. പ്രബോധനത്തിന്റെ പ്രസിദ്ധീകരണത്തിലും പ്രചാരണത്തിലും ബോധപൂര്വം പങ്കെടുക്കുമ്പോഴാണ് ആ ഉത്തരവാദിത്വം പൂര്ത്തീകരിക്കപ്പെടുക. പ്രസ്ഥാന പ്രവര്ത്തകര്ക്കും പ്രബോധനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന മറ്റുള്ളവര്ക്കും പ്രബോധന സംരംഭത്തില് ബോധപൂര്വം പങ്കെടുക്കാന് അവസരമൊരുക്കുകയാണ് വര്ഷം തോറും നടത്താറുള്ള പ്രചാരണ പക്ഷാചരണത്തിലൂടെ ഞങ്ങള് ചെയ്യുന്നത്. ഈ ഡിസംബര് 1 മുതല് 15 വരെയാണ് ഇക്കൊല്ലത്തെ പ്രചാരണ പക്ഷം. പതിവുപോലെ എല്ലാ ഗുണകാംക്ഷികളുടെയും അകമഴിഞ്ഞ സഹകരണം ഇക്കുറിയും ഞങ്ങള് പ്രതീക്ഷിക്കുന്നു.
പ്രബോധനത്തിന്റെ പ്രചാരണം പതിവിലേറെ ഗൗരവത്തോടെ പരിഗണിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പ്രസ്ഥാന പ്രവര്ത്തകരെ പ്രത്യേകം ഓര്മിപ്പിക്കുകയാണ്. ദേശീയതലത്തിലും അന്തര്ദേശീയ തലത്തിലും ഗുരുതരമായ ആക്ഷേപണങ്ങള്ക്കും ശത്രുതക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ് ഇസ്ലാമും മുസ്ലിംകളും. പവിത്രമായ ഖുര്ആനും പരിശുദ്ധനായ പ്രവാചകനും വരെ അതിനീചമാം വണ്ണം അവഹേളിക്കപ്പെടുന്നു. മുസ്ലിം സമുദായം പരിഷ്കൃത ലോകത്തിന്റെ ശത്രുക്കളായ പ്രാകൃതരും രക്തദാഹികളുമായി പരക്കെ ചിത്രീകരിക്കപ്പെടുന്നു. ഇത്തരം കുത്സിതമായ സാംസ്കാരികാക്രമണങ്ങളിലൂടെ ഇസ്ലാമിനെ ഈ ലോകത്തുനിന്ന് തുടച്ചുനീക്കുകയാണ് പ്രതിയോഗികളുടെ ലക്ഷ്യം. ഈ സാംസ്കാരിക യുദ്ധത്തിനെതിരെ ഇസ്ലാമിക പ്രസ്ഥാനം നടത്തുന്ന ക്ലേശകരമായ ചെറുത്തുനില്പ് ഫലപ്രദമാകാന് പ്രബോധനം വാരിക സമുദായത്തിനകത്തും പുറത്തും കൂടുതല് കൂടുതല് കരങ്ങളിലെത്തേണ്ടതുണ്ട്. ഇവ്വിഷയകമായി പ്രബോധനത്തിന്റെ പ്രവര്ത്തനം കേരളീയ സമൂഹത്തില് അതിന്റെ പ്രചാരണത്തിനനുസൃതമായി ഫലപ്രദമാകുന്നുവെന്ന് അമുസ്ലിം വായനക്കാരുടെ പ്രതികരണങ്ങളില്നിന്ന് വ്യക്തമാകുന്നുവെന്നത് ആശാവഹമായ വസ്തുതയാണ്. സമുദായത്തിലെ വ്യത്യസ്ത വിഭാഗങ്ങള് തമ്മിലുള്ള ഐക്യത്തിന്റെ അനിവാര്യതയാണ് സമകാലീന ലോക സംഭവങ്ങള് മുസ്ലിംകളെ ഉച്ചത്തില് വിളിച്ചറിയിക്കുന്ന മറ്റൊരു സന്ദേശം. ഈ സന്ദേശം അര്ഹിക്കുന്ന ഗൗരവത്തോടെ ശ്രവിച്ചുകൊണ്ടാണ് പ്രബോധനത്തിന്റെ ഉള്ളടക്കം തയാറാക്കുന്നത്. ഇതര സംഘടനകളെ ആക്ഷേപിക്കാനും അപഹസിക്കാനും ഞങ്ങള് മുതിരാറില്ല. പകരം എല്ലാവരുടെയും നല്ല വശങ്ങള് പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കാറുള്ളത്. ഇതര സംഘടനകളിലുണ്ടാകുന്ന ആഭ്യന്തര ശൈഥില്യങ്ങളെ പ്രോത്സാഹിപ്പിച്ച് മുതലെടുക്കാന് ഒരിക്കലും തുനിഞ്ഞിട്ടില്ല. സംഘടനാ ബന്ധം പരിഗണിക്കാതെ പ്രമുഖ പണ്ഡിതന്മാരുമായി അഭിമുഖങ്ങള് നടത്തി അവരുടെ അറിവും ആശയങ്ങളും സമുദായത്തിനു പങ്കുവെക്കുന്നതിലൂടെ സമവായത്തിലേക്കും ഐക്യത്തിലേക്കുമുള്ള പാത വെട്ടിത്തെളിയിക്കാന് ശ്രമിക്കുകയാണ് പ്രബോധനം. ഈ വാരികയുടെ ലക്കങ്ങള് പരിശോധിച്ചു നോക്കുന്നവര്ക്ക് ഇക്കാര്യം അനായാസം ബോധ്യപ്പെടുന്നതാണ്.
പ്രബോധനം എന്നും വില നിശ്ചയിച്ചു പോന്നിട്ടുള്ളത് അതിന് സുഗമമായി നിലനില്ക്കാനുള്ള വിഭവം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ലാഭം അതിന്റെ ലക്ഷ്യമല്ല. പത്രം വിറ്റുകിട്ടുന്നതും പരസ്യത്തിലൂടെ ലഭിക്കുന്നതുമല്ലാതെ പുറമെ നിന്നുള്ള സാമ്പത്തിക സ്രോതസ്സുകളോ ആദായം നല്കുന്ന സ്വത്തുക്കളോ അതിനില്ല. സ്വന്തം കാലില് നില്ക്കാനാവശ്യമായ വിഭവം പത്രത്തിന്റെ വില്പനയിലൂടെ തന്നെ സമാഹരിക്കേണ്ടതുണ്ട്. നഷ്ടമുണ്ടായാല് അതും പേറേണ്ടിവരിക പ്രസ്ഥാന പ്രവര്ത്തകര് തന്നെയായിരിക്കും. രാജ്യമൊട്ടാകെ വിലക്കയറ്റത്തിന്റെ നീരാളിപ്പിടുത്തത്തിലകപ്പെട്ടിരിക്കുകയാണല്ലോ. കുറച്ചുകാലമായി പ്രബോധനത്തെയും അതു വല്ലാതെ ഞെരുക്കുന്നുണ്ട്. ആ ഞെരുക്കം വായനക്കാരിലേക്ക് പകരാതിരിക്കാന് ഇറുകിപ്പിടിച്ചു നില്ക്കുകയായിരുന്നു ഞങ്ങള്. ഇനിയും അത് സാധ്യമല്ലാത്ത അവസ്ഥയിലെത്തിയിരിക്കുകയാണിപ്പോള്. വര്ധിച്ച ചെലവിലൊരു ഭാഗം വായനക്കാര്ക്ക് പങ്കുവെക്കാന് ഞങ്ങള് നിര്ബന്ധിതരായിരിക്കുന്നു. ഡിസംബര് ഒന്നു മുതല് വാരികയുടെ വില 10 രൂപയാണ്. വാര്ഷിക വരിസംഖ്യ 500 രൂപയായിരിക്കും. പ്രചാരണ പക്ഷത്തില് വരി ചേരുന്നവര്ക്ക് വാര്ഷിക സംഖ്യയില് 80 രൂപ ഇളവ് നല്കുന്നതാണ്. പ്രബോധനം അച്ചടിക്കുന്ന കടലാസിന്റെ ഗുണമേന്മ വര്ധിപ്പിക്കാനും ഉദ്ദേശ്യമുണ്ട്. സാഹചര്യത്തിന്റെ സങ്കീര്ണത മനസ്സിലാക്കി മാന്യവായനക്കാര് അനിവാര്യമായ ഈ വില വര്ധനയോട് സഹകരിക്കുമെന്ന് ഞങ്ങള്ക്ക് ഉത്തമ വിശ്വാസമുണ്ട്.
Comments