Prabodhanm Weekly

Pages

Search

2012 നവംബര്‍ 17

മര്‍യം ജമീല പടിഞ്ഞാറിന്റെ വിമര്‍ശക

വി.എ കബീര്‍

ര്‍യം ജമീല ഇസ്‌ലാമിലേക്ക് കടന്നുവരുന്ന അറുപതുകളുടെ തുടക്കത്തില്‍ ഈ ലേഖകന്‍ പ്രാഥമിക തലത്തിലെ ഒരു വിദ്യാര്‍ഥിയായിരുന്നു. അക്കാലത്ത് പാക്ഷികമായി പുറത്തിറങ്ങിയിരുന്ന പ്രബോധനത്തിലാണ് അവരുടെ മതപരിവര്‍ത്തന വാര്‍ത്ത വായിക്കുന്നത്. പടിഞ്ഞാറ് ഇസ്‌ലാമിന്റെ സാന്നിധ്യം തുലോം പരിമിതമായിരുന്നു അന്ന്. അതിനാല്‍ മറ്റു നിലക്ക് അറിയപ്പെടാതിരുന്ന ഒരു വ്യക്തിയായിട്ടും, അതും ഒരു സ്ത്രീ, ഇസ്‌ലാം ആശ്ലേഷിക്കുന്നതില്‍ സ്വാഭാവികമായും വാര്‍ത്താ പ്രാധാന്യമുണ്ടായിരുന്നു. വാര്‍ത്താ ഏജന്‍സികള്‍ക്കൊന്നും വാര്‍ത്തയല്ലാതിരുന്ന ആ വാര്‍ത്ത കേരളീയ മുസ്‌ലിം സമൂഹത്തില്‍ എത്തിക്കുന്നതില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നിര്യാതനായ മെസേജ് പത്രാധിപര്‍ വി.പി അബ്ദുല്ല സാഹിബിനും ഒരു പങ്കുണ്ടായിരുന്നു. ഇന്ത്യക്ക് പുറത്തും അറിയപ്പെട്ടിരുന്ന പ്രൗഢമായ ഇംഗ്ലീഷ് ജേര്‍ണലായിരുന്ന മെസേജും പുറത്തിറങ്ങിയിരുന്നത് വെള്ളിമാടുകുന്നില്‍നിന്ന് തന്നെ. റീഡേഴ്‌സ് ഡൈജസ്റ്റില്‍ ഇസ്‌ലാമിനെക്കുറിച്ച് മാര്‍ഗരറ്റ് മാര്‍ക്കസി(അന്ന് അവള്‍ മര്‍യം ജമീലയായി കഴിഞ്ഞിരുന്നില്ല)ന്റെ ഒരു ലേഖനം കാണാനിടയായ വി.പി അബ്ദുല്ല സാഹിബ് അവരുമായി എഴുത്തുകുത്ത് നടത്തി. അവരെ മൗദൂദിയിലേക്ക് എത്തിച്ചതില്‍ വി.പിക്കും പങ്കുണ്ടായിരുന്നുവെന്ന് വേണം കരുതാന്‍. പില്‍ക്കാലത്ത് മെസേജിലും അവര്‍ എഴുതാറുണ്ടായിരുന്നു.
സല്‍മാനുല്‍ ഫാരിസിയുടെ
യു.എസ് പതിപ്പ്
സല്‍മാനുല്‍ ഫാരിസിയുടേതിന് സമാനമാണ് മാര്‍ഗരറ്റിന്റെ (Margaret(peggy)Mareus) പരിവര്‍ത്തനം. സത്യം അവര്‍ സ്വയം അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. കൊച്ചുനാളിലേ സംഗീതത്തിലും ക്ലാസിക്കല്‍ ഒപറെയിലും വലിയ താല്‍പര്യമായിരുന്നു പെഗ്ഗിക്ക്. ഇഷ്ടവിഷയമായ സംഗീതത്തില്‍ സ്‌കൂളില്‍ അവള്‍ എന്നും ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കി. അതിനിടെ യാദൃഛികമായാണ് റേഡിയോവില്‍ അവള്‍ അറബി സംഗീതം കേള്‍ക്കാനിടയായത്. അതില്‍ കമ്പം കയറിയ മാര്‍ഗരറ്റ് അറബി സംഗീത റിക്കാര്‍ഡുകള്‍ക്ക് വേണ്ടി മാതാപിതാക്കളുടെ പിന്നാലെ കൂടി. ന്യൂയോര്‍ക്ക് സിറ്റിയിലെ സിറിയന്‍ വിഭാഗത്തില്‍നിന്ന് അറബി സംഗീത റിക്കാര്‍ഡുകള്‍ വാങ്ങിക്കൊടുക്കുന്നത് വരെ പെഗ്ഗി പിതാവിനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷേ, രക്ഷിതാക്കളും ബന്ധുക്കളും അറബി സംഗീതം അരോചകമായാണ് കണ്ടത്. അതിനാല്‍ സ്വന്തം മുറി അടച്ചുപൂട്ടിയാണ് അവള്‍ കിഴക്കിന്റ സംഗീതം ആസ്വദിച്ചത്. ഈജിപ്ഷ്യന്‍ ഗായിക ഉമ്മു കുത്സൂം പെഗ്ഗിയുടെ ഇഷ്ടഗായികമാരിലൊരാളായിരുന്നു.
ഇസ്‌ലാമില്‍ വന്ന ശേഷം സംഗീതത്തോടുള്ള താല്‍പര്യം തര്‍ത്തീലി(ഖുര്‍ആന്‍ ആലാപം)ലേക്ക് കൂടി വഴിമാറി. മുസ്‌ലിമായ ശേഷം ന്യൂയോര്‍ക്കിലെ മസ്ജിദില്‍ എന്നും ഒരു മണിക്കൂര്‍ പ്രസിദ്ധ ഈജിപ്ഷ്യന്‍ ഖാരിഅ് ആയ അബ്ദുല്‍ ബാസിത്വിന്റെ ഖുര്‍ആന്‍ പാരായണ റിക്കാര്‍ഡില്‍ മുഴുകുക അവര്‍ പതിവാക്കി. വെള്ളിയാഴ്ച ദിവസം ഇമാം ഈ റിക്കാര്‍ഡുകള്‍ പ്ലേ ചെയ്തില്ല. അന്നൊരു 'വിശിഷ്ടാതിഥി' മസ്ജിദില്‍ വന്നു. നിരാഡംബര വേഷം ധരിച്ച മെലിഞ്ഞ് കുറിയ ഒരു കറുമ്പന്‍. സാന്‍സിബാറില്‍നിന്നുള്ള വിദ്യാര്‍ഥി എന്നാണ് അയാള്‍ സ്വയം പരിചയപ്പെടുത്തിയത്. ആ യുവാവ് അര്‍റഹ്മാന്‍ സൂറ പാരായണം ചെയ്തു. അത്രയും മനോഹരവും ഗംഭീരവുമായൊരു ഖുര്‍ആന്‍ പാരായണം ഒരിക്കലും, അബ്ദുല്‍ ബാസിത്വില്‍നിന്ന് പോലും തനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മര്‍യം ജമീല പറയുന്നത്. ഹസ്രത്ത് ബിലാലിന്റെ ശബ്ദ സൗകുമാര്യവും അതുപോലെയായിരിക്കണമെന്നാണ് അത് കേട്ടപ്പോള്‍ അവര്‍ക്ക് തോന്നിയത്.

സണ്ടേ സ്‌കൂള്‍
പത്താം വയസ്സ് തൊട്ടേ തനിക്ക് ഇസ്‌ലാമില്‍ താല്‍പര്യം ജനിച്ചിരുന്നുവെന്ന് മര്‍യം ജമീല പറയുന്നുണ്ട്. ജൂത പരിഷ്‌കരണ പ്രസ്ഥാനക്കാരുടെ സണ്ടേ സ്‌കൂളിലെ ക്ലാസ്സുകളാണ് ഒരു വിധത്തില്‍ അതിന് നിമിത്തമായത്. യഹൂദ പാഠപുസ്തകങ്ങളില്‍നിന്ന് അറബികളും ജൂതന്മാരും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളില്‍ അവര്‍ ആകൃഷ്ടരായി. ജൂതന്മാരുടേതെന്ന പോലെ അറബികളുടെയും പിതാവാണ് അബ്രഹാമെന്ന് അവയില്‍നിന്ന് മാര്‍ഗരറ്റ് മനസ്സിലാക്കി. നൂറ്റാണ്ടുകള്‍ക്ക് ശേഷം മധ്യകാല യൂറോപ്പില്‍ ക്രൈസ്തവ പീഡനം നേരിട്ടപ്പോള്‍ ജൂതന്മാര്‍ മുസ്‌ലിം സ്‌പെയ്‌നില്‍ സ്വാഗതം ചെയ്യപ്പെട്ടത് അവര്‍ വായിച്ചറിഞ്ഞിരുന്നു. അറബി - ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഉദാരതയിലാണ് ഹീബ്രു സംസ്‌കാരം അതിന്റെ ഉച്ചിയിലെത്തിയതെന്നും അവര്‍ക്ക് മനസ്സിലായി. സ്‌പെയ്ന്‍ ക്രൈസ്തവര്‍ അധീനപ്പെടുത്തിയപ്പോള്‍ മുസ്‌ലിംകളും ജൂതന്മാരും ഒന്നിച്ചാണ് അവിടെനിന്ന് തുരത്തപ്പെട്ടത്. അന്നൊന്നും സയണിസത്തിന്റെ തനിനിറത്തെക്കുറിച്ച് താന്‍ ബോധവതിയായിരുന്നില്ലെന്ന് അവര്‍ പറയുന്നു. ലോകത്തെങ്ങുമുള്ള ജൂതന്മാര്‍ ഫലസ്ത്വീനിലേക്ക് കുടിയേറിയത് അറബികളുമായുള്ള ചരിത്രപരവും കുടുംബപരവുമായ ബന്ധം ശക്തിപ്പെടുത്താനാണെന്നാണ് അവര്‍ കരുതിയത്. ജൂതന്മാരും അറബികളും ഒന്നിച്ച് മധ്യപൗരസ്ത്യദേശത്ത് സംസ്‌കാരത്തിന്റെ മറ്റൊരു സുവര്‍ണയുഗം സൃഷ്ടിക്കുമെന്നും അവര്‍ ധരിച്ചിരുന്നു.
യഹൂദ ചരിത്രപഠനത്തില്‍ ആകൃഷ്ടയായെങ്കിലും സണ്ടേ സ്‌കൂളില്‍ അങ്ങേയറ്റം അസന്തുഷ്ടയായിരുന്നു അവര്‍. നാസികളുടെ കൊടിയ പീഡനത്തിന് വിധേയരായ യൂറോപ്യന്‍ ജൂതന്മാരുമായി അക്കാലത്ത് താന്‍ ശക്തമായി താദാത്മ്യപ്പെട്ടിരുന്നതായി അവര്‍ എഴുതിയതായി കാണാം. അതേസമയം, സഹപാഠികളോ അവരുടെ രക്ഷിതാക്കളോ ആരും തന്നെ മതത്തെ ഗൗരവത്തിലെടുക്കാത്തത് അവരില്‍ ഞെട്ടലുളവാക്കി. സിനഗോഗിലെ ചടങ്ങുകള്‍ക്കിടയില്‍ കുട്ടികള്‍ പ്രാര്‍ഥനാ പുസ്തകങ്ങള്‍ക്കകത്ത് കോമിക് സിട്രിപ്പുകള്‍ ഒളിച്ചുവെച്ച് പ്രാര്‍ഥന നടക്കുമ്പോള്‍ അവ വായിച്ച് ചിരിക്കാറുള്ളത് അവര്‍ ഓര്‍ക്കുന്നു. കുട്ടികള്‍ക്ക് മത ചടങ്ങുകളോട് അവജ്ഞയായിരുന്നു. അധ്യാപകന്മാര്‍ക്ക് നേരെ ചൊവ്വെ ക്ലാസ്സെടുക്കാന്‍ കഴിയാതിരിക്കുമാര്‍ അവര്‍ ബഹളം വെക്കുമായിരുന്നു.
വ്യത്യസ്തമായിരുന്നില്ല വീട്ടിലെ സ്ഥിതിയും. മതനിഷ്ഠയുടെ കാര്യത്തില്‍ ഒത്ത് പൊരുത്തം പ്രായേണ വളരെ കുറവായിരുന്നു. ജ്യേഷ്ഠത്തിക്ക് സണ്ടേ സ്‌കൂളില്‍ പോവുക എന്നാല്‍ കൊല്ലാന്‍ കൊണ്ടുപോകുന്നതിനു സമാനമായിരുന്നു. ഞായറാഴ്ചയായാല്‍ അമ്മ അവരെ ശയ്യയില്‍നിന്ന് വലിച്ചിറക്കിയാലേ അവള്‍ ഉണര്‍ന്നിരുന്നുള്ളൂ. ഏറെ കരഞ്ഞു പിഴിഞ്ഞും ഒച്ചവെച്ചുമാണ് ജ്യേഷ്ഠത്തി സണ്ടേ സ്‌കൂളില്‍ പോവുക. മടുത്ത രക്ഷിതാക്കള്‍ ഒടുവില്‍ അവളെ അവളുടെ പാട്ടിന് വിട്ടു. 'യൗം കിപ്പൂര്‍' (പശ്ചാത്താപ ദിനം) പോലുള്ള യഹൂദ പുണ്യ ദിനങ്ങളില്‍ സിനഗോഗില്‍ പോവുകയും വ്രതമനുഷ്ഠിക്കുകയും ചെയ്യുന്നതിന് പകരം മാര്‍ഗരറ്റും ജ്യേഷ്ഠത്തിയും മേത്തരം റസ്റ്റോറന്റുകളിലെ ഫാമിലി പിക്‌നിക്കിലും പാര്‍ട്ടികളിലും പങ്കെടുക്കുകയായിരുന്നു പതിവ്.

എത്തിക്കല്‍ കള്‍ച്ചറല്‍ മൂവ്‌മെന്റ്
സണ്ടേ സ്‌കൂളിലെ ദുരിതങ്ങളെക്കുറിച്ച് രണ്ടുപേരും കൂടി മാതാപിതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്തിയതോടെ അവര്‍ 'ധാര്‍മിക സംസ്‌കാര പ്രസ്ഥാനം' (Ethical Cultural Movement) എന്നറിയപ്പെടുന്ന സന്ദേഹവാദ ഹ്യൂമനിസ്റ്റ് സംഘടനയില്‍ ചേര്‍ന്നു. 19-ാം നൂറ്റാണ്ടില്‍ ഫെലിക്‌സ് അഡ്‌ലര്‍ (Felix Adler) സ്ഥാപിച്ച പ്രസ്ഥാനമാണ് എത്തിക്കല്‍ കള്‍ച്ചറല്‍ മൂവ്‌മെന്റ്. റബ്ബിയാകാന്‍ പഠിച്ചുകൊണ്ടിരിക്കെ ഫെലിക്‌സ് ധാര്‍മിക മൂല്യങ്ങള്‍ സാപേക്ഷവും മനുഷ്യനിര്‍മിതവുമാണെന്ന ബോധ്യത്തിലെത്തി. പ്രകൃത്യാതീത ശക്തികളും മതവുമൊക്കെ അപ്രസക്തമാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അങ്ങനെ ആധുനിക ലോകത്തിന് അനുയോജ്യമായ തന്റെതായൊരു മതം ഫെലിക്‌സ് രൂപപ്പെടുത്തിയെടുത്തു. പതിനൊന്ന് മുതല്‍ പതിനഞ്ചാം വയസ്സുവരെ എത്തിക്കല്‍ കള്‍ച്ചറിന്റെ സണ്ടേ സ്‌കൂളില്‍ മാര്‍ഗരറ്റ് പതിവായി പങ്കെടുത്തു പോന്നു. പ്രസ്ഥാനത്തിന്റെ ആശയങ്ങളുമായി സമ്പൂര്‍ണമായി പൊരുത്തപ്പെട്ട മാര്‍ഗരറ്റ് എല്ലാ പാരമ്പര്യ സംഘടിത മതങ്ങളെയും പുഛത്തോടെ കണ്ടാണ് വളര്‍ന്നത്.
കൗമാരകാലമുടനീളം ഹ്യൂമനിസ്റ്റ് ദര്‍ശനത്തിന്റെ സ്വാധീനത്തിലായിരുന്നെങ്കിലും ബൗദ്ധികമായി കുറെക്കൂടി പക്വത നേടിയതോടെ നിരീശ്വരത്വത്തില്‍ മാര്‍ഗരറ്റിന് അസംതൃപ്തി തോന്നിത്തുടങ്ങി. വീണ്ടും അവര്‍ ആത്മാന്വേഷണം ആരംഭിച്ചു. അങ്ങനെയാണ് അവര്‍ ന്യൂയോര്‍ക്കിലെ 'ദി കാരവാന്‍ ഓഫ് ഈസ്റ്റ് ആന്റ് വെസ്റ്റ്' എന്ന ബഹായി ഗ്രൂപ്പില്‍ എത്തിപ്പെടുന്നത്. മീര്‍സാ അഹ്മദ് സൊഹ്‌റാബ് (ചരമം 1958) എന്ന ഒരു ഇറാനിയായിരുന്നു ഗ്രൂപ്പിന്റെ നേതാവ്. ബഹായി മതസ്ഥാപകനായ അബ്ദുല്‍ ബഹായുടെ സെക്രട്ടറിയായിരുന്നു താനെന്നാണ് സൊഹ്‌റാബ് മാര്‍ഗരറ്റിനോട് പറഞ്ഞിരുന്നത്. ഇസ്‌ലാമിന്റെ വേരുകളുള്ളതിനാലും മാനവരാശിയുടെ ഏകത പ്രബോധനം ചെയ്തിരുന്നതിനാലും തുടക്കത്തില്‍ ബഹായിസം അവര്‍ക്ക് ആകര്‍ഷകമായി തോന്നി. പക്ഷേ, ഈ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ അവര്‍ ദയനീയമായ പരാജയമാണെന്ന് കണ്ടപ്പോള്‍ നിരാശയായ മാര്‍ഗരറ്റ് ബഹായി ഗ്രൂപ്പിനെ ഉപേക്ഷിച്ചു.

സയണിസ്റ്റ് യൂത്ത് മൂവ്‌മെന്റില്‍
ബഹായിസം വിട്ട മാര്‍ഗരറ്റ് പതിനെട്ടാം വയസ്സില്‍ പിന്നീട് 'മിസ്‌റാഷി ഹാറ്റ്‌സയര്‍' (Mizrachi Hatzair) എന്ന സയണിസ്റ്റ് യുവജന പ്രസ്ഥാനത്തിന്റെ ന്യൂയോര്‍ക്ക് പ്രാദേശിക യൂനിറ്റില്‍ ചേര്‍ന്നു. ജൂതന്മാരും അറബികളും തമ്മില്‍ ഒത്തുതീര്‍പ്പില്ലാത്ത ശത്രുത സൃഷ്ടിക്കുന്ന സയണിസത്തിന്റെ യഥാര്‍ഥ മുഖം തിരിച്ചറിഞ്ഞതോടെ മാസങ്ങള്‍ക്ക് ശേഷം സയണിസ്റ്റ് യുവജന പ്രസ്ഥാനത്തില്‍നിന്ന് അവര്‍ വിട്ടുനിന്നു.
ഇരുപതാം വയസ്സില്‍ ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരിക്കെ 'ഇസ്‌ലാമിലെ ജൂതായിസം' എന്ന സവിശേഷ പഠന കോഴ്‌സില്‍ ചേര്‍ന്നു മാര്‍ഗരറ്റ്. ജൂതപുരോഹിതനായ (റബ്ബി) അബ്‌റഹാം ഇസ്സാഖ് കാറ്റ്ഷ് (Abraham Issac Katsh) ആയിരുന്നു അവരുടെ പ്രഫസര്‍. റബ്ബിയാകാന്‍ പഠിച്ചുകൊണ്ടിരുന്നവരായിരുന്നു പ്രഫ. കാറ്റ്ഷിന്റെ വിദ്യാര്‍ഥികള്‍. ജൂതമതത്തില്‍നിന്ന് ഉള്‍പിരിഞ്ഞുണ്ടായതാണ് ഇസ്‌ലാം എന്ന് തന്റെ വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്താനാണ് ക്ലാസ്സുകളില്‍ പ്രഫ. കാറ്റ്ഷ് ശ്രമിച്ചിരുന്നത്. അദ്ദേഹം തന്നെ തയാറാക്കിയ പാഠപുസ്തകത്തില്‍ ജൂത സ്രോതസ്സുകള്‍ അധ്യാരോപിക്കാനായി ഖുര്‍ആനില്‍നിന്നുള്ള സൂക്തങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടുപെട്ടിരുന്നു. ഇസ്‌ലാമിന്റെ മേല്‍ യഹൂദമതത്തിന്റെ മികവ് തെളിയിക്കുകയായിരുന്നു പ്രഫ. കാറ്റ്ഷിന്റെ ഉദ്ദേശ്യമെങ്കിലും മാര്‍ഗരറ്റിന്റെ ചിന്തയെ എതിര്‍ദിശയിലേക്കാണ് ഇത് തിരിച്ചുവിട്ടത്. പഴയ നിയമത്തിലെയും യഹൂദ പ്രാര്‍ഥനാ പുസ്തകങ്ങളിലെയും ദൈവസങ്കല്‍പം ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റിന് തുല്യം വികലമായാണ് തനിക്ക്‌തോന്നിയതെന്ന് മാര്‍ഗരറ്റ് പറയുന്നുണ്ട്. ഫലസ്ത്വീന്‍ ജൂതന്മാര്‍ക്ക് ലഭിച്ച ദൈവികവരദാനമാവുന്നത് ഈ സങ്കല്‍പത്തില്‍നിന്നാണ്. മതവുമായി കൂട്ടിക്കലര്‍ത്തിയ സങ്കുചിത ദേശീയത്വം അപരിഹാര്യമാം വിധം യഹൂദ മതത്തെ ആത്മീയമായി ദരിദ്രമാക്കി എന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ജൂതായിസത്തിന്റെ ഉള്‍വലിവാണ് ചരിത്രത്തിലുടനീളം അവര്‍ പീഡിത സമൂഹമായി മാറാന്‍ കാരണമെന്ന് ഈ ഘട്ടത്തില്‍ മാര്‍ഗരറ്റിന് തോന്നുന്നു. ഇതര മതങ്ങളെ പോലെ മതപരിവര്‍ത്തനത്തിന് ശ്രമിച്ചിരുന്നെങ്കില്‍ പീഡന ദുരന്തങ്ങള്‍ യൂഹദ സമൂഹത്തിന് അഭിമുഖീകരിക്കേണ്ടിവരില്ലായിരുന്നുവെന്നാണ് അവരുടെ ഒരു വീക്ഷണം. ആധുനിക സെക്യുലര്‍ നാഷ്‌നലിസവുമായി കൂടിക്കലര്‍ന്ന വംശീയ -ഗോത്രജൂതായിസമാണ് സയണിസമെന്ന് അവര്‍ക്ക് വൈകാതെ ബോധ്യപ്പെട്ടു. സയണിസ്റ്റ് നേതാക്കളില്‍ മതാനുഷ്ഠാനങ്ങളോടു പ്രതിബദ്ധതയുള്ളവര്‍ നന്നെ ചുരുക്കമാണെന്ന് അവര്‍ക്ക് മനസ്സിലായി. ഫലസ്ത്വീനികളുടെ നേരെയുള്ള നിഷ്ഠുരമായ അനീതിയില്‍ പ്രതിഷേധിക്കാന്‍ മനഃസാക്ഷിയുള്ള ആരെയും അമേരിക്കന്‍ സയണിസ്റ്റ് അനുകൂലികളില്‍ അവര്‍ക്ക് കണ്ടെത്താനായില്ല. ഇക്കാരണത്താല്‍ ആത്മാര്‍ഥ ജൂത മതസ്ഥയായി സ്വയം കരുതാന്‍ അവര്‍ക്ക് സാധ്യമാകാതെ വന്നു.

സെനിത ലീബര്‍മാന്‍
പ്രഫസര്‍ കാറ്റ്ഷിന്റെ ക്ലാസ്സുകള്‍ക്കിടെയാണ് സെനിതാ ലീബര്‍മാനെ (Zenita Liebermann) മാര്‍ഗരറ്റ് പരിചയപ്പെടുന്നത്. തനിക്ക് കാണാന്‍ കഴിഞ്ഞതില്‍ അസാധാരണമാംവിധം ആകര്‍ഷകത്വവും ചുറുചുറുക്കുമുള്ള പെണ്‍കുട്ടി എന്നാണ് അവളെ മാര്‍ഗരറ്റ് വിശേഷിപ്പിക്കുന്നത്. ആദ്യമായി പ്രഫ. അബ്‌റഹാം കാറ്റ്ഷിന്റെ ക്ലാസില്‍ പ്രവേശിച്ച മാര്‍ഗരറ്റ് ഇരിപ്പിടത്തിനായി ചുറ്റും നോക്കിയപ്പോള്‍ ഒഴിഞ്ഞ രണ്ട് സീറ്റുകള്‍ കണ്ടു. ആ സീറ്റുകളിലൊന്നിന്റെ കൈത്താങ്ങില്‍ മനോഹരമായി ബൈന്റ് ചെയ്ത യൂസുഫലിയുടെ ഇംഗ്ലീഷ് ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ മൂന്ന് വാള്യങ്ങള്‍ അവരുടെ ശ്രദ്ധയില്‍ പെട്ടു. അതാരുടേതാണെന്നറിയാനുള്ള ആകാംക്ഷയോടെ അതിന് തൊട്ടടുത്ത ഇരിപ്പിടത്തിലാണ് മാര്‍ഗരറ്റ് ഇരുന്നത്. റബ്ബി കാറ്റ്ഷ് ലക്ചര്‍ ആരംഭിച്ചതും നീണ്ടുമെലിഞ്ഞ, തവിട്ടുനിറത്തില്‍ തിങ്ങിയ ചികുരഭാരങ്ങളോടു കൂടിയ ഒരു പെണ്‍കുട്ടി കടന്നുവന്ന് മാര്‍ഗരറ്റിന്റെ തൊട്ടടുത്ത് ഇരുന്നു. വ്യതിരിക്തമായ അവരുടെ ഭാവം കണ്ടപ്പോള്‍ തുര്‍ക്കിയില്‍ നിന്നോ സിറിയയില്‍നിന്നോ മറ്റേതെങ്കിലും സമീപ പൗരസ്ത്യ ദേശത്ത് നിന്നോ ഉള്ള വിദേശ വിദ്യാര്‍ഥിനിയായിരിക്കുമെന്നാണ് മാര്‍ഗരറ്റിന് തോന്നിയത്. അവര്‍ രണ്ട് പേര്‍ മാത്രമായിരുന്നു ക്ലാസില്‍ ആകപ്പാടെയുള്ള വിദ്യാര്‍ഥിനികള്‍. മറ്റുള്ളവര്‍ ഓര്‍ത്തഡോക്‌സ് ജൂതന്മാരുടെ കറുത്ത തൊപ്പി ധരിച്ച കുമാരന്മാരായിരുന്നു. വൈകുന്നേരം ലൈബ്രറി റൂം വിട്ടുപോരുമ്പോള്‍ ആ പെണ്‍കുട്ടി മാര്‍ഗരറ്റിന് സ്വയം പരിചയപ്പെടുത്തി. 1917-ലെ ഒക്‌ടോബര്‍ വിപ്ലവത്തിന് ഏതാനും വര്‍ഷം മുമ്പ് മാത്രം റഷ്യയില്‍നിന്ന് പീഡനത്തില്‍നിന്ന് രക്ഷതേടി അമേരിക്കയിലേക്ക് കുടിയേറിയ ഓര്‍ത്തഡോക്‌സ് ജൂത കുടുംബത്തിലായിരുന്നു അവളുടെ ജനനം. ഒരു വിദേശിയുടെ സൂക്ഷ്മ ശ്രദ്ധയോടെയാണ് തന്റെ സുഹൃത്ത് ഇംഗ്ലീഷ് സംസാരിക്കുന്നതെന്ന് മാര്‍ഗരറ്റ് നിരീക്ഷിച്ചു. സെനിതാ ലീബര്‍മാന്‍ എന്നാണ് തന്റെ പേരെങ്കിലും സ്വയം അമേരിക്കന്‍വത്കരണത്തിന്റെ ഭാഗമായി രക്ഷിതാക്കള്‍ ലീബര്‍മാന്‍ എന്നത് ലെയ്ന്‍(Lane) എന്നാക്കിയതായി അവര്‍ മാര്‍ഗരറ്റിനോട് പറഞ്ഞു. പിതാവിന്റെ ശിക്ഷണവും സ്‌കൂളിലെ മാധ്യമവും ഹീബ്രുവായതിനാല്‍ തന്റെ അധികസമയം മുഴുവന്‍ അറബി പഠിക്കാനാണ് വിനിയോഗിക്കുന്നതെന്ന് മാര്‍ഗരറ്റിനോട് സെനിത പറഞ്ഞു. പ്രഫ. കാറ്റ്ഷിന്റെ കോഴ്‌സ് മാര്‍ഗരറ്റ് മുഴുമിച്ചെങ്കിലും സെനിത ഇടക്ക് വെച്ച് മുങ്ങി. പിന്നീടവര്‍ ക്ലാസിലേക്ക് തിരിച്ചുവന്നതേയില്ല. സെനിതയെ മാര്‍ഗരറ്റ് ഏതാണ്ട് മറന്നു കഴിഞ്ഞിരുന്നു. അങ്ങനെ നിനച്ചിരിക്കാത്ത ഒരുവേളയില്‍ മാര്‍ഗരറ്റിനെ സെനിതയുടെ വിളി തേടിയെത്തി. മെട്രോ പോളിറ്റന്‍ മ്യൂസിയത്തില്‍ വന്ന് സന്ധിക്കാനും അറബി കാലിഗ്രഫിയുടെയും പുരാതന ഖുര്‍ആന്‍ കൈയെഴുത്ത് പ്രതികളുടെയും പ്രത്യേക പ്രദര്‍ശനം കാണുന്നതിന് തന്നെ അനുഗമിക്കാനും മാര്‍ഗരറ്റിനെ സെനിത ക്ഷണിച്ചു. രണ്ട് ഫലസ്ത്വീനി സ്‌നേഹിതകളുടെ സാന്നിധ്യത്തില്‍ താന്‍ മുസ്‌ലിമായ കഥ സെനിത പ്രദര്‍ശനം കാണുന്നതിനിടെ അവരെ അറിയിച്ചു. എന്തിനാണ് മുസ്‌ലിമായതെന്ന് ചോദിച്ചപ്പോള്‍ സെനിതയുടെ മറുപടി ഇതായിരുന്നു: ''കഠിനമായ കിഡ്‌നി രോഗബാധയെത്തുടര്‍ന്നാണ് ഞാന്‍ പ്രഫ. കാറ്റ്ഷിന്റെ ക്ലാസ് ഉപേക്ഷിച്ചത്. ഞാന്‍ രക്ഷപ്പെടുമെന്ന് മാതാപിതാക്കള്‍ക്ക് ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല. ഉച്ചതിരിഞ്ഞ് ഒരുനാളില്‍ ഞാന്‍ പനിച്ചൂടില്‍ വേവുകയായിരുന്നു. അപ്പോള്‍ ശയ്യക്കരികിലെ മേശമേലിരിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ എടുത്ത് വായിക്കാന്‍ തുടങ്ങി. ആ സൂക്തങ്ങള്‍ എന്നെ അഗാധമായി സ്പര്‍ശിച്ചു. ഞാന്‍ കരയാന്‍ തുടങ്ങി. അതോടെ രോഗത്തിന് ശമനം വരുന്നതായനുഭവപ്പെട്ടു. ശയ്യയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ശക്തി കിട്ടിയപ്പോള്‍ എന്റെ രണ്ട് മുസ്‌ലിം സ്‌നേഹിതകളെ ഞാന്‍ വിളിച്ചുവരുത്തി. അവരെ സാക്ഷികളാക്കി ഞാന്‍ സത്യവാക്യം ചൊല്ലി മുസ്‌ലിമായി.''
പിന്നീട് സെനിതയോടൊപ്പം സിറിയന്‍ റസ്റ്റോറന്റില്‍നിന്ന് ആഹാരം കഴിക്കുന്നത് മാര്‍ഗരറ്റ് പതിവാക്കി. അറബി പാചകം അവര്‍ക്ക് നന്നെ രസിച്ചു. കൈയില്‍ കാശുണ്ടാവുമ്പോഴൊക്കെ പൊരിച്ച ആട്ടിറച്ചിയും ചോറും അല്ലെങ്കില്‍ രുചികരമായ ചെറിയ മാംസക്കഷ്ണങ്ങള്‍ നീന്തിക്കളിക്കുന്ന മുഴു സൂപ്പ് പ്ലേറ്റും പുളിപ്പിക്കാത്ത അറബി റൊട്ടിയുമൊക്കെ ഓര്‍ഡര്‍ ചെയ്യും. കാശ് കുറയുമ്പോള്‍ അറബിരീതിയിലുള്ള ചോറിലും പയറിലും അല്ലെങ്കില്‍ ഈജിപ്ഷ്യന്‍ ദേശീയ ഡിഷായ ഫൂലില്‍ അത് ഒതുങ്ങും.

താടി നീണ്ട വയസ്സന്‍ ദൈവം
ഒരു ദിവസം ഉറക്കമില്ലാതെ വളരെ ക്ഷീണിതയായി കാണപ്പെട്ട മാര്‍ഗരറ്റിനോട് താന്‍ ലാര്‍ക്‌മോണ്‍ട് പബ്ലിക് ലൈബ്രറി(Larchmont Public Library)യിലേക്ക് പോവുകയാണെന്നും ഏതെങ്കിലും പുസ്തകം ആവശ്യമുണ്ടോ എന്നും അമ്മ ചോദിച്ചു. ലഭ്യമാണെങ്കില്‍ ഖുര്‍ആന്റെ ഒരു ഇംഗ്ലീഷ് പരിഭാഷ കൊണ്ടുവരാനാണ് മാര്‍ഗരറ്റ് ആവശ്യപ്പെട്ടത്. അറബികളിലുള്ള അതിരറ്റ താല്‍പര്യം കാരണം ലൈബ്രറിയില്‍ ലഭ്യമായ അറബി ചരിത്രവുമായി ബന്ധപ്പെട്ടതെല്ലാം വായിച്ചിരുന്നെങ്കിലും ഖുര്‍ആന്‍ വായിക്കുന്നതിനെക്കുറിച്ച് ഒരിക്കലും അവരുടെ ചിന്ത പോയിരുന്നില്ല. അമ്മ കൊണ്ടുവന്ന പരിഭാഷ അവര്‍ ആര്‍ത്തിയോടെ വായിച്ചു. കുട്ടിക്കാലത്ത് കേട്ട് പരിചയിച്ച എല്ലാ ബൈബിള്‍ കഥകളും അവര്‍ അതില്‍ വായിച്ചു.
പ്രൈമറി-സെക്കന്ററി സ്‌കൂള്‍ മുതല്‍ ഒരു വര്‍ഷത്തെ കോളേജ് പഠനം വരെ (ഡിഗ്രി കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല) ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ലാറ്റിന്‍, ഗ്രീക്ക് ഭാഷകളും ഗണിതവും അമേരിക്കന്‍-യൂറോപ്യന്‍ ചരിത്രവും പ്രാഥമിക ശാസ്ത്രവും മുതല്‍ സംഗീതവും കലയും വരെ പഠിച്ചിരുന്നെങ്കിലും ദൈവത്തെക്കുറിച്ച് മാര്‍ഗരറ്റ് ഒന്നും പഠിച്ചിരുന്നില്ല. താന്‍ എന്തുകൊണ്ടാണ് ഒരു നിരീശ്വരവാദിയായതെന്നതിനെക്കുറിച്ച് ഒരു പാകിസ്താനി ലോയറായ തൂലികാ സുഹൃത്തിന് എഴുതിയ കത്തില്‍ അവര്‍ വിശദീകരിക്കുന്നുണ്ട്. തന്റെ മനസ്സില്‍ പതിഞ്ഞു കിടക്കുന്ന ദൈവത്തിന്റെ ചിത്രം താടി നീണ്ട് സിംഹാസനാരൂഢനായ ഒരു വയസ്സനാണെന്നാണ് അതിന് അവള്‍ പറയുന്ന കാരണം. ലൈഫ് മാഗസിന്‍ പകര്‍ത്തിയ സിസ്റ്റയിന്‍ ചാപ്പലിലെ മൈക്കല്‍ ആഞ്ചലോയുടെ പെയിന്റിംഗുകളില്‍നിന്നാണ് അങ്ങനെയൊരു ചിത്രം മനസ്സില്‍ പതിഞ്ഞത്. ഖുര്‍ആനിലെ 'ആയത്തുല്‍ കുര്‍സി' വായിച്ചപ്പോഴാണ് ഉറക്കം ബാധിക്കാത്ത ജീവനുള്ള ദൈവത്തെ അവര്‍ കണ്ടെത്തുന്നത്.
1959-ല്‍ ഒഴിവു വേളകള്‍ മുഴുവന്‍ ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയില്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കുന്നതിലാണ് മാര്‍ഗരറ്റ് കഴിച്ചുകൂട്ടിയത്. അവിടെ വെച്ചാണ് 'മിശ്കാത്തുല്‍ മസാബീഹ്' എന്ന കനത്ത നാലു വാള്യങ്ങളുള്ള നബിവചന സമാഹാരം അവര്‍ കാണാനിടയാകുന്നത്. പ്രവാചക വചനങ്ങളുടെയും ചര്യയുടെയും അഭാവത്തില്‍ വിശുദ്ധ ഖുര്‍ആന്‍ യഥാവിധി മനസ്സിലാക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കുന്നത് അതോടെയാണ്. മിശ്കാത്തിന്റെ വായന ഖുര്‍ആന്‍ ദിവ്യവെളിപാടാണെന്ന സത്യത്തിലേക്ക് അവരെ നയിച്ചു. ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്നും മുഹമ്മദിന്റെ രചനയല്ലെന്നും ഖുര്‍ആന്റെയും മിശ്കാത്ത് ഉള്ളടക്കത്തിന്റെയും ശൈലീ ഭിന്നതയില്‍നിന്ന് അവര്‍ക്ക് എളുപ്പം ഗ്രഹിക്കാനായി. ജീവിതസമസ്യകള്‍ക്ക് മറ്റെവിടെയും കണ്ടെത്താനാകാത്ത പരിഹാരങ്ങള്‍ ഖുര്‍ആനിലുള്ളതായി അവര്‍ക്ക് ബോധ്യപ്പെട്ടു.
കുട്ടിയായിരിക്കെത്തന്നെ മാര്‍ഗരറ്റിന്റെ മനസ്സിനെ വല്ലാതെ അലട്ടിയിരുന്ന പ്രശ്‌നമായിരുന്നു മരണം. സ്വന്തം മരണത്തെക്കുറിച്ച് ഭീകര സ്വപ്നങ്ങള്‍ കണ്ട് പാതിരാവുകളില്‍ മാതാപിതാക്കളെ വിളിച്ചുണര്‍ത്തി മരണാനന്തരം എന്താണ് സംഭവിക്കുക എന്ന് അവര്‍ ചോദിക്കാറുണ്ടായിരുന്നു. അനിവാര്യമായ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കണമെന്നും വൈദ്യശാസ്ത്രം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനാല്‍ നിനക്കൊരു പക്ഷേ നൂറ് വര്‍ഷം ജീവിക്കാനായേക്കുമെന്നും പറഞ്ഞ് കൊച്ചു പെഗ്ഗിയെ മാതാപിതാക്കള്‍ അപ്പോള്‍ സമാധാനിപ്പിക്കും. മാതാപിതാക്കളോ ബന്ധുക്കളോ പരലോകജീവിതം ഗൗരവത്തിലെടുത്തിരുന്നില്ല. ഇയ്യോബി (അയ്യൂബ് നബി)ന്റെ സഹനങ്ങളെക്കുറിച്ചും മറ്റും വായിച്ചിരുന്നെങ്കിലും പരലോകത്തെക്കുറിച്ച് സുവ്യക്തമായ സങ്കല്‍പം പഴയ നിയമത്തില്‍ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബൈബിള്‍ പുതിയ നിയമത്തില്‍ പരലോകം പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും അതിലും വേണ്ടത്ര വ്യക്തതയുണ്ടായിരുന്നില്ല. ഏറ്റവും മോശമായ ജീവിതമാണ് മരണത്തേക്കാള്‍ ഭേദം എന്നാണ് തല്‍മൂദിന്റെ പ്രബോധനം. ജീവിതാസ്വാദനത്തിനപ്പുറം കുടുംബത്തിന് മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നില്ല. പ്രധാനപ്പെട്ട സംഗതികളൊക്കെ പൂര്‍ത്തീകരിക്കണമെന്നത് ചെറുപ്പത്തിലേ മാര്‍ഗരറ്റിന്റെ നിഷ്ഠയായിരുന്നു. ജീവിതം നിരര്‍ഥകവും പാപപങ്കിലവുമായി പാഴാക്കിക്കളഞ്ഞിട്ടില്ലെന്ന് മരിക്കുന്നതിന് മുമ്പ് അവര്‍ക്ക് ഉറപ്പുവരുത്തേണ്ടിയിരുന്നു. ജീവിതത്തെ അവര്‍ ഗൗരവത്തിലെടുത്തു. ആധുനിക യുഗത്തില്‍ ചിരന്തന മൂല്യം എന്നൊന്നില്ലെന്നും വര്‍ത്തമാന പ്രവണതകളുമായി പൊരുത്തപ്പെടുകയാണ് വേണ്ടതെന്നുമുള്ള തന്റെ സിദ്ധാന്തവുമായി ഒരിക്കല്‍ പിതാവ് തന്നെ ശല്യപ്പെടുത്തിയതിനെക്കുറിച്ച് അവര്‍ പറയുന്നുണ്ട്. എന്നെന്നും നിലനില്‍ക്കുന്നത് നേടിയെടുക്കാന്‍ അവര്‍ ദാഹിച്ചു. ഖുര്‍ആന്‍ അവര്‍ക്ക് ദാഹശമനമായനുഭവപ്പെട്ടു. ദൈവത്തെ പ്രീതിപ്പെടുത്തുന്ന ഒരു കര്‍മവും പാഴായിപ്പോവുകയില്ലെന്ന് ഖുര്‍ആന്‍ അവരെ പഠിപ്പിച്ചു; ജീവിതത്തില്‍ അംഗീകാരം നേടിയിട്ടില്ലെങ്കിലും പരലോകത്ത് അതിന് ഉറപ്പായും പ്രതിഫലം ലഭിക്കും.
ഖുര്‍ആന്‍ വായിക്കുമ്പോള്‍ പ്രഫ. റബ്ബി കാറ്റ്ഷിന്റെ ക്ലാസുകളിലെ പാഠങ്ങളുമായി അവരുടെ മനസ്സ് താരതമ്യം ചെയ്യും. പുതിയ നിയമത്തിലെയും പഴയ നിയമത്തിലെയും തല്‍മൂദിലെയും പരാമര്‍ശങ്ങളും ഖുര്‍ആനിലെയും ഹദീസുകളിലെയും ഉള്ളടക്കവും മാറ്റുരച്ചപ്പോള്‍ ജൂതായിസം വളരെയധികം വികലമാക്കപ്പെട്ടതായി അവര്‍ക്ക് അനുഭവവേദ്യമായി.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍