Prabodhanm Weekly

Pages

Search

2012 നവംബര്‍ 17

പ്രതിപ്പട്ടികയില്‍ ഇസ്‌ലാമും കണ്‍ഫ്യൂഷ്യനിസവും

ഡോ. എന്‍.എ കരീം

ക്രൂരനോ ഭീകരനോ ആയ കറുത്ത ഒരു ശത്രുവിനെ സൃഷ്ടിച്ചല്ലാതെ നീണ്ടകാലത്തെ യുദ്ധം നടത്താന്‍ കഴിയുകയില്ല. ഏതാണ്ട് അരനൂറ്റാണ്ട് നീണ്ടുനിന്ന ശീതയുദ്ധം അമേരിക്ക നടത്തിയത് കമ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തെ കരിതേച്ചു മനുഷ്യരാശിയുടെ മുഴുവന്‍ ശത്രുവായി അവതരിപ്പിച്ചാണ്. അതിനവര്‍ ഉപയോഗിക്കാത്ത പ്രചാരണ തന്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. തങ്ങളുടെ ലോകാധിപത്യത്തിനു വിഘാതമായ ഒരു ശക്തമായ പ്രത്യയശാസ്ത്രം എന്ന നിലക്കാണ് അവര്‍ കമ്യൂണിസത്തെ കണ്ടിരുന്നത്. തങ്ങളുടെ തന്നെ അണികളില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള കമ്യൂണിസ്റ്റ് ചിന്താഗതിയെ പ്രധാനമായും ആശയപരമായിട്ടാണ് നേരിടേണ്ടതെന്ന് അവര്‍ കണ്ടു. അതോടൊപ്പം ഭീഷണികളും സായുധാക്രമണങ്ങളും നടത്തിക്കൊണ്ടിരുന്നു. ഇന്നത്തെ ഭീകരതക്കെതിരായ യുദ്ധത്തിന്റെ മറ്റൊരു പതിപ്പ്.
സോവിയറ്റ് യൂനിയന്റെയും കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെയും തിരോധാനത്തോടുകൂടി ആ 'കമ്യൂണിസ്റ്റ് ശത്രു' എന്നെന്നേക്കുമായി ഒഴിഞ്ഞു എന്നവര്‍ വിശ്വസിക്കുന്നു. ഫാഷിസം നേരത്തെതന്നെ പ്രധാനമായും സോവിയറ്റ് യൂനിയനുമായി ഏറ്റുമുട്ടി തകര്‍ന്നിരുന്നു. പ്രത്യയശാസ്ത്രപരമായി ഇന്നു വിജുഗീഷുവായി നില്‍ക്കുന്നത് പാശ്ചാത്യ മുതലാളിത്ത പ്രത്യയശാസ്ത്രം മാത്രം. അപ്പോള്‍ ഭാവിയില്‍ ശത്രുതകളും യുദ്ധങ്ങളും ഇല്ലാതാകുമെന്നോ? ഒരിക്കലുമില്ല. യുദ്ധങ്ങളില്ലെങ്കില്‍ അമേരിക്കന്‍ സമ്പദ്ഘടനക്ക് നിലനില്‍ക്കാന്‍ കഴിയുമോ? ഐസന്‍ ഹോവര്‍ ശരിയായി നിരീക്ഷിച്ചതുപോലെ യുദ്ധായുധങ്ങളുടെ ഉല്‍പാദനശൃംഖലയുടെ അടിത്തറയിന്മേലാണ് അമേരിക്കയുടെ വ്യവസായോല്‍പാദന സംവിധാനം നിലകൊള്ളുന്നതുതന്നെ. മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സ്.
ഈ ഘട്ടത്തിലാണ് അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ രാഷ്ട്രമീമാംസാ പ്രഫസര്‍ സാമുവല്‍ ഹണ്ടിംഗ്ടന്‍ തന്റെ 'സംസ്‌കാരങ്ങളുടെ സംഘട്ടനം' (Clash of Civilizations) സിദ്ധാന്തവുമായി വരുന്നത്. ഫാഷിസത്തിന്റെയും കമ്യൂണിസത്തിന്റെയും പരാജയത്തോടെ പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ അവസാനിച്ചു. ഭാവിയിലെ യുദ്ധങ്ങള്‍ സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളായിരിക്കും എന്നാണ് അദ്ദേഹത്തിന്റെ തലതിരിഞ്ഞ സിദ്ധാന്തം.
ഏതെല്ലാമാണ് ഈ സംസ്‌കാരങ്ങള്‍? കഴിഞ്ഞ നൂറ്റാണ്ടിലെ പ്രസിദ്ധ ബ്രിട്ടീഷ് ചരിത്രശാസ്ത്രജ്ഞനും പണ്ഡിതനുമായിരുന്ന ആര്‍ണള്‍ഡ് ടോയന്‍ബിയുടെ അഭിപ്രായത്തില്‍, മാനവചരിത്രത്തില്‍ നാളിതുവരെയുണ്ടായിട്ടുള്ള ഇരുപതിലേറെ വന്‍ സംസ്‌കാരങ്ങളില്‍ അവശേഷിക്കുന്നത് ഏഴോ എട്ടോ പ്രധാന സംസ്‌കാരങ്ങളാണ്. അവയില്‍ കണ്‍ഫ്യൂഷ്യല്‍ സംസ്‌കാരം, ഭാരതീയ സംസ്‌കാരം, ഇസ്‌ലാമിക സംസ്‌കാരം, ആഫ്രിക്കന്‍ സംസ്‌കാരം, പാശ്ചാത്യ സംസ്‌കാരം എന്നിവയാണ് പ്രധാനപ്പെട്ടവ. ഇവയില്‍ ഇന്ന് ഏറ്റവും ശക്തമായിട്ടുള്ളത് ശാസ്ത്ര-സാങ്കേതികവിദ്യകളില്‍ മറ്റുള്ള സംസ്‌കാരങ്ങളെ വളരെയധികം പിന്തള്ളി മുന്നോട്ടുപോയിട്ടുള്ള പാശ്ചാത്യ സംസ്‌കാരം തന്നെയാണ്. എന്നാല്‍, അതിന്റെ ആധുനിക മൂല്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ഒരു സംസ്‌കാരം ഇസ്‌ലാമാണ്. ഒരേ സെമിറ്റിക് മതപാരമ്പര്യമുള്ളവരാണെങ്കിലും അവര്‍ തമ്മിലുള്ള ശത്രുതക്ക് ഒരു നീണ്ട ചരിത്രപാരമ്പര്യവും വലിയ തീവ്രതയുമുണ്ട്.
അതുകൊണ്ടുതന്നെയായിരിക്കണം തങ്ങളുടെ എല്ലാ ആധുനിക പ്രത്യയശാസ്ത്ര ശത്രുക്കളും ഉന്മൂലനം ചെയ്യപ്പെട്ടു കഴിഞ്ഞു എന്ന് വിശ്വസിക്കുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ സംസ്‌കാര സംരക്ഷകരും അതിന്റെ കുരിശുയുദ്ധക്കാരും ശീതയുദ്ധാനന്തരം മുസ്‌ലിം ലോകത്തിനെതിരെയും പലതരം തന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഏഷണികളും ഭീഷണികളും ഹീനമായ പ്രചാരണങ്ങളും അതിന്റെ മുഖങ്ങളാണ്. അതിനുള്ള അവസരങ്ങള്‍ ഒന്നും അവര്‍ ഒഴിവാക്കാറില്ല. മുസ്‌ലിം ലോക രാഷ്ട്രീയത്തിനും ഇസ്‌ലാമിക സംസ്‌കാരത്തിനും അവരുടെ സാമ്പത്തിക ജീവിതത്തിനും എതിരായ എല്ലാം അവര്‍ക്കു പഥ്യമായിത്തീര്‍ന്നു. അവയില്‍ ഏറ്റവും ഹീനമായവയില്‍ നിന്നവര്‍ നയതന്ത്രപരമായി അകന്നുനില്‍ക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും പരോക്ഷമായി അവയെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ന്യായീകരിക്കുകയും ചെയ്യും. അതേതന്ത്രം തന്നെയാണ് 'ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ്' എന്ന വീഡിയോ ക്ലിപ്പിന്റെ കാര്യത്തിലും പാശ്ചാത്യ ലോകത്തിലെ ഭരണനേതൃത്വം അനുവര്‍ത്തിക്കുന്നത്.
ഇതേ നയം തന്നെയാണ് ശീതയുദ്ധകാലഘട്ടത്തില്‍ അമേരിക്കയും പിന്തുടര്‍ന്നത്. സോവിയറ്റ് യൂനിയനിലും മറ്റു കമ്യൂണിസ്റ്റ് സമൂഹങ്ങളിലും അഭിപ്രായ സ്വാതന്ത്ര്യമോ ആവിഷ്‌കാരാവകാശങ്ങളോ ഇല്ലെന്ന കാര്യം തെളിയിക്കാന്‍ അവിടത്തെ വിമത എഴുത്തുകാരെയും വിമര്‍ശകരെയും, അവരുടെ ലക്ഷ്യങ്ങള്‍ എന്തുതന്നെയായാലും അവരുടെ കൃതികളുടെ നിലവാരം എത്രതന്നെ താഴ്ന്നതാണെങ്കിലും, അവരെ തങ്ങളുടെ പോസ്റ്റര്‍ ബോയികളാക്കി പൊക്കിപ്പിടിക്കുകയും നൊബേല്‍ സമ്മാനം വരെ തരപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു. ശീതയുദ്ധകാലത്ത് അവര്‍ പ്രചാരണങ്ങളായുധങ്ങളായി ഉപയോഗിച്ചവരായിരുന്നു പാസ്റ്റര്‍നാക്കും സോള്‍ഷെനിസ്റ്റിനുമെല്ലാം. ഇന്നത്തെ സാംസ്‌കാരികയുദ്ധത്തില്‍ നിരന്തരം ഉപയോഗിക്കപ്പെടുന്ന ഒരു പോസ്റ്റര്‍ ബോയിയാണ് സല്‍മാന്‍ റുശ്ദി. രണ്ടു തവണ ബുക്കര്‍ പ്രൈസും മറ്റു സ്ഥാനമാനങ്ങളും നല്‍കി അവര്‍ തോളിലേറ്റുന്ന റുശ്ദിക്ക് മുസ്‌ലിം ലോകത്തിനെതിരായ യുദ്ധം നീണ്ടുപോകുന്ന മുറക്ക് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനവും സംഘടിപ്പിച്ചുകൊടുത്തുകൂടായ്കയില്ല.
ഈ സാംസ്‌കാരിക യുദ്ധത്തില്‍ ഇസ്‌ലാം കഴിഞ്ഞാല്‍ കണ്‍ഫ്യൂഷ്യന്‍ സംസ്‌കാരത്തിന്റെ വിളഭൂമിയായ ചൈനയായിരിക്കും പാശ്ചാത്യലോകത്തിന്റെ ആക്രമണ ലക്ഷ്യമെന്നുള്ളതിന് വ്യക്തമായ സൂചനകള്‍ ഇപ്പോള്‍തന്നെ ലഭിക്കുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മിറ്റ് റോംനി നടത്തിയ രാഷ്ട്രീയ പ്രചാരണത്തിന്റെ പ്രധാന ഊന്നല്‍ പശ്ചിമേഷ്യയില്‍ പ്രസിഡന്റ് ഒബാമയുടെ നയങ്ങള്‍ അവയുടെ മൃദുസമീപനം മൂലം പരാജയമായിരിക്കുന്നുവെന്നും ചൈനയെ ഇത്രയധികം വളരാനനുവദിച്ചത് ഒബാമയുടെ ദീര്‍ഘദൃഷ്ടി ഇല്ലാത്ത നയം കൊണ്ടാണെന്നും മറ്റുമാണ്. അതുകൊണ്ടുതന്നെ അമേരിക്കയുടെ മനസ്സിലിരിപ്പ് എന്താണെന്ന് വളരെ വേഗം മനസ്സിലാക്കാവുന്നതാണ്. പ്രത്യയശാസ്ത്രപരമായി മത്സരാത്മകമായ മുതലാളിത്തവുമായും സാംസ്‌കാരികമായി അമേരിക്കന്‍ ജീവിതരീതിയുമായല്ലാതെ മറ്റൊന്നുമായും സഹവര്‍ത്തിക്കാന്‍ അമേരിക്ക തയാറല്ല എന്നുള്ളതിന്റെ വ്യക്തമായ തെളിവാണ് ഇതര പ്രത്യയശാസ്ത്രങ്ങളോടും ഭിന്ന സംസ്‌കാരങ്ങളോടും അമേരിക്ക കാണിക്കുന്ന കടുത്ത അസഹിഷ്ണുത. അതിന്റെ അനിഷേധ്യമായ പ്രകടനങ്ങളാണ് 'ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ്' പോലുള്ള ചിത്രങ്ങളിലൂടെയുള്ള മതനിന്ദകളും തുറന്ന ആക്രമണങ്ങളിലൂടെയുള്ള സാംസ്‌കാരിക ധ്വംസനങ്ങളും. ഒരുപക്ഷേ, വളരെ പ്രാകൃതമായ ഇത്തരം പ്രചാരണതന്ത്രങ്ങളേക്കാള്‍ കൂടുതലായി, നിഗൂഢമായ പരിഷ്‌കൃതരൂപത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും മറ്റു പ്രത്യയശാസ്ത്രങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമെതിരായി ലോകവ്യാപകമായി ഇന്ന് നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നത് നന്ന്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍