സയ്യിദ് മൗദൂദിയുടെ പ്രൗഢ സാന്നിധ്യങ്ങള്‍
യഥാര്‍ഥത്തില്‍ കേരള മുസ്‌ലിംകള്‍ക്ക് ജിന്ന എന്താണ് സമര്‍പ്പിച്ചത്? എന്തു സാമൂഹിക പ്രസക്തിയാണ് കേരളത്തിലെ മുസ്‌ലിംകള്‍ക്ക് മുഹമ്മദലി ജിന്നയില്‍ ഉള്ളത്? സയ്യിദ് മൗദൂദിയുടെ വീക്ഷണ സാകല്യത്തിനു തീര്‍ച്ചയായും കേരളീയ സാമൂഹിക സാകല്യത്തില്‍ ഇന്നും സ്വാധീനമുണ്ട്. മത വിശ്വാസത്തെ കേവലമായ അനുഷ്ഠാനങ്ങളുടെ സ്ഥൂലതകളില്‍ നിന്നും കര്‍മശാസ്ത്ര ചര്‍ച്ചകളുടെ പാഴ്സ്ഥലികളില്‍ നിന്നും സാമൂഹിക നൈതികതയിലേക്കും രാഷ്ട്ര മീമാംസയിലേക്കും സയ്യിദ് മൗദൂദി വികസിപ്പിച്ചു. അതു തന്നെയാണ് പ്രവാചകന്‍ മദീനയില്‍ നിര്‍വഹിച്ചത്. മരണത്തെപ്പറ്റി മാത്രമല്ല മതം സംസാരിക്കേണ്ടതെന്നും മരണത്തിനു മുമ്പുള്ള ജീവിതത്തെയും അതു സംബോധന ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം സമര്‍ഥിച്ചു. യാഥാസ്ഥിതികരും നവീകരണ വാദക്കാരും എത്രതന്നെ സംഘം ചേര്‍ന്നെതിര്‍ത്തപ്പോഴും മൗദൂദി പ്രസരിപ്പിച്ച ഇസ്‌ലാമിന്റെ രാഷ്ട്രമീമാംസയും അതു മുന്നോട്ടു വെക്കുന്ന മനുഷ്യ വിമോചന മൂല്യബോധവും ലോകത്തെമ്പാടുമെന്ന പോലെ മലയാളികളും ഇന്നു കണ്ടെത്തിയിട്ടുണ്ട്. പാരമ്പര്യ മതത്തിന്റെ ക്ഷമാപണത്തില്‍ നിന്നു പ്രായോഗിക ജീവിതത്തിന്റെ ഊര്‍ജസ്വലതയിലേക്ക് മലയാളിയുടെ ഇസ്‌ലാമിക ബോധധാരയെ വികസിപ്പിച്ചത് തീര്‍ച്ചയായും മൗദൂദി തന്നെയാണ്.
ഇസ്‌ലാമിനെ സംബന്ധിച്ച് സയ്യിദ് മൗദൂദി ഉന്നയിക്കുന്ന ഒരു യുക്തിഭദ്രമായ സമീപനമുണ്ട് (Logical Approach). അതിന്റെ മാസ്മര ശേഷിയില്‍ നിന്ന് എതിര്‍ക്കുമ്പോള്‍ പോലും സമ്പൂര്‍ണമായും മുക്തരാകാന്‍ കേരളത്തിലെ ഒരു രാഷ്ട്രീയ ചരിത്രാന്വേഷകനും സാധിക്കാത്ത രീതിയില്‍ ഇസ്‌ലാമിനെ അതിന്റെ ആദിപ്രഭവത്തിലേക്കും അതിന്റെ ആലക്തിക ചൈതന്യത്തിലേക്കും അദ്ദേഹം തന്റെ അന്വേഷണലോകത്തെ ഉയര്‍ത്തി നിര്‍ത്തി. ഇസ്‌ലാം കേവലമായ ഒരു മതമാണെന്നും അതില്‍ രാഷ്ട്ര സാമൂഹിക വ്യവഹാര രൂപങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്നും എത്രയൊക്കെ ഉച്ചത്തില്‍ പറയാന്‍ ശ്രമിച്ചാലും കേള്‍വിക്കാരൊന്നും വിശ്വസിക്കാത്ത തരത്തില്‍ ഈയൊരു വ്യവഹാര മണ്ഡലത്തെ ഇന്നു കേരളത്തിലെ പൊതുമണ്ഡലം അംഗീകരിച്ചു കഴിഞ്ഞു. അഥവാ ഇസ്‌ലാമിനെ സംബന്ധിച്ച ഇതുവരെ പൊതുസമൂഹത്തിന്റെ തീര്‍പ്പുകളെ ഏറെ കുലീനതയോടെ സയ്യിദ് മൗദൂദി പുനസംരചിച്ചു. ഇബ്‌നു തൈമിയ്യയും അഫ്ഗാനിയും റശീദ് രിദയും എത്തിച്ചേടത്തു നിന്നു ഇസ്‌ലാമിക ചിന്തയെ പുതിയ കാലത്തോട് സംവദിക്കാന്‍ പറ്റുന്ന നവീനവും ഉര്‍വരവുമായ ധൈഷണിക മണ്ഡലത്തിലേക്കതു വളര്‍ന്നു നിന്നു. അതിന്റെ സ്വാധീന വലയത്തിലേക്ക് വീണ്ടും വീണ്ടും ആകര്‍ഷിക്കപ്പെട്ടുകൊണ്ട്. അതുകൊണ്ടു തന്നെയാവാം യാഥാസ്ഥിതികര്‍ പോലും ഇന്ന് ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്നതും. അവരുടെ പ്രസിദ്ധീകരണങ്ങളുടെ സമര്‍പ്പണവും ശ്രദ്ധിച്ചാല്‍ ഇതറിയാം. ഒരു കാലത്ത് കേരളീയ സാമൂഹികതയില്‍ മൗദൂദി എന്നതൊരാക്ഷേപ പദാവലിയായിരുന്നു. അയാള്‍ മൗദൂദിയാണെന്നു പറഞ്ഞാല്‍ മുസ്‌ലിം സാമൂഹികത അപരവല്‍ക്കരിക്കേണ്ട ക്ഷുദ്രതയാണെന്ന പഴയ സങ്കല്‍പ്പം സ്വയമേവ തിരുത്തപ്പെടുകയും ഇസ്‌ലാമിനെ സംബന്ധിച്ച ഏതു മൗലിക ചര്‍ച്ചകളിലും സമുദായത്തെ പ്രതിനിധീകരിക്കേണ്ട ധൈഷണിക നേതൃത്വമാണെന്ന പൊതുബോധം രാഷ്ട്രീയവും അരാഷ്ട്രീയവുമായ കേരളീയത ഇന്നംഗീകരിച്ചിരിക്കുന്നു. ഇത് സംഭവിച്ചത് ഇസ്‌ലാമിനെ സംബന്ധിച്ച പ്രതിലോമപരമായ നിഗമനങ്ങളില്‍ സ്തംഭിച്ചു നിന്ന മതചര്‍ച്ചകളെ സയ്യിദ് മൗദൂദി പുത്തന്‍ ചാലുകള്‍ കീറി അതിന്റെ ആദി വചനദീപ്തിയിലേക്കും സമഗ്ര സമ്യക്കിലേക്കും ഒഴുക്കിയതുകൊണ്ടാണ്.
കേരളീയ മുസ്‌ലിം ജനസാമാന്യമെന്ന അടഞ്ഞ വിഭാഗത്തെ പൊതു സമൂഹത്തിന്റെ വൈവിധ്യതകളിലേക്ക് ആര്‍ജവത്തോടെ തുറന്നത് മൗദൂദിയാണ്. ഈ തുറവിയില്‍ നമുക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും അകാരണമായി ഭയപ്പെടേണ്ടതില്ലെന്നുമുള്ള ധൈര്യം നല്‍കിയതും കേരളത്തില്‍ അദ്ദേഹം തന്നെ. കേരളത്തിലെ ഏതു മുസ്‌ലിം സംഘടനയും ഇന്നു മതത്തെ സംബോധന ചെയ്യുമ്പോള്‍ അറിയാതെയെങ്കിലും മൗദൂദി അനാഛാദനം ചെയ്ത ഇസ്‌ലാമിക സമഗ്രതയുടെ രാജമാര്‍ഗത്തിലൂടെ സഞ്ചരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ദൈവത്തെയും ആത്മീയതയെയും ഭൗതിക ജീവിതത്തില്‍ നിന്നും വേര്‍പെടുത്തുകയല്ല സാമൂഹിക രാഷ്ട്രീയ ജീവിതത്തില്‍ ദൈവത്തെയും മതത്തെയും മൂല്യസ്രോതസ്സായി സ്ഥാപിക്കുകയാണു ഇസ്‌ലാമിക നവോത്ഥാനം (മുസ്‌ലിം നവോത്ഥാനവും ആധുനികതയും - മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ 49) ചെയ്തതെന്ന് എല്ലാവര്‍ക്കും നിരീക്ഷിക്കേണ്ടിവന്നു. രാഷ്ട്രീയ ഇസ്‌ലാമെന്നും മതരാഷ്ട്ര വാദമെന്നും സമുദായത്തിന്റെ അവാന്തര വിഭാഗങ്ങള്‍ ആക്ഷേപിക്കുമ്പോഴും സമുദായം നേരിടുന്ന ഏതുതരം ധൈഷണിക പ്രതിസന്ധിയിലും ആരോപകര്‍ പോലും പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്നതു മൗദൂദിയുടെ ചിന്താ വിപ്ലവത്തിന്റെ ഉല്‍പ്പന്നങ്ങളെയാണ്.
സയ്യിദ് മൗദൂദി പാകിസ്താന്‍ രാഷ്ട്രവാദത്തെ ശക്തമായി നിരാകരിച്ചതാണ.് ''അബുല്‍ കലാം ആസാദ് കഴിഞ്ഞാല്‍ പാകിസ്താന്‍ വാദത്തിനെതിരെ ഉയര്‍ന്ന മറ്റൊരു ശബ്ദം ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ മൗലാനാ മൗദൂദിയുടേതായിരുന്നു. മൗദൂദി വിഭജനത്തിന്റെ കടുത്ത എതിരാളിയും അതിനെതിരെ രാജ്യത്തുടനീളം പ്രചാരം നടത്തിയതുമാണ്'' (റഫീഖ് സക്കറിയ -(Indian Muslims : Where have they gone wrong, Page - 81) പക്ഷേ, പാകിസ്താന്‍ വാദത്തെ എതിര്‍ത്ത മൗദൂദി കേരളത്തിലെ സാമുദായിക വാദക്കാര്‍ക്ക് സ്വാതന്ത്ര്യ സമര വിരുദ്ധനായി. ജിന്നയെ എതിര്‍ത്താല്‍ പിന്നെന്ത് നവോത്ഥാനം! നവോത്ഥാനമെന്നതു ചിന്തയിലെ സമഗ്രതയും പ്രത്യയശാസ്ത്രപരമായ ഉള്‍ക്കാഴ്ചയും സ്വന്തം ആദര്‍ശത്തിലും അതിന്റെ പ്രയോഗത്തിലുമുള്ള അഗാധമായ സമര്‍പ്പണവും അതിന്റെ പ്രയോഗവല്‍ക്കരണത്തിനായുള്ള മൗലിക പ്രവര്‍ത്തനങ്ങളുമാണ്. പള്ളിദര്‍സുകളിലെ പുസ്തകക്കെട്ടുകള്‍ അറബിക്കോളേജുകളിലെ പഴംതട്ടുകളിലേക്ക് തുരത്തിയോടിച്ചാല്‍ സംഭവിക്കുന്നതല്ല നവോത്ഥാനം.
സയ്യിദ് മൗദൂദി വികിരണം ചെയ്ത ചിന്താശേഷി ഇന്നു കേരളത്തിന്റെ സാമൂഹികതയില്‍ പ്രൗഢമാണ്. ചന്തുമേനോന്റെ ഇന്ദുലേഖ മുതല്‍ ഇങ്ങു പ്രമോദ് രാമനിലെത്തി നില്‍ക്കുന്ന മലയാള നോവല്‍ ചെറുകഥാ മണ്ഡലത്തിലും വള്ളത്തോളില്‍ നിന്നും ഗോപീകൃഷ്ണനിലേക്കു നീളുന്ന കവിതാ ശ്രേണിയിലും സമൃദ്ധമായ നാട്ടു നാടക പാരമ്പര്യങ്ങളിലും നിരവധി മുസ്‌ലിം ജീവിത സന്ദര്‍ഭങ്ങള്‍ പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നുണ്ട്. സാമുദായിക പ്രാതിനിധ്യങ്ങളെ പരനിന്ദയുടെ അതലങ്ങളിലേക്ക് ഉന്തിയിടുകയോ അല്ലെങ്കില്‍ പ്രമാണ പാഠങ്ങളെ പ്രയോഗനീതിയുടെ വട്ടത്തറയില്‍ നിന്ന് നിര്‍ദയം ഒറ്റുന്നതോ ആയിരുന്നു ഇത്തരം സ്‌നിഗ്ധ സന്ദര്‍ഭങ്ങള്‍ മിക്കവാറും. ഉറൂബിന്റെയും രാധാകൃഷ്ണന്റെയും കഥകളില്‍ പോലും സംഭവിച്ച അത്യപൂര്‍വം സംബോധന തലങ്ങളാവട്ടെ കഥാപാത്രത്തിന്റെ വ്യക്തിശുദ്ധിയെ മാത്രം ആഘോഷമാക്കുന്നതായി മാറി. അപ്പോള്‍ പോലും ഒരു മുസ്‌ലിം സ്വത്വം മൂല്യബോധങ്ങളുടെ പ്രതീകമായി മാറുന്നതിനു പിന്നിലെ പ്രത്യയ ശാസ്ത്രഭാവുകത്വത്തെ സര്‍ഗാത്മക അന്വേഷണ തലത്തിലേക്ക് വികസിപ്പിക്കാനായിട്ടില്ല. ഇസ്‌ലാമിന്റെ സാംസ്‌കാരികവും മാനവികവും രാഷ്ട്രീയവുമായ ജീവിത പരിസരങ്ങളില്‍ നിന്നും മൗലികത ഇരമ്പുന്ന അന്വേഷണങ്ങള്‍ സര്‍ഗാത്മക സാഹിത്യത്തില്‍ ഇന്ന് വികസിച്ചുവരുന്നു. ഇത്തരത്തിലൊരു വളര്‍ച്ചയുണ്ടായതിന് തീര്‍ച്ചയായും കാരണങ്ങളുണ്ട്. കേരളീയ സാമൂഹികതയില്‍ സയ്യിദ് മൗദൂദി പ്രസരിപ്പിച്ച ഇസ്‌ലാമിന്റെ മൗലികവും അപ്രതിരോധ്യവുമായ സൈദ്ധാന്തിക സാന്നിധ്യത്തെയും ഭാവുകത്വത്തെയും സംബന്ധിച്ച് പൊതുമണ്ഡലത്തിന് തെളിഞ്ഞ തീര്‍പ്പുകളുണ്ടായി. ഈ ബോധ്യങ്ങളാണ് ഇസ്‌ലാമിക സ്വത്വങ്ങള്‍ സൗന്ദര്യാത്മകമായി ആവിഷ്‌കരിക്കപ്പെടാന്‍ ആസന്ന നിമിത്തങ്ങളായത്. കെ.പി രാമനുണ്ണിയും സന്തോഷ് കുമാറും പി. സുരേന്ദ്രനും ആര്‍. ഉണ്ണിയും പോലുള്ളവര്‍ നടത്തുന്ന ഇടപെടലുകള്‍ ഈദൃശമണ്ഡലങ്ങളില്‍ ഇന്ന് ശ്രദ്ധേയമാണ്.
മറ്റൊന്ന് കേരളത്തിലെ ഇസ്‌ലാമീകര്‍ സാമൂഹികതയോട് പെരുമാറിയ ഭാഷയുടെ പ്രൗഢിയാണ്. പരമ്പരാഗത ഭാഷയുടെ സര്‍വ ഒളിവിടങ്ങളും പോടുകളും അടച്ച് മുസ്‌ലിം ഭാഷയുടെ മാനകീകരണം (Standardisation) സാധിച്ചു എന്നതാണ്. നിരവധി പരിഹാസങ്ങളെ മുറിച്ചു കടന്നാണിത് സംഭവിച്ചത്. പൊതുസമൂഹവുമായുള്ള വ്യവഹാരങ്ങളെ രൂപപ്പെടുത്താന്‍ ഈ ഇടപെടല്‍ ശേഷിക്ക് സാധിച്ചിട്ടുണ്ട്. ആശയങ്ങളോട് ആശയങ്ങള്‍ കൊണ്ട് സംവാദം ചെയ്യണമെങ്കില്‍ സ്വന്തം ഭാഷയില്‍ മാത്രമല്ല മറ്റുള്ളവരുടെ ഭാഷയിലും സംസാരിക്കേണ്ടി വരും. ഇസ്‌ലാമീകര്‍ക്ക് എന്താണ് സ്വന്തത്തെ സംബന്ധിച്ച് പറയാനുള്ളതെന്ന് മാനവീകൃതമായ ഭാഷയില്‍ പ്രക്ഷേപിച്ചപ്പോഴാണ് പരസമൂഹത്തിനത് ഉള്‍ക്കൊള്ളാനായത്. ബാബരി പള്ളിയുടെ തകര്‍ച്ചയും ലോക വ്യാപാര ഗോപുരത്തിന്റെ നിലംപൊത്തലും സൃഷ്ടിച്ച സവിശേഷ സാഹചര്യങ്ങളില്‍ പൊതുമണ്ഡലത്തില്‍ വികസിച്ചു വന്ന ഇസ്‌ലാമികാന്വേഷണ കൗതുകങ്ങള്‍ക്ക് ഈ സമീകൃത ഭാഷയുടെ സാന്നിധ്യത്തില്‍ ശരവേഗം വന്നു. സമീകൃത ഭാഷയിലൂടെ പൊതു സമൂഹത്തിലേക്ക് ഇസ്‌ലാമിനു വേണ്ടി തുറവികള്‍ പണിതത് കേരളത്തില്‍ മൗദൂദി ചിന്തയുടെ സൗമ്യ പരിസരം തന്നെയാണ്.
ആധുനിക മുസ്‌ലിംലോകം കണ്ട ഉജ്ജ്വലനും ഭാവനാധനനുമായ ആക്ടിവിസ്റ്റ് ആയിരുന്നു സയ്യിദ് മൗദൂദി. ഇസ്‌ലാം സംഭവിക്കേണ്ടത് പള്ളിമൂലകളില്‍ മാത്രമല്ല സാമൂഹിക ഉല്‍ക്കണ്ഠകളുടെ ഉച്ചവെയിലിലാണെന്ന് അദ്ദേഹം മനസ്സിലാക്കി. പൊതു ജീവിതങ്ങളെ ഇസ്‌ലാമിന്റെ മൗലിക ജനാധിപത്യ ബോധ്യങ്ങളുടെ ഉള്ളടക്കങ്ങളില്‍ പുനഃസമാഹരിക്കാനായി സ്വന്തം തട്ടകങ്ങളില്‍ ഒരുപാട് സമരമുഖങ്ങളെ അദ്ദേഹം ഒരേസമയം തുറന്നുവച്ചു. സത്യസന്ധമായ ജനാധിപത്യ മൂല്യങ്ങളില്‍ ശിക്ഷണം ചെയ്തവരായിരുന്നു മൗദൂദി എന്ന ഇസ്‌ലാമിക ആക്ടിവിസ്റ്റിന്റെ ചുറ്റുവട്ടവും. അത് പ്രവാചക നിയോഗ പരിസരത്തോട് സമ്പൂര്‍ണമായും പൊരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യവും പരസ്പരാലോചനയും അധികാരത്തിന് പൗരസഞ്ചയത്തോടുള്ള അഗാധമായ സത്യസന്ധതയും ദൈവത്തോടുള്ള സമ്പൂര്‍ണമായ വിധേയത്വവുമാണ് സാമൂഹിക നിര്‍മിതിക്ക് സയ്യിദ് മൗദൂദി മുന്നോട്ടു വെക്കുന്ന സാമഗ്രികള്‍. ഇതുതന്നെയാണ് പ്രവാചകന്‍ തന്റെ ആദി നഗര രാഷ്ട്രത്തിന്റെ നിര്‍മ്മിതിയില്‍ ഉപയോഗിച്ച ഉപകരണങ്ങളും.
മതേതരത്വത്തിലൂടെ മതത്തെ നിശ്ശബ്ദമാക്കുന്നതിനെയും പൊതുജീവിതവും മത ജീവിതവും വിരുദ്ധ ദ്വന്ദ്വങ്ങളുമാണെന്നുമുള്ള അസംബന്ധ യുക്തികളെയുമാണ് പ്രത്യയശാസ്ത്ര വിദ്യാഭ്യാസത്തിലൂടെ വികസിപ്പിച്ച പ്രമാണ സാമഗ്രികള്‍ കൊണ്ട് സയ്യിദ് മൗദൂദി മറിച്ചിട്ടത്. കാരണം വിശ്വാസങ്ങളില്‍ വ്യത്യസ്തത സൂക്ഷിക്കാനും അതോടൊപ്പം സാമൂഹിക ജീവിതത്തെ ആഘോഷമാക്കാനും പാരസ്പര്യങ്ങളിലും അന്യോന്യങ്ങളിലും ബഹുസ്വരതയെ ആഹ്ലാദത്തോടെ ഏറ്റുവാങ്ങാനും പറ്റിയ വലിയൊരു ജനാധിപത്യ ബോധത്തെയാണ് മൗദൂദിയുടെ സ്വാധീനത്തില്‍ ഇന്ന് കേരളത്തിനു ലഭിച്ചത്. മുഴുവന്‍ സാംസ്‌കാരിക മാനവിക അന്വേഷണങ്ങളും പൊതുസമൂഹത്തില്‍ ഒരുപോലെ മുഖ്യമായി മാറുന്ന വിശാലതയുടെ പ്രസക്തി കേരളത്തിലിന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അതില്‍ വിഭാഗീയതയുടെ ആന്തര വൈരുധ്യങ്ങള്‍ കലഹിക്കാവതല്ല. തിരസ്‌കൃതര്‍ക്കും നിമ്‌നവല്‍കൃതര്‍ക്കും ഒരേ വേദനയാണ്. ഈ വേദനാ മാപിനിയുടെ കമ്മട്ടങ്ങളില്‍ ഒരുതരം പന്തിഭേദങ്ങളും ഇസ്‌ലാമികമല്ല. കേരളത്തിലെ നവ സാമൂഹിക പ്രസ്ഥാനങ്ങള്‍ ഇത് പ്രയോഗത്തില്‍ തെളിയിച്ചിട്ടുണ്ട്.
ആഗോളതലത്തില്‍ ഉരുവം ചെയ്ത സാമ്രാജ്യത്വത്തിന്റെ ഉറവിടങ്ങളെയും ഉല്‍പാദന കേന്ദ്രത്തെയും തകര്‍ക്കാനാവാതെ കമ്യൂണിസത്തിന്റെ പ്രകടിതശേഷി സങ്കോചിച്ചുപോയപ്പോള്‍ ആഗോളതലത്തില്‍ തന്നെ അഗാധമായ പ്രത്യയശാസ്ത്ര പിന്തുണയോടെ ആ ദൗത്യമേറ്റത് ഇസ്‌ലാമികരാണ്. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഉള്ളകങ്ങളിലേക്ക് ഇതിനുതകുംവണ്ണമുള്ള ധൈഷണിക പുഷ്ടി നിക്ഷേപിച്ചതും സയ്യിദ് മൗദൂദിയാണ്.
ചിന്തയുടെ ശേഷിയില്‍ നിന്നും പ്രവൃത്തിയുടെ സുതാര്യതയില്‍ നിന്നും ഇസ്‌ലാമിനെ തുരത്താനാവാതെ വന്നപ്പോഴാണ് മുതലാളിത്തവും സാമ്രാജ്യത്വവും അവരെ തീവ്രവാദികള്‍ എന്നു തെറിവിളിച്ചത്. ഈ പടിഞ്ഞാറന്‍ കള്ളങ്ങളെ അറിഞ്ഞും അറിയാതെയും വായ്ത്താരിയാക്കാന്‍ ഇങ്ങു മലയാളത്തിലും ആളുകളുണ്ടായി. ഉള്ളത് ഇല്ലെന്നും ഇല്ലാത്തത് ഉണ്ടെന്നും തര്‍ക്കിക്കും വിധം സാമൂഹിക സദാചാരത്തിന്റെ പുണ്യങ്ങളില്‍ നിന്നും സങ്കുചിതമായ ആത്മനിഷ്ഠതയുടെ മാലിന്യങ്ങളിലേക്ക് മലര്‍ന്നുവീണവരുടെ പെരും ശബ്ദങ്ങള്‍ കേരളീയോര്‍മയില്‍ പോലും നിഷ്ഫല പ്രതിധ്വനിയായി. സ്വാതന്ത്ര്യസമരത്തില്‍ മുഴുകിനിന്ന കാലത്ത് ദേശീയ പ്രസ്ഥാനം സാമൂഹിക പ്രശ്‌നങ്ങളില്‍ ധനാത്മകമായി ഇടപെടലുകള്‍ വികസിപ്പിച്ചിരുന്നു. കാലംകൊണ്ട് ഇവരെ ഉന്തിയിട്ട് നവോത്ഥാനത്തിന്റെയും സാമൂഹീകരണത്തിന്റെയും തെരുവുകള്‍ ഇടതുപക്ഷം കൈയേറി. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങള്‍ തങ്ങള്‍ പിടിച്ചെടുത്ത പാട്ടഭൂമിയാണെന്നവര്‍ വിശ്വസിപ്പിച്ചു. ഇടതുപക്ഷം പക്ഷേ സങ്കീര്‍ണമായ സാമൂഹിക യാഥാര്‍ഥ്യങ്ങളെ മൊത്തമായും കേവല വൈരുധ്യാധിഷ്ഠിത സമവാക്യങ്ങളിലേക്ക് വെട്ടിയൊതുക്കാന്‍ അതിവ്യഗ്രതയോടെ ഉത്സാഹിച്ചപ്പോള്‍ സൈദ്ധാന്തിക പ്രായോഗിക ഭൂമികകളില്‍ നിന്നവര്‍ നിര്‍ദയം തുരത്തപ്പെട്ടു. സാധു ജീവിതങ്ങളുടെ നിലനില്‍പ്പിനുവേണ്ടിയുള്ള പിടച്ചില്‍ തെരുവുകളില്‍ ഉത്സവമാക്കിയിരുന്ന ഇടതുപക്ഷം ആരുമറിയാതെ വിസ്മയ പാര്‍ക്കുകളിലും ഫുട്‌ബോള്‍ കണ്ടങ്ങളിലും നേരംപോക്കുകള്‍ കണ്ടെത്തി. അപ്പോള്‍ തെരുവിലലയുന്ന പതിത സഞ്ചയത്തെ ഇന്നേറ്റെടുക്കുന്നത് ഇസ്‌ലാമികരുടെ മുന്‍കൈയുകളില്‍ വികസിക്കുന്ന നവ സാമൂഹിക പ്രസ്ഥാനങ്ങളാണ്. ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് പ്രകടിതശേഷിയും ഇഛയും പ്രേക്ഷിതമായത് തീര്‍ച്ചയായും സയ്യിദ് മൗദൂദി എന്ന ആക്ടിവിസ്റ്റിന്റെ സംഘാടന സ്രോതസ്സില്‍ നിന്നാണ്. ദൗത്യ നിര്‍വഹണത്തിന്റെ തെരുവില്‍ നിന്നും ആശയദരിദ്രരായ സ്വാര്‍ഥ കൗടില്യങ്ങള്‍ പിന്‍വാങ്ങുമ്പോള്‍ പതിത ജനതയെ ഉപേക്ഷിക്കാന്‍ ദൈവിക പ്രമാണ പാഠങ്ങള്‍ അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ഏതു സംഘടിത എതിര്‍പ്പിനു മുന്നിലും എടുപ്പോടെ എഴുന്നുനില്‍ക്കാന്‍ അവര്‍ക്കു സാധിക്കുന്നത്.
ഫാഷിസ്റ്റ് ചന്തകളില്‍ നേരത്തേതന്നെ തുഛവിലയ്ക്ക് തങ്ങളെ വിപണനം ചെയ്ത ചില ഇസ്‌ലാംവിരോധികള്‍ പക്ഷേ, കാവിക്കള്ളങ്ങളെ നിരന്തരമായി ജ്ഞാനപ്പാനകള്‍ പോലെ ഉരുവിട്ടു നടന്നെങ്കിലും പറഞ്ഞു പറഞ്ഞു നാവു കുഴയുകയും പേനയൊടിഞ്ഞ് സാംസ്‌കാരിക തറവട്ടങ്ങളില്‍ നിന്ന് പരിഹാസ്യരായി തിരസ്‌കരിക്കപ്പെടുകയും ചെയ്തതല്ലാതെ മൗദൂദിയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളും കേരളീയ സാമൂഹികതയില്‍ ശക്തിപ്പെടുകതന്നെയാണ്. കേരളീയ രാഷ്ട്രീയ മണ്ഡലത്തില്‍ രാഷ്ട്രമീമാംസ എന്ന നിലയില്‍ മാര്‍ക്‌സിസത്തോളം ഇസ്‌ലാം ചര്‍ച്ച ചെയ്യപ്പെടുന്നു. മാര്‍ക്‌സിനോടൊപ്പം മൗദൂദിയും. ആസാദിന്റെ ദേശീയതാ വാദവും ജിന്നയുടെ സാമുദായിക സംബോധനയും തിരസ്‌കരിച്ച് സയ്യിദ് മൗദൂദി വികസിപ്പിച്ച ഇസ്‌ലാമികമായ ആധുനീകരണം ത്വരിപ്പിച്ച നിരവധി പൊതുമണ്ഡലങ്ങളുണ്ട്. സോഷ്യലിസത്തിനും മുതലാളിത്തത്തിനും അപ്പുറത്ത് സാമൂഹിക ജീവിതത്തെ സംരചിക്കാനുള്ള ഇസ്‌ലാമിന്റെ ശേഷി ഇതോടെ വിളംബരപ്പെട്ടു. തദനുസാരിയായി രാഷ്ട്രീയം ചെയ്യുന്ന ഒരു ക്ഷുഭിത യൗവ്വനത്തിന്റെ ജ്ഞാത സാന്നിധ്യം കേരളീയ സാമൂഹികതക്കിന്ന് കാവലാളാണ്. വികസനം, കാലാവസ്ഥ, പരിസ്ഥിതി, ഊര്‍ജം, കൃഷി, മണ്ണ്, വെള്ളം, അധിനിവേശം തുടങ്ങി മതേതരക്കാര്‍ റാഞ്ചിയ പൊതുമണ്ഡലങ്ങളില്‍ മതത്തിന്റെ മാനവിക പരിസരത്തുനിന്ന് മൗലികമായ ആവിഷ്‌കാരങ്ങള്‍ കേരളത്തിലിന്ന് വികസിച്ചുവരുന്നു. വികസനത്തിന്റെ മുന്‍ഗണനകളില്‍ സാധു ജീവിതങ്ങളും സജീവ ഘടകങ്ങളാണെന്നറിയാനും ദൈവികമായ നീതിബോധത്തെ രാഷ്ട്രീയ ഇടപഴക്കങ്ങളിലേക്ക് ആവിഷ്‌കരിക്കാനും സാധിച്ചത് ഈ നവ രാഷ്ട്രീയ സംരചനയുടെ പ്രൗഢശേഷിയാണ്. സംഗീതം, ചലച്ചിത്രം, ചിത്രകല, ദൃശ്യശ്രാവ്യ മാധ്യമാവിഷ്‌കാരം, നവീന സാങ്കേതിക കാലത്തെ കുടുംബം, ബഹുസ്വരതയിലെ ഇസ്‌ലാമിക പ്രത്യക്ഷം തുടങ്ങി പുതുകാലത്തെ അഭിമുഖീകരണങ്ങള്‍ക്ക് സിദ്ധാന്തങ്ങള്‍ നല്‍കിയതും മൗദൂദിയന്‍ മുന്‍കൈകളുടെ ചതുരങ്ങളില്‍ നിന്നാണ്. പലിശ മുക്തമായ സാമ്പത്തിക വ്യവഹാരത്തിന് ആധുനികോത്തര സംഘര്‍ഷ കാലത്തിലും പ്രസക്തി തെരയുന്നത് മതരഹിതമായ ലോകമാണിന്ന്. ക്ഷേമരാഷ്ട്രത്തിന്റെ സംരചനക്ക് ഇസ്‌ലാമിന്റെ ദൃഢപ്രതലങ്ങളില്‍ അഭയമന്വേഷിക്കാന്‍ ഭൗതികലോകത്തെ നിര്‍ബന്ധിച്ചത് ഈ പ്രൗഢ ചിന്തയുടെ ആലക്തിക ശേഷിയാണ്. നവീനമെന്നും ആധുനികോത്തരമെന്നും മതവിരുദ്ധ സംഘങ്ങള്‍ എത്ര ആവേശത്തോടെ അവതരിപ്പിക്കുന്ന പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രങ്ങളും ആന്തര ദൗര്‍ബല്യങ്ങളുടെ അമ്മിക്കല്ലുകളില്‍ തട്ടി ഉടഞ്ഞു വീഴുമ്പോള്‍ മൗദൂദിയുടെ പ്രൗഢ ചിന്താ പരിസരത്തുനിന്നാണ് വന്‍കരകളിലൊക്കെയും നവ സാമൂഹ്യ രാഷ്ട്രീയ ആവിഷ്‌കാരങ്ങള്‍ വസന്തോല്‍സവങ്ങളാഘോഷിക്കുന്നത്.
റഫറന്‍സ്
1. ഇബാദത്ത് ഒരു സമഗ്ര പഠനം - കെ.സി അബ്ദുല്ല മൗലവി
2. മൗദൂദി സ്മൃതി രേഖകള്‍ - എഡി: വി.എ കബീര്‍
3. അബുല്‍ അഅ്‌ലാ - ടി. മുഹമ്മദ്
4. കേരള മുസ്‌ലിം നവോത്ഥാനം - സൈനുദ്ദീന്‍ മന്ദലാംകുന്ന്
5. തുഹ്ഫത്തുല്‍ മുജാഹിദീന്‍ - മഖ്ദൂം
6. മൗലവിയുടെ ആത്മകഥ - ഇ. മൊയ്തു മൗലവി
7. നവോത്ഥാന പ്രസ്ഥാനം വഴിയും പോരാട്ടവും - മുജീബ്, ഉമൈര്‍
8. മുസ്‌ലിം നവോത്ഥാനവും ആധുനികതയും - മുജീബുര്‍റഹ്മാന്‍ കിനാലൂര്‍
8. നവോത്ഥാനത്തിന്റ ഒരു നൂറ്റാണ്ട് - മുസ്ത്വഫ തന്‍വീര്‍
10. ലഘുലേഖ - ഇസ്‌ലാമിക് സര്‍വീസ് സെന്റര്‍, കാരശ്ശേരി
11. ഇബാദത്ത് വീക്ഷണങ്ങളുടെ താരതമ്യം-ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്
12. ജമാഅത്തെ ഇസ്‌ലാമി- വായനയും പ്രതിനിധാനവും- നൗഷാദ് പി.ഐ
13. മതേതരത്വം, ദേശീയത്വം, ജനാധിപത്യം- ഒരു താത്ത്വിക വിശകലനം- സയ്യിദ് മൗദൂദി
14. ചരിത്രം പാഠരൂപങ്ങളും പ്രത്യയശാസ്ത്രവും- സുനില്‍ പി ഇളയിടം
15. ജമാഅത്തെ ഇസ്‌ലാമി ചോദ്യം ചെയ്യപ്പെടുന്നു- എഡിറ്റര്‍ എം.എ കാരപ്പഞ്ചേരി
16. എഴുത്തും പ്രത്യയശാസ്ത്രവും- എം.എന്‍ വിജയന്‍
17. ഒരു മലയാളി മുസ്‌ലിമിന്റെ വേറിട്ട ചിന്തകള്‍- സി.ടി അബ്ദുര്‍റഹീം
18. അരാഷ്ട്രീയതയുടെ രാഷ്ട്രീയം- എന്‍.വി.പി ഉണിത്തിരി
19. ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് വിമര്‍ശനവും- ശൈഖ് മുഹമ്മദ് കാരകുന്ന്
20. Islamic Fundamentalism - Dilip Hiro
21. Desperately Seeking Paradise- Ziauddin Sardar
22. Islamic Government- Imam Khomeini
23. School of Thought of action- Dr. Ali Shariati
24. The Calsh of Civilization and the remaking of world Order- P Huntington
Comments