സകാത്തും റമദാനും
സകാത്ത് റമദാനിലേക്ക് നീട്ടിവെക്കുന്നത് പുണ്യകരമാണോ? ഇതിന് റസൂലിന്റെ കാലത്ത് വല്ല മാതൃകയുമുണ്ടോ?
ഇസ്ലാമിന്റെ മൂന്നാമത്തെ സ്തംഭമായ സകാത്ത് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതിയുടെ നട്ടെല്ലാണ്. ഇസ്ലാമിക രാഷ്ട്രത്തിന്റെ പ്രധാന ധനാഗമ സ്രോതസ്സാണത്. വ്യക്തികള്‍ സ്വയം സന്നദ്ധരായി സകാത്ത് കണക്കു കൂട്ടി നല്‍കുന്ന സമ്പ്രദായമല്ല ഇസ്ലാം നടപ്പാക്കിയത്. സമ്പത്തിന്റെ കൃത്യമായ കണക്ക് സകാത്തിന്റെ ഉദ്യോഗസ്ഥരെ ഏല്‍പിക്കുകയും, അവര്‍ സകാത്തിന്റെ വിഹിതം കണക്കാക്കി വസൂലാക്കുകയും ചെയ്യുന്ന രീതിയാണ് ഇസ്ലാമിക വ്യവസ്ഥയിലുള്ളത്. ഈ സമ്പ്രദായം ഒരളവോളം സുഊദി അറേബ്യയില്‍ ഇപ്പോഴും നിലവിലുണ്ട്. സകാത്ത് കണക്ക് കൂട്ടാനും പിരിച്ചെടുക്കാനും ആവശ്യമായി വരുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം സകാത്തിന്റെ എട്ടവകാശികളില്‍ ഒരിനമാണ്. സൂറത്തുത്തൌബയില്‍ 60-ാം സൂക്തം ഈ എട്ടിനങ്ങള്‍ വിശദീകരിക്കുമ്പോള്‍ മുന്നാം സ്ഥാനമാണ് സകാത്ത് പിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ളത്.
ഓരോ സ്വത്തിന്റെയും വരുമാന സമയം നിര്‍ണ്ണയിച്ച് അതതു സമയങ്ങളില്‍ സകാത്ത് ശേഖരിക്കുകയാണ് പതിവ്. ധാന്യങ്ങള്‍ വിളവെടുക്കുമ്പോള്‍, ഫലങ്ങള്‍ പറിച്ചെടുക്കുമ്പോള്‍ എന്നിങ്ങനെ കാര്‍ഷികാദായങ്ങളുടെ സകാത്ത് പിരിക്കുന്നു. സൂറത്തുല്‍ അന്‍ആമിലെ 141-ാം സൂക്തമാണ് ഇതിന്റെ അവലംബം. ഇതേ തത്ത്വമാണ് കച്ചവട സ്ഥാപനങ്ങളിലും സ്വീകരിക്കേണ്ടത്. സീസണ്‍ കച്ചവടമാണെങ്കില്‍ ഓരോ സീസണിന്റെയും അവസാനം കണക്ക് പരിശോധിച്ച് സകാത്ത് നല്‍കണം. മറ്റു വരുമാന മാര്‍ഗങ്ങളിലും ഇതേ രീതിയാണ് സ്വീകരിക്കേണ്ടത്. റമദാനില്‍ ആരംഭിച്ച സംരംഭങ്ങള്‍ക്ക് വര്‍ഷം തികയുന്നത് റമദാനിലാകയാല്‍ സകാത്ത് കൊടുക്കേണ്ടതും റമദാനില്‍ തന്നെ. സകാത്തിന്റെ പരിപൂര്‍ണ നിയന്ത്രണം വ്യക്തികളിലേക്ക് മാറുകയും, ഒരു സാമൂഹ്യ ബാധ്യതയുടെ സ്വഭാവം നഷ്ടപ്പെടുകയും ചെയ്തിരിക്കുകയാണിന്ന്. ഇസ്ലാമിക വ്യവസ്ഥിതിയുടെ അഭാവം ആഴത്തില്‍ ബാധിച്ച മേഖലയാണല്ലോ സാമ്പത്തിക രംഗം. ഇതില്‍ ഇന്നു നടപ്പുള്ള മിക്ക കാര്യങ്ങളും സാഹചര്യത്തിന്റെ സൃഷ്ടിയാണ്. കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന മാസമായ റമദാനില്‍ സകാത്ത് നല്‍കാന്‍ ജനങ്ങള്‍ തീരുമാനിക്കുന്നത് ഈ സാഹചര്യത്തില്‍ നിന്നുണ്ടായ ചിന്തയാണ്. റമദാന്‍ ദാനധര്‍മങ്ങളുടെ മാസമാണ്. നബി(സ) തിരുമേനി ഏറ്റവും കൂടുതല്‍ ദാനം ചെയ്തിരുന്നത് റമദാനിലായിരുന്നു. ഇത് നിര്‍ബന്ധ ദാനമായ സകാത്തല്ല. ഐഛിക ദാനങ്ങളാണ്.
റമദാനില്‍ എല്ലാ കര്‍മങ്ങള്‍ക്കും ഇരട്ടിയിരട്ടിയായി പ്രതിഫലം ലഭിക്കുമെന്ന് പ്രബലമായ പ്രവാചക ശിക്ഷണങ്ങളില്‍ വന്നിട്ടുണ്ട്. അതിനാല്‍ സകാത്ത് നല്‍കുന്നത് റമദാനിലാക്കി പ്ളാന്‍ ചെയ്യുന്നത് നിരുത്സാഹപ്പെടുത്തേണ്ടതില്ല.
ഫിത്വ്ര്‍ സകാത്ത് അവകാശികള്‍ ആരെല്ലാം?
സകാത്തുല്‍ ഫിത്വ്റിന്റെ അവകാശികളാരെല്ലാമാണ്? തീര്‍ത്തും സമ്പന്നരായ ആളുകള്‍ താമസിക്കുന്ന ഹൌസിങ്ങ് കോളനികളില്‍ പരസ്പരം ഫിത്വര്‍ സകാത്ത് കൈമാറുന്നത് ആശാസ്യമാണോ? സമ്പന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഇത് എങ്ങനെയാണ് വിതരണം ചെയ്യുന്നത്?
ഫിത്വ്ര്‍ സകാത്ത് നേര്‍ക്കുനേരെ ആഹാരവുമായി ബന്ധപ്പെട്ടതാണ്. നബി(സ) തിരുമേനിയുടെ കാലത്ത് ആഹാര പദാര്‍ഥങ്ങളാണ് നല്‍കിയിരുന്നത്. പില്‍ക്കാലത്ത് ജനങ്ങളുടെ സൌകര്യവും ആവശ്യവും പരിഗണിച്ച് ആഹാരത്തിന്റെ മൂല്യം നല്‍കിയാല്‍ മതി എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു. ആഹാര പദാര്‍ഥങ്ങള്‍ നല്‍കിയാല്‍ മാത്രമേ സകാത്ത് സാധുവാകൂ എന്ന പക്ഷക്കാരാണ് ഭൂരിപക്ഷം.
ഫിത്വ്ര്‍ സകാത്തിന്റെ അവകാശികളെ പ്രത്യേകം എടുത്തു പറഞ്ഞതിന് പ്രബലമായ തെളിവുകളില്ല. അതിനാല്‍ സകാത്തിന്റെ അവകാശികള്‍ തന്നെയാണ് ഫിത്വ്ര്‍ സകാത്തിന്റെയും അവകാശികള്‍ എന്നാണ് പ്രബല മതം. "ഈ ദിവസം നിങ്ങള്‍ ദരിദ്രരെ പരാശ്രയമില്ലാത്തവരാക്കുക'' എന്ന തിരുവചനത്തില്‍നിന്ന് സകാത്തിന്റെ അവകാശികളായ ദരിദ്രരും പാവങ്ങളുമാണ് ഫിത്വ്ര്‍ സകാത്തിന്റെ നേര്‍ക്കുനേരെയുള്ള അവകാശികള്‍ എന്ന് ഗ്രഹിക്കാം.
സകാത്തും ഫിത്വ്ര്‍ സകാത്തും ആവശ്യക്കാരുള്ളേടത്താണ് വിതരണം ചെയ്യേണ്ടത്. ആവശ്യക്കാരില്ലാത്ത പ്രദേശത്തുകാര്‍ അവരുടെ വിഹിതം ദരിദ്രരുള്ള പ്രദേശങ്ങളിലേക്കയക്കാം. ഇതില്‍ ചില പണ്ഡിതന്മാര്‍ക്ക് വിയോജിപ്പുണ്ട്. എന്നാല്‍ ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ യോജിക്കുന്ന അഭിപ്രായം ഇത് തന്നെയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഫിത്വ്ര്‍ സകാത്ത് ശേഖരിച്ച് നമ്മുടെ നാട്ടിലെ പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ശ്രദ്ധിക്കുന്ന ചില സന്നദ്ധ സംഘടനകളുണ്ട്. അവരുടെ സേവനം സ്തുത്യര്‍ഹമാണ്.
ധനികര്‍ പരസ്പരം കൈമാറി ഫിത്വ്ര്‍ സകാത്തിന്റെ ബാധ്യത 'തീര്‍ക്കുന്ന' രീതിക്ക് തെളിവൊന്നുമില്ല. എന്നാല്‍ സകാത്തിനര്‍ഹരായ ദരിദ്രര്‍ക്ക് പെരുന്നാള്‍ ദിവസത്തെ ആവശ്യം കഴിച്ച് ആഹാരം മിച്ചമുണ്ടെങ്കില്‍ പരസ്പരം കൈമാറി ബാധ്യത വീട്ടാം. ഗള്‍ഫ് രാജ്യങ്ങളില്‍ ദരിദ്രരായ ധാരാളം വിദേശികളുള്ളതിനാല്‍ ഫിത്വ്ര്‍ സകാത്ത് അവര്‍ക്ക് നല്‍കുന്നു. ദരിദ്രരാജ്യങ്ങളില്‍ വിതരണം ചെയ്യാനും വ്യവസ്ഥാപിത രീതി സ്വീകരിച്ചു വരുന്നുണ്ട്.
ഇഅ്തികാഫ് ഇരിക്കുമ്പോള്‍ പുറത്ത് പോകാമോ?
ഇഅ്തികാഫിരിക്കുന്നവര്‍ പാലിക്കേണ്ട ഉപാധികള്‍ എന്തെല്ലാമാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മസ്ജിദിന് പുറത്ത് പോകാമോ?
ഇബാദത്തുകളില്‍ വളരെ സവിശേഷതയുള്ള ഒന്നാണ് ഇഅ്തികാഫ് (ധ്യാനനിരതനായി പള്ളിയില്‍ കഴിച്ചുകൂട്ടുക). പള്ളി ദൈവിക ഗേഹമാണ്. സൂറത്തുല്‍ ജിന്നില്‍ അല്ലാഹു അരുള്‍ ചെയ്യുന്നു: "പള്ളികള്‍ അല്ലാഹുവിനുള്ളതാണ്'' (72:18). ഭൌതികമായ എല്ലാ ചിന്തകളും വെടിഞ്ഞ് ദൈവിക ഗേഹത്തില്‍ ധ്യാനനിരതനായി അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും, അവനോട് അനുസരണക്കേട് കാണിച്ചാലുള്ള ഭവിഷ്യത്തിനെക്കുറിച്ചോര്‍ത്ത് അതില്‍ നിന്ന് മോചനം തേടുകയും ചെയ്യുന്ന മഹനീയ മുഹൂര്‍ത്തമാണത്.
രണ്ടു നിബന്ധനകളാണ് ഈ കര്‍മം സാധുവാകാനാവശ്യം. ഒന്ന് നിയ്യത്ത്. താന്‍ ചെയ്യുന്നതെന്താണെന്ന വ്യക്തമായ ബോധം. രണ്ടാമത്തേത് പള്ളിയിലായിരിക്കുക എന്നതാണ്. ജുമുഅയുള്ള പളളിയാണുത്തമം. എന്നാല്‍ വളരെ അത്യാവശ്യമായ കാര്യങ്ങള്‍ക്ക് പുറത്തുപോയി വേഗം തിരിച്ചുവരുന്നതിന് വിരോധമില്ല. ഒരു പ്രധാനപ്പെട്ട ആരാധനാ കര്‍മത്തിലാണ് താനുള്ളതെന്ന ബോധം നഷ്ടപ്പെടാതെയാണ് പള്ളിക്കു പുറത്തു പോകേണ്ടത്. വിശുദ്ധ റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളാണ് ഇഅ്തികാഫിന് ഏറ്റവും പുണ്യകരം. തിരുമേനി(സ) സ്ഥിരമായി അനുഷ്ഠിച്ചുപോന്ന ഒരു കര്‍മമാണ് റമദാനിലെ ഇഅ്തികാഫ്. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കേ അവിടുന്ന് പുറത്തുപോകാറുണ്ടായിരുന്നുള്ളൂ. സൌകര്യപ്പെടുന്നവര്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒരു സഹായിയെ ഏര്‍പ്പെടുത്തിയാല്‍ ഇഅ്തികാഫിന്റെ ചൈതന്യം നഷ്ടപ്പെടാതെ നിര്‍വഹിക്കാം.
ആണ്‍കുഞ്ഞിന് സ്വര്‍ണം ഹറാമോ?
സ്വര്‍ണാഭരണം ധരിക്കുന്നത് ആണ്‍കുഞ്ഞുങ്ങള്‍ക്ക് പോലും ഹാറാമാണെന്ന് ഈയിടെ ഒരു ഖുത്വ്ബയില്‍ കേട്ടു. കുഞ്ഞായിരിക്കുമ്പോള്‍ ആണിനും പെണ്ണിനും സ്വര്‍ണാഭരണങ്ങള്‍ ധരിപ്പിക്കുന്നത് പല സ്ഥലങ്ങളിലും പതിവാണ്. ഇത് ഹറാമിന്റെ പരിധിയില്‍ പെടുമോ?
ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ പ്രായപൂര്‍ത്തിയാകുമ്പോഴാണ് ഒരാള്‍ക്ക് മതവിധികള്‍ ബാധകമാവുക. പ്രായപൂര്‍ത്തിയുടെ മാനദണ്ഡം വയസ്സല്ല, പ്രകൃത്യാ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഉണ്ടാവുന്ന ചില ലക്ഷണങ്ങളാണ്. ഇത് ഒരു നിയമ ഭാഷയാണ്. കുട്ടികളെ ശൈശവം മുതല്‍ ഇസ്ലാമികമായി വളര്‍ത്തിക്കൊണ്ടുവരണം.
എഴു വയസ്സാകുമ്പോള്‍ കുട്ടികളോട് നമസ്കരിക്കാനാവശ്യപ്പെടണമെന്നാണ് നബി(സ) പഠിപ്പിച്ചിരിക്കുന്നത്. വകതിരിവെത്തിയാല്‍ മതനിഷ്ഠ ശീലിപ്പിക്കണമെന്നതാണ് ഇതില്‍നിന്ന് ഗ്രഹിക്കേണ്ടത്.
വളരെ ചെറുപ്പത്തില്‍ തന്നെ നഗ്നത മറക്കാന്‍ കുട്ടികളെ ശീലിപ്പിക്കുന്ന രീതി ഇന്ന് വ്യാപകമാണ്. ഏഴു വയസ്സു വരെ കുട്ടികളുടെ ശരീര ഭാഗങ്ങളൊന്നും മറക്കേണ്ടതില്ല എന്ന കര്‍മശാസ്ത്ര നിയമം ഇന്നധിക പേരും അവലംബമാക്കുന്നില്ല. ഭൂരിപക്ഷ പണ്ഡിതന്മാരും ആണ്‍ കുട്ടികള്‍ക്ക് പൊന്നും പട്ടും ധരിപ്പിക്കുന്നത് നിഷിദ്ധമാണെന്ന അഭിപ്രായക്കാരാണ്. 'ഇവ രണ്ടും എന്റെ സമുദായത്തിലെ പുരുഷന്മാര്‍ക്ക് നിഷിദ്ധമാണ്, സ്ത്രീകള്‍ക്കനുവദനീയമാണ്' എന്ന നബിവചനമാണടിസ്ഥാനം. ഇതില്‍ കുട്ടികളെ ഒഴിവാക്കിയിട്ടില്ല.
എന്നാല്‍ കൊച്ചു കുട്ടികള്‍ക്ക് ആണ്‍ പെണ്‍ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് നിയമം വേണ്ടതില്ലെന്ന പക്ഷക്കാര്‍, ആണ്‍ കുഞ്ഞുങ്ങള്‍ സ്വര്‍ണാഭരണം ധരിക്കുന്നത് നിഷിദ്ധമായി കാണുന്നില്ല. നബിയുടെ ശിക്ഷണങ്ങള്‍ പരിശോധിച്ചാല്‍ ശിശുക്കളില്‍ പോലും ആണ്‍ പെണ്‍ വ്യത്യാസം പരിഗണിക്കണമെന്നാണ് മനസ്സിലാവുക. മനശ്ശാസ്ത്രപരമായി നോക്കുമ്പോള്‍ ആണ്‍ കുട്ടികള്‍ക്ക് ആഭരണം അണിയിക്കാതെ പൌരുഷബോധം കുഞ്ഞുനാളിലേ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്നതാണ് ശരി. വളരെ ചെറുപ്പം മുതലുള്ള ശീലങ്ങള്‍ വലുതാവുമ്പോള്‍ കുട്ടികളില്‍ സ്വാധീനം ചെലുത്തുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൊച്ചു കുട്ടികളോട് കളവ് പറയുന്നത് നബി(സ) വിലക്കിയത് ഇതില്‍ ചേര്‍ത്തുവായിക്കാം.
കുഞ്ഞുങ്ങളെ അമിതമായി ലാളിക്കുന്നതും അവര്‍ക്ക് സ്വയം ചെയ്യാനാവുന്ന കാര്യങ്ങളില്‍ സഹായിക്കുന്നതുമെല്ലാം തെറ്റായ രീതിയാണ്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശീലം, പുരുഷനാണെന്ന ബോധം, അഥവാ സ്ത്രീയാണെന്ന ബോധം ഇവയെല്ലാം ചെറുപ്പം മുതല്‍ വളര്‍ത്തിക്കൊണ്ടുവരണം.
ലീവ് എടുത്ത് ഖുര്‍ആന്‍ ക്ളാസ്സില്‍ പങ്കെടുക്കല്‍?
ധാരാളം അധ്യാപകര്‍ ജോലി ചെയ്യുന്ന ഒരു ജനറല്‍ സ്കൂളാണ് ഞങ്ങളുടേത്. അധ്യാപകര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് കാഷ്വല്‍ ലീവ് എടുക്കാറുണ്ട്. ഇതില്‍ ഒരു ടീച്ചര്‍ സ്ഥിരമായി എല്ലാ ചൊവ്വാഴ്ചയും ഉച്ചക്ക് മുമ്പായി പകുതി ലീവ് എടുക്കുകയും ആ സമയം ഖുര്‍ആന്‍ പഠനക്ളാസില്‍ പങ്കെടുക്കുകയും ഉച്ചക്ക് ശേഷം പതിവുപോലെ വരികയും ചെയ്യുന്നു. പലപ്പോഴും ഇവരുടെ ലീവ് ക്ളാസ്സിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കാറുണ്ട്. ഇങ്ങനെ സ്കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ ലീവ് എടുത്ത് ഖുര്‍ആന്‍ പഠിക്കാന്‍ പോകുന്നത് ശരിയാണോ? ഖുര്‍ആന്‍ പഠനം ഒഴിവു ദിവസങ്ങളിലേക്ക് ക്രമീകരിക്കുന്നതല്ലേ ഉചിതം? അധ്യാപന പ്രവര്‍ത്തനങ്ങള്‍ക്കല്ലേ അവര്‍ പ്രഥമ പരിഗണന നല്‍കേണ്ടത്?
ഇസ്ലാമിക ദൃഷ്ട്യാ, എല്ലാ ഉദ്യോഗങ്ങളും ജോലി ദാതാവും ജോലി ചെയ്യുന്നവനും തമ്മിലുള്ള ഒരു കരാറാണ്. പല വിശദീകരണങ്ങളും വായിച്ചുകൊണ്ടല്ല ഇത്തരം കരാറുകളില്‍ ഒപ്പിടാറ്. അതിനാല്‍ കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും എല്ലാവരും ഓര്‍ക്കുകയില്ല.
ഒരാള്‍ വ്യവസ്ഥാപിതമായി ജോലി ചെയ്യാനാണ് അയാളെ നിയമിക്കുന്നത്. അത് നിര്‍വഹിക്കേണ്ടത് അയാളുടെ ധാര്‍മിക ബാധ്യതയാണ്. വീഴ്ചവരുത്തിയാല്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടിവരും.
ഇങ്ങനെയുള്ള ഭൌതികമായ ബാധ്യതകള്‍ നിര്‍വഹിക്കുന്നത് ഇസ്ലാമില്‍ പുണ്യവും ഇബാദത്തുമാണ്. ഇതറിയാത്തവരാണ് അവയുടെ നിര്‍വഹണത്തിന് രണ്ടാം സ്ഥാനം കല്‍പിക്കുന്നത്.
പരിശുദ്ധ ഖുര്‍ആന്‍ പഠിക്കാന്‍ മുസ്ലിംകള്‍ പരമാവധി പരിശ്രമിക്കണം. ചെറുപ്പത്തില്‍ വ്യവസ്ഥാപിതമായ മതവിദ്യാഭ്യാസം ലഭിക്കാത്തവര്‍ക്ക് ഒരു വലിയ അനുഗ്രഹമാണ് ഇന്ന് സജീവമായിത്തീര്‍ന്ന ഖുര്‍ആന്‍ പഠന ക്ളാസ്സുകള്‍. ബോധപൂര്‍വം പഠിക്കാന്‍ തയാറായെത്തുന്ന പഠിതാക്കള്‍ക്ക് ഈ ക്ളാസ്സുകള്‍ വളരെയേറെ പ്രയോജനകരമാണ്. എന്നാല്‍, ഒരാളുടെ ജോലിയില്‍ വീഴ്ചവരുത്തി ഖുര്‍ആന്‍ ക്ളാസ്സുകളില്‍ പങ്കെടുക്കുന്നത് അഭികാമ്യമല്ല. നന്മയുണ്ടാക്കുക, തിന്മയില്ലാതാക്കുക എന്നതാണ് മുസ്ലിമിന്റെ ദൌത്യം. ഈ ദൌത്യനിര്‍വഹണത്തിന് നാം എല്ലാ മേഖലകളിലും മാതൃകയായിരിക്കണം. കൃത്യസമയത്ത് ഹാജരായാല്‍ മാത്രം പോരാ, വിദ്യാര്‍ഥികള്‍ക്ക് വിഷയം നല്ലപോലെ മനസ്സിലാകത്തക്കവിധം വിശദീകരിച്ചുകൊടുക്കുകയും, പാഠങ്ങള്‍ പ്ളാന്‍ ചെയ്ത് നിര്‍ണിത സമയത്ത് എടുത്തുതീര്‍ക്കാന്‍ ശ്രദ്ധിക്കുകയും വേണം. സ്കൂള്‍ സമയം അധ്യാപകന്‍ കരാറനുസരിച്ച് സ്കൂളിന് നല്‍കിയിരിക്കുന്നു. അത് വളരെ അനിവാര്യമായ ഘട്ടങ്ങളില്‍ പ്രധാനാധ്യാപകന്റെ അനുവാദത്തോടെ മാത്രമേ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാവൂ.
എം.വി മുഹമ്മദ് സലീം, [email protected]
Comments