ഞാന്‍ നടന്ന മണ്ണിനു മീതെ
ഓര്‍മകളുള്ള ഒരു മനുഷ്യന്‍ തന്നെയാണ് ഞാന്‍.
ഒരമ്മ പെറ്റ നശ്വരനായവന്‍.
ധാരാളം ജാലകങ്ങളുള്ള
എന്റെ വീട്ടില്‍ ഉറ്റവരേയും, സൌഹൃദങ്ങളെയും കണ്ടോളൂ.
ഈ വീട് തന്നെയാണ്
തണുത്തുറഞ്ഞ വാതിലുകളും,
ജയില്‍ കവാടങ്ങളുമാവുന്നത്.
കടല്‍പ്പക്ഷി റാഞ്ചിയെടുത്ത
തിരമാലപോലെയാണ് ഞാനിന്ന്.
കാഴ്ചപ്പാടുകളുടെ വാള്‍ത്തലയില്‍
വാക്കുകളുടെ നെറുകയിലായി
സ്വയം പ്രകാശിക്കുന്ന
ഒരു പൂര്‍ണ്ണ ചന്ദ്രനുണ്ട്.
പറവകളുടെ ഉന്മാദവും,
മണ്ണടയാത്ത ഒലീവ് മരങ്ങളും
ഇവിടെ തന്നെയാണ്
വെടിയുണ്ടകള്‍ തീമഴ തുപ്പും മുമ്പ്
ഈ മണ്ണില്‍ തന്നെയാണ് ഞാന്‍ നടന്നത്.
ജന്മഭൂമി എന്ന ഒറ്റവാക്ക്
ഞാന്‍ ഇവിടുത്തുകാരന്‍ തന്നെയാണ്.
ആകാശം അമ്മയെ വിളിച്ച് വിതുമ്പുമ്പോള്‍
ഞാനും അമ്മയെ ഓര്‍ക്കുന്നു.
തിരിച്ചുവരുന്ന ഓരോ മേഘത്തേയും
ഒരു വിതുമ്പലോടെ നോക്കുന്നു!
രക്തം കൊണ്ട് പണിത കോടതിയില്‍ നിന്നാണ്
ഓരോ വാക്കും ഞാന്‍ പഠിച്ചത്.
അതുകൊണ്ട്,
എനിക്ക് നിയമങ്ങളെ ഭയക്കാനില്ല.
പഠിച്ച പദങ്ങളൊക്കെയും പൊട്ടിച്ചെറിഞ്ഞ്
ഞാനൊരൊറ്റ വാക്കുണ്ടാക്കും
ജന്മഭൂമി എന്ന വാക്ക്.
Comments