Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 11

സകാത്ത്: സാമ്പത്തിക സഹകരണത്തിന്റെ ഉത്തമ മാര്‍ഗം

എം.വി മുഹമ്മദ് സലീം

സമൂഹത്തില്‍ പൊതുവെ കാണപ്പെടുന്ന പ്രതിഭാസമാണ് സാമ്പത്തിക ഉച്ചനീചത്വം. ഉള്ളവരും ഇല്ലാത്തവരും ഏത് സമൂഹത്തിലുമുണ്ടാവും. മാനവരാശിക്ക് ഐഹിക ജീവിതത്തില്‍ ഐശ്വര്യവും, മരണാനന്തരം ശാശ്വത സൗഭാഗ്യവും ലക്ഷ്യമിടുന്ന ജീവിത വ്യവസ്ഥ എന്ന നിലക്ക് ദാരിദ്ര്യവും ദരിദ്രരും ഇസ്‌ലാമിന്റെ പ്രത്യേക പരിഗണനയില്‍ വരുന്ന വിഷയമാണ്.
ദരിദ്രര്‍ക്ക് ശബ്ദമില്ലാത്ത കാലത്താണ് ഇസ്‌ലാം അതിന്റെ സാമൂഹിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയത്. അവര്‍ക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു. ആദ്യമായി ദരിദ്രന്റെ അവകാശം അംഗീകരിക്കുകയും അത് നേടി കൊടുക്കാന്‍ നിയമമുണ്ടാക്കുകയും ചെയ്തത് ഇസ്‌ലാമിന്റെ സാമ്പത്തിക വിപ്ലവത്തെ വേറിട്ട് നിര്‍ത്തുന്നു. വിശുദ്ധ ഖുര്‍ആന്‍ അരുള്‍ ചെയ്തു: ''അവരുടെ സമ്പാദ്യങ്ങളില്‍ ആവശ്യക്കാരനും ഇല്ലാത്തവനും നിര്‍ണിത അവകാശമുണ്ട്'' (70: 24). കാര്‍ഷികോല്‍പന്നങ്ങള്‍ വിളവെടുക്കുമ്പോള്‍ ദരിദ്രരുടെ അവകാശം നല്‍കാന്‍ അല്ലാഹു കല്‍പിക്കുന്നുണ്ട് (6:141). തൊഴിലാളിയുടെ കൂലിയെ നബി(സ) വിശേഷിപ്പിച്ചത് 'അവകാശ'മെന്നാണ്. 'തൊഴിലാളിയുടെ വിയര്‍പ്പ് വറ്റും മുമ്പ് അയാളുടെ അവകാശം നല്‍കുക.' ദരിദ്രരെ 'ദുര്‍ബലര്‍' എന്നും നബി(സ) വിശേഷിപ്പിച്ചിട്ടുണ്ട്. ദരിദ്രരോടുള്ള നിലപാടിനെ തന്നെ മാറ്റിയെടുക്കുന്ന ചില അടിസ്ഥാന കാര്യങ്ങളും അവിടുന്ന് പഠിപ്പിച്ചു. ദുര്‍ബലര്‍ സമൂഹത്തിന് ഭാരമല്ലെന്നും അനുഗ്രഹമാണെന്നും അവിടുന്ന് തിരുത്തി. മുസ്അബ്ബ്‌നു സഅ്ദിനോട് അവിടുന്ന് അരുള്‍ ചെയ്തു: ''നിങ്ങള്‍ക്ക് പ്രതിരോധിക്കാനും ഐശ്വര്യം നേടാനും സാധിക്കുന്നത് നിങ്ങളിലെ ദുര്‍ബലര്‍ വഴിയാണ്.'' പ്രതിരോധത്തിന് മനുഷ്യ ശക്തിവേണം; സാമ്പത്തികവികസനത്തിന് മനുഷ്യാധ്വാനവും. ഇത് രണ്ടിന്റെയും സ്രോതസ്സ് ദരിദ്രരും ദുര്‍ബലരുമായ ജനലക്ഷങ്ങളാണ്. അതിനാല്‍ അവരെ അവഗണിക്കുകയല്ല, ഉദ്ധരിക്കുകയാണ് സാമ്പത്തിക സുസ്ഥിതിക്കുള്ള യഥാര്‍ഥ വഴി. ഇതാണ് നിര്‍ബന്ധ ദാനം നിയമമാക്കിയതിന്റെ അതിപ്രധാന ലക്ഷ്യം.
ദരിദ്രരുടെയും ദുര്‍ബലരുടെയും ശാക്തീകരണവും പുനരധിവാസവും സകാത്തിന്റെ അവകാശികളെ എണ്ണിപ്പറയുന്ന ഖുര്‍ആന്‍ വചനത്തില്‍ പ്രത്യേകം ഊന്നുന്നുണ്ട്. ദരിദ്രര്‍, പാവങ്ങള്‍, ജോലിക്കാര്‍, അടിമകള്‍, കടബാധിതര്‍, യാത്രക്കാര്‍ എന്നിങ്ങനെ ആറു ഇനങ്ങള്‍ ദരിദ്രരും ദുര്‍ബലരുമായ അവകാശികളാണ്. ആദര്‍ശപ്രചാരണവും രാഷ്ട്രത്തിന്റെ സുരക്ഷയുമാണ് മറ്റു രണ്ടിനങ്ങള്‍.
സാമ്പത്തിക ശാസ്ത്രത്തില്‍ ഉല്‍പാദനം പോലെ പ്രധാനമാണ് വിതരണം. വിതരണത്തിലെ വൈകല്യങ്ങളും അപാകതകളും സമൂഹത്തില്‍ സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ വര്‍ധിക്കാന്‍ കാരണമാക്കുന്നു. കാര്യക്ഷമമായ വിതരണം ഉറപ്പ് വരുത്തുന്ന വ്യവസ്ഥാപിത നിയമങ്ങളാണ് ഇസ്‌ലാമിലെ സകാത്ത് വ്യവസ്ഥയില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. ഇത് സമൂഹത്തിന്റെ സാമ്പത്തിക സുസ്ഥിതിക്കെന്ന പോലെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രതക്കും സഹായകമാവുന്നു.
ഭദ്രമായ ഈ നിയമാവലി പ്രാവര്‍ത്തികമാക്കുന്നത് ഇസ്‌ലാമിക സൗധത്തിന്റെ മൂന്നാം സ്തംഭമായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സകാത്ത് നല്‍കാതിരിക്കുന്നത് ഏകദൈവവിശ്വാസത്തിന്റെയും പരലോക വിശ്വാസത്തിന്റെയും അഭാവത്തെ കുറിക്കുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു (41:7). സാങ്കേതികമായിപ്പറഞ്ഞാല്‍ സകാത്ത് നിഷേധിച്ചവന്‍ നിഷേധി(കാഫിര്‍)യാണ്. അംഗീകരിക്കുന്നെങ്കിലും അത് നല്‍കാതിരിക്കുന്നവന്‍ അതിക്രമി(ഫാസിഖ്)യും. സകാത്ത് വസൂലാക്കാന്‍ ബലപ്രയോഗം അനുവദിച്ചിരിക്കുന്നു. വിസമ്മതിക്കുന്നവരോട് യുദ്ധം ചെയ്ത് പിരിച്ചെടുക്കാന്‍ പോലും അനുവാദമുണ്ട്.
ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയെ അന്യൂനവും ചലനാത്മകവുമാക്കുന്ന പ്രധാന ഘടകമാണ് സകാത്ത്. ഭരണത്തിന്റെ സാമ്പത്തിക സ്രോതസ് സകാത്ത് വഴിയാണ് ശേഖരിക്കുക. ഇത്രയും കാര്യങ്ങള്‍ ആവര്‍ത്തിച്ചത് സകാത്തിനെക്കുറിച്ചുണ്ടായ ചില വികല സങ്കല്‍പങ്ങള്‍ തിരുത്താനാണ്. ധനികര്‍ ഔദാര്യമായി പാവങ്ങള്‍ക്ക് നല്‍കുന്ന ദാനമായി സകാത്ത് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിരലിലെണ്ണാവുന്ന പണക്കാര്‍ മാത്രമേ നല്‍കാന്‍ ബാധ്യസ്ഥരായുള്ളൂ എന്നാണ് പൊതുധാരണ. ഇസ്‌ലാമിന്റെ മൂന്നാമത്തെ സ്തംഭം അതിന്റെ ശരിയായ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടാതെ പോവാന്‍ ഇത്തരം വികല സങ്കല്‍പങ്ങള്‍ കാരണമായിട്ടുണ്ട്.
മുസ്‌ലിം സമൂഹത്തിന്റെ സാമ്പത്തിക വരുമാനത്തില്‍ ഒരു പങ്ക് ഉപര്യുക്ത ആവശ്യങ്ങള്‍ക്കായി ശേഖരിക്കാനും നീതിപൂര്‍വം വിതരണം ചെയ്യാനുമുള്ള കുറ്റമറ്റ സംവിധാനമാണ് സകാത്ത്. അതിന്റെ ശരിയായ പുനഃസ്ഥാപനം സാധിക്കണമെങ്കില്‍ ഇസ്‌ലാമിക ഭരണവ്യവസ്ഥയുണ്ടാവണം. എന്നാല്‍, മുസ്‌ലിംകള്‍ക്ക് സ്വതന്ത്രമായി വര്‍ത്തിക്കാന്‍ സൗകര്യമുള്ള സമൂഹങ്ങളില്‍ സംഘടിതമായും വ്യവസ്ഥാപിതമായും സകാത്ത് ശേഖരിക്കാനും വിതരണം ചെയ്യാനും സംവിധാനമുണ്ടാക്കാനാവും. രാഷ്ട്രം നേരിട്ട് പിരിക്കുമ്പോള്‍ വ്യക്തികള്‍ വരവ് ചെലവുകളുടെ കൃത്യമായ കണക്ക് അധികാരികളെ ബോധ്യപ്പെടുത്താന്‍ ബാധ്യസ്ഥരായിരിക്കും. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ വ്യക്തികള്‍ സ്വമേധയാ സകാത്ത് കണക്കാക്കി നല്‍കേണ്ടിവരും. തങ്ങള്‍ ആര്‍ജിച്ച ധാര്‍മികതയാണ് അവര്‍ക്കത് ചെയ്യാനുള്ള ഏക പിന്‍ബലം. വിശ്വാസവുമായി ബന്ധപ്പെട്ടതാകയാല്‍ ഇതില്‍ വീഴ്ചവരുത്താതിരിക്കാന്‍ മതനിഷ്ഠയുള്ളവര്‍ ശ്രദ്ധിക്കും.
സകാത്തിന്റെ വിധികളെക്കുറിച്ച് ധാരാളം പഠനങ്ങളുണ്ടാകാനും അവയില്‍ ഭിന്ന ചിന്തകള്‍ നിലനില്‍ക്കാനും കാരണമായത് സമൂഹത്തെ ഒന്നിച്ച് ഭരിക്കുന്ന ഒരു വ്യവസ്ഥിതി ഇല്ലാത്തത് കൊണ്ടാണ്. രണ്ട് വീക്ഷണ കോണുകളിലൂടെയാണ് പണ്ഡിതന്മാര്‍ വിഷയം പഠിച്ചത്. സകാത്ത് നല്‍കുന്നവരുടെ ഭാഗം ശ്രദ്ധിച്ചാണ് ചിലര്‍ വിധി കണ്ടെത്തിയത്. മറ്റു ചിലര്‍ ഗുണഭോക്താക്കളുടെ ഭാഗത്തിന് മുന്‍തൂക്കം നല്‍കി. ഈ വൈവിധ്യങ്ങളോട് ഒരു സത്യവിശ്വാസിയുടെ മനസ്സാക്ഷി എങ്ങനെയാവും പ്രതികരിക്കുക? സകാത്ത് ദാതാക്കളെയും സ്വീകര്‍ത്താക്കളെയും ഒരുപോലെ പരിഗണിക്കുന്ന സമീപനമായിരിക്കും അപ്പോള്‍ അഭികാമ്യം!
വിശ്വാസി അല്ലാഹുവിന്റെ പ്രീതി മാത്രം മുന്നില്‍ കണ്ട് സ്വയം തീരുമാനിക്കണം. ഞാന്‍ സകാത്ത് ദാതാവാണോ, ഏതെല്ലാം ഇനത്തില്‍ സകാത്ത് നല്‍കണം, എത്ര നല്‍കണം? സൃഷ്ടികളെ ബോധ്യപ്പെടുത്തേണ്ടതില്ലാത്തതിനാല്‍ സ്രഷ്ടാവിന്റെ പ്രീതി ഉറപ്പ് വരുത്തിക്കൊണ്ടാണത് തീരുമാനിക്കേണ്ടത്. സന്നദ്ധ സംഘടനകള്‍ നാം നല്‍കുന്നത് വാങ്ങി വെക്കുക മാത്രമാണ് ചെയ്യുന്നത്; അവര്‍ക്കാരെയും കൊടുക്കാന്‍ നിര്‍ബന്ധിക്കാനാവില്ല.
പൂര്‍വികര്‍ ഏകകണ്ഠമായി അംഗീകരിച്ച വിഷയങ്ങളില്‍ പോലും ആനുകൂല്യങ്ങള്‍ കണ്ടെത്താനുള്ള പുതിയ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കച്ചവടത്തിന്റെ വിവിധ ഇനങ്ങള്‍, വ്യവസായശാലകള്‍, ശമ്പളം, ഓഹരി വിപണി, ബോണ്ടുകള്‍, സര്‍ക്കാര്‍ ഫണ്ടുകള്‍ മുതലായ പുതു ധനാഗമന മാര്‍ഗങ്ങള്‍ നമ്മില്‍ ചുമത്തുന്ന ബാധ്യതകള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. തന്റെ വരുമാനം എവിടെ നിന്ന്, അത് വ്യയം ചെയ്തതെന്തിനു വേണ്ടി എന്ന് കൃത്യമായറിയാതെ വിശ്വാസി സാമ്പത്തിക ഇടപാട് നടത്താന്‍ പാടില്ല.
സകാത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരാമര്‍ശിക്കാന്‍ ഇവിടെ നിവൃത്തിയില്ല. ഓരോ വ്യക്തിയും അയാളെ ബാധിക്കുന്ന കാര്യങ്ങളാണ് മനസ്സിലാക്കേണ്ടത്. അപ്പോഴത് പ്രായോഗികമാക്കാന്‍ സാധിക്കുമല്ലോ. അതിനാല്‍ ചില അടിസ്ഥാന തത്ത്വങ്ങള്‍ വിശദീകരിക്കാം. അവ ശരിക്കും ഗ്രഹിച്ചാല്‍ വ്യക്തികള്‍ക്ക് ശരിയായ തീരുമാനമെടുക്കാന്‍ പരസഹായം വേണ്ടിവരില്ല.
1. സകാത്ത് നിര്‍ബന്ധമാകുന്നതിന്റെ അടിസ്ഥാനം ഐശ്വര്യമാണ്. ദാരിദ്ര്യം പരിഹരിക്കാനാണല്ലോ സകാത്ത് ശേഖരിക്കുന്നത്. അതിനാല്‍ ദാതാക്കള്‍ ദരിദ്രരല്ല, ഐശ്വര്യവാന്മാരാണ്. ഐശ്വര്യത്തിന്റെ മാനദണ്ഡം വരുമാന പരിധിയാണ്. ഒരാളെ ഐശ്വര്യത്തിലാണെന്ന് കണക്കാക്കാന്‍ വേണ്ട വരുമാനം പൊതുവായി നിര്‍ണയിക്കാനേ തരമുള്ളൂ. അതില്‍ ഏറ്റപ്പറ്റുണ്ടാവാം. ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നതനുസരിച്ച് വരുമാനത്തിന്റെ പരിധി 85 ഗ്രാം സ്വര്‍ണത്തിന്റെ വിലയ്ക്ക് തുല്യമായിരിക്കും. ഇപ്പോഴത്തെ സ്വര്‍ണ വിലയനുസരിച്ച് ഏതാണ്ട് രണ്ടര ലക്ഷം രൂപയാണ് വരുമാന പരിധി. അതില്‍ താഴെ വരുമാനമുള്ളവര്‍ സകാത്ത് നല്‍കേണ്ടതില്ല. എന്നാല്‍ വിവിധ സ്രോതസ്സുകളില്‍ നിന്ന് ഒരാള്‍ക്ക് വരുമാനമുണ്ടെങ്കില്‍ അവയെല്ലാം ചേര്‍ത്താണ് വരുമാനപരിധി കാണേണ്ടത്.
കാര്‍ഷിക വിളകളില്‍ വിളവെടുപ്പ് സമയത്താണ് സകാത്ത് നല്‍കേണ്ടത്. അതിനാല്‍ ഒരു വര്‍ഷത്തില്‍ ഒന്നിലധികം തവണ സകാത്ത് നല്‍കേണ്ടിവരാം. പണത്തിന്റെ കണക്ക് നോക്കി വാര്‍ഷികാദായത്തിന് ഒരു തവണ സകാത്ത് നല്‍കിയാല്‍ മതി. നികുതിയും മറ്റും നല്‍കുന്നതിനോട് ഇതിനു സാദൃശ്യമുണ്ട്.
2. വളര്‍ച്ചക്ക് സാധ്യതയുള്ള എല്ലാ സമ്പത്തിനും സകാത്ത് നല്‍കണമെന്നതാണ് ഇസ്‌ലാമിന്റെ ചൈതന്യത്തിനു നിരക്കുന്ന അഭിപ്രായം. ചില സമ്പത്തിനെ സകാത്തില്‍ നിന്ന് ഒഴിവാക്കുന്നത് അതിന്റെ ഉടമകളോട് കാണിക്കുന്ന പക്ഷപാതമായിരിക്കും. ഒരാള്‍ കൈയിലുള്ള മൂന്നു ലക്ഷത്തിന് സകാത്ത് നല്‍കുമ്പോള്‍ 30 ലക്ഷത്തിന്റെ വരുമാനമുള്ള മറ്റൊരാള്‍ക്ക് ഒരു രൂപയും സകാത്ത് നിര്‍ബന്ധമില്ല എന്ന് പറയുന്നത് ഇസ്‌ലാമിക നീതിക്ക് എങ്ങനെ നിരക്കും? എല്ലാ കാര്‍ഷികോല്‍പന്നങ്ങള്‍ക്കും സകാത്തുണ്ട്. മേഞ്ഞു തിന്നുന്ന ആടുമാട് ഒട്ടകങ്ങള്‍ക്കും സകാത്തുണ്ട്. അതുപോലെ വന്‍തോതില്‍ ഉല്‍പാദിപ്പിക്കുന്നതോ ശേഖരിക്കുന്നതോ ആയ തേന്‍, പാല്‍, മത്സ്യം, ഉപ്പ്, പട്ടുനൂല്‍, പെട്രോള്‍, ഖനിജങ്ങള്‍ എന്നിവയെല്ലാം പ്രധാന വരുമാന സ്രോതസ്സുകളാണ്. അവക്കെല്ലാം കണക്ക് നോക്കി സകാത്ത് നല്‍കേണ്ടതാണ്.
3. ഉദ്യോഗം ഒരധ്വാനമാണ്. അതിലൂടെ ലഭിക്കുന്ന ശമ്പളത്തിനും, വിദഗ്ധരായ എഞ്ചിനീയര്‍, ഡോക്ടര്‍, വക്കീല്‍ മുതലായവരുടെ വരുമാനത്തിനും സകാത്ത് നല്‍കേണ്ടതാണ്. ഇങ്ങനെയുള്ള വരുമാനങ്ങള്‍ക്ക് ആദായ പരിധിയെത്തിയാല്‍ ഉടനെ സകാത്ത് നല്‍കണമെന്നാണ് പണ്ഡിതന്മാരില്‍ ഒരു വിഭാഗം പറയുന്നത്. പൂര്‍വികരുടെ പിന്‍ബലമുള്ള അഭിപ്രായം വാര്‍ഷികാദായത്തിനാണ് സകാത്ത് നല്‍കേണ്ടതെന്നാണ്. രണ്ടായാലും ഒരു തവണ നല്‍കിക്കഴിഞ്ഞാല്‍ ഒരു വര്‍ഷം വരെ വീണ്ടും നല്‍കേണ്ടതില്ല എന്നതില്‍ അഭിപ്രായന്തരമില്ല.
4. കച്ചവടത്തിന്റെ സകാത്ത് വില്‍പന വസ്തുക്കളും ലാഭവും ചേര്‍ത്ത് മൊത്തം സ്വത്ത് കണക്കിലെടുത്താണ്. സ്ഥാവര സ്വത്തുക്കള്‍ സകാത്തില്‍ നിന്നൊഴിവാണ്. ഷോപ്പിനും ഡെക്കറേഷനും അത് ബാധകമല്ല. വില്‍പനച്ചരക്കുകള്‍ക്ക് മാത്രമേ ബാധകമാകൂ എന്നര്‍ഥം. കച്ചവടക്കാരന്‍ വാര്‍ഷിക സ്റ്റോക്കെടുപ്പ് നടത്തി കൈയിരുപ്പുള്ള സംഖ്യയും ചേര്‍ത്ത് അതിന്റെ രണ്ടര ശതമാനമാണ് സകാത്ത് നല്‍കേണ്ടത്. ഇത് പൂര്‍വകാല പണ്ഡിതന്മാര്‍ ഏകോപിച്ച് അഭിപ്രായപ്പെട്ടതാണ്. കച്ചവടത്തിന്റെ ലാഭത്തിനു മാത്രം സകാത്ത് നല്‍കിയാല്‍ മതിയെന്ന അഭിപ്രായം സ്വീകാര്യമല്ല; പൂര്‍വികരുടെയോ ആധുനിക പണ്ഡിതന്മാരുടെയോ പിന്‍ബലമില്ലാത്ത വ്യക്തിഗത ചിന്തയാണത്. കച്ചവടത്തിന്റെ കണക്കെടുക്കുമ്പോള്‍ കൊടുക്കാനുള്ള കടം കിഴിക്കണം. കിട്ടാനുള്ള കടത്തില്‍ പ്രതീക്ഷയുള്ളത് മൂലധനത്തോട് ചേര്‍ക്കണം. കച്ചവടച്ചരക്കുകള്‍ക്ക് വില കെട്ടുമ്പോള്‍ മാര്‍ക്കറ്റ് വിലയാണ് നിശ്ചയിക്കേണ്ടതെന്നതാണ് പ്രബലമായ അഭിപ്രായം. സാധനം വാങ്ങുമ്പോള്‍ ഉയര്‍ന്ന വില നല്‍കിയിരുന്നുവെങ്കിലും സകാത്ത് നല്‍കുന്ന സമയത്ത് അന്നത്തെ വിലയാണ് കണക്കാക്കേണ്ടത്. വില ഉയര്‍ന്നാലും അങ്ങനെ തന്നെ.
5. വ്യവസായശാലകള്‍ക്ക് സകാത്ത് കണക്കാക്കുന്നതില്‍ രണ്ടഭിപ്രായമുണ്ട് പണ്ഡിതന്മാര്‍ക്ക്. സ്ഥാപനത്തിലെ യന്ത്രോപകരണങ്ങള്‍ക്ക് വില നിശ്ചയിച്ച് ഉല്‍പാദനത്തോട് ചേര്‍ക്കണമെന്നാണ് ഒരഭിപ്രായം. വരുമാനത്തിന് മാത്രമാണ് സകാത്ത് നല്‍കേണ്ടത് എന്നതാണ് പ്രബലമായ മറ്റൊരഭിപ്രായം. വ്യവസായശാലകളിലെ വരുമാനത്തിന് അഞ്ചു ശതമാനം നിരക്കില്‍ സകാത്ത് കണക്കാക്കണമെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാര്‍ കാണുന്നത്. എന്നാല്‍ പണമായി ലഭിക്കുന്ന വരുമാനങ്ങള്‍ക്ക് രണ്ടര ശതമാനം നിരക്ക് പൊതു തത്ത്വമാകയാല്‍ ഇവിടെയും അത് മതിയെന്നാണ് മറുപക്ഷം. ഈ അഭിപ്രായങ്ങള്‍ കെട്ടിടങ്ങളുടെ വാടകക്ക് സകാത്ത് നല്‍കുന്നേടത്തും കാണാം. ഭൂരിപക്ഷം അവസാനം പറഞ്ഞ അഭിപ്രായത്തെ പിന്തുണക്കുന്നവരാണ്. കെട്ടിടങ്ങള്‍ക്കും വ്യവസായശാലകള്‍ക്കും വലിയ സംഖ്യ മുടക്കേണ്ടതുണ്ട്. അറ്റകുറ്റപ്പണികള്‍ക്കായി ഒരു നല്ല സംഖ്യ ചെലവു വരും. വരുമാനം സ്ഥായിയാവണമെന്നില്ല. പത്തുവര്‍ഷം കഴിയുമ്പോള്‍ മുടക്കിയ സംഖ്യയുടെ വളരെ ചെറിയ ശതമാനമേ മൂല്യമായുണ്ടാവുകയുള്ളൂ തുടങ്ങിയ വസ്തുതകള്‍ ഈ നിരക്ക് ശരിയാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നു.
6. ഒരാള്‍ക്ക് ലഭിക്കാനുള്ള അവകാശം ഒന്നിച്ചു ലഭിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ അതിന് സകാത്ത് നല്‍കണമെന്നതാണ് പ്രാമാണികമായ അഭിപ്രായം. പ്രോവിഡന്റ് ഫണ്ട് ഉദാഹരണം. അനന്തരാവകാശമായി ലഭിക്കുന്ന സംഖ്യ വേറെ ഒരു ഉദാഹരണമാണ്. വാര്‍ഷിക അലവന്‍സായി ചില ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന സംഖ്യയും ഇതിനുദാഹരണമാണ്.
ശമ്പളത്തിനും ഒന്നിച്ചു ലഭിക്കുന്ന അവകാശത്തിനുമെല്ലാം സകാത്ത് നിര്‍ബന്ധമാണെന്നതിന് തെളിവായി സ്വഹാബികളുടെ ചര്യകളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഖലീഫ മുആവിയ(റ) ഉദ്യോഗസ്ഥരുടെ ശമ്പളം നല്‍കുമ്പോള്‍ സകാത്ത് വസൂലാക്കിയിരുന്നു. ഇത് നബി(സ)യുടെ ശിക്ഷണങ്ങള്‍ക്കനുസൃതമായിരുന്നു. സച്ചരിത ഖലീഫയായ ഉമറുബ്‌നു അബ്ദില്‍ അസീസും അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇതുപോലെ ചെയ്തു. ശമ്പളത്തില്‍ നിന്ന് സകാത്ത് വസൂലാക്കി. രാഷ്ട്രം അന്യായമായി പിടിച്ചെടുത്ത സ്വത്ത് തിരിച്ചുനല്‍കുക എന്നത് അദ്ദേഹത്തിന്റെ ഒരു പ്രധാന ഭരണപരിഷ്‌കരണമായിരുന്നു. ഈ സന്ദര്‍ഭത്തിലും അദ്ദേഹം സകാത്ത് വസൂലാക്കുമായിരുന്നു. പട്ടാളക്കാരുടെ ശമ്പളം, പാരിതോഷികങ്ങള്‍, ദാനങ്ങള്‍ മുതലായവയില്‍ നിന്നെല്ലാം അദ്ദേഹം സകാത്ത് വസൂലാക്കിയിരുന്നു. ഇതില്‍ ഒരു വര്‍ഷം കഴിഞ്ഞ് സകാത്ത് നല്‍കുക എന്ന സങ്കല്‍പം വരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
7. പണ്ടുകാലത്ത് വളരെ വിരളമായി നടന്നിരുന്ന കച്ചവടമാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്. വീടും ഭൂമിയും വില്‍പന നടത്തുന്നതിന്റെ പേരാണത്. ഇന്നത് ആഗോളതലത്തില്‍ വ്യാപകമായി നടന്നുവരുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ മേഖലകളില്‍ ഭവന നിര്‍മാണം, റോഡു നിര്‍മാണം മുതലായവ വര്‍ധിക്കുന്നതാണ് ഈ ബിസിനസ് പുരോഗമിക്കാന്‍ കാരണം.
കോടിക്കണക്കിന് രൂപ ഈ മേഖലയില്‍ കറങ്ങുന്നു. അതിനാല്‍ ലാഘവബുദ്ധിയോടെ ഭൂമി കച്ചവടത്തിന് സകാത്തില്ല എന്നു പറയുന്നത് ഇസ്‌ലാമിന്റെ സാമ്പത്തിക വ്യവസ്ഥയോട് നീതിപുലര്‍ത്തുന്ന അഭിപ്രായമല്ല. സാധാരണ കച്ചവടത്തിലിറക്കുന്നതിന്റെ എത്രയോ ഇരട്ടി പണം ഈ കച്ചവടത്തിലിറക്കുന്നു. സമൂഹത്തിന്റെ സമ്പത്തിലെ ഈ വലിയ വിഹിതത്തിന് സകാത്ത് വസൂലാക്കാതിരിക്കുന്നത് ന്യായമല്ല.
വര്‍ഷം തികയുമ്പോള്‍ കച്ചവടത്തിനായി വാങ്ങിയ ഭൂമിക്ക് വില നിശ്ചയിക്കുകയും രണ്ടര ശതമാനം നിരക്കില്‍ സകാത്ത് നല്‍കുകയും ചെയ്യണമെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇമാം മാലിക്(റ) വ്യത്യസ്തമായ ഒരഭിപ്രായമാണ് ഈ വിഷയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരാള്‍ ഭൂമി വില്‍ക്കാനുള്ള ഉദ്ദേശ്യത്തോടെ വാങ്ങി. മാര്‍ക്കറ്റ് വില ഉയരുമ്പോള്‍ വില്‍ക്കാമെന്ന് വെച്ചു. അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു. അപ്പോഴൊന്നും അയാള്‍ സകാത്ത് നല്‍കേണ്ടതില്ല. പ്രസ്തുത ഭൂമി വില്‍ക്കുമ്പോള്‍ രണ്ടര ശതമാനം നിരക്കില്‍ സകാത്ത് നല്‍കിയാല്‍ മതി. ന്യായമായ വില കിട്ടാത്തതുകൊണ്ടാണ് ഭൂമി വില്‍ക്കാതിരുന്നതെങ്കില്‍ ഈ പറയുന്ന അഭിപ്രായം പരിഗണിക്കേണ്ടതാണെന്ന് ചില ആധുനിക പണ്ഡിതന്മാര്‍ പറയുന്നു.
ഒരാള്‍ തന്റെ കൈവശമുള്ള ഭൂമിയോ കെട്ടിടമോ വില്‍ക്കുകയാണെങ്കില്‍ - അത് വില്‍ക്കാനുദ്ദേശിച്ചുള്ളതല്ലെങ്കിലും- ലഭിക്കുന്ന വരുമാനത്തിന് ഉടനെ സകാത്ത് നല്‍കണം. പൂര്‍വികരും ആധുനികരുമായ പണ്ഡിതന്മാരില്‍ പ്രബലമായ അഭിപ്രായമിതാണ്. ഇവിടെ ഒരു വര്‍ഷം കാത്തിരിക്കണമെന്ന അഭിപ്രായം ദുര്‍ബലമാണ്. അതുപോലെ തന്നെ വര്‍ഷത്തില്‍ പല തവണ ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്താല്‍ ഓരോ തവണയും സകാത്ത് നല്‍കണമെന്ന അഭിപ്രായമാണ് പ്രബലം.
8. ആധുനിക സാമ്പത്തിക ഇടപാടുകളില്‍ പ്രധാന പങ്കുവഹിക്കുന്ന ഓഹരി വിപണിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കുറിക്കാം. പ്രശ്‌നം പുതിയതാകയാല്‍ പൗരാണിക പണ്ഡിതന്മാരുടെ അഭിപ്രായം ഈ വിഷയത്തില്‍ കാണില്ല. ആധുനിക പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ഓഹരി ഏതുതരം സാമ്പത്തിക ഇടപാടുകളുമായാണ് ബന്ധിച്ചിരിക്കുന്നതെന്ന് പരിശോധിക്കണം. ഉല്‍പാദനമേഖലയിലുള്ള സ്ഥാപനത്തിന്റെ ഓഹരിയാണെങ്കില്‍ ഓഹരിക്ക് സകാത്ത് നല്‍കേണ്ടതില്ല. വരുമാനം ഓഹരി ഉടമകള്‍ക്കിടയില്‍ വിഭജിക്കുമ്പോള്‍ സകാത്ത് നല്‍കിയാല്‍ മതി. അത് സാധാരണ നിരക്കില്‍ (രണ്ടര ശതമാനം) നല്‍കുകയാണ് വേണ്ടത് എന്നതാണ് ഒരഭിപ്രായം. കച്ചവട സ്ഥാപനത്തിന്റെ ഓഹരിയാണെങ്കില്‍ അതിന് രണ്ടര ശതമാനം സകാത്ത് നല്‍കണമെന്നും ഈ അഭിപ്രായക്കാര്‍ പറയുന്നു.
ഇവിടെ രണ്ടു വിഭാഗം ആളുകള്‍ രണ്ടിനം ഓഹരികളില്‍ പണം മുടക്കുമ്പോള്‍ ഒരു വിഭാഗത്തിന് സകാത്ത് ബാധ്യത ഒട്ടും ഇല്ലാതിരിക്കുകയും മറുഭാഗത്തിന് ബാധ്യതയുണ്ടാവുകയും ചെയ്യുന്ന വൈരുധ്യമുണ്ട്. വ്യവസായശാലകളുടെ ഓഹരികളെ വ്യക്തിയുടെ സ്വത്തുപോലെ കാണാം. ഇവയുടെ ഓഹരിയില്‍നിന്നല്ല, വരുമാനത്തില്‍നിന്നാണ് സകാത്ത് വസൂലാക്കേണ്ടത്. അത് കാര്‍ഷിക വരുമാനം പോലെ പത്തു ശതമാനം നിരക്കിലായിരിക്കണം. ലാഭം ആപേക്ഷികമായി ചെറിയ സംഖ്യയായിരിക്കും. അതിനാല്‍ നിരക്ക് കൂട്ടണം. കുറെ കൂടി ലളിതമായ മറ്റൊരു വീക്ഷണമിതാ: ഓഹരികളെ വ്യാപാര വസ്തുക്കളെപ്പോലെ കണക്കാക്കുക. അവക്ക് വര്‍ഷാവസാനം വില കെട്ടുക (ഓഹരിയുടെ വില സ്ഥാപനം പ്രസിദ്ധീകരിക്കും). അതിന് രണ്ടര ശതമാനം നിരക്കില്‍ സകാത്ത് നല്‍കുക. ഇവിടെ വ്യവസായ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും തമ്മില്‍ വ്യത്യാസം കാണേണ്ടതില്ല. ഈ രീതിയാണ് വ്യക്തികള്‍ക്ക് സ്വീകരിക്കാന്‍ സൗകര്യം.
ഓഹരി വിപണിയുമായി ബന്ധപ്പെട്ട മറ്റൊരിടപാട് ബോണ്ടുകളുടേതാണ്. ഇവയുടെ മൂല്യം കണക്കാക്കി രണ്ടര ശതമാനം നിരക്കില്‍ സകാത്ത് നല്‍കണമെന്നതാണ് പ്രബലമായ അഭിപ്രായം. ബോണ്ട് സ്ഥാപനത്തിന്റെ കടപ്പത്രമാണ്, അതിനാല്‍ സകാത്ത് നല്‍കേണ്ടതില്ല എന്ന വീക്ഷണക്കാരുണ്ട്. ബോണ്ടിന് പലിശ കണക്കാക്കി കൊടുക്കുന്നതിനാല്‍ ബോണ്ടെടുക്കുന്നത് ഇസ്‌ലാമികമായി നിഷിദ്ധമാണ്. പക്ഷേ, ബോണ്ടിന്റെ മൂല്യത്തിന് സകാത്ത് ബാധകമല്ലെന്ന് വരുന്നില്ല. സര്‍ക്കാറിന്റെ ഫണ്ടുകളിലുള്ള പങ്കാളിത്തത്തിനും മ്യൂച്ചല്‍ ഫണ്ട് പോലുള്ള ഇടപാടുകള്‍ക്കും ഇതുപോലെ കണക്ക് നോക്കി വര്‍ഷത്തിലൊരിക്കല്‍ സകാത്ത് നല്‍കേണ്ടതാണ്.
ഇത്തരം ഇടപാടുകളിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന സഹോദരന്മാര്‍ അവയുടെ മതവിധിയെക്കുറിച്ച് വ്യക്തമായി ഗ്രഹിച്ച ശേഷമാണ് അവയില്‍ പണമിറക്കേണ്ടത്. വരുമാനം അനുവദനീയമായിരിക്കണം. വിനിമയവും അനുവദനീയമായിരിക്കണം. സകാത്ത് നല്‍കുന്നതോടെ നമ്മുടെ സമ്പത്ത് പരിശുദ്ധമാകുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും ബറകത്തുമുള്ള ചെറിയ സമ്പാദ്യം ബറകത്തില്ലാത്ത വലിയ സമ്പത്തിനേക്കാള്‍ എത്രയോ ഉത്തമവും പ്രയോജനകരവുമാണ്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍