Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 11

ചെകുത്താന്റെ അടിമകള്‍

നമ്മുടെ- മനുഷ്യരുടെ ആജന്മ ശത്രുവാണ് ചെകുത്താന്‍. അല്ലാഹു നമ്മെ, ജ്ഞാനാര്‍ജനയോഗ്യതയരുളി മലക്കുകളുടെ പ്രണാമത്തിനര്‍ഹരാക്കി ആദരിച്ചതാണ് ഇബ്ലീസിന്റെ മര്‍ത്യ വിദ്വേഷത്തിന് നിമിത്തമായതെന്ന് ഖുര്‍ആന്‍ പറയുന്നു. ആദി പിതാവ് ആദമിന് പ്രണാമം ചെയ്യാന്‍ അവന്‍ വിസമ്മതിച്ചു. മണ്ണിനാല്‍ സൃഷ്ടിക്കപ്പെട്ട ആദമിനെ അഗ്നിയാല്‍ സൃഷ്ടിക്കപ്പെട്ട താന്‍ നമസ്കരിക്കുകയോ എന്നഹങ്കരിക്കുകയായിരുന്നു ഇബ്ലീസ്. 'സ്വര്‍ഗത്തില്‍ അഹങ്കാരികള്‍ക്കിടമില്ല, നീ പുറത്തുപോവുക' അല്ലാഹു കല്‍പിച്ചു. ഇബ്ലീസ് വീരവാദം മുഴക്കി: 'നീ എന്നെക്കാള്‍ ആദരിച്ച ആദം അതിനര്‍ഹനാണെന്നോ?! എനിക്ക് ഉയിര്‍ത്തെഴുന്നേല്‍പു നാള്‍ വരെ അവസരം തരികയാണെങ്കില്‍ തുഛം പേരൊഴിച്ച് അവന്റെ വംശത്തെ മുഴുക്കെ ആ പദവിയില്‍നിന്ന് ഞാന്‍ പിഴുതെറിയും.' മോഹന വാഗ്ദാനങ്ങളും വ്യാമോഹങ്ങളും പ്രലോഭനങ്ങളും ആര്‍ത്തിയും ആസക്തിയുമൊക്കെയാണ് അവന്‍ കണ്ടുവെച്ച ആയുധങ്ങള്‍. തന്റെ തന്ത്രങ്ങളെല്ലാം യഥേഷ്ടം പ്രയോഗിക്കാന്‍ ഇബ്ലീസിന് അനുമതി കൊടുത്തുകൊണ്ട് അല്ലാഹു പറഞ്ഞു: 'ബോധപൂര്‍വം എന്റെ അടിമകളായി വര്‍ത്തിക്കുന്നവരെ നിനക്ക് സ്വാധീനിക്കാനാവില്ല. നിന്നെ പിന്തുടരുന്ന മനുഷ്യര്‍ നിന്നോടൊപ്പം നരകാവകാശികളാകുന്നു.' നമ്മെ അല്ലാഹുവിന്റെ അടിമത്തത്തില്‍നിന്ന് തന്റെ അടിമത്തത്തിലേക്ക് വ്യതിചലിപ്പിക്കാന്‍ അന്നു മുതല്‍ പ്രതിജ്ഞാബദ്ധനാണ് ചെകുത്താന്‍. ആദി പിതാവിനെ പോലും പിഴപ്പിക്കുന്നതില്‍ ഒരുവേള അവന്‍ വിജയിച്ചു. ആദം സന്തതികളില്‍ ഭൂരിപക്ഷം എന്നും അവനു വിധേയരാകുന്നു.
ഖുര്‍ആന്‍ പല ശൈലികളിലായി പലവട്ടം ആവര്‍ത്തിച്ചിട്ടുള്ളതാണ് ഈ കഥ. അപ്പോഴൊക്കെ ചെകുത്താന്‍ മനുഷ്യന്റെ ബദ്ധവൈരിയാണെന്ന് പ്രത്യേകം ഉണര്‍ത്തുന്നുമുണ്ട്. സൃഷ്ടികഥ ആവര്‍ത്തിക്കുന്നതിന്റെ മുഖ്യ ഉദ്ദേശ്യം തന്നെ ചെകുത്താന്റെ ശത്രുത മനുഷ്യരെ ഗൌരവപൂര്‍വം ബോധ്യപ്പെടുത്തുകയാണ്. ചെകുത്താന്‍ നമുക്കദൃശ്യനാണ്. പക്ഷേ, നമ്മുടെ പ്രകൃതിയില്‍ നിലീനമായ ധര്‍മബോധത്തെ തമസ്കരിക്കുകയും അധര്‍മങ്ങള്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു വിപരീത ഭാവമായി ചെകുത്താന്‍ നമ്മുടെ സ്വഭാവ ചര്യകളില്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് നമുക്കറിയാം. അല്ലാഹു അതേപ്പറ്റി പറയുന്നു: "ആദം സന്തതികളേ, ചെകുത്താന്‍ നിങ്ങളെ വിപത്തിലകപ്പെടുത്താതിരിക്കട്ടെ; അവന്‍ നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കുകയും പരസ്പരം നഗ്നത വെളിപ്പെടുത്താന്‍ വസ്ത്രം ഊരിക്കളയുകയും ചെയ്ത പോലെ. അവനും കൂട്ടരും നിങ്ങള്‍ അവരെ കാണാത്ത വിധം നിങ്ങളെ കാണുന്നുണ്ട്. ഈ ചെകുത്താന്മാരെ നാം സത്യധര്‍മങ്ങളംഗീകരിക്കാത്തവരുടെ മിത്രങ്ങളാക്കിയിരിക്കുന്നു'' (7:27). അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍നിന്ന് മനുഷ്യനെ വിലക്കുന്ന ഏറ്റം പ്രബലമായ ശക്തിയാണ് ചെകുത്താന്‍. നമുക്കദൃശ്യനാണെങ്കിലും നമ്മുടെയൊക്കെ ഉള്ളില്‍ തന്നെയാണവന്‍ വസിക്കുന്നത്. മനുഷ്യന്റെ സിരകളില്‍ രക്തമെന്നോണം ചെകുത്താനും സഞ്ചരിക്കുന്നുവെന്ന് ഒരു തിരുവചനമുണ്ട്.
അല്ലാഹുവിന്റെ അടിമത്തത്തില്‍ നിന്ന് മുക്തനാകുന്ന മനുഷ്യന്‍ പിന്നെ അനിവാര്യമായും ചെകുത്താന്റെ അടിമയായിത്തീരുന്നു. ചെകുത്താന്‍ എന്നറിഞ്ഞുകൊണ്ട് ആരും ചെകുത്താന്റെ അടിമകളോ ആജ്ഞാനുവര്‍ത്തികളോ ആകുന്നില്ല. ചെകുത്താന്‍ എപ്പോഴും നമ്മെ സമീപിക്കുന്നത് പ്രഛന്ന വേഷത്തിലാണ്. മിത്രത്തിന്റെ, രക്ഷകന്റെ, ഗുരുവിന്റെ, പുണ്യവാളന്റെ, നേതാവിന്റെ, ഗുണകാംക്ഷിയുടെ, പ്രേമഭാജനത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ ഒക്കെ വേഷത്തില്‍. അവന്‍ നമ്മുടെ ആദിപിതാവിനെ ചതിച്ചത് എത്ര സമര്‍ഥമായിട്ടാണെന്ന് ഖുര്‍ആന്‍ വിശദമാക്കുന്നുണ്ട്. നിഷ്കളങ്ക ഗുണകാംക്ഷിയായിട്ടായിരുന്നു ആദം ഹവ്വമാരെ അവന്‍ സമീപിച്ചത്. "ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷിയെന്ന് അവന്‍ ആണയിട്ടു. അങ്ങനെ അവരെ മോഹിപ്പിച്ചു പാട്ടിലാക്കി'' (7:21). ഈ തന്ത്രം തന്നെയാണ് ചെകുത്താന്‍ ഇന്നും പയറ്റിക്കൊണ്ടിരിക്കുന്നത്. അല്ലാഹുവിനെതിരെ ആരോപിക്കപ്പെടുന്നതും അനുസരിക്കപ്പെടുന്നതും പ്രത്യക്ഷത്തില്‍ വിഗ്രഹമായാലും ആള്‍ദൈവമായാലും മണ്‍മറഞ്ഞ പുണ്യപുരുഷന്മാരായാലും നേതാവായാലും പാര്‍ട്ടിയായാലും പ്രത്യയശാസ്ത്രമായാലും യഥാര്‍ഥത്തില്‍ ആരാധിക്കപ്പെടുന്നത് ചെകുത്താനാണ്. വിവേകപൂര്‍വം ധര്‍മവിചാരം നടത്തുന്നവര്‍ക്കേ അവനവന്റെ ഉള്ളിലുള്ള ചെകുത്താനെ കണ്ടെത്താനും നിയന്ത്രിക്കാനും കഴിയൂ. അതുകൊണ്ടാണ് ചെകുത്താന്റെ അടിമത്തത്തിലകപ്പെട്ടുപോകരുതെന്ന് അല്ലാഹു പ്രകൃതിയിലൂടെയും പ്രവാചകന്മാരിലൂടെയും വേദങ്ങളിലൂടെയും അടിക്കടി ഓര്‍മിപ്പിക്കുന്നത്. ഈ ഓര്‍മപ്പെടുത്തലുകളെക്കുറിച്ച് അന്ത്യനാളില്‍ അവന്‍ ചോദിക്കും: "ആദം സന്തതികളേ, ചെകുത്താന് അടിമപ്പെട്ടുകൂടെന്നും അവന്‍ നിങ്ങളുടെ ബദ്ധവിരോധിയാണെന്നും, എനിക്കു മാത്രമേ അടിമപ്പെടാവൂ എന്നും ഞാന്‍ നിങ്ങളെ ഉപദേശിച്ചിരുന്നില്ലെയോ? എന്നിട്ടും നിങ്ങളില്‍ വലിയൊരു വിഭാഗത്തെ അവന്‍ പിഴപ്പിച്ചു കളഞ്ഞുവല്ലോ'' (36:60-62).
ചെകുത്താന്റെ പിടുത്തത്തില്‍നിന്ന് പൂര്‍ണമായി രക്ഷപ്പെടാനുള്ള മാര്‍ഗം അല്ലാഹുവിന് പൂര്‍ണമായി സമര്‍പ്പിക്കുകയാണ്. "അല്ലയോ സത്യവിശ്വാസികളേ, ഇസ്ലാമില്‍ -അല്ലാഹുവിനുള്ള സമര്‍പ്പണത്തില്‍- സമ്പൂര്‍ണമായി പ്രവേശിക്കുവിന്‍. ചെകുത്താന്റെ കാല്‍പാടുകള്‍ പിന്തുടരാതിരിക്കുവിന്‍. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ തെളിഞ്ഞ ശത്രുവാകുന്നു'' (2:208). ചെകുത്താന്‍ എത്രത്തോളം നമ്മെ സ്വാധീനിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാനുള്ള ഒരു മാനദണ്ഡമാണ് ഫഖീഹ് അബുല്ലൈസ് സമര്‍ഖന്ദി ഉദ്ധരിച്ച ഈ നിവേദനം: "ഒരിക്കല്‍ അല്ലാഹു ചെകുത്താനോട് കല്‍പിച്ചു: നീ അന്ത്യപ്രവാചകന്റെ അടുത്ത് ചെന്ന് അദ്ദേഹം ചോദിക്കുന്നതിനെല്ലാം മറുപടി പറയണം. അതനുസരിച്ച് ചെകുത്താന്‍ ഒരു വൃദ്ധന്റെ വേഷത്തില്‍ പ്രവാചകനെ സമീപിച്ചു. നിങ്ങളാരാണ്? തിരുമേനി അന്വേഷിച്ചു. നിങ്ങളുടെ അടുത്തുവന്ന് നിങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ അല്ലാഹു നിയോഗിച്ചതാണെന്ന് ചെകുത്താന്‍ അറിയിച്ചു. തിരുമേനി ചെകുത്താനോട് ചോദിച്ച ചോദ്യങ്ങളില്‍ ഒന്ന് ഇതായിരുന്നു: എന്റെ ഉമ്മത്തില്‍ ഏതു തരത്തിലുള്ളവരാണ് നിന്റെ മിത്രങ്ങളാവുക? ചെകുത്താന്റെ മറുപടി: താങ്കളുടെ ഉമ്മത്തിലെ പത്തു കൂട്ടരാണ് എന്റെ ഉറ്റ മിത്രങ്ങളാവുക. അക്രമിയായ ഭരണാധികാരി, അഹങ്കാരിയായ ധനാഢ്യന്‍, ചതിയനായ വ്യാപാരി, മദ്യപാനി, വ്യക്തിബന്ധങ്ങള്‍ ശിഥിലമാക്കുന്ന ഏഷണിക്കാരന്‍, അതിമോഹവും അത്യാഗ്രഹവും പുലര്‍ത്തുന്നവന്‍, മുഷിപ്പോടെ നമസ്കരിക്കുന്നവന്‍, വ്യഭിചാരി, സകാത്ത് കൊടുക്കാത്തവന്‍, അനാഥകളുടെ മുതല്‍ അന്യായമായി ഭുജിക്കുന്നവന്‍.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍