മ്യാന്‍മറും ലോക സമൂഹവും
എം.വി മുഹമ്മദ് സലീംമ്യാന്‍മറിലെ മുസ്‌ലിംകള്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി ക്രൂരമായ നരനായാട്ടിനു വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത എല്ലാവരും ഒരുപോലെ അവഗണിക്കുകയാണ്. അന്താരാഷ്ട്ര സംഘടനകളൊന്നും ഇതിനെ കുറിച്ച് പ്രതികരിക്കുന്നില്ല. ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മാത്രമാണ് ഉയര്‍ന്നത്. അതിലൊന്നായിരുന്നു, ഒ.ഐ.സി ജനറല്‍ സെക്രട്ടറിയുടെ ശബ്ദം. മനുഷ്യഹത്യ നിര്‍ത്തണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനത്തിനും പ്രതികരണമുണ്ടായില്ല. ആ ജനതയുടെ ദുരിതങ്ങള്‍ക്ക് മുന്നില്‍ എല്ലാവരും കേവലം പ്രേക്ഷകരായി മാറുന്ന കാഴ്ചയാണ്.
മ്യാന്‍മറിലെ ദുരിതങ്ങള്‍ പുതിയതല്ല. 1948-ല്‍ സ്വതന്ത്രമായതു മുതല്‍ അറാക്കാന്‍ പ്രവിശ്യയില്‍ വസിക്കുന്ന റോഹിങ്ക്യ മുസ്‌ലിംകളെ ബര്‍മയുടെ ഭരണഘടന അംഗീകരിച്ചിട്ടില്ല. അവരുടെ പ്രപിതാക്കള്‍ അന്നാട്ടുകാരല്ല എന്നതാണ് കാരണം. അന്നുമുതല്‍ ഭരണകൂടമോ, ഭൂരിപക്ഷം വരുന്ന ബുദ്ധമതക്കാരോ അവരെ പൗരന്മാരായി പരിഗണിച്ചിട്ടില്ല. ഇക്കാലമത്രയും പീഡനങ്ങള്‍ക്കും ഉന്മൂലനത്തിനും ആട്ടിയോടിക്കല്‍ ഭീഷണിക്കും വിധേയരായി അവര്‍ ജീവിച്ചു. കൃത്യമായി പറഞ്ഞാല്‍, 1962-ല്‍ അധികാരമേറ്റെടുത്ത സൈനിക ഭരണകൂടം ഒരു വംശീയ ഉന്മൂലനത്തിനാണ് ശ്രമിച്ചത്. അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പല ഘട്ടങ്ങളിലായി ലക്ഷക്കണക്കിന് പേരെയാണ് ആട്ടിയോടിച്ചത്. ഈ നടപടികള്‍ തീവ്ര ബുദ്ധമതക്കാരായ ആളുകള്‍ക്ക് മുസ്‌ലിംകളുടെ മേല്‍ അതിക്രമം കാണിക്കാനും അവരുടെ സമ്പത്ത് കൊള്ളയടിക്കാനും അവരുടെ വീടുകളും കൃഷിയിടങ്ങളും തീയിട്ടു നശിപ്പിക്കാനും പ്രചോദനമായി.
ബര്‍മ സ്വതന്ത്രമായത് മുതലേ റോഹിങ്ക്യ മുസ്‌ലിംകള്‍ യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസവും സര്‍ക്കാരുദ്യോഗവും തടയപ്പെട്ടവരാണ്. ഒരു ഗ്രാമത്തില്‍ നിന്ന് മറ്റൊരു ഗ്രാമത്തിലേക്കുള്ള യാത്രയും പുറത്തേക്കുള്ള യാത്രയും - അത് ഹജ്ജിനാണെങ്കില്‍ പോലും- വിലക്കപ്പെട്ടവരാണവര്‍. രാജ്യത്തിന്റെ തലസ്ഥാനമായ റണ്‍ഗൂണിലേക്ക് അവര്‍ക്ക് പ്രവേശനമില്ല. പക്ഷേ, ക്ലേശകരമായ ജോലികള്‍ ചെയ്യുന്നതിനായി സൈന്യത്തിന് അവര്‍ വേണ്ടപ്പെട്ടവരാണ്. വഴിവെട്ടുക, നദികള്‍ക്ക് കുറുകെ പാലം പണിയുക തുടങ്ങിയ കഠിനാധ്വാനം ആവശ്യമുള്ള ജോലികളൊക്കെ ചെയ്യേണ്ടത് അവരാണ്. അവരിലെ കച്ചവടക്കാര്‍ക്കു മേല്‍ വലിയ നികുതിയാണ് അടിച്ചേല്‍പിക്കുന്നത്. കര്‍ഷകര്‍ അവരുടെ കാര്‍ഷികോല്‍പന്നങ്ങള്‍ സൈന്യത്തിനു തന്നെ വില്‍ക്കണം. ഈ നിയമങ്ങള്‍ തെറ്റിച്ചാല്‍ കാരാഗൃഹം ഉറപ്പ്. ശിക്ഷ പലപ്പോഴും വധശിക്ഷ തന്നെ.
തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ എന്ന ഒറ്റക്കാരണത്താല്‍ പീഡിപ്പിക്കപ്പെടേണ്ടവരും അപഹസിക്കപ്പെടേണ്ടവരുമാണ് മുസ്‌ലിംകള്‍ എന്നതാണ് അവിടത്തെ പൊതുധാരണ. അവരിലാരെങ്കിലും എന്തെങ്കിലും തെറ്റു ചെയ്താല്‍ ആ സമൂഹമൊന്നടങ്കം ശിക്ഷിക്കപ്പെടണം എന്നാണ് വെപ്പ്. കഴിഞ്ഞ മെയ് മാസത്തില്‍ ഒരു റോഹിങ്ക്യ യുവാവും ബുദ്ധ സ്ത്രീയും തമ്മിലുള്ള പ്രണയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിഷയങ്ങളാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. പോലീസ് 3 മുസ്‌ലിം യുവാക്കളെ പ്രതിചേര്‍ത്തു. അതോടെ, ബുദ്ധ വര്‍ഗീയവാദികള്‍ റോഹിങ്ക്യ മുസ്‌ലിംകളുടെ വീടുകള്‍ ആക്രമിച്ച് നൂറോളം പേരെ കൊലപ്പെടുത്തി. ക്രമസമാധാന പാലകര്‍ വ്യാപകമായി അറസ്റ്റ് ചെയ്യാനും വീടുകള്‍ തകര്‍ക്കാനും തുടങ്ങി എന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. റോഹിങ്ക്യക്കാരില്‍ ഒരു വിഭാഗം ചെറുത്തു നിന്നപ്പോള്‍ മീഡിയ അവരെ തീവ്രവാദികളും രാജ്യ ദ്രോഹികളുമായി മുദ്രകുത്തി. അക്രമം തടയാനെന്ന പേരില്‍ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിര്‍ത്തി കാക്കുന്ന സൈനികര്‍ വീടുകള്‍ക്ക് തീയിട്ടു. ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചവരെ വധിച്ചു. പ്രശ്‌ന പരിഹാരത്തിനായി മ്യാന്‍മര്‍ ഭരണകൂടം റോഹിങ്ക്യക്കാരെ മുഴുവന്‍ ആട്ടിയോടിക്കുക എന്ന നിര്‍ദേശമാണ് മുന്നോട്ടു വെച്ചത്. യു.എന്നിന്റെ മേല്‍നോട്ടത്തില്‍ അവരെ മറ്റൊരിടത്ത് പാര്‍പ്പിക്കുക എന്ന മറ്റൊരു നിര്‍ദേശം യു.എന്‍ നിരസിച്ചു.
സ്ത്രീയെന്നോ കുട്ടിയെന്നോ വൃദ്ധനെന്നോ വ്യത്യാസമില്ലാതെ മ്യാന്‍മറിലെ മുസ്‌ലിംകളനുഭവിക്കുന്ന പീഡനങ്ങളുടെയും അടിച്ചമര്‍ത്തലിന്റെയും ദൃശ്യങ്ങള്‍ മീഡിയ പകര്‍ത്തുകയുണ്ടായി. തകര്‍ന്ന വീടുകളുടെയും വികൃതമാക്കപ്പെട്ട മൃതദേഹങ്ങളുടെയും ബലാല്‍സംഗത്തിനിരയാക്കപ്പെട്ട സ്ത്രീകളുടെയും ചിത്രങ്ങളും യൂട്യൂബിലൂടെ പ്രചരിക്കുന്നുണ്ട്. അന്താരാഷ്ട്ര സംഘടനകളും വന്‍ശക്തി രാജ്യങ്ങളും വലിയ മൗനത്തോടെയും അവഗണനയോെടയുമാണ് ഈ വാര്‍ത്തയെ സ്വീകരിച്ചത്.
കഴിഞ്ഞ വാരത്തില്‍ അമേരിക്കയിലെ കൊളറാഡോ സ്റ്റേറ്റിലെ ഒരു തിയറ്ററിലുണ്ടായ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെടുകയുണ്ടായി. 50 പേര്‍ക്ക് പരിക്കേറ്റു. വാര്‍ത്ത ലോകം മുഴുവന്‍ പ്രചരിച്ചു. ന്യൂസ് ഏജന്‍സികള്‍ വാര്‍ത്തയുടെ വിശദാംശങ്ങളടക്കം തുടര്‍ച്ചയായി മൂന്ന് ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസത്തിലധികമായി മ്യാന്‍മറില്‍ നടക്കുന്ന കൂട്ടക്കുരുതിയെ കുറിച്ച് മീഡിയ ഒരു മിണ്ടാട്ടവുമില്ല.
ഈ വിഷയത്തില്‍, അന്താരാഷ്ട്ര സംഘടനകളുടെ പക്ഷപാതിത്വത്തില്‍ അത്ഭുതപ്പെടാനില്ല. അത് സ്വാഭാവികം മാത്രം. ഇസ്‌ലാമിക രാജ്യങ്ങളുടെ മൗനമാണ് എന്നെ അസ്വസ്ഥനാക്കുന്നത്. മുസ്‌ലിം സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു ശബ്ദം പോലും ഉയരുന്നില്ല. ഇസ്‌ലാമിക ലോകത്തെ ഏറ്റവും വലിയ മതസ്ഥാപനമായ ഈജിപ്തിലെ അല്‍- അസ്ഹറിന്റെ മൗനവും എന്നെ അസ്വസ്ഥനാക്കുന്നു. പ്രതിഷേധത്തിന്റെ ശബ്ദം അവിടെ നിന്നും കേള്‍ക്കുന്നില്ല. അവരും പ്രേക്ഷകരുടെ കൂടെ ചേര്‍ന്നിരിക്കുകയാണ്.
ഈജിപ്തിന്റെ ഉള്ളില്‍ പരിമിതപ്പെട്ട് പുറത്തുള്ള മുസ്‌ലിം ലോകത്തിന്റെ വിഷയങ്ങള്‍ അവഗണിക്കുന്ന തലത്തില്‍ അസ്ഹര്‍ ചുരുങ്ങുന്നതിനെ ഞാന്‍ ഭയപ്പെടുന്നു. അങ്ങനെ സംഭവിച്ചാല്‍, ഇസ്‌ലാമിക ലോകത്തിന്റെ മിനാരമെന്ന് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അറിയപ്പെട്ട അസ്ഹറിന് ആ സ്ഥാനം നഷ്ടമാവും. അസ്ഹര്‍ അപ്രത്യക്ഷമാകുന്ന ഇത്തരം മേഖലകളില്‍ കത്തോലിക്കന്‍ ചാരിറ്റി സംഘടനകള്‍ വളരെ വേഗത്തില്‍ സാന്നിധ്യമറിയിച്ച് അവരുടെ ലക്ഷ്യങ്ങള്‍ക്കായി മുന്നേറുന്നു എന്നു പറയാന്‍ തന്നെ ലജ്ജ തോന്നുന്നു.
വിവ: നാജി ദോഹ
[email protected]
Comments