റോഹിങ്ക്യ: കൊള്ളയടിക്കും മനുഷ്യാവകാശങ്ങള്‍ക്കുമിടയിലെ ചോദ്യചിഹ്നം
മ്യാന്‍മറിലെ റോഹിങ്ക്യ മുസ്‌ലിംകള്‍ക്കു നേരെ നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ പൊടുന്നനെ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തുന്ന, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ വ്യാപകമായി പ്രചരിക്കുന്ന ഇപ്പോഴത്തെ സാഹചര്യം ഒരേസമയം പ്രസക്തവും എന്നാല്‍ അതിനേക്കാളേറെ താല്‍പര്യ ജഢിലവുമാണ്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളോ നൂറ്റാണ്ടുകളോ ആയി ബര്‍മയെന്ന പേരില്‍ നമുക്കു പരിചിതമായ രാജ്യത്ത് റോഹിങ്ക്യ മുസ്‌ലിംകള്‍ക്കു നേരെ ഏതാണ്ട് വംശഹത്യയോളമെത്തിയ അക്രമങ്ങള്‍ പതിവായിരുന്നു. പക്ഷേ മ്യാന്‍മര്‍ പട്ടാളജണ്ടയില്‍ നിന്ന് ജനാധിപത്യത്തിലേക്കു വഴിമാറിയ ഇക്കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലാണ് ആക്രമണങ്ങള്‍ കൂടുതല്‍ ആസൂത്രിതവും കിരാതവുമായി മാറിയത്.
വിശുദ്ധ റമദാന്‍ മാസത്തില്‍ പള്ളികള്‍ അടപ്പിക്കുന്നതും വീടുകള്‍ തീയിടുന്നതും സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുന്നതും പലായനം ചെയ്യാന്‍ ശ്രമിക്കുന്നവരെ കടലില്‍ പോലും പിന്തുടര്‍ന്ന് ബോംബിട്ട് കൊല്ലുന്നതുമൊക്കെ ബുദ്ധമത വിശ്വാസികളും ഭരണകൂടവും ഒത്തുചേര്‍ന്നുള്ള സംഘടിത നീക്കങ്ങളുടെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്‍മറിലെ അരാക്കന്‍ പ്രവിശ്യ കേന്ദ്രീകരിച്ച് നടക്കുന്ന ഈ അക്രമങ്ങളില്‍ നൂറു പേര്‍ കൊല്ലപ്പെട്ടതായും 20,000 പേര്‍ ഭവനരഹിതരായെന്നുമാണ് ഇതെഴുതുമ്പോഴുള്ള ഔദ്യോഗിക സ്ഥിരീകരണം. പക്ഷേ 650 പേരെങ്കിലും കൊല്ലപ്പെടുകയും 1200 പേരെ കാണാതാവുകയും 2,20,000 പേര്‍ വീടുവിട്ടോടി പോവുകയും ചെയ്തിട്ടുണ്ടെന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളിലുള്ളത്.
റോഹിങ്ക്യ മുസ്‌ലിംകളുടെ കൂട്ടക്കൊലയും പലായനവും ആഗോളതലത്തില്‍ വാര്‍ത്തയാകുന്നുണ്ടെങ്കിലും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഇത്തരം നീക്കങ്ങളുടെ പിന്നില്‍ പൊതുവെ പ്രത്യക്ഷപ്പെടാറുള്ള അമേരിക്കയും അതിന്റെ സില്‍ബന്തി രാജ്യങ്ങളും ഈ കുറുമുന്നണിയുടെ താളത്തിനൊത്ത് തുള്ളാറുള്ള ഐക്യരാഷ്ട്രസഭയും അര്‍ഥഗര്‍ഭമായ നിശ്ശബ്ദതയാണ് പാലിക്കുന്നത്. അമേരിക്കയുമായി മ്യാന്‍മര്‍ പട്ടാളമേധാവി തൈന്‍ സൈന്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രം വീട്ടു തടങ്കലില്‍ നിന്നും മോചിതയായ ആംഗ്‌സാന്‍ സൂചി ആഗോള സമാധാനത്തിന്റെ മേഖലയിലെ അറിയപ്പെടുന്ന പ്രതീകമാണെങ്കിലും റോഹിങ്ക്യകള്‍ തന്റെ രാജ്യത്തെ പൗരന്മാരാണോ അല്ലേ എന്ന കാര്യം വ്യക്തമല്ലെന്നാണ് പ്രതികരിച്ചത്. രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അഞ്ച് ശതമാനം വോട്ട് അടുത്ത തെരഞ്ഞെടുപ്പില്‍ തനിക്ക് കിട്ടിയില്ലെങ്കിലും പട്ടാളത്തെയും അമേരിക്കയെയും ബുദ്ധമതക്കാരെയും പിണക്കാതിരിക്കാനാണ് നോബേല്‍ സമാധാന ജേതാവ് ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്. ഇതേ സൂചി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണുമായി അമേരിക്കയില്‍ കൂടിക്കാഴ്ച നടത്തി നാട്ടിലെത്തിയതിനു ശേഷം പങ്കെടുത്ത ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രമാദമായ മറ്റൊരു വിഷയത്തില്‍ വായ തുറക്കുകയും ചെയ്തു. മ്യാന്‍മറിലെ വംശീയ ന്യൂനപക്ഷത്തിന്റെ ജീവിത സുരക്ഷ ഉറപ്പു വരുത്താനായി ഗവണ്‍മെന്റ് നിയമം നിര്‍മിക്കണമെന്നാണ് സൂചി ആവശ്യപ്പെട്ടത്. ആഗോളസമൂഹം അമിതമായി പ്രതീക്ഷയര്‍പ്പിച്ച പ്രസ്താവനയായിരുന്നു ഇത്. പക്ഷേ മുസ്‌ലിംകളെയല്ല ക്രിസ്തീയ വിഭാഗത്തില്‍ പെടുന്നവര്‍ക്കു ഭൂരിപക്ഷമുള്ള കാച്ചിന്‍ സമൂഹത്തെയാണ് സൂചി ഉദ്ദേശിച്ചതെന്നാണ് മ്യാന്‍മറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍-ബര്‍മീസ് അതിര്‍ത്തിയില്‍ നാഗാലാന്റിനും അരുണാചല്‍ പ്രദേശിനുമിടയിലാണ് ഈ സമൂഹത്തിന്റെ കിടപ്പ്. തന്റെ പ്രസ്താവനയില്‍ കാച്ചിന്‍ എന്ന വാക്ക് ബുദ്ധിപൂര്‍വം എടുത്തു പറഞ്ഞിട്ടില്ലെങ്കിലും ഈ സമൂഹത്തെയാണ് അവര്‍ ഉദ്ദേശിച്ചതെന്നാണ് പ്രസ്താവനയുടെ ശിഷ്ടഭാഗങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. മുസ്‌ലിം വംശഹത്യയുടെ കാര്യത്തില്‍ മുഴുവന്‍ ലോകവും സൂചിയുടെ നിശ്ശബ്ദതയെ ചോദ്യം ചെയ്ത ഇതേ കാലയളവിലാണ് ഈ ഇരട്ടത്താപ്പെന്നോര്‍ക്കുക. മ്യാന്‍മറിന്റെ മാറിവരുന്ന വിദേശനയത്തിന്റെ ഭാഗമായിരുന്നു സൂചിയുടെ നിലപാട്.
1988-ല്‍ ജനാധിപത്യ പോരാളികളെ കൊന്നൊടുക്കിയതിന്റെ പേരില്‍ മ്യാന്‍മറിന് അമേരിക്ക ഏര്‍പ്പെടുത്തിയ നിരോധനം നയതന്ത്രപരമായി വാഷിംഗ്ടണിനു സംഭവിച്ച ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നായാണ് പിന്നീട് വിലയിരുത്തപ്പെട്ടത്. ഈ കാലയളവിലാണ് ചൈന മ്യാന്‍മറിന്റെ മേല്‍ പിടിമുറുക്കിയത്. പട്ടാളഭരണകൂടത്തിന് ആവശ്യമായ മുഴുവന്‍ ആയുധങ്ങളും ചൈന വിതരണം ചെയ്യാന്‍ തുടങ്ങി. മ്യാന്‍മറിന്റെ വ്യാപാരവും സാമ്പത്തിക ഘടനയും ചൈനയുമായി ചേര്‍ന്നാണ് വികാസം പൂണ്ടത്. അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന കൂടുതല്‍ പിടിമുറുക്കാനാരംഭിച്ചു. മ്യാന്‍മറിലെ അവഗണിക്കപ്പെട്ട വംശീയ ന്യൂനപക്ഷമായ കാച്ചിന്‍ സമൂഹത്തെ കുടിയൊഴിപ്പിച്ച് മീത്‌സോണില്‍ ജലവൈദ്യുതപദ്ധതി ആരംഭിക്കാനുള്ള ചൈനയുടെ നീക്കത്തിന് പട്ടാള ഭരണകൂടം നേരത്തെ സമ്മതം നല്‍കിയതാണ്. 53 ഗ്രാമങ്ങളായിരുന്നു ഈ പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുക. കാച്ചിന്‍ ലിബറേഷന്‍ ആര്‍മിയെന്ന സായുധ കലാപസംഘടനയുണ്ടാക്കിയ പ്രദേശത്തെ യുവാക്കളെ പ്രീണിപ്പിക്കാനായി വ്യവസായിക ടൗണ്‍ഷിപ്പ് ഉണ്ടാക്കാനായിരുന്നു ചൈനയുടെ ഒടുവിലത്തെ നീക്കം. കാര്യങ്ങള്‍ ഇത്രത്തോളം പുരോഗമിച്ചതോടെയാണ് പട്ടാളഭരണകൂടവുമായി അടുക്കാനും അവരെ പ്രീണിപ്പിക്കാനും അമേരിക്ക ശ്രമം തുടങ്ങിയത്.
പട്ടാളഭരണാധികാരിയെ പ്രസിഡന്റാക്കുന്ന പാകിസ്താന്‍ മോഡല്‍ ജനാധിപത്യത്തിന് മ്യാന്‍മറിലും വാഷിംഗ്ടണ്‍ കൂട്ടുനിന്നു. ചൈനയുടെ കാര്യത്തില്‍ ബര്‍മ പതുക്കെ അയയുന്നതും ചേരിചേരാ നയത്തെ കുറിച്ച് വാചാലമാകുന്നതുമൊക്കെയാണ് പിന്നീട് കണ്ടത്. ആ രാജ്യത്തിന്റെ മേലുള്ള നിരോധനം അമേരിക്ക പിന്‍വലിക്കുകയും ചെയ്തു. ഒരുകാലത്ത് ബര്‍മീസ് പട്ടാളജണ്ടയുടെ പ്രതിരൂപമായിരുന്ന തൈന്‍ സൈന്‍ അമേരിക്കയില്‍ സന്ദര്‍ശനം നടത്തി. തൊട്ടു പിന്നാലെ ഹിലരി ക്ലിന്റണ്‍ റങ്കൂണിലേക്കും പറന്നു. ഭാവി പ്രധാനമന്ത്രിയായ സൂചിയുടേതായിരുന്നു അടുത്ത ഊഴം. മേഖലയില്‍ ചൈന നടത്തുന്ന ഇടപെടലുകള്‍ തടയാന്‍ ലക്ഷ്യമിട്ട് ആസിയാന്‍ രാജ്യങ്ങളില്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ തലങ്ങും വിലങ്ങും ഓടിനടന്നു. സിംഗപ്പൂരിനും ചൈനക്കുമിടയിലെ മലാക്കാ കടലിടുക്ക് ഉപയാഗിക്കുന്നതുമായി ബന്ധപ്പെട്ട് രൂപം കൊണ്ടý പ്രതിസന്ധിക്ക് അന്താരാഷ്ട്ര മാനം നല്‍കാനായിരുന്നു അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും നീക്കം. സൗത്ത് ചൈനാ കടലിടുക്കിനെ ചൊല്ലി 2002 ജൂലൈ അവസാനവാരം കമ്പോഡിയയില്‍ നടന്ന ആസിയാന്‍ സമ്മേളനത്തെ കുറിച്ച്, വിഷയത്തില്‍ അവര്‍ക്ക് ഒരു അര്‍ഹതയുമില്ലാഞ്ഞിട്ടും, ഹിലരി അമേരിക്കയുടെ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുക പോലും ചെയ്തു. ചൈനയുടെ മീത്‌സോണ്‍ ഡാം പദ്ധതിയുടെ കാര്യത്തിലും അവര്‍ മ്യാന്‍മര്‍ പ്രസിഡന്റിനെ അതൃപ്തി അറിയിച്ചു. അങ്ങനെയാണ് കാച്ചിന്‍ സമൂഹത്തിന്റെ പിന്നാക്കാവാസ്ഥ മ്യാന്‍മര്‍ തന്നെ പരിഹരിക്കണമെന്ന പ്രായോഗിക ബുദ്ധി ഉണ്ടായതും ചൈനയോട് ഡാം നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതും സൂചി മുതല്‍ പേര്‍ പ്രസ്താവനയിറക്കിയതും. അതിന് റോഹിങ്ക്യ മുസ്‌ലിംകളുടെ ദുരന്തവുമായി ഒരു ബന്ധവും പ്രത്യക്ഷത്തില്‍ ഉണ്ടായിരുന്നില്ല.
മുസ്‌ലിം രാഷ്ട്രങ്ങളേക്കാളുപരി മുസ്‌ലിം സമൂഹങ്ങളില്‍ നിന്നു മാത്രമാണ് ഈ വംശഹത്യക്കെതിരെ പ്രതിഷേധ ശബ്ദങ്ങള്‍ ഉയരുന്നത്. ഒറ്റപ്പെട്ടതും ദുര്‍ബലവുമായ ശബ്ദങ്ങളാണിവ. ഇറാന്‍ മാത്രമാണ് റോഹിങ്ക്യ വംശഹത്യക്കെതിരെ പതിവു പോലെ ഉറച്ച നിലപാടുമായി രംഗത്തുള്ളത്. വിഷയത്തിലടങ്ങിയ രാഷ്ട്രീയം അവര്‍ വ്യക്തമായി മനസ്സിലാക്കുന്നതിന്റെ സൂചനകളുണ്ട്. മുസ്‌ലിം രാജ്യങ്ങളുടെ പ്രതികരണത്തിന്റെ കണക്കെടുക്കുമ്പോള്‍ എല്ലാവരുടെ വിദേശകാര്യ ഓഫീസുകളെയും അമേരിക്ക വിലക്കു വാങ്ങിയതു പോലെയുണ്ട്. സിറിയയുടെ കാര്യത്തില്‍ ഒറ്റക്കെട്ടായി നിന്ന് ബശ്ശാറുല്‍ അസദിനെതിരെ ഗര്‍ജിക്കുന്ന മുസ്‌ലിം രാജ്യങ്ങള്‍ മ്യാന്‍മറിന്റെ കാര്യത്തില്‍ നിഗൂഢമായ ഒരുതരം മൗനമാണ് പുലര്‍ത്തുന്നത്. അസാധാരണമെന്നു തോന്നിയേക്കാവുന്ന പ്രതികരണമാണ് പാകിസ്താനിലെ തഹ്‌രീകെ താലിബാന്റേത്. റോഹിങ്ക്യ മുസ്‌ലിംകളെ രക്ഷിക്കാനായി താലിബാന്‍ പോരാളികളെ പറഞ്ഞയക്കുമെന്ന് തഹ്‌രീകിന്റെ വക്താക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു (അന്താരാഷ്ട്ര സമൂഹം ഇടപെടണമെങ്കില്‍ ഈ പിശാചിന്റെ സാന്നിധ്യം അനിവാര്യമാണല്ലോ!). സ്വാത്തിലും പെഷവാറിലും ബലൂചിസ്താനിലും തഹ്‌രീകെ താലിബാന്‍ കൊന്നുമുടിച്ച മുസ്‌ലിംകളുടെ കണക്കെടുപ്പ് സ്വയം നടത്തിയിട്ടു മതിയായിരുന്നു മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടാന്‍. വര്‍ഷങ്ങളായി അമേരിക്കയുടെ കൂലിപ്പട്ടാളമാണെന്ന് സംശയിക്കാനാവും വിധം വടക്കന്‍ പാകിസ്താനിലെ രാഷ്ട്രീയ മേഖലയില്‍ ഇടപെട്ടുവരുന്ന ഇവര്‍ മ്യാന്‍മറിന്റെ കാര്യത്തില്‍ ഹാലിളകുന്നതിന്റെ സാഹചര്യം സംശയാസ്പദമാണ്. ചൈനീസ് ഉല്‍പ്പന്നങ്ങളെ തുറമുഖങ്ങളിലേക്ക് എത്തിക്കാനുള്ള സുപ്രധാന റോഡുകളിലൊന്നായ കാരക്കോറം ഹൈവേയിലാണല്ലോ തഹ്‌രീകെ താലിബാന്റെ വിലാസകേന്ദ്രമായ സ്വാത്ത് പ്രവിശ്യ. കശ്മീര്‍ പ്രശ്‌നത്തിന്റെയും പാക്കധീന കശ്മീരിലെ തീവ്രാദത്തിന്റെയുമൊക്കെ പിന്നിലുള്ള അന്താരാഷ്ട്ര താല്‍പര്യം ആ മേഖലയിലൂടെയുള്ള ചൈനയുടെ സാമ്പത്തിക സാധ്യതകളാണെന്ന് ആര്‍ക്കാണ് അറിയാത്തത്?
ചൈനയുമായുള്ള ബന്ധം ഉപേക്ഷിക്കാനായിരുന്നു കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി അമേരിക്ക മ്യാന്‍മറിന്റെ മേല്‍ പട്ടാളഭരണകൂടത്തിന്റെ പേരു പറഞ്ഞ് നിരോധനമേര്‍പ്പെടുത്തിയിരുന്നത്. എക്കണോമിസ്റ്റ് മാസിക പുറത്തുവിടുന്ന കണക്കനുസരിച്ച് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രകൃതി വിഭവങ്ങളുടെ കാര്യത്തില്‍ അടുത്ത എട്ടു വര്‍ഷത്തിനകം 75 മുതല്‍ 100 ശതമാനം വരെ വളര്‍ച്ചയാണ് മ്യാന്‍മറിന് ഉണ്ടാകാന്‍ പോകുന്നത്. പ്രത്യേകിച്ചും പ്രകൃതി വാതകത്തിന്റെ കാര്യത്തില്‍. മനസ്സിലാക്കാന്‍ കഴിഞ്ഞേടത്തോളം ഈ വാതകശേഖരം സ്ഥിതി ചെയ്യുന്നത് ഇപ്പോള്‍ ഏറ്റുമുട്ടലുകള്‍ വ്യാപകമായ റെക്കിനെ പ്രവിശ്യയിലാണ്. അതായത് മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ കടല്‍തീരം. ഈ പ്രദേശത്തെ ഫലത്തില്‍ കൈയടക്കിവെച്ച കൂട്ടരാണ് റോഹിങ്ക്യകള്‍. മ്യാന്‍മറിനും അമേരിക്കക്കുമിടിയിലെ തടസ്സവും ഭാവിയിലെ ഒരു സുപ്രധാന രാഷ്ട്രീയ വെല്ലുവിളിയും ഇവരായിരിക്കുമല്ലോ. ആ മേഖലയില്‍ നിന്ന് റോഹിങ്ക്യകളെ ആട്ടിയോടിക്കാനുള്ള നീക്കം യാദൃഛികമാവാന്‍ സാധ്യതയില്ലെന്നര്‍ഥം. ചൈന മുകളില്‍ നിന്നും ആഗോളഭീമന്മാര്‍ താഴെ നിന്നും ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ നോക്കുന്ന കിഴക്കന്‍ ഏഷ്യയിലെ പുതിയ സംഘര്‍ഷപ്രദേശമല്ലേ യഥാര്‍ഥത്തില്‍ മ്യാന്‍മാര്‍? എല്ലാം കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ വെറുമൊരു വംശഹത്യ എന്നതിലപ്പുറം അസാധാരണ മാനങ്ങളുള്ള അന്താരാഷ്ട്രീയ സംഘര്‍ഷത്തിന്റെ ചേരുവകളല്ലേ മ്യാന്‍മറില്‍ ഉരുത്തിരിയുന്നത്?
രാജ്യമില്ലാത്ത ജനത
ജീവിതം എക്കാലത്തും കടുത്ത പരീക്ഷണമായിരുന്ന റോഹിങ്ക്യകള്‍ക്ക് ബര്‍മയുടെ സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയമായി ഒരു പ്രാധാന്യവും അന്നാട്ടില്‍ ഉണ്ടായിട്ടില്ല. അവര്‍ക്ക് ബര്‍മയിലെ പൊതുസമൂഹത്തിന്റെ തൊലിവെളുപ്പും മുഖശ്രീയും ഉണ്ടായിരുന്നില്ല എന്നതാണ് ഈ വിവേചനത്തിന്റെ പ്രത്യക്ഷ കാരണമായി പറയപ്പെട്ടത്. മ്യാന്‍മറിന്റെ ഭാവി പ്രധാനമന്ത്രിയായ ആംഗ്‌സാന്‍ സൂചി പോലും ഇവരുടെ വേരുകളെ കുറിച്ച് പരസ്യമായി സംശയം പ്രകടിപ്പിക്കുകയാണല്ലോ ചെയ്തത്. റോഹിങ്ക്യകള്‍ ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാരാണെന്നാണ് മ്യാന്‍മറിന്റെ ആരോപണം. ആസാമിലും ബോഡോലാന്റിലും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ഉയരുന്നതും ഇതേ ആരോപണമാണ്. അവിഭക്ത ബംഗാളിന്റെ വിശാലമായ സാമ്രാജ്യത്തില്‍ പരന്നുകിടന്ന മുസ്‌ലിംകളാണ് പില്‍ക്കാലത്തുണ്ടായ ഭൂമിശാസ്ത്രപരമായ തര്‍ക്കങ്ങളുടെ പേരില്‍ വേട്ടയാടപ്പെടുന്നത്. എട്ടാം നൂറ്റാണ്ടില്‍ ഒരു കപ്പല്‍ച്ചേതത്തിന്റെ ഭാഗമായോ മറ്റോ ബര്‍മയില്‍ എത്തിപ്പെട്ട റോഹിങ്ക്യകള്‍ ഇന്നത്തെ മ്യാന്‍മറിന്റെ ഭാഗമാകുന്നത് 17-ാം നൂറ്റാണ്ടില്‍ മാത്രമാണ്. 1785-ല്‍ ബര്‍മന്‍ സൈന്യം അരാക്കാന്‍ രാജാക്കന്മാരെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയതിനെ തുടര്‍ന്നാണ് റോഹിങ്ക്യകളുടെ താമസസ്ഥലമായ റെക്കാനെ ഇപ്പോഴത്തെ മ്യാന്‍മറിന്റെ ഭാഗമായത്. അന്നത്തെ യുദ്ധത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും ഈ മേഖല ജനശൂന്യമാവുകയും ചെയ്തിരുന്നുവത്രെ. 35,000ത്തോളം പേര്‍ അക്കാലത്ത് പഴയ ബംഗാളിന്റെ ഭാഗമായ ചിറ്റഗോംഗിലേക്ക് നാടുവിട്ടു. ഈ യുദ്ധം നടക്കുന്നതു വരെ ബര്‍മയുടെ അതിര്‍ത്തി അരാക്കാന്റെ അപ്പുറത്തായിരുന്നുവെന്നോര്‍ക്കുക. അവിഭക്ത ബംഗാളിന്റെ പ്രവിശ്യ മാത്രമായിരുന്ന അരാക്കാന്‍ 1800-ല്‍ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിന്‍ കീഴില്‍ വന്നപ്പോഴാണ് അവര്‍ റോഹിങ്ക്യകളെ ചിറ്റഗോംഗില്‍ നിന്ന് ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. ബംഗാള്‍ സുല്‍ത്താന്മാരെ ആശ്രയിച്ചു കഴിഞ്ഞ അരാക്കാന്‍ രാജക്കന്മാരുടെ കാലമായിരുന്നു റോഹിങ്ക്യകളുടെ ചരിത്രത്തില്‍ ഏറ്റവും മികച്ചത്. അവരുമായി സൗഹൃദം പുലര്‍ത്തേണ്ടത് അരാക്കന്‍ രാജാക്കന്മാരെ സംബന്ധിച്ചേടത്തോളം രാഷ്ട്രീയമായ നിലനില്‍പ്പിന് അനിവാര്യവുമായിരുന്നു. അക്കാലത്തെ അരാക്കാന്‍ നാണയങ്ങളുടെ ഒരു ഭാഗത്ത് പേഴ്‌സ്യന്‍ ലിപിയിലും മറുഭാഗത്ത് അരാക്കാന്‍ ലിപിയിലുമായിരുന്നു രാജമുദ്രകള്‍ പതിപ്പിച്ചിരുന്നത്.
ബ്രിട്ടീഷ് കോളനിവാഴ്ച അവസാനിച്ചതോടെ റക്കിനെ വീണ്ടും ബര്‍മയുടെ ഭാഗമാവുകയും അതിന്റെ നിയന്ത്രണം ബുദ്ധമത വിശ്വാസികളുടെ കൈയില്‍ തിരിച്ചെത്തുകയും ചെയ്തു. രണ്ടാംലോക യുദ്ധകാലത്ത് ജപ്പാന് എതിരെ ബ്രിട്ടീഷ് പക്ഷത്താണ് റോഹിങ്ക്യകള്‍ നിലയുറപ്പിച്ചത്. അതു കൊണ്ടുതന്നെ ബ്രിട്ടീഷുകാര്‍ ബര്‍മ വിട്ടതിനു ശേഷം വന്‍തോതിലുള്ള കൂട്ടക്കൊലകളാണ് ജപ്പാന്‍ സൈനികരും ബര്‍മന്‍ പട്ടാളക്കാരും റോഹിങ്ക്യന്‍ ഗ്രാമങ്ങളില്‍ നടത്തിയത്. ഇക്കാലത്ത് അരാക്കാന്‍ കേന്ദ്രമായി മുസ്‌ലിം സ്വയംഭരണ പ്രദേശം സ്ഥാപിക്കാനുള്ള ഒരു വിഫല ശ്രമം റോഹിങ്ക്യകള്‍ നടത്തിയിരുന്നു. അതിനായി അവര്‍ മുജാഹിദ് പാര്‍ട്ടി എന്ന ഒരു സംഘടനക്കും രൂപം കൊടുത്തു. സായുധകലാപമാണ് അന്ന് ഈ സംഘടനയിലൂടെ അവര്‍ ലക്ഷ്യമിട്ടത്. ബുദ്ധന്മാരുടെ ഗവണ്‍മെന്റ് നിലവില്‍ വരുന്നതോടെ തങ്ങള്‍ രാഷ്ട്രീയമായി അടിച്ചമര്‍ത്തപ്പെടുമെന്ന റോഹിങ്ക്യകളുടെ കണക്കുകൂട്ടല്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. റങ്കൂണില്‍ 1962-ന് മുമ്പ് നിലവിലുണ്ടായിരുന്ന ജനാധിപത്യ ഭരണകൂടത്തിന്റെ കാലത്തു പോലും ഇവരെ തുടച്ചുമാറ്റാനുള്ള നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ടായിരുന്നു. അന്നൊന്നും പക്ഷേ റക്കിനെയിലെ പ്രകൃതി വിഭവങ്ങളും എണ്ണസമ്പത്തുമായിരുന്നില്ല തര്‍ക്ക ഹേതു. ബര്‍മയിലെ ബുദ്ധമത വിശ്വാസികളുടെ തികഞ്ഞ സങ്കുചിത ദേശീയതയായിരുന്നു.
1962-ല്‍ പട്ടാളം അധികാരം പിടിച്ചതോടെ ഈ അടിച്ചമര്‍ത്തല്‍ നീക്കങ്ങള്‍ ശക്തമായി. കൊടും പീഡനമായിരുന്നു റോഹിങ്ക്യകള്‍ക്കു നേരെ ബര്‍മയില്‍ നടന്നത്. 1978-ലെ 'ഓപ്പറേഷന്‍ കിംഗ് ഡ്രാഗണ്‍' റോഹിങ്ക്യകളെ തുടച്ചുനീക്കാനായി പട്ടാള ഭരണകൂടത്തിന്റെ പിന്‍ബലത്തോടെ നടന്ന വംശഹത്യയായിരുന്നു. രണ്ട് ലക്ഷം പേരാണ് അന്ന് അഭയാര്‍ഥികളായത്. 1982-ല്‍ ഇവര്‍ക്ക് മ്യാന്‍മര്‍ ഭരണകൂടം പൗരത്വം നിഷേധിച്ചതില്‍ പിന്നെ സ്വന്തം വില്ലേജുകള്‍ക്ക് പുറത്ത് ജോലിയെടുക്കാനുള്ള അനുവാദം പോലും ഈ ജനതക്ക് വിലക്കപ്പെട്ടിരുന്നു. 1992-ല്‍ നടന്ന കൂട്ട പലായനത്തിന് കാരണമായത് റോഹിങ്ക്യകളെ കൊണ്ട് നിര്‍ബന്ധിത തൊഴിലെടുപ്പിക്കല്‍ ആരംഭിച്ചതാണ്. സര്‍ക്കാര്‍ പ്രോജക്ടുകളില്‍ ശമ്പളമില്ലാതെ കഠിനമായ വ്യവസ്ഥകളില്‍ തൊഴിലെടുക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി. വിസമ്മതിച്ചവരുടെ ഗ്രാമങ്ങള്‍ ചുട്ടെരിക്കപ്പെട്ടു. എപ്പോള്‍ വേണമെങ്കിലും അവരുടെ കൃഷിയിടങ്ങളും വീടും കണ്ടുകെട്ടാന്‍ ഭരണകൂടത്തിന് അധികാരമുണ്ടായിരുന്നു. പൗരാവകാശങ്ങളില്‍ പ്രധാനപ്പെട്ടവയായ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ മുതാലയവ റോഹിങ്ക്യകള്‍ക്ക് നിഷേധിക്കപ്പെടുന്നതായി ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എഴുത്തും വായനയും അറിയുന്ന അപൂര്‍വം പേരെ റോഹിങ്ക്യകളില്‍ ഇന്നുള്ളൂ. പ്രാഥമിക വിദ്യാഭ്യാസം പോലും വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ നേടിയെടുക്കുന്നത്. ലോകത്ത് ഏറ്റവും കൊടിയ വംശീയ പീഡനങ്ങള്‍ക്ക് ഇരയാകുന്നത് റോഹിങ്ക്യകളാണെന്നാണ് ആംനസ്റ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വിവാഹം കഴിക്കണമെങ്കില്‍ പോലും റോഹിങ്ക്യകള്‍ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയിരിക്കണം. മ്യാന്‍മറിലെ ഭരണകൂടം അംഗീകരിച്ച ന്യൂനപക്ഷങ്ങളുടെ പട്ടികയില്‍ റോഹിങ്ക്യകള്‍ ഉണ്ടായിരുന്നില്ല. അവര്‍ക്ക് രാഷ്ട്രീയമായ അംഗീകാരമോ നേതാക്കളോ പാര്‍ട്ടിയോ അനുവദിക്കപ്പെട്ടിരുന്നില്ല. പൗരത്വ രേഖകള്‍ നല്‍കാന്‍ മടിക്കുമ്പോഴും ഇവരുടെ തൊഴില്‍ശേഷിയെ ചൂഷണം ചെയ്യാനായി താല്‍ക്കാലികമായ ചില രേഖകള്‍ മ്യാന്‍മര്‍ ഭരണകൂടം വിതരണം ചെയ്യാറുണ്ടായിരുന്നു. 2005 മുതല്‍ക്ക് ഈ പതിവും അവസാനിപ്പിച്ചു.
ഇതിനു മുമ്പ് നടന്ന വംശീയകലാപങ്ങളില്‍ നാലര ലക്ഷത്തോളം റോഹിങ്ക്യകളാണ് 1972-ലും 1991-ലുമായി ബംഗ്ലാദേശിലേക്കും ഇന്ത്യയിലേക്കും നാടുകടന്നത്. ബംഗ്ലാദേശ് ആണ് ഏറ്റവുമധികം അഭയാര്‍ഥികളെ ഇങ്ങനെ സ്വീകരിക്കേണ്ടി വന്നത്. ഇന്ത്യയില്‍ ന്യൂദല്‍ഹിയിലുള്‍പ്പടെ ഇപ്പോഴും റോഹിങ്ക്യ അഭയാര്‍ഥികള്‍ താമസിക്കുന്നുണ്ട്. പ്രധാനമായും നയതന്ത്ര ഉദ്യോഗസ്ഥരുടെ കോളനികള്‍ സ്ഥിതി ചെയ്യുന്ന പശ്ചിമ ദല്‍ഹിയിലെ വസന്ത് വിഹാറിന്റെ പരിസരത്തെ ചേരികള്‍ റോഹിങ്ക്യകളുടേതാണ്. അരാക്കാന്‍, ചിന്‍ വിഭാഗങ്ങളെ ഐക്യരാഷ്ട്രസഭ അഭയാര്‍ഥികളായി അംഗീകരിച്ചിട്ടുണ്ടെങ്കിലും റോഹിങ്ക്യകളുടെ കാര്യത്തില്‍ സമ്പൂര്‍ണ അഭയാര്‍ഥി പദവി ഇനിയും നല്‍കിയിട്ടില്ലാത്തതാണ് ഇവരെ ഏറ്റെടുക്കുന്നതില്‍ അയല്‍രാജ്യങ്ങള്‍ക്കുള്ള പ്രധാന തടസ്സം. പട്ടാളഭരണകൂടം ഇടക്കാലത്ത് റോഹിങ്ക്യകളെ തിരികെ സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും കഴിഞ്ഞ എട്ടു വര്‍ഷമായി തീര്‍ത്തും വഷളായ ബന്ധമാണ് ഈ ജനങ്ങളും ഭരണകൂടവും തമ്മിലുള്ളത്. എട്ട് ലക്ഷത്തോളം വരുന്ന ഈ ന്യൂനപക്ഷ ജനസമൂഹത്തെ കൂട്ടത്തോടെ നാടു കടത്തുകയാണ് വേണ്ടതെന്ന് മ്യാന്‍മര്‍ പ്രസിഡന്റും മുന്‍ പട്ടാളമേധാവിയുമായ തൈന്‍ സൈന്‍ ഈയിടെ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ അവര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് തുറന്ന അനുവാദം ലഭിച്ച അവസ്ഥയാണ് ആ രാജ്യത്തുള്ളത്.
ഇസ്‌ലാമോഫോബിയയും
ആഗോള കാപട്യവും
സമാധാനത്തെയും ഭീകരതയെയും കുറിച്ചുള്ള ആഗോള നിര്‍വചനങ്ങളില്‍ മുസ്‌ലിം സമൂഹത്തിന് മാത്രം ബാധകമാവുന്ന പ്രത്യേകമായ ചില അധ്യായങ്ങളുണ്ട്. ഈ നിയമങ്ങളനുസരിച്ച് വായിക്കാനിരുന്നാല്‍ വംശീയത, ഫാഷിസം മുതലായവയെ കുറിച്ച സങ്കല്‍പ്പങ്ങള്‍ ഇസ്‌ലാമിന്റെ കാര്യത്തിലേക്കെത്തുമ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പ്രതിലോമകരമായി മാറും. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ഹ്യൂമന്‍ റൈറ്റ് കമീഷന്‍ അധ്യക്ഷന്‍ മസ്സൂദ് ഷാദ്ജാരെ (Massoud Shadjareh) ഉയര്‍ത്തിയ വിമര്‍ശനം ശ്രദ്ധേയമാണ്. 'വംശീയതയുടെയും ഫാഷിസത്തിന്റെയും അനുവദനീയമായ രൂപമാണ് മുസ്‌ലിം വിരോധം. യൂറോപ്പിലെ തെരുവുകളില്‍ അത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. യൂറോപ്പിലെ രാഷ്ട്രീയക്കാരില്‍, ഹോളണ്ടില്‍, ജര്‍മനിയില്‍, ബ്രിട്ടനില്‍, അമേരിക്കയില്‍ എന്നു തുടങ്ങി പലയിടത്തും ഇത് പ്രകടമാണ്. ഇതു പോലുള്ള പൈശാചികവല്‍ക്കരണമാണ് മുന്‍കാലങ്ങളില്‍ വംശഹത്യകളിലേക്കും ഹോളോകോസ്റ്റിലേക്കും നയിച്ചത്. നാസി ജര്‍മനിയിലായാലും ബോസ്‌നിയയിലായാലും ഇപ്പോള്‍ സംഭവിക്കുന്നതു പോലെ മ്യാന്‍മറിലായാലും. ലോകം എത്രയും പെട്ടെന്ന് ഇതില്‍ ഇടപെടേണ്ടിയിരിക്കുന്നു'. സാമ്പത്തികപരവും അധീശാവകാശപരവും പ്രകൃതിവിഭവങ്ങളുമായി ബന്ധപ്പെട്ടതുമായ കൈയേറ്റവും അനുബന്ധ പ്രശ്‌നങ്ങളുമാണ് നന്മ-തിന്മ പോരാട്ടങ്ങളായി പാശ്ചാത്യ സമൂഹങ്ങളില്‍ ചിത്രീകരിക്കപ്പെടുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഇതില്‍ നല്ലൊരു പങ്കും മുസ്‌ലിംകള്‍ താമസിക്കുന്ന ഭൂവിഭാഗങ്ങളിലാണ് അരങ്ങേറുന്നത്. അതുകൊണ്ടുതന്നെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് മറപിടിക്കാന്‍ ഇസ്‌ലാമോഫോബിയ ഒന്നാന്തരം ആയുധമാവുകയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. Conscience International എന്ന അമേരിക്കന്‍ സംഘടനയുടെ അധ്യക്ഷന്‍ ജെയിംസ് ജെന്നിംഗ്‌സ് ഇക്കാര്യം അടിവരയിടുന്നു. 'മ്യാന്‍മറില്‍ സംഭവിക്കുന്ന ദുരന്തത്തിനു നേരെ കണ്ണടക്കാന്‍ കാരണമാവുന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇസ്‌ലാമോഫോബിയയാണ്' എന്നാണ് ഇറാന്റെ പ്രസ് ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്.
മ്യാന്‍മര്‍ എന്നൊരു രാജ്യം ലോകഭൂപടത്തില്‍ എവിടെയാണെന്നു പോലും യൂറോപ്പിലുള്ളവര്‍ അറിയണമെന്നില്ല. അന്താരാഷ്ട്ര മാധ്യമങ്ങളാകട്ടെ ഈ പ്രശ്‌നത്തെ മറച്ചു പിടിക്കുകയാണ് ചെയ്തത്. ഇന്ത്യ പോലും തങ്ങളെ നേര്‍ക്കു നേരെ ബാധിക്കുന്ന ഒരു വിഷയമായിട്ടും അമേരിക്കന്‍ താല്‍പര്യങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ തൂക്കിനോക്കി വിഷയത്തില്‍ മൗനം പാലിക്കുകയാണ് ചെയ്തത്. എന്നല്ല ഇന്ത്യ മൗനം പാലിക്കാന്‍ നിര്‍ബന്ധിതരുമായിരുന്നു. റോഹിങ്ക്യകളുടെ തനിപ്പകര്‍പ്പായ അസമി മുസ്‌ലിംകള്‍ ബോഡോകളില്‍ നിന്ന് സമാനമായ തിരിച്ചടി ഏറ്റുവാങ്ങിയത് ഇതേ കാലയളവിലായിരുന്നല്ലോ. ബോഡോലാന്റ് എന്ന ജനാധിപത്യ വിരുദ്ധമായ അതേ സങ്കല്‍പ്പം തന്നെയാണ് വിശാലാര്‍ഥത്തില്‍ മ്യാന്‍മര്‍ എന്ന രാജ്യമായി മാറുന്നത്. തൊലിവെളുത്ത ബുദ്ധന്മാരല്ലാത്തവരെല്ലാം വിദേശികളാണ് എന്ന സങ്കുചിത ദേശീയതയാണ് മ്യാന്‍മറിലെ കുഴപ്പങ്ങള്‍ക്ക് കാരണമായതെങ്കില്‍ ബോഡോകളെല്ലാത്തവരെല്ലാം കൊക്രാജാറിലെ ഓട്ടോണമസ് കൗണ്‍സിലിന്റെ അധികാരപരിധിക്ക് പുറത്തു പോകണമെന്നാണ് ബോഡോകളുടെ നിലപാടാണ് അടിക്കടി അവിടെയുണ്ടാകുന്ന വര്‍ഗീയ കലാപങ്ങളുടെ ഹേതു.
ആഗോളതലത്തില്‍ നടക്കുന്ന അധീശത്വ സമരങ്ങളുടെ ഇരകളാവാന്‍ മാത്രം വിധിക്കപ്പെട്ടവരാണോ മുസ്‌ലിംകള്‍?
Comments